The same, itself, is at once thinking and being.

Parmenides

റണ്ണിങ് റേസിന് മത്സരിക്കുന്നവർക്ക് വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളാണുള്ളത്. ചില ആളുകൾക്ക് മറ്റെല്ലാവരേക്കാളും മുൻപിൽ ഓടി അവസാന വര തൊടണം. എന്നാൽ മറ്റു ചിലർക്ക് അവിടെ എത്തിയാൽ മാത്രം മതി. എന്നാൽ, അത്തരം ജയ-പരാജയങ്ങളുടെ ദ്വന്ദ്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന കായികയിനമാണ് മാരത്തോൺ. കാരണം, അത് എല്ലാവരെയും ഒരുപോലെ ജയിക്കാൻ അനുവദിക്കുന്ന കളിയാണ്. അവിടെ എല്ലാവർക്കും ട്രാക്ക് – അതായത് ഇടം (space) – മാത്രമേ ഒരുപോലെയുള്ളൂ, മറിച്ച് വേഗത – അതായത് സമയം (time) – എല്ലാവർക്കും അവരവരുടേത് മാത്രമാണ്.

സൂസൻ ആർ വൂൾഫിന്റെ Meaning in Life and Why It Matters എന്ന പുസ്തകത്തിൽ തന്റെ അക്വാറിയത്തിലെ സ്വർണ്ണമത്സ്യങ്ങളെ മാത്രം ചുറ്റിപ്പറ്റി ജീവിക്കുന്ന മേരി എന്ന ഒരു ജീവിതത്തെ സംബന്ധിച്ചുള്ള പരാമർശമുണ്ട്. മേരിയുടെ ആനന്ദങ്ങളും ആവലാതികളും എല്ലാം അക്വാറിയത്തിലെ ആ സ്വർണ്ണമത്സ്യത്തിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നവയാണ്. അതായത്, മേരിയുടെ സ്വർണ്ണമത്സ്യ വളർത്തൽ അവളുടെ വിനോദമല്ല, മറിച്ച് ആ സ്വർണ്ണമത്സ്യങ്ങൾ മേരിയുടെ ജീവിതം തന്നെയാണ്. അത്തരത്തിൽ ചിലപ്പോൾ ആളുകൾക്ക് വിചിത്രമായി തോന്നിയേക്കാവുന്ന രീതിയിൽ മനുഷ്യരുടെ ശരീരത്തിൽ ചില ‘നിഷ്ക്രിയത്തങ്ങൾ’ (passiveness) രൂപപ്പെടുന്നു. ജോൺ ലോക്ക് പറഞ്ഞ രീതിയിലുള്ള ഒരു നിഷ്ക്രിയത്തം. ലോക്കിനെ സംബന്ധിച്ചിടത്തോളം നിഷ്ക്രിയത്തവും ഒരു ഊർജ്ജമാണ് (passive power). ചുറ്റിലും നടക്കുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ ഒരു ഉണ്മ പ്രയോഗിക്കുന്ന ഊർജ്ജം. അതിനാൽ, ആ നിഷ്ക്രിയത്തവും (അതുകൊണ്ടാണത് വിചിത്രമായ ഒരു നിഷ്ക്രിയത്തമാവുന്നത്) ഒരു പ്രവർത്തിയാണ് (act). തീയ്ക്ക് പഞ്ഞിയെ കരിക്കാനുള്ള ഊർജ്ജമുണ്ടെങ്കിലും, പഞ്ഞി ആ തീയേ സ്വീകരിക്കാൻ സന്നദ്ധമല്ലെങ്കിൽ, പിന്നെ തീയുടെ ആ ഊർജ്ജം ഒരു ഊർജ്ജമേയല്ലല്ലോ! അപ്പോൾ, ലോകത്തോടൊപ്പം തിളച്ചുമറിയാൻ വിമുഖമായ, തികച്ചും സ്വകാര്യമായ അത്തരം വൃത്തികളിൽ സ്വയം തളച്ചിടുന്ന ജീവിതങ്ങളുടെ മൂല്യവും രാഷ്ട്രീയവും എങ്ങനെയാണ് അടയാളപ്പെടുത്തുക?

‘ഇരിക്കപ്പൊറുതി’ ഇല്ലാതെയാകുമ്പോൾ മനുഷ്യർ പലപ്പോഴും ജീവിതത്തിൽ ‘നെട്ടോട്ടം’ ഓടുന്നു. കാരണം, അസ്വസ്ഥമായ ഒരു ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം – ഫ്രോയിഡിയൻ ചിന്തയിലെ ‘പ്രതിരോധ ഘടന’യാണ് (defense mechanism) – കൂടിയാണ് ചിലപ്പോൾ ഓട്ടം. ലോകം ഭീകരമായ അസ്വസ്ഥതകളിലൂടെ കടന്നുപോയിട്ടുള്ളപ്പോൾ എല്ലാം തന്നെ ജനങ്ങൾ കൂട്ടമായും ഒറ്റക്കും ഓടിയിരുന്നു, പുതിയ പലായന മാർഗ്ഗങ്ങൾ കണ്ടെത്തിയിരുന്നു. കാരണം, പലപ്പോഴും ഓട്ടം അസ്വസ്ഥതകളിൽ നിന്നും വിഷാദത്തിൽ നിന്നുമുള്ള മനുഷ്യരുടെ രക്ഷാമാർഗ്ഗമായിരുന്നു. അമേരിക്കയിൽ ദീർഘദൂര ഓട്ടത്തിന്റെ ആദ്യകുതിപ്പ് ഉണ്ടാകുന്നത് 1929നും 1933നും ഇടയിലുള്ള ഗ്രേറ്റ് ഡിപ്രഷൻ കാലഘട്ടത്തിലായിരുന്നു. അൽപം ഒന്ന് കിതച്ചു വിശ്രമിച്ച അമേരിക്കക്കാർ, 1955ലെ വിയറ്റ്‌നാം യുദ്ധകാലത്ത് വീണ്ടും ഓടിത്തുടങ്ങി. തുടർന്ന് ശീതയുദ്ധവും വംശീയകലാപങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും എല്ലാം തന്നെ അമേരിക്കക്കാരുടെ ഓട്ടത്തിന് തീപ്പിടിപ്പിച്ചു. 2001 സെപ്തംബർ 11 ആക്രമണത്തിന് കൃത്യം ഒരു വർഷത്തിന് ശേഷം നടന്ന ആരോഗ്യ സെൻസസിൽ Trail Running അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു ഔട്ഡോർ സ്‌പോർട്സ് ഇനമായി രേഖപ്പെടുത്തപ്പെട്ടത് കേവലം യാദൃശ്ചികത മാത്രം ആകാമെങ്കിലും, ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒന്നാണ്. പിരിമുറുക്കങ്ങളിൽ നിന്നുള്ള ആശ്വാസവും ഇന്ദ്രിയാനന്ദങ്ങളും പരിഗണിച്ചാൽ മനുഷ്യജീവിതത്തിൽ ലൈംഗികതക്കും മുൻപ് ഓട്ടം നിലനിന്നിട്ടുണ്ടാകണം എന്ന് Born to Run: A Hidden Tribe, Superathletes, and the Greatest Race the World Has Never Seen എന്ന പുസ്തകത്തിൽ Christopher McDougall എഴുതിയിട്ടുണ്ട്.

ചലനം: വിടവുകൾക്കും തുടർച്ചകൾക്കും ഇടയിൽ

ഓട്ടത്തിൽ മുന്നിലുള്ളവരെ മറികടക്കുന്നതും, പിന്നിലുള്ളവർക്ക് വഴിമാറിക്കൊടുക്കുന്നതും ഒരു കലയാണ്. ഒപ്പം സംസ്കാരവും.

ഓട്ടവും ചിന്തയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. ചിന്തിക്കുന്നവരെല്ലാം ചിന്തകരാകാത്തത് പോലെ ഓടുന്നവർ മുഴുവനും ഓട്ടക്കാരും ആകുന്നില്ലല്ലോ! പക്ഷെ, ചിന്തക്കും ഓട്ടത്തിനുമിടയിലുള്ള ഒരു സമാനത, അവ മനുഷ്യരെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നു എന്നതാണ്. ചിലപ്പോൾ ആ ‘മറ്റൊരിടം’ മുൻ‌കൂർ ധാരണ ചെയ്യപ്പെട്ട ഒന്നായിരിക്കാം, എന്നാൽ മറ്റുചിലപ്പോൾ അത് തികച്ചും ‘അജ്ഞവും’ ‘അനിശ്ചിതവും’ ആയ ഒന്നുമാകാം. അപ്പോൾ, ‘ഓട്ടം’ സംഭവിക്കുമ്പോൾ മനുഷ്യർ ഓടുകയും ലോകം നിശ്ചലമായി ഇരിക്കുകയുമല്ല സംഭവിക്കുന്നത്. മറിച്ച്, മനുഷ്യന്റെ ലോകത്തിലൂടെയും ലോകത്തിന്റെ മനുഷ്യരിലൂടെയുമുള്ള ചലനമാണ് അവിടെ സംഭവിക്കുന്നത്. അതിനാൽ ഓടുമ്പോൾ ലോകത്തിനും മനുഷ്യർക്കും ഇടയിൽ സമയത്തിന്റെയോ ഇടത്തിന്റെയോ വിടവുകൾ നിലനിൽക്കുന്നില്ല. എന്നാൽ, ഓട്ടവും, സമയവും, ഇടവും ‘ഒന്നും’ അല്ല. കാരണം, ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡിന്റെ വാസ്തവവും (actual) യാഥാർത്ഥ്യവും (real) പോലെ, ഓട്ടം ഒരേ സമയം ‘സമയത്തിൽ നിന്നും ഇടത്തിൽ’ നിന്നുമുള്ള വ്യതിയാനവും, ‘സമയത്തിന്റെയും ഇടത്തിന്റെയും’ തുടർച്ചയുമാണ്. അവിടെ ‘ഓട്ടവും’ ‘സമയവും’ ‘ഇടവും’ ഒരേ സമയം സ്വീകർത്താക്കളും (subject) വസ്തുക്കളും (object) ആണ്. കാരണം, ഓട്ടം ‘ചലനത്തിന്റെ തുടർച്ച’യെ സാധ്യമാക്കുന്നു (ചലനത്തിൽ ഉള്ള ഒരു ഘട്ടമാണ് ചലനത്തിന്റെ വരാനുള്ള ഘട്ടത്തെ സാധ്യമാക്കുന്നത്) എന്നതിനാൽ ഒരു വസ്തുവും, സ്വയം സമയത്തെയും ഇടത്തെയും സ്വീകരിക്കുന്നു എന്നതിനാൽ ഒരു സ്വീകർത്താവുമാണ്. അപ്പോൾ, ഓട്ടത്തെ സ്വാധീനിക്കുന്നു എന്നതിനാൽ സമയവും ഇടവും ‘വസ്തുക്കളും’, മറ്റു (ഒരു) സമയത്തിന്റെയും ഇടത്തിന്റെയും (മറ്റു സമയത്താലും ഇടത്താലും സ്വാധീനിക്കപ്പെടുന്നു, അവയെ സ്വീകരിക്കുന്നു എന്ന കാരണത്താൽ) തുടർച്ചയാണെന്നതിനാൽ സ്വയം സ്വീകർത്താക്കളും ആണ്. ആന്ദ്രേ ഷിങ്കൽ എഴുതുന്നു “[For Whitehead] Any centre of experience can be called a ‘subject’. So, a stone too can be a centre of experience, and thus a subject. Everything that is experienced and reacted upon by a subject is an ‘object’ for the subject.” ചുരുക്കത്തിൽ ഒരുപക്ഷെ, അപ്പോൾ സംഭവിക്കുന്നത് ‘മനുഷ്യരുടെ ചലനം’ ആയിരിക്കില്ല, മറിച്ച് ‘ചലനത്തിന്റെ തന്നെ സ്വച്ഛന്ദമായ സംഭവിക്കൽ’ ആയിരിക്കും. കാരണം, സ്വയം ഒരു സ്വീകർത്താവ് ആണെന്ന നിലയിൽ ഓട്ടത്തിന്റെ തന്നെ സ്വയമായുള്ള സമയത്തിന്റെയും ഇടത്തിന്റെയും ‘സ്വീകരിക്കൽ’ – അവയുടെ അനുഭവം – അല്ലാതെ മറ്റൊന്നും – അവക്കിടയിലുള്ള വിടവുകൾ പോലും – യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല. വൈറ്റ്ഹെഡ് എഴുതുന്നു “apart from the experiences of the subjects, there is nothing, nothing, bare nothingness”.

“സ്‌കൂൾ കാലത്ത് പലപ്പോഴും ചെവിയിൽ മുഴങ്ങിയിരുന്ന പി ട്ടി ഇ സർ അച്യുതൻ മാഷിന്റെ വിസിലിന്റെ മുഴക്കം ‘ലക്ഷ്യോന്മുഖമായിരുന്ന’ (teleological) ഒരു ചലനത്തിന്റെ സൂചകമായിരുന്നു. സമയത്തിനും ദൂരത്തിനും അതിർത്തികൾ നിർണ്ണയിക്കുന്നവയായിരുന്നു ആ വിസിലുകൾ. അവ ‘ഓട്ടങ്ങളെയും ജീവിതത്തിലെ മറ്റു പ്രവർത്തനങ്ങളെയും എല്ലാം യാന്ത്രികവൽക്കരിക്കാൻ സമയമായി’ എന്നതിന്റെ സൂചനാ മുഴക്കങ്ങളായിരുന്നു. കാരണം, ആ വിസിലുകൾ ഊതപ്പെടുന്നത് ‘ഓട്ടത്തെ’ ജയത്തിനുള്ള ‘ഒരുപാധി’ മാത്രമായി മാറ്റുവാനും, ജീവിതത്തിൽ ഇനിയും നേരിടാനിരിക്കുന്ന പല മത്സരങ്ങൾക്കും തയ്യാറാവാനുമുള്ള ഒരു മുന്നറിയിപ്പായിട്ടുമായിരുന്നു: “on your mark. get set. go!” എന്നാൽ, ഇന്ന് – അച്യുതൻ മാഷില്ലാത്ത ജീവിതത്തിന്റെ ഈ ഘട്ടത്തിൽ – ഓടുമ്പോൾ ‘എവിടെയെങ്കിലും’ എല്ലാവരെക്കാളും മുൻപിൽ എത്തണം എന്ന ഒരു തോന്നൽ അല്ല, മറിച്ച് ‘ചലിച്ചുകൊണ്ടിരിക്കുന്ന ചലനം എന്ന ഊർജ്ജത്തിന്റെ’ തുടർച്ച മാത്രമാണ് ഉള്ളത് എന്ന യാഥാർത്ഥ്യ ബോധ്യമാണ്.”

ചലനത്തെ സംബന്ധിച്ച് മൗലികമായ ചില ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്: “ചലിച്ചു തുടങ്ങും മുമ്പ് ശരീരം നിശ്ചലമാണോ?”, “ചലനം ആരംഭിക്കുന്നതിനും മുൻപുള്ളത് എന്താണ്?”, “എന്താണ് ത്വരണ പൂർവ്വസ്ഥിതി (pre accelaration)?” [എന്നിവയാണവ]. പൂച്ച ഇരപിടിക്കാൻ പതുങ്ങുമ്പോൾ അതിന്റെ ശരീരഭാഷ ശ്രദ്ധിച്ചിട്ടില്ലേ? ലക്ഷ്യം അതിന്റെ ശരീര ഭാഷയിൽ തന്നെ ഉണ്ടാകും. യഥാർത്ഥത്തിൽ, അത്തരം ചലനത്തിന്റെയും നിശ്ചലതയുടെയും ഒരു അനുപാതം (sequence) മാത്രമാണ് ബറൂക്ക് സ്പിനോസയെ സംബന്ധിച്ചിടത്തോളം ശരീരം എന്നത്. സമാനമായ ചോദ്യങ്ങൾ ചിന്തയെ സംബന്ധിച്ചും പ്രസക്തമാണ്. അതുകൊണ്ടാണ് എറിൻ മാനിംഗ് “To create [a] concept is to move with pre-articulation” എന്ന് പറഞ്ഞുവെച്ചത്.

അത്തരം ത്വരണ-പൂർവസ്ഥിതിയിൽ ‘ഭാഷ’ തന്നെ ഒരർത്ഥ-ശങ്കയിലായിരിക്കും. അതിന്റെ അർത്ഥങ്ങൾ എങ്ങനെ ഫലിപ്പിക്കും എന്നത് അതിന് അജ്ഞാതമായിരിക്കും. ഭാഷക്ക് അതിന്റെ സൂചിതങ്ങൾക്ക് മേലുള്ള നിയന്ത്രണവും അധികാരവും ആ വേളകളിൽ ഇല്ലാതെയാകുന്നു. അർത്ഥങ്ങൾ, ഏത് ദിശയിൽ ഏതു രൂപത്തിൽ പോകണം എന്നത് ഇനിയും നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിയായിരിക്കും അവിടെ. കാരണം, ത്വരണ പൂർവ്വസ്ഥിതികളിലെ ‘നിക്ഷേപങ്ങൾ’ എപ്പോഴും ഭാഷയുടെ രേഖീയ പാതകളെ നിഷ്പ്രഭമാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഭാഷക്ക് അതിനെ എങ്ങനെ കേൾക്കപ്പെടണം, എഴുതപ്പെടണം, ജീവിക്കപ്പെടണം, ഭാവനചെയ്യപ്പെടണം തുടങ്ങിയ കാര്യങ്ങൾ നിർണ്ണയിക്കാനാവാതെ, ഭാവശക്തികളുടെ മണ്ഡലത്തിൽ പിണഞ്ഞുനിൽക്കേണ്ടിവരുന്ന സ്ഥിതിയാണത്. കാറ്റടിക്കും മുൻപ് തന്നെ ഇലകളിൽ അനക്കം വെച്ച് തുടങ്ങും പോലെയുള്ള ഒരു സ്ഥിതി. എറിൻ മാനിങ്ങിനെ സംബന്ധിച്ചിടത്തോളം “നൃത്തത്തിൽ[ലും], യഥാർത്ഥ നടനത്തിനും മുമ്പ് [തന്നെ] പരോഷമായി നടനം തുടങ്ങുന്നുണ്ട്”.

അത്തരം പൂർവ്വചലനങ്ങൾ ശരീരത്തെ നയിക്കുന്നത് ആയിക്കൊണ്ടിരിക്കലിലേക്കാണ് (becoming). ഒരു ചുവട് വെക്കുമ്പോൾ “എങ്ങനെ ആ ചുവട് വെക്കുന്നു” എന്നത് എങ്ങോട്ട് പോകുന്നു എന്നതിലും പ്രധാനമാണ്. ഭൂമിയുടെ ഗുരുത്വം മനുഷ്യരിൽ പ്രവർത്തിക്കുന്നു എന്നത് കൊണ്ട് തന്നെ രണ്ടു ചുവടുകൾക്കിടയിലുള്ള ചെറിയൊരു സമയമാണ് ചലനത്തിന്റെ സർഗ്ഗാത്മകതയുടെ ദൈർഘ്യം. യഥാർത്ഥത്തിൽ, നിലത്തിന്റെ ആധിപത്യത്തിന് എതിരാണ് ഓരോ ചുവടും ഓട്ടവും. എന്നാൽ, അതിന്റെ എക്‌സിസ്റ്റൻഷ്യൽ ഭാഷ്യം ഇങ്ങനെയാണ്: “ഓരോ ചുവടും നിലം പതിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു!”.

ചലനം – നടത്തം അല്ലെങ്കിൽ ഓട്ടം – ഒരു വൈരുദ്ധ്യമാണ്. അവിടെ പൂർണ്ണമായ സ്വാതന്ത്ര്യം നിലനിൽക്കുന്നില്ല. എന്നാൽ, അതിന് വേണ്ട സ്വാതന്ത്ര്യം അതെടുക്കുന്നുമുണ്ട്. നടക്കുമ്പോൾ മനുഷ്യർ ഭൂമിയുടെ ഗുരുത്വത്തിന്റെ നിയന്ത്രണങ്ങളെ നേരിട്ടുകൊണ്ട് നടക്കേണ്ടിയിരിക്കുന്നു. മനുഷ്യർ സ്വയം വീഴാതെ സന്തുലിതമായി സ്വന്തത്തെ പിടിച്ചുനിർത്തേണ്ടിയിരിക്കുന്നു. അതേസമയം, ഭൂമിയുടെ ഗുരുത്വത്തെയും ആ സന്തുലിതാവസ്ഥയെയും, നടന്നു തുടങ്ങുമ്പോൾ ഒരേസമയം മനുഷ്യർ മറികടക്കുകയും വേണം. സ്വയം വലിച്ചെറിയുമ്പോഴും വീഴാതെ പിടിച്ചു നിർത്തണം. അതായത്, ഏറിനും വീഴ്ചക്കും ഇടയിലൂടെയാണ് മനുഷ്യന്റെ ചലനം. അവിടെയാണ് അനിശ്ചിതത്വത്തിന്റെ ആനന്ദം.

നടത്തം ഒരു നിയന്ത്രിത വീഴ്ച്ചയാണ്. മസ്സുമി ഇടക്കിടെ ഉദ്ധരിക്കുന്ന “walking as controlled falling” എന്ന പഴഞ്ചൊല്ല് പോലെ നടക്കാൻ ‘മനുഷ്യരെ പ്രാപ്തരാക്കുന്ന ചില പരിമിതികൾ ഉണ്ട്’ (enabling constraints). സ്വാതന്ത്ര്യത്തിന്റെ മൂന്നുപാധികളായ ആ പരിമിതികളാണ് ഓട്ടത്തെയും നടത്തത്തെയും ഒക്കെ സാധ്യമാക്കുന്നത്. എന്നാൽ, പരിമിതികളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓട്ടവും നടത്തവും, അവയുടെ കേവലം ‘നിയമ അനുസരണയുടെ’ അനന്തരഫലം മാത്രമല്ല, മറിച്ച് ആ പരിമിതികളുടെ ‘അതിക്രമ’ത്തിലൂടെ (excess) സാധ്യമാവുന്ന ‘അധികമൂല്യം’ (surplus) കൂടിയാണ്. അതിനാൽ, നിലത്തിന്റെ പ്രഭാവത്തെ മറികടക്കലാണ് ഓരോ ഓട്ടവും.

അപ്പോൾ ശരീരം ചലനത്തിന്റെ ഊർജ്ജത്തിന്റെ പരിണിതങ്ങളായ ആവിഷ്കാരങ്ങൾ മാത്രമാണ്. അതിനിയും അതിന്റെ അവസന രൂപമെടുത്തിട്ടില്ല. എറിൻ മാനിങ് എഴുതുന്നു: “body is a pure plastic rhythm”. ‘ഉടലെടുത്തുകൊണ്ടിരിക്കു’ന്ന ശരീരം സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സംവേദക ശരീരമാണ്. എല്ലാ പൂർവ്വനിശ്ചിത സ്വത്വങ്ങളെയും മറികടക്കുന്ന ഒന്ന്. ലോകത്തിലേക്കുള്ള ഓരോ കാൽവെപ്പിലൂടെയും അത് ലോകത്തെ കാൽച്ചുവട്ടിലാക്കിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ നിർണ്ണയങ്ങളെ മറികടന്നുകൊണ്ടിരിക്കുന്നു.

ഉടലെടുത്തുകൊണ്ടിരിക്കുന്ന ശരീരം (ഓടിക്കൊണ്ടിരിക്കുന്ന ശരീരം) ചലിച്ചുകൊണ്ടിരിക്കുന്ന (പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന) ചിന്തക്കൊരു മുന്നുപാധിയാണ്. കാരണം, ഓടുന്ന വേളയിൽ ചിന്ത മനസ്സുമായി മാത്രമല്ല, മറിച്ച് ഉടലെടുക്കലുമായും (body in the making) ബന്ധപ്പെട്ടിരിക്കുന്നു. ചിന്ത അവിടെ ചലനത്തിന് വിപരീതമായതോ അതിൽ നിന്ന് സ്വാതന്ത്രമായതോ ആയ ഒന്നല്ല. മറിച്ച് ചലനത്തിൽ തന്നെ അന്തർലീനമായ ഒന്നാണ്. ചലനം തന്നെയാണ് ശരീരത്തിന്റെ ചിന്ത എന്നത്. മനുഷ്യർ ഓടുന്നത് ലോകത്തോടൊപ്പമാണ് (moving with the world). അവിടെ ചലനം ഒരു കാലയളവ് (duration) – ഓരോ ഉണ്മക്കും അതിന്റെ ഉണ്മയെ സാധ്യമാക്കാൻ ആവശ്യമായ സമയം – ആണ്. ആ കാലയളവിനും ചലനത്തിനും ഇടയിൽ വിടവില്ലാത്തതിനാൽ, യഥാർത്ഥത്തിൽ ആ കാലയളവ് തന്നെയാണ് ചലനം. അപ്പോൾ, ഓട്ടത്തിൽ അന്തർലീനമായ ഒന്നായിരിക്കെ, ഓട്ടം പോലെ ആവിഷ്കാരപൂർണ്ണത കൈവരിക്കാത്ത സ്വച്ഛന്ദമായ ഒരു പ്രക്രിയയാണെന്നിരിക്കെ, “ചിന്തതന്നെയല്ലേ യഥാർത്ഥത്തിൽ ഈ ‘കാലയളവ്’?”

ചിന്ത വാക്കുകൾക്ക് വഴിമാറുമ്പോഴും ചലനങ്ങൾ നിശ്ചിതരൂപങ്ങളിൽ തളക്കപ്പെടുമ്പോഴും സർഗ്ഗാത്മക സാധ്യതകൾ വിരളമാകുന്നു. എഡ്‌മണ്ട് ഹുസേളിന്റെ ഭാഷയിൽ അവയുടെ ‘വിശുദ്ധാനന്തത’ (holy infinity) നഷ്ടപ്പെടുന്നു. അത്തരം അനന്തമായ സാധ്യതകളെ പരിമിതമായ അച്ചുകളിലേക്ക് ചുരുക്കുന്നതിനെയാണ് ഴാക്കെ ദെറിദ ‘മൗലിക ഹിംസ’ (Archi-violence) എന്ന് വിശേഷിപ്പിക്കുന്നത്. അതിനർത്ഥം ഭാഷക്ക് സർഗ്ഗാത്മകമാകാൻ കഴിയില്ല എന്നല്ല. മറിച്ച്, സർഗ്ഗാത്മകമായി തുടരാനായി അതിന് ചിന്തയുടെ ‘പണിതീരും മുമ്പുള്ള ഒരു മണ്ഡല’വുമായുള്ള അതിന്റെ സമ്പർക്കം നിലനിർത്തണം എന്നാണ്. അതായത്, ‘ചലനം ചിന്തയായും’ ‘ചിന്തതന്നെ ചലനമായും’ മാറണം.

ഓട്ടം: ഏകതയിലെ അനേകതകൾ

കൂടെ ഓടുന്നവർ ചിലപ്പോൾ ഓക്സിജൻ സിലിണ്ടറുകൾ പോലെയാണ്

ജോർജ് ശീഹാൻ എഴുതിയത് പോലെ ഓടാൻ പലർക്കും പല കാരണങ്ങൾ ആണ്. “ഓടുമ്പോൾ ഞാൻ എന്നിലെ കുട്ടിയെയും മൃഗത്തെയും സന്യാസിയെയും കലാകാരനെയും വീണ്ടെടുക്കുന്നു” എന്ന് ശീഹാൻ പറയും. കളികളിൽ പൊതുവെ മനുഷ്യനും മൃഗവുമെന്നു വ്യവച്ഛേദിക്കാൻ കഴിയാത്ത ചില കുഴഞ്ഞുമറിഞ്ഞ മേഖലകൾ ഉണ്ട്. ദില്യൂസിന്റെ ഭാഷയിലെ ‘zone of indiscernabilty’.

ഓടുന്നവനും ലോകത്തിനും ഇടക്കുള്ള വിടവിലാണ് ഓട്ടത്തിന്റെ ‘സൗന്ദര്യാനുഭവം’. ഒരു സമതലത്തിലാകില്ല, മറിച്ച് ഒരു കുന്ന് കയറുമ്പോൾ ആകും ഒരുപക്ഷേ അത് അനുഭവവേദ്യമാകുന്നത്. അത് അറിഞ്ഞുകൊണ്ടായിരിക്കണം സൗന്ദര്യാന്വേഷിയും അനുഭവസമ്പന്നനുമായ ഒരു ഓട്ടക്കാരൻ തനിക്ക് യോജിച്ച പ്രതലം തിരഞ്ഞെടുക്കുന്നത്. അതിനായി ബോധപൂർവ്വം തന്നെ, തനിക്ക് വെല്ലുവിളികൾ ഉയർത്തുന്ന പ്രതലങ്ങളാകണം അയാൾ തിരഞ്ഞെടുക്കേണ്ടത്. അത്തരത്തിൽ ലോകവുമായുള്ള അയാളുടെ നിരന്തരമായ സംഘർഷമാണ് ഓട്ടം എന്നത്. ജോൺ ഡ്യൂയിയുടെ ഭാഷയിൽ “ചുറ്റുപാടിന്റെ സമ്മർദ്ധം ഇല്ലാതെയാകുമ്പോൾ ശരീരം അതിലേക്ക് ചുരുങ്ങുന്നു. ഭയവും താൽപര്യവും പ്രതീക്ഷയും ഒക്കെ കൈവിട്ട ഒരു സ്ഥിതിയാണത്. നിരാശയും ഉത്സാഹവും ഒന്നും ഇല്ലാത്ത ഒരു ഘട്ടം!”. എന്നാൽ ഓട്ടത്തിലൂടെ ശരീരം സമ്മർദ്ദത്തിലേക്കെടുത്തെറിയപ്പെടുന്നു (throwness). അപ്പോൾ, ശരീരത്തിനും ലോകത്തിനും ഇടയിലുള്ള അത്തരത്തിലുള്ള (സമ്മർദ്ദരാഹിത്യത്തിന്റെ) അസന്തുലിതാവസ്ഥകളെ മറികടക്കാനുള്ള ശ്രമമാണ് ഓട്ടം.

വേഗത കൂടിയ നടത്തമല്ല ഓട്ടം. വേഗതകുറഞ്ഞ ഓട്ടവുമല്ല നടത്തം. രണ്ടിനും വ്യത്യസ്തങ്ങളായ തീവ്രതകൾ ആണ്. നടത്തത്തിന്റെയും ഓട്ടത്തിന്റെയും രീതി (mode) തന്നെ വിഭിന്നമാണ്. “ഒരായിരം പുഞ്ചിരികൾ [പോലെ], ഒരായിരം തവണയുള്ള നമ്മുടെ കസേരകളിൽ നിന്നുള്ള എഴുന്നേൽക്കലുകൾ [പോലെ], നമ്മുടെ ഓരോ ചേഷ്ടകളുടെയും എണ്ണിയാൽ ഒടുങ്ങാത്ത ആവിഷ്കാരങ്ങൾ [പോലെ]” ‘ഓരോ പ്രവർത്തനങ്ങളിലും ഉള്ളടങ്ങിയിരിക്കുന്ന അനേകതകൾ’ (ആയിരക്കണക്കുകൾ!) ആണ് ഡാനിയൽ സ്റ്റേണിനെ (Daniel Stern) സംബന്ധിച്ചിടത്തോളം മനുഷ്യ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത്. അതായത് ‘ഒന്നായി മനസ്സിലാക്കപ്പെടുന്നവക്കകത്തെ പലതുകൾ. അതുപോലെ, ഓടുമ്പോൾ ഓരോ ചുവടുകളും ഓരോന്നാണ്. അനേകം ചുവടുകളുടെ ‘ഏകം’ എന്ന് തോന്നിപ്പിക്കുന്ന മായയാണ് ഓട്ടം എന്നത്.

എന്നാൽ, “ആ ഓട്ടത്തിനെല്ലാം പുറകിൽ ആരാണ് അല്ലെങ്കിൽ എന്താണ്?” എന്ന ചോദ്യത്തിന് വില്യം ജെയിംസ് മറുപടി പറയുക ‘something’s doing’ എന്നാണ്. അതായത് ‘എന്തിന്റെയോ ചെയ്യൽ’. ദില്യൂസിനെ സംബന്ധിച്ചിടത്തോളം ഓട്ടം എന്ന സംഭവത്തിന് (event) പുറകിൽ ആ ‘സംഭവം’ തന്നെയാണുള്ളത്. സംഭവിക്കലുകളിൽ സംഭവങ്ങൾക്ക് പുറകിൽ മറ്റൊന്നും നിലനിൽക്കുന്നില്ല. എല്ലാം പെട്ടെന്ന് ‘ഒത്ത നടുക്ക്’ സംഭവിക്കുന്നു. ദില്യൂസിന്റെ ഭാഷയിൽ പറഞ്ഞാൽ: “immediately in the middle”. ഓടുന്നവർ എപ്പോഴും ‘ഒത്ത നടുക്ക്’ ആണ്. ഓടുന്നവന്റെ അനുഭവത്തിന്റെ അനന്യമായ ഉള്ളടക്കം ‘മാറ്റം നടന്നുകൊണ്ടിരിക്കുന്നു’ എന്നത് മാത്രമാണെന്ന് വില്യം ജെയിംസിനെ മുൻനിർത്തി പറയാം. അതുകൊണ്ട്, ഓടിക്കൊണ്ടിരിക്കുമ്പോൾ – ‘മാറ്റം നടന്നുകൊണ്ടിരിക്കുന്നു’ എന്ന അനുഭവം മാത്രമുണ്ടാവുമ്പോൾ – ആണ് വൈറ്റ്ഹെഡ് പറഞ്ഞ “അടിസ്ഥാനപരമായ സങ്കൽപ്പങ്ങൾ പ്രവർത്തിയും (act) പ്രക്രിയയും (process) മാത്രമാണ്” എന്ന വരിയുടെ അർത്ഥം കൂടുതൽ വ്യക്തമാവുക. അപ്പോൾ, ഉണ്മ എന്നത് കേവലം പ്രക്രിയ മാത്രമായിരിക്കെ, ഓടുന്ന ഒരാളുടെ ഉണ്മ ഓട്ടം നിലക്കുന്നതോടെ നിലക്കുന്നു. കാരണം, ചലനം നിലക്കുമ്പോൾ മനുഷ്യർ നിലക്കുന്നു. ചലിക്കുമ്പോൾ മാത്രമാണ് മനുഷ്യർ ഉള്ളത്. വില്യം ജെയിംസ് എഴുതുന്നു: “to be all is to be active…we are only as we are active”.

ത്രഡ്മില്ലും അന്ത്യമനുഷ്യനും

ഓടുന്നവന്റെ മനസ്സിൽ തെളിയുന്ന തുരുത്ത് ഓട്ടം കഴിഞ്ഞുള്ള ഇരിപ്പാണ്. പക്ഷെ അത് ഓട്ടത്തോടൊപ്പം മാത്രം നിലനിൽപ്പുള്ള ഒരു മരുപ്പച്ചയുമാണ്

ഓട്ടത്തിന്റെ ജീവനും സൗന്ദര്യാനുഭവവുമാണ് ത്രഡ്മില്ലിൽ ഓടുമ്പോൾ നഷ്ടമാകുന്നത്. മനുഷ്യർ മാത്രം ഓടുകയും ലോകം നിശ്ചലമായിരിക്കുകയും ചെയ്യുകയാണ് അവിടെ. അവിടെ എല്ലാം എളുപ്പത്തിൽ തിട്ടപ്പെടുത്താൻ സാധിക്കുന്നു. ത്രഡ്മില്ലിൽ ഓടുന്നവരെ തെരുവുനായകൾ പിന്തുടരാറില്ല. കൂടെ ഓടുന്നവർ അഭിവാദ്യം ചെയ്യാറില്ല. അവിടെ, ഓടുന്നവർ ലോകത്തെ അഭിമുഖീകരിക്കുന്നതേയില്ല. അവസാനം കത്തിതീർന്ന കൊഴുപ്പും നടന്നുതീർത്ത ദൂരവും ഹൃദയമിടിപ്പിന്റെ വേഗതയും മാത്രം ത്രഡ്മില്ലിന്റെ മോണിറ്ററിൽ തെളിയുന്നു. ‘The Art of Play‘ എന്ന ലേഖനത്തിൽ ജോൺ ബിങ്ഹാം എഴുതിയത് പോലെ: “ഓടുമ്പോൾ എല്ലാവരും വീണ്ടും കുട്ടികളാവുകയാണ്. [ലക്ഷ്യങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചും അല്പസമയത്തേക്കെങ്കിലും ഓടുന്നവർ മറക്കുകയാണ്] അല്ലെങ്കിലും, എപ്പോഴും സുരക്ഷിതമായിരിക്കുന്നതിൽ എന്ത് രസം! ഓടുന്നവർ ആരും തങ്ങളുടെ ജഴ്സിക്കുള്ളിൽ സുരക്ഷക്കായി എയർബാഗുകൾ തിരുകിവക്കാറില്ലല്ലോ! [The fun is at the edge of the unknown] രസം മുഴുവൻ അനിശ്ചിതത്വത്തിന്റെ അറ്റത്താണ്.” എല്ലാ ഓട്ടത്തിനകത്തും കാലിടറിവീഴാനുള്ള ഒരു സാധ്യതയും കൂടെ ഉള്ളടങ്ങിയിട്ടുണ്ട്. ഓരോ കാൽവെപ്പും ഓരോ വേദന കൂടിയാണ്. അതുകൊണ്ടാണ് ഓട്ടം മനുഷ്യജീവിതത്തിന്റെ അതിജീവനങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാവുന്നത്.

റേസിങുകളും അത്തരത്തിലുള്ളൊരു രസമാണ് പ്രധാനം ചെയ്യുന്നത്. റോഡിൽ എപ്പോഴും മരണം പതിയിരിക്കുന്നുണ്ട്. എന്നാൽ, റേസിങിൽ നിന്ന് മാറി നിന്ന് സ്വന്തം ജീവിതത്തിൽ നിന്ന് ആ മരണത്തെ അപ്രത്യക്ഷമാക്കുന്നതിന് പകരം, അതിലേക്കെടുത്ത് ചാടി ആ മരണത്തെ അനന്തമായി മാറ്റിവെക്കുന്നതിലാണ് റേസിംഗിന്റെ ആനന്ദം. എത്ര അമർത്തിവച്ചാലും ഓരോ റേസിലും ആ മരണത്തെ മുഖാമുഖം മനുഷ്യർ കാണുന്നു, തല നാരിഴക്ക് അതിൽ നിന്ന് തെന്നിമാറുന്നു. ഴാങ് ബൗദ്രിലാർദ് എഴുതുന്നു: “without any random factor, without incident, expurgated of all its unpredictable elements, [motor] racing would lose all interest.” യഥാർത്ഥത്തിൽ, “നിഴൽപോലെ പിന്തുടരുന്ന മരണമല്ലാതെ [മരണത്തിന്റെ ആ അനിശ്ചിതത്വമല്ലാതെ] റേസിംഗിൽ ത്രസിപ്പിക്കുന്ന മറ്റെന്താണ് ഉള്ളത്?” ബൗദ്രിലാർദിനെ സംബന്ധിച്ചിടത്തോളം ഡ്രൈവിങ്ങിനോടുള്ള മനുഷ്യരുടെ താല്പര്യം കുറയുന്നതോടെ, മരണത്തിലേക്ക് ‘സ്വന്ത’ത്തെ എടുത്തെറിയാനുള്ള അവരുടെ ത്യാഗ-സാധ്യതയും ഇല്ലാതാകുന്നു “as the personal pleasure in driving is gradually disappearing from the circuit, so too personal risk of death.”

ജീവിതത്തിന്റെ ദുരന്തമുഖത്തെ ധീരവും സർഗ്ഗാത്മകവുമായി അഭിമുഖീകരിക്കുകയും, അതിനെ മറികടക്കുകയും ചെയ്യുന്ന സങ്കല്പമാണ് ഫ്രഡറിക്ക് നീത്ഷെയുടെ Amor Fati. ജീവിതത്തിൽ നേരിടുന്ന അനുഭവങ്ങളെ അവയായി തന്നെ ഉൾക്കൊണ്ടുകൊണ്ട്, വിപ്ലവങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും അവയെ മാറ്റിമറിച്ച് ജീവിതത്തെ സുരക്ഷിതമാക്കുന്നതിന് പകരം, അവയെ അവയായി തന്നെ ഒഴിവാക്കുന്ന (മറികടക്കുന്ന), അത്തരം എല്ലാ അനുഭവങ്ങളെയും അവയായി തന്നെ ഭാവിയിൽ നേരിടാൻ തക്കത്തിൽ ജീവിതത്തെ രൂപപ്പെടുത്തുന്ന മനോഭാവമാണത്. ചുറ്റും കത്തിയെരിയുമ്പോഴും അതിനെ വികാരരഹിതമായി നോക്കിക്കൊണ്ട് ഫ്യോദർ ദസ്തയവ്സ്കിയെ പോലെ “I say let the world go to hell, but I should always have my tea” എന്ന് പറയാനുള്ള ഒരു മാനസികാവസ്ഥ. എന്നാൽ, നീത്ഷെയെ ഒരു ഓട്ടക്കാരൻ ആയി കാണാൻ കഴിയില്ലെങ്കിലും ഒരു ദീർഘദൂര ഓട്ടക്കാരന്റെ ഏകാന്തതയും, അനുനിമിഷം സ്വന്തത്തോട് പടവെട്ടി വിട്ടുകൊടുക്കാതെയുള്ള മുമ്പോട്ടുള്ള പ്രയാണവും നീത്ഷെയുടെ ചിന്തയിൽ ഉണ്ട്.

നീത്ഷെയുടെ അന്ത്യമനുഷ്യൻ (Letztermensch) സ്വാസ്ഥ്യവും സുരക്ഷയും മാത്രം കാംക്ഷിക്കുന്ന ഒരാൾ ആണ്. അയാൾ പറ്റമനസ്ഥിതിയുടെ (herd) ഒടുക്കത്തെ ഉദാഹരണം കൂടിയാണ്. അന്ത്യമനുഷ്യന്, പരിവർത്തനം സാധ്യമാക്കുന്ന ആത്‍മസംഘർഷങ്ങൾ ഒന്നും തന്നെ ഇല്ല. അപായരഹിതവും സുരക്ഷിതവും പരീക്ഷണവിമുഖവുമായ ഒരുതരം ജീവിച്ചുതീർക്കലാണ് അയാളുടെ ജീവിതം. ജീവിതത്തെ ഒരു ‘അമൂല്യനിധി’ പോലെ അയാൾ കാത്തുവെക്കുന്നു. സന്തോഷം അയാൾക്ക് ‘സർവ്വ സഹനങ്ങളിൽ നിന്നുമുള്ള വിമുക്തി’ മാത്രമാണ്.

അപ്പോൾ, സ്വയം അനിശ്ചിതത്വത്തിലേക്കും അപായത്തിലേക്കും സുരക്ഷാരാഹിത്യത്തിലേക്കും എടുത്തെറിയുന്നതിലൂടെ ഒരു മാരത്തോൺ ഓട്ടക്കാരൻ പരിഹസിക്കുന്നത് ആ അന്ത്യമനുഷ്യനെയാണ്. അന്ത്യമനുഷ്യനിൽ നിന്ന് വ്യത്യസ്തമായി തന്റെ സഹനത്തിലൂടെയും ആത്മപരിവർത്തനത്തിലൂടെയും മാരത്തോൺ ഓട്ടക്കാരൻ ആനന്ദത്തിൽ അഭിരമിക്കുന്നു. അതുകൊണ്ടാണ് നീത്ഷെ പറയുന്നത് “exhaustion is the shortest way to equality and fraternity” – പരിക്ഷീണരാകലാണ് സമത്വത്തിലേക്കും സാഹോദര്യത്തിലേക്കുമുള്ള ഏറ്റവും ചെറിയ കുറുക്കുവഴി. കാരണം, പരിക്ഷീണരായവർക്ക് മുൻപിൽ ലോകം മറ്റൊരു രീതിയിലാണ് അനാവരണം ചെയ്യുക. പരിക്ഷീണാവസ്ഥയിൽ, ലോകത്തിന്റെ ആത്മത്തിലുള്ള അനാവരണത്തെ നിയന്ത്രിക്കാൻ അവിടെ യുക്തിയും ബോധവും ഉണ്ടാവുകയില്ല. മറിച്ച്, ക്ഷീണിച്ചവന്റെ ആത്മത്തിൽ അതിന്റെ ഏറ്റവും നഗ്നമായ രൂപത്തിൽ ലോകം പ്രത്യക്ഷപ്പെടുന്നു. നൂറ് മീറ്റർ ഓട്ടം കഴിഞ്ഞ്, കിതച്ച് കുനിഞ്ഞ് നിൽക്കുന്നിടത്ത് നിന്ന് തലപൊക്കുമ്പോൾ, കണ്മുൻപിൽ ലോകം എത്ര ലളിതമായിട്ടാണോ പ്രത്യക്ഷപ്പെടുന്നത്, അത്രമാത്രം ലാളിത്യത്തിൽ.


Featured Image by: SwapnIl Dwivedi

Comments are closed.