സെനഗലിലെ മുസ്‌ലിം ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നാലാം ഭാഗം.

സൂഫി ത്വരീഖത്തുകളെ കുറിച്ച് പരാമർശിക്കാതെ സെനഗലിലെ മുസ്‌ലിംകളെക്കുറിച്ച് വിവരിക്കൽ അസാധ്യമാണ്. ആഫ്രിക്കയിലോ ലോകത്തിലെ മറ്റു ഭാഗങ്ങളിലോ ഒന്നും തന്നെ സെനഗലിൽ ഉള്ളതുപോലെ ഇത്രയും സംഘടിതമായ രീതിയിൽ സൂഫി സംഘങ്ങളെ കാണാൻ കഴിയില്ല. എനിക്ക് കാര്യങ്ങളെ അതിന്റെ യഥാർത്ഥ ഉറവിടങ്ങളിൽ നിന്ന് തന്നെ അറിയണം എന്നുണ്ടായിരുന്നു. അതിനായി സെനഗലിലെ പ്രമുഖ ത്വരീഖത്തുകളായ തീജാനിയ്യയുടെയും, മുരീദിയ്യയുടെയും കേന്ദ്രങ്ങളായ Kaolak ക്കും Touba – യും കാണണം എന്നുണ്ടായിരുന്നു. ഏതെങ്കിലും ഒന്ന് സന്ദർശിക്കാനുള്ള സമയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. മുരീദിയ്യ ത്വരീഖത്ത് സെനഗലിന്റെ മാത്രം പ്രത്യേകത ആയതുകൊണ്ട് തൂബയിലേക്ക് യാത്ര ചെയ്യാം എന്ന് തീരുമാനിച്ചു. ഈ ത്വരീഖത്തിന്റെ സ്ഥാപകനായ ഇമാം അഹ്മദ് ബംബയാണ് സൂഫി ത്വരീഖത്ത് സ്ഥാപിച്ച ഏക അനറബി ആഫ്രിക്കൻ ഇമാം എന്ന് ആരോ എന്നോട് പറയുകയുണ്ടായി.

ഫ്രഞ്ച് കോളനീകരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകം കൂടിയായിരുന്നു ഇമാം അഹ്മദ് ബംബ. ഇക്കാരണം കൊണ്ട് ഫ്രഞ്ച് ഭരണകൂടം വർഷങ്ങളോളം അദ്ദേഹത്തെ നാടുകത്തിയിരുന്നു. അദ്ദേഹത്തിന്റെ മക്കളും, പേരമക്കളും പാരമ്പര്യമായി ഈ സൂഫി ത്വരീഖ്വത്തിന്റെ ഇമാം പദവി അലങ്കരിച്ചു വരുന്നു. പ്രവാചകന്റെ ഖലീഫമാർ, സേവകർ എന്നാണ് അവർ അറിയപ്പെടുന്നത്.

04-TEI-Senegal-24
ഇമാം അഹ്മദ് ബംബയുടെ മഖ്‌ബറ

തൂബയിലേക്കുള്ളയിലേക്കുള്ള യാത്രക്കിടയിൽ വഴികാട്ടിയായ ബാ ബാകീറിനെ കൂടെ കൂട്ടുന്നതിനായി ജൗർബെൽ എന്ന നഗരത്തിൽ ഞങ്ങൾ വാഹനം നിർത്തി. ഇമാം അഹ്മദ് ബാംബ ജനിച്ചതും ജീവിച്ചതും മരണപ്പെട്ടതും ഈ നഗരത്തിൽ വച്ചായിരുന്നു. എന്നാൽ തൂബയിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. ഞങ്ങൾ നഗരത്തെ ഒന്ന് ചുറ്റിക്കണ്ടു. അവിടെ നിന്ന് തുടർന്നുള്ള യാത്രയിൽ വിദ്യാർത്ഥിയായ സ്വാദിഖും ഞങ്ങളുടെ കൂടെക്കൂടി. ഫ്രഞ്ച്, തുർക്കി എന്നീ ഭാഷകൾ അവൻ സംസാരിക്കുമായിരുന്നു. എനിക്ക് രണ്ട് ഭാഷകളും അറിയുമായിരുന്നില്ല. സത്യം പറഞ്ഞാൽ ഞങ്ങൾക്കിടയിൽ പൊതുവായ ഒരു ഭാഷയില്ലായിരുന്നു. അത് ആശയ വിനിമയത്തെ ചില സമയത്ത് രസകരവും ചില സന്ദർഭങ്ങളിൽ അരോചകവും ആക്കിത്തീർത്തു.

ഞങ്ങൾ പള്ളിയിൽ എത്തിച്ചേർന്നു. പള്ളിയുടെ വലിപ്പം ആദ്യ കാഴ്ചയിൽ തന്നെ എന്നെ അത്ഭുതപ്പെടുത്തി. നഗരം ദിനേന വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പള്ളിയോട് ചേർത്തു നോക്കുമ്പോൾ അതിന്റെ വികസനം ഒന്നുമായിരുന്നില്ല. പള്ളിയുടെ വികസന പ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്, ത്വരീഖത്തിന്റെ പുതിയ ഇമാം രണ്ട് മിനാരങ്ങൾ കൂടി കൂട്ടിച്ചേർക്കാനും അകത്തളം നവീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.

04-TEI-Senegal-20

പള്ളിയിൽ പ്രവേശിച്ചതോടെ ഒരുപാട് വിദ്യാർത്ഥികൾ വഴികാട്ടികളായി വരാമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ ചുറ്റും കൂടി. നിരസിച്ചെങ്കിലു കുറച്ചുപേർ കൂടെക്കൂടി. മറ്റെല്ലാ പള്ളികളെയും പോലെ ഇവിടെയും ഞങ്ങളോട് പാദരക്ഷകൾ അഴിച്ചു വെക്കാൻ പറഞ്ഞു. എന്നാൽ പതിവിനു വിപരീതമായി കവാടത്തിൽ വെച്ച് തന്നെ ഞങ്ങളോട് അതിന് ആവശ്യപ്പെടുകയുണ്ടായി. കവാടത്തിൽ നിന്നും പള്ളിയിലേക്ക് അത്യാവശ്യം ദൂരമുണ്ട്. കവാടത്തിന്റെയും പള്ളിയുടെയും ഇടയിൽ കല്ലുപാകിയ ഒരു നീണ്ട ഇടനാഴിയുടെ ചൂടേറിയ ദിവസമായതുകൊണ്ട് നിലം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. പള്ളി മുഴുവൻ ചുറ്റി സഞ്ചരിച്ച ശേഷം ഞങ്ങൾ മുസ്തഫ ദേത്രയെ സന്ദർശിച്ചു അവിടുത്തെ ലൈബ്രറി തലവനായിരുന്നു അദ്ദേഹം. ഞങ്ങൾ ത്വരീഖത്തിനെ കുറിച്ചും തൂബയെ കുറിച്ചും ദീർഘനേരം സംസാരിച്ചു.

04-TEI-Senegal-7
മുസ്തഫ ദേത്രയ

മുരീദിയ്യ ത്വരീഖത്ത് മറ്റു ത്വരീഖത്തുകളിൽ നിന്നും വ്യത്യസ്തമാണ്. താരതമ്യേന വളരെ നിഷ്കർഷത കുറഞ്ഞ തത്വങ്ങളാണ് ഈ ത്വരീഖത്തിനുള്ളത്.

ത്വരീഖത്തിന്റെ മൂന്ന് അടിസ്ഥാന തത്വങ്ങൾ.

1 -അല്ലാഹുവിനെ ആരാധിക്കുക
2 -ജോലി ചെയ്യുക
4 -തന്റെ സഹോദരങ്ങളെ സഹായിക്കുക

ഇമാം അഹ്മദ് ബാംബയിലൂടെയായിരുന്നു ഈ ത്വരീഖത്തിന്റെ ഉത്ഭവം. ഫ്രഞ്ച് കോളനീകരണത്തെ ചെറുക്കാനുള്ള ശ്രമത്തിൽ പാശ്ചാത്യ സംസ്കാരത്തെയും അദ്ദേഹം എതിർത്തു. ഇന്നും അദ്ദേഹത്തിന്റെ അനുയായികൾ ഇതേ നിലപാട് തുടർന്നുവരുന്നു. ഇതിലുപരിയായി ജോലിക്ക് അദ്ദേഹം കൊടുത്ത പ്രാധാന്യം കാരണം ഒരുപാട് സാമ്പത്തിക നേട്ടങ്ങൾ അദ്ദേഹത്തിന്റെ അനുയായികൾക്ക് ഉണ്ടായി. സെനഗലിലെ ഒട്ടുമിക്ക ധനികരും അദ്ദേഹത്തിന്റെ അനുയായികളാണെന്ന് പലരും എന്നോട് പറയുകയുണ്ടായി.

04-TEI-Senegal-4

ഇഫ്താറിന് അൽപ്പം വൈകിയാണ് ഞങ്ങൾ എത്തിച്ചേർന്നത്. കവാടത്തിലെ പാറാവുകാരൻ ഞങ്ങളെ അകത്തേക്ക് വിടാൻ ചെറിയ വിമുഖത കാണിച്ചു. അവസാനം അകത്തേക്ക് കടത്തിവിടാൻ വേണ്ടി വിദേശികൾ ആണെന്ന് പറയേണ്ടി വന്നു ഞങ്ങൾക്ക്. ഇഫ്താർ വളരെ ഭംഗിയായി ഒരുക്കിയിരുന്നു. എല്ലാ ഇരിപ്പിടവും നിറഞ്ഞു എന്ന് ഉറപ്പാക്കുന്നതിന് പ്രത്യേകം ആളുകളുണ്ടായിരുന്നു. വളരെ വിശാലമായ ഒരു ഇഫ്താർ ആയിരുന്നു അത്. നോമ്പു തുറക്കാനുള്ള സമയമായപ്പോൾ ഒരു ചെറിയ മണിയടി ശബ്ദം കേൾക്കുകയുണ്ടായി. വിമാനത്താവളങ്ങളിലും മറ്റും അനൗൺസ്മെന്റിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്.

04-TEI-Senegal-22
ഇഫ്താറിന് തൊട്ടുമുമ്പ് മസ്ജിദിനു പുറത്തെ തെരുവിൽ വലിയ ജനത്തിരക്ക് കാണപ്പെട്ടു. ജനങ്ങൾ ഇമാമിന്റെ വീട്ടിലേക്കുള്ള ഭക്ഷണങ്ങൾ കൊണ്ടുപോകുന്നതാണ് അതെന്ന് ആരോ പറഞ്ഞുതന്നു.

വിദ്യാഭ്യാസം

തൂബയിലേക്കുള്ള യാത്രയിൽ ഞങ്ങൾ രണ്ടു വിദ്യാലയങ്ങൾ സന്ദർശിച്ചിരുന്നു. അവയിലൊന്ന് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആണ് പ്രവർത്തിച്ചു വരുന്നത്. അവിടെ ഇസ്‌ലാമിക വിഷയങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം അറബി, ഫ്രഞ്ച് തുടങ്ങിയ ഭാഷകളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നു. ഇവിടെ പാഠ്യപദ്ധതി ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ആണുള്ളത്. ദാര(daara)യായിരുന്നു ഞങ്ങൾ സന്ദർശിച്ച രണ്ടാമത്തെ വിദ്യാലയം. അതൊരു ഖുർആൻ പഠന കേന്ദ്രമായിരുന്നു. ഖുർആൻ മനപ്പാഠമാക്കാൻ വേണ്ടി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ അങ്ങോട്ടേക്ക് അയക്കുന്നു. ഖുർആൻ മനഃപാഠമാക്കുന്നത് വരെയോ തങ്ങളുടെ രക്ഷിതാക്കൾ തിരികെ വിളിക്കുന്നത് വരെയോ അവർ അവിടെ താമസിക്കുകയാണ് പതിവ്. ഈ താമസം ഒരു വർഷം മുതൽ അഞ്ച് വർഷം വരെ നീളാം. ഈ കാലയളവു മുഴുവൻ അവർ ദാരയിൽ തന്നെ താമസിച്ച് പഠിക്കും.

സെനഗലിൽ ഏകദേശം 18,000 ഖുർആനിക പഠന കേന്ദ്രങ്ങൾ ഉണ്ട്. ഇവയെല്ലാം തന്നെ ഒരു മേൽ ഘടകത്തിനു കീഴിൽ ഏകീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ ഖുർആനിക പഠന കേന്ദ്രങ്ങൾ വലിപ്പത്തിന്റെയും പാഠ്യ രീതികളുടെയും പിന്തുടരുന്ന ത്വരീഖത്തുകളുടെ കാര്യത്തിലും വ്യത്യസ്തമാണ്. ഭാഗ്യവശാൽ തൂബ സന്ദർശിക്കുന്നതിനു മുൻപായി സെനഗലിലെ ഖുർആനിക് സ്കൂൾ അസോസിയേഷന്റെ തലവനെ കാണാൻ എനിക്ക് അവസരമുണ്ടായി. പാഠ്യ പദ്ധതിയെ ഏകീകരിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുക എന്നതാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം പങ്കുവച്ചു. സെനഗലിലെ പഠന കേന്ദ്രങ്ങൾ തമ്മിലുള്ള ഭൂമിശാസ്ത്രപരമായ അകലവും പഠിപ്പിക്കുന്ന രീതിയിലുള്ള വൈവിധ്യങ്ങളും വ്യത്യസ്ത ത്വരീഖത്തുകൾക്ക് ഇടയിലുള്ള ആഴത്തിലുള്ള വിടവും ഇതൊരു സങ്കീർണ്ണമായ പ്രക്രിയയാണെന്ന് തെളിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഖുർആൻ മനഃപാഠമാക്കുന്ന വിദ്യാർത്ഥികളെ തെയ്യാറാക്കുന്നതിൽ മുരീദിയ്യ ത്വരീഖത്ത് പ്രസിദ്ധമാണ്. എന്നാൽ ഖുർആനിന്റെ ആന്തരികാർത്ഥം മനസ്സിലാക്കുന്നത്തിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. എന്നാൽ തീജാനിയ്യ ത്വരീഖത്ത് ഇതിനു നേരെ വിപരീതമാണ്. തീജാനിയ്യ ത്വരീഖത്ത് ഖുർആൻ മനഃപ്പാഠമാക്കുന്നതിനേക്കാൾ ആശയങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ആണ് പ്രാമുഖ്യം നൽകുന്നത്.

04-TEI-Senegal-17

ഞാൻ ദാരയിൽ എത്തിയപ്പോൾ മങ്ങിയ പ്രകാശമുള്ള ഒരു മുറിയിലേക്ക് ഞങ്ങൾ ആനയിക്കപ്പെട്ടു. ഒരു ഇളം പച്ച പ്രകാശമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കുട്ടികൾ ഉണരുന്നതു വരെ ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടിവന്നു. അൽപ്പം കഴി​ഞ്ഞ് അവരെല്ലാം കൂടി ചെറിയ മുറിയിലേക്ക് കടന്നു വന്നു. എല്ലാവരും എനിക്ക് ഹസ്തദാനം നൽകുകയും ബഹുമാനാർത്ഥം എന്റെ കരം അവരുടെ നെറ്റിയോട് അടുപ്പിക്കുകയും ചെയ്തു. ആ മുറിയിലുണ്ടായിരുന്നു എല്ലാ മുതിർന്നവരോടും അവർ ഇപ്രകാരം ബഹുമാനം പ്രകടിപ്പിച്ചു.

ദാരയുടെ രക്ഷാധികാരി ആയിരുന്നു കുട്ടികളെ പരിപാലിച്ചിരുന്നത്. പഠിക്കുന്നതിനും ഖുർആൻ മനഃപാഠം ആക്കുന്നതിനും കൃത്യമായ ചിട്ടവട്ടങ്ങൾ അവർക്കുണ്ടായിരുന്നു. അതിനിടക്ക് കളിക്കാനുള്ള ഇടവേളകളും അനുവദിക്കപ്പെട്ടിരുന്നു. ശുചീകരണത്തിലും പാചകത്തിലും മറ്റു ആവശ്യങ്ങൾക്കും കുറച്ച് ജോലിക്കാരുണ്ട്. ഞാൻ നേരത്തെ പറഞ്ഞതിൽ നിന്നും അൽപ്പം നല്ല നിലയിലുള്ള പഠന കേന്ദ്രമാണിത്. സെനഗലിൽ സാധാരണ കാണുന്നതു പോലെ തെരുവുകളിൽ പണപ്പിരിവിനായി ഇവിടെ നിന്ന് കുട്ടികളെ പറഞ്ഞയക്കുന്നില്ല. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് ഇത്തരത്തിലുള്ള പല പഠനകേന്ദ്രങ്ങളും അഭയകേന്ദ്രമാകാറുണ്ട്.

പിന്നീട് ഞങ്ങൾ പോയത് പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലേക്കായിരുന്നു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. താരതമ്യേന വളരെ വലുതും വൃത്തിയും വെടിപ്പുമുള്ളതും സൂര്യപ്രകാശം കടന്നുവരുന്ന ഒരുപാട് സ്ഥലങ്ങളുള്ളതുമായിരുന്നു ആ കെട്ടിടം.

04-TEI-Senegal-15

ദക്കറിലേക്ക് അത്താഴത്തിനു വേണ്ടി പോകുന്ന സമയത്ത് ദാരകളെക്കുറിച്ചുള്ള അഭിപ്രായം ഞങ്ങൾ ഡ്രൈവറായ മതാറിനോട് ചോദിക്കുകയുണ്ടായി. ഖുർആനിക പഠനകേന്ദ്രം എന്ന ആശയം തനിക്ക് ഇഷ്ടമാണെന്നും നാലുവർഷം ഇത്തരമൊരു വിദ്യാലയത്തിൽ താൻ വിദ്യ അഭ്യസിച്ചിരുന്നതായും അയാൾ ഞങ്ങളോട് പറഞ്ഞു. ആ നാലുവർഷം കൊണ്ടാണ് ഇസ്‌ലാമിനെ കുറിച്ച് അറിയേണ്ടതെല്ലാം മതാർ പഠിച്ചത്. ഈ അടുത്ത കാലം വരെ വളരെ കുറഞ്ഞ വിദ്യാലയങ്ങൾ മാത്രമേ മതാധ്യാപനം നടത്തിയിരുന്നുള്ളൂ. വിദ്യാർത്ഥികൾ തന്നെയാണ് പലപ്പോഴും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി പിരിവിന് ഇറങ്ങുന്നത്. മതാറിന് രണ്ട് കുട്ടികളാണുള്ളത്. വാരാന്ത്യങ്ങളിൽ മതം പഠിക്കാൻ വേണ്ടി അവരെ പഠന കേന്ദ്രങ്ങളിലേക്ക് അയക്കുന്നുണ്ട്.

മുരീദിയ്യ ത്വരീഖത്തിന് സെനഗലിൽ അനേകം അനുയായികളും ശക്തമായ സ്വാധീനവും ഉണ്ട്. പള്ളി സുസജ്ജവും സുസംഘടിതവും ആയിരുന്നു. ത്വരീഖത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തിത്തരാൻ എല്ലാവരും വളരെ ഏറെ സന്തോഷവും ഉത്സാഹവും കാണിച്ചു. അനുയായികളിൽ വിദ്യാഭ്യാസം ഉയർത്തുന്നതിൽ ഇവർ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. സെനഗൽ ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ശക്തവും കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായം ഇനിയും ഇവിടെ നടപ്പിലാക്കേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത്.


മൂന്നാം ഭാഗം: ദൈവത്തെ കണ്ടെത്താനുള്ള പെൺ യാത്രകൾ

വിവർത്തനം: നവൽ സവാദ്

Comments are closed.