ഒരിക്കൽ ഒരിടത്തൊരു പിശുക്കനായ രാജാവുണ്ടായിരുന്നു. ആയാൾക്കുണ്ടായിരുന്ന ഏക പുത്രിയെ പിശുക്ക് കാരണം മാളികയിലെ ഇടുങ്ങിയ മുറിയിൽ അയാൾ സൂക്ഷിച്ചു വെച്ചു. അവളെക്കണ്ട് ആരെങ്കിലും വിവാഹാലോചനയുമായി വന്നേക്കുമെന്നും അവർക്ക് സ്ത്രീധനം കൊടുക്കാൻ താൻ ബാധ്യസ്ഥനായേക്കുമെന്നുമുള്ള പേടിയായിരുന്നു അയാൾക്ക്.
ഒരു ദിവസം ഒരു കൊലപാതകി പട്ടണത്തിലേക്ക് വരികയും രാജകൊട്ടാരത്തിന് എതിരെയുള്ള ഒരു സത്രത്തിനു മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. അവിടെയാരാണ് താമസിക്കുന്നതെന്ന് അയാൾക്ക് അറിയണമായിരുന്നു. “അതൊരു രാജാവിന്റെ പുരയിടമാണ്.” അയാളോടാരോ പറഞ്ഞു. “എപ്പോഴും തന്റെ മകളെ ഇരുട്ടുമുറിയിൽ പൂട്ടിയിടുന്നത് എന്ത് കഷ്ടമാണ്.”
അയാളന്ന് രാത്രി കൊട്ടാരത്തിന്റെ മച്ചിൽ കയറുകയും ഇരുട്ടു മുറിയുടെ ജനവാതിൽ തുറന്നു നോക്കുകയും ചെയ്തു. കിടക്കയിൽ കിടക്കവെ, ജനവാതിൽ തുറന്നു കിടക്കുന്നതായും മച്ചിൻ പുറത്ത് ഒരാൾ നിൽക്കുന്നതായും രാജകുമാരി കണ്ടു. “രക്ഷിക്കണേ.. കള്ളൻ..!” അവൾ നിലവിളിച്ചു. അയാൾ ജനൽ വലിച്ചടച്ച് പുരപ്പുറത്തു കൂടെ ഓടിയൊളിച്ചു. പരിചാരകരെല്ലാം ഓടിയെത്തി. അടഞ്ഞുകിടന്ന ജനൽ നോക്കി അവർ പറഞ്ഞു: “രാജ്ഞീ, ഇവിടെയാരുമില്ല.. കുമാരി സ്വപ്നം കണ്ടതാണ്..”
അടുത്ത ദിവസം അച്ഛനായ രാജാവിനോടവൾ തന്നെ ഇരുട്ടുമുറിയിൽ നിന്നും തുറന്നുവിടാൻ ആവശ്യപ്പെട്ടു. പക്ഷേ രാജാവ് പറഞ്ഞു. “നിന്റെ ഭയമെല്ലാം സാങ്കൽപികം മാത്രമാണ്.
ലോകത്തുള്ള ഒരാളും ഇവിടെ വരാൻ ധൈര്യം കാണിക്കുകയില്ല…!”
രണ്ടാം രാത്രിയും അതേ സമയത്ത് തന്നെ കൊലയാളി വരികയും ജനവാതിൽ തുറക്കുകയും ചെയ്തു. “രക്ഷിക്കണേ..! കള്ളൻ..!” രാജകുമാരി അലറി വിളിച്ചു. പക്ഷേ, അയാൾ ഓടി മറയുകയും ഒരാളുമവളെ വിശ്വസിക്കാതിരിക്കുകയും ചെയ്തു .
മൂന്നാം രാത്രി അവൾ ബലമുള്ള ഒരു ചങ്ങല കൊണ്ട് ജനൽ കെട്ടിയിട്ടു. അവളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. സ്വയം രക്ഷക്കായി കയ്യിൽ അവളൊരു കത്തിയും കരുതി. പെട്ടെന്ന് കൊലപാതകി വന്നു, ജനൽ വലിച്ചു തുറക്കാൻ ശ്രമിച്ചു. പക്ഷെ അയാൾക്കതിനു സാധിച്ചില്ല. അയാൾ ഒറ്റക്കൈ കൊണ്ടൊരു മുഷ്ടിപ്രയോഗം നടത്തിനോക്കി. രാജകുമാരി അയാളുടെ കണങ്കൈ വെട്ടിമാറ്റി. ”അതിനിർഭാഗ്യവതീ..” അയാൾ നിലവിളിച്ചു, ”നീയിതിന് അനുഭവിക്കേണ്ടി വരും.” ഇതും പറഞ്ഞ് അയാൾ മേൽക്കൂരയിലൂടെ ഓടിയൊളിച്ചു.
അറുക്കപ്പെട്ട കൈ രാജാവിനെയും കോടതിയേയും രാജകുമാരി കാണിച്ചു. എല്ലാവരും അവൾ പറഞ്ഞത് സത്യമായിരുന്നെന്നു വിശ്വസിക്കുകയും അവളുടെ ധൈര്യത്തെ ആവോളം പ്രശംസിക്കുകയും ചെയ്തു. ആ ദിവസം മുതൽ അവൾ ഇടുങ്ങിയ ഇരുണ്ട മുറിയിലെ ഉറക്കം അവസാനിപ്പിച്ചു.
ഈ സംഭവത്തിനു ശേഷം കുറച്ചു കാലം കഴിഞ്ഞ്, ഔപചാരികമായ ഒരു കൂടിക്കാഴ്ച്ചക്കു വേണ്ടി കയ്യുറ ധരിച്ച ഒരു അപരിചിതനായ ചെറുപ്പക്കാരൻ രാജാവിന് അപേക്ഷ നൽകി. അയാൾ വാക്‌ലാവണ്യമുള്ള ഒരാളായത് കാരണം ഞൊടിയിടയിൽ തന്നെ രാജാവിന് അയാളിൽ ഒരു താല്പര്യം തോന്നി. അതും ഇതുമൊക്കെ സംസാരിക്കുന്നതിനിടയിൽ അയാളൊരു അവിവാഹിതനാണെന്നും കുലീനയായ ഒരു വധുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അയാൾ രാജാവിനോട് പറഞ്ഞു. താനൊരു അതിസമ്പന്നനായത് കൊണ്ട് സ്ത്രീധനം വാങ്ങാൻ അയാൾ തല്പരനല്ലെന്നും അയാൾ പറഞ്ഞു. ഇതു കേട്ട രാജാവ് ഇദ്ദേഹം തന്നെയാണ് തന്റെ മകൾക്ക് അനുയോജ്യനായ ഭർത്താവ് എന്ന് മനസ്സിലാക്കുകയും മകളെ അവിടേക്ക് കൊണ്ടുവരാൻ ആളെ അയക്കുകയും ചെയ്തു. അയാളെ കണ്ട ക്ഷണം രാജകുമാരി പേടിച്ചു വിറക്കാൻ തുടങ്ങി. അവൾക്ക് അയാളെ നേരത്തേ അറിയാമായിരുന്നു. അവളുടെ അച്ഛനെ തനിച്ചു കിട്ടിയ ഒരു സന്ദർഭത്തിൽ അവൾ പറഞ്ഞു: ” പ്രഭോ, അയാൾ.. ഞാൻ കൈയ്യറുത്ത ആ കവർച്ചക്കാരനാണത്. എനിക്കുറപ്പാണ്..!”
”വിഡ്ഢിത്തം പറയാതെ,” രാജാവ് പ്രതിവചിച്ചു. ”നീയയാളുടെ സുന്ദരമായ കൈകളും അഴകുള്ള കൈയ്യുറയും കണ്ടില്ലേ..? സംശയത്തിന്റെ നിഴൽ പോലും വീഴാത്ത ഒരു മാന്യ ദേഹമാണദ്ദേഹം.”
ഒരു വലിയ കഥ ചെറിയ കഥയാക്കാൻ വേണ്ടി അവളുടെ അച്ഛനെ അനുസരിക്കുന്നതാണ് അവൾക്ക് നല്ലതെന്ന് അപരിചിതൻ അവളോട് പറഞ്ഞു. അതിലൂടെ രാജാവിന്റെ ദുർഭരണത്തിൽ നിന്നും അവൾക്ക് രക്ഷപ്പെടാമെന്ന് അയാൾ വാക്കു കൊടുക്കുകയും കൂടെ ചെയ്തപ്പോൾ അവൾ സമ്മതമെന്ന് തലയാട്ടി. തന്റെ കച്ചവടങ്ങളിൽ നിന്നും മാറി നിൽക്കാൻ മണവാളനോ, കൂടുതൽ പണം ചിലവഴിക്കാൻ രാജാവിനോ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കല്ല്യാണം ലഘുവും ലളിതവുമായിരുന്നു. വിവാഹ സമ്മാനമായി രാജാവ് തന്റെ മകൾക്ക് നൽകിയത് ഒരു തേയ്മാനം സംഭവിച്ച നെക്‌ളേസ് മാത്രമായിരുന്നു. ശേഷം ആ നവദമ്പതികൾ ഒരു രഥത്തിൽ കയറി യാത്രയായി.
രഥം ഒരു കാട്ടിലേക്ക് പ്രവേശിച്ചു. മെയിൻ റോഡിൽ നിന്നും മാറി, പെട്ടെന്ന് കണ്ണിൽ പെടാത്ത പുല്ല് നിറഞ്ഞ ഒരു നടപ്പാതയുടെ ആഴങ്ങളിലേക്ക് രഥം ചലിച്ചുകൊണ്ടിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ നവവരൻ പറഞ്ഞു: ”പ്രിയേ, എന്റെയീ കയ്യുറ ഒന്ന് ഊരിക്കേ..”
അവളത് ഊരുകയും കയ്യിന്റെ സ്ഥാനത്ത് ബദലായി വെച്ച ഒരു മരക്കഷ്ണം കാണുകയും ചെയ്തു. ”രക്ഷിക്കണേ..” താൻ കൈയ്യറുത്ത അയാളെത്തന്നെയാണ് താൻ വിവാഹം ചെയ്തതെന്നറിഞ്ഞ അവൾ അലറിവിളിച്ചു. ”നീയിപ്പോൾ എന്റെ അധികാരത്തിലാണ്.” ആ മനുഷ്യൻ പറഞ്ഞു. ”ഞാൻ തൊഴിൽപരമായിത്തന്നെ ഒരു കൊലയാളിയാണ്, കരുതിയിരിക്കുക! ഞാൻ നിനക്കെതിരെ പ്രതികാരം ചെയ്യും..”
കൊലപാതകിയുടെ വീട് കാടിന്റെ അറ്റത്ത് ഒരു കടൽ തീരത്തായിരുന്നു. ”ഇവിടെയാണ് എന്റെ ബലിയാടുകളുടെ നിധി കൂമ്പാരങ്ങൾ ഞാൻ സൂക്ഷിക്കാറുള്ളത്.” വീട്ടിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അയാൾ അട്ടഹസിച്ചു. ”നീയിവിടെ താമസിക്കുകയും ഇതൊക്കെ പരിചരിക്കുകയും വേണം..”
അയാൾ അവളെ വീടിനു മുന്നിലെ ഒരു മരത്തിൽ കെട്ടിയിടുകയും ചുമ്മാ നടന്നു പോവുകയും ചെയ്തു. പട്ടിയെപ്പോലെ കെട്ടിയിടപ്പെട്ട അവൾ അവിടെ തനിച്ചായി. അവളുടെ മുന്നിൽ ആർത്തിരമ്പുന്ന കടലും മന്ദമായി ഒഴുകുന്ന ഒരു കപ്പലും മാത്രം കാണപ്പെട്ടു. കടന്നുപോയിക്കൊണ്ടിരുന്ന കപ്പലിനു നേരെ ഒരു സിഗ്നൽ കൊടുക്കാൻ അവൾ കഠിന പ്രയത്നം നടത്തി. കപ്പലിന്റെ മുകൾ തട്ടിൽ വെച്ച് ടെലെസ്കോപ്പിലൂടെ അവളെ അവർ കാണുകയും എന്താണ് സംഭവിക്കുന്നതെന്നറിയാൻ അവർ അവളുടെ അടുത്തേക്ക് കപ്പൽ അടുപ്പിക്കുകയും ചെയ്തു. ഒരു സംഘം കപ്പലിൽ നിന്നിറങ്ങുകയും അവളുടെ കഥ ശ്രവിക്കുകയും ചെയ്തു. അങ്ങനെ അവർ അവളുടെ കെട്ടഴിച്ചു. കൊലപാതകിയുടെ സർവ്വ നിധികളുടേയും കൂടെ അവളേയും അവർ കൊണ്ടുപോയി.
അതൊരു പരുത്തിക്കച്ചവടക്കാരുടെ കപ്പലായിരുന്നു. അവർ രാജകുമാരിയേയും നിധി കൂമ്പാരങ്ങളേയും പരുത്തിക്കെട്ടുകൾക്കുള്ളിൽ മറച്ചുവെക്കാമെന്നു കരുതി. ഈയിടക്ക് കൊലപാതകി വീട്ടിൽ തിരിച്ചെത്തി. തന്റെ ഭാര്യ രക്ഷപ്പെട്ടു പോയിരിക്കുന്നു എന്നും തന്റെ വീട് അപഹരിക്കപ്പെട്ടിരിക്കുന്നു എന്നും അയാൾ തിരിച്ചറിഞ്ഞു. കടൽ വഴി മാത്രമേ അവൾ രക്ഷപ്പെടാൻ സാധ്യതയുള്ളൂ എന്നയാൾ കണക്കു കൂട്ടി. ചക്രവാളത്തിൽ നിന്നും ഒരു കപ്പൽ മറയുന്നത് അയാൾ കണ്ടു. അയാൾ തന്റെ സ്പീഡ് ബോട്ടിൽ ചാടിക്കയറുകയും കപ്പലിന് നേരെ വെച്ചുപിടിക്കുകയും ചെയ്തു. ”ഓ പരുത്തിക്കച്ചവടക്കാരേ,” അയാൾ ആജ്ഞാപിച്ചു. ”ഓടിപ്പോയ എന്റെ ഭാര്യയെ ഞാൻ കണ്ടെത്തുക തന്നെ ചെയ്യും.”
”നിനക്കെന്താ, ഞങ്ങളെ അക്രമിക്കണോ..?” കച്ചവടക്കാർ ചോദിച്ചു. ”ഈ ഭാണ്ഡങ്ങൾക്കിടയിൽ ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ നിന്റെ വാളു കൊണ്ട് എന്തുകൊണ്ട് നീ പരതുന്നില്ല..?” കൊലപാതകി പരുത്തിക്കെട്ടുകൾ വാളു കൊണ്ട് കീറിമുറിക്കാൻ തുടങ്ങി. ഒളിച്ചിരുന്ന രാജകുമാരിയുടെ കയ്യിൽ വാളു തട്ടി മുറിവായി. പക്ഷെ അയാൾ വാൾ വലിച്ചൂരിയപ്പോൾ വാളിൽ പുരണ്ട രക്തം മുഴുവൻ പരുത്തിയിൽ തന്നെ ഉരസിപ്പോവുകയും വാൾ വൃത്തിയാവുകയും ചെയ്തു. വാളിൽ രക്തം പുരണ്ടിരുന്നത് അയാൾ അറിഞ്ഞില്ല.
”അതേയ്..” യാത്രക്കാർ പറഞ്ഞു, ”ഞങ്ങൾ കടപ്പുറത്തിനു സമീപത്ത് ഒരു കപ്പൽ കണ്ടിരുന്നു..” ”ഞാൻ അന്വേഷിച്ചോളാം..” കൊലപാതകി പറഞ്ഞു. പരുത്തി നിറഞ്ഞ കപ്പലിൽ നിന്നും അയാൾ മറ്റൊരു കപ്പലിലേക്ക് കുതിച്ചു.
കയ്യിൽ മുറിവേറ്റ രാജകുമാരിയെ അവർ ഒരു സുരക്ഷിതമായ അഴിമുഖത്ത് ഇറക്കിവിട്ടു. പക്ഷെ അവൾ തന്റെ ശരീരത്തെ കടലിൽ വലിച്ചെറിയാൻ അവരോട് കരഞ്ഞു പറഞ്ഞു. യാത്രക്കാർക്കിടയിൽ ഇതു ചർച്ചാവിഷയമാവുകയും മക്കളില്ലാത്ത ഒരു കിഴവൻ അവളെ, പിടിച്ചെടുത്ത കൊലപാതകിയുടെ സാമ്പത്തിനോടൊപ്പം, വീട്ടിലേക്ക് കൊണ്ടു പോയി നോക്കിക്കോളാമെന്ന് ഏൽക്കുകയും ചെയ്തു. ആ കിഴവന്റെ ഭാര്യ ഒരു നല്ല സ്ത്രീയായിരുന്നു. അവർ അവൾക്ക് ഒരു അമ്മയുടെ സ്നേഹം നൽകി. ”പൊന്നോമലേ, നീ ഞങ്ങളുടെ മകൾ തന്നെയാണ്..”
”നിങ്ങൾ എത്ര നല്ലവരായ മനുഷ്യരാണ്..” അവൾ പറഞ്ഞു. ”എനിക്ക് ഒരേയൊരു ആഗ്രഹമേ ഒള്ളൂ.. ഞാനിവിടെ ഉള്ളിടത്തോളം കാലം എന്നെ ഒരാളും കാണാൻ പാടില്ല.” ”പേടിക്കേണ്ട മോളേ, നമ്മുടെ ഈ വീട്ടിൽ ഒരാളും തന്നെ വരാൻ പോകുന്നില്ല.” കിഴവൻ കുറച്ച് ആഭരണങ്ങളൊക്കെ വിൽക്കുകയും പകരം കുറച്ചു പട്ടു വാങ്ങുകയും ചെയ്തു. അവൾ അവളുടെ ഒഴിവു സമയത്തെല്ലാം അവ ഭംഗിയാക്കുന്ന വിഷയത്തിൽ ശ്രദ്ധ ചെലുത്തി. ഭൂലോകത്തെ മുഴുവൻ വർണ്ണങ്ങളും ഡിസൈനുകളും ഉപയോഗിച്ച് അവൾ അതിമനോഹരമായ ഒരു മേശവിരിപ്പ് തയ്യാറാക്കി. വിരി വിൽക്കാൻ വേണ്ടി അവളുടെ ‘അമ്മ’ അടുത്തുള്ള ഒരു രാജകൊട്ടാരത്തിലേക്ക് അതു കൊണ്ടുപോയി.
”ഇതാരുടെ കലാവിരുതാണ്..?” രാജാവ് ചോദിച്ചു. ”എന്റെ ഒരു മകളുടേതാണ് പ്രഭോ..” ”ആവട്ടെ, ഇതൊരു നാവികന്റെ മകളുടെ നിർമ്മിതിയാണെന്നു തോന്നുന്നില്ല..” രാജാവ് ആ വിരി വാങ്ങിവെച്ചു. കിഴവി പണമുപയോഗിച്ച് കൂടുതൽ പട്ടു വാങ്ങുകയും രാജകുമാരി അതുകൊണ്ട് ഒരു നല്ല കർട്ടൻ തുന്നുകയും ചെയ്തു. അത് വിൽക്കാനും അവർ രാജകൊട്ടാരത്തിൽ തന്നെയെത്തി. ”ഇത് ശരിക്കും നിങ്ങളുടെ മകളുടെ വിരുത് തന്നെയാണോ..?” രാജാവ് അത്ഭുതപരതന്ത്രനായി മൂക്കത്തു കൈ വെച്ചു. അന്നേ ദിവസം അയാൾ രഹസ്യമായി ആ കിഴവിയെ പിന്തുടർന്നു.
കിഴവി വീട്ടിൽ കയറി വാതിലടക്കാൻ ശ്രമിച്ചപ്പോൾ രാജാവ് കാൽ വെച്ച് വാതിൽ തടഞ്ഞു നിർത്തി. കിഴവി ആർത്തു കരയാൻ തുടങ്ങി. കരച്ചിൽ കേട്ട രാജകുമാരി, തന്നെ അന്വേഷിച്ച് ആ കൊലപാതകി അവിടെയുമെത്തിയെന്നു ഭയന്നു. ഭയം കൊണ്ടവൾ തളർന്നു വീണു. കിഴവിയും രാജകുമാരനും കൂടി അവളെ എണീപ്പിക്കാൻ ശ്രമിച്ചു. കണ്ണു തുറന്ന രാജകുമാരി മുന്നിൽ നിൽക്കുന്നത് കൊലപാതകിയല്ലെന്നു തിരിച്ചറിഞ്ഞ് ബോധം വീണ്ടെടുത്തു. ”എന്തിനാണു നീയിത്ര ഭയപ്പെടുന്നത്..?” അവളിൽ ആകൃഷ്ടനായ രാജകുമാരൻ ചോദിച്ചു. ”ഒന്നുമില്ല..” അവൾ അത്രമാത്രം പറഞ്ഞു നിർത്തി.
അന്നു മുതൽ രാജകുമാരിയുമായി ഒരു ബന്ധം സൃഷ്ടിക്കാനായി രാജകുമാരൻ എല്ലാ ദിവസവും ആ വീട്ടിൽ ചെന്നു. അവളുടെ കലാവിരുതുകൾ കണ്ട് അത്ഭുതം കൂറി. അയാൾ അവളുമായി അഗാധ പ്രണയത്തിലാവുകയും അവസാനം അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. വയോധികരുടെ അമ്പരപ്പ് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഒള്ളൂ. ”ഞങ്ങളൊക്കെ ദരിദ്രരാണ്, പ്രഭോ..!” അവർ പറഞ്ഞു തുടങ്ങി. ”അതു പ്രശ്നമല്ല. ഞാൻ തല്പരനായത് ആ പെൺകുട്ടിയിലാണ്.” ”ഞാനും ഈ വിവാഹം ആഗ്രഹിക്കുന്നു.” ആ കുമാരി പറഞ്ഞു. ”പക്ഷേ, ഒരു നിബന്ധനയുണ്ട്.” ”എന്താണത്?” ”അങ്ങയേയും എന്റെ പിതാവിനേയും ഒഴികെ മറ്റൊരു പുരുഷനേയും ഒരിക്കലും ഞാൻ കാണരുത്.”(ആ വൃദ്ധനായ നാവികനെ അവൾ അച്ഛായെന്നു വിളിക്കാൻ ആരംഭിച്ചിരുന്നു). ”ഞാനവരേയോ അവരെന്നെയോ കാണരുത്.”
രാജകുമാരൻ ആ നിബന്ധന സ്വീകരിച്ചു. തന്നെയല്ലാതെ മറ്റൊരു പുരുഷനേയും അവൾക്ക് കാണേണ്ടതില്ല എന്ന കാര്യം അയാളെ അതിരറ്റ സന്തോഷവാനാക്കിത്തീർത്തു.
വളരേ രഹസ്യമായി അവരുടെ കല്യാണം നടന്നതു കാരണം ഒരാളും തന്നെ അവളെ കണ്ടില്ല. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രജകൾ ഈ കല്യാണത്തിൽ ഒട്ടും സംതൃപ്തരായിരുന്നില്ല. എപ്പോഴെങ്കിലും ഒരു രാജാവ് തന്റെ ഭാര്യയെ പ്രജകൾക്കു മുന്നിൽ പ്രദർശിപ്പിക്കാതെ കല്യാണം കഴിച്ചിട്ടുണ്ടോ..! തുടർന്ന് കിംവദന്തികളുടെ പല വിചിത്രമായ രൂപങ്ങളും ജനങ്ങൾക്കിടയിൽ പരക്കാൻ തുടങ്ങി. ”അയാളൊരു കുരങ്ങിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്, ഒരു കൂനയെയാണ് അയാൾ കൊണ്ട് വന്നിരിക്കുന്നത്, ഒരു മന്ത്രവാദിനിയാണത്രെ അയാളുടെ ഭാര്യ…” പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, കൊട്ടാരത്തിനുള്ളിൽ പോലും അപവാദങ്ങൾ പലതും ഇടം പിടിച്ചു. ഒടുവിൽ രാജകുമാരൻ സഹികെട്ട് കുമാരിയോടത് പറയാൻ നിർബന്ധിതനായി. ”ഒരു മണിക്കൂർ സമയം നീ പൊതുജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഈ കിംവദന്തികൾക്ക് ഒരറുതി വരുത്തുകയും ചെയ്യണം.”
ആ ഗതികേടിന് അവൾക്കയാളെ അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.”എന്നാൽ ശരി, നാളെ കാലത്ത് 11 മണി മുതൽ ഉച്ച വരെ ഞാൻ ടെറസിനു മുകളിൽ വന്നു നിൽക്കാം.”
പതിനൊന്നു മണിയായപ്പോൾ കൊട്ടാരാങ്കണം മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വണ്ണം ജന നിബിഢമായി കാണപ്പെട്ടു. വനപ്രദേശങ്ങളിൽ നിന്ന രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ അവിടേക്ക് ഒഴുകിയെത്തി. നവവധു ടെറസിലേക്കു നടന്നു വന്നു. ജനങ്ങൾ ആനന്ദത്തിന്റെ ആരവം മുഴക്കാൻ തുടങ്ങി. അത്രയും അതിസുന്ദരിയായ ഒരു രാജകുമാരിയെ അവർ ആദ്യമായി കാണുകയായിരുന്നു. അവൾ ജനവൃന്ദത്തെ ചൂഴ്ന്നു നോക്കി. അവർക്കിടയിൽ ഒരു കരിമ്പട പുതച്ച ഒരാളിൽ അവളുടെ കണ്ണുകളുടക്കി. അയാൾ അയാളുടെ ഒരു കൈ അയാളുടെ ചുണ്ടിന്മേൽ വെക്കുകയും ഭീഷണിപ്പെടുത്തുന്ന രൂപത്തിൽ നിലത്ത് കാർക്കിച്ച് തുപ്പുകയും ചെയ്തു. ഒരു മരക്കഷ്ണം കെട്ടിവെച്ച മറുകൈ അയാൾ ഉയർത്തിക്കാണിച്ചു. പെട്ടെന്ന് രാജകുമാരി ബോധംകെട്ട് നിലത്തു വീണു.
എല്ലാവരും കൂടെ അവളെ കൊട്ടാരത്തിലേക്ക് എടുത്തു കൊണ്ടുപോയി. കിളവി നാഴികക്ക് നാൽപ്പത് വട്ടം ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ടായിരുന്നു: ”നിങ്ങളവളെ പ്രദർശിപ്പിച്ചില്ലേ.. അവൾ പറഞ്ഞതു കേൾക്കാതെ നിങ്ങളവളെ പ്രദർശിപ്പിച്ചില്ലേ.. ഇനി എല്ലാവരും കൂടെ അനുഭവിച്ചോളൂ..”
രാജകുമാരിയെ അവർ കിടക്കയിലേക്ക് കിടത്തി. രാജ്യത്തെ സകല ഭിഷഗ്വരന്മാരും വന്നെങ്കിലും അവരെയെല്ലാവരെയും രാജകുമാരിയുടെ ദീനം കുഴക്കിക്കളഞ്ഞു. രാജകുമാരിക്ക് ആരെയെങ്കിലും കാണുകയോ ആരോടെങ്കിലും മിണ്ടുകയോ വേണ്ടിയിരുന്നില്ല. അവൾ നടുക്കത്തിൽ തന്നെയായിരുന്നു.
ഈ സന്ദർഭത്തിൽ വടിവൊത്ത സംസാരശൈലിയും നല്ല മുഖസ്തുതിയുമുള്ള ഒരു വിദേശിയായ ചെറുപ്പക്കാരൻ രാജാവിനെ കാണാനെത്തി. രാജാവയാളെ രാത്രി ഭക്ഷണത്തിനായി കൊട്ടാരത്തിൽ തങ്ങാൻ ക്ഷണിച്ചു. ആ അപരിചിതൻ ആ കൊലപാതകിയല്ലാതെ മറ്റാരുമായിരുന്നില്ല അയാൾ സന്തോഷപൂർവ്വം ആ ക്ഷണം സ്വീകരിക്കുകയും കൊട്ടാരത്തില്ലള്ള എല്ലാവർക്കും വേണ്ടി വൈനിനായി ഓർഡർ ചെയ്യുകയും ചെയ്തു ആ വൈകുന്നേരം കാവൽക്കാരും പരിചാരകരും മന്ത്രിമാരും കുടിച്ചു കൂത്താടുകയും രാത്രി ബോധം കെട്ട് കൂർക്കം വലിച്ചുറങ്ങുകയും ചെയ്തു കൂട്ടത്തിൽ ഏറ്റവും ശബ്ദമുള്ള കൂർക്കം വിട്ടത് രാജാവായിരുന്നു
ഇടനാഴികളിലോ കോണിപ്പടികളിലോ അറകളിലോ, കുടിച്ച് ബോധംകെട്ട് നിലത്തു വീഴാത്തതായി ആരും തന്നെ ബാക്കിയില്ലെന്ന് ഉറപ്പിക്കാൻ വേണ്ടി കൊലപാതകി കൊട്ടാരത്തിലാകെ ഓടി നടന്നു. ശേഷം, രാജകുമാരിയുടെ അറയിലേക്കയാൾ എത്തി നോക്കുകയും കിടക്കയുടെ ഒരു മൂലയിൽ ചുരുണ്ടു കൂടിക്കൊണ്ട് തുറന്നു പിടിച്ച കണ്ണുകളുമായി വെറുതെ കിടക്കുന്ന ചിന്താവിഷ്ഠയായ അവളെ കാണുകയും ചെയ്തു. അവളയാളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നു തോന്നിച്ചു.
“സമയം ഒടുവിലെന്റെ പ്രതികാരത്തിനായെത്തിയിരിക്കുന്നു.” കൊലപാതകി അട്ടഹസിച്ചു. “കിടക്കയിൽ കുത്തിയിരിക്കാതെ പോയി ഒരു പാത്രം വെള്ളം കൊണ്ടു വാ. നിന്റെ കഴുത്തറുക്കുമ്പോൾ എന്റെ കൈയ്യിൽ ചോര പുരളും. അതു കഴുകിക്കളയണം.”
രാജകുമാരി ഉടനെ തന്റെ ഭർത്താവിന്റെയടുത്തേക്ക് ഓടിപ്പോയി. “ഒന്നെണീക്കൂ.. ദയവായി ഒന്നെണീക്കണേ..” അവൾ കേണപേക്ഷിച്ചു. പക്ഷേ അയാൾ ഉണർന്നതേയില്ല. കൊട്ടാരത്തിലെ ഒരാളും ഉണർന്നില്ല. ലോകത്തെ ഒന്നിനും അവരെ ഉണർത്താൻ കഴിയുമായിരുന്നില്ല. ഒടുവിൽ ഒരു പാത്രം വെള്ളവുമായി അവൾ മുറിയിലേക്കു കടന്നു വന്നു.
“ഒരു സോപ്പ് കൂടെ കൊണ്ടു വാ.” കത്തി മൂർഛ കൂട്ടിക്കൊണ്ട് കൊലപാതകി ആജ്ഞാപിച്ചു.
അവൾ പുറത്തിറങ്ങി, തന്റെ ഭർത്താവിനെയുണർത്താൻ ഒന്നു കൂടെ പരിശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല. അവൾ സോപ്പുമായി തിരിച്ചു വന്നു.
“അപ്പൊ ടവ്വലെവിടെ?” കൊലപാതകി ചോദിച്ചു. അവൾ ഒന്നുകൂടെ പുറത്തിറങ്ങി. ഉറങ്ങിക്കിടന്ന തന്റെ ഭർത്താവിന്റെ കുപ്പായത്തിൽ നിന്നും കിട്ടിയ തോക്ക് അവൾ ടവ്വലിനിടയിൽ ഒളിപ്പിച്ചു വെച്ചു. ടവ്വൽ കൊലപാതകിക്കു കൈമാറുന്നതിനിടയിൽ തന്ത്രപരമായി അവൾ ഒരു വെടിയുതിർത്തു. വെടിയുണ്ട അയാളുടെ ഹൃദയത്തേയും തുളച്ചു പാഞ്ഞു.
വെള്ളമടിച്ചുറങ്ങിയ എല്ലാവരും ആ വെടിയൊച്ച കേട്ടു ഞെട്ടിയുണർന്നു. ബോധം വന്ന രാജാവ് മുറിയിലേക്ക് ഓടിയെത്തി. അവർ, നിലംപരിശായി കിടക്കുന്ന കൊലപാതകിയേയും അയാളുടെ ഭീകരതയിൽ നിന്നും രക്ഷപ്പെട്ട രാജകുമാരിയേയും നോക്കി നിൽക്കുക മാത്രം ചെയ്തു.
വിവർത്തനം: ശിബിലി അബ്ദുസ്സലാം
Featured Image : Aaron Mello
Comments are closed.