ചിന്തയുടെയും ജീവിതത്തിന്റെയും കാലം വ്യത്യസ്തമായി തേടുന്നവർ തെറ്റായ ചോദ്യത്തിന്റെ വഴിക്കാണ്. ചിന്തയും ജീവിതവും ഒന്നാകുന്നത് എപ്പോഴാണ്? കാലത്തിന് പുറത്ത് സ്ഥലത്തിൽ മനുഷ്യബുദ്ധി എല്ലാത്തിനേയും നിവർത്തിയിട്ട് വ്യവച്ഛേദിച്ചു വ്യക്തത വരുത്തുന്നു. പക്ഷെ ജീവിതം കലർപ്പുകളുള്ളതും ഒരിക്കലും വ്യവച്ഛേദിക്കാൻ കഴിയാത്തതും ഒഴുക്കനുമൊക്കെയാണ്. അത് കാലത്തിന്റെ തന്നെ ഒഴുക്കല്ലാതെ മറ്റെന്താണ്? നിലനിൽക്കുന്നതിലൊക്കെ കാലത്തിന്റെയും ചരിത്രത്തിന്റെ പാടുകളുണ്ട് . ഓർമയെ മനുഷ്യസവിശേഷതയായി കാണുന്നതിന് പകരം ജീവിതം തന്നെ ഓർമയാൽ പടുത്തുയർത്തപ്പെട്ടതായും വസ്തുക്കളുടെയും ഓർമയുടെയും മിശ്രണമായും കരുതണം. എന്നാൽ ചില ഓർമകൾമാത്രം അനുനിമിഷം സജീവമായി മാറി കൊണ്ടിരിക്കുന്നു.
ഒരു മണിയടിശബ്ദം നമ്മെ ഓർമ്മിപ്പിക്കുന്നത് എന്തൊക്കെയാണ്? മരണത്തെയോ? അതോ മറ്റെന്തെങ്കിലും മുന്നറിയിപ്പോ? പൂജാരിക്ക് അത് പ്രാർത്ഥനക്കുള്ള ഉപാധിയാണ്. കുട്ടികളെ അത് സ്കൂൾസമയം ഓർമ്മപ്പെടുത്തുന്നു. എന്നാൽ ഈ പ്രതിനിധാനങ്ങൾക്കപ്പുറം മണിയടിശബ്ദം എന്താണ്. എല്ലാം മറന്നു കാതോർക്കാൻ കഴിഞ്ഞാൽ അത് കമ്പനങ്ങൾ മാത്രമാണ്. വേദനക്കും സന്തോഷത്തിനും നഷ്ടബോധത്തിനുമപ്പുറം ‘മണിയടിയൊച്ച’ വെറും മുഴക്കം മാത്രമാകുന്നു. എല്ലാ പ്രതിനിധാനങ്ങൾക്കും വെളിയിൽ (നമ്മളിലുണർത്തുന്ന വികാരങ്ങൾക്കപ്പുറം) അത് ബോധത്തിന് ഇടനിലകൾ ഇല്ലാതെ പൊടുന്നനെ പ്രാപ്യമാകുന്ന ഡാറ്റകൾ (immediate data of consciousness), അല്ലെങ്കിൽ കമ്പനങ്ങൾ (vibrations), അല്ലെങ്കിൽ ശുദ്ധമായ കാലഗതി (pure duration) തന്നെയാകുന്നു. ബോധത്തിന് അ-മാധ്യമികമായി (im-mediate) പ്രാപ്യമാകുന്ന ഈ മുഴക്കങ്ങൾ വില്യം ഹെൻറി ബർഗ്‌സണ് ഉൾവെളിവ് (intuition) കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണ്. വസ്തുക്കളും ഉൺമയും എല്ലാം അപ്രത്യക്ഷമാവുകയും കമ്പനങ്ങൾ മാത്രം ബാക്കിയാവുകയും ചെയ്യുന്നു. ഒരു മെലഡി കേൾക്കുമ്പോൾ, അതിൽ മുഴുകിയിരിക്കുമ്പോൾ, സ്വരങ്ങൾക്കിടയിലുള്ള അകല-വ്യത്യാസങ്ങൾ ലയിച്ചില്ലാതെയായി നമ്മൾ ‘തുടർച്ച’ മാത്രമായിമാറുന്നു. നമ്മൾ അനുഭവിക്കുന്നത് നിതാന്തമായ ഒഴുക്കാണ്. ഒഴുകുന്നത് എന്ത് എന്നതല്ല, ഒഴുക്ക്—അത് മാത്രമാകുന്നു. ‘മാറ്റം’ വസ്തുവിൽ അതുണ്ടാക്കുന്ന മാറ്റം അല്ലാതാകുന്നു. വസ്തുക്കളിലാതെ മാറ്റം എന്നൊന്ന് മാത്രം നിലനിൽക്കുന്നു. ഒഴുക്കിനെ നിശ്ചല ദൃശ്യങ്ങളിലേക്ക് പകർത്താൻ കഴിയില്ല. എത്ര ബിന്ദുക്കൾ ചേർത്തുവച്ചാലും ഒരു രേഖ ആവില്ല.




നമ്മൾ വസ്തുക്കൾക്ക് ചുറ്റും നടക്കും. നമ്മൾ നിൽക്കുന്ന ഇടമോരൊന്നും നമുക്ക് ഓരോ കാഴ്ച്ചകളും അറിവുകളും സമ്മാനിക്കും. എന്നാൽ ഈ കാഴ്ചകൾ ഒറ്റഒറ്റയായോ ഒന്നിച്ചോ എടുത്താലും അവ ഭാഗികവും അപൂർണ്ണവുമാണ്. വസ്തുക്കളെ ചുറ്റിക്കറങ്ങാതെ അവയിലേക്ക് ഉൾപ്രവേശം നടത്താൻ അനുഭാവത്തിന്റെ (sympathy) ചെരുവ് ഇറങ്ങാതെ നിവർത്തിയില്ല. കാന്റിയൻ ചിന്തയിൽ തനിവസ്തു (noumena) പിടിതരാതെ ഉൾവലിഞ്ഞു നിൽക്കുന്ന ഒന്നാണ്. ആ വസ്തുവിലേക്ക് എത്താനുള്ള ഏകവഴി അവനവനിലേക്കുള്ള ചരിവിറങ്ങുന്നതാണ്.
ഇതൊരുതരം ആത്മീയവഴിയല്ലേ? ഒരർത്ഥത്തിൽ. പുഴ ഒഴുകിയ വഴികൾ മുഴുവൻ ഒഴുകിയാലും ഒരുപക്ഷേ പുഴയെ കണ്ടെത്താൻ നമുക്കാകണമെന്നില്ല. ബർഗസനെ കണ്ടെത്താനും അയാൾ എഴുതിയത് മുഴുവനായും വായിച്ചത് കൊണ്ടുമാത്രമാവില്ല. ആ എഴുത്തുകളുടെ ഒരു വൃഷ്ടിപ്രദേശത്ത് എത്താൻ കഴിഞ്ഞാൽ നമുക്ക് ബർഗ്സോണിയൻ സർഗാത്മകതയുടെ, ചിന്തയുടെ നീരൊഴുക്ക് ദൃശ്യമാകും.
അവനവന്റെ കയത്തിലേക്ക് ഇറങ്ങുമ്പോൾ ‘മൗലികമായ ആത്‍മത്തെ’ (fundamental self) തൊടുകയാണ് സംഭവിക്കുന്നത്. അതിന് വിലങ്ങനെ നടന്നാൽ മതിയാകാതെ വരും, കുത്തനെ ഇറങ്ങണം. പരപ്പിൽ ഉള്ള നമ്മളല്ല ആഴത്തിന്റെ ഏകാന്തതയിൽ അധിവസിക്കുന്നത്.
സാമ്പ്രദായിക ചിന്ത എല്ലാത്തിനെയും സ്ഥലത്തിലേക്ക് പരിവർത്തിപ്പിക്കുന്നു. കൃത്യമായി അളന്നും തൂക്കിതിട്ടപ്പെടുത്തിയും അതിരുകൾ തിരിച്ചും ക്രമപ്പെടുത്തുന്നു. സമയത്തെപ്പോലും സ്ഥലപരിമിതികളിലേക്ക്—കേവലം പ്രതിനിധാനങ്ങളിലേക്ക്—ഒതുക്കുന്നു. കാലം ഇവിടെ സമയ സൂചിയുടെ ചലനമാണ്. അതാകട്ടെ ഭൂമി സൂര്യനെ പരിക്രമണം നടത്തുന്നതിന് അനുക്രമമായി അടയാളപ്പെടുത്തപ്പെട്ടതും. സമയം എനിക്കുള്ളതിനപ്പുറം സമയസൂചിക്കുമില്ലെന്ന് ബർഗസൻ പറഞ്ഞുവക്കുന്നത് അതാണ്.




മറ്റൊന്നിനൊപ്പം സംഭവിക്കുന്നതും അതിന്റെ നിഴൽപ്പാട് മാത്രമായും സമയത്തെ കാണുമ്പോൾ അത് ജീവനറ്റതായി മാറുന്നു. സമയത്തെ അടയാളപ്പെടുത്തുമ്പോൾ ‘തുടക്കവും’ ‘ഒടുക്കവും’ മാത്രം അടയാളപ്പെടുത്തുകയും ‘ഇടവേളകൾ’ ഇല്ലാതെയുമാകുന്നു. യഥാർത്ഥ കാലഗതിയെ (duration) വിഭജിക്കാൻ കഴിയില്ല. സ്ഥലം മാത്രമാണ് വിഭജന സാധ്യമായിട്ടുള്ളത്. ഇനി അതിസൂക്ഷ്മമായ പല തുണ്ടുകളാക്കി എന്നിരിക്കിലും—അവയുടെ ശ്രേണികൾ തന്നെ തീർത്താലും—’തുടക്കവും’ ‘ഒടുക്കവും’ മാത്രമെടുത്താൽ ആ മുനമ്പുകൾക്കിടയിൽ ഇടവേളകളും യഥാർത്ഥ കാലഗതിയും ഊർന്നുപോവുകതന്നെ ചെയ്യും. തീവ്രതകളെ (intensities) ഏറിയും കുറഞ്ഞും എന്ന രീതിയിൽ മനസിലാക്കാനോ വിഭജിക്കാനോ കഴിയില്ല. ആത്‍മാന്വേഷണങ്ങൾക്ക് മാത്രം വഴങ്ങുന്നവയെ ഭൗതിക-സ്ഥലമാനങ്ങളിൽ നിരത്തി വിശകലന വിധേയമാക്കുമ്പോൾ ശുദ്ധമായ കാലഗതി ചോർന്നുപോകുന്നു.
സെനോയുടെ വിരോധാഭാസം (Zeno’s Paradox) പലചിന്തകരും പലവഴിക്ക് വിശദീകരിക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. അക്കിലീസും ആമയും 1000 കാതം അകലെയാണെന്നിരിക്കട്ടെ. അക്കിലീസ് അത് പിന്നിടുമ്പോഴേക്കും ആമ മറ്റൊരു 100 കാതം കടന്നു കാണും. അതും പിന്നിടുമ്പോഴേക്കും മറ്റൊരു 10 കാതം. അങ്ങനെ അങ്ങനെ. ചുരുക്കത്തിൽ ആക്കിലീസിന് ആമയെ മറികടക്കാൻ പറ്റില്ല. ‘അമ്പിന്റെ ഗതി’ (flight of arrow) വിവരിക്കുന്ന ഉദാഹരണമെടുത്താൽ സെനോയുടെ വാദം ഒന്നുകൂടി വ്യക്തമാകും. അത് നിരവധിയായ നിശ്ചലബിന്ദുക്കൾ കൂട്ടിയിണക്കി ചലനത്തെ പുനഃസൃഷ്ടിക്കാൻ കഴിയുമെന്ന വ്യാമോഹത്ത തിരുത്തുന്ന ഒന്നാണ്. അനേകം നിശ്ചലബിന്ദുക്കൾ ചേർന്നാലും ചലനമാകില്ല. ശാസ്ത്രം ചലനത്തെ അത് പിന്നിട്ട അകലത്തിൽ അളന്ന് തിട്ടപെടുത്താൻ ശ്രമിക്കുകയും ആത്യന്തികമായി ചലനത്തെ മനസ്സിലാക്കുന്നതിൽ പരാജയമടയുകയാണ്.




ഇവിടെ അക്കിലീസിന്റെയും ആമയുടെയും ചലനത്തെ നേർ രേഖയിൽ അടയാളപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്. സ്ഥലം പോലെ നമുക്ക് സമയത്തെ രേഖീയമായി അടയാളപ്പെടുത്താനോ വിഭജിക്കാനോ കഴിയില്ല. ശാസ്ത്രവും സാമാന്യബോധവും സൗകര്യപൂർവം സമയത്തെ വിഭജിച്ചു സ്ഥലപരമായി മനസ്സിലാക്കുകയാണ് ചെയ്യുന്നത്. നമ്മൾ സിനിമ നിർമ്മിക്കുമ്പോൾ നിരവധി നിശ്ചലചിത്രങ്ങൾ ചേർത്ത് ‘ചലച്ചിത്രം’ സൃഷ്ടിക്കുമ്പോഴും അത് ‘മായക്കാഴ്ച’ മാത്രമാണ്. അപ്പോൾ, യഥാർത്ഥമായ ‘കാലഗതി’യിലേക്ക് എങ്ങനെ തിരിച്ചുപോകാൻ കഴിയും?
‘ബുദ്ധി’ മനുഷ്യനും യാഥാർത്ഥ്യത്തിനും ഇടയിൽ ഒരു ഇരുമ്പുമറ തന്നെ പണിയുന്നു. മനുഷ്യന്റെ മനോനിലകൾ (state of mind) വേർതിരിക്കാൻ വയ്യാത്തവിധം ഇഴപിരിഞ്ഞാണിരിക്കുന്നത്. ഈ മനോനിലകൾ ഓരോന്നും വേർതിരിച്ച് അവക്ക് പിന്നിൽ അനക്കമില്ലാത്ത ‘അഹ’ത്തെ (ego) നമ്മൾ വിഭാവന ചെയ്യുന്നു. ബുദ്ധി എപ്പോഴയും അല്പം വൈകി മാത്രം ഉണരുമ്പോൾ യഥാർത്ഥ കാലഗതി ബുദ്ധിക്ക് വഴങ്ങാത്ത ജീവിതം തന്നെയാണ്.
ബർഗസ്ൻ പറയും, പഞ്ചസാര ഉരുകാൻ നമ്മൾ ഉരുകിയിട്ടു കാര്യമില്ല, അതിനായി കാത്തിരിക്കുക തന്നെവേണം. എന്നാൽ ചിലർക്ക് ജീവിതം തന്നെ കാത്തിരിപ്പാണ്. അവർ കാത്തിരുന്നത് കടന്നു പോയിട്ടും അതറിയതെ ജീവിതം തന്നെ അനന്തമായ കാത്തിരിപ്പായി മാറുന്നു. അവരുടെ കാത്തിരിപ്പ് ജീവിച്ചു തുടങ്ങാനുള്ള കാത്തിരിപ്പാണെങ്കിലും അവർ ഒരിക്കലും ജീവിച്ചുതുടങ്ങുന്നില്ല. ചിലർ ‘ഭൂതകാല കുളിരിൽ’ വിഷണ്ണരായി വിറച്ചിരുന്നു കാലം കഴിക്കുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത ഗതകാലസ്മരണയിൽ നെടുവീർപ്പിടുന്നു. മറ്റുചിലരാകട്ടെ ‘ഇന്നിൽ’ ജീവിക്കാൻ ആഹ്വാനം ചെയ്യുന്നു. കാലം ‘വർത്തമാനത്തിൽ’ തളം കെട്ടി കിടക്കുന്നില്ല. ഇവരെല്ലാം ഭിന്നവഴികളിൽ കാലത്തിന് വെളിയിൽ ബന്ധനസ്ഥരാണ്. എന്തൊരു അസ്വാതന്ത്രമാണിത്! അവർക്ക് ഒന്നും ‘സംഭവിക്കുന്നില്ല’. ആന്തരികമായ കമ്പനങ്ങളിലേക്കും ശുദ്ധമായ കാലഗതിയിലേക്കും (duration) കടക്കാതെ ഒരാൾക്കെങ്ങനെ സ്വതന്ത്രമാകാൻ കഴിയും? എപ്പോഴൊക്കെയാണ് നമ്മൾ സ്വാതന്ത്ര്യം കയ്യൊഴിയുന്നത്? ചുറ്റിലും ഉറ്റവരും ഉടയവരും, അഭിപ്രായങ്ങങ്ങളും ആഹ്വാനങ്ങളും ഒരു പുറം പാളിയായി നമ്മളെ നിർബന്ധിച്ചും നിർണ്ണയിച്ചുകൊണ്ടുമിരിക്കുമ്പോൾ ചിലപ്പോൾ ആ നിമിഷം കടന്നുവരും.




‘വന്ദനം’ സിനിമയിൽ ബോംബ് നിർവീര്യമാക്കാൻ മോഹൻലാൽ കഥാപാത്രത്തെ സൈക്കോ ആയമനുഷ്യൻ (നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം) ‘ചുവപ്പ് വയർ’ വലിക്കാൻ നിർബന്ധിക്കുമ്പോഴും അത് കേൾക്കാതെ നീല വയർ വലിച്ച് അപകടം ഒഴിവാക്കുന്ന ഒരു രംഗമുണ്ട്. അവനവനിലേക്ക് ഇറങ്ങാനുള്ള ആദ്യകടമ്പ, ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന നമ്മളെ അതിജീവിച്ച് ആഴത്തിലുള്ള മൗലികമായ ആത്മത്തെ വീണ്ടെടുക്കലാണത്. അത് ഏകാതന്തയുടെയും ധ്യാനത്തിന്റെയും മനനത്തിന്റെയും വഴികൂടിയാണ്. ലോകം മുഴുവൻ തനിക്കെതിരെ ഗൂഡാലോചന ചെയ്യുമ്പോഴും അന്തർദർശനത്തിന്റെ ബലത്തിൽ വിധിയെപ്പോലും മാറ്റിമറിക്കാൻപോന്ന തന്റെ നിയോഗത്തെ സാക്ഷാൽക്കരിക്കുന്നതാണ് ഇവിടെ സ്വാതന്ത്രം. ആ ഏകാന്തതയിൽ വ്യക്തിയിലൊതുങ്ങാത്ത സാമൂഹികതയുണ്ട്. പക്ഷെ സ്വത്വം രണ്ടിൽ ഒതുങ്ങുമോ? ഒരു വശത്ത് പൂർണമായി വിധേയപ്പെടലാണെങ്കിൽ മറ്റൊന്ന് ആത്യന്തികമായ തെന്നിമാറലാണ്. ആത്മപ്രകാശനത്തിന്റെയും സ്വാതന്ത്രത്തിന്റെയും പലനിലകൾ കടക്കുമ്പോൾ സ്വത്വസാധ്യതകളും പലതാകുന്നു.
നമ്മൾ സ്വതന്ത്രമാകുമ്പോൾ അതിൽ ഭൂതകാലം ഒന്നാകെ വെളിപ്പെടുകയാണോ? ചരിത്രം കേവലമായി ആവർത്തിക്കപ്പെടുകയാണെങ്കിൽ ‘വർത്തമാനവും’ ‘ഭാവിയും’ ഭൂതത്തിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയാണ്? ഭൂതം ഏറിയും കുറഞ്ഞും, ചുരുങ്ങിയും വിസ്തരിച്ചും പല നിലക്കാണ് ഓരോ നിമിഷത്തിലും അനാവൃതമാകുന്നത് എന്ന ദ്ല്യൂസിന്റെ ബർഗസൻ വായന ഇവിടെ പ്രസക്തമാണ്. ഓരോ നിമിഷവും മറ്റൊന്നാകുമ്പോഴും അടിത്തട്ടിൽ ജീവിതത്തിന്റെ അനസ്യൂതിയുണ്ട്. അത് ഒരിക്കലും വർത്തമാനമാകാത്ത ഭൂതകാലത്തിന്റെ തിരയിളക്കങ്ങളാണ്. ബർഗസ്ന്റെ ഭാഷയിൽ, എല്ലാവരും അവരവരുടെ ഈണവും താളവും കണ്ടെത്തുമ്പോഴും ഒരേ ഗാനം മാത്രം മൂളിക്കൊണ്ടിരിക്കുന്നു.




വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അതിന് സമാന്തരമായി നീങ്ങുന്നവയാണ്. അത് ഓർമയുടെതന്നെ ഓർമയാണ്. എന്നാൽ മറ്റൊരു തരം ഓർമയുണ്ട്, നിരന്തരം വർത്തമാനത്തിലേക്ക് തുറക്കുന്ന ഓർമ, അതിനെ നിർമിക്കുകയും പുതുക്കുകയും ചെയ്യുന്ന ഓർമ. എന്നാൽ ഭൂതത്തിന്റെ ഈ അതിനിർണ്ണയനത്തിൽ നിന്നും മനുഷ്യനെ സ്വതന്ത്രനാക്കുന്ന ‘ഭാവിയിയുടെ ഓർമ’യെപ്പറ്റി ബർഗസൻ തന്റെ Creative Evolutionൽ സൂചിപ്പിക്കുന്നുണ്ട്. അത് സ്വത്വത്തെത്തന്നെ തരിപ്പണമാക്കുന്നു. എല്ലാ മുൻകൂർ നിർവചനങ്ങളെയും പൊളിക്കുന്നു.
ഞാനും ബെർഗ്സണും – നമ്മെ ബന്ധിപ്പതെന്താഭിചാരം?
ലോകത്തിന്റെ മറ്റൊരുമൂലയിൽ ഒരു നൂറ്റാണ്ടിന് മുമ്പ് ജീവിച്ചു മരിച്ച ബർഗസനെ ഞാൻ എന്തിന് വായിക്കണം? ബർഗസനെ ശാസ്ത്രവിരുദ്ധനായി വായിക്കുന്നത് ഒരു അതിവായനയാകും. എന്നാലും ബർഗസ്ന്റെ വഴി ശാസ്ത്രവഴി അല്ല. ശാസ്ത്രം എല്ലാത്തിനെയും സ്ഥലത്തിലേക്കും നിർവചനങ്ങളിലേക്കും സൂത്രവാക്യങ്ങങ്ങളിലേക്കും ഒതുക്കുന്നു. ഗണിതമാണ് അതിന്റെ പൂർവമാതൃക. എങ്ങോട്ട് തിരിഞ്ഞാലും കാണുക അളവ് പാത്രങ്ങളും തുലാസും മാത്രം. കണ്ണുകെട്ടിയ നീതിദേവതയുടെ കയ്യിലെ തുലാസ് ഒരു അസ്സൽ പ്രതീകമാണ്. ബർഗസൻ എനിക്ക് ചിന്തയിൽ ഒരു പന്തയം വെപ്പാണ്. മധ്യസ്ഥരില്ലാതെ നിങ്ങൾക്ക് ദൈവത്തോട് നേരിട്ട് സംവദിക്കാൻ കഴിയുമോ? തീർത്തും അ-മാധ്യമികമായി?
Featured Image: Atul Pandey
Comments are closed.