ചൈനയിലെ ഉയ്ഗൂര്‍ മുസ്‌ലിം പ്രദേശങ്ങളിലൂടെ അമ്മാർ അസ്ഫോർ നടത്തുന്ന യാത്രയുടെ രണ്ടാം ഭാഗം
[കഷ്ഗര്‍ യാത്രയിൽ എന്റെ വിവർത്തകനായി കൂടെ ഉണ്ടായിരുന്ന ജിമ്മിയുടെ (യഥാർത്ഥ പേരല്ല) ജീവിതത്തിലൂടെ ഉയ്ഗൂര്‍ ജീവിതത്തെ വരച്ചിടാനാണ് ഞാൻ ശ്രമിക്കുന്നത്.]
ആശങ്കകൾ നിലനിൽക്കെത്തന്നെ കഷ്ഗറിലേക്കുള്ള യാത്ര തുടരാൻ ഞാൻ തീരുമാനിച്ചു. യാത്രയോടുള്ള ഭ്രമവും, ചരിത്ര സമ്പന്നമായ കഷ്ഗറിലെത്താനുള്ള അഭിലാഷവുമാണ് തീരുമാനവുമായി മുന്നോട്ട് പോകാൻ എന്നെ പ്രചോദിപ്പിച്ച് നിർത്തിയത്. ബോസ്റ്റണിലെ ചൈനക്കാരായ കൂട്ടുകാര്‍ കഷ്ഗറിലേക്കുള്ള യാത്രയെ താക്കീത് ചെയ്തിരുന്നതിനാല്‍ എന്റെ ആശങ്കകള്‍ക്ക് അതിരുണ്ടായിരുന്നില്ല. ഉറുംഖയില്‍ വെച്ച് കണ്ട ഒരു യാത്രക്കാരി ഒരിക്കല്‍ കഷ്ഗറില്‍ വെച്ചുണ്ടായ സംഭവത്തില്‍ ബസ്സ് സ്റ്റേഷനില്‍ കുടുങ്ങിപ്പോയ അനുഭവം പങ്കുവെച്ചിരുന്നു. പോരാത്തതിന് കഷ്ഗറിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. അതായത് ആശങ്ക മാത്രമല്ല, നന്നായി പേടിക്കുക തന്നെ ചെയ്തിരുന്നു ഞാനെന്ന് പറയാം. പക്ഷെ കഷ്ഗറിനെക്കുറിച്ച് അധികം വിവരങ്ങൾ പുറത്ത് വന്നിട്ടില്ലാത്തതിനാലും, അവിടെയുള്ള മുസ്‌ലിം സമൂഹം നേരിടുന്ന സാമ്യതകളില്ലാത്ത പരീക്ഷണങ്ങളും കാരണം ഈ യാത്ര എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു.




കഷ്ഗറിൽ വണ്ടിയിറങ്ങി അടുത്ത രണ്ട് ദിവസത്തേക്കുള്ള ടൂറിസ്റ്റ് ഗൈഡിനെ അറേഞ്ച് ചെയ്യാനായി ടൂറിസ്റ്റ് ഏജന്‍സി ഓഫീസിലേക്കുള്ള യാത്രക്കിടയില്‍ ഞാനൊരു ഹോസ്റ്റല്‍ കണ്ടെത്തി. ഉയ്ഗൂറുകാരനല്ലാത്ത ആ ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് 2 മണിക്കും 8 മണിക്കുമിടയില്‍ ഹോസ്റ്റല്‍ ഗേറ്റ് അടച്ചിടുമെന്ന് എന്നെ അറിയിച്ചു. സുബ്ഹി നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാനുള്ള സൗകര്യമൊരുക്കിത്തരുമോ എന്ന എന്റെ ചോദ്യം കേട്ട് അയാള്‍ അമ്പരന്നു. ഒരു അമേരിക്കന്‍ മുസ്‌ലിമിനെ കണ്ടതിലുള്ള അതിശയമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇവിടെയുള്ള മുസ്‌ലിംകൾ എന്റെ വേഷവും, രൂപവും കാരണം എന്നെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാൻ സാധ്യതയില്ല എന്ന് അയാള്‍ വിശദീകരിച്ചു. “പള്ളിയില്‍ പോകൽ നിർബന്ധമാണോ?” അയാൾ ചോദിച്ചു. “അതെ” ഞാന്‍ തീര്‍ത്ത് പറഞ്ഞു. അതെ, ഞാനും ഉയ്ഗൂറുകളെപ്പോലെ തന്നെ ഉള്ള ഒരു മുസ്‌ലിമാണ്.



“നിങ്ങളെ നിരാശനാക്കിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഞാനൊരു പ്രാക്ടീസിംഗ് മുസ്‌ലിം അല്ല” ജിമ്മി പറഞ്ഞു. “അത് കുഴപ്പമില്ല, ജനങ്ങളുമായി സംവദിക്കാനാണ് എനിക്ക് നിങ്ങളുടെ സഹായം വേണ്ടത്” ഞാൻ മറുപടി പറഞ്ഞു. ആ മറുപടി അയാളെ തൃപതനാക്കിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. യാത്രക്കിറങ്ങും മുമ്പ് വീ ചാറ്റ് ഉണ്ടെങ്കില്‍ ഞാനതിലേക്ക് മെസേജ് അയക്കാമെന്ന് പറഞെങ്കിലും കാഷ്ഗറില്‍ നിന്നും 20 മിനിട്ട് അകലെയുള്ള ഗ്രാമത്തിലെ വീട്ടിലാണ് തന്റെ ഐ ഫോണ്‍ ഉള്ളതെന്നായിരുന്നു മറുപടി.

ഉയ്ഗൂര്‍ സംസകാരത്തിലെയും കാഷ്ഗറിലെ ഇസ്‌ലാമിക ചരിത്രത്തിലെയും സുപ്രധാന ഏടായ അപക് ഹോജയുടെ മഖ്‌ബറ സന്ദര്‍ശനമായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. വാസ്തവത്തില്‍ അധികാര, രാഷ്ട്രീയ ചരിത്രമായിരുന്നു അതിനു പങ്കുവെക്കാനുള്ളത് എന്നത് കൊണ്ട് തന്നെ എനിക്ക് താല്‍പര്യം തോന്നിയില്ല. ജിമ്മി പങ്കുവെച്ച മറ്റെല്ലാത്തിലും ഞാന്‍ അതീവ തല്‍പരനായിരുന്നു. ആദ്യം ഒരു ഔദ്യോഗിക ചൈനീസ് ഗവണ്‍മെന്റ് ടൂറിലേക്കാണ് ഞങ്ങള്‍ ചെന്നുകയറിയത്. ചൈനീസ് ഗ്രൂപ്പുകള്‍ക്ക് ടൂറുകള്‍ നല്‍കുന്നതിലുള്ള അതൃപ്തി ജിമ്മി പ്രകടിപ്പിച്ചു. അവർക്ക് കര്‍ക്കശമായി സമയക്രമം പിന്തുടരേണ്ടതുണ്ടത്രേ. അത് യാത്രയുടെ അനുഭവം കെടുത്തിക്കളയും എന്ന അഭിപ്രായക്കാരനായിരുന്നു അയാൾ. അതിന് പുറമെ ചരിത്രത്തിന്റെ ചൈനീസ് ഭാഷ്യത്തോട് ജിമ്മിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതേ മഖ്‌ബറ ചൈനയില്‍ അതേ സ്ഥലത്ത് മറവ് ചെയ്യപ്പെട്ട അപക് ഹോജയുടെ പിന്തുടര്‍ച്ചക്കാരനായ ഫ്രാഗ്രന്‍റ് കോണ്‍ക്യൂബിന്റെ പേരിലാണ് അറിയപ്പെടുന്നത്.

പള്ളിയുടെ ഇസ്‌ലാമിക വശങ്ങള്‍ വിശദീകരിക്കേണ്ടി വരില്ല എന്നത് ജിമ്മിക്ക് ആശ്വാസമായിരുന്നു. “ഇവിടെ അതികം മുസ്‌ലിം ടൂറിസ്റ്റുകൾ വരാറില്ല” അയാൾ സൂചിപ്പിച്ചു. കോംപ്ലക്സിലെ പള്ളിയില്‍ ഞങ്ങള്‍ അൽപ്പ നേരം വിശ്രമിച്ചു. ജിമ്മി അപ്പോഴേക്കും കൂടുതല്‍ തുറന്ന് സംസാരിക്കാൻ തുടങ്ങിയിരുന്നു.

“ഇവിടെ മറ്റുള്ളവരോട് ശ്രദ്ധിച്ച് വേണം സംസാരിക്കാന്‍. നിങ്ങള്‍ പറയുന്നതെല്ലാം ഞാന്‍ പരിഭാഷപ്പെടുത്തുന്നുണ്ട്. എങ്കിലും പരമാവധി സൂക്ഷിക്കണം” അയാൽ ശബ്ദം താഴ്ത്തി പറഞ്ഞു. “നിങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. പക്ഷെ ഞാനും നിങ്ങള്‍ സംസാരിക്കുന്ന ആളുകളും പ്രശ്നത്തിലായേക്കും. കഴിഞ്ഞയാഴ്ച്ച നടന്ന ഒരു സംഭവം കാരണം നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്”





“ഭരണകൂടത്തെ എതിര്‍ക്കുന്ന ഒരുപാട് പ്രശ്‌നക്കാരും തീവ്രവാദികളും ഇവിടെയുണ്ട്. കഴിഞ്ഞ ആഴ്ച്ചയുണ്ടായ കത്തിക്കുത്തിന് ഉത്തരവാദികള്‍ അവരാണ്. കഴിഞ്ഞ വര്‍ഷം ഈദ് ഗാഹിലെ ഇമാമിനെയും അവര്‍ കുത്തി മുറിവേല്‍പ്പിച്ചിരുന്നു” ജിമ്മി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും അവരുടെ ലക്ഷ്യം എന്ന എന്റെ ചോദ്യത്തിന് ‘അവര്‍ പ്രശ്നക്കാരണ്’ എന്ന് മാത്രമായിരുന്നു മറുപടി. ചോദ്യങ്ങളുടെ പരിധി കിടക്കുന്നതായി ഞാന്‍ ഊഹിച്ചു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് അനുസരിച്ചാണ് ഗവണ്‍മെന്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് എന്നാണ് ജിമ്മിയുടെ അഭിപ്രായം. അയാൾ തന്റെ ഐ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച് വരാനുള്ള കാരണം തന്നെ ഏതെങ്കിലും പോലീസുകാരന്‍ ഫോണ്‍ പരിശോധിച്ചാലോ എന്ന ഭയമാണ്. “അവരെന്നെ തടഞ്ഞ് വെച്ച് മൊബൈല്‍ ആവശ്യപ്പെടും, സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ പരിശോധിക്കും, അങ്ങനെ ഫോണ്‍ പരിശോധിച്ചയാളെ എനിക്കറിയാം. അവര്‍ അയാളുടെ സോഷ്യല്‍ മീഡിയ പരിശോധിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ സ്റ്റാറ്റസ് ശ്രദ്ധയില്‍പ്പെടുകയും അയാളെ പിടിച്ച് കൊണ്ട് പോവുകയും ചെയ്തു” അയാൾ പറഞ്ഞു നിർത്തി
“ചൈനീസ് മുസ്‌ലിംകള്‍ക്ക് റമളാനില്‍ നോമ്പെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി ഞാന്‍ ഓണ്‍ലൈനില്‍ വായിച്ചിട്ടുണ്ട്?” ഞങ്ങള്‍ക്കിടയിലെ ഔപചാരികത നീങ്ങി എന്ന് മനസ്സിലായതോടെ ഞാൻ ചോദിച്ചു. എന്തോ അര്‍ത്ഥമാക്കി അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. അത് സ്വാഭാവികമായും ‘എന്തിനാണ് എന്നെകൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത്’ എന്നൊരു അര്‍ത്ഥം വെച്ച ചിരിയായിരുന്നു. “ശെരിയാണ്. ഞാനൊരു അദ്ധ്യാപകനാണ്. റമളാനില്‍ ഞാനടക്കമുള്ള മുസ്‌ലിംകൾ ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ അവർ സ്‌കൂളിൽ ഭക്ഷണം കൊണ്ടുവരാറുണ്ട്. ചിലപ്പോൾ ഞങ്ങൾ അടുത്തുള്ള പള്ളികളിൽ സ്‌കൂളിലെ ആരെങ്കിലും നിസ്കരിക്കാൻ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കുട്ടികളെ അയക്കാറുണ്ട്”.
പള്ളിയില്‍ പോവുകയോ നോമ്പെടുക്കയോ ചെയ്‌താൽ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഞാന്‍ ചോദിച്ചു
“അത് പല തരത്തിലുമായിരിക്കും” അപൂർവമായി മാത്രമേ പള്ളിയിൽ പോവുന്നൊള്ളൂ എങ്കിൽ ജോലിയിൽ തന്നെ തുടരാം, പക്ഷെ കരിയറില്‍ പുരോഗമനം ഒന്നും ഉണ്ടാകില്ല. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ തരം താഴ്ത്തുകയോ തൊഴിൽ തന്നെ എടുത്തുകളയുകയോ ചെയ്യുന്നത് അപൂർവമല്ല”


ജിമ്മി ഒരു മര്യാദക്കാരനായിരുന്നു. ഒരിക്കൽ പകല്‍ സമയത്ത് നോമ്പെടുത്തിരുന്ന എന്റെ മുന്നില്‍ വെച്ച് ചൂട് സഹിക്കാതെ വെള്ളം കുടിക്കുമ്പോൾ എന്നോട് ക്ഷമ ചോദിക്കാൻ അയാൾ മറന്നില്ല. ഭരണകൂടത്തില്‍ നിന്നും ഒളിഞ്ഞ് മാറി എന്തുകൊണ്ടാണ് താങ്കള്‍ നോമ്പെടുക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാത്തത് എന്ന് ഞാൻ ചോദിച്ചു. അത് വളരെ ശ്രമകരമാണെന്നും ഭരണകൂടം അതെല്ലാം അറിയും എന്നുമായിരുന്നു മറുപടി. തന്നെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ആന്തരികവും ശാരീരികവുമായ ശുചിത്വം ഉറപ്പുവരുത്തലാണ് എന്ന് ജിമ്മി പറഞ്ഞു. രണ്ട് ദിവസവും ഞാൻ പോയ ഇടങ്ങളിലെല്ലാ അയാൾ എന്നോട് കൂടെ ഉണ്ടായിരുന്നു. ഞാന്‍ ക്ഷണിതാവായിരുന്ന ഇഫ്താറുകളിലടക്കം. എങ്കിലും നോമ്പെടുക്കാത്തതിനാല്‍ ഇഫ്താറിന്‍റെ ഭക്ഷണം കഴിക്കാൻ അർഹതയില്ല എന്ന് അയാൾ തുറന്ന് പറഞ്ഞു.




സാഹചര്യങ്ങൾ വ്യത്യസ്ഥമായിരുന്നു എങ്കിൽ ജിമ്മി ഒരു പ്രാക്ടീസിംഗ് മുസ്‌ലിം ആകുമായിരുന്നോ എന്ന് എനിക്കറിയില്ല. അയാളുടെ കഥ ഞാന്‍ എന്റെ ഒരു സുഹൃത്തിന് പരിചയപ്പെടുത്തിയപ്പോള്‍ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടും സാധിക്കാത്തതാണോ എന്നതായിരുന്നു അവന്‍റെ പ്രതികരണം. അല്ലെങ്കിലും അയാളെക്കുറിച്ച് തീർപ്പ് പറയാൻ ഞാനാരാണ്. പ്രഥമമായും അത്തരമൊരു ചോദ്യത്തിനുത്തരം നല്‍കുന്നത് തന്നെ ഒരുതരം തീർപ്പ് കൽപ്പിക്കലാണ്. എനിക്കെങ്ങനെയാണ് സാംസ്കാരികവും മതകീയവുമായ അടിച്ചമര്‍ത്തലുകളിലൂടെ വര്‍ഷങ്ങളായി രൂപാന്തരപ്പെട്ട അവസ്ഥാന്തരങ്ങളെ ഇത്രവേഗം വിലയിരുത്താനാവുക. ജിമ്മിയോടൊപ്പമുള്ള രണ്ടാമത്തെയും കഷ്ഗറിലെ എന്റെ അവസാനത്തെയും ഇഫ്താറിനിടക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ സമീപനം അയാൾ പങ്കുവെച്ചു. ഞാന്‍ നോമ്പെടുത്ത് ക്ഷീണിച്ചിരുന്നു അപ്പോഴേക്കും. ജിമ്മിയുടെ സ്വരം ഒരു ക്ഷമാപണം പോലെയാണ് എനിക്ക് തോന്നിയത്. ഒരാൾ സ്വന്തത്തോട് നടത്തുന്ന ക്ഷമാപണം പോലെ. “എനിക്ക് ലജ്ജ തോന്നുന്നു, തികച്ചും മതപരമായ കുടുംബ പശ്ചാത്തലമാണ് എന്റേത്. എന്റെ ഉമ്മയുടെ കുടുംബം തികഞ്ഞ മത വിശ്വാസികളായിരുന്നു. എന്റെ പിതാമഹനും അമ്മാവനും മക്കയില്‍ പോയവരാണ്. തുടർന്ന് അവരുടെ ജീവിതവും മരണവും അവിടെത്തന്നെ ആയിരുന്നു”.
തുടർന്ന് വായിക്കുക: വിശ്വാസത്തിൽ സ്വദേശം കണ്ടെത്തുന്നവർ
ഭാഗം 1: ചൈനയിലെ ഇസ്‌ലാമിനെത്തേടി; ഉറൂംഖിയിലെ അനുഭവങ്ങൾ
വിവർത്തനം: Nizam Appat
Sudent at University of Calicut
Department of English Literature
Comments are closed.