1095 ലാണ് കഥ ആരംഭിക്കുന്നത്. സൂഫിയും പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുൽ ഖാദർ ജീലാനി തൻന്റെ ജന്മദേശമായ ജീലാൻ വിട്ട് ബാഗ്ദാദിലേക്ക് അറിവ് തേടിപോയത് മുതൽ. അബൂസാലിഹ് മൂസാ അൽ ഹസനി എന്ന സ്വൂഫീ പണ്ഡിതന്റെ മകനായാണ് ശൈഖ് ജനിക്കുന്നത്. അദ്ദേഹത്തിൻറെ ഉമ്മ ബീബി നിസാ എന്ന അപരനാമത്തിൽ അറിയപ്പെട്ട സയ്യിദ ഉമ്മുൽ ഖൈർ ഫാത്വിമ പ്രവാചക കുടുംബ പരമ്പരയിൽ പെട്ടവരാണ്. അറിവിന്റെ കേന്ദ്രമായി മാറിയ ബാഗ്ദാദിൽ ഷെയ്ഖ് ജീലാനി താമസമാക്കി. സെൽജൂക് ഭരണത്തിന് കീഴിലായിരുന്നു അന്ന് ബാഗ്ദാദ്. അവിടുന്നാണ് അദ്ദേഹം ഖാദിരീ സ്വൂഫീ സരണിയുടെ സ്ഥാപകനായതും നൂറ്റാണ്ടുകൾക്കിപ്പുറവും അറിയപ്പെടുന്ന പണ്ഡിതനായതും.
ജീലാനി(റ)വിന് ഒരുപാട് മക്കളുണ്ടായിരുന്നു. പ്രബോധനാർത്ഥം ലോകത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് അവർ യാത്രചെയ്തു. എൻറെ പ്രപിതാവ് മൂസാ പാക് ശഹീദ് അദ്ദേഹത്തിൻറെ മക്കളുടെ പരമ്പരയിൽ പെട്ടവരാണ്. സിറിയ, ഇറാൻ, അഫ്ഗാനിസ്ഥാനിലൂടെയുള്ള ദീർഘ സഞ്ചാരത്തിന് ശേഷം പാകിസ്ഥാനിലെ മുൾട്ടാനിൽ മൂസാ പാക് സ്ഥിരവാസിയായി. ഷാജഹാനായിരുന്നു അക്കാലത്ത് അവിടുത്തെ ഭരണാധികാരി. എൻറെ പിതൃകുടുംബം കഴിഞ്ഞ നാല് നൂറ്റാണ്ടായി പാകിസ്ഥാനിലുണ്ട്. പേർഷ്യയിലുള്ള കുടുംബ ചരടിൻറെ അറ്റം ഇന്ന് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.
വിസ്‌മൃതിയിലേക്ക് മറഞ്ഞ കുടുംബവേര് കണ്ടെടുക്കണമെന്ന ലക്ഷ്യത്തിലാണ് ഈ യാത്രക്ക് ഞാൻ ഇറങ്ങിതിരിച്ചത്. ഭർത്താവ് അബ്ദുൽ ഹാദിയും കൂടെയുണ്ട്. ശൈഖ് അബ്ദുൽ ഖാദർ ജീലാനിയുടെ മാതാപിതാക്കളുടെ മഖ്ബറ സന്ദർശിക്കാൻ ഞങ്ങളിവിടെ അൽപം ദിവസം മാറ്റിവെച്ചു. കാസ്പിയൻ തീരത്തിനടുത്ത് സ്ഥിതിചെയ്യുന്ന ജീലാൻ ഭക്ഷ്യ-സാംസ്കാരിക പൈതൃകത്തിന് പേര് കേട്ട ഇറാനിയൻ നഗരമാണ്. പ്രകൃത്യാ മനോഹരമായ ഇവിടം പച്ചപ്പ്, ഫലഭൂയിഷ്ടത, മലകൾ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ്. വിദേശികളും സ്വദേശികളുമായ ഒത്തിരി സന്ദർശകരാണ് ഇവിടെ വന്നുപോവാറുള്ളത്.
നഖ്ശബന്ദി എന്ന് പേരുള്ള ഒരു ഇറാനിയാണ് ഈ യാത്രയിൽ എൻറെ വഴികാട്ടി. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി പഠനകാലയളവിലെ ഒരു ഇറാനി സുഹൃത്തിൻറെ പിതാവാണ് നഖ്ശബന്ദി. ഈ യാത്രയെ അവിസ്മരണീയമാക്കിയതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. രാവിലെ നേരത്തെതന്നെ നഖ്ശബന്ദി ഞങ്ങളെ തേടി ഹോട്ടലിലെത്തി. ജീലാനിലെ മലഞ്ചെരുവ് ഗ്രാമമായ മുസോളാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. നഗരം വിട്ട് ഞങ്ങൾ യാത്ര തുടർന്നു. പ്രാചീന ഭംഗിയാൽ അനുഗ്രഹീതമായ പാതയിലൂടെയാണ് കടന്നുപോവുന്നത്. ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ ഇടമാണിതെന്ന് ഞാനും അബ്ദുൽ ഹാദിയും ഒരുപോലെ സമ്മതിച്ചു. നീല പുതച്ച ആകാശം, പാതക്കിരുവശവും പ്രകൃതി പച്ചവിരിച്ചിരിക്കുന്നു. ഉയർന്നുനിൽക്കുന്ന കുന്നുകളും അതിനറ്റത്ത് കാണുന്ന മഞ്ഞുമെല്ലാം ഏതൊരു യാത്രികനെയും വിസ്മയിപ്പിക്കും.
മൊസൂൾ എന്ന കുന്നിൻ നഗരത്തിന് ആയിരം വർഷത്തെ പൈതൃക പാരമ്പര്യമുണ്ട്. അതിനപ്പുറം ഇവിടുത്തെ ബിൽഡിംഗുകളും അവയുടെ നിർമാണ രീതിയുമെല്ലാം വിസ്മയിപ്പിക്കുന്നതാണ്. ഒരു വീടിന് മുകളിൽ മറ്റൊന്ന്, ഒന്നിന്റെ മുറ്റം മറ്റൊരു വീടിൻറെ മേൽപ്പുരയാണ്. പച്ച ഖുബ്ബകളാലും വർണാഭമായ മിനാരങ്ങളാലും മനോഹരമായ പള്ളികളും മോസോളിൽ സന്ദർശകർക്ക് വിസ്മയം പകരുന്നതാണ്. ഗ്രാമങ്ങളിലൂടെ യാത്ര തുടർന്നു. ടൂറിസ്റ്റ് കടകളും കഫേകളും ഇടക്കിടെ കാണാം. വിദേശികളും സ്വദേശികളുമെല്ലാം അവിടെ വന്നുപോവുന്നു. ഹുക്ക വലിച്ചും കാപ്പി കുടിച്ചും അവരവിടെ സമയം ചെലവിടുന്നു.
നഖ്ശബന്ദി ഇറാനെ കുറിച്ച് പറഞ്ഞു തുടങ്ങി. ഇറാനിലെ തൻറെ കുട്ടികാലം, വിപ്ലവം ചൊലുത്തിയ സ്വാധീനം, ഇറാൻ-ഇറാഖ് യുദ്ധസമയത്തെ സാധാരണക്കാരുടെ ജീവിതം എന്നിവയെല്ലാം നഖ്ശബന്ദി വിവരിച്ചുതന്നു. അദ്ദേഹത്തിൻറെ സൂഫീ സരണിയെ കുറിച്ചും ഞങ്ങളോട് പറഞ്ഞു. (സാന്ദർഭികവശാൽ, എന്റെ ഭർത്താവ് അബ്ദുൽഹാദിയും നഖ്ശബന്ദിയുടെ ശൈഖ് വഴി തന്നെ ഈ സരണിയിൽ അംഗമായത്) മനോഹരമായ ഗ്രാമങ്ങളിലൂടെയാണ് യാത്ര. നീണ്ടു കിടക്കുന്ന പാടങ്ങളും ചുവന്ന മേൽകൂരയുള്ള വീടുകളുമാണ് വഴിയരികിലുടനീളം. നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ സൗമേ സറായിലെത്തി. ശൈഖ് അബ്ദുൽ ഖാദർ ജീലാനിയുടെ ഉമ്മ ബീബി നിസായുടെ മഖ്ബറ ഇവിടെയാണ്. പ്രദേശവാസികളോട് വഴി ചോദിച്ചുചോദിച്ച് ഒടുവിൽ ഞങ്ങൾ മഖ്ബറയിലെത്തി.
ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യം ആ നിമിഷം പോലും എനിക്കുൾകൊള്ളാനായില്ല. നീല പൂശിയ കവാടത്തിലൂടെ ഞാൻ മഖാമിനുള്ളിൽ കയറി. ഗ്രാമത്തിലെ മറ്റുവീടുകളുടേതിന് സമാനമായ ഒരു കെട്ടിടം. അതിനകത്ത് വലിയ ഒരു മുറിയിലാണ് മഖ്ബറ. മഖ്ബറക്ക് ചുറ്റും വയസ്സായ ഒത്തിരി സ്ത്രീകൾ വട്ടത്തിൽ ഇരിക്കുന്നുണ്ട്. ഞാനുള്ളിൽ കയറിയതും അവരുടെ ദിക്റ് അൽപം ഉച്ചത്തിലായി. ഏതാണീ വരത്തന്മാർ എന്ന് ആ സ്ത്രീകൾ അത്ഭുതപ്പെടുന്നുണ്ടാവാം. ഇത്തരം കൂടിയിരിക്കലുകൾ ഇവിടെ സാധാരണയാണ്. ബീബിക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ഇവർ ഈ ഇരുത്തത്തിൽ ഉരുവിട്ടുകൊണ്ടേയിരിക്കും. അവർ ചൊല്ലുന്നതെന്തെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും ഹൃദയം കൊണ്ട് ഞാനും അതേറ്റുചൊല്ലി. സ്ത്രീകളുടെ പാട്ട് നിൽക്കുംവരെ പുരുഷന്മാർ മഖാമിന് പുറത്ത് നിൽക്കുകയായിരുന്നു. ശേഷം അവർ മഖാമിൽ കയറി സിയാറത് ചെയ്തു. ബീബി നിസായുടെ മഖ്ബറയുടെ സുവർണ കവാടം കടക്കുമ്പോൾ ഞാനാലോചിക്കുകയായിരുന്നു, എത്ര നൂറ്റാണ്ടിൻറെ മാറ്റങ്ങൾക്കാണ് ബീബി ഇവിടെ സാക്ഷിയായിരിക്കുക. എത്രയായിരം സന്ദർശകരെയായിരിക്കും അവരിവിടെ സ്വീകരിച്ചിട്ടുണ്ടാവുക, മൈലുകൾക്കപ്പുറത്ത് നിന്ന് തന്റെ പരമ്പരയിൽ പെട്ട ഒരു യുവതി തന്നെ കാണാൻ വന്നിരിക്കുന്നുവെന്നറിഞ്ഞ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും? അവരെന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ?
നഷ്ടപ്പെട്ട പാരമ്പര്യത്തിൻറെ ഒരു ഭാഗം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു എനിക്കപ്പോൾ. അത്യന്താപേക്ഷികമായ എന്തോ ഒന്ന് നേടിയെടുത്തത് പോലെ. ലോകത്തെ ഏതൊരു മാതാവിനെയും പോലെ അവരും എന്റെ സന്ദർശനത്തിൽ സന്തോഷിക്കുകയായിരിക്കുമെന്ന് ഞാൻ നിനച്ചു. വലിയ ഭക്തയായിരുന്നു ബീബി നിസാ. തൻറെ വാർദ്ധക്യ സമയത്താണ് മകൻ അബ്ദുൽ ഖാദർ ജീലാനിയെ പഠനാവശ്യാർത്ഥം ബാഗ്ദാദിലേക്കയക്കുന്നത്. ഇനിയൊരിക്കലും പരസ്പരം കാണാനിടയില്ലെന്നറിഞ്ഞിട്ടും അവർ ആ സാഹസത്തിന് മുതിർന്നു. യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘പ്രിയ മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. എപ്പോഴും സത്യം മാത്രം പറയുക, കളവിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.’ ശൈഖ് ഉടൻ മറുപടി നൽകി; ‘ പ്രിയപ്പെട്ടാ ഉമ്മാ, ഉപദേശം അത് പോലെ ഉൾകൊള്ളുമെന്ന് ഞാൻ വാക്ക് തരുന്നു’. ബീബി നിസാ തൻറെ മകനെ മാറോട് ചേർത്ത് പറഞ്ഞു: ‘ അല്ലാഹു നിനക്കൊപ്പമുണ്ടാവട്ടെ, അവനാണ് നിന്റെ സഹായിയും സംരക്ഷകനും.’
നഖ്ശബന്ദിയുടെ ബന്ധുവീട്ടിലായിരുന്നു ഞങ്ങൾക്ക് ഭക്ഷണം ഒരുക്കിയിരുന്നത്. ബീബി നിസായോട് ഞങ്ങൾ യാത്രപറഞ്ഞിറങ്ങി. ഭക്ഷണം കഴിക്കുന്നതിനിടെ ശൈഖ് അബ്ദുൽ ഖാദർ ജീലാനിയുടെ പിതാവും സ്വൂഫിയുമായ സയ്യിദ് സലാഹിന്റെ മഖ്ബറയിലേക്ക് പോകുന്നതിനെ കുറിച്ചായി ഞങ്ങളുടെ സംസാരം. ഈ സമയം അവിടേക്കുള്ള യാത്ര ദുഷ്കരമായിരിക്കുമെന്നും കുന്നുകൾക്ക് മുകളിലൂടെയുള്ള യാത്ര മുഷിപ്പിക്കുന്നതായിരിക്കുമെന്നും കൂട്ടത്തിലൊരാൾ പറഞ്ഞു. സയ്യിദ് സലാഹിൻറെ മഖ്ബറ സന്ദർശനം സാധ്യമല്ലെന്നും ഹോട്ടലിലേക്ക് തന്നെ തിരിക്കേണ്ടിവരുമെന്ന സത്യം ഉൾകൊള്ളാൻ ഞാൻ തയ്യാറായി.
നിരാശനായെങ്കിലും പോകാതിരിക്കുന്നതാവും നഖ്ശബന്ദിക്ക് സൗകര്യമെന്ന് ഞാൻ ചിന്തിച്ചു. അങ്ങോട്ട് യാത്ര തിരിക്കാൻ അദ്ദേഹത്തെ നിർബന്ധിക്കേണ്ടെന്ന് കരുതി. ഈ യാത്രയുടെ ഉദ്ദേശ്യം സഫലീകരിക്കാൻ എനിക്കായില്ലെന്ന സത്യം മടക്ക യാത്രക്കിടെ ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അല്ലാഹുവിൻറെ വിധി ഇപ്രകാരമായിരികാം എന്നുപറഞ്ഞ് ഞാൻ സ്വയം സമാധാനിച്ചു. ഇതെല്ലാം ആലോചിച്ച് വണ്ടിയിലിരിക്കുമ്പോഴാണ് സയ്യിദ് സലാഹിന്റെ മഖ്ബറയിലേക്കുള്ള ചൂണ്ടുപലക ശ്രദ്ധയിൽ പെടുന്നത്.
ഫോട്ടോയെടുക്കാനായി നഖ്ശബന്ദി വണ്ടി നിർത്തി. അവിടെയുണ്ടായിരുന്ന സ്വദേശികളുമായി ഞങ്ങൾ സംവദിച്ചു. ഇവിടംവരെയെങ്കിലും എത്താനായല്ലോ എന്ന് സമാധാനിച്ച് ഹോട്ടലിലേക്ക് തിരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു ഞാൻ. പെട്ടെന്ന് നഖ്ശബന്ദി പിന്നോട്ട് തിരിഞ്ഞ് ചോദിച്ചു; ‘ഈ സന്ദർശനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടോ?’ പാത ഇരുട്ടിൽ മൂടുമെന്നും കാർയാത്ര ദുഷ്കരമാകുമെന്നും ഞാൻ പറഞ്ഞു. ഇൻഷാഅല്ലാഹ്, എല്ലാം ശരിയാവുമെന്ന് പറഞ്ഞ് നഖ്ശബന്ദി പ്രോത്സാഹനം നൽകി.
യാത്രയെകുറിച്ചുള്ള ആശങ്ക എന്നെ വിട്ടുപോയിട്ടില്ല. അവസാനമായി ഒരു ശ്രമം കൂടിയാവാം എന്നാണ് അബ്ദുൽ ഹാദിയുടെ ഭാവം. ഈ അവസരം ഇനിയൊരിക്കലും ലഭിക്കില്ലെന്ന് മനസ്സ് ആവർത്തിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ ആ ചെറിയ വാഹനം കുത്തനെ നിൽക്കുന്ന കുന്നുകൾക്കിടയിലൂടെ പാഞ്ഞ് ഫ്യൂമാനിലെത്തി. അവിടെയാണ് സയിദ് സലാഹ് അന്ത്യവിശ്രമം കൊള്ളുന്നത്. മനോഹരമായ കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. സൂര്യൻ അതിന്റെ അവസാന പ്രകാശവും പരത്തി ചന്ദ്രന് വഴിമാറികൊടുക്കാനിരിക്കുന്ന സമയം, കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് എത്തിനോക്കി കാഴ്ചകൾ ആസ്വദിച്ചു. സയ്യിദ് സലാഹിന്റെ വിശ്രമ സ്ഥലത്തേക്ക് പ്രകൃതി ഞങ്ങൾക്ക് സ്വാഗതമോതുകയാണ് എന്ന് തോന്നിപ്പോയി.
“ഭാര്യ ബീബി നിസായിൽ നിന്നും വിദൂരമായ ഒരിടത്ത് എങ്ങനെയാണ് സയ്യിദ് സലാഹ് എത്തിപ്പെട്ടത്?” ഞാൻ നഖ്ശബന്ദിയോട് ചോദിച്ചു. തിരക്കുള്ള നഗരങ്ങൾ വിട്ട് മലമുകളിലേക്ക് ഏകാന്തത തേടി യാത്ര പോവുന്നത് സൂഫികളുടെ പതിവായിരുന്നുവെന്ന് അദ്ദേഹം മറുപടി നൽകി. ഈ സ്ഥലം അതിന് പറ്റിയൊരിടമാണ്. പൊതുജീവിതത്തിൻറെ എല്ലാ വിധ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി ധ്യാനാത്മക ജീവിതം നയിക്കാൻ പറ്റിയസ്ഥലം.
വഴിയിൽ അങ്ങിങ്ങായി ജനജീവിതത്തിന്റെ പല അടയാളങ്ങൾ കാണാം. അതിസാധാരണമായ കൂരകൾ, വളർത്തു പശുക്കൾ, അതിനിടയിൽ ഞങ്ങളുടെ കാർ പതുക്കെ മലകയറി. ഈ സമയത്ത് ഇവിടെ കറങ്ങിനടക്കാൻ ഭ്രാന്താണോ ഇവർക്ക് എന്ന് പ്രദേശവാസികൾ കരുതുന്നുണ്ടാകണം. മുകളിലേക്ക് കയറുംതോറും ഇരുട്ട് ശക്തിയായി. വഴിയെല്ലാം പാറകല്ലുകളാൽ നിറഞ്ഞപ്പോഴും രാത്രിയുടെ ഇരുട്ട് ശക്തികൂടിയപ്പോഴും എന്റെ ഉത്സാഹം വർധിച്ചുവന്നു. ഇനിയും ഒരുപാട് ദൂരം പിന്നിടാനുണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കി. ഞങ്ങൾക്കൊപ്പമുള്ള യാത്രയിൽ ഉത്സാഹിയായി തോന്നിപ്പിച്ചുവെങ്കിലും നഖ്ശബന്ദിക്ക് ഇതൊരു ബുദ്ധിമുട്ടായോ എന്നായിരുന്നുവെന്റെ സന്ദേഹം.
കുറച്ചുദൂരം കൂടി പിന്നിട്ടപ്പോഴേക്കും ഒരു പച്ചവെളിച്ചം കണ്ടുതുടങ്ങി. മഖാമ് അടുത്താണ് എന്ന് മനസ്സിലായി. മഗ്രിബ് സമയം കഴിഞ്ഞതിനാൽ തന്നെ ഉള്ളിലേക്കുള്ള കവാടം അടച്ചിട്ടുണ്ടാവും. രാത്രി വിശ്രമത്തിന് വേണ്ടി വീട്ടിൽ പോയ അന്തേവാസികളെ വിളിച്ചുണർത്താൻ ഞങ്ങൾ തയ്യാറായില്ല. ഇവിടം വരെ എത്തിച്ച അല്ലാഹുവിനോട് നന്ദി പറഞ്ഞു. സയ്യിദ് സലാഹ് ഈ ലോകം വെടിയുമ്പോൾ ശൈഖ് അബ്ദുൽ ഖാദർ ജീലാനി യുവാവായിരുന്നു. ഒരിക്കൽ പ്രവാചകൻ(സ) സ്വപ്നത്തിൽ വന്നു സയ്യിദ് സലാഹിനോട് പറഞ്ഞു: ‘ഓമന മകൻ അബൂ സലാഹ്, എനിക്കും അല്ലാഹുവിനും പ്രിയപ്പെട്ട ഒരു മകനെയാണ് അല്ലാഹു നിനക്ക് നൽകിയിരിക്കുന്നത്. ഔലിയാക്കൾക്കിടയിൽ അവന്റെ സ്ഥാനം പ്രവാചകർക്കിടയിൽ എന്റെ സ്ഥാനം പോലെയാണ്.
പ്രാർത്ഥനാമുറിയുടെ കവാടവും കടന്ന് ഞങ്ങൾ മഖ്ബറക്കടുത്തെത്തി അഭിവാദ്യമർപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ പ്രാർഥിച്ച് സലാം ചൊല്ലി വണ്ടിയിൽ കയറി. ‘സിയാറാ ഖബൂൽ, ഇൻശാ അല്ലാഹ്’ വണ്ടിയിൽ കയറിയ ഉടൻ നഖ്ശബന്ദി പ്രഖ്യാപിച്ചു. ഇത്തരം മഹനീയ വ്യക്തികളുടെ മഖാമുകൾ സന്ദർശിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഗ്രഹമാണ്. ഈ യാത്ര രൂപപ്പെട്ട വഴിയാണ് സത്യത്തിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് യൂണിവേഴ്സിറ്റിയിൽ കൂടെ പഠിച്ച സുഹൃത്തിൻറെ ഉപ്പയെ ഒപ്പം കിട്ടുകയും ഇരുകൂട്ടരുടെയും സമയവും സാഹചര്യവും ഒത്തുവന്നതും ഈ യാത്രയെ മനോഹരമാക്കുന്നതിൽ അദ്ദേഹത്തിൻറെ നിസ്തുലപങ്കുമെല്ലാം എന്നെ അമ്പരപ്പിച്ചു. ഇറാനിലെ ന്യൂനപക്ഷമായ ഒരു സ്വൂഫീ കമ്മ്യൂണിറ്റിയെ ഇദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു.
യാത്ര തുടങ്ങിയ റഷ്തിലേക്ക് നഖ്ശബന്ദി ഞങ്ങളെ തിരികെയെത്തിച്ചു. ഈ യാത്രയിൽ കൂടെ നിന്നതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു, തുടർന്നും ബന്ധപ്പെടാം എന്നറിയിച്ച് നാളത്തെ യാത്രക്ക് വേണ്ടിയുള്ള ഒരുക്കമായി. കാണാനിനിയും ഇറാനിൽ ഒരുപാട് ബാക്കിയുണ്ടെന്ന ബോധ്യത്തോടെ ദീർഘവും സാഹസികപൂർണവുമായ ഈ യാത്രക്ക് വിരാമമിട്ടു.
വിവർത്തനം: സലാഹുദ്ദീൻ അയ്യൂബി മൈത്ര
Featured Image: Annie Spratt
Credit: sacredfootsteps
Comments are closed.