When Latin American thinkers set out to write philosophy, they write literature
– Mario Vargas Llosa
സർഗാത്മകതയും മാന്ത്രികതയും സമം ചെയ്തു തീർത്ത ഭ്രമാത്മകമായ കാൽപനിക പരിസരവും സവിശേഷമായ രീതിശാസ്ത്രവുമാണ് ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മാന്ത്രികതയെ നിലനിർത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ആഗോളതലത്തിൽ മാന്ത്രിക കാൽപനികതയിലൂടെ ഓളങ്ങൾ സൃഷ്ടിച്ച ലാറ്റിനമേരിക്കൻ സാഹിത്യം, വിവിധങ്ങളായ അധികാര ആശയധാരകളുടെ പരിശീലന കളരിയും സ്വേഛാധിപത്യത്തിന്റെ വിളനിലവുമായിരുന്ന ലാറ്റിനമേരിക്കൻ സാമൂഹിക ഘടനയുടെ റിയലിസ്റ്റിക്കോ കാൽപനികമോ ആയിട്ടുള്ള ആലേഖനങ്ങളായി പരിണമിക്കുകയായിരുന്നു. ഒരേ സമയം തന്നെ അത് അധികാര ബന്ധങ്ങളെ ജീവൻ വെപ്പിക്കുകയും നശിപ്പിക്കുകയും പരിഷ്കരിച്ചെടുക്കുകയും ചെയ്തു. ബോർഹേസിന്റെ അതികാൽപനിക ലോകത്ത് അഭയം കണ്ടെത്തിയിരുന്ന ലാറ്റിനേമേരിക്കൻ സാഹിത്യം കാർലോസ് ഫ്യുവന്റെസിന്റെയും, ഗബ്രിയൽ ഗാർസിയ മാർക്കേസിന്റെയും, മരിയോ വർഗാസ് യോസയുടെയും തൂലികകളിലൂടെ യാഥാർഥ്യങ്ങളെയും അധികാരത്തെയും അഭിമുഖീകരിക്കാൻ തുടങ്ങി. ലാറ്റിനമേരിക്കൻ അധികാര ഘടനയുടെ അനിവാര്യതയായി തീർന്ന ഡിക്ടേടർഷിപ്പുകൾ നോവലുകളിലൂടെ വിമർശന വിധേയമാക്കപ്പെടുകയും ഇതര മാർഗങ്ങളെ തേടിയുള്ള ആശയങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഡോമിനിക്കൻ റിപ്ലബ്ലിക്കിലെ ദീർഘകാല സ്വേച്ഛാധിപതിയായിരുന്ന റാഫേൽ ലിയോണിടാസ് ട്രൂഹിയോ മൊളീനയെ അടിസ്ഥാനപ്പെടുത്തി മരിയോ വർഗാസ് യോസെ രചിച്ച ‘ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്’ ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ പിറന്ന ഡിക്ടേടർ രചനകളിലെ സുപ്രധാന കൃതിയാണ്.
റിയലിസത്തിൽ നിന്ന് മാജിക്കൽ റിയലിസത്തിലേക്ക്
സാമൂഹിക സാഹചര്യങ്ങളുടെയും രാഷ്ട്രീയ ചുറ്റുപാടുകളുടെയും ആവിഷ്കാരമായിട്ടാണോ കാൽപനികതയുടെ വിശാലാവിഷ്കാരമായിട്ടാണോ സാഹിത്യരചനകൾ നിലനിൽക്കേണ്ടതെന്നത് കാലങ്ങളായി നിലനിൽക്കുന്ന സംവാദമാണ്. സ്പെയ്നിന്റെയും പോർച്ചുഗലിന്റെയും കോളനികളായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സ്വതന്ത്രരായി പുതിയ അധികാര വ്യവസ്ഥകൾക്ക് പ്രാരംഭം കുറിക്കുന്ന സംഘട്ടനങ്ങൾ കൊണ്ട് നിറഞ്ഞ അപകോളനീകരണ യുഗത്തിലാണ് കോളനിവത്കരണം അനാഥയാക്കിയ ലാറ്റിനമേരിക്കൻ തനത് അസ്തിത്വവും സവിശേഷ സാമൂഹികത ചിന്തകളുമെല്ലാം അന്നത്തെ നോവലുകളിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. എഴുത്തുകാരൻ തന്റെ ചുറ്റുപാടുകളുടെ തടവുകാരനായിരിക്കരുതെന്നും യാഥാർഥ്യങ്ങളും സാഹചര്യങ്ങളുമല്ല സമ്പൂർണമായ കാൽപനികതയാണ് നോവലുകളിലൂടെ തെളിയേണ്ടതെന്ന അർജന്റീനിയൻ എഴുത്തുകാരനായ ബോർഹേസടക്കമുള്ള സാഹിത്യകാരന്മാരുടെ ചിന്തകളായിരുന്നു ഒരു ഘട്ടത്തിൽ പ്രാമുഖ്യം നൽകപ്പെട്ടിരുന്നത്. പിന്നീട് മാർക്കേസിന്റെയും യോസെയുടെയും രചനകൾ ഇതിനെ തിരുത്തിക്കുറിച്ചു. ബോർഹേസിന്റെ കടുത്ത ആരാധകനായി സാഹിത്യത്തിലേക്ക് പ്രവേശിച്ച യോസെ പക്ഷേ തന്റെ ചുറ്റുപാടുകളെ കേന്ദ്രീകരിച്ച് ഒരു ഇതര യാഥാർത്യലോകം നിർമിക്കാനായിരുന്നു ശ്രമിച്ചത്. A writer’s reality എന്ന തന്റെ കൃതിയിൽ ജീൻ പോൾ സാർത്രിന്റെ ആശയത്തെ മുൻനിർത്തിയാണ് തന്റെ സാഹിത്യരചനയെന്ന് യോസെ വ്യക്തമാക്കുന്നുണ്ട്. സാർത്രിനെ സംബന്ധിച്ചിടത്തോളം സ്വന്തം കാലത്തോടും താൻ ജീവിക്കുന്ന സമൂഹത്തോടുമായിരിക്കണം എഴുത്തുകാരന്റെ പ്രതിബദ്ധത നിലനിൽക്കേണ്ടത്. ഇതിലൂടെ ചരിത്രത്തെ സ്വാധീനിക്കാനുള്ള ശേഷി എഴുത്തുകാരൻ കൈവരിക്കും എന്നാണദ്ദേഹം പറഞ്ഞുവെക്കുന്നത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലനന്നിരുന്ന സ്വേച്ഛാധിപത്യ ഭരണങ്ങളും വിപ്ലവങ്ങളായി രംഗപ്രവേശം ചെയ്ത സോഷ്യലിസ്റ്റ് ആശയങ്ങളും റിയലിസ്റ്റ് ശൈലിയിലൂടെ നോവലുകളിലെയും ചെറുകഥകളിലെയും കേന്ദ്രപ്രമേയങ്ങളായി ഉയർന്നുവരികയായിരുന്നു. അതോടൊപ്പം തന്നെ അർജന്റീനയടക്കമുള്ള രാജ്യങ്ങളിൽ കോളനിവത്കരണം കൊണ്ടുവന്ന ആഴത്തിലുള്ള സാംസ്കാരിക ശോഷണവും ഇംപിരീയലിസത്തിന്റെ ബാക്കിപത്രമായ സാംസ്കാരിക സംഘട്ടനങ്ങളെ കുറിച്ചുള്ള വിചാരപ്പെടലുകളുമെല്ലാം നോവലുകളിലൂടെ വിവിധങ്ങളായ രീതിയിൽ ആവിഷ്കരിക്കപ്പെട്ടു. മാർകേസിന്റെ രചനകൾ വിപരീതാർഥപ്രയോഗത്തിലൂടെ (Irony) സാംസ്കാരിക സംഘട്ടനങ്ങളെ അവതരിപ്പിച്ചപ്പോൾ പെർസ്പെക്ടിവിസത്തിലൂടെയാണ് (perspectivism) യോസെ അവതരിപ്പിക്കാൻ ശ്രമിച്ചത്. കൊളംബസിന്റെ വരവ് മുതൽ കൊളോണിയൽ വ്യവഹാരങ്ങളിൽ മുഴച്ചുനിൽക്കുന്ന ലാറ്റിനമേരിക്കയിലെ ഗോത്രവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ പരിഹസിക്കുന്ന ഭാഗങ്ങൾ വ്യക്തമാക്കുന്നിടത്ത് ആചാരങ്ങൾക്കുള്ള ന്യായീകരണം കണ്ടെത്തിക്കൊണ്ടാണ് മാർകേസ് രചന. എന്നാൽ ഇരയുടെയും അക്രമിയുടെയും പ്രതികരിക്കുന്നവന്റെയും ശബ്ദമില്ലാത്തവന്റെയും തുടങ്ങി കേന്ദ്രപ്രമേയത്തിന്റെ ഭാഗഭാക്കാകുന്ന എല്ലാ കക്ഷികളുടെയും കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതാണ് വർഗാസ് യോസെയുടെ ശൈലി.
ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് പോലെയുള്ള ഡിക്ടേടർ നോവലുകളിൽ ഇത്തരത്തിൽ റിയലിസ്റ്റ് ശൈലിയിൽ തീർത്ത രചനാരീതിയെ കണ്ടെത്താൻ സാധിക്കും. എന്നാൽ യോസെയിൽ നിന്ന് മാർക്കേസിലേക്കെത്തുമ്പോൾ രചനാരീതിയും ശൈലിയുമെല്ലാം കാതലായ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. യഥാർഥ യാഥാർഥ്യത്തെ കാല്പനിക യാഥാർഥ്യമാക്കി മാറ്റുന്നതാണ് യോസെയുടെ റിയലിസമെങ്കിൽ യാഥാർഥ്യമാണോ കാൽപനികതയാണോ എന്ന് തീർത്തു പറയാൻ സാധിക്കാതെ അനിശ്ചിതത്വവും പ്രത്യേക ഭ്രമാത്മകതയും സൃഷ്ടിക്കുന്ന മാജിക്കൽ റിയലിസം എന്ന മാന്ത്രിക വിദ്യയാണ് മാർകേസ് രചനകളുടെ ശൈലി.
ലാറ്റിനമേരിക്കൻ ഡിക്ടേടർ സാഹിത്യങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന രണ്ട് പ്രശസ്ത നോവലുകളാണ് യോസെയുടെ ദ ഫീസ്റ്റ് ഓഫ് ദ ഗോട്ടും ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ദ ഓട്ടം ഓഫ് ദ പാർട്രിയാക്കും. ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ മുപ്പത് വർഷത്തോളം ഭരിച്ച റാഫേൽ ട്രൂഹിയോയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇരുനോവലുകളും രചിക്കപ്പെട്ടിരിക്കുന്നത്. പ്രത്യക്ഷമായി ട്രൂഹിയോയെ പരാമർശിക്കപ്പെടുന്നില്ലെങ്കിലും മാർകേസിന്റെ നോവലിലെ പാർട്രിയാർക്ക് എന്നത് ട്രൂഹിയോ ആണെന്ന് കഥാപാത്രങ്ങളുടെ സാമ്യതകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. പെറു ദേശക്കാരനായ യോസെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ചിലവഴിച്ച എട്ട് വർഷത്തെ അനുഭവങ്ങളാണ് നോവൽ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രം ആഴത്തിൽ പഠിക്കുകയും സാമൂഹിക പഠനങ്ങളും അഭിമുഖങ്ങളും അന്വേഷണങ്ങളും നടത്തിയതിനു ശേഷമാണ് അധികാര ഭ്രമാത്മകതയെയും സ്വേഛാധിപത്യ ഭരണ-സാമൂഹിക ക്രമത്തിന്റെ പ്രവർത്തന രീതികളും ലോക ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടുള്ളതും നിലനിൽക്കുന്നതുമായ വിവിധ തരം സ്വേഛാധിപതികളിലെല്ലാം പൊതുവായി കാണപ്പെടുന്ന സൂക്ഷ്മ ഭേദകങ്ങളായ ആന്തരികവും അനുഷ്ഠാനപരവുമായ പലവിധ സവിശേഷതകളെ തുറന്നുകാട്ടുന്ന ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് രചിക്കുന്നത്. അധികാരവുമായി സദാ ബന്ധപ്പെട്ടുകിടക്കുന്ന അധികാരി വർഗവും പ്രജാ വർഗവും അക്രമിയും ഇരയുമെല്ലാം കഥാപാത്രങ്ങളായി നോവലിൽ കടന്നുവരുന്നുണ്ട്. ട്രൂഹിയോയെ പ്രമേയമാക്കി രചിക്കപ്പെട്ടതാണെങ്കിലും മാർകേസിന്റെ ‘ദ ഓട്ടം ഓഫ് ദ പാർട്രിയാർക്ക്’ യാഥാർഥ്യവുമായി സാമ്യത തോന്നാത്ത വിധത്തിൽ പ്രത്യേക രാഷ്ട്രമോ വ്യക്തികളെയോ പരാമർശിക്കാതെയാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഇരു രചനകളും അടിസ്ഥാനപരമായി അഭിമുഖീകരിക്കുന്നതും വ്യക്തമാക്കുന്നതും സ്വേഛാധിപതി എന്ന അധികാര സ്തംഭത്തിന്റെ നിർമാണവും പ്രവർത്തനവും അതിസങ്കീർണമായ അധികാരത്തിന്റെ മനഃശാസ്ത്രവുമാണ്.
സൂക്ഷ്മപരിശോധനക്ക് വിധേയമാക്കപ്പെടുന്ന ഡിക്ടേടർ
സ്വേച്ഛാധിപത്യം സാമൂഹിക ക്രമങ്ങളെ അടിമപ്പെടുത്തി അധികാര സംസ്ഥാപനം സഫലീകരിക്കുന്ന മാർഗങ്ങളും ജനത്തെ ഒന്നടങ്കം തന്റെ കാൽകീഴിലാക്കി സാമൂഹിക സ്ഥാപനങ്ങളുടെ സമ്പൂർണമായ അധികാരം നേടിയെടുത്ത് ശത്രു ഉന്മൂലനം നടപ്പിലാക്കുന്നതുമെല്ലാം സവിശേഷമായ എന്ത് മാനസിക ചോദനകളുടെ അടിസ്ഥാനത്തിലാണെന്നതിനുള്ള ഉത്തരങ്ങളാണ് ഡിക്ടേടർ നോവലുകൾ നൽകുന്നത്. മനുഷ്യാവകാശ ലംഘനം, അധികാരകേന്ദ്രീകരണം, ഭീഷണി, നെപ്പോട്ടിസം തുടങ്ങിയ സാധാരണയായി ഉയർത്തിക്കാണിക്കുന്ന സ്വേച്ഛാധിപത്യ ഘടകങ്ങൾക്കപ്പുറത്ത് അതിസങ്കീർണമായ മാനസികവും ശാരീരികവുമായ ഘടകങ്ങൾ കൂടിച്ചേർന്ന സവിശേഷമായ ഘടനാരൂപമായിട്ട് സ്വേച്ഛാധിപത്യത്തെ വീക്ഷിക്കുന്നതിൽ ഇത്തരം സാഹിത്യങ്ങൾ സഹായകരമായിട്ടുണ്ട്.
യോസെയുടെയും മാർകേസിന്റെയും രചനകളിലെ ഡിക്ടേടർ പുറമെ കാണപ്പെടുന്ന ‘സ്ട്രോംഗ് മാൻ’ ഇമേജിന്റെ അപനിർമാണം കൂടിയാണ്. പലപ്പോഴും അസ്ഥിരമായ സാമൂഹിക ചുറ്റുപാടുകളിലൂടെ വളർന്നുവന്ന മിലിറ്ററി നേതാക്കളോ ‘സ്ട്രോംഗ് മാൻ’ പരിവേഷം നേടിയെടുത്തവരോ പെട്ടെന്ന് സമൂഹത്തിന്റെ ഏറ്റവും ഉന്നത ശ്രേണിയിൽ എത്തിപ്പെടാനുള്ള മാർഗമായിട്ട് സ്വേച്ഛാധിപത്യത്തിനെ അവലംബിച്ചു പോന്നു. അധികാരം കയ്യാളിയ ഉടനെ തന്നെ തന്റേതായ വ്യക്തിപ്രഭാവം നേടിയെടുക്കുന്നതിനാണ് പിന്നീട് പ്രാമുഖ്യം നൽകുന്നത്. ഇതിലൂടെ തങ്ങൾക്ക് അമാനുഷികമായ ശക്തികളുണ്ടെന്നും ദൈവത്തിന്റെ സന്ദേശ വാഹകനാണെന്നുമല്ലാം വിവിധങ്ങളായ പ്രചാരണമാർഗങ്ങളെ അവലംബിച്ചു സ്ഥാപിക്കപ്പെടാനുള്ള ശ്രമങ്ങൾ നടത്തും. കവിയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പാവ പ്രസിഡന്റുമായിരുന്ന ബലാഗ്വാറ് ട്രൂഹിയോയെ പുകഴ്ത്തിക്കൊണ്ട് നടത്തുന്ന ഗോഡ് ആൻഡ് ട്രൂഹിയോ എന്ന പ്രശസ്തമായ പ്രഭാഷണം ഇത്തരത്തിൽ മിശിഹായുടെ ഭൂമിയിലെ സഹായിയായി അവതരിക്കപ്പെട്ടാതാണ് ട്രൂഹിയോ എന്ന് വികാരാവേശത്തോടെ പറഞ്ഞുവെക്കുന്നുണ്ട്. താനൊരു ജൈവ മനുഷ്യനല്ലെന്നും, ദൈവാവതാരമാണെന്നും പി.ആർ വർക്കുകളിലൂടെ നിരന്തരം വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദി സമകാലിക ഡിക്ടേടർ സ്വരൂപമായി ഗണിക്കപ്പെടാവുന്ന വ്യക്തിയാണ്. എതിർപ്പും പ്രതിസ്വരങ്ങളും മറികടക്കാനായി ഏതിർ ചേരിയിലുള്ളവരെ സാമ്പത്തികമോ രാഷ്ട്രീയപരമോ ആയ ആനുകൂല്യങ്ങൾ നൽകി വരുതിയിലാക്കുകയോ അത് പരാജയപ്പെട്ടാൽ ഭയം അടിച്ചേൽപ്പിച്ച് ഭീഷണിപ്പെടുത്തലുമാണ് ഡിക്ടേടർ രീതി. മോദി ഭരണത്തിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രവർത്തന രീതിയും ഇതിനെ സാധൂകരിക്കുന്നുണ്ട്.
തന്റെ പ്രജകളിൽ നിന്നുള്ള അനുസരണയ്ക്കും അന്ധമായ ഭക്തിക്കും പകരം പോപുലിസ്റ്റ് പദ്ധതികൾ നടപ്പിലാക്കി സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലയന്റലിസമായിരിക്കും ഡിക്ടേടർഷിപ്പുകളിൽ നിലനിൽക്കുക. ട്രൂഹിയോക്ക് കീഴിൽ രാജ്യത്തെ എണ്പത് ശതമാനം വ്യവസായങ്ങളും ഭരണകൂടത്തിന് കീഴിലായിരുന്നു. ഇതിലുടെ ജനസംഖ്യയുടെ പകുതിപേർക്കും തൊഴിലുകൾ നൽകി ജനത്തെ ഒന്നടങ്കം സ്ഥിരമായ ഭരണകൂടാശ്രിതരാക്കി മാറ്റുക എന്നതായിരുന്നു തന്ത്രം.
സ്വേച്ഛാധിപതിയുടെ വ്യക്തി ജീവതത്തിലേക്കും വികാര വിചാരപ്പെടലുകളിലേക്കുമുള്ള ആഴത്തിലുള്ള അന്വേഷണം കൂടി യോസയുടെ ‘ദ ഫീസ്റ്റ് ഓഫ് ദ ഗോട്ടി’ലും മാർകേസിന്റെ ‘ഓട്ടം ഓഫ് ദ പാർട്ട്രിയാർക്കി’ലും കാണാൻ സാധിക്കും. വായനക്കാരന് പുതിയ വീക്ഷണകോണുകൾ നൽകുന്ന രൂപത്തിൽ സ്വേച്ഛാധിപതിയുടെ മാനുഷികമായ അല്ലെങ്കൽ ബാലിശമായ ഭാഗം കൂടി ഇവകളിൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. വ്യക്തിപരമായ അരക്ഷിതാവസ്ഥയും വിചിത്രമായ കോംപ്ലക്സുകളും എത്ര തന്നെ ഭീകര സ്വതമായി പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ടാലും മറച്ചുവെയ്ക്കാൻ സാധിക്കാത്ത ചില ദുർബലതകളെ സൃഷ്ടിക്കുന്ന മാനസികമായ അസന്തുലിതാവസ്ഥയുമെല്ലാം സ്വേച്ഛാധിപതികളിലെ പൊതു സ്വഭാവമാണ്.
മാതാവിനെ അതിയായി സ്നേഹിക്കുകയും അവരിൽ അഭയവും ആശ്വാസവും കണ്ടെത്തുകായും ചെയ്യുന്നവരാണ് ഇത്തരം നോവലുകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള സ്വേച്ഛാധിപതികളെല്ലാം തന്നെ. മാർക്കേസ് വിശേഷിപ്പിച്ചതു പോലെ ലോകത്തിലെ ഏറ്റവും ഏകാന്തനായ വ്യക്തിയാണ് സ്വേച്ഛാധിപതി. ആത്മാർഥമായ സ്നേഹവും വിശ്വാസവും വളരെ ചുരുക്കം പേരോട് മാത്രമായിരിക്കും അവർ പ്രദർശിപ്പിക്കുക. ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫിൽ തന്റെ അമ്മയോടുള്ള ബഹുമാനത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും വികാരത്തോടെ അവതരിപ്പിക്കുന്നുണ്ട്.
മരണഭയമാണ് പലപ്പോഴും സ്വേച്ഛാധിപതികളിൽ മാനവികവത്കരണ ഘടകമായി നിലകൊള്ളുന്നത്. യാഥാർഥ്യത്തിലേക്ക് തിരികെ എത്തിക്കാൻ അത് കാരണമാകുന്നു. തീർത്തും അരക്ഷിത ബോധത്തോടെ എപ്പോഴും ചതിച്ചു കൊല്ലപ്പെടാമെന്ന ചിന്തയിലായിരിക്കും ഓരോ സമയവും ഡിക്ടേടർ തള്ളിനീക്കുക. തന്റെ അധികാരത്തെ ധാർമികമായി ന്യായീകരിക്കാൻ സാധിക്കാതെ ഉറക്കത്തിലടക്കം സ്ഥിരമായി അലെർട്ടായി നിലകൊള്ളാൻ അതവരെ നിർബന്ധിതരാക്കും. ഇത്തരത്തിൽ വിശാലമായി തന്നെ ഡിക്ടേടർ എന്ന അധികാര സ്തംഭത്തെ വ്യക്തി എന്ന നിലയിൽ സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കി സ്വേച്ഛാധിപത്യത്തിന്റെയും സ്വേച്ഛാധിപതിയുടെയും പൊതുസ്വഭാവത്തെ ഈ നോവലുകൾ അവതരിപ്പിക്കുന്നുണ്ട്.
ലാറ്റിനമേരിക്കയിലെ ഡിക്ടേടർ സാഹിത്യങ്ങൾ എന്നാൽ പടിഞ്ഞാറിൽ കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെട്ടിരുന്നു. സ്വേച്ഛാധിപതിയുടെ മാനുഷിക ഭാഗം അവതരിപ്പിക്കുന്നത് അതിനെ സാധൂകരിക്കാനും ഏകാധിപതികളോട് അനുകമ്പ തോന്നാനുമിടയാക്കിയേക്കാം എന്ന വാദങ്ങളുയർന്നു വന്നു. വർഗാസ് യോസെയുടെ ഡിക്ടേടർ രചനകൾ റിയലിസ്റ്റിക്കും അത്തരം അധികാരഘടനകളെ തീർത്തും കുറ്റപ്പെടുത്തുകയും തള്ളിക്കളയുകയും ചെയ്യുന്ന രൂപത്തിലായിരുന്നു. തോമസ് ഹോബ്സിനേതിന് സമാനമായി മനുഷ്യൻ അടിസ്ഥാനപരമായി അക്രമത്തിലും അനീതിയിലും സ്വാർഥയിലും കഴിയുന്ന വർഗമാണെന്നും അധികാരഘടനകൾ അതിനെ നിയന്ത്രിക്കാൻ രൂപപ്പെടുത്തപ്പെട്ടവ ആണെന്നും പ്രസ്താവിക്കുന്ന യോസെ, സ്വേച്ഛാധിപത്യമാണ് ലോകത്തിന്റെ ഭരണ പാരമ്പര്യമെന്നും ജനാധിപത്യം അതിനെ നിയന്ത്രിച്ച് വരുതിയിലാക്കാൻ വന്ന ഭരണ രൂപമാണെന്നുമാണ് വാദിക്കുന്നത്.
എന്നാൽ സ്വേച്ഛാധിപത്യത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരുന്നു മാർകേസിനുണ്ടായിരുന്നത്. കരീബിയൻ ലോകത്തിന്റെ സാംസ്കാരിക ഉത്പന്നമെന്ന രീതിയിൽ കാവ്യാത്മകമായ ശൈലിയിലൂടെയാണ് പലപ്പോഴും മാർക്കേസ് ഇത്തരം അധികാരി വർഗത്തെ കണ്ടിരുന്നത്. തന്റെ രചനകൾ സാഹചര്യങ്ങളുടെ ഇരയായി സ്വേച്ഛാധിപതികളെ വായനക്കാർ കാണുന്നതിന് സഹായിക്കുമോ എന്ന ഭയം പങ്കുവെച്ചിരുന്ന മാർക്കേസ്, എന്നാൽ പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്, “കരീബിയൻ സ്വേച്ഛാധിപതിയിൽ എനിക്ക് എല്ലായ്പ്പോഴും താൽപര്യമുണ്ട്. മറ്റു ദേശങ്ങൾക്ക് വിശുദ്ധന്മാരോ രക്തസാക്ഷികളോ ഹീറോകളോ ഉണ്ടാകുമ്പോൾ നമ്മുടെ ഒരേയൊരു പുരാണ വ്യക്തിത്വമായ സ്വേച്ഛാധിപതികളുണ്ട് നമുക്ക്. ഞാനവരെ കുറ്റം പറയുന്നില്ല, ടെക്നോക്രാറ്റുകളായി നിലനിൽക്കുന്ന ആധുനിക സ്വേച്ഛാധിപതികൾക്ക് വിപരീതമായി ഇംഗ്ലണ്ടിനും ജർമനിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച വേനസ്വേലയിലെ യുവാൻ വിസെന്റെ ഗോമസിനെപ്പോലുള്ള പഴയ സ്വോഛാതിപതികൾ പലപ്പോഴും സാമ്രാജ്യത്വ വിരുദ്ധരായിരുന്നു”. സ്വേച്ഛാധിപതികളെ കുറിച്ചുള്ള കരീബിയൻ കാഴ്ച്ചപ്പാടും നിലപാടുകളുമെല്ലാം രേഖീയമായ ഒന്നല്ല എന്ന് ചുരുക്കം.
‘ദ ഫീസ്റ്റ് ഓഫ് ദ ഗോട്ടി’നും ‘ഓട്ടം ഓഫ് ദ പാർട്ട്രിയാർക്കി’നും പുറമെ ഡിക്ടേടർ സാഹിത്യങ്ങളുടെ വലിയൊരു ശൃംഖല തന്നെയുണ്ട് ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ. ഡൊമിംഗോ ഫോസ്റ്റിനോ സാർമിയയുടെ ഫകുണ്ടോ, അർജന്റീനിയൻ ഏകാധിപതിയായിരുന്ന യുവാൻ മാനുവൽ ഡി റോസാസിനെ വിമർശിക്കുന്ന യോസെ മാർമോളിന്റെ അമാലിയ, ലിയോണ് ഡാവിസിന്റെ എൽ ഡിക്ടാടർ തുടങ്ങിയവ അതിൽ ഉൾപ്പെടുന്ന ചില പ്രശസ്തമായ രചനകളാണ്.
REFERENCES
Cruz, Humberto López and Ignacio López-Calvo. “God and Trujillo: Literary and Cultural Representations of the Dominican Dictator.” (2005).
Garcia Marquez, Gabriel. The Autumn of the Patriarch. Translated by Gregory Rabassa. New York: Harper & Row, 1976
Kristal, Efraín. Temptation of the Word: The Novels of Mario Vargas Llosa. Nashville, Tenn.: Vanderbilt University Press, 1998
Mario Vargas Llosa: A Writer’s Reality. Barcelona: Seix Barral, 1985.
Stone, William F., and Paul E. Schaffner. The Psychology of Politics. New York: Springer, 1988.
Vargas Llosa, Mario. A Fish in the Water: A Memoir. New York: Farrar, Straus and Giroux, 1994.
Vargas Llosa, Mario. The Feast of the Goat. Translated by Edith Grossman. New York: Farrar, Straus and Giroux, 2001


Comments are closed.