രാഷ്ട്രീയ സൈദ്ധാന്തികർ എങ്ങിനെയാണ് അക്രമത്തെ നീതീകരിക്കുന്നത്? ഹിംസയെക്കുറിച്ചുള്ള പൊതുവായ നിലപാടുകളിൽ അവഗണിക്കപ്പെടുന്ന സൈദ്ധാന്തിക സങ്കീർണതകളെക്കുറിച്ചുള്ള ആലോചനകളാണ് എലിസബത്ത് ഫ്രേസറും കിംബർലി ഹച്ചിംഗ്സും Violence and Political Theory എന്ന പുസ്തകത്തിൽ മുന്നോട്ടുവെക്കുന്നത്. എങ്ങിനെയാണ് രാഷ്ട്രീയ ചിന്തകർ ഹിംസയെക്കുറിച്ച് വ്യത്യസ്തമായ നിഗമനങ്ങളിലെത്തിച്ചേരുന്നത് എന്ന ചോദ്യത്തിലേക്കാണ് ഈ ആലോചനകൾ നമ്മെ കൊണ്ടുപോകുന്നത്.

രാഷ്ട്രീയ ഹിംസയെ അനുകൂലിക്കുന്ന മക്ക്യാവല്ലി, ഹോബ്‌സ്, ക്ലോസ്വിറ്റ്‌സ് തുടങ്ങിയ ചിന്തകരും ഹിംസയുടെ ഏതൊരു പ്രയോഗത്തിലും അന്തർലീനമായ ആശയത്തിനും യാഥാർഥ്യത്തിനുമിടയിലുള്ള സംഘർഷം നിലനിക്കുന്നുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നുണ്ട്. അതേസമയം ഈ സംഘർഷം ഹിംസയെ പൂർണമായും ഉപേക്ഷിക്കുന്നതിനുള്ള തീരുമാനത്തെയും ഒരുപോലെ പ്രശ്‌നകരമാക്കുന്നുണ്ട്. കാരണം പലപ്പോഴും യഥാർത്ഥ സാഹചര്യങ്ങളിൽ രാഷ്ട്രീയ അക്രമത്തെ ഉപേക്ഷിക്കുക എന്നത് കൂടുതൽ മാരകമായ അക്രമത്തിന് നിന്നുകൊടുക്കുന്നതിലേക്ക് എത്തിക്കാറുണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങളുടെ സങ്കീർണതയും, ചുറ്റുപാടിൽ അവയുണ്ടാക്കുന്ന അനന്തരഫലവുമായുള്ള കെട്ടുപിണഞ്ഞ ബന്ധവും അക്രമത്തെക്കുറിച്ചുള്ള എല്ലാ ലളിത നിഗമനങ്ങളെയും അസാധ്യമാക്കുന്നുണ്ട്.

സമാനമായ സങ്കീർണതകളെ അഭിമുഖീകരിച്ചിട്ടും എന്തുകൊണ്ടാണ് രാഷ്ട്രീയ ചിന്തകർ ഹിംസയെക്കുറിച്ച് വ്യത്യസ്തമായ നിലപാടുകളിൽ എത്തിച്ചേർന്നത്‌? ഉദാഹരണത്തിന്, എന്തുകൊണ്ടാണ് ഹിംസയെക്കുറിച്ചുള്ള ഗാന്ധിയുടെ നിലപാട് ഫാനോണിന്റേതിൽ നിന്ന് വ്യത്യസ്തമാകുന്നത്? മാക്യവല്ലി, ഹോബ്സ്, ആരെൻഡ്, ദെറിദ, റുഡിക്ക്, ഫാനൻ, ഗോൾഡ്മാൻ, ടോൾസ്റ്റോയ്, ഗാന്ധി, ആഡംസ്, സ്കറി തുടങ്ങി മുപ്പതിലധികം ആധുനിക രാഷ്ട്രീയ സൈദ്ധാന്തികർ മുന്നോട്ടുവെക്കുന്ന ചിന്തകളുടെ താരതമ്യ പഠനത്തിലൂടെ മൂന്ന് പ്രധാന വിശദീകരണങ്ങളാണ് ഈ ചോദ്യത്തിന് പുസ്തകം നൽകുന്നത്.

ഒന്നാമതായി, ഈ വ്യത്യാസം രൂപപ്പെടുന്നത് ഹിംസയെ അവർ എങ്ങിനെ നോക്കിക്കാണുന്നു എന്നതുമായി ബന്ധപ്പെട്ടാണ്. യഥാർത്ഥ അക്രമത്തിൽ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റുന്ന നിർദോഷകരമായ വർഗീകരണങ്ങളിലൂടെയാണ് പലപ്പോഴും ഹിംസ സാമൂഹികമായി ന്യായീകരിക്കപ്പെടുന്നത്. ഉദാഹരണത്തിന് വിപ്ലവ ചിന്തകർ, പ്രതിരോധം, വിപ്ലവം, വിമോചനം അല്ലെങ്കിൽ നീതി എന്നിവയുടെ അടിസ്ഥാനത്തിൽ അക്രമത്തെ ന്യായീകരിക്കുന്നു. മറുവശത്ത്, ഭരണകൂടാനുകൂലികളായ സ്റ്റേറ്റിസ്റ്റ് ചിന്തകർ ഭരണകൂട അക്രമത്തെ ക്രമവും, അച്ചടക്കവും, അധികാരവും സ്ഥാപിക്കുന്നതിനുള്ള മാർഗമായി കാണുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം, ഹിംസയെ സ്ഥാപനപരവും പ്രതീകാത്മകവും പലപ്പോഴും സൗന്ദര്യാത്മകവുമായ ചട്ടക്കൂടുകൾക്കകത്തേക്ക് മാറ്റുകയും, അത് യഥാർത്ഥ മനുഷ്യർ അനുഭവിക്കുന്ന ദുരിതം എന്ന നിലയിലുള്ള ഹിംസയിൽ നിന്നും നമ്മുടെ ശ്രദ്ധയെ അകറ്റുകയുമാണ് ചെയ്യുന്നത്. അതുവഴി ഹിംസയുടെ ന്യായീകരണം അതുവഴി നേടിയെടുക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളുടെ പ്രതിഫലനമായി മാറുന്നു.

രണ്ടാമതായി, ഹിംസയുടെ ഉപയോഗം എന്നത് ലക്ഷ്യം പൂർത്തിയാകുന്നതോടെ അതിനെ തടയാനുള്ള സാധ്യത കൂടി മുൻകണ്ടുകൊണ്ടാണ്. ഇവിടെ, ഹിംസയുടെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധി വ്യക്തമാണ്, അഥവാ അക്രമം എന്നത് ലക്ഷ്യം നേടുന്നതിനുള്ള മാർഗം മാത്രമാണോ? അതോ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രവൃത്തിയാണോ? നമ്മുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന പ്രതിസന്ധി എന്നത് അതിന്റെ ഫലത്തെ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല എന്നതാണ്. ഏത് ലക്ഷ്യം നേടുന്നതിനായാണോ ഹിംസ ഉപയോഗിക്കപ്പെടുന്നത്, ആ ലക്ഷ്യത്തെ തന്നെ തകർത്തെറിയുക എന്ന അപകടം അക്രമത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഹിംസ അതിന്റെ ഉൽപാദനത്തിൽ തന്നെ സായുധ സേനകൾ, അക്രമ സംഘങ്ങൾ, ഗോത്രീയമായ കൂറ് തുടങ്ങി അക്രമത്തിന്റെ പുനരുൽപാദനത്തിനാവശ്യമായ സാഹചര്യങ്ങൾ വളർത്തിയെടുക്കുന്നുണ്ട്. മാത്രമല്ല ലിംഗ വിഭജനം, അനുസരണ, ധ്രുവീകരണം തുടങ്ങി ഒരൊറ്റ തീരുമാനം കൊണ്ട് ലളിതമായി അവസാനിപ്പിക്കാൻ കഴിയാത്ത സാമൂഹിക സാഹചര്യങ്ങളെ അത് രൂപപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഹിംസയുടെ ന്യായീകരണത്തെ കുറിച്ചുള്ള സംവാദങ്ങൾ അതിനെ എങ്ങിനെ നിയന്ത്രണവിധേയമാക്കാം എന്നതിനെക്കുറിച്ചുള്ള സംവാദങ്ങൾ കൂടിയാണ്.

മൂന്നാമതായി, ഹിംസയുടെ നിരാകരണം എന്നത് അക്രമമില്ലാത്ത ഒരു ലോകത്തിന്റെ ഭാവനയുടെ ഭാഗമാണ്. ആധുനിക ലോകം സമാധാനപൂർണമായി സ്വയം അവതരിപ്പിക്കുമ്പോൾ തന്നെ അത് സാധ്യമാക്കുന്ന അച്ചടക്കത്തിന്റെയും, പരിചരണത്തിന്റെയും, വർഗീകരണത്തിന്റെയും, ഭരണനിർവഹണത്തിന്റെയും ഹിംസകൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. അത്തരം തുടർച്ചയായ ഹിംസകളാണ് നേരിട്ടുള്ള ഏറ്റുമുട്ടലുകളില്ലാതെ തന്നെ സമൂഹങ്ങളെ നിയന്ത്രണവിധേയമാക്കുന്നതും, അധികാരശ്രേണികൾ നിലനിർത്തുന്നതും. എന്നാൽ ആധുനിക ലോകത്ത് നിലനിൽക്കുന്ന ഈ നിയന്ത്രണവും, അധികാരശ്രേണിയും സ്വയം തന്നെ ഹിംസാത്മകമാണ്. അക്രമം ലോകത്തെ രൂപപ്പെടുത്തുകയും സാമൂഹിക ഘടനകളിലും, സമ്പദ്‌വ്യവസ്ഥകളിലും സ്ഥാപനങ്ങളിലും മാത്രമല്ല, അടിച്ചമർത്തപ്പെട്ടവന്റെയും, അടിച്ചമർത്തുന്നവന്റെയും തലച്ചോറിലും രക്തത്തിലും അസ്ഥികളിലും ഉൾച്ചേർന്നിരിക്കുന്നു.

അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നത് അത്തരം സാഹചര്യങ്ങളിൽ ഹിംസയുടെ നിലവിലുള്ള ഘടനക്കുള്ള അംഗീകാരമായി മാറുന്നുണ്ട്. അത് സ്വന്തം പ്രിവിലേജ് കൊണ്ടോ അല്ലെങ്കിൽ ഇരയാകലിനെ ആന്തരികവൽക്കരിച്ചത് കൊണ്ടോ ആകാം. ഇവിടെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഘടനകളുടെയും സംവിധാനങ്ങളുടെയും പ്രവർത്തനം നിയന്ത്രണങ്ങളും അധികാരശ്രേണിയും കൂടാതെ സാധ്യമായാൽ, അഥവാ ഹിംസകളില്ലാത്ത ഒരു രാഷ്ട്രീയ ജീവിതം സങ്കൽപിക്കാവുന്നതാണ് എങ്കിൽ സമഗ്രമായ ഒരു അഹിംസാത്മക രാഷ്ട്രീയം അർഥപൂർണമായ മാറും. ഈ ഒരു സാധ്യതയെ ഏറിയും കുറഞ്ഞും സ്വീകരിക്കണോ, നിരാകരിക്കണോ എന്നിടത്താണ് രാഷ്ട്രീയത്തിലെ ഹിംസയുടെയും, അഹിംസയുടെയും സാധ്യതകളെക്കുറിച്ചുള്ള സംവാദം നിലനിൽക്കുന്നത്.

പുസ്തകത്തിന്റെ അവസാനത്തോടെ വായനക്കാരൻ ചില സുപ്രധാന നിഗമനങ്ങളിൽ എത്തിച്ചേരുന്നുണ്ട്. ഒന്നാമതായി, രാഷ്ട്രീയ ഹിംസയെക്കുറിച്ചുള്ള രചനകൾ പൊതുവെ കരുത്തപ്പെടുന്നത് പോലെ താർക്കികമല്ല. യാഥാസ്ഥിതികർ, റാഡിക്കലുകൾ, ലിബറലുകൾ, സമാധാനവാദികൾ, അരാജകവാദികൾ, ഡി-കൊളോണിയലിസ്റ്റുകൾ, ഫെമിനിസ്റ്റുകൾ തുടങ്ങി പുസ്തകത്തിൽ കടന്നുവരുന്ന ചിന്തകർ ഹിംസയുടെ അംഗീകാരം, നിരാകരണം എന്നതിനേക്കാൾ അക്രമങ്ങളില്ലാത്ത ഒരു ലോകത്തിന്റെ സാധ്യതയെക്കുറിച്ചുള്ള അവരുടെ പദ്ധതികൾ, ലക്ഷ്യങ്ങളെയും, മാർഗങ്ങളെയും കുറിച്ചുള്ള ധാരണകൾ, സാധ്യതയെക്കുറിച്ചുള്ള ആശയങ്ങൾ എന്നിവയിലാണ് വ്യത്യാസപ്പെടുന്നത് എന്ന് കാണാം. അഹിംസ സാധ്യമാകുന്ന സാഹചര്യങ്ങൾ നടപ്പിലാക്കുന്നതിൽ സിദ്ധാന്തത്തിനുള്ള പ്രാധാന്യത്തെ ഫ്രേസറും, ഹച്ചിംഗ്സും ഉയർത്തിക്കാട്ടുന്നുണ്ട്. ഹിംസ മുൻകൂട്ടിയുള്ള ഒരുക്കത്തെ ആശ്രയിക്കുകയും അവയെ പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ അതിന്റെ തുടർച്ചയെ തടയിടുക എന്നത് അതിന്റെ സൈദ്ധാന്തികമായ സങ്കല്പനകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. അത്തരം ഒരാലോചന രാഷ്ട്രീയ പ്രവർത്തനത്തിന്റെ മറ്റു സാധ്യതകളെ കൂടി ഉൾക്കൊള്ളിക്കുന്നുണ്ട്. രാഷ്ട്രീയ അഹിംസയുടെ സൈദ്ധാന്തിക ആവിഷ്കാരങ്ങളെക്കുറിച്ചുള്ള സമകാലിക സംവാദങ്ങളിൽ മുതൽക്കൂട്ടാവുമെങ്കിലും അത്തരം സംവാദങ്ങളിലേക്കുള്ള നേരിട്ടുള്ള ഇടപെടലിന്റെ അഭാവം പുസ്തകത്തിന്റെ പോരായ്മകളിൽ ഒന്നാണ്.


Book: Violence and Political Theory
Author: Elizabeth Frazer and Kimberly Hutchin

Comments are closed.