അമ്മ മരണപ്പെട്ട ദിവസം സാധാരണ ദിവസം പോലെ തന്നെയെ തോന്നിപ്പിച്ചുള്ളൂ. ആ മരണത്തിന്റെ പിറ്റേന്നായിരുന്നു മരിയയെ പ്രണയിനിയായി കണ്ടെത്തിയത്, അന്ന് തന്നെ ഹാസ്യനാടകം കണ്ടും നീന്തിക്കുളിച്ചും ആഘോഷിച്ചു. ദിവസങ്ങൾ കഴിഞ്ഞു, സൂര്യൻ കണ്ണിൽ കുത്തിയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന റിവോൾവറിൽ നിന്ന് മുന്നിൽ നിൽക്കുന്ന അറബിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകാൻ കോടതിക്ക് താൽപര്യമുണ്ടായിരുന്നില്ല. ശിക്ഷ കാത്ത് കാരാഗ്രഹത്തിനുള്ളിൽ ജനൽപാളികൾക്കു പുറകിലൂടെ സൂര്യനുദിക്കുന്നതും നിലാവ് പെയ്യുന്നതും കണ്ടാസ്വദിച്ച് ദിവസങ്ങൾ എണ്ണി നീക്കിക്കൊണ്ടിരിക്കുകയാണ്. പശ്ചാതപിപ്പിക്കാനും മരണാനന്തര ജീവിതം സാർഥകമാകാനും ആശ്വാസവചനങ്ങളുമായി എത്തിയ പുരോഹിതനെ, തന്റെ അവസാന നിമിഷങ്ങൾ ദൈവത്തിനുമേൽ പാഴാക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു തിരിച്ചയച്ചു. പരസ്യവധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് തടിച്ചുകൂടി രംഗം കണ്ടാസ്വദിച്ച് ആർപ്പുവിളിക്കുന്ന ജനക്കൂട്ടത്തെയോർത്ത് സന്തോഷിച്ച് ആ ദിനത്തിനു വേണ്ടി കാത്തിരുന്നു.
മറിച്ച് അർത്ഥമില്ലായ്മയുടെ അവസ്ഥയിലും വെറും ജീവിക്കുക എന്ന പ്രക്രിയയെ അതീവ മൂല്യവത്തായ ഒന്നായിട്ടാണ് കാമു നോക്കിക്കാണുന്നത്.
മനുഷ്യാവസ്ഥയുടെ സങ്കീർണതകളെ അർഥമില്ലായ്മയുടെ നിർവികാരതയോടെ വാക്കുകളിലേക്ക് പകർത്തുകയും ഓരോ വാക്കിനും സ്വതന്ത്രമായ നിർവികാരതയും അർഥശൂന്യതയുടെ ആഴവും പകർന്നുനൽകുകയും ചെയ്ത കാമുവിന്റെ കഥാപാത്രങ്ങൾ അസംബന്ധവാദത്തിന്റെ (Absurdism) കലർപ്പില്ലാത്ത പ്രകാശനങ്ങളാണ്. അർഥശൂന്യമായ ലോകത്തെ അർഥാന്വേഷണ ശ്രമങ്ങളെ നിരർഥകമായ അനാവശ്യ പ്രവർത്തികളായി അവതരിപ്പിക്കുന്ന കാമുവിന്റെ കലാസൃഷ്ടികൾ, അബ്സർഡ് എന്ന ആശയത്തെ ഭാഷയിലേക്ക് ആവാഹിച്ചിരുത്തി ചിന്തകളും വികാരങ്ങളും നൽകി അസംബന്ധതയ്ക്ക് (Absurdity) ജീവൻ വെപ്പിക്കാനാണ് ശ്രമിക്കുന്നത്. വിശ്വാസവും അതിഭൗതിക മാനങ്ങളും അവലംബിക്കാതെ യൂക്തിയിലൂടെയും സ്വതന്ത്ര ഇഛാശക്തിയിലൂടെയും ജീവിതത്തിന് അർഥം കൽപ്പിക്കാനുള്ള അസ്തിത്വവാദത്തിന്റെ (Existentialism) ശ്രമങ്ങളോട് വിയോജിക്കുന്ന കാമു, ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള മനുഷ്യശ്രമങ്ങളെ യുക്തിരാഹിത്യത്തിലേക്കുള്ള മാർഗമായിട്ടും അബ്സർഡിറ്റി എന്ന പരമമായ മനുഷ്യാവസ്ഥയോടുള്ള വഞ്ചനയായിട്ടുമാണ് വീക്ഷിക്കുന്നത്.
സങ്കീർണവും വൈരുദ്ധ്യാത്മകവുമായി പരിണമിക്കുന്ന മനുഷ്യജീവിതത്തിലെ സങ്കീർണത എന്ന അവസ്ഥയെ പൂർണമായ രീതിയിൽ നൈർമല്യത്തോടെ ആവാഹിച്ചെടുക്കേണ്ടതുണ്ട് കാമുവിന്റെ അബ്സർഡിന്. അതിഭൗതിക ഗുണങ്ങളും ദൈവ വിശ്വാസവും അവലംബിച്ച് ജീവിതത്തിന്റെ സങ്കീർണതകളിൽ നിന്ന് ‘ഒളിച്ചോടാനുള്ള’ ശ്രമങ്ങളെ എതിർക്കുന്ന കാമുവിന്റെ അബ്സർഡ് എന്ന ആശയവും അതിന്റെ ഉത്തമരൂപകങ്ങളായ കാമുവിന്റെ കഥാപാത്രങ്ങളും ഈ സങ്കീർണതയിൽ അഭയം കണ്ടെത്തി ജീവിക്കുന്നവരാണ്. ജീവിത ഗമനത്തിൽ ഉടലെടുക്കുന്ന മൗലികമായ ആന്തരിക സംഘട്ടനങ്ങളാണ് ഇത്തരം സങ്കീർണാവസ്ഥയെ സൃഷ്ടിച്ചെടുക്കുന്നത്. യുക്തിയും അർഥവും തേടിക്കൊണ്ടുള്ള ശ്രമങ്ങളും യുക്തിരഹിതമായ ലോകവും തമ്മിലുടലെടുക്കുന്ന ഈ സംഘട്ടനത്തെ നിലനിർത്തിക്കൊണ്ട് പോരുകയാണ് കാമുവിന്റെ അബ്സർഡിന് ചെയ്യേണ്ടത്, അഥവാ ജീവിതത്തിന്റെ അർഥരാഹിത്യത്തിൽ നിന്ന് പുറത്തുകടക്കാൻ ദൈവവിശ്വാസം പോലെയുള്ള അതിഭൗതിക സമാശ്വാസ (Metaphysical Consolation) മാർഗങ്ങളെയോ അതല്ലെങ്കിൽ ജീവിതത്തിന്റെ അർഥരാഹിത്യത്തിൽ നിന്ന് ഉടലെടുക്കുന്ന നൈരാശ്യത്താൽ ആത്മഹത്യയിലേക്ക് എത്തിച്ചേരുകയോ അല്ല വേണ്ടതെന്നർഥം. ജീവിതസംഘർഷത്തിലൂടെ മനുഷ്യലോകം മൗലികമായി അർഥമില്ലായ്മയാണ് ഉത്പാദിപ്പിക്കുന്നതെന്ന കാരണത്താൽ ജീവതം ജീവയോഗ്യമോ ജീവമൂല്യമുള്ളതോ അല്ല എന്ന ആത്മഹത്യാ പ്രേരണകൾക്കു പിന്നിലെ വിചാരങ്ങളെയും പാടെ എതിർക്കുന്നുണ്ട് കാമു. മറിച്ച് അർഥമില്ലായ്മയുടെ അവസ്ഥയിലും വെറും ജീവിക്കുക എന്ന പ്രക്രിയയെ അതീവ മൂല്യവത്തായ ഒന്നായിട്ടാണ് കാമു നോക്കിക്കാണുന്നത്.
യൂക്തിരാഹിത്യവും യുക്തിയും തമ്മിലുടലെടുക്കുന്ന അബ്സർഡിറ്റിയുടെ ഈ സംഘർഷത്തെ ഭേദിച്ച് ഏകതക്ക് വേണ്ടിയുള്ള, അല്ലെങ്കിൽ അർഥത്തിനു വേണ്ടിയുള്ള മനുഷ്യാന്തരങ്ങളിലെ ഗൃഹാതുരത്വത്തെ ( Nostalgia for unity OR Nostalgia for meaning) കാമു നിരുത്സാഹപ്പെടുത്തുന്നുണ്ട്. മരണത്തിന്റെ അനിവാര്യതയെ അംഗീകരിക്കുന്ന കാമു, മരണം എന്ന നിശ്ചിതമായ ദുരിതം അനുഭവിക്കേണ്ടി വരുന്നതിനാൽ നൈരാശ്യത്തോടെ ജീവിക്കുകയോ മരണാന്തര ജീവതത്തിന് വേണ്ടി ഭൗതിക ജീവതം കഴിച്ചുകൂട്ടുകയോ അല്ല ചെയ്യേണ്ടതെന്നും, മറിച്ച് ജീവിതത്തെ അതിന്റെ സമ്പൂർണരൂപത്തിൽ സന്തോഷത്തോടെ ജീവിച്ചുതീർക്കുകയാണ് വേണ്ടതെന്ന് പറഞ്ഞുവെക്കുകയാണ്. ദ സ്ട്രൈഞ്ചറിലെ മുഖ്യ കഥാപാത്രമായ മെർസോ വധശിക്ഷക്ക് വിധിക്കപ്പെട്ട ദിവസങ്ങളിൽ അദ്ദേഹത്തെ പശ്ചാതാപം ചെയ്യിക്കാനും മരണാനന്തര ജീവിതത്തെ കുറിച്ചുണർത്താനും ജയിലിലേക്ക് കടന്നുവരുന്ന പുരോഹിതനോട് നടത്തുന്ന സംഭാഷണം ശ്രദ്ധേയമാണ്. മരണാനന്തരം ദൈവത്തെ അഭിമുഖീകരിക്കുമെന്നും മറ്റൊരു ജീവതം താൻ ആഗ്രഹിക്കുന്നില്ലേ എന്നുമുള്ള പുരോഹിതന്റെ ചോദ്യത്തിന് മെർസോയുടെ മറുപടി, ഭൂമിയിൽ തന്നെയുള്ള നിലവിലെ ജീവിതത്തിന്റെ ആവർത്തനമായ രണ്ടാം ജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നാണ്. നീചെയുടെ ശാശ്വതമായ തിരിച്ചുവരവെന്ന (Eternal Recurrence) ആശയത്തോട് സമാനമായിട്ടുള്ള കാഴ്ച്ചപ്പാടാണ് നോവലിൽ മെർസോ വെച്ചുപുലർത്തുന്നത്. ഭൗതികജീവതത്തെ നികൃഷ്ടമായി കണ്ടിരുന്ന ക്രിസ്ത്യൻ ആശയത്തോട് കലഹിക്കുന്നതായിരുന്നു gay science ലും Thus spoke Zarathustra യിലൂടെയുമായി നീചെ വികസിപ്പിക്കുന്ന Eternal Recurrence എന്ന ആശയം. ഭൂമിയിൽ തന്നെ ശാശ്വതമായി തുടരുന്ന രീതിയിലുള്ള ജീവിതത്തിന്റെയും മരണത്തിന്റെയും ചാക്രികമായ ആവർത്തിയാണിത്. ജീവിതത്തോടുള്ള സ്നേഹത്തിന്റെയും “ഭൂമിയോട് വിശ്വസ്തത പുലർത്താനുള്ള” ആഗ്രഹത്തിന്റെയും ആത്യന്തികമായ പ്രകടനമായിട്ടാണ് സരതൂസ്ത്ര ശാശ്വതമായ തിരച്ചുവരവിനെ ഉൾകൊള്ളുന്നത്. അതു പോലെ തന്നെ നീചെയൻ തത്വചിന്തയുടെ അവിഭാജ്യഘടകമായ അതിമാനുഷന്റെ (Ubermansch) വിശേഷണമായിട്ടും.
ദൈവത്തിലേക്കുള്ള ഒളിച്ചോടൽ
ദൈവവിശ്വാസം അടിസ്ഥാനപരമായി മനുഷ്യയുക്തിയും യുക്തിരഹിതമായ ലോകവും തമ്മിലുടലെടുക്കുന്ന സംഘർഷാവസ്ഥയിൽ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് കാമു വിശേഷിപ്പിക്കുന്നത്. ജീവിതത്തിലെ മൗലികമായ സംഘർഷത്തെ തിരിച്ചറിഞ്ഞ പലരും അർഥരാഹിത്യത്തിൽ നിന്ന് മോചനം നേടി പരമാർഥത്തെയും സത്യത്തെയും തേടി ദൈവവിശ്വാസത്തിൽ എത്തിച്ചേർന്നവരാണ്. കികെഗാദിനെയും ദസ്തയെവിസ്കിയെയും കാമു എതിർക്കുന്നത് ഇക്കാരണത്താലാണ്. അർഥത്തെ തേടിയുള്ള ജീവിതസംഘർഷത്തെ കൃത്യമായി അഭിമുഖീകരിക്കുന്ന കികെഗാദിന്റെ ക്രിസ്ത്യൻ അസ്തിത്വവാദം ദൈവവിശ്വാസത്താൽ വലയം ചെയ്യപ്പെട്ടതാണ്. കികെഗാദിന്റെ ആശയത്തിലെ അബ്സർഡ് അല്ലെങ്കിൽ അസംബന്ധത വിശ്വാസത്തിലൂടെയാണ് തെളിയിക്കപ്പെന്നത്, അഥവാ അർഥം തേടി ദൈവ വിശ്വാസത്തിലേക്കുള്ള യാത്രയിൽ ഒരാൾ അബ്സർഡിറ്റിയെ സ്വീകരിക്കൽ അത്യാവശ്യമാണ്. അബ്രഹാം മകൻ ഐസക്കിനെ ബലിയർപ്പിക്കാൻ കൊണ്ടുപോകുന്ന ബൈബിൾ ചരിത്രം ഉദ്ധരിച്ചാണ് കികെഗാദ് ഇത് സ്ഥാപിച്ചെടുക്കുന്നത്. യുക്തിപരമായി ഉൾകൊള്ളാൻ സാധിക്കാത്ത തന്റെ മകനെ ബലിയർപ്പിക്കണമെന്ന ദൈവ കൽപനയെ പൂർണ വിശ്വാസത്തോടെ എബ്രഹാം സ്വീകരിക്കുന്നത് അബ്സർഡിറ്റിയുടെ അടയാളമായിട്ടാണ് കികെഗാദ് വീക്ഷിക്കുന്നത്. അബ്സർഡിറ്റി എന്ന അവസ്ഥയിലൂടെയല്ലാതെ ശക്തമായ ദൈവവിശ്വാസം സാധ്യമല്ല എന്ന കികെഗാദിന്റെ ആശയം മനുഷ്യൻ യഥാർഥ വിശ്വാസിയാകണമെങ്കിൽ യുക്തിയെ മാറ്റിനിർത്തി അബ്സർഡിറ്റി എന്ന അവസ്ഥയെ സ്വീകരിക്കൽ അത്യാവശ്യമാണെന്നാണ് പറഞ്ഞുവെക്കുന്നത്. അബ്സർഡിറ്റി എന്ന അർഥരാഹിത്യ അവസ്ഥയിൽ നിന്ന് അർഥവും ക്രമവും അന്വേഷിച്ച് സമ്പൂർണമായ യുക്തിരാഹിത്യത്തിലേക്കുള്ള പ്രവേശനമാണ് കാമുവിന് ദൈവവിശ്വാസം എന്നുള്ളത്. ഈ അർഥരാഹിത്യ അവസ്ഥയിൽ തന്നെ നിലനിന്നുകൊണ്ട് ജീവിതം ആസ്വദിക്കുന്നതാണ് കാമുവിന്റെ അബ്സർഡ് രീതിയെന്നുള്ളത്.
ദ സ്ട്രൈഞ്ചർ വായിക്കുമ്പോൾ
“Mother died today. Or maybe yesterday, i don’t know”. കാമുവിന്റെ ദ സ്ട്രൈഞ്ചർ തുടങ്ങുന്നത് ഇപ്രകാരമാണ്. അബ്സർഡിസത്തിന്റെ മാനിഫെസ്റ്റോയായി പരിഗണിക്കപ്പെടാവുന്ന കാമുവിന്റെ The myth of sisyphus എന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട അതേ വർഷം തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസ് നോവലായി വിശേഷിപ്പിക്കാവുന്ന ദ സ്ട്രൈഞ്ചർ പുറത്തിറങ്ങുന്നത്. മുഖ്യകഥാപാത്രമായ മെർസോയുടെ ജീവിതവും ചിന്തകളും വീക്ഷണങ്ങളുമെല്ലാം കാമുവിന്റെ അബ്സർഡ് എന്ന ആശയത്തിന്റെ തനിരൂപകങ്ങളായിരുന്നു. ജീവിതത്തിന്റെ അർഥരാഹിത്യവും മരണവും സാമൂഹിക ചുറ്റുപാടുകളുമെല്ലാം കേന്ദ്രീകരിച്ച് വികസിക്കുന്ന നോവൽ സമൂഹത്തിൽ നിന്നും സ്വന്തത്തിൽ നിന്നും അപരിചിതനായി മാറിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രത്യേക മാനസിക നിലയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിസഞ്ചിരച്ചുക്കൊണ്ടിരിക്കുന്നതുമായ മെർസോ എന്ന കഥാപാത്രം അബ്സർഡുമായി ബന്ധപ്പെട്ടും അല്ലാതെയും സവിശേഷമായ മാനസികാപ്രഗഥനം ആവശ്യപ്പെടുന്ന കഥാപാത്രമാണ്.
ലകാനിയൻ മാനസികാപഗ്രഥനത്തിലെ മിറർ സ്റ്റേജ് വിജയകരമായി മറികടകന്നിട്ടില്ലാത്ത വ്യക്തിയായിട്ട് മെർസോയെ വിശേഷിപ്പിക്കാം. അതായത് മാതാവിൽ നിന്ന് മാറി സ്വന്തമായി ഞാൻ, മറ്റുള്ളവർ എന്ന് വേർതിരിച്ചറിയാൻ ശേഷിയുള്ള സ്വത്വരൂപീകരണത്തിന്റെ ഘട്ടത്തിലേക്ക് എത്തുന്നതിൽ പരാജയപ്പെട്ട വ്യക്തിയാണ് മെർസോ. ലകാനെ സംബന്ധിച്ചിടത്തോളം, ‘അഹം’ എന്നത് സാങ്കൽപ്പികമാണ്, അസ്ഥിരമാണ്, ഒരു മുഖചിത്രമായി നമ്മൾ സൃഷ്ടിക്കുന്ന ഒന്നാണ്, സ്വയംഭരണാധികാരമില്ലാത്ത ഒന്ന്. കണ്ണാടിയിൽ നാം കാണുന്ന തികഞ്ഞ സ്വയം എന്ന ആദർശമായ ‘ഞാൻ’ സൃഷ്ടിക്കുന്നതിന് അത് കാരണമാകുന്നു, ഈ ആദർശ സ്വയം തന്നെയാണ് ‘മറ്റുള്ളതിനെ’ (Other) സൃഷ്ടിക്കുന്നത്. മെർസോയുടെ ആശയക്കുഴപ്പം, ‘ഞാനും’ മറ്റൊന്നും തമ്മിൽ വേർതിരിക്കാൻ കഴിയാതെ, സ്വന്തം ശരീരത്തിന്റെ സങ്കീർണതകളിൽ അങ്ങേയറ്റം കുടുങ്ങിപ്പോകുന്നതിലാണ്. മാതാവുമായിട്ടുള്ള ബന്ധത്തിൽ ഇഴപിരിഞ്ഞുകിടക്കുന്ന മെർസോയുടെ ജീവിതം ബാല്യകാലത്തിലെ അവരുമായുള്ള കുഴഞ്ഞുമറിഞ്ഞ ആയാസകരമായ ബന്ധത്താൽ മൂടപ്പെട്ടതാണ്. കാരണങ്ങളേതുമില്ലാതെ അറബിയെ കൊല്ലുന്നതും സ്നേഹിക്കാതെ പ്രണയിക്കുന്നതും പുരോഹിതനെ ആട്ടിയോടിക്കുന്നതുമായ മെർസോയുടെ ജീവിതത്തിലെ ‘നിഷ്കളങ്കത’ യെ ഇത്തരത്തിൽ ജീവിതത്തിന്റെ മാനസികമായ അനിവാര്യഘട്ടങ്ങൾ മറികടക്കുന്നതിൽ പരാജയപ്പെട്ട ഒരു വ്യക്തി എന്ന നിലയിലാണ് അധിക മാനസികാപ്രഗഥന പഠനങ്ങളും സൂചിപ്പിക്കുന്നത്. Discipline and punishment ൽ ഫൂക്കോ അവതരിക്കുന്നത് പോലെ, അധികാര സ്ഥാപനങ്ങളുടെയും ജയിൽ പോലെയുള്ള അച്ചടക്കസ്ഥാപനങ്ങളുടെയും നിരന്തരമായ നിയന്ത്രണത്തിന്റെയും സൂക്ഷ്മനിരീക്ഷണത്തിന്റെയും ഫലമായി ഉടലെടുക്കുന്ന, ഫുക്കോവിയൻ പദാവലിയിലെ Delinquent എന്ന യാന്ത്രിക കുറ്റവാളി എന്ന ഗണത്തിൽ മെർസോയെ ഉൾപ്പെടുത്താം. മെർസോയുടെ കാര്യത്തിൽ ഈ നിയന്ത്രണവും നിരീക്ഷണവും നടത്തുന്നത് സമൂഹമാണെന്ന വ്യത്യാസമേ ഉള്ളു.
സ്വന്തമായ സ്വത്വം വികസിപ്പിക്കാൻ പരാജയപ്പെടുന്ന മെർസോ സാമൂഹികക്രമത്തിന് അനുസരിച്ചുള്ള ഭാഷ സ്വായത്തമാക്കാനും അതോടൊപ്പം പരാജയപ്പെടുന്നുണ്ട്. ലകാനിന്റെ അഭിപ്രായത്തിൽ, മിറർ സ്റ്റേജിന് ശേഷം, ഒരാളിൽ ഭാഷാപരമായ വികാസമാണ് സംഭവിക്കാനിരിക്കുന്നത്. യുക്തിക്കും യുക്തിസഹമായ വിധിക്കും അനുകൂലമായി ഉണ്ടായിതീരുന്ന ഈ ഭാഷയിൽ നിന്ന് അകന്ന് സ്വന്തത്തിനോടും ചുറ്റുപാടിനോടും അപരിചിതനെന്ന പോലെ വാക്കുകകളോടും അപരിചിതനായി തീരുന്ന മെർസോയെയാണ് നോവലിൽ പലിയിടത്തും കാണാൻ സാധിക്കുന്നത്.. അമ്മയുമായുള്ള ആയാസകരമായ ബന്ധത്തിന്റെ ഫലമായി പൂർണമായി ഒരു ‘മാതൃഭാഷ’ വികസിപ്പിച്ചെടുക്കാൻ സാധിക്കാത്ത മെർസോ, സമൂഹത്തിൽ സ്വീകാര്യത നേടാൻ അത്യാവശ്യമായ ഭാഷ സ്വയത്തമാക്കുന്നില്ല. നോവലിലെ mother died today or yesterday എന്ന് തുടങ്ങുന്ന ഈ പ്രാരംഭ വാക്യത്തിലും സമൂഹത്തലെ മുഖ്യധാര ഭാഷയുടെ അഭാവം കണ്ടെത്താൻ സാധിക്കും. വിശദീകരണങ്ങളോ സംഭാഷണമോ താൽപര്യമില്ലാത്ത കഥാപാത്രമായിട്ടാണ് നോവലിൽ മെർസോയെ കാമു അവതരിപ്പിച്ചിട്ടുള്ളത്.
ലേഖനങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും പലയിടങ്ങളിലായി നിശബ്ദതയെ കാമു മഹത്വവത്കരിച്ചിട്ടുണ്ട്. സംവേദനത്തിന്റെ ഏറ്റവും ആധികാരികമായ മാർഗം നിശബ്ദതയാണെന്ന ഹൈഡെഗറിയൻ സമീപനമാണ് അർഥഗഹനവും ആഴമേറിയതുമായ കാമുവിയൻ കഥാപാത്രങ്ങൾ സ്വീകരിക്കുന്നത്. കീകെഗാദിനെ ഉദ്ധരിച്ച് the myth of sisyphus ൽ കാമു പറയുന്നുണ്ട്, ഒരാൾ യഥാർഥിൽ നിശബ്ദനായിരിക്കുന്നത് സംസാരിക്കുമ്പോഴാണ്. ആഴമേറിയതും അർഥഗഹനവുമാണ് കാമുവിന്റെ കഥാപാത്രങ്ങളുടെ നിശബ്ദത.
References
Brée, Germaine. “Camus: A Collection of Critical Essays.” (1959).
Camus, Albert. The Stranger, translated by Stuart Gilbert, Vintage Books, New York
Camus, Albert. 2000. The Myth of Sisyphus. Translated by Justin O’Brien.
Chattaraj, Mouli. “Psychoanalyzing Meursault – the Foucauldian Delinquent.
Sartre, Jean-Paul. “Explication de L’Étranger.” Situations I. Paris: Gallimard, 1947.
Scherr, Arthur. “Camus and the Denial of Death: Meursault and Caligula.” OMEGA: Journal of Death and Dying 69, no. 2 (2014): 169-190. New York City University
The Absurd – Camus, Kierkegaard & Dostoevsky | Existentialism.” Eternalised: In Pursuit of Meaning. Accessed October 8, 2024. https://eternalisedofficial.com/tag/dostoevsky/.


Comments are closed.