വീടിന്റെ പിറകുവശത്തായി ഒരു കോഴിക്കൂടുണ്ട്. പിച്ചവെച്ച് നടക്കുന്ന എന്റെ മൂന്ന് വയസ്സുകാരനെയും കൊണ്ട് വല്ലപ്പോഴുമൊക്കെ വീടിനുചുറ്റും ഒന്ന് കറങ്ങാനിറങ്ങിയാൽ കുറച്ചുനേരം ഞങ്ങൾ അവിടെ തങ്ങും. നിലത്തുവിരിച്ച നനഞ്ഞ ചാക്കും കോഴിക്കാഷ്ഠത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധവും കൂടിച്ചേർന്നപ്പോൾ കൂടിനുചുറ്റും ശക്തമായ കാറ്റിൽ മാത്രം ഇളകുന്ന തിങ്ങിയ ഒരു പാളി രൂപപ്പെട്ടിട്ടുണ്ട്. ഇടയ്ക്ക് കൂട്ടിലെ കോഴിക്കുഞ്ഞുങ്ങളെ കാണുമ്പോൾ ഞങ്ങൾ അവയുമായി ചേർന്ന് കുറച്ച് നേരം കളിക്കാനിരിക്കും. കൂടിന്റെ ഗ്രില്ലുകൾക്കിടയിലൂടെ വിരൽത്തുമ്പ് അകത്തേക്ക് നീട്ടി കോഴി കയ്യിൽ കൊത്താനായുമ്പോൾ കൊത്തേൽക്കുന്നതിന് മുമ്പ് കൈകൾ വലിക്കണം. അതാണ് കളി. കൈ വലിക്കുന്നതിന്റെയും കൊത്താനായി മുന്നോട്ടാഴുന്നതിന്റെയും ഇടയിൽ സമയദൈർഗ്യം എത്രത്തോളം കുറവാണോ അത്രത്തോളം ആവേശം നിറഞ്ഞതായിരിക്കും ഗെയിം. ഇത് ഗൈമിലെ മനുഷ്യ-മൃഗ ബന്ധങ്ങളെ ആവിഷ്കരിക്കുന്ന ഭാഗമാണ്. ഇനി മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ മറ്റൊരു ഭാഗം കൂടിയുണ്ട്. കോഴി വിരലിലേക്ക് സസൂക്ഷ്മം ശ്രദ്ധിക്കുന്നതിന്റെയും മുന്നോട്ടായുന്നതിന്റെയും ഇടക്കുള്ള നിമിഷങ്ങളാണ് ഇത്. അടുത്തുനിന്ന് നിരീക്ഷിക്കുന്ന കൂട്ടുകാരൻ കൈ വലിക്ക് എന്ന് പറയുമ്പോഴേക്കും കളിക്കുന്നവൻ പിരിമുറുക്കത്തിൽ നിൽക്കുന്ന നിമിഷങ്ങളാണ് ഏറ്റവും രസകരം.
ഒരിക്കൽ ഇത്തരമൊരു കളിക്കിടയിൽ വിരൽത്തുമ്പ് അകത്തേക്കിട്ടു കൈ വലിച്ചും ഉള്ളിലേക്കിട്ടും ഞാൻ കൊടുത്തുകൊണ്ടിരുന്ന നിർദ്ദേശങ്ങളോട് അവൻ പ്രതികരിക്കുന്നുണ്ടായിരുന്നു.
“കൈ വലിച്ചോ… അതിപ്പോ കൊത്തും” ഞാൻ പറഞ്ഞു.
പെട്ടന്ന് അവൻ എന്റെ നേരെ തിരിഞ്ഞു. എന്റെ ഓർമ്മയിലെ ചിത്രത്തിൽ ഈ നിമിഷത്തിന് ഒരു സ്ലോ മോഷൻ സീഖ്വൻസിന്റെ മുഴുവൻ പ്രാധാന്യവുണ്ട്. ഒന്ന് മറ്റൊന്നിൽ നിന്നും ചെറുതായൊന്നു തെറ്റി മുന്നോട്ടുവെച്ച അവന്റെ കാലുകൾ എനിക്ക് കാണാം. വരയുള്ള ടീഷർട്ടും ചാരനിറത്തിലുള്ള ഷൊർട്സുമാണ് അവൻ ധരിച്ചിരിക്കുന്നത്. ക്യാമറ അവനിൽ മാത്രം ഫോക്കസ് ചെയ്യുമ്പോൾ ഫ്രെയിമിന്റെ ഒരു മൂലയിൽ മങ്ങിയ ഒരു ചിത്രം മാത്രമായി കോഴിക്കൂട് മാറുന്നു. അവൻ എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു “ഉപ്പാ.. അത് കൊത്തുകയല്ല .. ഉമ്മ വെക്കുകയാണ്.”
ഒരു കോഴിക്കൊത്തിൽ നിന്നും ഒഴിഞ്ഞുമാറുമ്പോയുണ്ടാകുന്ന ആവേശവും ഒരു ചുംബനത്തിന്റെ സാധ്യതയിൽ നിന്നും രൂപപ്പെടുന്ന ആനന്ദവും എത്രതത്തോളം വ്യത്യാസപ്പെടുന്നുവെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്ന, ആസ്വദിക്കുന്ന ചുംബനങ്ങൾ, രഞ്ജിപ്പിന്റെ സമയത്തും, തെറ്റായും, നഷ്ടബോധത്തിലും വിടരുന്ന ചുംബനങ്ങൾ, പ്രഹരിക്കുന്നതും നാം ഒഴിഞ്ഞുമാറുന്നതുമായ ചുംബനങ്ങൾ, ഇങ്ങനെ ചുംബനവർണ്ണഛായയുടെ സാന്ദ്രത എത്രത്തോളം വിശാലമാണെന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
“ഇനിയൊരിക്കലുംഈയൊരു ദിവസം നിങ്ങൾ അനുഭവിക്കുകയില്ലെന്ന” പ്രചോദനദായകമായ വാക്കുകളെ ദ്യോതിപ്പിക്കുന്ന മധുരമാർന്ന ഓർമ്മകളിലേക്ക് എനിക്കീ നിമിഷത്തെയും തളച്ചിടാമായിരുന്നു. എന്നാൽ വർഷങ്ങളായി ഗ്രാജുവേറ്റുകളെയും മാസ്റ്റേഴ്സിനെയും പഠിപ്പിക്കുന്ന ഒരധ്യാപകൻ കൂടിയാണ് ഞാൻ. തിരിച്ചറിവിന്റെ വേദനയും ആനന്ദവും നിറഞ്ഞ എന്റെ ട്രെയിനിംഗ് വർഷങ്ങളിലേക്ക് നോക്കുമ്പോൾ കുറെ കൂടി റാഡിക്കൽ ആയൊരു തീരുമാനമാണ് എനിക്കുള്ളത് !
കോഴിക്കൂടിനരികിൽ വെച്ച് നടന്ന ഈ സംഭവം ക്ലാസ്റൂമിൽ ഒരുദാഹരണമായി ഉപയോഗിക്കാൻ പറ്റുമോ എന്നാണ് ഞാൻ ചിന്തിച്ചത്. അതിനെ വിവരിച്ച് ഒരു ഇതിവൃത്തമൊക്കെ നൽകിയാൽ ഈ കഥ അതിനേക്കാൾ പ്രാധാന്യത്തോടെ മറ്റെന്തെങ്കിലും വ്യക്തമാക്കിക്കൊടുക്കാൻ പറ്റും. എന്നാൽ ഭാഷ ഒരു അനിശ്ചിതത്വത്തിന്റെ പ്രതലമാണ്. ഒരു കോമ ചിലപ്പോൾ ഒരുദാഹരണത്തെ തന്നെ കൊന്നുകളയും. അതുകൊണ്ട് മങ്ങിയ ഭാവിയിൽ എന്റെ ഈയൊരു കഥ മാത്രമായിരിക്കും എന്നോ മണ്മറഞ്ഞ അറിവിലേക്കുള്ള ഏക നൂൽപ്പാലം. ഞാനൊരു ഹിച്ച്കോക്കായിരുന്നു എങ്കിൽ ഇതിൽ നിന്നും ഒരു നിഗൂഡരഹസ്യം മറച്ചുവെക്കുന്ന സ്പൈ ത്രില്ലർ തന്നെ നിർമ്മിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, അർത്ഥമറിഞ്ഞിട്ടും മനസ്സിലാക്കാനാവാത്ത കുറെ വാക്കുകളുടെ സങ്കീർണ്ണമായ കുരുക്കിൽ നിന്നും പുറത്തുകടക്കാൻ ഒരു ലളിതമായ ഉദാഹരണം മതിയാവാം.
നിലവിലെ ഉദാഹരണം ഉപയോഗപ്പെടുത്തുമ്പോൾ അത് പല സംശയങ്ങൾക്കും ഇടവരുത്താറുണ്ട്. സ്ലാവോനിയൻ ത്വതചിന്തകനായ സ്ലാവോജ് സിസെക് വാദിക്കുന്നത് ഒരു സമൂഹത്തിന്റെ പ്രത്യയ ശാസ്ത്രം ഒരിക്കലും തിരഞ്ഞെടുത്ത ചിലർക്ക് മാത്രം പ്രാപ്യമായ രീതിയിൽ ഏതോ ഒരു കോണിൽ അടച്ച്പൂട്ടിവെക്കപ്പെട്ടതല്ലന്നും മറിച്ച് തുറന്ന കാഴ്ചയിൽ തന്നെ മറഞ്ഞിരിക്കുന്ന ഒന്നാണെന്നുമാണ്. ഈ ആശയത്തെ വ്യക്തമാക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന അനേകം ഉദാഹരണങ്ങൾക്കിടയിൽ ജർമൻ, ഫ്രഞ്ച്, ആംഗ്ലോ സാക്സൻ എന്നീ മൂന്ന് തരം ടോയ്‌ലെറ്റുകളെയും ഉദാഹരണമായി കൊണ്ട് വരുന്നുണ്ട്. ഈ ഉദാഹരണത്തെ ഉപയോഗിക്കുന്നതിനെ പറ്റിയാണ് എന്റെ ചിന്ത. എന്നാൽ എന്റെ വിദ്യാർത്ഥികൾക്കറിയുമോ ശരിക്കും എങ്ങനെയാണ് ഫ്രഞ്ച് ടോയ്‌ലെറ്റുകളും ജർമൻ ടോയിലെറ്റുകളുമെന്ന്? വേണമെങ്കിൽ എനിക്ക് ഇന്ത്യൻ ടോയ്‌ലെറ്റുകളെയും ആംഗ്ലോ സാക്സൻ ടോയ്‌ലെറ്റുകളെയും പരാമർശിക്കാം. പക്ഷെ അപ്പോഴും എന്തിനെയാണ് ഇന്ത്യൻ ടോയ്‌ലെറ്റുകൾ സൂചിപ്പിക്കുന്നത്? എന്തൊക്കെയായാലും അതൊരിക്കലും ഇന്ത്യൻ വിമാനത്താവളങ്ങൾക്ക് യോജിച്ചതല്ല എന്നുമാത്രം പറയാം!
മറ്റൊരാളാൽ സ്വാധീനിക്കപ്പെടുന്നതിലുള്ള ഈ ഉത്കണ്ഠ നിലനിൽക്കുന്നുണ്ട്. മറ്റുള്ളവരുടെ ഉദാഹരണങ്ങൾ അപ്രോപ്രിയേറ്റ് ചെയ്യരുത് എന്ന എനിക്ക് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ റഫറൻസ് നൽകുന്നത് കൊണ്ട് ഈ പ്രശ്നം തീരുമോ? അല്ലെങ്കിൽ കാണേണ്ട ആവശ്യമില്ലാത്ത വിധം റിയലിസ്റ്റിക്കായതിനാൽ തന്നെ അസഹ്യമായി മാറുമോ ഈ ഉദാഹരണങ്ങൾ? ഇറ്റാലിയൻ ത്വതചിന്തകനായ ജിയോർജിയോ അഗാമ്പൻ പറയുന്നത് ഉദാഹരണം എന്നത് വളരെ സിംഗുലാർ ആയ ഒന്നാണ് എന്നാണ്. ഒരാപ്പിൾ കൂട്ടത്തിൽ നിന്നും ഒരാപ്പിളിനെ ഉദാഹരണമായി എടുക്കുമ്പോൾ അത് കൊട്ടയിലെ മറ്റു ആപ്പിളുകളെയും അതോടൊപ്പം സ്വന്തത്തെയും പ്രതിനിതീകരിക്കുന്നുണ്ട്. ഇങ്ങനെ സമാനമായതിന്റെയും വിത്യസ്തമായതിന്റെയും ഇരട്ടജീവിതമാണ് ഒരുദാഹരണത്തിന്റേത്. ഒരർത്ഥത്തിൽ രണ്ട് റൂമുകൾക്കിടയിലെ വാതിലിൽ കുരുങ്ങി ജീവിതം പൊലിയാവുന്ന കണ്ണാടികളുടെ നഗരമായ ഒരു മക്കോണ്ടോയാണ് ഉദാഹരണമെന്ന് പറയാം.
ഉദാഹരണങ്ങൾക്ക് ഒരാളെ വിഷയത്തിൽ നിന്നും അകറ്റി നിർത്താനുമാവും. സന്ധ്യാവസാനത്തോടെ മാത്രം തന്റെ ചിറകുകൾ വിടർത്തുന്ന മിനർവയിലെ മൂങ്ങയോട് ഹെഗൽ ഒരു ഫിലോസഫറെ താരതമ്യപ്പെടുത്തുന്നുണ്ട്. ഇവിടെ സമയമാണ് ഉദാഹരണത്തെ സൃഷ്ടിക്കുന്നതും രൂപപ്പെടുത്തുന്നതും. എപ്പോഴാണ് ഒരു ഉദാഹരണം ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമാവുക? ശരിക്കും അതല്ല ഞാനെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ഒരുദാഹരണം ജീവിതത്തിലേക്ക് തിരികേ വന്നാലോ? ഓരോരുത്തരും ഉദാഹരണങ്ങളുപയോഗിച്ചാണ് പഠിപ്പിക്കുന്നത്. ചിലപ്പോൾ സ്വന്തം ജീവിതത്തിലെ നിമിഷങ്ങളും ഉദാഹരണങ്ങളായെടുത്തെക്കും. ഇവിടെ സംശയങ്ങൾ രൂപപ്പെടുന്നുണ്ട്. അധ്യാപകൻ ഉദാഹരണമാകണമെന്നാണ് പലപ്പോഴും നാം പറയാറുള്ളത്. എന്നാൽ ഒരു ഉദാഹരണത്തിന് അധ്യാപകനായി മാറാനാവുമോ? ഞാനൊരു ഉദാഹരണം മാത്രമാണെങ്കിൽ അത് എന്നെപ്പോലെ മറ്റുപലരും ഉണ്ടെന്നു മാത്രമല്ലല്ലോ അതർത്ഥമാക്കുന്നത്? ഞാൻ ഒരുകാര്യത്തിനു മാത്രമാണ് ഉദാഹരണമെന്നും മറ്റൊന്നിനുമല്ല എന്നുമല്ലേ?
എന്നാൽ ഇതല്ലാതെ മറ്റെന്താണ് വിദ്യാഭ്യാസം?
വിവർത്തനം :അബ്ദുൽ ഫത്താഹ്
Featured Image: Hamzy Selamat
Comments are closed.