[പ്രമുഖ മൊറോക്കൻ മുസ്‌ലിം ദാർശനികനായ താഹ അബ്ദുറഹ്മാന്റെ നൈതിക ചിന്തകളെ വിശകലനം ചെയ്യുന്ന Reforming Modernity: Ethics and the New Human in the Philosophy of Abdurrahman Taha എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ഹല്ലാഖ് സംസാരിക്കുന്നു]

ജദലിയ്യ: താഹ അബ്ദുറഹ്മാന്റെ ചിന്തകളെക്കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള പ്രേരണ എന്തായിരുന്നു?

വാഇൽ ഹല്ലാഖ്: പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമതായി, കഴിഞ്ഞ നൂറ്റാണ്ടിലെ അറബ്-മുസ്‌ലിം ദാര്‍ശനിക ചിന്തകളില്‍ ആധിപത്യമുണ്ടായിരുന്ന പ്രവണതകള്‍ക്ക് താഹ അബ്ദുറഹ്മാൻ ഒരു മികച്ച ബദല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ, അദ്ദേഹം മുന്നോട്ടുവെക്കുന്ന തത്വചിന്തയെയും അതിന്റെ നൈതിക അടിത്തറയെയും പഠിക്കുന്നത് പ്രധാമാനമാണ് എന്ന് ഞാൻ കരുതുന്നു. മാത്രമല്ല, താഹ ആഴവും കാമ്പുമുള്ള ഒരു തത്ത്വചിന്തകനാണ്. രണ്ടാമതായി, ഞങ്ങള്‍ക്ക് ചില വിഷയങ്ങളില്‍ വിയോജിപ്പുകളുണ്ടെങ്കിലും, അദ്ദേഹം എന്റെയൊരു ബൗദ്ധിക സഖ്യകക്ഷിയും ദാര്‍ശനിക സുഹൃത്തുമാണ്. അദ്ദേഹത്തിന്റെ ധാർമിക-ദാർശനിക പദ്ധതിയുടെ അടിസ്ഥാനങ്ങൾ ‘ശരീഅ’ (2009), ‘ദി ഇംപോസിബിൾ സ്റ്റേറ്റ്’ (2013), ‘റീസ്റ്റേറ്റിങ് ഓറിയന്റലിസം’ (2018), എന്നീ പുസ്തകങ്ങളിൽ ഞാൻ മുന്നോട്ടുവെച്ച ആലോചനകളുമായി ചേർന്നു പോകുന്നതാണ്.

ഈ പുസ്തകം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ എന്തെല്ലാമാണ്?

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇസ്‌ലാമിന്റെ കേന്ദ്ര ഭൂമികളില്‍ നടന്ന സംഭവവികാസങ്ങളെ പറ്റിയാണ് ആദ്യം പരിശോധിക്കുന്നത്. ആ കാലഘട്ടത്തിലെ, പ്രത്യേകിച്ച് 1826നും 1880നുമിടയിലുള്ള, മാറ്റങ്ങൾക്ക് പഠനങ്ങള്‍ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല. ഈ കാലയളവ് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആ അരനൂറ്റാണ്ടിലെ വിനാശകരമായ കൊളോണിയലിസത്തെപ്പറ്റി ശരിയായി മനസ്സിലാക്കാതെ, അറബ്-ഇസ്‌ലാമിക ലോകത്തിന്റെ ആധുനിക ചരിത്രത്തിലെ ഒരു പ്രതിഭാസവും മനസ്സിലാക്കാൻ കഴിയുകയില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തെ അറബ് ബൗദ്ധിക പ്രവണതകളെപ്പറ്റി ഒരു സമഗ്ര ചിത്രം അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ശേഷം, ആധുനികതയുടെ തത്വവും അതിന്റെ പ്രയോഗവും തമ്മിൽ താഹ വേർതിരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഞങ്ങൾക്കിടയിൽ വിയോജിപ്പുള്ളതുകൊണ്ട് ഞാൻ ചില വിമർശനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. താഹ ഈ പുസ്തകത്തിന്റെ ഡ്രാഫ്റ്റ് വായിക്കുകയും വിമർശനങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സംഗ്രഹവും, അതിനുള്ള എന്റെ മറുപടിയും അതോടൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ അറബിയിലുള്ള പ്രതികരണത്തെ ഞാൻ അനുബന്ധത്തിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. യുക്തിയുടെ (reason) പ്രശ്നത്തെ താഹ പുനർവിചിന്തനം ചെയ്യുന്നുണ്ട്. അദ്ദേഹം ധാർമിക യുക്തിയെയും (ethical rationality), കേവല യുക്തിയെയും (denuded reason) വേർതിരിക്കുന്നുണ്ട്. പുസ്തകത്തിന്റെ ബാക്കി ഭാഗങ്ങളിൽ മതേതരത്വം, മതം, വിമർശനം, ആധുനിക രാഷ്ട്രീയം, നൈതിക നിർവ്വഹണം, അത്യാധുനിക ഭരണരീതികൾ, കൂടാതെ ഭാരവാഹിത്വത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ചിന്തകളെയെല്ലാം പരാമർശിക്കുന്നുണ്ട്.

Dr.താഹ അബ്ദുറഹ്മാൻ

എങ്ങനെയാണ് ഈ പുസ്തകം താങ്കളുടെ മുമ്പുള്ള കൃതികളുമായി ബന്ധപ്പെട്ട് കിടക്കുന്നത്?

2009ൽ പ്രസിദ്ധീകരിച്ച ‘ശരീഅ: ഹിസ്റ്ററി, പ്രാക്ടീസ്, ട്രാൻസ്ഫോർമേഷൻസ്‘ എന്ന ബൃഹത്തായ രചനയിലൂടെ തുടങ്ങിവെച്ച വിമർശന പദ്ധതിയുടെ തുടർച്ച തന്നെയാണ് ഈ പുസ്തകവും. ‘ശരീഅ’ എഴുതിയത് അപ്പോഴത്തെ ചില ലക്ഷ്യങ്ങൾക്ക് വേണ്ടി ആയിരുന്നുവെങ്കിലും, അത് ഉദ്ദേശിക്കാത്ത ചില ഫലങ്ങൾ കൂടി ഉണ്ടാക്കി. ശരീഅയെ ‘നിയമപരവും’ സാംസ്കാരികവും നരവംശശാസ്ത്രപരവുമായ ഒരു വലിയ ചരിത്രമായാണ് ഞാൻ സമീപിച്ചത്. അതുകൊണ്ട് താരതമ്യ പഠനത്തെ ഒരു സ്വയം മനസ്സിലാക്കാൻ അനുവദിക്കുന്നതും (heuristic), ജ്ഞാനശാസ്ത്രപരവുമായ (epistemological) ഒരു ഉപകരണമായാണ് കണ്ടത്. അത് രീതിശാസ്ത്രപരവും (methodological) സൈദ്ധാന്തിവും (theoretical) ആവുന്നത് പോലെത്തന്നെ, പ്രതിപാദകവും (substantive) അനുഭവസിദ്ധകവും (empirical) ആകുന്നു. മിക്ക പണ്ഡിതരും താരതമ്യ വിശകലനങ്ങളെ വിലമതിക്കുന്നുണ്ട്. എന്നാൽ, അതിനെ ഒരു സമ്പൂർണ രീതിശാസ്ത്രമായി – ലോകത്തെ കാണാനും വിശകലനം ചെയ്യാനുമുള്ള ഒരു മാർഗ്ഗമായി – അവർ കാണുന്നില്ല. ഇസ്‌ലാമിക ചരിത്രത്തെയും, ശരീഅത്തിനെയും, സൂഫിസത്തെയും ആഗോള ചരിത്ര പഠനത്തിന്റെ ഭാഗമാക്കാനും, അതിനെ ഒരു തുടര്‍ച്ചയായും വൈരുദ്ധ്യാത്മക വിശകലനമായും അവതരിപ്പിക്കുക എന്നതാണ് ഈ വലിയ പ്രൊജക്റ്റ്‌ ലക്ഷ്യം വെക്കുന്നത്.

‘ശരീഅ’ (2009) എന്ന പുസ്തകമാണ് ‘ഇംപോസിബിൾ സ്റ്റേറ്റിൽ’ തുടങ്ങിയ വിമർശന പദ്ധതിക്ക് അടിത്തറ ഒരുക്കിയത്. ഈ പുസ്തകം ആധുനിക ഭരണകൂടത്തെ കുറിച്ചുള്ള ഒരു നൈതിക വിമർശനമായിരുന്നു. ആധുനിക ഭരണകൂടം എന്നത് ആധുനികതയുടെ തന്നെ ഏറ്റവും പ്രധാനമായ ഒരു നിർമ്മിതിയാണ് (ഈ വസ്തുത ആധുനികതയെക്കുറിച്ച് തന്നെ ധാരാളം സൂചനകൾ നൽകുന്നുണ്ട്). അതുകൊണ്ട് തന്നെ, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് ഒരു അസാദ്ധ്യതയാണ് എന്ന വാദമാണ് ഞാൻ മുന്നോട്ട് വെച്ചത്. ഇതിനുള്ള കാരണം ഒരു സ്റ്റേറ്റിനെ സ്റ്റേറ്റ് ആക്കുന്ന ഒരു സവിശേഷതയും ഇസ്ലാമികമായി സ്വീകാര്യമല്ല എന്നതാണ്. സ്വീകാര്യതയുടെ അളവ് കേവലമൊരു സിദ്ധാന്തമോ ആശയ ഘടനയോ അല്ല. മറിച്ച്, ഒരു സഹസ്രാബ്ദം നീളുന്ന ഇസ്‌ലാമിക ചരിത്രത്തിലൂന്നിയ വിവിധങ്ങളായ ഭരണ രൂപങ്ങളിലാണ്.

ഈ വിമര്‍ശനത്തിന്റെ തുടർച്ചയായിട്ടാണ് ‘റീസ്റ്റേറ്റിങ് ഒറിയന്റലിസം‘ എഴുതിയത്. ആധുനിക വിജ്ഞാന രൂപങ്ങളുടെ അടിത്തറയെ തന്നെ വിമർശിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എഡ്വേഡ് സെയ്ദിന്റെ ഓറിയന്റലിസത്തിന്റെ കേവലമൊരു വിമർശനം മാത്രമാണ് ഈ കൃതിയെന്ന് പല നിരൂപകരും കരുതി. എന്നാൽ, ഇതൊരു തെറ്റായ വായനയാണ്. തീര്‍ച്ചയായും, സെയ്ദ് വിമർശനമര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകം, അദ്ദേഹം തന്നെ നിശ്ചയിച്ച നിലവാരത്തിനപ്പുറത്തേക്ക് പോയിരുന്നില്ല. ‘റീസ്റ്റേറ്റിങ് ഒറിയന്റലിസം’ ഈ നിലവാരത്തിന്റെ ആഴമില്ലായ്‌മയെ വരച്ചുകാണിക്കുന്നു. അതിനാൽ, ഈ പുസ്തകം ആധുനിക വിജ്ഞാനരൂപങ്ങളുടെ പാപ്പരത്തം ചർച്ച ചെയ്യുമ്പോൾ; താഹയെ പറ്റിയുള്ള പുസ്തകം ആധുനിക യുക്തി, അതിന്റെ യുക്തിരാഹിത്യം, വിനാശകരത, ധാർമിക ദാരിദ്ര്യം എന്നിവയുടെ പാപ്പരത്തത്തെ വരച്ച് കാണിക്കുന്നതാണ്.

ഈ പുസ്തകം ആരെയെല്ലാം ലക്ഷ്യം വെക്കുന്നത്? എന്ത് തരാം ആലോചനകളാവും അത് ഉണ്ടാക്കുന്നത്?

‘ദി ഇംപോസിബിൾ സ്റ്റേറ്റ്’ പോലെ, ഈ പുസ്തകവും, പാശ്ചാത്യ അക്കാദമിക്കുകൾക്കും ചിന്തകർക്കും ഇസ്‌ലാമിക ചിന്തയെ ഒരു മാതൃക (heuristic resource) എന്ന നിലയിൽ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഈ വിമർശന പദ്ധതിയുടെ ലക്ഷ്യം ഇസ്‌ലാമിനെ വെറുമൊരു പഠന വസ്തുവായി മാത്രം കാണാതെ, ആർക്കും പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സംവാദകനായി അതിനെ അവതരിപ്പിക്കുക എന്നതാണ്. തീർച്ചയായും ഈ ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് കടമ്പകൾ ഉണ്ട്. നമ്മുടെ പരാജയത്തിന്റെയും അത് വരുത്തിവെച്ച വലിയ ദുരന്തങ്ങളുടെയും വെളിച്ചത്തിൽ, ഒടുവിൽ നാം കേൾക്കാനും വായിക്കാനും തയ്യാറാകേണ്ടി വരും. ബദൽ ശബ്ദങ്ങൾ കേൾക്കാൻ സന്നദ്ധതയുള്ള ആളുകൾ വർദ്ധിച്ചു വരുന്നുണ്ട്. താഹയുടെ വിമർശനം മുസ്‌ലിങ്ങൾക്ക് മാത്രമുള്ളതല്ല. അലിസ്റ്റർ മക്കന്റയർ, ചാൾസ് ടെയ്‌ലർ, യൂർഗൻ ഹേബർമാസ് തുടങ്ങിയവരെ പോലെ, അദ്ദേഹത്തിന്റെ ധാർമിക വിമർശനത്തിന്റെ ശബ്ദവും ഏറെ പ്രസക്തമാണ്.

വേറെ ഏതെല്ലാം പ്രൊജക്റ്റുകളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്?

ഞാൻ പറഞ്ഞ വിശാല പദ്ധതി ഇപ്പോഴും തുടരുന്നു. അതിന്റെ അടുത്ത ഭാഗം, പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള ഖുർആനിക നിയമ-രാഷ്ട്രീയ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഇസ്‌ലാമിന്റെ ഭരണഘടനാപരവും രാഷ്ട്രീയപരവുമായ ചരിത്രത്തെ പറ്റിയുള്ളതായിരിക്കും. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും മുസ്‌ലിം രാഷ്ട്രങ്ങളുടെ ആധുനിക രൂപങ്ങളെക്കുറിച്ച് പുസ്തകം ചർച്ചചെയ്യുമോ, അല്ലെങ്കിൽ അത്തരം ഒരു ചർച്ച നടക്കേണ്ടതുണ്ടോ എന്നതിനെപ്പറ്റി ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ എന്റെ പ്രധാന അജണ്ട ഇസ്‌ലാമിക ഭരണത്തെ ഒരു പ്രത്യേക ഇനമായി (species) എങ്ങിനെ വിവരിക്കാം എന്നതിലാണ്. സങ്കീർണ്ണമായ എല്ലാ പൂർവ്വാധുനിക (pre-modern) രാഷ്ട്രീയ വ്യവസ്ഥകളുമായും ചില പ്രത്യേകതകൾ പങ്കിടുമ്പോഴും, തനതായ ഒട്ടനവധി പ്രത്യേകതകൾ അത് സ്വയം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊരു രാഷ്ട്രീയ വിവരണം മാത്രമല്ല. ഞാന്‍ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് കേവലമായ ഒരു രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നോ, കർശനമായ രാഷ്ട്രീയ വീക്ഷണകോണിൽ നിന്നോ അല്ല. മറിച്ച്, രാഷ്ട്രീയവും, രാഷ്ട്രീയ രൂപങ്ങളും, ആഴത്തിലുള്ള വൈയക്തിക നിർമ്മിതികളുടെ ബാഹ്യ പ്രകടനങ്ങളാണ്. അതിനാൽ, എനിക്ക് താല്പര്യം ഇസ്‌ലാമിക കാലഘട്ടത്തിലുടനീളം നിലനിന്നിരുന്ന വ്യക്തി രൂപീകരണത്തിന്റെ (subject formation) പ്രക്രിയയിലാണ്. ഈ പ്രക്രിയയാണ് “രാഷ്ട്രീയപരവും”, “ഭരണഘടനാപരവുമായ” വിശദീകരണത്തിന്റെ അടിസ്ഥാനമായി നില കൊള്ളുന്നത്. അതിനാൽ തന്നെ, പ്രപഞ്ച വീക്ഷണം, മെറ്റാഫിസിക്സ്, ധാർമികത, സൂഫിസം, ശരീഅ തുടങ്ങി പ്രധാനപ്പെട്ട എല്ലാ വ്യവഹാര മേഖലകളും ഈ പഠനത്തിന്റെ പരിശോധനയിൽ വരും.

താങ്കളുടെ പുസ്തകത്തിന്റെ കവർ ഇമേജിലുള്ളത് താങ്കളുടെ തന്നെ ചിത്രമായ ‘ജ്ഞാന വൃക്ഷമാ’ണ്. താങ്കളുടെ കലാസൃഷ്ടി എങ്ങനെയാണ് താങ്കളുടെ ബൗദ്ധിക ആലോചനകളെ പ്രതിഫലിപ്പിക്കുന്നത്?

നോവൽ എഴുതുന്നതുപോലെയോ ഒരു കൃതി രചിക്കുന്നത് പോലെയോ ഉള്ളൊരു ആത്മാവിഷ്കാരമാണ് ചിത്രകലയും. മറ്റേതൊരു ആത്മാവിഷ്കാരത്തെയും പോലെ, അതും സ്വന്തത്തിന്റെയും ഭാവനയുടെയെയും ആത്മനിഷ്ഠമായ പ്രകടനമാണ് (subjective manifestation). ചിത്രകല എന്നത് വർണ്ണങ്ങൾക്ക് അധികാരമുള്ള മേഖലയാണ്. അവിടെ ചിത്രത്തോടുള്ള ആകർഷണത്തിനും വർണ്ണങ്ങലിളൂടെയുള്ള ആശയവിനിമയത്തിനും ഒരു പ്രത്യേക അനുനയന ശേഷിയുണ്ട്. അത് ചില സമയങ്ങളിൽ വളരെ ശക്തവുമാണ്. ആധുനിക രൂപങ്ങളെ വിമർശിക്കുന്ന ഒട്ടനേകം ചിത്രങ്ങളിൽ ഒന്നാണ് ‘ട്രീ ഓഫ് നോളജ്’. ഇതില്‍ ബൈബിളിലെ പുരാണത്തെയും പ്രതീകാത്മകതയെയും (മഹാ വീഴ്ചയുടെ സർപ്പം), പ്രകൃതിയുടെയും (വൃക്ഷവും തലയോട്ടികളും) ആധുനിക സാങ്കേതിക വിദ്യയുടെയും (ക്ലോക്കുകൾ) കൂടെ ചേർത്ത് വെച്ചിരിക്കുന്നു. ഇതേ ചിത്രം ‘റീസ്റ്റേറ്റിങ് ഓറിയന്റലിസം’ എന്ന പുസ്തകത്തിനും കവർ ഇമേജ് ആയി ഉചിതമായിരിക്കും. കൂടാതെ, ആധുനിക യുക്തിയുടെ ധാർമിക വിമർശനമായതിനാൽ, താഹയുടെ പുസ്തകത്തിനും ഇത് ചേരും. കാരണം, ഈ രണ്ടു പുസ്തകങ്ങളും ധാർമിക അടിത്തറയിൽ നിന്ന് ജ്ഞാനശാസ്ത്രത്തെ വിമർശിക്കുന്നവയാണ്. ഞാൻ ഇതിനെ മാനസിക-ജ്ഞാനശാസ്ത്രം (psycho epistemology) എന്ന് വിളിക്കും.

എന്റെ ചിത്രങ്ങൾ വൈവിധ്യങ്ങളായ വിഷയങ്ങളെ വിമർശന വിധേയമാക്കാറുണ്ട്. ഇതിനൊരു ഉദാഹണം ‘ഇമ്പ്രൂവിങ് ഓൺ നേച്ചർ’ എന്ന ചിത്രമാണ്. ഇത് ആധുനിക നിയന്ത്രണം, കൃത്രിമത്വം, പ്രകൃതി നശീകരണം എന്നിവയുടെയൊക്കെ വൈരൂപ്യം വരച്ചു കാണിക്കുന്നു. ഈ പ്രമേയത്തെ ഞാൻ ‘റീസ്റ്റേറ്റിങ് ഒറിയന്റലിസ’ത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന് സമാനമായ പ്രമേയങ്ങൾ മറ്റനേകം ചിത്രങ്ങളിൽ ചർച്ചചെയ്യുന്നുണ്ട്. ‘പ്രോഗ്രസ്’, ‘ഡിപ്ലീഷൻ’, ‘മോഡേൺ റിസറക്ഷൻ’, ‘ദി ന്യൂ ഓർഡർ’, ‘ദി ലാസ്റ്റ് ത്രെഡ്’ എന്നിവ പുരോഗമനത്തിന്റെ വിമർശനങ്ങളാണ്. ‘ദി വാൻക്വിഷ്ഡ്’, ‘II’, ‘ബിഫോർ ദി നാപ്പാം’, ‘പോട്രേറ്റ് ഓഫ് എ കോളനൈസ്ഡ് സബ്ജക്ട്’ എന്നിവ കൊളോണിയലിസം എന്ന വിനാശകാരിയെ വരച്ചു കാണിക്കുന്നു. എന്നാൽ, നീതിയുടെയും ന്യായത്തിന്റെയും പ്രതിസന്ധി ചിത്രീകരിച്ചത് ‘ദി ബുക്ക് ഓഫ് എത്തിക്സ്’, ‘എ മോഡേൺ ഗേസ്’, ‘ജസ്റ്റിസ്’, ‘സ്കെയിൽ ഓഫ് ജസ്റ്റിസ്’, ‘ദി ഇൻവിസിബിൾ ഹാൻഡ്’ എന്നിവയിലൂടെയായിരുന്നു. ‘ദി ഇൻവിസിബിൾ ഹാൻഡ്’ മുതലാളിത്തത്തിന്റെ തെറ്റായ, അല്ലെങ്കിൽ വഞ്ചനാപരമായ, വിപണിയുടെ സ്വയം നിയന്ത്രണം (market self-regulation), വിതരണ നീതി എന്നീ ആശയങ്ങളെയും അഭിസംബോധന ചെയ്യുന്നു.


വിവര്‍ത്തനം: അലീഫ് ജഹാന്‍

Reforming Modernity: Ethics and the New Human in the Philosophy of Abdurrahman Taha
Author : Wael B. Hallaq
Columbia University Press, 2019
ISBN: 9780231550550

Comments are closed.