തിബാഖ് ഇന്റലക്ച്വൽ ഹിസ്റ്ററി സീരീസ്. ഭാഗം 5

1950കളുടെ തുടക്കത്തിൽ അറബ് ലോകത്തുണ്ടായ ധൈഷണികമായ മാറ്റങ്ങൾക്കൊടുവിൽ തങ്ങൾ മൂന്നാം ലോക സമൂഹത്തിന്റെ ഭാഗമാണെന്ന ബോധ്യം അറബ് ചിന്തകരിൽ ഉടലെടുത്തു. സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലുള്ള വെല്ലുവിളികളെ കൂട്ടായി നേരിടാൻ തയ്യാറായ ഒരു സമൂഹത്തിന്റെ അണികളായി അവരും മാറി. 1955ൽ ബാംതൂങ് ഉച്ചകോടിയിൽ വെച്ചാണ് മൂന്നാം ലോക രാജ്യങ്ങളുടെ രൂപീകരണത്തിന് കാരണമായ സുപ്രധാന ചർച്ചകൾ നടന്നത്. എന്നാൽ ഈ ആശയങ്ങൾക്ക് പുറമെ പ്രായോഗിക സമൂഹം എന്ന നിലയിൽ അതിന്റെ നിലനിൽപ്പ് കേവലം വാചോടാപങ്ങളിൽ മാത്രം ഒതുങ്ങി. അത്തരത്തിൽ വാക്കുകളിലൂടെയുള്ള മൂന്നാം ലോക ആശയങ്ങളുടെ നിലനിൽപ്പിന്റെ ആത്യന്തികമായ പ്രകടനമായിരുന്നു ഈജിപ്തിലെ വിപ്ലവകരമായ ‘സൗത്തുൽ അറബ്’ റേഡിയോ സ്റ്റേഷൻ.

1960 വരെ മൂന്നാം ലോകത്തെക്കുറിച്ചുള്ള ആലോചനകൾ അങ്ങനെ വാചകങ്ങളിൽ മാത്രമായി ഒതുങ്ങി. അൾജീരിയൻ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി നടന്ന യുദ്ധങ്ങളിലൂടെയാണ് അതിന് മാറ്റം സംഭവിച്ചത്. മൂന്നാം ലോകവാദത്തിന് (third worlidsm) പ്രായോഗികമായ നിലനിൽപ്പ് കൈവന്നതും അതിന്റെ ആഗോള ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ഐക്യം രൂപപ്പെട്ടതും ഈ യുദ്ധത്തിലൂടെയാണ്. അൾജീരിയയിൽ ഈ ആശയത്തെ യാഥാര്‍ത്ഥ്യവൽക്കരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് അറബ് ധൈഷണിക സമൂഹം ആയിരുന്നു. ആഗോള തലത്തിൽ അപകോളനീകരണത്തിന്റെ അറബ് അനുഭവങ്ങൾ ആവിഷ്കരിക്കുന്നതിനു വേണ്ടി ‘ഇൽത്തിസാം’ എന്ന അറബ് തത്വ ചിന്തയുടെ പുതിയ രൂപത്തെ മൂന്നാം ലോക വാദവുമായി അവർ ബന്ധപ്പെടുത്തി. ഈ മുന്നേറ്റങ്ങളിലുള്ള സാർത്രിന്റെ സജീവമായ ഇടപെടൽ, അദ്ദേഹത്തിന്റെ ആശയങ്ങളിലും അറബ് രാജ്യങ്ങളിലെ ക്രിയാത്മകമായ പരിഷ്‌കരണങ്ങളിലും ബന്ധിതമായ ഒരു ഐക്യ മുന്നണിയുടെ രൂപീകരണത്തിലേക്കു നയിച്ചു.

അപകോളനീകരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ജവാഹർലാൽ നെഹ്‌റു, ക്വമെ എൻക്രൂമ, ജമാൽ അബ്ദുന്നാസർ തുടങ്ങിയ രാഷ്ട്ര പ്രതിനിധികൾ പലപ്പോഴായി ഉത്തരവാദിത്വം(responsibility), ത്യാഗം (sacrifise), സ്വാതന്ത്ര്യം (freedom) എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ ആശയങ്ങളാണ് പിന്നീട് മൂന്നാം ലോകവാദത്തിന്റെ പ്രധാന ആശയങ്ങളാണ് മാറിയത്. എന്നാൽ ഈ ആശയങ്ങൾ അപകോളനീകരണത്തിന്റെ അനുഭവങ്ങളെ വികസിപ്പിക്കുന്നതിന് പകരം കുറച്ചു കാണിക്കുകയാണുണ്ടായതെന്ന് യോ ഡി കപുവ നിരീക്ഷിക്കുന്നുണ്ട്.

1962 വരെ അപകോളനീകരണത്തിനായി ഒരു സംയോജിത അന്താരാഷ്ട്ര മുന്നണി കെട്ടിപ്പടുക്കാൻ സാധിച്ചിരുന്നില്ല. അൾജീരിയൻ സാഹചര്യത്തിൽ നിന്നും കോളനിവൽകൃത ജനതയും കൊളോണിയൽ ശക്തികളും തമ്മിലുള്ള ആഗോള സംഘട്ടനങ്ങളിലേക്കു നീങ്ങുക എന്ന വിശകലന തന്ത്രം ആവിഷ്കരിക്കുന്നതിലൂടെ സാർത്രും, ഫാനോണും ആണ് അത് സാധ്യമാക്കിയത്. അതേ സമയം, ദേശീയാടിസ്ഥാനത്തിലുള്ള കൊളോണിയൽ വിരുദ്ധ പ്രവർത്തനങ്ങളായിരുന്നു പലപ്പോഴായി നടന്നത്. ഇറാന്റെ പരാജയപ്പെട്ട എണ്ണ ദേശസാൽക്കരണം, മെക്സിക്കോയിലെയും വെനിസ്വെലയിലെയും വികസനങ്ങൾ എന്നിവ അത്തരം ദേശീയാടിസ്ഥാനത്തിൽ നടന്ന കൊളോണിയൽ വിരുദ്ധ ചലനങ്ങളുടെ ഉദാഹരണങ്ങളാണ്. പിന്നീട് ഈജിപ്ത്യൻ പ്രസിഡണ്ട് ആയിരുന്ന ജമാൽ അബ്ദുന്നാസർ പ്രതിരോധത്തിന്റെ പുതിയ മാർഗ്ഗങ്ങൾ നടപ്പിലാക്കുന്നതിന് പാൻ-അറബിസമെന്ന ആശയത്തിന് പ്രചോദനം നൽകി. പാൻ-അറബ് ഐക്യം പോലെയുള്ള ഒരു കൂട്ടായ പ്രവർത്തനത്തെ രൂപകൽപ്പന ചെയ്യുക എന്നത് ആഫ്രിക്കൻ-ഏഷ്യൻ ചക്രവാളത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് തുടക്കത്തിൽ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു.

1950കളിൽ നടന്ന സംഘട്ടനങ്ങളിൽ ഏറ്റവും വിജയകരമായത് അൾജീരിയൻ സ്വതന്ത്ര സമരങ്ങളാണ്. മൂന്നാം ലോകവാദത്തിലേക്കും ചേരി-ചേര നയങ്ങളിലേക്കുമുള്ള ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടത് ഈ സമരങ്ങളിലൂടെയാണ്. എന്നാൽ അൾജീരിയൻ സാഹചര്യങ്ങളിൽ നിന്ന് ആഗോളതലത്തിലേക്ക് മൂന്നാം ലോകമെന്ന ആശയത്തെ വളർത്തിയ ആശയ സിദ്ധാന്തങ്ങൾ ഏതാണ് എന്നത് വളരെ ശ്രദ്ധേയമായ ചോദ്യമാണ്. ഒന്നാമതായി 1960ലെ സാർത്രിന്റെ Critique de la raison dialectique എന്ന കൃതി മാർക്സിസത്തെയും എക്സിസ്റ്റെൻഷ്യലിസത്തെയും സംയോജിപ്പിച്ച് പുതിയ ആശയങ്ങൾ ഉണ്ടാക്കുകയും ആ ആശയങ്ങൾ അൾജീരിയൻ സമരങ്ങളിലും മൂന്നാം ലോക നയങ്ങളിലും ഉപയോഗപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. യാഥാസ്ഥിതിക മാർക്‌സിസവുമായി അസ്തിത്വവാദം എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് ചിത്രീകരിക്കുകയല്ല മറിച്ച്, മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഒരു ചെറിയ തിരുത്തൽ നൽകുകയും സ്വാതന്ത്ര്യത്തെയും വ്യക്തിവാദത്തെയും (individualism) കുറിച്ചുള്ള ആശയങ്ങൾ അതിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കുമെന്ന് കാണിക്കുകയും ചെയ്യുക എന്നതായിരുന്നു സാർത്രിന്റെ ലക്ഷ്യം. അതിനെ പ്രായോഗിക രീതിയിലൂടെ വീക്ഷിക്കുമ്പോൾ മാർക്സിസം തൊഴിലാളി വർഗ്ഗത്തെ എങ്ങനെ നോക്കിക്കണ്ടോ അത് പോലെയാണ് Tiers-mondisme കോളനി വത്കൃത ജനങ്ങളെ നോക്കിക്കണ്ടത്. അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം ഈ മാർക്സിസ്റ്റ്-എക്സിസ്റ്റെൻഷ്യലിസ്റ്റ് സമന്വയം 1950കളിലെ ചില പ്രതിസന്ധികൾ ഇല്ലാതാക്കി.

രണ്ടാമതായി, നിയോ കൊളോണിയലിസത്തെ ആസ്പദമാക്കിയുള്ള സാർത്രിന്റെ കൃതിയിൽ രാഷ്ട്രീയപരമായി വിമോചനം ലഭിച്ച പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് അപകോളനീകരണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ കേവലം അധികാര കൈമാറ്റത്തിലൂടെ മാത്രം അവസാനിക്കുന്നില്ല എന്നും അത് തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്നു അവരെ ബോധ്യപ്പെടുത്തി. മൂന്നാമതായി, 1961 ൽ പ്രസിദ്ധീകരിച്ച Wretched of the Earth എന്ന ഫാനോണിന്റെ പുസ്തകം മൂന്നാം ലോകക്രങ്ങളുടെ അവസ്ഥകൾ സൃഷ്ടിച്ചെടുക്കാനുള്ള മനഃശാസ്ത്രപരമായ ശ്രമങ്ങളെ വിശദീകരിക്കുന്നതിലൂടെയും, കോളനിവത്കൃത ജനങ്ങൾക്ക് തങ്ങളുടെ പ്രതാപം വീണ്ടെടുക്കാൻ കൊളോണിയൽ വിരുദ്ധ സമരങ്ങളിലേക്ക് പ്രചോദനം നൽകുകയും ചെയ്യുന്നതിലൂടെ ചർച്ചകളെ ആഗോള തലത്തിലേക്ക് നയിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഈ കാര്യങ്ങളൊക്കെയാണ് മൂന്നാം ലോകമെന്ന ആശയത്തിന്റെ ആഗോള വ്യാപനത്തിന് കാരണമായത്.

ആഗോള തലത്തിൽ മൂന്നാം ലോകം എന്ന ആശയത്തെ പല രീതിയിലാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. അറബ് മേഖലകളിൽ ഈ ആശയങ്ങൾ പ്രമുഖ്യം നേടുന്നതിന് വ്യക്തമായ ബൗദ്ധിക ഇടപെടലുകൾ ആവശ്യമായിരുന്നു. മാർക്സിസ്റ്റ്, സോഷ്യലിസ്റ്റ്, കമ്മ്യൂണലിസ്റ്റ്, ലിബറൽ തുടങ്ങിയ വ്യത്യസ്ത ധൈഷണിക വിഭാഗങ്ങൾ പ്രത്യയശാസ്ത്രപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ‘ഇൽതിസാമി’ന്റെ വ്യത്യസ്തമായ വായനകൾ സാധ്യമാക്കുകയും ചെയ്തു. ഈ സവിശേഷ പാരമ്പര്യമാണ് മൂന്നാം ലോക വാദങ്ങൾക്ക് അറബ് ലോകത്ത് പ്രാധാന്യം നേടിക്കൊടുക്കാൻ സഹായിച്ചത്. കോംഗോ പോലുളള ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളിലുള്ള ജമാൽ അബ്ദുന്നാസറിന്റെ ഇടപെടലുകൾ ഈജിപ്ത്തിന് ജനകീയ വിപ്ലവങ്ങളോടുള്ള ധാർമികമായ പ്രതിബദ്ധതയുടെ രീതിശാസ്ത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒരു ധൈഷണിക വീക്ഷണ കോണിൽ നിന്ന് നോക്കുമ്പോൾ ഈയൊരു ധാർമ്മികത ഭാഗികമായി ആൽബേർട്ട് കാമുവിനോട് ബന്ധപ്പെട്ട് കിടക്കുന്നു. ‘യാഥാർത്ഥ്യ’ത്തിനെതിരെയുള്ള കാമുവിന്റെ മെറ്റാഫിസിക്കൽ ആശങ്ങളെ കടമെടുത്ത് അബ്ദുൽ വഹാബ് അൽ ബയാത്തി പറയുന്നതായി കാണാം: “വ്യക്തിപരമോ സാമൂഹ്യപരമോ ആയ വിപ്ലവങ്ങളുടെ ആദ്യപടി ജീവിതത്തിനെതിരെയുള്ള കലാപങ്ങളാണ്”. ഔദ്യോഗികമായി വിപ്ലവം അവസാനിച്ചതിന് ശേഷവും കാമുവിന്റെ വിപ്ലവാത്മക ജീവിതത്തോടുള്ള പ്രതിബദ്ധത വിപ്ലവങ്ങൾ സ്വമേതയാ രൂപപ്പെടുന്നതാണെന്നുള്ള അറബ് രാഷ്ട്രീയ യാഥാർഥ്യങ്ങളോടും, നിയോ കൊളോണിയലിസത്തോടും നാസറിന്റെ ആശയങ്ങളോടും പൊരുത്തപ്പെടുന്നുണ്ട്. വിപ്ലവങ്ങളുടെ കാരണം എന്താണെന്നുള്ളതിനെ ചൊല്ലി അറബ് വിപ്ലവ ചിന്തകന്മാർക്കിടയിൽ വലിയ സംവാദങ്ങൾ നടന്നിരുന്നു. ചിലർ അത് വ്യക്തിപരമാണെന്നും മറ്റൊരു വിഭാഗം (പ്രധാനമായും മാർക്സിസ്റ്റുകൾ) അത് സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാണെന്നും നിരീക്ഷിച്ചു.

അറബ് എക്സിസ്റ്റെൻഷ്യലിസ്റ്റുകൾ കലാപങ്ങളെക്കുറിച്ച് (revolt) സംസാരിക്കുമ്പോൾ കാമുവിനേക്കാൾ ഒരു പടി മുന്നിൽ ഏർനെസ്റ്റോ ചെഗുവേര അവരുടെ മനസ്സുകളിൽ ഉണ്ടായിരുന്നു. ഈ സമയം കലാപങ്ങളുടെ ആഗോള പ്രതിരൂപമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഏറ്റവും രസകരമായ ഒരു കാര്യം നോൺ എക്സിസ്റ്റെൻഷ്യലിസ്റ്റായി സ്വയം പരിചയപ്പെടുത്തിയിരുന്ന കാമു സാർത്രിന്റെ അതിരുകടന്ന വ്യക്തിത്വ വാദത്തെയും (individualism) സംഭാഷണത്തേക്കാൾ ആത്മഭാഷണത്തോടുള്ള (monologue) അദ്ദേഹത്തിന്റെ താല്പര്യത്തേയും പല അവസരങ്ങളിലും വിമർശിച്ചിരുന്നുവെങ്കിലും അറബ് ലോകത്ത്‌ അദ്ദേഹം സാർത്രിൽ നിന്നും വേർതിരിച്ചറിയാൻ കഴിയാത്ത ഒരാളായിരുന്നു.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത് എന്ന ചെഗുവേരയുടെ ആശയത്തെ മൂന്നാം ലോക കവിയും എക്സിസ്റ്റെൻഷ്യലിസ്റ്റുമായിരുന്ന ബയാത്തി തന്റെ തജ്‌രിബതിശ്ശിഅരിയ്യ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ സാർത്രിന്റെ committed responsibilityയിലൂടെയും കാമുവിന്റെ ത്യാഗം (sacrifice), കലാപം (revolt), ഫാനോണിന്റെ purifying violence, possible martyrdom എന്നീ ആശയങ്ങളിലൂടെ വ്യക്തിയെ പുനർനിർമിക്കുന്നതിന് അറബ് വിപ്ലവ സംസ്കാരവും മൂന്നാം ലോക വാദവും മികച്ച രീതിയിൽ പ്രവർത്തിച്ചു. അറബികളെ സംബന്ധിച്ചിടത്തോളം സാർത്രിനെ മൂന്നാം ലോക ആശയങ്ങളുടെ പ്രതീകമായിട്ടാണ് അവർ കണ്ടിരുന്നത്. 1964ൽ ക്യുബയിലെയും വിയറ്റ്നാമിലേയും അദ്ദേഹത്തിന്റെ നിലപാടുകളും 1964ലെ തന്നെ സാഹിത്യത്തിലെ നോബൽ പ്രൈസ് സ്വീകരിക്കാതെ തിരിച്ചയയച്ചതടക്കം ധീരോദാത്തമായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അറബ് ജനതയെ ആകർഷിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ ചിന്തകനെന്ന പരിവേഷം അറബ് ജനതക്കിടയിൽ സൃഷ്ടിക്കാൻ അതോടെ അദ്ദേഹത്തിന് സാധിച്ചു. അതിനെ തുടർന്ന് അറബ് രാജ്യങ്ങളിൽ – പ്രത്യേകിച്ച് ഇറാഖിൽ – വലിയ സ്വീകാര്യത അദ്ദേഹത്തിന് കിട്ടിത്തുടങ്ങി.

ഇറാഖിലെ മൊണാർക്കി സൈനിക അട്ടിമറിയിലൂടെ തകർക്കപ്പെട്ടതിനെ തുടർന്ന് 1958നു ശേഷം പ്രധാനപ്പെട്ട രണ്ട് വിമത വിഭാഗങ്ങൾ വളർന്നു വന്നു. ‘കമ്മ്യൂണിസ്റ്റുകളും’ ‘ബഅതിസ്റ്റുകളും. 1940കളിൽ മിഷേൽ അഫ്‌ലാഖിന്റെയും സലാഹുദ്ധീൻ ബിനു ബിത്താറിന്റെയും നേതൃത്വത്തിലാണ് ബഅതിസ്റ്റു പാർട്ടി രൂപം കൊള്ളുന്നത്. ഡമാസ്കസ് ആയിരുന്നു ഇതിന്റെ കേന്ദ്രമെങ്കിലും പതിയെ ഇറാഖിലേക്ക് അത് വ്യാപിക്കുകയും അവിടെ ഒരു പ്രധാന പാർട്ടിയായി മാറുകയും ചെയ്തു. ഐക്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നിവയായായിരുന്നു അവരുടെ പ്രധാന അജണ്ഡകൾ. സാമൂഹികപരമായും, രാഷ്ട്രീയപരമായും, മനഃശാസ്ത്രപരമായും തങ്ങളുടെ സ്വത്വത്തിനെ മോചിപ്പിക്കുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. ഈ രണ്ടു വിഭാഗങ്ങളും അവരുടേതായ ബൗദ്ധിക മണ്ഡലങ്ങളിൽ പ്രവർത്തന സജ്ജരായി. ‘കൊളോണിയൽ വിരുദ്ധ ദേശീയത’ എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഈ വിഭാഗങ്ങൾ നിലകൊണ്ടതെങ്കിലും അവരുടെ ‘ദേശീയത’ ആശയങ്ങൾ തമ്മിൽ വളരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ഈജിപ്തിന്റെയും സിറിയയുടെയും ഏകീകരണം നടപ്പിലാക്കിയ നാസറിന്റെ നേതൃത്വത്തിലുള്ള ‘ബഅതിസ്റ്റുകൾ’ പാൻ അറബ് നാഷണലിസം എന്ന ബാനറിന് കീഴിലാണ് ദേശീയ മുന്നേറ്റങ്ങൾ നടപ്പാക്കിയതെങ്കിൽ, പകരം കമ്മ്യൂണിസ്റ്റുകാർ ഇറാഖിലെ ആഭ്യന്തര സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കുകയും അന്താരാഷ്ട്ര കമ്മ്യൂണിസത്തിന്റെ പരമ്പരാഗത മാർഗ്ഗങ്ങളിലൂടെ മുന്നോട്ട് പോവുകയും ചെയ്തു. ആഭ്യന്തരമായും അന്തർദ്ദേശീയമായും അറബ് സമൂഹങ്ങളുടെ അപകോളനീകരണത്തിലേക്കുള്ള വ്യത്യസ്തമായ സമീപനങ്ങളായിരുന്നു ഇവ. ഇറാഖ് പ്രസിഡണ്ടായിരുന്ന അബ്ദുൽ കരീം കാസിമും അദ്ദേഹത്തിന്റെ സഖ്യ കക്ഷികളും ‘ബഅതിസ്റ്റുകളുടെ കരങ്ങളാൽ ക്രൂരമായി വധിക്കപ്പെടുന്നത് വരെ നാസറിന്റെ ഏകീകരണത്തിലധിഷ്ഠിതമായ ദേശീയതയെ അവർ എതിർത്തു. ഈജിപ്തിലെ നാസറിന്റെയും ഇറാഖിലെ കാസിമിന്റെയും അവരുടെ സഖ്യ കക്ഷികൾക്കിടയിലും നടന്ന ഈ സംഘട്ടനങ്ങൾ പിന്നീട് അറബ് ശീത യുദ്ധം എന്ന അപാരനാമത്തിൽ പ്രസിദ്ധമായി. 1963 ഫെബ്രുവരിയിലെ അട്ടിമറി സമയത്ത് ആയിരക്കണക്കിന് ഇറാഖി ധൈഷണിക ചിന്തകന്മാരും ആക്ടിവിസ്റ്റുകളും പ്രത്യയ ശാസ്ത്രങ്ങളുടെ പേരിൽ പീഡനങ്ങൾക്കും കൂട്ടക്കൊലകൾക്കും വിധേയരായി. അതുകൊണ്ട് തന്നെ അറബ് അപകോളനീകരണത്തിന് ആഭ്യന്തര സംഘട്ടനങ്ങളുടെ ദാരുണമായ അവസ്ഥകളും പറയാനുണ്ട്.


അധ്യായം 4: സുഹൈൽ ഇദ്‌രീസും അറബ് സോഷ്യലിസ്റ്റ് റിയലിസവും
അധ്യായം 6: ഫലസ്തീനും സാർത്രിൽ നിന്നുള്ള അറബ് ലോകത്തിന്റെ തിരിഞ്ഞ് നടത്തവും

Featured Image : Yugoslav President Josip Broz Tito (right) with Egyptian President Gamal Abdel Nasser (left) and Indian Prime Minister Jawaharlal Nehru, shown here meeting in 1956, are considered to be among the founding fathers of NAM.

Comments are closed.