ക്യാമ്പസ് അലൈവ് പബ്ലിഷ് ചെയ്ത ‘വിശുദ്ധ ഖുർആൻ: വിശ്വാസം, സ്വപ്നം, വ്യാഖ്യാനം‘ എന്ന തലക്കെട്ടിലുള്ള ജീൻ മൈക്കിളിന്റെയും, ‘ഇബ്നു അറബിയും സിഗ്മണ്ട് ഫ്രോയിഡും: ദൈവിക നൈതികതയെ കുറിച്ച ആലോചനകൾ‘ എന്ന തലക്കെട്ടിലുള്ള ഓംനിയ എൽ ശാക്രിയുടെയും രണ്ടു (സ്വതന്ത്ര) വിവർത്തന ലേഖനങ്ങളാണ് ഈ ഒരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഉപര്യുക്ത രണ്ടു ലേഖനങ്ങളിലും ഇബ്നു അറബി (റ) യെ ഉദ്ധരിച്ച് ഇബ്രാഹീം നബി (അ) തന്റെ മകനായ ഇസ്മാഈൽ നബി (അ) യെ ബലി നൽകാൻ പോയ ഇവന്റിൽ ഇബ്രാഹീം നബിക്ക് ‘തെറ്റ്/അബദ്ധം’ (എന്ന പദങ്ങൾ പ്രയോഗിച്ച്) സംഭവിച്ചു എന്ന് പ്രസ്താവിക്കുന്നുണ്ട് (അതൊരു പ്രസ്താവന തന്നെയായാണ് എനിക്കനുഭവപ്പെട്ടത്). എന്നാൽ അത്തരം പദങ്ങളുടെ പ്രയോഗങ്ങൾ പ്രശ്നവൽക്കരിക്കേണ്ടതുണ്ടോ? ഭാഷാന്തരത്തിൽ സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങൾ എന്നതിനപ്പുറത്ത് വിശാലമായ പ്രതിസന്ധികൾ അവ സൃഷ്ടിക്കുന്നുണ്ട് എന്നത് കൊണ്ട് ‘ഉണ്ട്’ എന്ന് തന്നെയാണ് ഉത്തരം.

ഇബ്നു അറബിയുടെ വാക്കുകൾക്ക് അർത്ഥം നൽകുമ്പോൾ, അദ്ധേഹം നിലനിൽക്കുന്ന സാമൂഹിക ദൈവ ശാസ്ത്ര പരിസരത്തു നിന്നും അടർത്തിമാറ്റി മറ്റൊരു അർത്ഥ പരിസരത്തിലേക്ക് ഭാഷാന്തരം ചെയ്യുമ്പോൾ സംഭവിക്കുന പ്രശ്നങ്ങളെന്തെല്ലാമാണ് എന്ന് വ്യക്തമാക്കുന്നതിന്റെ ക്ലാസിക്കൽ ഉദാഹരണങ്ങളിൽ ഒന്നാണ് ഇബ്രാഹീം നബിയുമായി ബന്ധപ്പെട്ട സംഭവം. ആദ്യമായി ഇബ്രാഹീം നബിയോട് ചേർത്ത് ലേഖനത്തിൽ കൊടുത്തത് പോലെ ‘തെറ്റ്/അബദ്ധം’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഇസ്‌ലാമിലെ ദൈവ ശാസ്ത്ര സംവാദങ്ങൾ പരിശോധിക്കാം. പ്രവാചകന്മാർ പാപമോചിതർ (മഅസൂം – പാപം ചെയ്യുന്നതയിൽ നിന്ന് സംരക്ഷിക്കപ്പെട്ടവർ, തെറ്റുകളിൽ നിന്ന് സംരക്ഷിക്കപ്പെട്ടവർ) ആണ് എന്നത് ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ് എന്ന് കാണാം. ഒരു മുസ്‌ലിമാവാൻ വേണ്ട 6 ഈമാൻ കാര്യങ്ങളിൽ ഒന്നായ ‘അല്ലാഹുവിന്റെ അമ്പിയാ-മുർസലീങ്ങളിൽ വിശ്വസിക്കുക’ എന്നതിൽ ‘അവർക്ക് തെറ്റ് പറ്റില്ല എന്നൊരു വിശ്വാസം’ കൂടി ഉള്ളടങ്ങിയിട്ടുണ്ട്.

ദൈവശാസ്ത്ര പ്രശ്നങ്ങൾ

ഇബ്രാഹീം നബി പോലുള്ള പ്രവാചകന്മാരുടെ തെറ്റുകളിൽ നിന്നുമുള്ള സംരക്ഷണം എന്ന ആശയം ദൈവശാസ്ത്രത്തിൽ എന്തുകൊണ്ട് പ്രധാനം ആവുന്നു എന്നത് ഇമാം റാസിയുടെ ആലോചനകളെ മുൻനിർത്തി നമുക്കിങ്ങനെ സംഗ്രഹിക്കാം: ഒന്ന്, പ്രവാചകന്മാർക്ക് തെറ്റ് സംഭവിക്കുമെന്ന് അംഗീകരിച്ചാൽ, അവരുടെ എല്ലാ വാക്കുകളിലും, പ്രവർത്തികളിലും തെറ്റ് സംഭവിക്കാനുള്ള ‘സാധ്യത’ നിലനിൽക്കുന്നു. അത് മുഖേന അവർ പൂർണ്ണമായി വിശ്വാസയോഗ്യരല്ലാതായി മാറുന്നു. രണ്ട്,  പ്രവാചകന്മാർ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് അല്ലാഹുവിൽ നിന്ന് തന്നെയാണ്. അപ്പോൾ, അല്ലാഹു നൽകിയ നിർദ്ദേശങ്ങളിൽ അബദ്ധം സംഭവിക്കാനുള്ള സാധ്യത അവിടെ നിലനിൽക്കുന്നു. (തിയോഡൈസിയിലെ കസ്ബ്, ഇഖ്തിയാറിന്റെ വിഷയം നിലനിൽക്കെ തന്നെ). മൂന്ന്, ബുദ്ധിയുള്ളവർ തെറ്റ് സംഭവിക്കുന്നവരെ പിന്തുടരുന്നതിൽ പ്രയോജനം കണ്ടെത്തുകയില്ല. അതുകൊണ്ടു തന്നെ, പ്രവാചകത്ത്വം ലഭിക്കുന്നതിന് മുൻപേ തന്നെ പ്രവാചകരുടെ ജീവിതം വിശുദ്ധമാവേണ്ടതുണ്ട്. അങ്ങനെ വിശുദ്ധി കൈവരിച്ച ആളുകൾ, ആ വിശുദ്ധിയെ തെറ്റുകൾ കൊണ്ട് പിന്നീട് കളങ്കപ്പെടുത്തിയാൽ, ജനങ്ങൾ അവരെ പരിഗണിക്കുകയില്ല.

ഇമാം റാസി (റ) പറയുന്നത് ‘പ്രവാചകന്മാർ അവരുടെ സകല പ്രവർത്തനങ്ങളിലും പാപ സുരക്ഷിതരാവേണ്ടതുണ്ട് [എന്നാണ്]. കാരണം, അല്ലാഹുവിനെ പിന്തുടരേണ്ടവരോട് പ്രവാചകന്മാരെ പിന്തുടരാനാണ് അല്ലാഹു ഖുർആനിലൂടെ ആഹ്വാനം ചെയ്തത്. അപ്പോൾ, അവർക്ക് അബദ്ധം സംഭവിച്ചാൽ, അവരെ പിന്തുടരുന്നവർ അല്ലാഹുവിനെയായിരിക്കില്ല പിന്തുടരുന്നത് [കാരണം അല്ലാഹുവിന് അബദ്ധം സംഭവിക്കില്ല]. എന്നാൽ അല്ലാഹുവിനെയല്ലാതെ പിന്തുടരൽ ഖുർആനിക അധ്യാപനത്തോടുള്ള പ്രകടമായ വൈരുദ്ധ്യവുമാണ്’. ചുരുക്കത്തിൽ ‘ഇസ്മതുൽ അമ്പിയാഅ’ ഇസ്‌ലാമിന്റെ നിലനിൽപ്പിന് തന്നെ നിദാനമായി വർത്തിക്കുന്ന ഘടകമാണ്. ഇത്തരം വ്യാപകമായി അറിയപ്പെട്ട വിശ്വാസപരവും, അനുഷ്ഠാനപരവുമായ കാര്യങ്ങളെ (അറിഞ്ഞുകൊണ്ടും) നിരാകരിച്ച്, ലാഘവത്തോടെ സംസാരിക്കുന്നത് ‘മുർത്തദ്ദാവാൻ’ വരെ കാരണമാകും എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

ലിംഗ്വിസ്റ്റിക്ക് പ്രശ്നങ്ങൾ

ഇബ്നു അറബിയെ ഭാഷാന്തരം ചെയ്യുമ്പോൾ ‘തെറ്റ്/അബദ്ധം’ എന്നീ പദങ്ങൾക്കുള്ള അർത്ഥ വ്യാപ്തിയെ സൂചിപ്പിക്കുന്നതിനാണ് ഇത്രയും പറഞ്ഞത്. ഇനി ഇബ്നു അറബി പറഞ്ഞതിലേക്ക് കടക്കാം. ഫുസൂസുൽ ഹികമിലാണ് ഇബ്നു അറബി തങ്ങൾ പ്രസ്തുത പരാമർശം നടത്തുന്നത് (ആ ലേഖനങ്ങളിലെ റഫറൻസും അതുതന്നെയാണ്). എന്നാൽ, ഇബ്നു അറബി ഫുസൂസിൽ എഴുതുന്നത് ഇങ്ങനെയാണ്

“ففداه ربه من وهم إبراهيم بالذبح العظيم الذي هو تعبير رؤياه عند الله تعالى وهو لا يشعر” (ഫുസൂസ് 85).

ഇവിടെ ഉപയോഗിച്ച പദം وهم (വഹമ) എന്നാണ്. വഹമ എന്ന പദം ഭാഷാപരമായി എന്തെല്ലാം അർത്ഥത്തെയാവും സൂചിപ്പിക്കുന്നത്? സാധാരണ അറബിയിൽ പ്രയോഗത്തിലുള്ളത് അനുസരിച്ച് ആഖ്യാനാത്മകമായൊരു കാര്യത്തിൽ നാല് തലങ്ങളാണുള്ളത്: യഖീൻ, ളന്ന്, ശക്ക്, വഹ്മ്. ഒരു കാര്യത്തിന് മറുസാധ്യതകളില്ലാത്ത വിധം ഒറ്റ സാധ്യത മാത്രം നിലനിൽക്കുകയും, യുക്തിപരമായ താർക്കികചിന്തയിൽ ആ അഭിപ്രായത്തിന് ഒരു വൈരുദ്ധ്യം ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് യഖീൻ; ഒരു കാര്യത്തിന് രണ്ടു സാധ്യതകൾ നിലനിൽക്കുകയും, അതിൽ ഒന്നിന് തെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റേതിനേക്കാൾ പ്രോബബിലിറ്റി ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ളന്ന്; ഒരു കാര്യത്തിന് രണ്ടു സാധ്യതകൾ നിലനിൽക്കുകയും, ഒന്നിന് മറ്റൊന്നിന് മുകളിലോ താഴെയോ സ്ഥാനം നിശ്ചയിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ – നിർണ്ണയരാഹിത്യത്തിന്റെ – തലമാണ് ശക്ക്; ഒരു കാര്യത്തിന് രണ്ടു സാധ്യതകൾ നിലനിൽക്കുകയും, തിരഞ്ഞെടുത്ത ഒന്നിനേക്കാൾ, തിരഞ്ഞെടുക്കാത്തതിന് പ്രോബബിലിറ്റി ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് വഹ്മ്. ലളിതമാക്കി പറഞ്ഞാൽ 100% ഉറപ്പുള്ളത് ‘യഖീനും’, 75% ഉറപ്പുള്ളത് ‘ളന്നും’, 50% ഉറപ്പുള്ളത് ‘ശക്കും’, 25% ഉറപ്പുള്ളത് ‘വഹ്മും’ ആണ് (പ്രാഥമികമായി ഇങ്ങനെയാണ് അവയെ പരിചയപ്പെടുത്താറുള്ളത്). എന്നാൽ, ഇതെല്ലാം പറയുന്ന ആളുടെ ഉറപ്പുമായി ബന്ധപ്പെട്ടതാണ്. മറിച്ച്, ഒരു യാഥാർത്ഥ്യത്തിന്റെ ഹുക്മുമായി (ഒരു കാര്യം ശരിയാണോ, തെറ്റാണോ എന്നതുമായി) ബന്ധപ്പെട്ടതല്ല. ഇവിടെ خطأ (ഖതഅ) എന്ന് പ്രയോഗിച്ചിരുന്നു എങ്കിൽ ‘തെറ്റ്/അബദ്ധം’ എന്ന പ്രയോഗം ശരിയാവുമായിരുന്നു. എന്നാൽ ഇബ്നു അറബി തങ്ങൾ അങ്ങനെ ഉപയോഗിക്കുന്നില്ല, മാത്രമല്ല بل أخذ بظاهر ما رأى (സ്വപ്നത്തിന്റെ ബാഹ്യാർത്ഥത്തെ പരിഗണിച്ചു) എന്നേ പറയുന്നുമുള്ളൂ. എന്നാൽ, അതിനു മുൻപ് നബി തങ്ങൾ (സ്വ), അബൂബക്കർ സിദ്ദീഖ് (റ) നോട് പറയുന്ന ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട് ഇബ്നു അറബി തങ്ങൾ. അതിൽ خطأ (തെറ്റ്) എന്ന പദവും വരുന്നുണ്ട്. അതിനിടയിൽ അതുദ്ധരിച്ചിട്ട് പോലും ഇബ്നു അറബി തങ്ങൾ ഇബ്രാഹീം നബിയോട് ബന്ധപ്പെടുത്തി അതേ പദം പയോഗിച്ചില്ല. അപ്പോൾ വഹമ എന്നതിന് ‘തെറ്റ്/അബദ്ധം’ എന്ന അർത്ഥം നൽകുന്നത് ഉത്തരവാദിത്തമില്ലാത്ത ഉപയോഗങ്ങളാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

അദബിയ്യായ പ്രശ്നനങ്ങൾ

ഭാഷാപരമായി وهم എന്ന പദത്തിന് ‘തെറ്റ്/അബദ്ധം’ എന്ന് വിവർത്തനം ചെയ്യാനാവില്ല എന്ന് നാം കണ്ടു. അതോടൊപ്പം സൂഫീ മൂല്യങ്ങളിൽ പെട്ട ‘അദബ്’ എന്ന ആശയവുമായി അതിനെ ചേർത്ത് വായിക്കേണ്ടതുണ്ട്. سهو, نسيان (സഹ്‌വ് , നിസ്യാൻ) എന്നീ പദങ്ങളെ മുൻ നിർത്തി ഇക്കാര്യം വിശദീകരിക്കാം. മേൽ പറഞ്ഞ രണ്ടു വാക്കുകൾക്കും നാം ‘മറവി’ എന്ന് പൊതുവിൽ അർത്ഥം പറയുമെങ്കിൽ കൂടി അവ പ്രയോഗിക്കുന്ന ഇടങ്ങളിൽ പണ്ഡിതന്മാർ സൂക്ഷ്മത പുലർത്തിയതായി കാണാം.അതായത്, പ്രവാചകന്മാർക്ക് സഹ്‌വ് سهو സംഭവിക്കാമെന്നും, نسيان നിസ്യാൻ അസംഭവ്യമാണെന്നുമാണ് അഖീദ. കാരണം, نسيان കൊണ്ടുള്ള വിവക്ഷ പൂർണ്ണമായും മറവി സംഭവിക്കുക എന്നാണ്. എന്നാൽ سهو കൊണ്ടുള്ള താൽപര്യം നമ്മുടെ قوة حافظة (ഉറച്ച വിശ്വാസം, മനസ്സ്) സ്ഥാനമുറപ്പിച്ചതിന് ശേഷം താൽക്കാലികമായി ഒരു അവ്യക്തത സംഭവിക്കുന്നതിനാണ്. മാത്രമല്ല, അമ്പിയാഇന് سهو സംഭവിച്ചു എന്നതുകൊണ്ടുള്ള ഉദ്ദേശ്യം, അവർക്ക് നിരുപാധികം അവ്യക്തത സംഭവിച്ചു എന്നുമല്ല. മറിച്ച് അവരുടെ മനസ്സ്, അല്ലാഹുവല്ലാതെ മറ്റെല്ലാ വികാരങ്ങളിൽ നിന്നും മുക്തി നേടുമ്പോഴുണ്ടാകുന്ന അവസ്ഥയാണത്. ഇമാം സഖാവി (റ) അദ്ദേഹത്തിൻറെ കവിതയിൽ അത് വ്യക്തമാക്കുന്നുണ്ട്:

يا سائلى عن رسول الله كيف سها
والسهو من كل قلب غاضل لاهى

قد غاب عن كل شيء سره فسها
عما سوى الله فالتعظيم لله

(മറവി അശ്രദ്ധരുടെ കാര്യമാണെന്നിരിക്കെ, അല്ലാഹുവിന്റെ പ്രവാചകരുടെ മറവിയെ കുറിച്ചുള്ള ചോദ്യത്തിന്റെ സാംഗത്യം എന്താണ്!! അല്ലാഹുവിനെയല്ലാതെ എല്ലാം മറന്നവരാണ് അവന്റെ പ്രവാചകർ)

അപ്പോൾ وهم എന്ന പ്രയോഗത്തിന്, കൂടിയാൽ ‘വ്യക്തതക്കുറവ്’ എന്നതിനപ്പുറം പ്രവാചകന്മാരെ സംബന്ധിച്ചിടത്തോളം പറയാൻ അറബി ഭാഷാ സംബന്ധമായി പോലും സാധ്യമല്ല. അതിനാൽ ‘തെറ്റ്/അബദ്ധം’ എന്നീ പ്രയോഗങ്ങൾ ആ അർത്ഥത്തിലും അപര്യാപ്തമായ ഒന്നാണ്. ചേപ്പാല മുദരിസും, കോഴിക്കോട് ജില്ലാ മുശാവറ അംഗവുമായ ഉസ്താദ് ഹുസൈൻ ഫൈസി കൊടുവള്ളിക്ക് (50 വർഷമായി ദർസ് നടത്തുന്ന ഉസ്താദാണ്) ഉണ്ടായ ഒരനുഭവം, ഉലമാ അദബിന്റെ വിഷയത്തിൽ കീപ് ചെയ്യുന്ന കണിശതയുടെ ഒരു എത്നോഗ്രാഫിക്ക് പിക്ച്ചർ നൽകും. ഒരിക്കൽ ഉസ്താദിനോട് ഒരു ബിദ്അത്തുകാരൻ (പ്രമാണങ്ങൾക്കെതിരായി ദീനിനെ വ്യാഖ്യാനിച്ച് പ്രയോഗിക്കുന്നവർ) ദർസുകളിൽ ഓതുന്ന കിതാബുകളെ പറ്റി ‘പുസ്തകം’ എന്ന് പറഞ്ഞാൽ പോരെ എന്ന് ചോദിച്ചു. എന്നാൽ ഉസ്താദ് അവരോട് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: “എന്താണ് നിങ്ങളുടെ പേര്?” അയാൾ പേര് പറഞ്ഞു. അപ്പോൾ ഉസ്താദ് ചോദിച്ചു “നിങ്ങൾ ഇന്ന് മരണപ്പെടുകയാണെങ്കിൽ, നാളത്തെ പത്രത്തിൽ ‘നിങ്ങൾ (പേര്) എന്ന ആൾ ചത്തിരിക്കുന്നു’ എന്ന് അച്ചടിച്ചു വന്നാൽ എങ്ങനെയുണ്ടാകും? നിങ്ങൾക്കത് ഇഷ്ടപ്പെടുമോ?” എന്നാണ് ചോദിച്ചത്. ഇവിടെ മരണത്തിന്റെ പര്യായപദമാണ് ‘ചാവുക’ എന്നത് എങ്കിലും, കൃത്യമായ ബഹുമാനം ഇല്ലാത്തത് കൊണ്ട് അത് ഉപയുക്തമല്ല. ‘തെറ്റ്/അബദ്ധം’ എന്ന പദവും അങ്ങനെത്തന്നെയാണ്.

ഇത്തരം അർത്ഥ പരിസരത്ത് നിന്നും ഇബ്നു അറബി (റ) പോലുള്ള ‘അതീന്ദ്രീയ ജ്ഞാനമുള്ളവരെ’ വ്യാഖ്യാനിക്കേണ്ടത് വളരെ സൂക്ഷമതയോട് കൂടിയാവണം എന്ന് മുസ്ലിം പണ്ഡിതന്മാർ നിർബന്ധം പിടിക്കുന്നത് കാണാം. ‘അല്ലെങ്കിൽ’ – അതിനു കഴിയുന്നില്ലെങ്കിൽ – അതിനെ കുറിച്ച് മൗനം പാലിക്കണം എന്ന് ഇമാം സുയൂഥി അദ്ദേഹത്തിൻറെ ‘തൻബിയത്തുൽ ഖബ്യി ബി തബ്‌രിയത്തി ഇബ്നു അറബി’ എന്ന കൃതിയിൽ പറയുന്നുണ്ട്. ആശയക്കുഴപ്പത്തിലേക്കോ, ആശങ്കയിലേക്കോ വഴിതെളിയിക്കുന്ന ഖുർആനിക സൂക്തങ്ങൾ വ്യാഖ്യാനിക്കുകയോ, അല്ലെങ്കിൽ മൗനം പാലിക്കുകയോ ചെയ്യണമെന്ന അശ്അരീ നിലപാട് ഇതിനോട് ചേർത്തു വായിച്ചാൽ, ഇബ്നു ഹജറുൽ ഹൈതമിയും, സൈനുദ്ദീൻ മഖ്ദൂമും (ഫത്ഹുൽ മുഈൻ) എല്ലാം അവരുടെ കിതാബുകളിൽ പറയുന്ന ‘ഇബ്നു അറബിയെ സംബന്ധിച്ചുള്ള നിരുത്സാഹജനകമായ അഭിപ്രായങ്ങളുടെ’ അർത്ഥം നമുക്ക് വ്യക്തമാകും. ഇബ്‌റാഹീം ലഖാനി (റ) തൻറ്‍റെ ‘ജൗഹറതു തൗഹീദ്’ എന്ന കിതാബിൽ ഉദ്ധരിക്കുന്ന പ്രസ്താവനയിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട്. ഇപ്രകാരം തന്നെയാണ് ‘മുകാശഫ’യുള്ള സൂഫികളുടെ വാക്കുകളും (ഇബ്നു അറബിയും ഒരു സൂഫിയായിട്ടാണ് ഗണിക്കപ്പെടുന്നത്. എന്തെന്നാൽ, ഇബ്നു ഹജറുൽ ഹൈതമി അവരുടെ ‘ഫതാവൽ ഹദീസിയ്യ’യിൽ പറയുന്നത് ‘ഇബ്നു അറബി അവരുടെ കാലഘട്ടത്തിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യനായിരുന്നു, തഖ്വയുള്ള (വിശ്വാസം) മനുഷ്യനായിരുന്നു, ഒരുപാട് പണ്ഡിതരാൽ പിന്തുടരപ്പെടുന്ന ആളായിരുന്നു എന്നൊക്കെയാണ്) അതുകൊണ്ട് അവർ പറയുന്ന വാക്കുകളുടെ അർത്ഥം നമ്മുടെ വ്യവഹാരങ്ങളുടെ പരിസരങ്ങളിലേക്ക് രൂപമാറ്റം സംഭവിച്ച്, നമുക്ക് മനസ്സിലാകുന്ന രൂപത്തിലേക്ക് പരിവർത്തനപ്പെടാനുള്ള ശ്രമങ്ങളിൽ നമുക്കും അവർക്കുമിടയിൽ ഉള്ള വലിയ സമയപരമായ അന്തരം/ ടൈം ഗാപ് പ്രതിബന്ധങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹല്ലാജിനെ പോലുള്ളവർ വധിക്കപ്പെട്ടത് (ചിലപ്പോൾ ഒരു സൂഫിയും മറ്റൊരു സൂഫിയും തമ്മിലും ടൈം ഗാപ് ഉണ്ടാകാം. അഹ്മദ് സർഹിന്ദിയും, ഇബ്നു അറബി തങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതകളിൽ നമുക്കത് കാണാവുന്നതാണ്). അതിനാൽ ‘ടൈം ഗ്യാപ്’ ‘അണ്ടർസ്റ്റാന്റബിലിറ്റി’ മുതലായ ആശയങ്ങൾ സൂഫി വ്യവഹാരങ്ങളെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്.

വിശ്വാസവും നോൺ ഫിനോമിനൽ എത്തിക്‌സും

ഇനി ഇബ്രാഹീം നബി (അ) യുടെ പ്രവർത്തിയിലേക്ക് വരാം.തന്റെ രക്ഷിതാവിന്റെ കൽപന നിറവേറ്റുന്നതോട് കൂടെ, ഇബ്രാഹീം നബിയെ മകൻ ഇസ്മാഈലിനെ (അ) ബലിയറുക്കാൻ തയ്യാറാവാൻ പ്രേരിപ്പിച്ച മറ്റു ചില ഘടകങ്ങൾ കൂടി ഉണ്ട്. ഡാനിഷ് ഫിലോസഫറായ സോറൻ കീർക്കഗാർഡ് അദ്ദേഹത്തിൻറെ ‘ഫിയർ ആൻഡ് ട്രംബ്ലിങ്’ എന്ന കൃതിയിൽ ഇബ്രാഹീം നബിക്ക് അദ്ദേഹത്തിൻറെ ദൈവത്തിലുള്ള അപരിമേയ സ്നേഹവും, വിശ്വാസവുമാണ് ഇസ്മാഈൽ/ഇസ്ഹാക്ക് (രണ്ടാളാണെന്നും പണ്ഡിതർക്കിടയിൽ അഭിപ്രായമുണ്ട്. എങ്കിലും പ്രബലാഭിപ്രായം ഇസ്മാഈൽ നബി തന്നെയാണെന്നാണ്. എന്നാൽ കീർക്കഗാർഡ് ബൈബിൾ പരിസരത്ത് നിന്ന് ഇസ്ഹാക്കിനെ മുൻനിർത്തിയാണ് വായിക്കുന്നത്) നബിയെ ബലിയർപ്പിക്കാനുള്ള ചോദനയായി വർത്തിച്ചതെന്ന് പറഞ്ഞുവെക്കുന്നുണ്ട്. അതായത് ‘ദൈവം പറഞ്ഞു, അതിനാൽ അനുസരിക്കാതിരിക്കാൻ നിവൃത്തിയില്ല’ എന്ന ഭയം കൊണ്ടായിരുന്നില്ല (അതാണ് ഇസ്‌ലാമിനെ പറ്റിയുള്ള ഹെഗലിയൻ അണ്ടർസ്റ്റാന്റിങ്‌), മറിച്ച് ‘ഞാൻ ഇത്രയും സ്നേഹിക്കുന്ന എന്റെ ദൈവം എന്നോട് പറഞ്ഞൊരു കാര്യമാണ്, ഞാൻ ഇത്രയും സ്നേഹിക്കുന്ന ദൈവം എന്നെ ദുഃഖത്തിലാഴ്ത്തുന്ന ഒന്നും തന്നെ പറയുകയില്ല, അതിനാൽ എന്റെ മകൻ കഴുത്തിൽ കത്തി വെച്ച് മുറിച്ചാൽ പോലും എനിക്ക് നഷ്ടപ്പെടില്ല’ എന്ന റാഡിക്കൽ വിശ്വാസത്തിന്റെ മേലാണ് ഇബ്രാഹീം നബി ആ കർമ്മത്തിന് മുതിരുന്നത്. അപ്പോൾ, ഒരു യുക്തിയുമില്ലാതെയുള്ള അല്ലാഹുവിലുള്ള മൗലികമായ വിശ്വാസം കൊണ്ട് മാത്രമേ അത്തരം ഒരു പ്രവർത്തനം ചെയ്യാൻ സാധിക്കൂ. അതെല്ലാവർക്കും സാധിക്കുന്ന കാര്യവുമല്ല. മറിച്ച് ഇബ്രാഹീം നബിയെ പോലെ പ്രവാചകരുടെ കൂട്ടത്തിൽ തന്നെ ഏറ്റവും ഉയർന്ന ആളുകൾക്കേ സാധിക്കൂ. കീർക്കഗാർഡ് അവിടെയുള്ള ഇബ്രാഹീം നബിയെ ‘ഫനറ്റിക്ക്’ ‘ബ്ലൈൻഡ് ടെലയോളജിസ്റ്റ്’ എന്നൊക്കെയാണ് വിളിക്കുന്നത്. ‘മനുഷ്യരുടെ കൂട്ടത്തിൽ ഏറ്റവും കഠിനമായ പരീക്ഷണങ്ങൾ പ്രവാചകന്മാർക്കാണ്’ (അല്ലാഹുവിനോട് ഏറ്റവും അടുത്തവർക്കാണ്) എന്ന തത്ത്വത്തെ ഇതിനോട് ചേർത്തുവായിച്ചാൽ, വിശ്വാസം അതിന്റെ പരമാവധിയിൽ എത്തിയ ഇബ്രാഹീം നബിക്ക് അല്ലാഹു നൽകിയ പരീക്ഷണവും, വിശ്വാസത്തിന്റെയും, പ്രതീക്ഷയുടെയും ദൃഢത മൂലം ആ പരീക്ഷണത്തെ ഇബ്രാഹീം നബി എങ്ങനെ മറികടന്നു എന്നും നമുക്കിതിൽ കാണാം. റൂമിയെല്ലാം പറഞ്ഞത് പോലെ ‘മറ്റു പലതിനും നേടാൻ സാധിക്കാത്തത് സ്നേഹം നിഷ്പ്രയാസം എത്തിപ്പിടിക്കുമല്ലോ’.

കൂടാതെ സൂറത്തുൽ ബഖറയിൽ ഇങ്ങനെ കാണാം

‘وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَى قَالَ أَوَلَمْ تُؤْمِن قَالَ بَلَى وَلَكِن يَطْمَئِنَّ قَلْبِي قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَى كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا وَاعْلَمْ أَنَّ اللّهَ عَزِيزٌ حَكِيمٌ’

(ഇബ്രാഹീം നബി, തന്റെ അല്ലാഹുവിനോട് മരിച്ചവർക്ക് ജീവൻ തിരികെ നൽകുന്ന വിധത്തെ സംബന്ധിച്ച് ആരായുന്നു. ആ അവസരത്തിൽ അല്ലാഹു ഇബ്രാഹീം നബിയോട് ചോദിക്കുന്നു “അല്ലയോ ഇബ്രാഹീം, നിങ്ങൾക്കെന്നെ വിശ്വാസം വരുന്നില്ലേ?” അപ്പോൾ ഇബ്രാഹീം നബി പറയുന്നു “എനിക്ക് വിശ്വാസമാണ്, എങ്കിൽകൂടി റബ്ബിന്റെ ഉത്തരം എന്റെ മനസ്സിന് സമാശ്വാസം പകരും) . അങ്ങനെ ജീവനില്ലാത്ത പക്ഷികൾക്ക് അല്ലാഹു ഇബ്രാഹീം നബിയുടെ മുൻപിൽ വെച്ചു തന്നെ ജീവൻ നൽകിയ സംഭവം സൂറത്തുൽ ബഖറയിൽ മനോഹരമായി വിവരിക്കുന്നുണ്ട്. അപ്പോൾ, ഈ സംഭവത്തിന് ശേഷം അല്ലാഹുവിനോടുള്ള വിശ്വാസം പൂർണ്ണാർത്ഥത്തിൽ ദൃഢത കൈവരിച്ചത്തിന് ശേഷമാണ് ഇബ്രാഹീം നബി ഇത് സ്വപ്നം കാണുന്നതും, സംശയം ഒന്നുമില്ലാതെ അല്ലാഹുവിനോടുള്ള വിശ്വാസത്തിന്റെ മേൽ മകനെ ബലിയർപ്പിക്കാനുള്ള ആ കൽപന ഏറ്റെടുക്കുന്നതും. കാരണം തന്റെ യുക്തിക്കും, മനഃശാന്തിക്കും അതീതമാണ് അല്ലാഹുവിന്റെ ഓരോ തീരുമാനങ്ങളും, കഴിവുകളുമെന്ന് ഇബ്രാഹീം നബിക്ക് അതോട് കൂടെ ‘ലോകത്തിന് മദ്ധ്യത്തിൽ വെച്ചും തന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ’ ആ സംഭവത്തോട് കൂടെ സാധിച്ചിരുന്നു. അതിനാൽ മറ്റൊരു ചിന്തക്ക് അവിടെ സ്ഥാനമേതുമില്ല.

ഇന്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസ്

എന്നാൽ ഇബ്നു അറബി (റ) ഇങ്ങനെ പറയുന്നു ‘وقال الله تعالى لإبراهيم عليه السلام حين فأداه : أن إبراهيم قد صدقت الرؤيا، وما قال له قد صدقت في الرؤيا’. അതായത് അല്ലാഹു പറഞ്ഞത് ‘നിങ്ങൾ സ്വപ്നത്തെ യാഥാർത്ഥ്യമാക്കി’ എന്നാണ് മറിച്ച് അതിന്റെ വ്യാഖ്യാനം പാലിക്കാത്തതിന്റെ പേരിൽ ‘സ്വപ്നത്തിന്റെ അർത്ഥത്തെ നിങ്ങൾ യാഥാർത്ഥ്യമാക്കി’ എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. എന്നാൽ ഇവിടെ സാധ്യമായ ഒരു ചോദ്യം ‘എന്തിനാണ് ഇബ്രാഹീം നബി അത് വ്യാഖ്യാനിക്കേണ്ടിയിരുന്നത്’ എന്നതാണ്. അതായത്, ഒരു സ്വപ്നം അതിന്റെ യഥാർത്ഥ തലത്തിൽ എടുക്കുമ്പോൾ പ്രശ്നമാകുമ്പോഴാണ് അതിനെ യുക്തിബദ്ധമായി വ്യാഖ്യാനിക്കേണ്ടി വരുന്നത്. എന്നാൽ അതിന്റെ ബാഹ്യതലം പ്രശ്നരഹിതമാണെങ്കിൽ പിന്നെ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. ഇസ്‌ലാമിൽ എല്ലാ കാര്യങ്ങളും അങ്ങനെയാണ്. അടിസ്ഥാനം ‘ഹഖീഖത്ത്’ (ഉള്ളതെന്തോ അത്) ആണ്, മറിച്ച് ഹഖീഖത്തിൽ പ്രശ്നം ഉണ്ടാകുമ്പോൾ മാത്രമേ ‘മജാസ്’ (ഉള്ളർത്ഥം, മറ്റൊരു ഉദ്ദേശ്യാർത്ഥം) ആവശ്യം വരുകയും, അതിനാൽ തഅവീൽ (വ്യാഖ്യാനം) ആവശ്യം വരുകയും ചെയ്യുന്നുള്ളൂ. അല്ലാത്ത പക്ഷം ഹഖീഖത്തിന്റെ തഫ്സീർ (ഉള്ളതിന്റെ വിശദീകരണം) കൊണ്ട് വിധി നടപ്പിലാക്കേണ്ടത്. അപ്പോൾ ‘ഇസ്മാഈലിനെ ബലിയർപ്പിക്കാൻ’ ഉള്ള സ്വപ്നം ഇബ്രാഹീം നബിക്ക് പ്രോബ്ലാമാറ്റിക്ക് ആയാൽ മാത്രമേ ആ സ്വപ്നത്തെ വ്യാഖ്യാനിക്കേണ്ടതുള്ളൂ. എന്നാൽ ഇബ്രാഹീം നബിയെ സംബന്ധിച്ചിടത്തോളം ‘തന്റെ മകനെ ബലിയർപ്പിക്കാനുള്ള’ ‘അല്ലാഹു’വിൽ നിന്നുള്ള വഹ്യ് (ദിവ്യബോധനം) പ്രോബ്ലാമാറ്റിക്ക് ആകുമോ? ഇല്ല. എന്തെന്നാൽ, അല്ലാഹുവിനോടുള്ള, യുക്തിരഹിതമായ വിശ്വാസത്താൽ ഇബ്രാഹീം നബി ഫിനോമിനൽ എത്തിക്‌സിനെ (ഡിസ്കോഴ്സുകളാൽ രൂപപ്പെടുന്ന ഭൗതികമായ നൈതിക കാഴ്ച്ചപ്പാടുകൾ) മറികടന്ന ആളാണ്. മറിച്ച്, എത്തിക്‌സിനേക്കാൾ വിശ്വാസത്തിന് പ്രാധാന്യം കൽപിച്ച ആളുമാണ്. അതിനാൽ, ഫിനോമിനൽ എത്തിക്സിൽ ചിന്തിക്കുമ്പോൾ മാത്രമേ ഇബ്രാഹീം നബിക്ക് ‘മകനെ ബലിയർപ്പിക്കാനുള്ള കൽപന’, പ്രശ്നകാരമായി തോന്നുകയും, അതിനാൽ അതിനെ വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുള്ളൂ. എന്നാൽ, വിശ്വാസത്തിന്റെ മണ്ഡലത്തിൽ ജീവിക്കുന്ന ഇബ്രാഹീം നബിക്ക് അത് പ്രശ്നകരമാവുകയില്ല.

ഇബ്രാഹീം നബിയെ നംറൂദ് തീയിലെറിഞ്ഞ സംഭവവും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. യാതൊരു ഭാവപ്പകർച്ചയും കൂടാതെ, നിസ്സങ്കോചം ഇബ്രാഹീം നബി അതിനു വിധേയപ്പെട്ടു കൊടുത്തത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം – തനിക്കൊന്നും അല്ലാഹു സംഭവിപ്പിക്കില്ലെന്ന – നിമിത്തമായിരുന്നു. മാത്രവുമല്ല, ഇമാം ഗസ്സാലിയെ പോലുള്ളവരെല്ലാം പറയുന്നത് പോലെ, ‘തീ’യെ സംബന്ധിച്ചിടത്തോളം ‘കരിക്കുക’ എന്ന പ്രവർത്തനം സൈക്കോളജിക്കൽ നെസസിറ്റി മാത്രമാണ്. മറിച്ച് ഓണ്ടോളജിക്കൽ/ലോജിക്കൽ നെസസിറ്റിയല്ല. കാരണം കോഷാലിറ്റിക്ക് പുറത്തും പ്രപഞ്ചം – പ്രത്യേകിച്ച് വിശ്വാസികളുടെ പ്രപഞ്ചം – പ്രവർത്തിക്കുന്നുണ്ട്.

ഇബ്നു അറബിയെ അക്കാദമിക പരിസരങ്ങളിൽ വ്യാഖ്യാനിക്കുന്നതിലുള്ള, ഭാഷാന്തരം ചെയ്യുന്നതിലുള്ള അപര്യാപ്തതയാണ് ഇത്രയും വിശദികരിച്ചത്. മുൻപ് പരാമർശിച്ചത് പോലെ, മുകാശഫയുടെ (ദിവ്യ ജ്ഞാനം) ആളുകളുടെ വാക്കുകളും, പ്രയോഗങ്ങളും വളരെ സൂക്ഷമതയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ഉദാഹരണത്തിന്, ഇബ്നു അറബി ഒരിക്കൽ അവരുടെ ശിഷ്യരോ(നോ)ട് പറഞ്ഞു ‘معبودك(م) تحت قدمي ‘ (നീ – നിങ്ങൾ – ആരാധിക്കുന്നവർ എന്റെ കാൽചുവട്ടിലാണ്) എന്ന്. പ്രത്യക്ഷാർത്ഥത്തിൽ ഇതിന് ‘അല്ലാഹു എന്റെ കാൽചുവട്ടിലാണ്’ എന്ന നിഷേധാത്മകമായ അർത്ഥമാണ് ഉള്ളതെങ്കിലും, യഥാർത്ഥത്തിൽ തന്റെ ശിഷ്യർ ഭൗതികമായ സുഖങ്ങളെ സ്നേഹിക്കാൻ – അവയെ ആരാധിക്കാൻ, അവക്ക് വേണ്ടി പ്രവർത്തിക്കാൻ – തുടങ്ങിയപ്പോഴാണ് ഇബ്നു അറബി (റ) ഇത് പറഞ്ഞത്. അതിന്റെ ബാഹ്യാർത്ഥം മാത്രം പരിഗണിച്ച് വ്യാഖ്യാനിക്കുന്നവർ വഞ്ചിതരാവുകയാവും ചെയ്യുന്നത്. ഇബ്നു അറബി (റ) യുടെ വാക്കുകളും, പ്രയോഗങ്ങളും അവയുടെ കോണ്ടക്സ്റ്റ് മനസ്സിലാക്കി വ്യാഖ്യാനിക്കുന്ന ഇമാം ശഅറാനിയുടെ (റ.ഹ) ‘അൽ കിബ്രിയാതുൽ അഹ്മർ ഫീ ബയാനി ഉലൂമി ശെയ്ഖുൽ അക്ബർ’ എന്ന കിതാബ് ഈ ഒരു പാഠ്യശാഖയിലേക്ക് പ്രവേശിക്കുന്നവർക്ക് ബേസിക്കായി ഉപകാരമാകും. ഭാഷാപരതയെയും, ഓരോ പ്രയോഗങ്ങളും നില നിൽക്കുന്ന കോസ്മോളജിയെയും, തിയോളജിയേയും പരിഗണിക്കാതെയുള്ള പരിഭാഷയും, വ്യാഖ്യാനങ്ങളും യാഥാർത്ഥ്യത്തിൽ നിന്നും ഒരുപാട് അകലെ ആയിരിക്കും നമ്മെ എത്തിക്കുക.

Featured Image : List of Ibn Arabi’s books

Comments are closed.