കശ്മീർ: അശാന്തമായ സ്വർഗം. യാത്രാവിവരണത്തിന്റെ തുടർച്ച

പടിഞ്ഞാറൻ കശ്മീരിലെ സോക്കൂരിലേക്കുള്ള ഒരു യാത്രക്കിടെ അവിടെ ഞാൻ സന്ദർശിക്കാൻ ആഗ്രഹിച്ച കശ്മീരിൽ വളരെ ആദരിക്കപ്പെടുന്ന ഉന്മാദികളായ സൂഫികളിൽ ഒരാളായ അഹാദ് ബാബ ശ്രീനഗറിലേക്ക് പോയതായി അറിഞ്ഞു. ‘അദ്ദേഹത്തിന് പോകാൻ എന്തെങ്കിലും വെളിപാട് ഉണ്ടായിരിക്കണം’ അവിടെയുള്ളവർ പറഞ്ഞു. ഡ്രൈവർ ഫാറൂഖ് എന്നെ മധ്യകാല മിസ്റ്റിക്കുകളിൽ പെട്ട ബാബ ഷാകുർ-ഉദ്ധീന്റെ മഖ്ബറയിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു, ‘ഇത് വരെ വന്ന രണ്ട് മണിക്കൂർ വെറുതെയാകില്ല’ അയാൾ സൂചിപ്പിച്ചു. കശ്മീരിൽ ഇസ്‌ലാമിസ്റ്റുകൾ വിജയിച്ചിട്ടില്ല എങ്കിൽ അത് ഇന്ത്യൻ സൈന്യത്തിന്റെ അധികാരവും, ക്രൂരതയും മാത്രം കാരണമല്ല. മിക്ക കശ്മീരികളും തങ്ങളുടെ പരമ്പരാഗത വിശ്വാസത്തോടും അതിന്റെ മിസ്റ്റിക്കൽ വേരുകളോടും വിശ്വാസം സൂക്ഷിക്കുന്നത് കൊണ്ടാണ്. അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാന്റെ ചില ഭാഗങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി കശ്മീരിലെ സൂഫിസം പുതിയ പ്രത്യയശാസ്ത്രത്തിനെതിരെ ശക്തമായി തന്നെ നിലകൊള്ളുന്നുണ്ട്.

ഒറ്റപ്പെട്ട ഒരു പർവ്വതത്തിലാണ് ദർഗ സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിന്റെ തെക്ക് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള തടാകമായ വൂളാർ തടാകത്തിലേക്ക് ഉന്തി നിൽക്കുന്ന പ്രദേശമാണത്. ആ പർവ്വതത്തിന്റെ മുകളിൽ കശ്മീരിന്റെ സംസ്കാരവും, ആകർഷണീയതയും ഒത്തുചേർന്ന് പ്രകൃതിയുടെയും, ആത്മീയതയുടെയും ഒരു പ്രത്യേക അനുഭവം രൂപപ്പെടുത്തുന്നുണ്ട്. താഴെ നീണ്ട് കിടക്കുന്ന തടാകം നീലയും പച്ചയും ചേർന്ന ഓയിൽ പെയിന്റിംഗ് പോലെ തോന്നിക്കും. ഹിമാനികൾക്ക് ചുറ്റും താഴ്‌വരയിലെ പുൽമേടുകളും വനങ്ങളും, ദർഗയിൽ നിന്നുയരുന്ന സംഗീതത്തിന്റെ മാന്ത്രികമായ വിഷാദ ധ്വനിയും ഒരു പ്രത്യേക അന്തരീക്ഷം രൂപപ്പെടുത്തുന്നുണ്ട്. മറ്റ് സന്ദർശകരെ പിന്തുടർന്ന് ഞാൻ ആദ്യം ദർഗയുടെ ഒരു വശത്തുള്ള ചെറിയ പള്ളിയിൽ പ്രവേശിച്ചു. പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ ഗായകസംഘം പാട്ട് നിർത്തിയിരുന്നു. ദർഗയിൽ പ്രവേശിക്കുമ്പോൾ അതിനുള്ളിൽ ഗായകരെ കാണാത്തതിൽ ഞാൻ ആശ്ചര്യപ്പെട്ടു. അവിടെ ഒരു ചെറുപ്പക്കാരൻ ദിവാനിൽ നിന്നുമുള്ള ചില ഭാഗങ്ങൾ മൃദുവായ ശബ്ദത്തിൽ പാരായണം ചെയ്യുന്നുണ്ടായിരുന്നു. അലങ്കാരങ്ങളില്ലാത്ത ഹാളിൽ കൂടുതലും ചെറുപ്പക്കാരായിരുന്നു. സ്റ്റൈലിഷ് ആയ മുടിയുള്ള യുവാക്കളും, വർണ്ണാഭമായി സാരിയുടുത്ത യുവതികളും. അവരുടെ സ്കാർഫുകൾ തലയ്ക്ക് മുകളിൽ ഉയർത്തി വെച്ചിരിക്കുന്നു. കുട്ടികളടക്കം എല്ലാവരും ഒറ്റക്കൊറ്റക്കായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നു. ഉയർന്നും, ഇടകലർന്നും എല്ലാ മൂലകളിൽ നിന്നുമായി ശബ്ദം പതിഞ്ഞൊഴുകിക്കൊണ്ടിരിന്നു. പൊടുന്നനെ പുറത്തെ ഗായകസംഘം വീണ്ടും പാടിത്തുടങ്ങി.

തെരുവിൽ ഇടക്ക് നേരിടേണ്ടി വരുന്ന സംശയം നിറഞ്ഞ നോട്ടങ്ങളൊഴിച്ചാൽ ഞാൻ സമ്പർക്കം പുലർത്തിയ എല്ലാ കശ്മീരികളുടെയും പെരുമാറ്റത്തിലെ ഊഷ്മളത അമ്പരപ്പിക്കുന്നതായിരുന്നു. ആളുകൾ എന്നെ ഇന്ത്യക്കാരനായാണോ കാണുന്നത്? പള്ളിയിലെ നോട്ടങ്ങൾ അത്ര സ്വഗതാർഹമായിരുന്നില്ല. കൂടുതൽ ഭയപ്പെടേണ്ടത് അകത്തെ ഒറ്റുകാരായതിനാലാവാം. ഇന്ന് രാവിലെ ജാസ്മിൻ ചായ കൊണ്ടുവന്നപ്പോൾ ബോട്ട് ഉടമ പറഞ്ഞു: “കശ്മീരികൾ പുറത്ത് വെച്ച് കണ്ടുമുട്ടിയാൽ അവർ പരസ്പരം തിരിച്ചറിയും, ഹിന്ദുക്കളായാലും മുസ്‌ലിങ്ങളായാലും. നാട്ടിൻ പുറത്ത് വെച്ച് കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം ചേർത്ത് പിടിച്ച് കരയും”.

ചെറുത്തുനിൽപ്പിനെ ക്രമേണ ഹൈജാക്ക് ചെയ്ത തീവ്രവാദികൾ നടത്തിയ ഭീഷണികളും, തീവെപ്പുകളും, കൊലപാതകങ്ങളും ഭയന്ന് പണ്ഡിറ്റുകൾ എന്ന് വിളിക്കുന്ന കശ്മീരിലെ ആറ് ലക്ഷത്തോളം ഹിന്ദുക്കൾ താഴ്‌വര ഉപേക്ഷിച്ച് പോയി. കൊൽക്കത്തയിൽ നിന്നുള്ള എഞ്ചിനീയർ കരുതുന്നത് ഒറ്റപ്പെട്ട മതഭ്രാന്തരായ ഗ്രൂപ്പുകൾ കാരണമല്ല, മറിച്ച് പൊതുജനങ്ങളാണ് ഓടിപ്പോകാൻ പണ്ഡിറ്റുകളെ പ്രേരിപ്പിച്ചത് എന്നാണ്. അതേസമയം മുസ്‌ലിങ്ങളെ നിഷ്ഠൂരന്മാരാണെന്ന് ആളുകൾ കരുതുന്നതിനായി പണ്ഡിറ്റുകളെ ഭയപ്പെടുത്താൻ ഇന്ത്യൻ സൈന്യം ചില തീവ്രവാദികളെ മനപ്പൂർവ്വം അനുവദിക്കുകയായിരുന്നു എന്നാണ് ബോട്ടുടമയുടെ പക്ഷം. “1980 കളിൽ കശ്മീരികൾക്ക് നഷ്ടമായത് ലക്ഷക്കണക്കിന് ജീവനോ, സമ്പദ്‌ വ്യവസ്ഥയോ മാത്രമല്ല, യുദ്ധമല്ലാതെ മറ്റൊന്നും അറിയാത്ത ഒരു തലമുറയെ വളർത്തിയതോടൊപ്പം അത് ഞങ്ങളുടെ പേരും, അന്തസ്സും നഷ്ടപ്പെടുത്തി” അയാൾ പറഞ്ഞു, എഞ്ചിനീയറും അതിനോട് യോജിച്ചു.

“ഞങ്ങൾ താലിബാനികളാണെന്നാണ് ലോകം ഇന്ന് കരുതുന്നത്.” ബോട്ടുടമ പറഞ്ഞു. “അത്ര മോശമായിട്ടല്ല ലോകം കശ്മീരിനെക്കുറിച്ച് ചിന്തിക്കുന്നത്,” ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ലോകം കശ്മീരിനെക്കുറിച്ച് ഒട്ടും തന്നെ ചിന്തിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ചിലപ്പോൾ പാശ്ചാത്യ വിനോദസഞ്ചാരികളുടെ അവ്യക്തമായ ഓർമ്മകളിൽ മാത്രമാവും കശ്മീർ അവശേഷിക്കുന്നത്. “എങ്കിൽ താലിബാൻ കഴിഞ്ഞാൽ ഞങ്ങളാവും,” ബോട്ടുടമ പറഞ്ഞു. ആക്രമണങ്ങൾ നടക്കുമ്പോൾ അവരെ സംരക്ഷിക്കാൻ അദ്ദേഹം പലപ്പോഴും തന്റെ ഹിന്ദു സുഹൃത്തുക്കളുടെ വീടുകളിൽ അന്തിയുറങ്ങാറുണ്ടായിരുന്നു. അദ്ദേഹം മാത്രമായിരുന്നില്ല അങ്ങനെ ചെയ്തിരുന്നത്. ഇപ്പോൾ ടെലിഫോണിൽ അവരോട് തിരിച്ചുവരാൻ അദ്ദേഹം പ്രേരിപ്പിക്കാറുണ്ട്.

“പണ്ഡിറ്റുകൾ പൊതുവെ മികച്ച വിദ്യാഭ്യാസമുള്ളവരായിരുന്നു” ബോട്ടുടമ പറഞ്ഞു; “കശ്മീരികൾക്ക് അവരെ ആവശ്യമുണ്ട്, പ്രത്യേകിച്ചും ഇപ്പോൾ അധ്യാപകരുടെ കുറവ് നിലനിൽക്കുന്ന സ്കൂളുകളിൽ”. പണ്ഡിറ്റുകളെ തിരിച്ചെത്തിക്കണമെന്ന കശ്മീരികളുടെ ആഗ്രഹം നാമമാത്രമാണ് എന്നാണ് എഞ്ചിനീയറുടെ അഭിപ്രായം, പുറത്താക്കലിന് ഒരു മുസ്‌ലിം നേതാവും ഇതുവരെ പരസ്യമായി മാപ്പ് പറഞ്ഞിട്ടില്ല. “അത് ശരിയാണ്” ബോട്ടുടമ മറുപടി നൽകി, “ഒരുപക്ഷേ ഞങ്ങളുടെ ശരീരത്തിലെ ഓരോ അസ്ഥിയും തകർത്ത 600,000 ഇന്ത്യൻ സൈനികർക്കിടയിൽ പണ്ഡിറ്റുകൾക്ക് മാപ്പ് പറയാനും അവർക്കായി പ്രകടനം നടത്താനും ആവശ്യപ്പെടുക എന്നത് അൽപ്പം കടന്ന ആഗ്രഹമാവാം”, അയാൾ പറഞ്ഞു.

ഓരോ തവണ ഞാൻ സൈന്യത്തിന്റെ ക്രൂരതയെക്കുറിച്ച് പരാമർശിക്കുമ്പോഴും പ്രതികരിക്കുന്നതിന് പകരം എഞ്ചിനീയർ പണ്ഡിറ്റുകളെ പുറത്താക്കിയ കാര്യം എടുത്തിട്ട്കൊണ്ടിരുന്നു. അതേസമയം ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലും, ഇന്ത്യക്കാരും കശ്മീരികളും തമ്മിലും യഥാർത്ഥത്തിൽ വിദ്വേഷമൊന്നുമില്ലെന്ന് എഞ്ചിനീയർ ആവർത്തിക്കുന്നുണ്ടായിരുന്നു. “മിഡിൽ ഈസ്റ്റിലെ അവസ്ഥ എന്താണ്?” അയാൾ ചോദിച്ചു. ഒരു ഇസ്രായേലിക്ക് ഹെബ്രോണിലൂടെയോ വെറുതെ നടക്കാനോ ഒരു ഫലസ്തീനിക്ക് ഇസ്രായേൽ കുടിയേറ്റ സ്ഥലത്തിലൂടെ സഞ്ചരിക്കാനോ ആകില്ലെന്ന് ഞാൻ ഉത്തരം നൽകി. “ജർമ്മനിയിലൊ?” ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളെ ജർമനിയിൽ മർദ്ദിച്ചതിന്റെ റിപ്പോർട്ടുകൾ സ്വാഭാവികമായും എഞ്ചിനീയർക്ക് അറിയാം. ജർമ്മനിയിലും ചില സ്ഥലങ്ങളിൽ കറുത്തവർക്ക് പോകാനാകില്ല. “അത് കശ്മീരിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല” എഞ്ചിനീയർ ആശ്ചര്യത്തോടെ പറഞ്ഞു.

കാശ്മീരിൽ ഏത് ഇന്ത്യക്കാരനും യാതൊരു ബുദ്ധിമുട്ടും പേടിയുമില്ലാതെ എവിടെയും പോകാം. ഇത്ര സ്നേഹത്തോടെയുള്ള പെരുമാറ്റവും സ്വീകരണവും താൻ എവിടെയും അനുഭവിച്ചിട്ടില്ല എന്ന് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തി. പണ്ഡിറ്റുകൾ മുസ്‌ലിങ്ങളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് വിവരിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സഞ്ചാരിയുടെ വിവരണം ബോട്ട് ഉടമ എനിക്ക് തന്നു, ബ്രിട്ടീഷ് കൊളോണിയൽ സർക്കാരിനോട് ഇടപെട്ട് പരിഹാരം കാണാൻ എഴുത്തുകാരൻ ആവശ്യപ്പെടുന്നുണ്ട്. എല്ലായിടത്തും ജനങ്ങൾ ഏറ്റവും മോശം അവസ്ഥയിലാണ്. നാമെല്ലാവരും സഹോദരന്മാർ’ എന്ന ഏഷ്യൻ പാരമ്പര്യത്തെ കായീനേയും ഹാബെലിനേയും (ഹാബീൽ & ഖാബീൽ) പോലെയുള്ള സഹോദരന്മാരായി വ്യാഖ്യാനിച്ചത് ഒരുപക്ഷെ ഏതാനും തീവ്രവാദ ഗ്രൂപ്പുകൾ മാത്രമായിരിക്കില്ല.


Featured Image: Suryaansh Maithani

Author

https://www.navidkermani.de/?lang=en

Comments are closed.