ഇമാം ദഹബിയുടെ ‘സിയറു അഅ്ലാമിന്നുബലാ’ എന്ന ഗ്രന്ഥത്തിൽ ഉപജീവനത്തിനായി കച്ചവടം തൊഴിലാക്കിയ പണ്ഡിതന്മാരുടെ കൗതുകം നിറഞ്ഞ ജീവിത കഥകൾ കാണാം. ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതിന് മാത്രമായുള്ള ചെറിയ രീതിയിലുള്ള കച്ചവടങ്ങളായിരുന്നില്ല, മറിച്ച് വലിയ ലാഭമുണ്ടാക്കിയ വിശാലമായ കച്ചവട സംരഭങ്ങളായിരുന്നു അവയിൽ പലതും. അവരിൽ ചിലർ സമകാലികരായ കച്ചവടക്കാർക്കിടയിലെ അതിസമ്പന്നർ പോലുമായിരുന്നു. ഇമാം സഅദ് അസ്സംആനി മര്‍വസിയുടെ ‘അല്‍ അന്‍സാബ്’ എന്ന ഗ്രന്ഥത്തില്‍ തൊഴിലിലേക്ക് പേരു ചേര്‍ത്തിപ്പറയുന്ന പണ്ഡിതന്മാരുടെ വിവരണങ്ങള്‍ കാണാം. സഅദി ഹര്‍വിയുടെ ‘ഫിഖ്ഹ്, ഹദീസ് പണ്ഡിതന്മാര്‍ക്കിടയിലെ തൊഴിലാളികള്‍’ (അസ്സ്വുന്നാഉ മിനല്‍ ഫുഖഹാഇ വല്‍ മുഹദ്ദിസീന്‍), അബ്ദുല്‍ ബാസിത്ത് ബിന്‍ യൂസുഫ് അല്‍ ഗരീബിന്റെ 400 ഓളം തൊഴിലുകളിലായി 1500 ഓളം പണ്ഡിതന്മാരെ പരിചയപ്പെടുത്തുന്ന ‘പണ്ഡിതന്മാരിലേക്ക് ചേര്‍ക്കപ്പെട്ട തൊഴിലും ജോലിയും’ എന്ന ഗ്രന്ഥം എന്നിവ ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. 

മുസ്‍ലിം ജീവിതങ്ങളിലെ വിജ്ഞാനവും, കച്ചവടവും തമ്മിലുള്ള ബന്ധം ജീവിത മാര്‍ഗങ്ങളും ഇസ്‌ലാമിക അധ്യാപനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് കുറിക്കുന്നത്. വൈജ്ഞാനിക യാത്രകളിലൂടെയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സഞ്ചാരങ്ങളിലൂടെയും രൂപപ്പെട്ട വ്യാപകമായ കച്ചവട സാധ്യതകളുടെ ഫലമായി എല്ലാ യാത്രാ സംഘങ്ങളിലും ചരക്കുകള്‍ക്കൊപ്പം കച്ചവടക്കാരും, പണ്ഡിതന്മാരും, വിദ്യാര്‍ഥികളും, കിത്താബുകളും ഇടം പിടിച്ചു. ഈ ബന്ധത്തിന്റെ ഫിലോസഫിയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാൻ ആത്മാവിനും, ഭൗതിക ലോകത്തിനും ഇടയില്‍ ഇസ്‌ലാം സാധ്യമാക്കിയ ശക്തമായ ബന്ധം തിരിച്ചറിയേണ്ടതുണ്ട്. വൈജ്ഞാനിക പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കാൻ ഉതകുന്ന വിധത്തിലുള്ള സമ്പത്തിന്റെ ആധിക്യം ഇത്തരത്തില്‍ പണ്ഡിതന്മാരുടെ സ്വതന്ത്ര വീക്ഷണങ്ങളുടെ ഭാഗമായിരുന്നു.

അതുകൊണ്ടുതന്നെയാണ് ‘അന്ദുലുസിലെ അറബി, ഇസ്‌ലാമിക നാഗരികത’ എന്ന പഠനത്തില്‍ ഗവേഷക ഒലീഖിയാ റെമി രേഖപ്പെടുത്തുന്ന കണക്കുകൾ നമ്മെ അത്ഭുതപ്പെടുത്താത്തത്. 14000 ത്തോളം പണ്ഡിതന്മാരുടെ ജീവചരിത്രം പറയുന്നിടത്ത് അതില്‍ 4200 ലേറെപ്പേരുടെ തൊഴിലുകളെയാണ് അതില്‍ എടുത്തുപറയുന്നത്. അവരില്‍ 22% നെയ്ത്തുകാര്‍, 13% പാചകവിദഗ്ധര്‍, 4% വജ്ര വ്യാപാരികൾ, 4% സുഗന്ധ വ്യാപാരികൾ, 4% തുകല്‍ കച്ചവടക്കാര്‍, 4% ഗ്രന്ഥ വ്യാപാരികൾ, 3% ഖനനം നടത്തുന്നവര്‍, 2% വിറകുവെട്ടുകാര്‍, 2% പലചരക്ക് വ്യാപാരികൾ, 9% മറ്റു തൊഴിലുകള്‍ ചെയ്തവര്‍ എന്നിങ്ങനെയായിരുന്നു. ഈ ആശ്ചര്യജനകമായ കണക്കിന്റെ വിശദീകരണമെന്ന നിലയിലാണ് വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലുമായുള്ള പ്രമുഖ പണ്ഡിതന്മാരുടെ സാമ്പത്തിക കണക്കുകളെ ഇവിടെ വ്യക്തമാക്കുന്നത്.

ആദ്യകാല അനുഭവങ്ങൾ

സത്യത്തില്‍ പണ്ഡിതന്മാരും കച്ചവടവും തമ്മിലുള്ള ബന്ധം കൂടുതല്‍ ചര്‍ച്ചകൾക്ക് വിധേയമാക്കപ്പെട്ടിട്ടില്ല എങ്കിലും പഴയകാലം മുതല്‍തന്നെ മുസ്‍ലിം പണ്ഡിതന്മാരുടെ മനസ്സുകളില്‍ ഇടം നേടാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചിരുന്നു. ഇസ്‌ലാമിക സമൂഹം അതിന്റെ ആദ്യ ഘട്ടത്തില്‍ നിലകൊണ്ടത് അറേബ്യയിലെ മറ്റെല്ലാ ഗോത്രങ്ങളെയും വെല്ലുന്ന രീതിയില്‍ മക്കക്കാരിലെ പ്രമുഖരായ ഖുറൈശികള്‍ കച്ചവടത്തില്‍ നേടിയെടുത്ത പ്രാഗത്ഭ്യം കൊണ്ടായിരുന്നു. ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതു പോലെ ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണകാലത്ത് ശാമിലേക്കുമുള്ള അവരുടെ കച്ചവട യാത്രകള്‍ പ്രസിദ്ധമാണല്ലോ. അതുകൊണ്ടു തന്നെ, ദിവ്യബോധനം ഇറങ്ങുന്നതിനു മുമ്പുതന്നെ ഖദീജ ബീവിയുടെ പകരക്കാരനായി തിരുനബി (സ്വ) കച്ചവടം പരിശീലിച്ചതായി കാണാം. കച്ചവട സമൂഹമായ ഖുറൈശികളിലെ പ്രമുഖയായ ഖദീജ ബീവി കൂലിക്ക് കച്ചവടക്കാരെ നിര്‍ത്തിയതും അക്കൂട്ടത്തില്‍ തിരുനബിക്ക് കൂടുതല്‍ തുക നല്‍കിയതും അബുല്‍ ഖാസിം സുഹൈലി ‘റൗദുല്‍ ഉനുഫി’ ല്‍ വ്യക്തമാക്കുന്നതു കാണാം. ഖദീജ ബീവിക്ക് പുറമെ മറ്റു പലരുമായും പ്രവാചകന് കച്ചവട ബന്ധമുണ്ടായിരുന്നതായും കാണാം. സ്വഹാബികളിൽ (പ്രവാചകന്റെ അനുചരർ) പലരും ഇസ്‌ലാമിലേക്ക് കടന്ന് വരുന്നതിന് മുമ്പും ശേഷവും ഇതേമാര്‍ഗം പിന്തുടര്‍ന്നതായാണ് ചരിത്രം. അധ്വാനത്തെയും തൊഴിലിനെയും ഇസ്‌ലാം അത്രമാത്രം പ്രോത്സാഹിപ്പിച്ചു എന്നതുകൊണ്ടുതന്നെ സ്വഹാബികളുടെ കൂട്ടത്തില്‍ വലിയൊരു വിഭാഗം കച്ചവടക്കാരെ കാണാം.

പ്രഥമ ഖലീഫ അബൂബക്കര്‍ സ്വിദ്ദീഖ് (റ), മൂന്നാം ഖലീഫ ഉഥ്മാൻ (റ) എന്നിവർ മക്കയിലെ പ്രമുഖ വ്യാപാരികളായിരുന്നു. മക്ക വിട്ട് മദീനയിലേക്ക് ഹിജ്‌റ (പലായനം) ചെയ്ത അബ്ദുറഹ് മാന്‍ ബ്നു ഔഫ് പിന്നീട് കച്ചവടം ജീവിതമാര്‍ഗമായി സ്വീകരിക്കുകയും ഇസ്‌ലാമിക ചരിത്രത്തിലെ സ്വഹാബികളുടെ കൂട്ടത്തിലെ അതിസമ്പന്നരുടെ കൂട്ടത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുകയും ചെയ്തതായി കാണാം. ഇമാം ദഹബി ‘സിയറില്‍’ അദ്ദേഹത്തിന്റെ സമ്പത്തിനെ കുറിച്ച് പറയുന്നതു കാണുക: ‘നബി തങ്ങളുടെ കാലത്ത് അദ്ദേഹം തന്റെ സമ്പത്തിന്റെ പകുതിയായ നാലായിരം ദിര്‍ഹം സ്വദഖ ചെയ്തു. പിന്നീട് നാല്‍പതിനായിരം ദീനാറും അഞ്ഞൂറ് കുതിരകളും അഞ്ഞൂറ് ഒട്ടകങ്ങളും സ്വദഖ ചെയ്തു. അദ്ദേഹത്തിന്റെ മിക്ക സമ്പാദ്യവും കച്ചവടത്തിലൂടെ തന്നെയായിരുന്നു’. ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തി’ല്‍ സഅദ് അല്‍ ഖര്‍ള് എന്ന സ്വഹാബിയുടെ അനുഭവം വിവരിക്കുന്നുണ്ട്. എന്തു കച്ചവടം ചെയ്താലും നഷ്ടം മാത്രം ഉണ്ടായിരുന്ന അദ്ദേഹം ഖര്‍ള് (ഊറക്കിടാന്‍ ഉപയോഗിക്കുന്ന ഒരുതരം ചെടി) കച്ചവടം ചെയ്തപ്പോഴായിരുന്നു ലാഭമുണ്ടായിത്തുടങ്ങിയത്. അങ്ങനെയാണ് അത് അദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്തിപ്പറഞ്ഞതും.

പ്രവാചകന്റെ മരണ ശേഷവും ഈ പാരമ്പര്യം തുടരുന്നുണ്ട്. ഇബ്നുല്‍ ജൗസി ‘സ്വൈദുല്‍ ഖാത്വിര്‍’ എന്ന ഗ്രന്ഥത്തില്‍ താബിഉകളുടെ നേതാവായ സഈദ് ബ്നുല്‍ മുസയ്യബ് (റ) വലിയൊരു സമ്പാദ്യം ബാക്കിവെച്ചാണ് മരണപ്പെട്ടതെന്ന് കുറിക്കുന്നുണ്ട്. മറ്റൊരു പ്രമുഖ പണ്ഡിതനായ ഇമാം സുഫിയാനുസ്സൗരി(റ) സൈത്ത് കച്ചവടം നടത്തിയിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാള്‍ അദ്ദേഹത്തിന്റെ തൊഴിലിനോട് വെറുപ്പ് പ്രകടിപ്പിച്ചപ്പോള്‍ ‘നമ്മുടെ കയ്യില്‍ ഈ ദീനാറിന്റെ തുട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ രാജാക്കന്മാരൊക്കെ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന തൂവാലയായി ഞങ്ങളെ കണ്ടേനെ’ എന്നദ്ദേഹം മറുപടി പറഞ്ഞതായി അബൂ നഈമുല്‍ ഇസ്ഫഹാനി ‘ഹുല്‍യത്തുല്‍ ഔലിയാ’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇമാം അബ്ദുല്ലാഹിബ്നുല്‍ മുബാറകും (റ) കച്ചവടക്കാരനായിരുന്നു എന്ന് ഇമാം ദഹബി ‘സിയറി’ല്‍ രേഖപ്പെടുത്തുന്നുണ്ട്. ഇക്കാലത്തെ വ്യാപാരിയായ പണ്ഡിതന്മാരുടെ കൂട്ടത്തിലെ പ്രമുഖനാണ് ലൈഥ് ബ്നു സഅ്ദ്. മിസ്റ് പ്രവിശ്യകളിലെ ഖാദിമാരുടെയും മുതവല്ലിമാരുടെയും നേതാവായ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം ഇരുപത് ലക്ഷം ദീനാറായിരുന്നു!

സമ്പാദനത്തിലേക്കുള്ള വഴി രൂപപ്പെട്ട വിധം

കാലക്രമേണ ഇസ്‌ലാമിക ലോകം വികസിച്ചതോടെ സൈന്യങ്ങളില്‍ പണ്ഡിതന്മാരുടെ പ്രാതിനിധ്യം കുറയുകയും, ഗനീമത്ത് മുതലുകള്‍ നിലക്കുകയും, ഉലമാ ഉമറാ ബന്ധം അത്ര സുഗമമല്ലാതെയാവുകയും ചെയ്തതോടെയാണ് പല പണ്ഡിതന്മാരും മാതൃക രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ജീവിതോപാധിക്കായി കച്ചവടവൃത്തി ചെയ്തു തുടങ്ങിയത്. അതുകൊണ്ടു തന്നെ കച്ചവടം ജീവിതോപാധി ആക്കിയ, സ്വന്തം തൊഴിലിന്റെ പേരില്‍ പ്രസിദ്ധരായ ഒത്തിരി പണ്ഡിതന്മാരെ ചരിത്രത്തിലുടനീളം കാണാം. ഇതിലൂടെ, രാജാക്കന്മാരില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നും അകലം പാലിച്ചു തന്നെ ഗ്രന്ഥ രചനക്കും, ഗ്രന്ഥ ശേഖരണങ്ങള്‍ക്കും വൈജ്ഞാനിക യാത്രകള്‍ക്കുമുള്ള തുക സ്വയം സ്വരൂപിക്കാന്‍ പല പണ്ഡിതര്‍ക്കുമായി. ചരിത്ര ഗ്രന്ഥങ്ങളിലൊക്കെ പണ്ഡിതന്മാരുടെ വലിയൊരു ഗുണവിശേഷമായി ചരിത്രകാരന്മാര്‍ ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നത് കാണാം. ഇമാം ഇബ്നുല്‍ ജൗസി ദീര്‍ഘവീക്ഷണത്തോടെ ഇക്കാര്യത്തെ സമീപിക്കുകയും മുന്‍മാതൃക സൃഷ്ടിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു. രാജാക്കന്മാരുടെയും സമ്പന്നരുടെയും വിധേയത്വത്തില്‍ നിന്ന് സ്വതന്ത്ര്യമായ ഒരു സ്വയം വരുമാന മാര്‍ഗമെന്ന ആശയം ഏറ്റവും പ്രാധാന്യത്തോടെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. സ്വൈദുല്‍ ഖാത്വിറില്‍ അദ്ദേഹം പറയുന്നു: ‘ ജനങ്ങളെ ആശ്രയിക്കാതെ സ്വയം പണം സമ്പാദിക്കുക എന്നതിലും വലിയ കാര്യം ദുനിയാവില്‍ പണ്ഡിതന്മാര്‍ക്ക് ചെയ്യാനില്ല. കാരണം, അറിവിനോടൊപ്പം സമ്പത്തു കൂടിയുണ്ടെങ്കില്‍ ഒരാള്‍ പരിപൂര്‍ണനാവുന്നു. മിക്ക പണ്ഡിതര്‍ക്കും ഇല്‍മിനു വേണ്ടി ജീവിക്കുന്നതിനിടയില്‍ ഉപജീവനമാര്‍ഗം ശ്രദ്ധിക്കാത്തതിനാല്‍ പിന്നീട് മറ്റു പല മാര്‍ഗങ്ങളും അവലംബിക്കേണ്ടതായി വന്നിട്ടുണ്ട്.’ അദ്ദേഹം തുടരുന്നു: ‘സമ്പത്ത് സ്വരൂപിക്കുന്നതില്‍ വിജ്ഞാനത്തിന്റെ ആള്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം. കാരണം, അത് ദീനും ദുനിയാവും ഒരുപോലെ ലഭിക്കാനുള്ള മാര്‍ഗമാണ്. ദീനിന്റെയും സുഹ്ദിന്റെയും (പരിത്യാഗം) വിഷയത്തിലുള്ള കാപട്യം ഉണ്ടാവുന്നതും പലപ്പോഴും ദാരിദ്ര്യം മുഖേനയാണ്. പല സമ്പന്നരും പണ്ഡിതന്മാരെ ചൂഷണം ചെയ്യുന്നതായി കാണാം. സകാത്ത് വിഹിതത്തില്‍ നിന്ന് വല്ലതും നല്‍കിയിട്ട് പണ്ഡിതന്മാരെ നിസ്സാരവല്‍ക്കരിക്കുന്നതായി കാണാം. അത്തരക്കാര്‍ക്ക് വല്ല രോഗമോ മറ്റോ ഉണ്ടായാല്‍, തന്നെ പരിഗണിക്കാത്തും സന്ദര്‍ശിക്കാത്തതുമായ പണ്ഡിതന്മാരുടെ പേരു നിരത്തി അയാള്‍ പറയുന്നതു കാണാം. സത്യത്തില്‍ പണ്ഡിതന്മാരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണിത്. ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ) ഹദിയകള്‍ സ്വീകരിക്കാതിരുന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷം കുറഞ്ഞതും പ്രശസ്തി വർദ്ധിച്ചതും.’

പണ്ഡിതന്മാര്‍ക്ക് നിയമപരിരക്ഷ

മറ്റൊരു വശത്തിലൂടെ നോക്കുമ്പോള്‍, ഇൽമിൽ വ്യാപൃതരാവുന്ന എല്ലാവര്‍ക്കും തൊഴിലുകള്‍ ചെയ്തുതന്നെ ജീവിക്കാനാവണമെന്നില്ല. ചിലപ്പോഴെങ്കിലും ഗ്രന്ഥ രചനക്ക് വേണ്ടി ഒഴിഞ്ഞിരിക്കുന്നതിനും, സ്ഥിരം ദിക്റുകള്‍ക്കും, വിജ്ഞാന സമ്പാദനത്തിനായി യാത്ര ചെയ്യുന്നതിനും ഇത്തരം തൊഴിലുകള്‍ പണ്ഡിതന്മാര്‍ക്ക് തടസ്സമായിട്ടുണ്ട്. അങ്ങനെയാണ് വിജ്ഞാനത്തിനായി ഒഴിഞ്ഞിരിക്കാന്‍വേണ്ടി പണ്ഡിതന്മാര്‍ക്ക് പൊതുഖജനാവില്‍ നിന്ന് ഒരു വിഹിതം നല്‍കണമെന്നും ഇസ്‌ലാമിക ഭാണകൂടം ഈ ദൗത്യം നിര്‍വഹിച്ചില്ലെങ്കില്‍ അത് ജനങ്ങളുടെ പൊതുബാധ്യതയായി (ഫര്‍ദ് കിഫായ) മാറുമെന്നും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്നത്. ഖത്വീബുല്‍ ബദ്ഗാദി ‘കിതാബുല്‍ ഫഖീഹി വല്‍ മുതഫഖിഹ്’ എന്ന ഗ്രന്ഥത്തിലെ ‘പണ്ഡിതന്മാര്‍ക്ക് ഭരണാധികാരി നല്‍കേണ്ട പൊതു അവകാശങ്ങള്‍’ എന്ന അധ്യായത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. അദ്ദേഹം ഉദ്ധരിക്കുന്ന ഒരു സംഭവപ്രകാരം ഹിംസിലെ ഗവര്‍ണര്‍ക്കയച്ച കത്തില്‍ ഖലീഫ ഉമറു ബ്നു അബ്ദില്‍ അസീസ് (റ) പറയുന്നു: ‘മതപഠനത്തില്‍ ബദ്ധശ്രദ്ധരായി പള്ളിയില്‍ കഴിയുന്നവരെ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് ഓരോരുത്തര്‍ക്കും നൂറു ദീനാര്‍ നല്‍കുക’.

ഫത്‌വ നല്‍കിയും, ദര്‍സ് നടത്തിയും, ഇമാമത്ത് അനുഷ്ഠിച്ചും സമുദായത്തിന് ചെയ്യുന്ന സേവനങ്ങളുടെ പ്രത്യുപകാരമെന്നോണം ചില പണ്ഡിതന്മാര്‍ പൊതുഖജനാവില്‍ നിന്നുള്ള അത്തരം തുകകള്‍ സ്വീകരിച്ചുവെങ്കിലും മറ്റു ചിലര്‍ അതു സ്വീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. സൈന്യത്തിനും മറ്റെല്ലാ രാഷ്ട്രത്തിലെ ഔദ്യോഗിക ജോലിക്കാര്‍ക്കും നല്‍കുന്നതു പോലെ പണ്ഡിതന്മാര്‍ക്കും ഉപജീവന മാര്‍ഗമെന്ന ഈ ചിന്ത ഉമറു ബ്നു അബ്ദുല്‍ അസീസ് (റ) ആരംഭിച്ചതായിരുന്നു. കാലങ്ങള്‍ക്കു ശേഷം, അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് രാഷ്ട്രത്തിന്റെയും രാജാക്കന്മാരുടെയും സമ്പന്നരുടെയും ദാനങ്ങളെ പണ്ഡിതന്മാര്‍ കൂടുതലായി ആശ്രയിക്കുന്ന പ്രവണത രൂപംകൊണ്ടത്. പ്രത്യേകിച്ച് ഫത്‌വ, ഖദാഅ്, മറ്റു മതപരമായ ഔദ്യോഗിക സ്ഥാനങ്ങള്‍ നിലവില്‍ വരികയും മദ്ഹബ് കേന്ദ്രീകരിച്ചുള്ള കേന്ദ്രങ്ങളും, മദ്റസകളും രൂപപ്പെടുകയും അവിടെയും മറ്റു ജുമാ മസ്ജിദുകളിലും പിന്തുടര്‍ച്ചാ നിയമപ്രകാരമുള്ള അധികാരക്കസേരകള്‍ നല്‍കപ്പെടുകയും ചെയ്തപ്പോഴായിരുന്നു ഈ പ്രവണത വ്യാപകമായത്. പക്ഷെ, അപ്പോഴും അധികാര സ്ഥാനങ്ങളോട് തെല്ലും അടുക്കാതെ പ്രാദേശിക ഫത്വാ സംഘങ്ങള്‍ രൂപീകരിച്ച് അധികാരത്തോടുള്ള വിധേയത്വം പാടെ നിരസിച്ച പണ്ഡിതന്മാരുമുണ്ടായിരുന്നു.

ഇമാം ഇബ്നുല്‍ ജൗസി (റ) പറഞ്ഞപ്രകാരം ആത്മാഭിമാന രക്ഷാര്‍ഥം അധികാരികളുടെ ഔദാര്യം സ്വീകരിക്കാതെ സ്വയം കച്ചവടം ചെയ്തു ജീവിച്ച പണ്ഡിതന്മാര്‍ ഇത്തരത്തില്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഒരേസമയം തന്നെ യാത്രകളെ കച്ചവടത്തിനും വിജ്ഞാനത്തിനും തൊഴിലിനുമായി ഉപയോഗിച്ച അവരുടെ കൂട്ടത്തില്‍ കൊല്ലന്മാരും, ആശാരികളും, നെയ്ത്തുകാരും, നിറക്കച്ചവടക്കാരും, തേപ്പുകാരും, അത്തര്‍ വില്‍പ്പനക്കാരും ഒക്കെയുണ്ടായിരുന്നു. ഇമാം സംആനിയുടെ ‘അല്‍ അന്‍സാബി’ല്‍ ഇത്തരക്കാരെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. കച്ചവടക്കാരായ പണ്ഡിതന്മാരുടെ വിശാലമായ ലോകം മനസ്സിലാക്കാന്‍ ഇമാം ദഹബിയുടെ ‘സിയറു അഅ്ലാമിന്നുബലാഇ’ ല്‍ പരാമര്‍ശിക്കപ്പെട്ട 150 ഓളം പ്രമുഖ പണ്ഡിതന്മാരെ മാത്രം അന്വേഷിച്ചാല്‍ മതിയാകും. പ്രമുഖ ഹദീസ് പണ്ഡിതനായ യൂസുഫ് ബ്നു സറീഖ് കച്ചവടാവശ്യാര്‍ഥം മിസ്റില്‍ ചെന്ന് അവിടെ വഫാത്തായതും, ഇബ്നു അമ്മാറുല്‍ മൗസ്വിലി കച്ചവടത്തിനായി ബദ്ഗാദില്‍ ചെന്ന് അവിടെ ഹദീസ് അധ്യാപനം നടത്തിയതുമൊക്കെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അന്ദുലുസ് മുതല്‍ ചൈന വരെ വാണിജ്യാര്‍ഥം യാത്ര ചെയ്തവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. അപൂര്‍വമായ അറിവും, സമ്പത്തും കൊണ്ടും അനുഗ്രഹീതനായ മറ്റൊരു പണ്ഡിതനായിരുന്നു ദഅ്ലജ് ബ്നു അഹ്മദ് സിജിസ്താനി. ഇമാം ദഹബി പറയുന്നു: ഹദീസ്, ഫിഖ്ഹ് മേഖലയില്‍ പ്രവീണനായിരുന്ന അദ്ദേഹം ഇരു ഹറമുകളിലും ഇറാഖിലും ഖുറാസാനിലും കച്ചവടം നടത്തിയിരുന്നു. ഇമാം ദാറഖുത്വ്നി അദ്ദേഹത്തെ പറ്റി പറഞ്ഞത് ദഅ്ലജ് എന്നവരേക്കാള്‍ ദൃഢവിജ്ഞാനമുള്ള ഒരാളെയും നമ്മുടെ ശൈഖുമാരുടെ കൂട്ടത്തില്‍ ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു. മൂന്നു ലക്ഷം ദീനാറായിരുന്നു വിയോഗ സമയത്തെ അദ്ദേഹത്തിന്റെ സമ്പാദ്യം.

കച്ചവട യാത്രകള്‍

അന്ദുലുസിലെ കച്ചവടക്കാരായ പണ്ഡിതരില്‍ പ്രമുഖനാണ് ഇബ്നു മസര്‍റ അത്തുജീബീ അത്തുയ്ത്തുലീ. കൊര്‍ദോവയില്‍ ചണം വ്യാപാരം നടത്തിയിരുന്ന അദ്ദേഹം അവിടുത്തെ സര്‍വസമ്മതനായ പണ്ഡിതന്‍ കൂടിയായിരുന്നു. പ്രമുഖ ഹദീസ് പണ്ഡിതനായ ഇബ്നു ജമീഉല്‍ ഗസ്സാവി അസ്സ്വൈദാവി തന്റെ യാത്രകളുടെ പേരില്‍ പേരുകേട്ട ആളും ഹദീസ് സനദുകളെ കുറിച്ച് സിറിയയില്‍ ഏറ്റവും അറിവുള്ള ആളുകൂടിയുമായിരുന്നു. കച്ചവട യാത്രകള്‍ക്കിടെ ശാമിലെയും ഇറാഖിലെയും പേര്‍ഷ്യയിലെയും ഹിജാസിലെയും മിസ്റിലെയും മുപ്പതോളം ഹദീസ് പഠനകേന്ദ്രങ്ങളില്‍ നിന്നായി ഒത്തിരി പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം അദ്ദേഹം സ്വീകരിച്ചതായി ഇമാം ദഹബി ഉദ്ധരിക്കുന്നു. അത്വ്റാഫു സഹീഹൈന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇമാം ഖലഫ് അല്‍ വാസിത്വിയും കച്ചവട യാത്രകള്‍ നടത്തിയിരുന്ന ആളായിരുന്നെന്നും മുസ്തദ്റകിന്റെ രചയിതാവായ ഹാകിം നൈസാബൂരി പോലും അദ്ദേഹത്തെ തൊട്ട് ഹദീസ് നിവേദനം ചെയ്തതായും ഇമാം ദഹബി രേഖപ്പെടുത്തുന്നു. അന്ദുലുസിലെ ഹദീസ് പണ്ഡിതനും ഫഖീഹുമായ സഅദുല്‍ ഖൈര്‍ അല്‍ അന്‍സാരി കച്ചവട – വൈജ്ഞാനിക ആവശ്യങ്ങൾക്കായി അന്ദുലുസ് മുതല്‍ ചൈന വരെ സഞ്ചരിച്ച ആളായതിനാല്‍ അദ്ദേഹത്തിന്റെ പേരിലേക്ക് സ്പെയിനും, ചൈനയും ചേര്‍ത്തിപ്പറയുന്നത് കാണാമെന്ന് ഇമാം ദഹബി പറയുന്നുണ്ട്. മറ്റൊരു ഹദീസ് പണ്ഡിതനായ അബൂ തമാം അബ്ബാസി അല്‍ ബഗ്ദാദി ഇന്ത്യയിലും തുര്‍ക്കിയിലുമായി കച്ചവടാര്‍ഥം നടത്തിയ കപ്പല്‍ യാത്രകള്‍ക്കൊടുവിൽ നൈസാബൂരില്‍ വെച്ചായിരുന്നു മരണമടഞ്ഞത്.

പരിത്യാഗം, ഏകാന്തത

സ്വയം കച്ചവടത്തില്‍ താത്പര്യം കാണിച്ച പണ്ഡിതന്മാര്‍ക്കു പുറമേ, പ്രമുഖ കച്ചവടക്കാരുടെ സന്താനങ്ങളുടെ കൂട്ടത്തില്‍ ജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ ചെലുത്തിയവരും കുടുംബത്തിന്റെ കച്ചവട സ്വത്തുകള്‍ ഉപയോഗിച്ച് ജ്ഞാനപ്രസരണം നടത്തിയവരും അനവധിയായിരുന്നു. ഖത്വീബുല്‍ ബഗ്ദാദി ‘താരീഖു ബഗ്ദാദി’ല്‍ അത്തരക്കാരുടെ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിസമ്പന്നനായ ഇബ്നുല്‍ ഫറജി എന്ന പേരില്‍ വിശ്രുതനായ അബൂ ജഅ്ഫര്‍ അസ്സ്വൂഫി അനന്തരമായി ലഭിച്ച സ്വത്തു മുഴുവന്‍ ജ്ഞാന സമ്പാദനത്തിലും പാവങ്ങളെയും യാത്രക്കാരെയും സ്വൂഫികളെയും സഹായിക്കുന്നതിലും ചെലവഴിക്കുകയായിരുന്നു. ഇബ്നുല്‍ മദീനീയുമായുള്ള സഹവാസത്തിന്റെ ഫലമായി ഫിഖ്ഹിലും ഹദീസിലും അതീവ പ്രാവീണ്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപാട് ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മുഹമ്മദ് ബ്നു അഹ്മദ് അല്‍ അസ്ബഹാനി ‘അസ്സാല്‍'(തേന്‍കാരന്‍) എന്ന പേരില്‍ അറിയപ്പെടുകയും, കച്ചവടക്കാരനായ പിതാവില്‍ നിന്ന് ഒരുപാട് പൂന്തോട്ടങ്ങളും വീടുകളും കടകളും അനന്തരമായി ലഭിക്കുകയും ചെയ്ത ആളുകൂടിയായിരുന്നുവെന്ന് ‘സിയറി’ല്‍ കാണാം. മറ്റൊരു പ്രമുഖ വ്യാപാരിയായിരുന്ന അബൂല്‍ അലാഉല്‍ ഹമദാനി തന്റെ സമ്പത്തു മുഴുവന്‍ വിജ്ഞാനത്തിന്റെ വഴിയില്‍ ചെലവഴിക്കുകയും ബഗ്ദാദിലേക്കും അസ്ബഹാനിലേക്കും തന്റെ ഗ്രന്ഥങ്ങള്‍ ചുമലിലേറ്റി കാല്‍നടയായി യാത്ര ചെയ്യുകയും ചെയ്ത ആളായിരുന്നു. അറിവിന്റെ മാര്‍ഗത്തില്‍ സമ്പത്തു ചെലവഴിച്ച് അവസാനം ദാരിദ്ര്യം പിടികൂടിയപ്പോഴും അധികാരികളുടെ സമ്പത്ത് സ്വീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.

അന്ദുലുസിലെ ഒരു പ്രമുഖ കച്ചവട കുടുംബത്തില്‍ പെട്ട ഹദീസ് പണ്ഡിതയായ, സഅ്ദുല്‍ ഖൈറുല്‍ അന്‍സാരിയുടെ മകളായ ഫാത്തിമ കച്ചവടക്കാരികളായ പണ്ഡിതകളുടെ കൂട്ടത്തിലെ പ്രസിദ്ധമായ നാമമാണ്. ശാഫഈ ഫിഖ്ഹി പണ്ഡിതനായിരുന്ന ശിഹാബുദ്ദീന്‍ അഹ്മദ് ബ്നു മുഹമ്മദ് അല്‍ അന്‍സാരി കൃഷിയിലൂടെയും തുടര്‍ന്ന് കച്ചവടത്തിലൂടെയും ലഭിച്ച വലിയൊരളവ് സമ്പാദ്യം അല്‍ അസ്ഹറിനു വേണ്ടി വഖ്ഫ് ചെയ്യുകയായിരുന്നു. കച്ചവടക്കാര്‍ക്കും ആവശ്യക്കാര്‍ക്കുമിടയിലെ ഇടനിലക്കാരായി ജോലി ചെയ്ത പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ഹജ്ജാജ് ബിന്‍ മിന്‍ഹാല്‍ അല്‍ ബസ്വരിയെ ഇമാം ദഹബി പരാമർശിക്കുന്നുണ്ട്.

കച്ചവടങ്ങളില്‍ വന്നേക്കാവുന്ന സ്വാഭാവിക നഷ്ടങ്ങളില്‍ നിന്ന് പണ്ഡിതന്മാരും മുക്തരായിരുന്നില്ല. മുന്‍പ് സൂചിപ്പിച്ച അബുല്‍ ഫറജ് ബിന്‍ കുലൈബ് അല്‍ ഹര്‍റാനിയുടെ ഭൃത്യന്‍ ആറായിരം ദീനാറോളം വരുന്ന അദ്ദേഹത്തിന്റെ സ്വത്തുമായി കടലില്‍ അപകടത്തില്‍ പെട്ടതോടെ ഏറെ പ്രതിസന്ധിയിലാവുകയും, ജീവിതം പുലര്‍ത്താൻ പ്രയാസപ്പെടുകയും ചെയ്തിരുന്നു. അതുപോലെ, ചില സ്വഹാബികളും മറ്റു പണ്ഡിതന്മാരും കച്ചവടത്തില്‍ നിന്ന് ശിഷ്ടകാലത്തേക്കുള്ള സമ്പത്ത് ലഭിക്കുകയോ നഷ്ടങ്ങള്‍ വല്ലതും ഉണ്ടാവുകയോ ചെയ്താല്‍ ആരാധനയിലും ഇല്‍മിലുമായി ബാക്കി കാലം കഴിച്ചുകൂട്ടുന്ന പതിവുണ്ടായിരുന്നു. അബുദ്ദര്‍ദാഅ്(റ) ഒരുകാലത്ത് പേരുകേട്ട കച്ചവടക്കാരനായിരുന്നെങ്കിലും ഇസ്‌ലാമിന്റെ ആഗമനത്തോടെ കച്ചവടവും ആരാധനയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കച്ചവടം ഉപേക്ഷിച്ച് ആരാധന തെരഞ്ഞെടുക്കുകയായിരുന്നു. പ്രമുഖ ഫഖീഹായിരുന്ന ഇബ്നു ശാദ നൈസാബൂരിയെക്കുറിച്ച് ‘ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യ’ യില്‍ പറയുന്നത് കച്ചവടം ഉപേക്ഷിച്ച് വര്‍ഷങ്ങളോളം പള്ളിയില്‍ കഴിച്ചുകൂട്ടി എന്നാണ്.

ഇത്തരം കച്ചവടങ്ങളുടെ ഫലമായി പണ്ഡിതന്മാരുടെ സ്വയം നിലനില്‍പ്പിനും അതിജീവനവത്തിനുമൊപ്പം ഇസ്‌ലാമിക ലോകത്തിന്റെ എല്ലാ ദിക്കുകളിലേക്കും അറിവിന്റെ വെളിച്ചമെത്തിക്കുക എന്ന ദൗത്യം കൂടി സാധ്യമായിരുന്നു. പൊതുവില്‍ എല്ലാ കച്ചവടക്കാരും, വിശേഷിച്ച് അവരിലെ പണ്ഡിതന്മാരും, ഗ്രന്ഥ വിപണനം ചെയ്യുന്നവരും വിവിധ നാടുകളിലായുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കൈമാറ്റത്തില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മുന്‍പ് സൂചിപ്പിച്ച ഗവേഷക ഒലീഖിയാ റെമിയുടെ പഠനത്തില്‍ ഹിജ്റ 414- 432 വര്‍ഷങ്ങള്‍ക്കിടയില്‍ മുസ്‍ലിം സ്പെയിനിലേക്ക് വന്ന കച്ചവടക്കാരായ പണ്ഡിതന്മാരുടെ വ്യക്തമായ രേഖകളുള്ളതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്ദുലുസ്കാരനായ ഇബ്നു ബശ്കുവാല്‍ അത്തരക്കാരായ 22 ആള്‍ക്കാരുടെ പേരുകള്‍ പറയുന്നുണ്ട്. ബ്നു അബീ ഉസൈബിഅ, പ്രമുഖ അന്ദുലുസ് ഭിഷഗ്വരനായ അബുല്‍ അലാ ബിന്‍ സുഹറിനെ പരിചയപ്പെടുത്തുന്നിടത്ത് അദ്ദേഹത്തിന്റെ കാലത്താണ് ഇബ്നു സീനയുടെ ‘അല്‍ ഖാനൂന്‍’ പടിഞ്ഞാറ് എത്തിയതെന്ന് പറയുന്നുണ്ട്. കേളികേട്ട ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി ഇറാഖില്‍ നിന്ന് അന്ദുലുസിലേക്ക് കൊണ്ടുവന്ന ഒരു കച്ചവടക്കാരന്‍ അത് അബുല്‍ അലാഇന് സ്നേഹോപഹാരമായി നല്‍കുകയുണ്ടായി.

പേര്‍ഷ്യയടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് മധ്യേഷ്യയിലേക്ക് അപൂര്‍വമായ ഗ്രന്ഥശേഖരങ്ങള്‍ എത്തിച്ചിരുന്ന പല കച്ചവടക്കാരുമുണ്ടായിരുന്നു. ‘ഉയൂനുല്‍ അന്‍ബാഅ്’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം:’ഹിജ്റ 632ാം വര്‍ഷം ദമസ്കസിലേക്ക് ജാലിനൂസിന്റെ ‘അവയവങ്ങളുടെ ഉപകാരങ്ങള്‍'(മനാഫിഉല്‍ അഅ്ളാഅ്) എന്ന ഗ്രന്ഥത്തിന് ഇബ്നു അബീ സ്വാദിഖ് നൈസാബൂരി എഴുതിയ വിശദീകരണ ഗ്രന്ഥവുമായി അന്യദേശത്തു നിന്നുള്ള ഒരു കച്ചവടക്കാരന്‍ വരികയുണ്ടായി. ഗ്രന്ഥകാരന്റെ കൈപ്പടയില്‍ നിന്നു തന്നെ ഗ്രന്ഥത്തിന്റെ യഥാര്‍ഥ പതിപ്പാണതെന്ന് വ്യക്തമായ ആ ഗ്രന്ഥത്തിന്റെ ശാമിലെ ആദ്യ പ്രതിയായിരുന്നു അത്’. സഞ്ചാരികളായ, കച്ചവടക്കാരായ പണ്ഡിതന്മാർ പലപ്പോഴും അവർ യാത്രചെയ്യുകയോ, താമസിക്കുകയോ ചെയ്യുന്ന നാടുകളിലേക്ക് പേരു ചേര്‍ത്തിപ്പറയുകയും അവരുടെ സ്വന്തം നാട് അപ്രസക്തമാവുകയും ചെയ്യുന്നത് കാണാം. ‘സ്വീനി'(ചൈനക്കാരന്‍) എന്ന് സ്വയം പേരു സ്വീകരിച്ച സഅ്ദുല്‍ ഖൈറുല്‍ അന്ദുലുസി, ഇറാനിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന തുസ്തര്‍ എന്ന പ്രദേശത്ത് കച്ചവടം ചെയ്തതിനാല്‍ മിസ്റുകാരനായിട്ടും ‘തുസ്തരി’ എന്ന പേരില്‍ വിശ്രുതനായ അഹ്മദ് ബിന്‍ ഈസ എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെട്ടതാണെന്ന് ഖതീബുല്‍ ബഗ്ദാദി ‘താരീഖു ബഗ്ദാദി’ല്‍ രേഖപെടുത്തുന്നുണ്ട്. വൈജ്ഞാനിക മേഖലയുമായി ബന്ധമില്ലെങ്കിലും അറിവിന്റെയും, അതിന്റെ സേവകരുടെയും സംരക്ഷണം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന കച്ചവടക്കാരെയും കാണാനാവും. ആരാധനയാണെന്ന് കണ്ടുതന്നെയായിരുന്നു ഇല്‍മിനു വേണ്ടി പലതും വഖ്ഫ് ചെയ്യലടക്കമുള്ള ദൗത്യങ്ങള്‍ക്ക് തയ്യാറായത്. ഇത്തരത്തിൽ പ്രസിദ്ധനായ ഇദ്രീസുല്‍ അദ്ല് എന്ന വ്യാപാരിയെക്കുറിച്ച് ഇമാം ത്വബ്രി തന്റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.


Featured Image: Louis Haghe after a drawing by David Roberts
വിവർത്തനം: മുഹമ്മദ് ശാക്കിര്‍ മണിയറ

കൂടുതൽ വായനക്ക്: ثروات العلماء التجار

Comments are closed.