ഞണ്ടു നിറച്ച കപ്പൽ‘ പോലെത്തന്നെ Difficult Loves എന്ന സമാഹാരത്തിലുള്ള ഇറ്റാലോ കാൽവിനോയുടെ മറ്റൊരു യുദ്ധകാല കഥയാണ് ഹെഡ്ക്വാർട്ടേഴ്‌സിലേക്കുള്ള യാത്ര (To the headquarters). മനുഷ്യ ബന്ധങ്ങൾക്കിടയിലെ വിശ്വാസങ്ങളിലും വികാരങ്ങളിലും, സാമൂഹികവും പാരിസ്ഥിതികവുമായ ചുറ്റുപാടുകളിലും യുദ്ധം എങ്ങനെയാണ് അതിന്റെ കെടുതികൾ ബാക്കിയാക്കുന്നത് എന്നാണ് കഥ സംസാരിക്കാൻ ശ്രമിക്കുന്നത്. പേരോ, പൗരത്വമോ വെളിപ്പെടുത്തിയിട്ടില്ലാത്ത രണ്ട് മനുഷ്യരാണ് കേന്ദ്ര കഥാപാത്രങ്ങളെന്നത് കഥയുടെ സാർവ്വലൗകികത നിലനിർത്തുന്നതിന് സഹായകമാകുന്നതോടൊപ്പം, യുദ്ധങ്ങൾക്കിടയിൽ അപ്രസക്തമാകുന്ന മനുഷ്യരെ കൂടി അടയാളപ്പെടുത്തുന്നുണ്ട്.

ഒരാൾ ആയുധധാരിയും മറ്റേയാൾ നിരായുധനുമാണ്. ആയുധമുണ്ട്/ ഇല്ല എന്നതാണ് രണ്ടാൾക്കിടയിൽ വേർതിരിയാനുള്ള മാനദണ്ഡം. കത്തി നശിച്ചൊരു കാട്ടിലൂടെയാണ് അവർ യാത്ര ചെയ്യുന്നത്. യുദ്ധം വരുത്തിത്തീർക്കുന്ന ഒരു തരം അനിവാര്യതയാണ് അതെല്ലാം.

തീർന്നെന്ന് വിചാരിക്കുമ്പോൾ വീണ്ടും ആരംഭിക്കുന്ന ഒന്നാണ് യുദ്ധം. പുറമേ നിന്ന് കാണുന്നവർക്ക് അതിനെ മനസ്സിലാക്കുന്നതിൽ പരിമിതികളുണ്ട്. അതിനകത്ത് അകപ്പെട്ടവരനുഭവിക്കുന്ന അരക്ഷിതാവസ്ഥയും വികാര വിചാരങ്ങളും, കഥയിലെ കാടും, കാട്ടുവഴികളും അലച്ചിലുകളും ആലോചനകളും പോലെ നിഗൂഢമാണ്.

എവിടെയാണ് ഹെഡ്ക്വാർട്ടേഴ്സ് എന്ന് നിരായുധൻ ചോദിക്കുമ്പോൾ, “ഒരു വഴിയിലൂടെ ചെന്നെത്തുന്ന ഒരു നിശ്ചിത ഇടമല്ലത്, പകരം എവിടെയാണോ ഹെഡ്ക്വാർട്ടേഴ്സ്, അവിടെയാണത്” എന്നാണ് ആയുധധാരി ഒരിക്കൽ മറുപടി പറയുന്നത്. യുദ്ധം സൃഷ്ടിക്കുന്ന അരാജകത്വവും അനിശ്ചിതത്വവും ആ മറുപടിയുടെ ആഴങ്ങളിൽ തന്നെയുണ്ട്. കഥയുടെ ഒടുവിലെ ബൂട്ടുമായി ബന്ധപ്പെട്ട സംസാരങ്ങളും സംഭവങ്ങളും വിരൽ ചൂണ്ടുന്നത് യുദ്ധങ്ങളുടെ പശ്ചാത്തലങ്ങളിലുള്ള ഉപകഥകളിലേക്കു കൂടെയാണ്.


ഹെഡ്ക്വാർട്ടേഴ്സിലേക്കുള്ള യാത്ര

മിക്കവാറും തീയിൽ കത്തി നശിച്ച ഒരു ചിതറിക്കിടക്കുന്ന കാടായിരുന്നുവത്. പൈൻ മരത്തിന്റെ ഉണങ്ങിയ ചുവന്ന ചുള്ളികൾക്കിടയിൽ ചാരനിറത്തിലുള്ള മരക്കമ്പുകൾ വീണു കിടക്കുന്നുണ്ടായിരുന്നു. ആ മരങ്ങൾക്കിടയിലൂടെ രണ്ട് പുരുഷന്മാർ താഴേക്ക് വളഞ്ഞുപുളഞ്ഞ് നടന്നു വന്നു. ഒരാൾ ആയുധധാരിയും മറ്റയാൾ നിരായുധനും.

“നടക്ക്, നേരെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് നടക്ക്.” ആയുധധാരി പറഞ്ഞുകൊണ്ടിരുന്നു. “ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് നമ്മൾ പോകുന്നത്. അര മണിക്കൂർ നടന്നാലങ്ങ് എത്തും.”

“അവിടെ ചെന്നിട്ട്?”

“അവിടെ ചെന്നിട്ടെന്ത്?”

“എന്നിട്ട് അവരെന്നെ പോകാനനുവദിക്കുമോ?” നിരായുധൻ ചോദിച്ചു. വല്ല അബദ്ധവും വീണു കിട്ടുമോ എന്ന് പരതുന്നത് പോലെ ഓരോ മറുപടിയുടെയും ഓരോ അക്ഷരങ്ങളും അയാൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

“അതെ, അവർ നിങ്ങളെ പോകാനനുവദിക്കും,” ആയുധധാരി പറഞ്ഞു. “ഞാനവർക്ക് ബറ്റാലിയനിൽ നിന്നുള്ള പേപ്പറുകൾ കൈമാറുകയും അവർ അവരുടെ പട്ടികയിലേക്ക് അത് ചേർക്കുകയും ചെയ്യും. അത് കഴിഞ്ഞാൽ നിനക്ക് വീട്ടിൽ പോകാം.”

നിരായുധൻ ഒരു ശുഭാപ്തി വിശ്വാസമില്ലാത്ത പോലെ തലയാട്ടി.

“ഓ, അവർ ഒരുപാട് സമയമെടുക്കും, എനിക്കറിയാം,” അവൻ പറഞ്ഞു. “അവർ നിന്നെ പെട്ടെന്ന് തന്നെ വിടും, ഞാൻ ഉറപ്പു തരുന്നു,” എന്ന് മറ്റയാൾ ഒന്നുകൂടെ ആവർത്തിക്കുന്നത് കേൾക്കാൻ വേണ്ടിയായിരിക്കാം അയാളത് പറഞ്ഞത്.

“ഞാൻ വിചാരിച്ചത്,” നിരായുധൻ തുടർന്നു, “ഇന്ന് ഉച്ചക്കേക്ക് വീട്ടിലെത്തുമെന്നാണ്. ആ.. ക്ഷമിക്കുക തന്നെ.”

“നിങ്ങൾ തീർച്ചയായും എത്തിയിരിക്കും. ഞാൻ വാക്ക് തരുന്നു,” ആയുധധാരി മറുപടി പറഞ്ഞു. “അവർ കുറച്ച് ചോദ്യങ്ങൾ ചോദിക്കും, ഉടനെ തന്നെ നിങ്ങളെ പോകാനനുവദിക്കും. അവരുടെ പക്കലുള്ള ചാരന്മാരുടെ പട്ടികയിൽ നിന്നും നിന്റെ പേര് അവർ വെട്ടിക്കളയും.”

“നിങ്ങളുടെ കയ്യിൽ ചാരന്മാരുടെ ലിസ്റ്റുണ്ടോ?”

“പിന്നില്ലാതെ. എല്ലാ ചാരന്മാരെയും ഞങ്ങൾക്കറിയാം. അവരെ ഓരോരുത്തരെയായി ഞങ്ങൾ പിടിച്ചുകൊണ്ടിരിക്കുകയാണ്.”

“അതിൽ എന്റെ പേരുമുണ്ടോ?”

“ആ, നിന്റെ പേരുമുണ്ട്. അവരെന്തായാലും നിന്റെ പേര് വെട്ടിക്കളയും. അല്ലെങ്കിൽ നീ വീണ്ടും അൽപ്പം സാഹസപ്പെടേണ്ടി വരും.”

“എങ്കിൽ ഞാൻ നേരിട്ട് തന്നെ അവരുടെ അടുത്ത് ചെല്ലുന്നതാണ് നല്ലത്. എല്ലാ കാര്യങ്ങളും എനിക്ക് നേരിട്ട് തന്നെ വിശദീകരിച്ചു കൊടുക്കാമല്ലോ.”

“നമ്മളിപ്പോൾ അങ്ങോട്ടാണ് പോകുന്നത്, അവർക്ക് കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കേണ്ടി വരുമല്ലോ.”

“പക്ഷേ,” നിരായുധൻ പറഞ്ഞു, “ഇപ്പോൾ ഞാൻ നിങ്ങളുടെ പക്ഷത്താണെന്നും ഒരിക്കലും ചാരനല്ലായെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ.”

“അതെ. ഞങ്ങൾക്ക് ഇപ്പോൾ കാര്യങ്ങളെല്ലാം നന്നായറിയാം. നീ വെറുതെ വിഷമിക്കേണ്ടതില്ല.”

നിരായുധൻ തല വെട്ടിച്ച് നാലുപാടും നോക്കി. തീയിൽ കത്തി നശിച്ച വിളറിയ പൈൻ മരങ്ങളും ലാർച്ച് വൃക്ഷങ്ങളുമുള്ള ഒരു വലിയ പറമ്പിലായിരുന്നു അവർ. അവിടെ കൊഴിഞ്ഞു വീണ മരച്ചില്ലകൾ പൊതിഞ്ഞിട്ടുണ്ടായിരുന്നു. വഴി നഷ്ടപ്പെട്ടും, കണ്ടെത്തിയും, വീണ്ടും നഷ്ടപ്പെട്ടും, ചിതറിക്കിടക്കുന്ന പൈൻ മരങ്ങളുള്ള മരക്കൂട്ടങ്ങൾക്കിടയിലൂടെ അവർ ക്രമരഹിതമായി നടന്നുകൊണ്ടിരുന്നു. നിരായുധന് ആ പ്രദേശം പരിചയമില്ലായിരുന്നു. കോടമഞ്ഞിന്റെ നേർത്ത പാളികളിൽ സായാഹ്നം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. താഴെ, കാടുകളെ ഇരുട്ട് വിഴുങ്ങിത്തുടങ്ങിയിരുന്നു. അതയാളെ വ്യാകുലനാക്കി. അവർക്ക് വഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മറ്റയാൾ ഒരു പ്രത്യേക ദിശയിലൊന്നുമല്ലാതെ അലഞ്ഞു നടക്കുന്നതായി തോന്നി. ശരിയായ വഴി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ വീണ്ടും അയാളതിന് പരിശ്രമിച്ചു. പ്രത്യക്ഷത്തിൽ ക്രമരഹിതമായാണെങ്കിലും, മറ്റയാളും ശരിയായ വഴി അന്വേഷിക്കുകയായിരുന്നു. ശേഷം, നിരായുധൻ നടക്കാൻ എളുപ്പമുള്ള ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. ആയുധധാരി അയാളെ അനുഗമിക്കുകയും ചെയ്തു.

അയാൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു. “ഈ ഹെഡ് ക്വാർട്ടേഴ്സ് എവിടെയാണ്?”

“നമ്മൾ അങ്ങോട്ടാണ് പോകുന്നത്,” ആയുധധാരി മറുപടി പറഞ്ഞു. “നീ ഉടൻ തന്നെ അത് കാണും.”

“പക്ഷെ എവിടെയാണ്, ഏത് ഭാഗത്താണ്, അടുത്താണോ, അതോ ഇനിയും കുറേ ദൂരമുണ്ടോ?”

“നോക്ക്,” അയാൾ മറുപടി പറഞ്ഞു, “ഹെഡ് ക്വാർട്ടേഴ്സ് ഏതെങ്കിലും സ്ഥലത്തോ പ്രദേശത്തോ ആണെന്ന് ഒരാൾക്ക് പറയാൻ സാധിക്കില്ല. ഹെഡ് ക്വാർട്ടേഴ്സ് എവിടെയാണോ, അവിടെയാണത്. മനസ്സിലായോ?”

അയാൾക്ക് മനസ്സിലായി. അയാൾ കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരുന്നു. പക്ഷെ അയാൾ വീണ്ടും ചോദിച്ചു, “അങ്ങോട്ടൊരു വഴിയുണ്ടാകില്ലേ?”

മറ്റയാൾ മറുപടി പറഞ്ഞു, “ഒരു വഴിയോ? നീ മനസ്സിലാക്ക്, ഒരു വഴി എപ്പോഴും ഏതെങ്കിലും ഒരു സ്ഥലത്തേക്ക് കൊണ്ടെത്തിക്കും. ഒരാൾ ഹെഡ് ക്വാർട്ടേഴ്സ് എത്തുന്നത് വഴികളിലൂടെയല്ല. നീയൊന്ന് മനസ്സിലാക്ക്.”

നിരായുധന് മനസ്സിലായി. അയാൾ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരുന്നു, ഒരു സമർത്ഥനായ മനുഷ്യൻ.

അദ്ദേഹം ചോദിച്ചു, “നിങ്ങൾ ഇടയ്ക്കിടെ ഹെഡ് ക്വാർട്ടേഴ്സിൽ പോകാറുണ്ടോ?”

“അതെ,” ആയുധധാരി പറഞ്ഞു. “പലപ്പോഴും പോകാറുണ്ട്.”

ദുഃഖം നിറഞ്ഞ ഒരു മുഖവും ശൂന്യമായ ഒരു ഭാവവുമായിരുന്നു അയാൾക്ക്. ആ പ്രദേശങ്ങൾ അയാൾക്ക് നന്നായി അറിയില്ല എന്ന് പ്രത്യക്ഷത്തിൽ തോന്നിച്ചു. എല്ലായ്‌പ്പോഴും അയാൾ ഒരു പരാജിതനെ പോലെ കാണപ്പെട്ടു. ഒരു കാര്യവുമില്ലാത്ത മട്ടിൽ അയാൾ പിന്നെയും നടന്നുകൊണ്ടിരുന്നു.

“എന്നിട്ടെന്തിനാണ് നിങ്ങളോട് എന്നെ ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ന് തന്നെ കൊണ്ടുവരാൻ പറഞ്ഞത്?” നിരായുധൻ സൂക്ഷ്മമായി ചോദിച്ചു.

“അതെന്റെ ജോലിയാണ്, നിങ്ങളെ അവിടെ എത്തിക്കൽ,” അയാൾ മറുപടി പറഞ്ഞു. “ഞാനാണ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ആളുകളെ എത്തിക്കുന്നത്.”

“നിങ്ങൾ അവരുടെ സന്ദേശ വാഹകനാണല്ലേ?”

“അതെ,” ആയുധധാരി പറഞ്ഞു. “അവരുടെ സന്ദേശ വാഹകൻ.”

“ഒരു വിചിത്രനായ സന്ദേശവാഹകൻ തന്നെ” -നിരായുധൻ ചിന്തിച്ചു- “വഴിയറിയാത്ത ഒരു സന്ദേശവാഹകൻ. പക്ഷേ,” -അയാൾ ചിന്തിച്ചു- “ഹെഡ് ക്വാർട്ടേഴ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് ഞാൻ തിരിച്ചറിയും എന്ന് ഭയന്ന് ഇന്നത്തെ ദിവസം മനപ്പൂർവ്വം അയാൾ വഴി മാറി സഞ്ചരിക്കുകയാണ്. അവർക്കെന്നെ ഇപ്പോഴും വിശ്വാസമായിട്ടില്ല. അതൊരു മോശം സൂചനയാണ്.” നിരായുധന് ചിന്തിക്കാതിരിക്കാൻ സാധിച്ചില്ല. അതൊരു മോശം സൂചനയാണെങ്കിൽ പോലും, അയാളെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി സ്വതന്ത്രനാക്കി വിട്ടയക്കാനാണ് അവർ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് എന്നൊരു ശുഭസൂചനയും അവിടെയുണ്ടായിരുന്നു.

മറ്റൊരു അപശകുനം എന്തായിരുന്നു എന്നുവെച്ചാൽ, കാട് കൂടുതൽ നിബിഡമായിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ്. പോരാത്തതിന് അവിടെ നിശബ്ദതയും വിഷണ്ണനായ ആ ആയുധധാരിയുമുണ്ടായിരുന്നു.

“സെക്രട്ടറിയെയും നിങ്ങൾ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയിരുന്നോ? മില്ലിലെ സഹോദരന്മാരെയോ? സ്കൂൾ അധ്യാപികയെയോ?” ചിന്തിക്കാൻ പോലും നിർത്താതെ, ഒറ്റ ശ്വാസത്തിൽ അയാളാ ചോദ്യം ചോദിച്ചു. കാരണം അതായിരുന്നു എല്ലാം അർത്ഥമാക്കിയ നിർണായക ചോദ്യം. സംഘടനയുടെ സെക്രട്ടറി, മില്ലിലെ സഹോദരന്മാർ, സ്കൂൾ അധ്യാപിക, ഇവരെല്ലാവരും കൂട്ടിക്കൊണ്ടുപോയ ശേഷം തിരിച്ചു വരാത്തവരാണ്. അവരെക്കുറിച്ച് പിന്നീട് ഒന്നും കേൾക്കാൻ പോലുമുണ്ടായിരുന്നില്ല.

“സെക്രട്ടറി ഒരു ഫാഷിസ്റ്റായിരുന്നു,” ആയുധധാരി പറഞ്ഞു. “മില്ലിലെ സഹോദരന്മാർ പൗരസേനയിലുള്ളവരായിരുന്നു. സ്കൂൾ അധ്യാപികയും ഫാഷിസ്റ്റുകളുടെ കൂടെ പ്രവർത്തിച്ചവളായിരുന്നു.”

“അവരെന്താണ് തിരിച്ചു വരാത്തത് എന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ടായിരുന്നു.”

“ഞാൻ പറഞ്ഞു വരുന്നത്,” ആയുധധാരി ഊന്നിപ്പറഞ്ഞു, “അവർ അവരാണ്, നീ നീയുമാണ്. ഇവിടെ താരതമ്യങ്ങളില്ല.”

“തീർച്ചയായും,” മറ്റയാൾ പറഞ്ഞു. “ഇവിടെ താരതമ്യങ്ങളൊന്നുമില്ല. അവർക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ഒരു ജിജ്ഞാസ കൊണ്ട് ചോദിച്ചു എന്നേ ഉള്ളൂ.”

നിരായുധന് ആത്യന്ദികമായി ആത്മധൈര്യം അനുഭവപ്പെട്ടു. ഗ്രാമത്തിലെ ഏറ്റവും വലിയ ബുദ്ധിശാലിയായിരുന്നു അയാൾ. അയാളെക്കാൾ മികച്ച ഒരാളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. സെക്രട്ടറിയും സ്കൂൾ അധ്യാപികയും തിരിച്ചുവന്നിട്ടില്ലെങ്കിലും അയാൾ തിരിച്ചു വരും.

“ഞാൻ വലിയ കമറാടാണ്, സഖാവ്.” അയാൾ എന്തായാലും ജർമൻ പട്ടാളക്കാരനോട് പറയും.

“പക്ഷപാതികൾ എന്നെയല്ല, ഞാൻ പക്ഷപാതികളെയാണ് നശിപ്പിക്കുക.” പട്ടാളക്കാരൻ എന്തായാലും ഒന്ന് ചിരിക്കും.

എന്നാൽ കരിഞ്ഞ മരക്കൂട്ടങ്ങൾ അവ്യക്തമായും അനന്തമായും കാണപ്പെട്ടു. അയാളുടെ ചിന്തകളെ, കാടിനു നടുവിലെ ഒഴിഞ്ഞ പറമ്പു പോലെ, ഇരുട്ടും ആ അപരിചിതനും വരിഞ്ഞുമുറുകുകയും ചെയ്തു.

“എനിക്ക് സെക്രട്ടറിയെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ ഒന്നും അറിയില്ല. ഞാൻ അവരുടെ സന്ദേശവാഹകൻ മാത്രമാണ്.”

“എന്നിരുന്നാലും ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് അവരെക്കുറിച്ച് അറിയാമല്ലോ?” നിരായുധൻ കുത്തിക്കുത്തി ചോദിച്ചു.

“അതെ, ഹെഡ് ക്വാർട്ടേഴ്സിൽ ചോദിച്ചോളൂ. അവർക്കറിയാമായിരിക്കും.”

സന്ധ്യ വീണു തുടങ്ങിയിരുന്നു. അസ്വസ്ഥത വളരുന്നതിനിടയിൽ പരസ്പരം പിന്തുടരുമ്പോൾ പെട്ടെന്ന് വല്ല അപകടങ്ങളിലും ചെന്ന് വീഴാതിരിക്കാൻ അയാൾക്ക് പല കാര്യങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടായിരുന്നു. കുറ്റിച്ചെടികൾക്കിടയിലൂടെ വളരെ സൂക്ഷിച്ച് നടക്കണമായിരുന്നു. തിങ്ങിയ ചെടികൾക്കിടയിലെ പാറപ്പുറത്ത് കാലു വഴുതുന്നത് നോക്കണമായിരുന്നു. അതോടൊപ്പം, തന്റെ ചിന്ത ഏതു വഴിക്കാണ് സഞ്ചരിക്കുന്നത് എന്നും ശ്രദ്ധിക്കണമായിരുന്നു.

അയാൾ ഒരു ചാരനാണെന്നാണ് അവർ വിചാരിച്ചിരുന്നതെങ്കിൽ, അയാളെക്കുറിച്ച് യാതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാത്ത ഒരാളുടെ കൂടെ കാട്ടിലൂടെ ഇങ്ങനെ തനിച്ച് സ്വൈര്യമായി നടക്കാൻ അവർ അയാളെ ഒരിക്കലും സമ്മതിക്കുമായിരുന്നില്ല. അയാൾക്ക് എപ്പോൾ വേണമെങ്കിലും മറ്റേയാളിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. അയാളിപ്പോൾ രക്ഷപ്പെടാൻ മുതിർന്നു എന്നിരിക്കട്ടെ, മറ്റേയാൾ എന്തു ചെയ്യാനാണ്?

നിരായുധൻ മരങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ മറ്റയാൾ അല്പം വഴി മാറി സഞ്ചരിച്ചു. ഒരാൾ വലത്തോട്ടും ഒരാൾ ഇടത്തോട്ടും തിരിഞ്ഞു. ആയുധധാരി ഒരു നിലക്കും നിരായുധനെ ശ്രദ്ധിക്കുന്നതായി തോന്നിച്ചില്ല. ചിതറിക്കിടക്കുന്ന വനാന്തരങ്ങളിലൂടെ അവർ യാത്ര ചെയ്തു. ഇപ്പോൾ അവർ തമ്മിൽ അല്പം ദൂരത്തായിത്തീർന്നു. ഇടയിൽ, മരങ്ങളും ചെടികളും മറഞ്ഞ് അവർ പരസ്പരം കാണാതെ വരെയായി. പെട്ടെന്ന് നിരായുധൻ തിരിഞ്ഞു നോക്കിയപ്പോൾ മറ്റയാളെ തന്റെ തൊട്ടു പുറകിലായി കണ്ടു.

“ഇത്തവണ എന്നെ ഒന്ന് വെറുതെ വിട്ടു കഴിഞ്ഞാൽ പിന്നെ അവർക്ക് എന്നെ ഒരിക്കലും പിടിക്കാൻ കഴിയില്ല,” എന്ന് വരെ നിരായുധൻ അപ്പോഴേക്കും ചിന്തിച്ചിരുന്നു. പക്ഷേ അയാൾക്ക് സ്വയം അത്ഭുതം തോന്നി. “ഞാൻ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ…”

അപ്പോഴേക്കും അയാളുടെ മനസ്സിലേക്ക് ജർമ്മൻകാർ കടന്നു വന്നിരുന്നു. ആയുധം നിറച്ച കാറുകളിലും ട്രക്കുകളിലും വരുന്ന ജർമ്മൻ പട്ടാള വ്യൂഹം. മറ്റുള്ളവരുടെ മരണവും തന്റെ രക്ഷയുമായ ഒരു കാഴ്ചയായിരുന്നു അയാൾക്കത്. അയാൾ ഒരു ബുദ്ധിശാലിയായിരുന്നു. അയാളെക്കാൾ മികച്ച ഒരാളെ കണ്ടെത്താൻ സാധിക്കാത്ത ഒരാൾ.

ഇപ്പോഴവർ കാട്ടുവഴിയിൽ നിന്നും ചെടികൾക്കിടയിൽ നിന്നും പുറത്തു കടന്ന്, തീ തൊട്ടിട്ടില്ലാത്ത ഹരിതാഭമായ തിങ്ങിയ മരക്കൂട്ടങ്ങളിലേക്ക് പ്രവേശിച്ചിരുന്നു. അവിടെ നിലത്ത് ഉണങ്ങിയ പൈൻ കമ്പുകളുണ്ടായിരുന്നു. ആയുധധാരി പുറകിലായിരുന്നു. ഒരു പക്ഷേ അയാൾ മറ്റൊരു വഴി തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നേക്കാം. അന്നേരം, നാവ് കടിച്ചു പിടിച്ച് വളരെ ശ്രദ്ധയോടെ നിരായുധൻ തന്റെ വേഗത കൂട്ടുകയും ഉൾക്കാട്ടിലേക്ക് നീങ്ങുകയും ചെയ്തു. പൈൻ മരങ്ങൾക്കിടയിലൂടെ അയാൾ ഓടി. താൻ രക്ഷപ്പെടുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അയാൾ ഒരു നിമിഷം പരിഭ്രാന്തനായി. താൻ ഒരുപാട് ദൂരെയെത്തിയിട്ടുണ്ടെന്നും, താൻ രക്ഷപ്പെടുകയാണെന്ന് മറ്റയാൾക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും, അയാൾ തന്നെ അന്വേഷിക്കുന്നുണ്ടാകുമെന്നും അയാൾ തിരിച്ചറിഞ്ഞു. അയാൾക്ക് ചെയ്യാനുണ്ടായിരുന്ന ഒരേ ഒരു കാര്യം ഓടുക എന്നത് മാത്രമായിരുന്നു. കാരണം, രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതിനു ശേഷം അയാളുടെ വലയത്തിൽ വീണ്ടും പെട്ടാൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അത്രയും ഭീകരമായിരിക്കും.

അയാളൊരു കാലൊച്ച കേൾക്കുകയും കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയും ചെയ്തു. കുറച്ചകലെയായി, യാതൊരു മാറ്റവുമില്ലാതെ ശാന്തമായും പതിഞ്ഞ വേഗത്തിലും ആയുധധാരി തനിക്കു നേരെ നടന്നു വരുന്നതയാൾ കണ്ടു. അയാളുടെ കയ്യിൽ അയാളുടെ തോക്കുണ്ടായിരുന്നു. “ഇതിലെ എന്തായാലും ഒരു കുറുക്കു വഴിയുണ്ടായിരിക്കും,” അയാൾ പറഞ്ഞു. തന്റെ കൂടെ നടക്കാൻ മറ്റയാളോട് ആംഗ്യം കാണിക്കുകയും ചെയ്തു.

എല്ലാ കാര്യങ്ങളും പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങി വന്നു: തീർത്തും അവ്യക്തമായ ഒരു ലോകം, ഒന്നുകിൽ അവിടെ നടക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റായിരിക്കാം, അല്ലെങ്കിൽ പൂർണ്ണമായും ശരിയായിരിക്കാം, മെലിഞ്ഞു വരുന്നതിന് പകരം വണ്ണം വെച്ചു വരുന്ന കാട്, ഒരു വാക്ക് പോലും പറയാതെ തന്നെ രക്ഷപ്പെടുന്നതിന്റെ വക്കു വരെ എത്താൻ അനുവദിച്ച ആയുധധാരിയായ മനുഷ്യൻ.

അയാൾ ചോദിച്ചു, “ഇതിനൊരു അവസാനമില്ലേ, ഈ കാടിന്?”

“നമ്മളിതാ എത്തി, ഈ കുന്നിന്റെ ചെരുവിൽ തന്നെയാണ്,” മറ്റയാൾ പറഞ്ഞു. “ഒന്ന് പിടിച്ച് നിൽക്ക്. ഇന്ന് രാത്രി തന്നെ നിനക്ക് വീട്ടിലെത്താൻ കഴിയും.”

“അവർ എന്നെ വെറുതെ വിടുമെന്ന് ഉറപ്പാണോ? അല്ല, അവരെന്നെ അവിടെ ഒരു ബന്ദിയാക്കി തടഞ്ഞു നിർത്തുകയോ മറ്റോ ചെയ്തെങ്കിലോ?”

“ഞങ്ങൾ ജർമ്മൻകാരല്ല. ഞങ്ങൾ ആരെയും ബന്ദികളാക്കാറില്ല. ഏറിപ്പോയാൽ നിന്റെ ബൂട്ട് അവർ ഊരി വെച്ചേക്കും. ഞങ്ങളെല്ലാവരും ഏകദേശം നഗ്നപാദരാണ്.”

തന്റെ ഷൂസുകൾ തനിക്ക് നഷ്ടപ്പെടുമല്ലോ എന്നയാൾ പിറുപിറുക്കാൻ തുടങ്ങി. പക്ഷേ അയാൾ ഉള്ളിൽ ആഹ്ലാദിക്കുകയായിരുന്നു. ഭാവിയെ കുറിച്ചുള്ള നല്ലതും ചീത്തയുമായ ഓരോ വിവരങ്ങളും, അൽപ്പാൽപ്പമായി ആത്മവിശ്വാസത്തെ വീണ്ടെടുക്കാൻ അയാളെ സഹായിക്കുന്നുണ്ടായിരുന്നു.

“ശരി,” ആയുധധാരി പറഞ്ഞു. “നീ നിന്റെ ബൂട്ട് വല്ലാതെ ചവിട്ടി പിടിച്ചിരിക്കുന്നല്ലോ. ഒരു കാര്യം ചെയ്യാം. ഹെഡ് ക്വാർട്ടേഴ്സ് എത്തുന്നത് വരെ നീ എന്റെ ബൂട്ട് ധരിച്ചോളൂ. എന്റേത് ആകെ പൊളിഞ്ഞു കിടക്കുകയാണ്. അവരത് അവിടെ വാങ്ങി വയ്ക്കില്ല. ഞാൻ നിന്റേതും ധരിക്കാം. തിരിച്ചു വരുന്ന സമയത്ത് വീണ്ടും കൈമാറാം.”

അത് വെറുമൊരു സൂത്രമാണെന്ന് കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുമായിരുന്നു. ആയുധധാരിക്ക് അയാളുടെ ബൂട്ട് വേണ്ടിയിരുന്നു. അയാൾക്ക് ആവശ്യമായ എന്തു വേണമെങ്കിലും കൊടുക്കാൻ മറ്റയാൾ തയ്യാറുമായിരുന്നു. അയാൾക്ക് കാര്യങ്ങളെ കുറിച്ച് അറിയാമായിരുന്നു. വളരെ കുറഞ്ഞ ചിലവിൽ രക്ഷപ്പെടുന്നതിന്റെ ഒരു സന്തോഷം അയാൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. “ഞാനൊരു സമർത്ഥനായ സഖാവാണ്,” ജർമ്മൻ സർജനോട് അയാൾ പറയുമായിരിക്കും. “ഞാനവർക്ക് ബൂട്ട് കൊടുത്തു, അവരെന്നെ വെറുതെ വിട്ടു.” ഒരുപക്ഷേ അത് കേൾക്കുമ്പോൾ, ജർമ്മൻ പട്ടാളക്കാർ ധരിക്കാറുള്ള മുട്ടുവരെയുള്ള ബൂട്ടുകൾ തനിക്ക് സർജൻ നൽകുകയും ചെയ്യുമായിരിക്കും.

“അപ്പോൾ നിങ്ങൾ ആരെയും ബന്ദികളാക്കാറില്ലല്ലോ? സെക്രട്ടറിയേയും മറ്റുള്ളവരെയും ആരെയും ബന്ദികളാക്കാറില്ലല്ലോ?”

“ഞങ്ങളുടെ മൂന്ന് സഖാക്കളെയാണ് സെക്രട്ടറി കൊണ്ടുപോയത്. മില്ലിലെ സഹോദരന്മാർ പൗരസേനയുടെ കൂടെ റൗണ്ട്സിനു പോയവരാണ്. സ്കൂൾ അധ്യാപികയാണെങ്കിൽ ഫാഷിസ്റ്റ് ക്യാമ്പായ പത്താം ഫ്ലോട്ടില്ലയിലെ പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടവളുമാണ്.”

നിരായുധൻ ഒന്ന് പകച്ചു നിന്നു. അയാൾ പറഞ്ഞു, “ഒരു നിലക്കും ഞാനൊരു ചാരനാണെന്ന് നിങ്ങൾ കരുതുന്നില്ലല്ലോ അല്ലേ? എന്നെ ഒരിക്കലും കൊല്ലാൻ വേണ്ടി ഒന്നുമല്ലല്ലോ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നത്?” ചിരിക്കുകയാണെന്ന് തോന്നിക്കാൻ അയാൾ കുറച്ചു പല്ലുകൾ വെളിയിൽ കാണിച്ചു.

“ഞങ്ങൾ നിങ്ങളെ ഒരു ചാരനായി കരുതിയിരുന്നെങ്കിൽ,” ആയുധധാരി പറഞ്ഞു, “ഞാനിത് ചെയ്യില്ലായിരുന്നു.” അയാൾ കയ്യിലുണ്ടായിരുന്ന തോക്ക് വെടി പൊട്ടിക്കാൻ പാകത്തിലാക്കി. അതയാളുടെ തോളിൽ വെച്ച് വെടിവെക്കാൻ പോവുകയാണെന്ന് തോന്നിക്കുന്ന രീതിയിൽ ഒന്ന് ഇളക്കി.

“ഏയ്,” ചാരൻ ചിന്തിച്ചു. “അയാൾ വെടി വെക്കുകയായിരിക്കില്ല.”

പക്ഷേ മറ്റയാൾ തോക്ക് താഴ്ത്താൻ കൂട്ടാക്കിയില്ല. പകരം അയാൾ കാഞ്ചി വലിക്കുക തന്നെ ചെയ്തു.

“അക്രമമാണ്, അക്രമമായിട്ടാണ് ഈ വെടി വെക്കുന്നത്,” ചാരന് ചിന്തിക്കാൻ മാത്രം സമയം ലഭിച്ചിരുന്നു.

ഒരിക്കലും നിലയ്ക്കാത്ത അഗ്നിമുഷ്ടി പോലുള്ള ബുള്ളറ്റുകൾ അയാളിൽ പതിക്കുന്നതായി അനുഭവപ്പെട്ടപ്പോൾ, “എന്നെ കൊന്നുവെന്നാണ് അയാൾ കരുതുന്നത്, പക്ഷേ ഞാൻ ജീവനോടെയുണ്ട്,” എന്ന ചിന്ത അപ്പോഴും അയാളുടെ മനസ്സിലൂടെ കടന്നുപോയി.

അയാൾ മുഖം കുത്തി താഴെ വീണു. അവസാന വെടി പൊട്ടുമ്പോൾ, കാലുറ ധരിച്ച കാൽപാദങ്ങളുടെയും, അയാളുടെ കാലിൽ നിന്നും ബൂട്ടുകൾ വലിച്ചൂരുന്നതിന്റെയും ദൃശ്യങ്ങൾ അയാളറിഞ്ഞു.

കാടിന്റെ ആഴങ്ങളിൽ ഒരു ശവശരീരമായി അയാൾ ബാക്കിയായി. അയാളുടെ വായയാകെ പൈൻ മരക്കമ്പുകൾ നിറഞ്ഞു. രണ്ടു മണിക്കൂറുകൾക്ക് ശേഷം ഉറുമ്പ് നിറഞ്ഞ് അയാൾ കറുത്തു പോയിട്ടുണ്ടായിരുന്നു.


Featured Image: Image taken from page 537 of ‘British Battles on Land and Sea’

വിവർത്തനം: ശിബിലി അബ്ദുസ്സലാം

Comments are closed.