മറ്റേത് മതങ്ങളെയും പോലെ, ഇടങ്ങളെ (space) നിർമിക്കുകയും, അതിന്റെ നിർമാണത്തെ നിർണയിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. അത് സ്ഥല ബന്ധിതമായി നിലനിൽകയല്ല, മറിച്ച് ഇടങ്ങളെ അനുഭവിക്കുന്നതിനും, പ്രവർത്തിക്കുന്നതിനും, അതിനെ കുറിച്ച് സംസാരിക്കുന്നതിനും, ചിന്തിക്കുന്നതിനുമെല്ലാം സവിശേഷമായ സമീപനം പ്രദാനം ചെയ്യുന്നുണ്ട്. ഇടവുമായുള്ള ഇത്തരം ഇടപാടുകൾ പലപ്പോഴും പരമ്പരാഗതമായ മത/ഭൗതിക വേർതിരിവുകൾ മറികടക്കുന്നവയുമാണ്. ഇസ്‌ലാമിനെ കുറിച്ച് സമീപകാലത്ത് പുറത്തുവന്നിട്ടുള്ള നരവംശശാസ്ത്ര പഠനങ്ങളിൽ  അധികവും നൈതികമായ വ്യക്തിത്വം രൂപീകരിക്കുന്നതിനുതകുന്ന ആചാര പാരമ്പര്യങ്ങളെ രൂപീകരിക്കുന്നതിൽ പാഠങ്ങൾക്കും, വ്യവഹാരങ്ങൾക്കും ശരീരത്തിനുമുള്ള പങ്കിനെ കുറിച്ചുള്ള വിശകലനങ്ങളാണ്.എന്നാൽ, ഇവക്ക് ലഭിക്കുന്ന അത്ര ശ്രദ്ധ ഇടപരതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയകരമാണ്. നൈതിക ജീവിതങ്ങളെയും, ധാർമിക സാമൂഹികതയെയും സാധ്യമാക്കുന്നതിലും ഇടത്തിനുള്ള പങ്ക് ശ്രദ്ധയർഹിക്കുന്ന വിഷയമാണ്.

തങ്ങളുടെ ജോലിസ്ഥലങ്ങളും വീടുകളും പോലെ ഒരുപാട് ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ഇടങ്ങളിൽ നിന്നും അൽപനേരത്തേക്കെങ്കിലും രക്ഷതേടി മാറിനിൽക്കാൻ സാധിക്കുന്ന ഒരു ഇടം കൂടെയാണ് സാവിയകൾ.

ഉദാഹരണമായി നഗരത്തിന്റെ കാര്യമെടുക്കാം. നൈതിക വിദ്യാഭ്യാസത്തിന്റെയും, പരിശീലനത്തിന്റെയും സുപ്രധാന കേന്ദ്രമെന്ന നിലയിൽ നഗരത്തിനുള്ള സ്ഥാനം ആദ്യകാല മുസ്‌ലിംകളും, അവരെ തുടർന്ന് വന്നവരും ഊന്നൽ നൽകിയിരുന്നതായി ചരിത്രകാരനായ ഇറാ ലാപിഡസ് നിരീക്ഷിക്കുന്നുണ്ട്. അതിന്റെ തുടർച്ചയായി ‘ബാദിയ’, അല്ലെങ്കിൽ മരുഭൂപ്രദേശങ്ങളെയും, ഉൾനാടുകളെയും അപകടകരവും, ഹീനവുമായ ഇടങ്ങളായി കാണാനുള്ള പ്രവണതയും രൂപപ്പെട്ടുവന്നു. ആദ്യകാല ഇസ്‌ലാമിനെയും, വിവിധ പ്രദേശങ്ങളുടെ ഇസ്‌ലാമികവത്കരണത്തെയും പഠിച്ച ചരിത്രകാരന്മാർ ഇസ്‌ലാമിക രൂപീകരണത്തിൽ ഇടത്തിന്റെ പ്രാധാന്യവും, ഇടപരമായ ശീലങ്ങളെക്കുറിച്ചും, നിർമിത പരിസരങ്ങളെ (built environment) കുറിച്ചുമുള്ള ചോദ്യങ്ങൾ എത്രത്തോളം പ്രധാനമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ആധുനിക യമനിലെ ഹദ്രമൗത്തിൽ നിന്നും ഇന്തോനേഷ്യയിലെ ജാവയിലേക്കും അതുപോലെ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ തീരങ്ങളിലേക്കും കുടിയേറിയിട്ടുള്ള, ബാഅലവികൾ എന്നറിയപ്പെടുന്ന സയ്യിദുകളുടെ കാര്യത്തിലും ഇടത്തെ കുറിച്ചുള്ള ഈ ചോദ്യത്തിന്റെ പ്രാധാന്യം പ്രതിഫലിക്കുന്നത് കാണാം.

‘What is Religious Authority?’ എന്ന എന്റെ പുസ്തകത്തിൽ ഞാൻ ചൂണ്ടികാണിക്കുന്നത് പോലെ, ബാഅലവി സാദാത്തുക്കൾ ജാവയിലെ മുസ്‌ലിം സമുദായ രുപീകരണത്തിലും, സാമുദായികമായ ഇടങ്ങളെ നിർമിക്കുന്നതിലും കൂടിയായിരുന്നു. പള്ളികളും, പ്രാർഥനാ മുറികളും, ബോർഡിങ്ങ് സ്കൂളുകളും, അനാഥാലയങ്ങളും, സ്മാരകങ്ങളും കൂടാതെ അവർ ‘സാവിയ’കളും നിർമിച്ചിരുന്നു. ബൊഗോർ മുതൽ ജകാർത്ത വരെയും, പെകലോംഗൻ മുതൽ സോളോ വരെയും എന്നുവേണ്ട, വലിയ തോതിൽ ഹദ്രമികൾ കുടിയേറിപാർത്തിരുന്ന ജാവയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള സാവിയകൾ കാണാം. ഉത്തരാഫ്രിക്കയിലും മറ്റ് മുസ്‌ലിം പ്രദേശങ്ങളിലുമുള്ള സാവിയകളെ പോലെ പരമ്പരാഗതമായ സൂഫി സാവിയകളല്ല ഇവ. ഇത്തരം സാവിയകളുടെ നിർമിച്ചവരും അവിടേക്കെത്തുന്ന സന്ദർശകരുമെല്ലാം ബാഅലവികളുടെ സ്വന്തം ത്വരീഖത്തായ അലവിയ്യ ത്വരീഖത്തുമായി ബന്ധപ്പെട്ടവരാണെങ്കിലും, ഒരു മുർഷിദിന്റെ നേതൃത്വത്തിലുള്ള തരീഖ കേന്ദ്രങ്ങളല്ല ഇവ. മറിച്ച്, ഒരു ക്ലബ് ഹൗസിന് സമാനമായ ഇടങ്ങളാണ് ഇത്തരം സാവിയകൾ. കുട്ടികളും, മുതിർന്നവരും ചായയും കാപ്പിയും നുകർന്നിരിക്കുകയും, പഠിക്കുകയും വർത്തമാനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന വിനോദ കേന്ദ്രങ്ങളാണിവ. ഇവിടെ വാർത്തകൾ പങ്കുവെക്കുകയും, പദ്യങ്ങളും കവിതകളും പാരായണം ചെയ്യുകയും പ്രസംഗങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. പോയ കാലത്തെ ഓർത്തെടുത്തുകൊണ്ട് ആ ജ്ഞാനപാരമ്പര്യങ്ങൾ പുതുതലമുറകളിലേക്ക് പകർന്നുകൊടുക്കുന്ന കേന്ദ്രങ്ങളാണിവ.

“തിരക്കുപിടിച്ച പ്രഭാതങ്ങൾക്കും വൈകുന്നേരങ്ങൾക്കും ശേഷം, ഞങ്ങൾ വിശ്രമിക്കുന്ന, സമയത്തെ കുറിച്ചുള്ള ചിന്തകളെ മാറ്റിവെച്ചുകൊണ്ട് സമാധാനമായിരിക്കുന്നത് സാവിയകളിലാണ്” മധ്യ ജാവയിലെ സോളോയിലെ ഒരു സാവിയയിൽ വെച്ച് ഞാൻ പരിചയപ്പെട്ട അറുപതുകാരനായ ഒരു ഹദ്രമി സയ്യിദ് എന്നോട് സാവിയയെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.  അദ്ദേഹത്തെ ഈ സംസാരം കേട്ടുനിൽക്കെ, പ്രശസ്ത തത്വചിന്തകനായിരുന്ന ഗാസ്റ്റോൻ ബാച്‍ലെയുടെ (gaston bachelard) മൂലകളെ (corner) കുറിച്ചുള്ള ആലോചനകളാണ് എനിക്കോർമ വന്നത്. അതിശയകരമെന്ന് പറയട്ടെ, സാവിയകളുടെ അർഥവും മൂലകൾ എന്ന് തന്നെയാണ്. തന്റെ പ്രശസ്ത കൃതിയായ The Poetics of Space-ൽ ബാച്‍ലെ വിശദീകരിക്കുന്നത് കാണാം: നമ്മൾ ഏറെ അമൂല്യമായി കാണുന്ന നിശ്ചലതയെ സാധ്യമാക്കുന്ന ഒരു ഇടമാണ് മൂല… തന്റേതായ ഒരു മൂലയിൽ സമാധാനമായിരിക്കുക എന്ന ബോധ്യം ഒരു തരം നിശ്ചലബോധത്തെ ഉത്പാദിപ്പിക്കുന്നു. ഇത് സ്വാഭാവികമായും നിശ്ചലതയെ പ്രസരിപ്പിക്കുകയും ചെയ്യുന്നു ([1958] 1969: 137).  ബാച്‍ലെയുടെ സങ്കൽപ്പത്തിലെ മൂല അനന്തമായ ഭാവനകളുടെ ലോകത്തെ തുറക്കുന്ന ഏകാന്തതയുടെയും പകൽക്കിനാവിന്റെയും ഇടമാണെങ്കിൽ, ബാഅലവി സാവിയകൾ ഊർജസ്വലമായ, നൈതികമായ സാമൂഹികതയുടെ ഇടങ്ങളാണ് എന്ന് കാണാം. ഇത്തരം സാവിയകളുടെ കേന്ദ്ര ഭാഗത്തെ രൂപീകരിക്കുന്ന മൂലകൾ ഒരു തുടർച്ചകളില്ലാത്ത ഒരറ്റം പോലെയാണെന്ന് കാണാം. മുന്നോട്ട് മറ്റുവഴികളില്ലാതെ ഒരുപാട് പാദകളും ദൈനംദിന ചിന്തകളും അൽപനേരത്തേക്കെങ്കിലും ഒത്തുചേരുന്ന ഇടമാണിത്. നിശ്ചലമായ ഈ ഇടത്തിൽ വെച്ച് നിലനിർത്തപ്പെടുന്ന സൗഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും ഒരു നൈതിക സമൂഹം രൂപപ്പെട്ടുവരുന്നു. മിക്കപ്പോഴും അത് കാലങ്ങളോളം നിലനിൽക്കുകയും ചെയ്യുന്നു.

നിർമിത പരിസരങ്ങൾ രൂപപ്പെടുത്തുന്ന ഈ നിശ്ചലതയിലൂടെ തുറക്കുന്ന നൈതിക സാധ്യതകളെ കുറിച്ച് കൂടുതൽ വിശദമായി ആലോചിക്കേണ്ടതുണ്ട്. രാജ്യാന്തര സഞ്ചാരങ്ങൾക്ക് പേരുകേട്ടവരാണ് ബാഅലവികൾ. എന്നാൽ,  ഇത്തരമൊരു ചലനാത്മക ജീവിതം ജീവിക്കണോ എന്ന ചോദ്യം, അതായത് കുടിയേറിക്കൊണ്ട് പുതിയ ലോകങ്ങളിലേക്കെത്തണോ, അതോ തങ്ങളുടെ മാതൃസ്ഥാനമായ ഹദ്രമൗത്തിൽ തന്നെ തുടരണോ എന്ന ചോദ്യം ബാഅലവികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു ചോദ്യമായിരുന്നു. പത്തമൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ബാഅലവികൾ  കൂട്ടമായി കുടിയേറാൻ തുടങ്ങിയതോടെ ഈ ചോദ്യത്തിന്റെ പ്രസക്തി വർധിക്കുകയും ചെയ്തു.  തങ്ങളുടെ ധാർമിക ബോധ്യത്തെ ബാഹ്യലോകത്തിന്റെ ചാപല്യങ്ങൾക്ക് മുമ്പിൽ കീഴടങ്ങുന്നതിന് തുല്യമാണ്  ജാവയിലേക്ക് കുടിയേറുക എന്ന വീക്ഷണമായിരുന്നു മിക്ക ബാഅലവി പണ്ഡിതർക്കും. ധാർമികമായ നശീകരണത്തിലേക്ക് സ്വന്തം മത ബോധത്തെയും ആത്മാവിനെയും ബലിയർപ്പിക്കുന്നതിന് സമാനമാണതെന്നും അവർ കരുതിപ്പോന്നു.

എന്ന എന്റെ പുസ്തകത്തിൽ ഞാൻ ചൂണ്ടികാണിക്കുന്നത് പോലെ, ബാഅലവി സാദാത്തുക്കൾ ജാവയിലെ മുസ്‌ലിം സമുദായ രുപീകരണത്തിലും, സാമുദായികമായ ഇടങ്ങളെ നിർമിക്കുന്നതിലും കൂടിയായിരുന്നു.

നിരന്തരമായ ചലനാത്മകതയുടെ ഇടമായിട്ടാണ് ജാവ ഈ കുടിയേറ്റ വിരുദ്ധ ലേഖനങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജാവയിലെ ജീവിതം കഷ്ടതകൾ നിറഞ്ഞതാണ്, ആളുകൾ നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്നവരാണ്, ആർക്കും വിശ്രമിക്കാൻ സമയമില്ല, ഇങ്ങനെ പോകുന്നു നിരീക്ഷണങ്ങൾ. കാട്ടുമൃഗങ്ങളാൽ വേട്ടയാടപ്പെടുന്നതുപോലെ, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സമ്പത്തുതേടി ഓടിക്കൊണ്ടിരിക്കുന്ന നാടോടിയെ പോലെയാണ് അവിടെയുള്ളയെല്ലാവരും. ബദവികളുടെ അധാർമികമായ നാടോടി ജീവിതശൈലിയിൽ നിന്നും വിഭിന്നമായി, വ്യവസ്ഥാപിതമായ സ്ഥിരവാസത്തെ പ്രോൽസാഹിപ്പിക്കുന്ന ജീവിതമാർഗമാണ് ഇസ്‌ലാമിന്റേത് എന്ന പരമ്പരാഗത ബോധ്യത്തെ ഊട്ടിയുറുപ്പിക്കുന്നതായിരുന്നു ഈ പണ്ഡിതരുടെ വാദങ്ങൾ. നിശ്ചിതമായ ഒരളവിലുള്ള നിശ്ചലാവസ്ഥയിൽ നിന്ന് മാത്രമേ ധാർമികമായ വ്യക്തിത്വ രൂപീകരണം സാധ്യമാകൂ എന്നായിരുന്നു ഈ പണ്ഡിതരുടെ പക്ഷം.

ഹദ്രമൗത്തിൽ നിന്നുമുള്ള കുടിയേറ്റക്കാരിൽ മിക്കവരും കച്ചവടലക്ഷ്യാർഥം കുടിയേറിയവരായിരുന്നെങ്കിലും, അവരിൽ ചില പണ്ഡിതരുമുണ്ടായിരുന്നു. ഈ പണ്ഡിതരായിരുന്നു ജാവയിലെ സാവിയകൾ സ്ഥാപിച്ചത്.  അവയിൽ ചിലതാകട്ടെ, ഇത്തരം സ്ഥാപകരുടെ വീടിനോട് ചേർന്നുള്ള ചെറുനിർമിതികളായിരുന്നു. മറ്റുള്ളവ അവർ തന്നെ നിർമിച്ചിരുന്ന പള്ളികളോടും പ്രാർഥനാമുറികളോടും ചേർന്നുകൊണ്ട് നിർമിച്ചവയുമായിരുന്നു. അവയിൽ ചിലവയോട് ചേർന്ന് ലൈബ്രറികളുമുണ്ടായിരുന്നു.  പ്രധാനമായും മൂന്ന് സവിശേഷതകളായിരുന്നു ഈ നിർമിതികളെ സാവിയകളായി കണക്കാക്കാൻ കാരണമായിരുന്നത്. പ്രഥമമായും, പൊതുജനങ്ങൾക്കുവേണ്ടി എപ്പോഴും തുറന്നുവെച്ചിരുന്നവയായിരുന്നു അവ.  സാവിയകളും, പള്ളികളും അതുപോലെ തന്നെ അവരുടെ രക്ഷാധികാരികളുടെ വസതികളും തമ്മിലുള്ള കൃത്യമായ വേർതിരിവാണ് മറ്റൊന്ന്. തദ്ഫലമായി,  തങ്ങൾ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്നോ അതോ ആരാധനാസ്ഥലങ്ങൾ എന്ന നിലയ്ക്ക് പള്ളികൾ ആവശ്യപ്പെടുന്ന പെരുമാറ്റരീതികൾ പാലിക്കേണ്ടതുണ്ടെന്നോ സാവിയകളിലിരിക്കുന്ന ആളുകൾക്ക് തോന്നുകയില്ല. ഈ ഇടങ്ങളിൽ നിരന്തരമായി നടക്കുന്ന പരിപാടികളാണ് ഇവയുടെ മൂന്നാമത്തെ സവിശേഷത.

ദിനേനയോ അതോ ആഴ്ച്ചയിലോ നടക്കുന്ന റൗഹകളാണ് ബാഅലവി സാവിയകളിൽ നടക്കുന്ന പ്രധാന പരിപാടികളിലൊന്ന്. വൈകുന്നേരങ്ങളിൽ എന്തെങ്കിലും പ്രവൃത്തികളിലേർപ്പെടുക എന്നർഥം വരുന്ന റാഹ എന്ന പദത്തിൽ നിന്നുമാണ് റൗഹ എന്ന പദത്തിന്റെ ഉൽപത്തി. കാരുണ്യം, സന്തോഷം, സമ്മാനം എന്നെല്ലാം അർഥം വരുന്ന റൗഹുൻ എന്ന പദവും സമാനമായ മൂലപദത്തിൽ നിന്നുമാണ് വരുന്നത്. ‘റൂഹു’മായി, അഥവാ ആത്മാവുമായി ബന്ധപ്പെട്ടത് എന്നാണ് ചുരുക്കത്തിൽ ഈ പദത്തിന്റെ അർഥം. ബാഅലവികളെ സംബന്ധിച്ചിടത്തോളം, റൗഹ എന്നാൽ വിശ്രമമാണ്. തങ്ങളുടെ പൂർവികരുടെ വാക്കുകയും പ്രവർത്തികളും കേട്ടുകൊണ്ട്, അവർ രചിച്ച കവിതകൾ ശ്രവിച്ചുകൊണ്ട്, തങ്ങളുടെ കൂട്ടുകാരോടൊത്ത് സമയം ചെലവഴിച്ചുകൊണ്ട് സ്വന്തം ആത്മാവിനെ പരിപോഷിപ്പിക്കുന്ന സമയമാണ് റൗഹ. പൊതുവെ, ഉച്ചക്ക് ശേഷമോ അതോ സന്ധ്യാനമസ്കാരത്തിന് ശേഷമോ രണ്ട് മണിക്കൂറോളം നേരമാണ് ആളുകൾ റൗഹയിലിരിക്കുക. പരസ്പരമുള്ള ബന്ധവും ഭക്തരായിരുന്ന തങ്ങളുടെ പൂർവികരുമായുള്ള ബന്ധവും പുതുക്കിക്കൊണ്ട്, ചെറുകപ്പുകളിൽ ചായയും ചെറുകടികളും കഴിച്ചുകൊണ്ട് തങ്ങളുടെ ജോലികൾക്ക് ശേഷം അവരങ്ങനെ വിശ്രമിക്കും. സാവിയയുടെ അരികുകളിലെ രണ്ട് ചുമരുകൾ ചേരുന്ന മൂലകളിലേക്ക് ചാരിക്കൊണ്ടാണ് മുതിർന്നവർ പൊതുവെ റൗഹകളിലിരിക്കാറ്. യുവാക്കളാകട്ടെ, മുതിർന്നവരെ അഭിമുഖീകരിച്ചുകൊണ്ട് നിരവധി വരികളിലായി ഇരിക്കുകയും ചെയ്യും.  അവരിൽ ചില യുവാക്കളാകട്ടെ,  കൂടിയിരിക്കുന്ന ആളുകൾക്ക്  ചായയും കടികളും വിതരണം ചെയ്യുന്ന ഉത്തരവാദിത്വം ഖിദ്മത്തായി ഏറ്റെടുക്കുകയും ചെയ്യും. തങ്ങൾക്ക് മുൻകഴിഞ്ഞുപോയ തലമുറയിലുള്ളവർക്ക് വേണ്ടി അവിടെ കൂടിയ മുതിർന്നവരും ഒരു കാലത്ത് ഇതേ പ്രവൃത്തികൾ തന്നെ ചെയ്തിരുന്നു.

പള്ളികളിൽ നടക്കുന്ന ഔപചാരികമായ ക്ലാസുകളിൽ പഠിപ്പിക്കപ്പെടുന്ന പാഠങ്ങളേക്കാൾ ലഘുവായ കൃതികളായിരിക്കും റൗഹകളിൽ പൊതുവെ പാരായണം ചെയ്യപ്പെടുക. മജ്മൂഅൽ കലാമിൽ പെടുന്ന, അഥവാ ബാഅലവി പണ്ഡിതരുടെയും, മഹത്തുക്കളുടെയും കൃതികളുടെ സമാഹരണങ്ങൾ ആണ് പൊതുവെ വായിക്കപ്പെടുക. ധാർമികമായി ഉത്തേജിപ്പിക്കുന്ന, അതേസമയം ആസ്വാദകരമായ, ചെറുനർമങ്ങൾ നിറഞ്ഞ കൃതികളാണിവ. ബാഅലവി പണ്ഡിതർക്കിടയിലുള്ള എഴുത്തുകുത്തുകൾ, അഥവാ മുർസലാത്തുകളാണ് ഇത്തരത്തിൽ പാരായണം ചെയ്യപ്പെടുന്ന മറ്റൊരു കൃതി. സൗഹൃദത്തിന്റെ മൂല്യത്തെ കുറിച്ചും ബന്ധങ്ങൾ നിലനിർത്തേണ്ടതിനെ കുറിച്ചുമുള്ള പ്രാധാന്യത്തെ മനോഹരമായ ഭാഷയിൽ വിവരിക്കുന്ന കൃതികളാണിവ. ആജ്ഞാരൂപത്തിലുള്ള ധാർമിക-ബോധന വ്യവഹാരങ്ങളിലൂടെയല്ലാതെ, അനുകരണീയമായ ജീവിതകങ്ങളുടെ ഉദാഹരണങ്ങളിലൂടെ എങ്ങനെ ഒരു നല്ല മനുഷ്യനാവണമെന്ന് ആളുകളെ പഠിപ്പിക്കുന്ന കൃതികളാണിവ. ഇവയുടെ പാരായണങ്ങൾക്കിടയിൽ കവിതാ പാരായണങ്ങളും, കൃതികളിൽ ചർച്ച ചെയ്യുന്ന സന്ദർഭങ്ങൾക്ക് സമാനമായ തങ്ങളുടെ ജീവിതാനുഭവങ്ങളെ കുറിച്ചുള്ള മുതിർന്നവരുടെ സംസാരവുമെല്ലാം കടന്നുവരും.

പ്രായത്തിനും അറിവുനുമനുരിച്ചുള്ള ഘടനക്കനുസൃതമായാണ് സാവിയകളിൽ ആളുകൾ ഇരിക്കാറുള്ളതെങ്കിലും, ചില സമയങ്ങളിൽ ഈ ശ്രേണീഘടനകൾ മാഞ്ഞുപോവാറുണ്ട്. സംഗീത-നൃത്ത പരിപാടികളുടെ സന്ദർഭങ്ങൾ ഉദാഹരണം. കസേരകളില്ലാത്ത, വലുപ്പമുള്ള തുറന്ന ഇടമായതുകൊണ്ടും നിലമെല്ലാം പരവതാനികൾ വിരിക്കപ്പെട്ടതായതുകൊണ്ട് ഒരു സംഗീതപരിപാടി നടത്തുന്നതിന് ഏറെ അനുയോജ്യമായ രൂപത്തിലാണ് സാവിയകളുടെ നിർമാണം. രണ്ട് തരത്തിലുള്ള സംഗീതപരിപാടികളാണ് സാവിയകളിൽ പൊതുവെ നടന്നുപോരുന്നത്. രണ്ട് തരത്തിലുള്ള ചെണ്ടവാദ്യങ്ങളടങ്ങുന്ന ഹാജിർ മറാവിസാണ് അതിലൊന്ന്. വലിയ ഹാജിറിന്റെ കൂടെ ആറ് മുതൽ പത്തുവരെ ചെറു മിർവാകളും ഒരു പുല്ലാങ്കുഴലും ഇതിലുണ്ടാവും. മറ്റേതാകട്ടെ, ഔദ് ഗിത്താറും, വയലിനും, കീ ബോർഡും തബലകളുമെല്ലാമടങ്ങിയ കൂടുതൽ വലിയ രീതിയിൽ നടക്കുന്ന ഗാമ്പൂസാണ്. ഈ രണ്ട് സംഗീതപരിപാടികളിലും പുരുഷന്മാർ നൃത്തം വെക്കാറുമുണ്ട്.  സന്തോഷത്തിൽ മതിമറന്ന് പാട്ടുപാടുകയും ഒച്ചത്തിൽ കൈകൊട്ടുകയും ചെയ്യുന്ന ആളുകൾ നിറയുന്നതോടെ സാവിയയുടെ അന്തരീക്ഷം ആനന്ദപൂരിതമാവുകയും ചെയ്യും. മുതിർന്നവരും യുവാക്കളും സംഘം ചേർന്നുകൊണ്ട് നൃത്തം ചെയ്യുകയും പരസ്പരം അടുത്തടുത്തിരുന്നുകൊണ്ട് കളിതമാശകൾ പറയുകയും ചെയ്യുന്നതോടെ പൊതുവെയുള്ള ഇരുത്തത്തിന്റെ രീതി മാറ്റപ്പെടും.

ദിനേനയോ അതോ ആഴ്ച്ചയിലോ നടക്കുന്ന റൗഹകളാണ് ബാഅലവി സാവിയകളിൽ നടക്കുന്ന പ്രധാന പരിപാടികളിലൊന്ന്.

വ്യത്യസ്ത തലമുറകളിലുള്ള ആൾക്കാർക്കിടയിൽ പൊതുവെയുള്ള ഔദ്യോഗികമായ, ആദരവു നിറഞ്ഞ പരസ്പര സംഭാഷണങ്ങളെ മറികടന്നുകൊണ്ട് അവർക്കിടയിൽ സുഹൃദബന്ധം സ്ഥാപിക്കാൻ ഇത്തരം പരിപാടികൾ ഏറെ സഹായകരമാണ്. ഇത്തരത്തിൽ, തലമുറകളെ കടന്നുള്ള സൗഹൃദബന്ധങ്ങൾ നൈതികമായ പഠനങ്ങളെ സഹായിക്കുകയും ധാർമികമായ പാഠങ്ങളുടെ കൈമാറ്റത്തിന് അനുഗുണമായി മാറുകയും ചെയ്യും. മാതൃദായ സമ്പ്രദായങ്ങളിൽ അമ്മാവന്മാരും മരുമക്കളും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിനെ കുറിക്കുന്ന  avunculate എന്ന പദമാണ് ഒരുപക്ഷെ ഈ ബന്ധങ്ങളെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായത്. സാവിയകളിലുള്ള മുതിർന്നവർ, യുവാക്കളുടെ അമ്മാവൻമാരായാണ് വർത്തിക്കുന്നത്. അവർക്കിടയിൽ രക്തബന്ധങ്ങളൊന്നുമില്ലെങ്കിൽ പോലും. ഒരേസമയം ആദരവും അതേസമയം തന്നെ ആനന്ദവുമുള്ള ഈ ബന്ധം, പൊതുവെ കുറച്ചുകൂടെ കർശനമായ അച്ഛൻ-മകൻ ബന്ധത്തെയും അദ്ധ്യാപകൻ-വിദ്യാർഥി ബന്ധത്തെയും മറികടന്നുകൊണ്ട് താരതമ്യേന സൗഹൃദപരമായ അന്തരീക്ഷത്തിലൂടെ നൈതിക പാഠങ്ങൾ കരസ്ഥമാക്കുന്നതിന് ഏറെ സഹായിക്കുന്നു.

തങ്ങളുടെ പൂർവികർ അച്ചടക്കമില്ലാത്ത സ്ഥലമായി അവഗണിച്ചിരുന്ന ജാവയിൽ, ബാഅലവികളുടെ ധാർമിക സമുദായങ്ങളെ രൂപപ്പെടുത്താനും നിലനിർത്താനും ഇത്തരത്തിലുള്ള സാവിയകൾ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ജർമൻ എഴുത്തുകാരനായിരുന്ന സിഗ്ഫ്രീഡ് ക്രാക്കോർ ഹോട്ടൽ ലോബിയെ ആധുനികതയുടെ അടയാളമായിട്ടാണ് കണക്കാക്കിയിരുന്നത്. പരസ്പരം അജ്ഞാതരായ ആളുകൾ നിരന്തരം വന്നുപോയിക്കൊണ്ടിരിക്കുന്ന, എന്നാൽ യഥാർഥമായ സാമൂഹികതയിലേക്ക് ഉൾച്ചേരുകയും ചെയ്യാത്ത, അൽപനേരത്തേക്ക് മാത്രം ഒരിടം പങ്കുവെക്കുന്ന ഇടനാഴിയാണല്ലോ ഹോട്ടൽ ലോബി. അങ്ങനെയാണെങ്കിൽ, സാവിയകളെ നിശ്ചലതയുടെ ഇടങ്ങളായി വിശേഷിപ്പിക്കാൻ പറ്റും.  വിശ്രമത്തെയും, സാമൂഹ്യവത്കരണത്തെയും, അതുപോലെ തന്നെ പൂർവികരെ കുറിച്ചുള്ള സ്മൃതികളെയും സഹായിക്കുകയും അതുവഴി വായിക്കുകയും, ശ്രവിക്കുകയും നൃത്തം ചെയ്യുകയും തമാശകൾ പറയുകയും ചെയ്യുന്ന ഒരു തലമുറയെ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങളാണ് സാവിയകൾ. വിശ്രമവേളകൾക്കും ധാർമിക പാഠങ്ങൾക്കുമുതകുന്ന സാമൂഹ്യ ഇടങ്ങളായി സാവിയകൾ മാറുന്നു. തങ്ങളുടെ ജോലിസ്ഥലങ്ങളും വീടുകളും പോലെ ഒരുപാട് ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ഇടങ്ങളിൽ നിന്നും അൽപനേരത്തേക്കെങ്കിലും രക്ഷതേടി മാറിനിൽക്കാൻ സാധിക്കുന്ന ഒരു ഇടം കൂടെയാണ് സാവിയകൾ. ധാർമികപരമായി ഏറെ സന്ദേഹങ്ങൾ നിറഞ്ഞ കോഫി ഷോപ്പുകളിൽ നിന്നും വിഭിന്നമായ സാമൂഹ്യ വേദികളെ ഒരുക്കുകയും ചെയ്യുന്നുണ്ട് സാവിയകൾ.

അതേസമയം തന്നെ, കുറച്ചുകൂടെ ഔപചാരികമായ ഇടങ്ങളായ പള്ളികൾക്ക് അനുഗുണമായും ഇവ നിലനിൽക്കുന്നുണ്ട്. പ്രവാസി ഇടങ്ങളായാണ് സാവിയകൾ ആരംഭിച്ചതെങ്കിലും, ക്രമേണ അവ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. എന്നിരുന്നാലും, ഇവ ഇപ്പോഴും പുരുഷ സാമൂഹിക ഇടങ്ങളായാണ് തുടരുന്നത്. തങ്ങളുടെ രക്ഷാധികാരികളില്ലെങ്കിൽ പോലും, സാമൂഹികമായ പരിപാടികൾക്കായി സാവിയകൾ എപ്പോഴും തുറന്നിടാറുണ്ട്. തദ്ഫലമായി, നിരന്തരം സാവിയകൾ സന്ദർശിക്കുന്ന ആളുകൾക്ക് തങ്ങളൊരിക്കലും മറ്റൊരാളുടെ സ്വകാര്യ ഇടത്തിലെ അതിഥികളാണെന്ന് തോന്നുകയില്ല. ഇതുകൊണ്ടെല്ലാംതന്നെ, സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളാണ് സാവിയകൾ. ഉദാഹരണത്തിന്, പെകലോംഗനിലെ എന്റെ ഒരു സുഹൃത്ത് ഏറെ അഭിമാനത്തോടെ പറഞ്ഞതിങ്ങനെയാണ്: ഞാൻ സാവിയയുടെ സന്തതിയാണ്. സാവിയയാണ് എന്നെ വളർത്തിയത്.  ഇതിനുസമാനമായ അനവധി സംസാരങ്ങൾ ഞാൻ തന്നെ കേട്ടിട്ടുണ്ട്. സാവിയയുടെ ഭൗതിക നിർമിതി തങ്ങളെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മാത്രം പാരമ്പര്യം ഉപയോഗപ്പെടുത്തുന്ന കേവലമായ ഒരു വസ്തുവല്ല, മറിച്ച്, സ്വന്തമായി കർതൃത്വവും വൈകാരിക ശക്തിയുമുള്ള നിർമിതിയാണെന്ന് കാണാം. സാവിയുടെ കേന്ദ്രത്തിലുള്ള മൂലയാകട്ടെ, പരസ്പരം കണ്ടുകൊണ്ടുള്ള സമ്പർക്കത്തെ രൂപപ്പെടുത്തുകയും, സമപ്രായക്കാർക്കിടയിലുള്ള ധാർമിക ബന്ധത്തെ ഉറപ്പിക്കുകയും ചെയ്യുന്നു.  അതേസമയം തന്നെ, തങ്ങളുടെ പൂർവികരുമായി ബന്ധപ്പെടാനും, അതുവഴി സന്നിഹിതരായവരും അസന്നിഹതരായവരുമുൾകൊള്ളുന്ന അന്യോനമായൊരു ധാർമിക ഭാവനയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. എന്റെ ബാഅലവി സുഹൃത്തുക്കൾക്ക് സാവിയയെന്ന പദം കേവലമൊരു സ്ഥലമോ സ്ഥാനമോ മാത്രമല്ല.  അതിലുപരിയായി,  ഇസ്‌ലാമികമായ ഒരു സാമൂഹ്യ ബന്ധത്തിന്റെ സൂചനയാണത്. ഭൗതിക നിർമിതിയും, വിശ്രമസമയവും, ഇടകലർന്നുള്ള പ്രവർത്തികളും തമ്മിലുള്ള സജീവമായ സമ്പർക്കത്തിലൂടെ രൂപപ്പെടുന്ന ഒരു സവിശേഷ ജീവിത രൂപം കൂടിയാണത്.


വിവർത്തനം: അഫീഫ് അഹ്മദ്
Featured Image: mark chaves
കടപ്പാട്: maydan

Comments are closed.