ഭാഗം രണ്ട്
ഹജ്ജെഴുത്തുകളുടെ പരിണാമങ്ങൾ
ദക്ഷിണേഷ്യയിൽ നിന്ന് മക്കയിലേക്കുള്ള തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രത്യേകമായൊരു യാത്രാവിവരണ സാഹിത്യശാഖ തന്നെ വികാസം പ്രാപിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത്, 1786ൽ റഫിഉദ്ദീൻ ഫാറൂഖി പേർഷ്യൻ ഭാഷയിൽ എഴുതുകയും പിന്നീട് ഉർദുവിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ‘സവാനിഈ ഹറമൈൻ’ എന്ന ഗ്രന്ഥമാണ്. ഉർദുവിൽ ആദ്യമായി വന്ന കൃതി 1848ൽ സയ്യിദ് ശാഹ് അതാ ഹുസൈൻ ഫാനി ഗയാവി എഴുത്തിയ ‘ദീദീ മഗ്‌രിബ്’ ആണ്. സയ്റുൽ ഹിന്ദ് (ഇന്ത്യൻ യാത്ര), സായിറെ അറബ് (അറേബ്യൻ സഞ്ചാരി), കാഇഫതെ മുറാജഅ (മടക്കത്തിന്റെ കഥ) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വേർതിരിക്കപ്പെട്ട ആ കൃതി ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, അതിന്റെ കയ്യെഴുത്ത് പ്രതി ഗയയിലെ ഖാൻഖാഹ് നഈമിയ്യയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. കൃതിയുടെ ആദ്യ ഭാഗത്ത് ഡൽഹിയിലെ ബഖ്‌തിയാർ ഖാഖിയുടെ ദർഗയിൽ വെച്ച് ബഹദൂർ ശാഹ് സഫറിനെ കണ്ടുമുട്ടിയ ഒരു സംഭവം ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നുണ്ട്. നവാബ് സിക്കന്ദർ ബീഗം 1867ൽ രചിച്ച ‘യാദ് ദശ്ത് താരീഖ്-ഓ-വഖാഇയേ ഹജ്ജ്’ എന്ന കൃതിയിൽ അവരുടെ മക്ക യാത്രാനുഭവങ്ങളാണ് വിവരിക്കുന്നത്. അത് പിന്നീട് ‘Pilgrimage to Mecca’ എന്ന പേരിൽ പിന്നീട് വിവർത്തനം ചെയ്യപ്പെട്ടു. ഹജ്ജെഴുത്ത് എന്ന സാഹിത്യശാഖയുടെ സാമ്പ്രദായിക അതിരുകളെ മാറ്റിവരച്ച, ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യ മുസ്‌ലിം സ്ത്രീ എഴുത്തായിട്ടാണ് അത് പരിഗണിക്കപ്പെടുന്നത്. ഹജ്ജിന്റെ മതപരവും, ആത്മീയവും, നിയമപരവുമായ വശങ്ങൾക്ക് പകരം, മക്കയിലെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതരീതികളും പാരമ്പര്യവുമാണ് ആ കൃതി രേഖപ്പെടുത്തുന്നത്. അതുപോലെ, ഭരണാധികാരികളും, മന്ത്രിമാരും, നയതന്ത്രജ്ഞരുമൊക്കെയായുള്ള അവരുടെ ഔദ്യോഗിക ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു കുലീന പരിപ്രേക്ഷ്യത്തിൽ നിന്നുള്ള ഹജ്ജെഴുത്ത് കൂടിയാണത്. മുകളിൽ സൂചിപ്പിച്ച മൂന്ന് കൃതികളും പ്രസിദ്ധീകരിക്കപ്പെടാത്ത ഹജ്ജ് സാഹിത്യങ്ങളാണ്.
പ്രസിദ്ധീകരിക്കപ്പെട്ട ദക്ഷിണേഷ്യൻ ഹജ്ജ് യാത്രാ സാഹിത്യങ്ങളിൽ പ്രധാനമാണ് 1871ൽ രചിക്കപ്പെട്ട ‘മാഹേ മഗ്‌രിബ്’ അല്ലെങ്കിൽ ‘കഅബാ നുമാ’. സിദ്ദീഖ് ഖാൻ ഉർദുവിൽ പ്രസിദ്ധീകരിച്ച ‘രിഹ്ലതു സിദ്ദീഖ് ഇലാ ബൈതിൽ അത്വീഖ്’ എന്ന കൃതിയാണ് ദക്ഷിണേഷ്യൻ ഹജ്ജ് സാഹിത്യത്തിലെ ആദ്യ കൃതി എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, സഞ്ചാരസാഹിത്യ വിമർശകർക്കിടയിൽ ഇപ്പോഴും തീർപ്പുകൽപിക്കപ്പെടാതെ നിലനിൽക്കുന്ന ഒരു സംവാദ വിഷയമാണത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഒരുപാട് ഹജ്ജ് യാത്രാ വിവരങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിൽ അധികവും, മക്കയിലേക്ക് കടൽ മാർഗ്ഗം ഹജ്ജിന് പോയവരുടെ അനുഭവങ്ങൾ അടയാളപ്പെടുത്തുന്ന കൃതികളായിരുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് തജമ്മുൽ ഹുസൈൻ 1873ൽ പ്രസിദ്ധീകരിച്ച ‘സിറാജുൽ ഹറമൈൻ’, അലീമുദ്ദീൻ 1892ൽ പ്രസിദ്ധീകരിച്ച ‘രിസാലെ-ഈ-ഹജ്ജ്’, സയ്യിദ് ദിലാവർ അലി 1893ൽ പ്രസിദ്ധീകരിച്ച ‘സിയാഹതുൽ ഹറമൈൻ ബി സിയാറതി സഖലൈൻ’, മുഹമ്മദ് ഹഫീസുല്ലാഹ് 1894-5ൽ പ്രസിദ്ധീകരിച്ച ‘സഫർനാമാ-എ-അറബ്’, മിർസാ ഇർഫാൻ അലി ബേ 1895ൽ പ്രസിദ്ധീകരിച്ച ‘സഫർനാമാ-എ-ഹിജാസ്’, മുഹമ്മദ് ഉമർ അലി ഖാൻ 1895-6ൽ പ്രസിദ്ധീകരിച്ച ‘സാദ് ഗരീബ്’ എന്നിവ.
അതുപോലെ, 1901നും 47നും ഇടക്ക് ഹജ്ജിനെക്കുറിച്ചുള്ള മറ്റൊരുപാട് ആഖ്യാനങ്ങളും പുറത്തുവന്നിരുന്നു. കടൽ മാർഗമുള്ള ഹജ്ജിന്റെ വ്യക്തിതല അനുഭവങ്ങളെ അടയാളപ്പെടുത്തുന്നവയായിരുന്നു അവ. ആ രചനകൾ പരിശോധിക്കുകയാണെങ്കിൽ എങ്ങനെയാണ് ആ കാലഘട്ടത്തിൽ ഹജ്ജെഴുത്ത് എന്നൊരു സാഹിത്യശാഖ രൂപം പ്രാപിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കും. അഹ്മദ് ഹുസൈൻ ഖാൻ 1904ൽ പ്രസിദ്ധീകരിച്ച ‘സഫർനാമായെ ഹിജാസ് വോ മിസ്ർ’, 1907ലെ നൂർ ഹുസൈൻ സ്വാബിറിന്റെ ‘റഫീഖുൽ ഹുജ്ജാജ്’, ഖതീബ് ഖാദിർ ബാദ്ഷായുടെ 1907ൽ പ്രസിദ്ധീകരിച്ച ‘സഫറെ ഹിജാസ്’, 1909ലെ ഉമ്മത്തുൽ ഗനി നൂറുന്നീസയുടെ ‘സഫർനാമായെ ഹിജാസ്, ശാം വോ മിസ്ർ’, മുഹമ്മദ് അബ്ദുറഹീം നഖ്‌ശബന്ദിയുടെ 1913ലെ ‘സഫർ ഹറമൈൻ ശരീഫൈൻ’ എന്നിവയെല്ലാം ആ കാലഘട്ടത്തിലെ എഴുത്തുകളിൽ പ്രധാനപ്പെട്ടവയാണ്. ഈ എഴുത്തുകളെല്ലാം തന്നെ അവ എഴുതപ്പെട്ട കാലത്തിന്റെയും പ്രദേശങ്ങളുടെയും സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ദക്ഷിണേഷ്യയുടെ വ്യത്യസ്ത ഭാഷാ, സാംസ്കാരിക, ഭൂപ്രകൃത വ്യത്യാസങ്ങളെ രേഖപ്പെടുത്തുന്ന ഈ എഴുത്തുകളുടെ ഗണത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ‘The Arabia which I Saw’ എന്ന പേരിൽ ആദ്യം ഡെക്കാൻ ടൈംസിൽ ഇംഗ്ലീഷിൽ എഴുതാൻ ഉദ്ദേശിക്കുകയും, എന്നാൽ അതിന് സാധിക്കാതെ പിന്നീട് ‘ഞാൻ കണ്ട അറേബ്യ’ എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത 1946ലെ പള്ളിയാൽ മൊയ്‌ദു ഹാജിയുടെ കൃതി. മലബാറിൽ നിന്ന് മക്കയിലേക്കുള്ള അദ്ദേഹത്തിന്റെ ഹജ്ജ് യാത്രയുടെ അനുഭവസാക്ഷ്യമാണ് ആ പ്രസിദ്ധീകരണം.
1947നും 95നും ഇടയിലുള്ള ഹജ്ജ് യാത്രകൾ ദക്ഷിണേഷ്യയിലെയും ഹിജാസിലെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും കുറിചുള്ള വ്യത്യസ്തമായ ചിത്രങ്ങളാണ് നൽകുന്നത്. ആ കാലഘട്ടത്തിലെ ഹജ്ജെഴുത്തുകളിൽ പ്രധാനപ്പെട്ടവയാണ് 1950ലെ അബുൽ ഹസൻ അലി നദ്‌വിയുടെ ‘മേരെ ഘർ സെ ബൈത്തുല്ലാഹ് തക്’, മസൂദ് ആലം നദ്‌വിയുടെ ‘ദിയാരെ അറബ് മെ ചന്ദ് മാഹ്’, മാഹിറുൽ ഖാദിരിയുടെ 1954ലെ ‘കർവാനെ ഹിജാസ്’ എന്നിവ. ഇവയെല്ലാം ഉറുദുവിൽ എഴുതപ്പെട്ടവയാണ്. എന്നാൽ, അതേസമയം തന്നെ മലബാറിൽ നിന്നുള്ള ഹാജികളും മലയാളത്തിലുള്ള യാത്രാവിവരണങ്ങൾ രചിച്ചിരുന്നു. 1956ൽ സാമൂഹിക വിമർശകനായിരുന്ന ടി അബ്ദുൽ അസീസ് അദ്ദേഹത്തിന്റെ രാണ്ടാമത്തെ ഹജ്ജ് യാത്രയുടെ അടിസ്ഥാനത്തിൽ ‘ഹജ്ജ് യാത്ര’ എന്നൊരു കൃതി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തിനുള്ള കത്തുകളായിട്ടായിരുന്നു അതിലെ അനുഭവങ്ങൾ ആദ്യമായി എഴുതപ്പെട്ടത്. പിന്നീട് ചന്ദ്രിക ആഴ്ചപ്പതിപ്പ് അത് തുടർച്ചയായി പ്രസിദ്ധീകരിക്കുകയും, ശേഷം സരസ്വതി പ്രസ്സും കോഴിക്കോട്ടെ മുംതാസ് ഭവൻ പബ്ലിക്കേഷനും കൂടെ അത് പുസ്തകരൂപത്തിലാക്കുകയും ചെയ്തു.1956ൽ കവിയായിരുന്ന ബീരാൻകുട്ടി മുസ്‌ലിയാർ കുടുംബക്കാരും സുഹൃത്തുക്കളും അറിയാതെ ഒരു ഹജ്ജ് സംഘത്തോടൊപ്പം ബോംബെയിൽ നിന്ന് മക്കയിലേക്ക് നടത്തിയ യാത്രയെ ‘പി ടിയുടെ ഹജ്ജ് യാത്ര’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ 1960ൽ, മുസ്‌ലിം രാഷ്ട്രീയ നേതാവും സഞ്ചാരസാഹിത്യകാരനും കൂടിയായിരുന്ന സി.എച് മുഹമ്മദ് കോയ ഹജ്ജ് യാത്രാനുഭവങ്ങളെ ‘എന്റെ ഹജ്ജ് യാത്ര’ എന്ന പേരിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചു. പിന്നീട്, ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി അത് തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.
അവക്ക് ശേഷം ആ കാലഘട്ടത്തിൽ ഒരുപാട് ഹജ്ജെഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. അമീൻ ഹുസൈൻ ഇസ്‌ലാഹിയുടെ 1960ലെ ‘മുശാഹദാത്തെ ഹറം’, മുഹമ്മദ് റസാ അൻസാരിയുടെ 1965ലെ ‘ഹജ്ജ് കാ സഫർ’, കെ ടി മാനു മുസ്‌ലിയാരുടെ 1970ലെ കത്ത് രീതിയിലുള്ള ‘ഹജ്ജ് യാത്ര’, കെ വി എം പന്താവൂരിന്റെ 1970ലെ ‘ഹജ്ജ് യാത്ര’, മുഹമ്മദ് സാക്കിർ അലി ഖാന്റെ 1972ലെ ‘മിയാൻ കി ഉട്ട്യാ താലേ’, നീലാംബ്ര മരക്കാരുടെ 1972ലെ ‘ഹജ്ജ് യാത്ര’, ടി പി കുട്ട്യാമ്മുവിന്റെ 1974ലെ ‘ഹജ്ജുയാത്രയിലെ സാമൂഹിക ചിന്തകൾ’, മുംതാസ് മുഫ്തിയുടെ 1975ലെ ‘ലബ്ബയ്ക്’, സയ്യിദ് സഈദ് ജീലാനിയുടെ 1976ലെ ‘മുശാഹദാത്തെ ഹറമൈൻ’, ഹാഫിസ് ലുധിയാനവിയുടെ 1977ലെ ‘ജമാൽ ഹറമൈൻ’ എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്. ഈ എഴുത്തുകളെല്ലാം തന്നെ ഓരോ ഹാജിയുടെയും വ്യക്തിഗതമായ അനുഭവങ്ങളെയാണ് അടയാളപ്പെടുത്തുന്നതെങ്കിലും, അവയെല്ലാം കടൽമാർഗമുള്ള ഹജ്ജിനെ അടിസ്ഥാനപ്പെടുത്തിയാണ് രചിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ തുറമുഖ നഗരങ്ങളിലെ അവസ്ഥകൾ, കടൽമധ്യേയുള്ള സംഭവങ്ങൾ, ജിദ്ദയിൽ എത്തിയാലുള്ള അനുഷ്ഠാനങ്ങൾ, ആഗോള മുസ്‌ലിം ആത്മീയ സമൂഹത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ തുടങ്ങി എല്ലാ എഴുത്തുകളിലും ആഖ്യാന സമാനതകൾ കണ്ടെത്താൻ സാധിക്കും.
തീർത്ഥാടന സാഹിത്യത്തിലെ ബദൽ രാഷ്ട്രീയതകൾ
കേവലം ഒരു തീർത്ഥയാത്ര എന്നതിനപ്പുറം ആത്മീയതയും രാഷ്ട്രീയവും ഇടകലർന്ന ഒരു വ്യവഹാരമായിരുന്നു ഹജ്ജ് എന്ന് റോബർട്ട് ബിയാഞ്ചി രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ, മതകീയ ബിംബങ്ങളെ മുൻനിർത്തി പുതിയ സാമൂഹികതകളെയും, സ്വത്വങ്ങളെയും സങ്കല്പിക്കാൻ ഹജ്ജ് അവസരം ഒരുക്കുന്നുണ്ട് എന്ന് നൈൽ ഗ്രീനും, ഹൊമൈറ സിയാദും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഹജ്ജ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്നത് ആ കാലഘട്ടത്തിലെ ആഗോള രാഷ്ട്രീയ ബോധ്യങ്ങൾ മാത്രം ആയിക്കൊള്ളണമെന്നില്ല. മറിച്ച്, ഒരു തീർത്ഥാടകൻ എന്ന നിലയിൽ ഒരു വ്യക്തിയുടെ സ്വത്വപ്രതിസന്ധികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ബോധ്യങ്ങളും ഹജ്ജിന്റെ രാഷ്ട്രീയവ്യവഹാരത്തിൽ ഉൾപ്പെടുന്നുണ്ട്. ഹജ്ജിന്റെ ‘രാഷ്ട്രീയത’ (political) ആരംഭിക്കുന്നത് അതിനെക്കുറിച്ച് എഴുതുന്ന തീർത്ഥാടകന്റെ സാമൂഹിക സ്ഥാനത്തിൽ നിന്നാണ്. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും, സാധാരണ മുസ്‌ലിങ്ങളിൽ നിന്നും, കുലീന വിഭാഗങ്ങളിൽ നിന്നും, പരിവർത്തിത മുസ്‌ലിങ്ങളിൽ നിന്നും, പണ്ഡിതരിൽ നിന്നും, അധികാരവൃന്ദത്തിൽ നിന്നുമെല്ലാം ഹജ്ജെഴുത്തുകൾ രൂപപ്പെടുന്നുണ്ട്. അത്തരം ഓരോ എഴുത്തുകളിലും ഓരോ തരത്തിലുള്ള രാഷ്ട്രീയതയാണ് വ്യക്തമാവുന്നത്. എങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ എഴുതപ്പെട്ടിട്ടുള്ള ഹജ്ജെഴുത്തുകൾ പൊതുവിൽ യാത്രാവേളകളിലും തീർത്ഥാടനകേന്ദ്രങ്ങളിലുമുള്ള തീർത്ഥാടകരുടെ സാമൂഹിക സാംസ്കാരിക ജീവിതങ്ങളെയാണ് രേഖപ്പെടുത്തിയത്. ആവിക്കപ്പൽ ഹജ്ജിന്റെ കാലഘട്ടത്തിലെത്തുമ്പോൾ കപ്പലുകളിലെ സാമൂഹിക സാംസ്കാരിക തലങ്ങളെയാണ് എഴുത്തുകൾ അടയാളപ്പെടുത്തുന്നത്.
വിശാലാർത്ഥത്തിൽ, പട്ടിണിയും പകർച്ചവ്യാധികളും ആരോഗ്യ പ്രശ്നങ്ങളും മരണങ്ങളും, രാഷ്ട്രീയവും സാമൂഹികവുമായ പുതിയ ബോധ്യങ്ങളുടെ രൂപീകരണവും ഒക്കെ അരങ്ങേറുന്ന ഒരു സങ്കീർണ്ണ സമയമായിട്ടാണ് ഹജ്ജ് തീർത്ഥാടനങ്ങൾ മനസ്സിലാക്കപ്പെടുന്നത്. അപ്പോൾ, ഭാവിയിൽ യാത്ര ചെയ്യാനുള്ള തീർത്ഥാടകർക്ക് മനസ്സിലാക്കാനും അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താനുമായി യാത്രാവേളകളിലോ, തിരികെ വന്നതിന് ശേഷമോ തീർത്ഥാടകർ അവരുടെ യാത്രാനുഭവങ്ങളും, മക്കയിൽ അവർ സഞ്ചരിച്ച പ്രദേശങ്ങളുടെ വിവരണങ്ങളുമെല്ലാം എഴുതിവെച്ചിരുന്നു. അതിനാൽ തന്നെ, വ്യത്യസ്ത വസ്തുക്കളും സ്ഥലങ്ങളും (പ്രത്യേകിച്ച് ആവിക്കപ്പൽ എന്ന സ്ഥലവും അന്തർ സാംസ്കാരിക ഇടപാടുകൾ നടക്കുന്ന ഇടങ്ങളും), അവ വിശ്വാസികളുടെ വ്യക്തിപരവും സാമുദായികവുമായ ‘അനുഭവ’ങ്ങളെ രൂപപ്പെടുത്തുന്ന സ്മരണാ മാധ്യമങ്ങളായി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന നിലയിലാണ് ആ എഴുത്തുകളിൽ അവതരിക്കപ്പെട്ടിട്ടുണ്ടാവുക.
തെക്കുകിഴക്കൻ ഏഷ്യയിലെ തീർത്ഥാടന വിവരണങ്ങളെകുറിച്ചുള്ള കൃതിയിൽ എറിക് ടാഗ്ലിയാകോസോ പറയുന്നത് ഹജ്ജ് അനുഭവക്കുറിപ്പുകളെ ഭക്തിയുടെ വശങ്ങളേക്കാൾ യാത്രയുടെ ഭൗതിക പശ്ചാത്തലമാണ് പ്രധാനമായും സ്വാധീനിച്ചത് എന്നാണ്. തീർത്ഥാടനത്തിന്റെ വിവിധ ഘട്ടങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസികളുടെ അനുഭവങ്ങളെ രേഖപ്പെടുത്തുകയാണ് മിക്ക ഹജ്ജ് യാത്രാവിവരണങ്ങളും ചെയ്യുന്നത്. അത്തരം ആഖ്യാനങ്ങൾ സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ മാനങ്ങളുമായി ബന്ധപ്പെട്ട് ആചാരങ്ങളെക്കുറിച്ചുള്ള തീർത്ഥാടകരുടെ കാഴ്ചപ്പാടുകളും, അതിന്റെ ഭൗതിക സന്ദർഭങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഹജ്ജ് ആഖ്യാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് വരികയും, ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലമായി തീർത്ഥാടനം മാറുകയും ചെയ്യുന്ന ഒരു ആധുനിക പ്രതിഭാസമായി ദക്ഷിണേഷ്യൻ ഹജ്ജ് സാഹിത്യങ്ങളെ കാണുന്ന ബർബറ മെറ്റ്കാഫിന്റെ സമീപനം ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്. ഇവിടെ എഴുത്തുകാരന്റെ ചുമതല ഹജ്ജ് എങ്ങനെ തന്റെ വ്യക്തിത്വത്തെയും, പ്രാതിനിധ്യത്തെയും രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള വിവരണമായി മാറുന്നു.
ഈ പശ്ചാത്തലത്തിൽ നിന്ന് വേണം തീർത്ഥാടകൻ എഴുത്തിൽ ഹജ്ജുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ വിശദാംശങ്ങളെ ബോധപൂർവം ഒഴിവാക്കുകയും, പകരം തീർത്ഥാടനത്തിന്റെ അനുഭവ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സമീപകാല പ്രവണതയെ മനസ്സിലാക്കാൻ. യാത്രയുടെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് എഴുത്തുകാർ അതിനൊപ്പം മാറുന്നു. ഓരോ തീർത്ഥാടക എഴുത്തുകാരനും സ്വന്തം അനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളെ അവരുടെ വിവരണങ്ങളുടെ പ്രാഥമിക പരിഗണനയായി എടുക്കുന്നു. ഉദാഹരണത്തിന്, ഭോപ്പാൽ ബീഗത്തിന്റെ ഹജ്ജ് യാത്രാവിവരണം ‘സാമ്രാജ്യ പ്രശ്നങ്ങളിൽ’ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണാം. ഓരോ ആഖ്യാനത്തിന്റെയും പ്രമേയങ്ങൾ തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി വൈവിധ്യമാർന്നതാണ്. കൊളോണിയൽ കാലഘട്ടത്തിലും, ശേഷവുമുള്ള ദക്ഷിണേഷ്യയിൽ നിന്നും എഴുതപ്പെട്ട ഹജ്ജ് രചനകൾ ഇത് വ്യക്തമാക്കുന്നുണ്ട്. കൊളോണിയൽ കാലഘട്ടത്തിനുശേഷം രുപപ്പെട്ട ആഖ്യാനങ്ങൾ ഉഭയകക്ഷി രാഷ്ട്രീയ സംഘട്ടനങ്ങൾ, മതാധിഷ്ഠിത ഭരണകൂടങ്ങൾ തമ്മിലുള്ള വിഭാഗീയ രാഷ്ട്രീയം, ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പ്രതിഫലനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
മതം, രാഷ്ട്രീയം, തീർത്ഥാടകരുടെ സഞ്ചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള അന്വേഷണങ്ങൾ സാധ്യമാണ്. ഒന്നാമതായി, കൊളോണിയൽ കാലത്തെ തീർത്ഥാടന യാത്രകളുമായി ബന്ധപ്പെട്ട അവസ്ഥയെയും, ദക്ഷിണേഷ്യയിൽ നിന്നുള്ള വിശ്വാസികൾ എങ്ങനെയാണ് ഈ യാത്രകളെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുമായുള്ള കണ്ടുമുട്ടലുകളും, മതപരമായ സാർവ്വലൗകികതയിലേക്കുള്ള പ്രവേശനവുമായി മനസ്സിലാക്കിയത്? അതേസമയം, തീർത്ഥാടനത്തെ നിയന്ത്രിക്കുന്നത്തിനായി അധികാരം കൈക്കൊണ്ട നിലപാടുകൾക്കെതിരെയുള്ള അവരുടെ വിമർശനങ്ങൾ എന്തെല്ലാമായിരുന്നു? ഇവിടെ എഴുത്തുകാരൻ സ്വീകരിക്കുന്ന സമീപനം ആഖ്യാന ശൈലിയെ സ്വാധീനിക്കുന്നുണ്ട്. രണ്ടാമതായി, വൈവിധ്യമാർന്ന സാംസ്കാരിക, സാമൂഹിക, ഭൂമിശാസ്ത്രപരമായ സമ്പർക്ക മേഖലകളിൽ നിന്നുള്ള മുസ്‌ലിങ്ങൾക്ക് രാഷ്ട്രീയ ബോധത്തിന്റെയും, രാജ്യാന്തര കൂടിച്ചേരലിന്റെയും രംഗമായി മാറുന്ന യാത്രക്ക് പുതിയ അർത്ഥങ്ങൾ നൽകാൻ തീർത്ഥാടന ആഖ്യാനളെ സജ്ജമാക്കിയ ഘടകങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ്. ഹജ്ജ് വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൂട്ടുന്ന ഒരു ആഗോള സംഗമത്തിന്റെ സ്വഭാവം കൈക്കൊള്ളുന്നുണ്ട്. ഇത് വിശ്വാസത്തിന്റെ ഹൃദയ ഭൂമിയിലേക്ക് ഭൂമിശാസ്ത്രപരമായി അകലെയുള്ള വിശ്വാസികളുമായി ചേർന്ന് ഒരു ആഗോള ബോധം രൂപപ്പെടുത്തുമ്പോൾ തന്നെ ദക്ഷിണേഷ്യയിലെ നിന്നുള്ള നാട്ടുകാരായ മാറ്റ് വിശ്വാസികളുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെക്കുറിച്ചുള്ള അന്വേഷണത്തിൽ ബർബറ കൂപ്പർ പറയുന്നത് ആഗോളവൽക്കരണം പ്രാദേശികതയെ ഉന്മൂലനം ചെയ്യുന്നില്ല, മറിച്ച് മറ്റുരീതികളിൽ അവയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ്.
മലബാറിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജ് യാത്രാ വിവരണങ്ങളിൽ സാധാരണയായി തങ്ങളുടെ നാട്ടുകാരുമായുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തുകയും അവരുടെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത് കാണാം. തങ്ങളുടെ നാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജന്മനാട്ടിലേക്ക് മടങ്ങുമ്പോഴേക്കും അവരുടെ സമീപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതായി കാണാം. നാട്ടുകാരുമായുള്ള ഇത്തരം ബന്ധങ്ങൾ മിക്ക അനുഭവക്കുറിപ്പുകളിലും കാണാനാവും. വിശ്വാസം, ആചാരം, സ്വത്വം എന്നിവയുടെ ഭൂമിശാസ്ത്രത്തിൽ സ്ഥിതി ചെയ്യുന്ന സാർവ്വലൗകിക ലക്ഷ്യങ്ങൾക്കും തീർത്ഥാടനത്തിനും വേണ്ടിയാണ് ഹജ്ജ് നടത്തുന്നതെങ്കിലും വിവിധ പ്രാദേശിക-ആഗോള പശ്ചാത്തലങ്ങളിൽ നിന്നുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാനങ്ങളാൽ അത് സജീവമാണ് എന്ന മൈക്കിൾ ഫിഷറിന്റെയും മെഹ്ദി അബേദിയുടെയും നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ഉദാഹരണത്തിന്, അബ്ദുൾ മജീദ് ദരിയബാദിയുടെ സഫർനാമാ-എ-ഹജ്ജിൽ സാമ്രാജ്യത്വ വിരുദ്ധവും പാൻ-ഇസ്‌ലാമികവുമായ ഒരു ആശയലോകം അദ്ദേഹം രൂപപ്പെടുത്തുന്നത് കാണാം. ദേശീയതയുടെ വിമർശകനായ അദ്ദേഹം വിഭാഗീയ രാഷ്ട്രീയത്തിന്റെ അതിരുകൾ മറികടക്കുന്ന ഒരു സാമുദായിക രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “മത പ്രതിബദ്ധതയിലേക്കുള്ള ഒരു തിരിച്ചുവരവ് ആധുനികതയോടും, ആഗോളവൽക്കരണത്തോടും ഒഴിവാക്കാനാവാത്ത ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ഒരു വിചിന്തനം സാധ്യമാക്കും” എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ എഴുതപ്പെട്ട ഹജ്ജ് വിവരണങ്ങൾ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യകാലം വരെ ആഭ്യന്തര ശത്രുക്കൾക്കെതിരെ പോരാടേണ്ടതിന്റെയും കൊളോണിയൽ ആധിപത്യത്തിനും അതിന്റെ സാംസ്കാരിക സാമ്രാജ്യത്വത്തിനും എതിരെ പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്നത് കാണാം. 1946ൽ മലയാളത്തിൽ എഴുതപ്പെട്ട ഹജ്ജ് യാത്രാവിവരണത്തിൽ യുദ്ധാനന്തര കാലഘട്ടത്തിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള അവസരമായി ആഗോള മുസ്‌ലിം സംഗമത്തെ മൊയ്ദു ഹാജി കാണുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലെ സമുദായത്തിന്റെ രാഷ്ട്രീയവും, സാമ്പത്തികവുമായ സ്ഥിരത കണക്കിലെടുത്ത് ഐക്യദാർഢ്യം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറയുന്നു. മക്കയിലെയും, വിദേശത്തെയും മുസ്‌ലിം സംഘടനകളുടെ രാഷ്ട്രീയ പ്രാധാന്യത്തിനും, കൊളോണിയൽ ഭരണത്തിനെതിരായ അവരുടെ ഉറച്ച നിലപാടുകൾക്കും അദ്ദേഹം ഊന്നൽ നൽകുന്നുണ്ട്.
ചുരുക്കത്തിൽ, ഓരോ കാലഘട്ടത്തിലെയും രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്ന സ്രോതസ്സുകളാണ് ആ കാലഘട്ടങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള ഹജ്ജ് സാഹിത്യങ്ങൾ. നിലനിൽക്കുന്ന സമകാലിക വ്യവസ്ഥകളോട് കൃത്യമായ നിലപാടുകളോട് കൂടിയ ഇടപാടുകളാണ് ഓരോ ഹജ്ജെഴുത്തും രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ, കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനകത്ത് എഴുതപ്പെട്ട ഹജ്ജ് യാത്രാവിവരണങ്ങളിലൊക്കെ തന്നെയും ഹജ്ജുമായി ബന്ധപ്പെട്ട മതകീയവിവരണങ്ങളിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങളെ കാണാൻ സാധിക്കുമെങ്കിലും, സാഹചര്യങ്ങളുടെയും സാങ്കേതികവിദ്യകളുടെയും മാറ്റങ്ങൾ കാരണം അതിനെ അനുഭവിച്ച രീതികളിലും, അതിനെ ആഖ്യാനപരമായി അവർ പ്രതിഷ്ഠിക്കുന്ന പരിസരങ്ങളിലും കാലഘട്ടങ്ങൾ മാറുന്നതിനനുസരിച്ചുള്ള മൗലികമായ വ്യത്യാസങ്ങൾ വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കും.
ഭാഗം ഒന്ന്: കൊളോണിയൽ സമുദ്രങ്ങളിലെ ഹജ്ജനുഭവങ്ങൾ: തീർത്ഥാടനവും ആശയങ്ങളുടെ ആഗോള കൈമാറ്റങ്ങളും.
Featured Image: 1920 Egyptian Arabic Hajj Certificate of the Ka’aba at Mecca
Comments are closed.