വര്‍ഷം 2009, കാസ്ട്രോ ജീവിച്ചിരിപ്പുള്ള കാലമാണ്. മറവിയിലേക്ക് പുറം തള്ളപ്പെടാൻ ഒരുക്കമല്ലാത്ത ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ മുങ്ങിയിരിക്കുകയാണ് തെരുവുകളത്രയും. ഒബ്രാപിയയിലെ പ്രധാന നടപ്പാതയിലേക്ക് ഞാന്‍ പ്രവേശിച്ചു. യാത്രക്ക് മുൻപ് ഗൂഗിള്‍ മാപ്പിലെ വിശദമായ തിരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ രാജ്യത്തെ ഒരേയൊരു പള്ളിയിലേക്കാണ് പാത ചെന്നെത്തുന്നത്. പക്ഷെ അമേരിക്കന്‍ ടെക്നോളജിക്ക് കീഴില്‍ വികസിപ്പിച്ചെടുത്ത ജിപിഎസ് സംവിധാനത്തിന്റെ സേവനം അവിടെ ലഭ്യമായിരുന്നില്ല. അതുകൊണ്ട് സഥലം തിരഞ്ഞു കണ്ടെത്താനുള്ള മറ്റു സംവിധാനങ്ങൾ ഉപയോഗിക്കുകയല്ലാതെ മറ്റു നിവൃത്തിയുണ്ടായിരുന്നില്ല. ഒരു മാപ്പും കൈയില്‍ പിടിച്ച് തെരുവുകളില്‍ നിന്നും തെരുവുകളിലേക്കുള്ള യാത്ര സത്യത്തില്‍ നല്ല അഡ്‌വഞ്ചർ തന്നെയായിരുന്നു.

വര്‍ഷങ്ങളായി ക്യൂബയോട് വല്ലാത്തൊരു ആകര്‍ഷണം എനിക്കുണ്ട്. ക്യൂബയും അവരുടെ വർഷങ്ങള്‍ പഴക്കമുള്ള കോളനി വിരുദ്ധ നിലപാടുകളുമെല്ലാം വലിയ രീതിയിൽ എന്നെ ആകര്‍ഷിച്ചിരുന്നു. ക്യൂബയുടെ ഹീറോകളായ ഫിഡല്‍ കാസ്ട്രോയും ചെഗുവേരയുമാണ് പ്രതിരോധത്തിലൂടെ, മറ്റുള്ളവരെ അതികം ആശ്രയിക്കാത്ത മറ്റാരു ലോകം സാധ്യമാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തത്. സോഷ്യലിസത്തിന്റെ തത്വങ്ങൾ ഈ ചെറിയ ദ്വീപിലെ ജനങ്ങളുടെ ജീവിതം പരിവര്‍ത്തിപ്പിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ക്യൂബന്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തിൽ സ്വധീനിച്ച ഈ ആശയങ്ങളുടെ വേരുകൾ ആഫ്രിക്കയിലെ ദേശീയ, കോളനി വിരുദ്ധ സമരങ്ങളായിരുന്നു എന്ന വസ്തുത എനിക്ക് അറിയില്ലായിരുന്നു.

q1

തെരുവുകളിലെ കൊച്ചു കടകള്‍ക്കിടയില്‍ നില്‍ക്കുന്ന പ്രശസ്തമായ ഹോട്ടല്‍ അംബോസ് മുന്‍ഡോസും കടന്ന് മെല്ലെ ഞാന്‍ നടന്നു നീങ്ങി. ഒരുപാടുകാലം ഏണസ്റ്റ് ഹെമിംഗ്‌വേക്ക് താമസമൊരുക്കിയ ഹോട്ടലും അദ്ദേഹത്തിന്റെ ഫേവറേറ്റ് ബാറുകളിലൊന്നും കടന്ന് മാപ്പില്‍ ചെറിയ ഗോൾഡൻ സ്റ്റാർ കൊണ്ട് അടയാളപ്പെടുത്തിയ പള്ളിക്കരികിലെത്തി.

ഞാൻ സന്ദർശിക്കുന്ന സമയത്ത് ഹവാനയിലെ മുസ്‌ലിംകൾക്ക് ആരാധിക്കാനുള്ള ഒരേയൊരു ഇടമാണ് കാസ ദല്‍ അറബ് (The Arab House). ഞാനറിഞ്ഞിടത്തോളം ക്യൂബയിലെ തന്നെ ഒരേ ഒരു പള്ളിയും ഇതുതന്നെയാണ്. ബില്‍ഡിംഗിന്റെ മുന്‍ഭാഗത്തുള്ള പടുകൂറ്റന്‍ വാതില്‍ നല്ല മരം കൊണ്ടുണ്ടാക്കിയതാണ്. വൃത്തിയായി പോളിഷും ചെയ്തിട്ടുണ്ട്. വാതിലിന്റെ അടുത്തിരിക്കുന്ന സെക്യൂരിറ്റിയോട് ചെറുതായി ഒന്ന് തലയാട്ടി അനുവാദം ചോദിച്ചു. പോലീസ് വേഷം ധരിച്ച് വൃദ്ധയായ സ്ത്രീ ചെറു പുഞ്ചിരിയോടെ എന്നെ അകത്തേക്ക് കയറ്റി.

q3

1940കളില്‍ നഗരത്തിൽ ജീവിച്ചിരുന്ന ധനികനായ ഒരു അറബി വ്യാപാരിയുടെ വീടായിരുന്നു കാസ. ശേഷം ഇത് ഡിപ്ലോമാറ്റുകള്‍ക്കും സന്ദര്‍ശകര്‍ക്കും ആരാധന സൗകര്യം നല്‍കുന്ന പള്ളിയായി മാറി. പക്ഷേ അപ്പോഴും ക്യൂബയിലെ സാധാരണ മുസ്‌ലിംകൾക്ക് നിസ്കരിക്കാൻ തുറന്ന് നൽകിയിരുന്നില്ല.

1959 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടര്‍ന്നുണ്ടായ മത വിശ്വാസ നിരോധനങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസം എന്നത് തീര്‍ത്തും രഹസ്യ ഇടപാട് മാത്രമായി മാറി. 1980കളോടെ ഈ അവസ്ഥയില്‍ ചെറിയ അയവുകളുണ്ടായി. ആദ്യം ആരാധനാ സ്വാതന്ത്ര്യം ലഭിച്ചത് കത്തോലിക്കൻ ക്രിസ്ത്യാനിറ്റിക്കും സാന്താറിയാ വിഭാഗത്തിനുമായിരുന്നു.

q5

കഴിഞ്ഞ പതിറ്റാണ്ടുകളിലായി ക്യൂബയിലെ മുസ്‌ലിംകളുടെ എണ്ണത്തിൽ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏകദേശം പതിനായിരത്തിലധികം മുസ്‌ലിംകൾ ഉള്ളതിൽ ഭൂരിഭാഗം രാജ്യത്ത് പഠനത്തിനായി വന്ന പാക്കിസ്ഥാനി വിദ്യാർത്ഥികളുമായുള്ള ബന്ധത്തിലൂടെ ഇസ്‌ലാം മതം സ്വീകരിച്ചവരാണ്. കാസ ദല്‍ അറബയില്‍ കുറച്ചു നേരം ഞാന്‍ ചിലവഴിച്ചു. മൊറോക്കോയിലെല്ലാം കാണുന്നത് പോലെയുള്ള സൗന്ദര്യമുള്ള എടുപ്പ്. പഴയകാല സ്പാനിഷ് കോളനികളില്‍ മൂറിഷ് വാസ്തുവിദ്യയുടെ സ്വാധീനം അത്ഭുതമുള്ള കാര്യമൊന്നുമല്ല. പക്ഷേ കാസയെ വ്യത്യാസപ്പെടുത്തുന്നത് അതിന്റെ മൊറോക്കന്‍ സ്റ്റൈലാണ്.

മുറ്റത്തിന്റെയും അവിടെയുള്ള ജലധാരയുടെയും സൗന്ദര്യമാസ്വദിച്ച് അങ്ങനെ നില്‍ക്കുമ്പോഴാണ് എങ്ങുനിന്നോ ഒരു മയിൽ പ്രത്യക്ഷപ്പെട്ടത്. ആശ്ചര്യഭരിതനായ ഒരു സഞ്ചാരി തന്നെ ഫോട്ടോ എടുക്കുന്നതിനെ പറ്റി ഒന്നും ബോധവാനാകാതെ അഭിമാനത്തോടെ അത് അവിടെത്തന്നെ നിന്നു. മയിലിനെ അതിന്റെ സൗര്യവിഹാരത്തിന് വിട്ട് ഞാൻ മുകളിലത്തെ ഫ്ലോറില്‍ കയറിനോക്കി. പതിറ്റാണ്ടുകളായി ഇവയൊന്നും ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. തറയും ഫര്‍ണിച്ചറും എല്ലാം വൃത്തിയായി കിടക്കുന്നുണ്ടെങ്കിലും ശൂന്യമായ ഇടങ്ങളിൽ മാത്രം ഉണ്ടാകുന്ന വായു അവിടെ എല്ലായിടത്തും പ്രകടമായിരുന്നു. മരത്തില്‍ നിര്‍മ്മിച്ച ഭംഗിയുള്ള മിമ്പറിന് അടുത്ത ഒരാള്‍ക്ക് നിസ്കരിക്കാന്‍ പാകത്തില്‍ നിവര്‍ത്തിയിട്ട മുസ്വല്ല കാണാനുണ്ട്. യാത്രക്കാരന്റെ നിസ്കാരം നിസ്കരിച്ച് കുറച്ചുനേരം കൂടി കാസയും പരിസരവും ഒന്നാകെ നിരീക്ഷിച്ചു.

q8

മടങ്ങുന്നതിനു മുമ്പ് പള്ളിയുടെ സംരക്ഷകന്‍ എന്ന് തോന്നിക്കുന്ന ഒരാളെ കൂടി ഞാന്‍ കണ്ടു. വെള്ളിയാഴ്ചകളിലെ ജുമുഅ മാത്രമാണത്രേ എല്ലാവരും പള്ളിയില്‍ വരുന്ന ഒരേയൊരു സന്ദര്‍ഭം. ഇമാമിനെയും പ്രാദേശികമരായ മുസ്‌ലിംകളെയും കാണണമെങ്കില്‍ വെള്ളിയാഴ്ച വരേണ്ടി വരുമെന്ന് അയാള്‍ എന്നെ ഉപദേശിച്ചു. പക്ഷേ എനിക്ക് വെള്ളിയാഴ്ചക്ക് മുമ്പേ ഹവാന വിടേണ്ടതുണ്ടായിരുന്നു.

q14

തെക്കന്‍ ക്യൂബ മുഴുവന്‍ സന്ദര്‍ശിക്കുന്നതിനായി അടുത്ത രണ്ടാഴ്ച അത്രയും ബസിലായിരുന്നു യാത്ര. സിയെൻഫയൂഗോസിൽ മൂറിഷ് സ്വാധീനമുള്ള വാസ്തുകലകള്‍ ഒരുപാടുണ്ട് അവിടെയെല്ലാം. 1913-1917 കാലത്ത് ഇറ്റാലിയന്‍ ആര്‍ക്കിടെക്ട് ആല്‍ഫ്രെഡോ രൂപകൽപന ചെയ്ത ദെ വെല്ലെ പാലസ് കൊര്‍ദോവയുടെയും ഗ്രാനഡയുടെയും എല്ലാം പ്രതിഫലനങ്ങൾ കാണാം. പാലസിലെ തൂണുകളില്‍ അത്രയും തിരശ്ചീനമായി അറബിക് കാലിഗ്രഫി പോലോത്തവ ചിത്രകാരന്മാര്‍ വരച്ചു വച്ചിട്ടുണ്ട്. അര്‍ത്ഥമറിയാത്ത എന്തൊക്കെയോ ആണ് വരച്ചു കുറിച്ചതെങ്കിലും അറബിക് കാലിഗ്രഫി ആണെന്ന് കണ്ടാല്‍ തോന്നിക്കുന്നുണ്ട്.

അടുത്ത രണ്ടാഴ്ച്ച ക്യൂബ വിട്ടു പോകുന്നതിനു തലേന്നുവരെ വിശാലമായ പുകയില തോട്ടങ്ങളിലൂടെയും മാവിന്‍ തോട്ടങ്ങളിലൂടെയുമായിരുന്നു യാത്ര. ചെഗുവേര ഫിഡല്‍ കാസ്ട്രോയുടെ ഗറില്ലാ യുദ്ധമുറ തുടങ്ങിവച്ച പര്‍വതങ്ങളുടെ (Sierra Maestra mountains) ഉയര്‍ച്ച താഴ്ചകളിലൂടെ ദിവസങ്ങളോളം ഞാന്‍ കറങ്ങി. ഇടയ്ക്കെപ്പോഴോ ഒരു ഗ്രാമീണനെ പരിചയപ്പെട്ട് ഫോണ്‍ നമ്പരെല്ലാം കൈമാറിയിരുന്നു. ഇനിയെപ്പോഴെങ്കിലും ക്യൂബയില്‍ എത്തിയാല്‍ വിളി്ക്കാന്‍ മറക്കരുത് എന്ന് അയാൾ സ്നേഹത്തോടെ ഓര്‍മ്മിപ്പിച്ചു. പാരമ്പര്യമായി അറബ് കുടുംബത്തില്‍ ജനിച്ച അദ്ദേഹം ആദ്യമായിട്ടാണ് ഒരു പാക്കിസ്ഥാനിയെ പരിചയപ്പെടുന്നത്. കൈപിടിച്ച് സലാം പറയാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.

q13

ഏകദേശം പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് ഞാന്‍ ക്യൂബയില്‍ എത്തുന്നത്. പക്ഷേ ഇത്തവണ യാത്ര വളരെ ചെറുതായിരുന്നു. കരീബിയന്‍ മേഖലയിലൂടെ നടത്തുന്ന യാത്രയില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് ഹവാനയിലുള്ളത്. ഹവാന ആകെ മാറിയിരുന്നു. എല്ലായിടത്തും വിദേശ മുഖങ്ങള്‍ കാണാം. കൂടുതലും യൂറോപ്യന്മാർ. മറ്റൊരു പ്രധാന വ്യത്യാസം ഇന്റര്‍നെറ്റ് സൗകര്യമാണ്. എന്റെ ആദ്യ യാത്രയില്‍ തീരെ പരിമിതമായ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുതന്നെ ഹോട്ടലുകളിലെ ഡെസ്ക് ലോബിയിലെ കമ്പ്യൂട്ടറുകളിൽ മാത്രം. എന്നാല്‍ ഇപ്പോള്‍ വിദേശീകൾക്കും, സ്വദേശീകൾക്കും വൈഫൈ സൗകര്യം ലഭ്യമാണ്. പക്ഷേ ഒരു പ്രശ്നം കൂടി ബാക്കിയുണ്ട്. ഹോട്ടലിനുള്ളിലോ തൊട്ടടുത്തോ നിന്നാൽ മാത്രമേ കണക്ഷന്‍ സുഖമമായി ലഭിക്കുന്നുള്ളൂ. ഇതുകാരണം ഹോട്ടലുകളുടെ പരിസരമെല്ലാം ചെറുപ്പക്കാർ കൂട്ടം കൂടിയിരിക്കുന്നത് കാണാം. 30 മിനുട്ടിന് നാല് യൂറോയാണ് ചാര്‍ജ് ഈടാക്കുന്നത്. ഇവിടം വിട്ടാൽ പിന്നെ നിങ്ങൾക്ക് സ്മാർട്ട് ഫോണിന്റെ ശല്യമില്ലാതെ ഏകാന്തതയിലേക്ക് മടങ്ങിപ്പോവാം. തൊണ്ണൂറുകയിലേക്കുള്ള മടങ്ങിപ്പോക്ക് രസകരമായ അനുഭവമാണ്.

q9

വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞുവെങ്കിലും പള്ളിയിലേക്കുള്ള വഴി കൃത്യമായി എനിക്കപ്പോഴും ഓര്‍മയുണ്ടായിരുന്നു. മരങ്ങളില്‍ നിര്‍മ്മിച്ച കൂറ്റന്‍ വാതിലുകളും പള്ളിമുറ്റത്തെ മയിലും എല്ലാം ഇന്നലെയെന്ന പോലെ മനസില്‍ കിടപ്പുണ്ട് ആള്‍കൂട്ടങ്ങള്‍ക്കിടയിലൂടെ തെരുവ് പാട്ടുകാരെയും പ്ലാസാ ഡി അർമാസിലെ ബുക്ക് ഫെയറും പിന്നിട്ട് നേരെ ഒബിസ്‌പോ സ്ട്രീറ്റിലെക്ക് കടന്നു. വർഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കണ്ട കാസ പൂര്‍വ്വ പ്രൗഢിയോടെ തന്നെ നിലനില്‍ക്കുന്നു. പക്ഷേ പുഞ്ചിരിക്കാന്‍ ഇത്തവണ അവിടെ സെക്യൂരിറ്റിക്കാരി ഉണ്ടായിരുന്നില്ല. പോളീഷ് ചെയ്ത വാതിലുകള്‍ അടഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഹവാനയിലെ സ്വര്‍ഗ്ഗമായി ഞാന്‍ പരിഗണിച്ച ചെറിയ വീട് ഇപ്പോള്‍ ലോകര്‍ക്കു മുമ്പില്‍ അടച്ചിട്ടിരിക്കുകയാണ്. നിരാശയോടെ തിരിച്ചു പോരാന്‍ നില്‍ക്കുമ്പോഴാണാ് ഒരു കാഴ്ച്ച ശ്രദ്ധയില്‍പ്പെട്ടത്. അടുത്തായി ഒരു പുതിയ പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നു. മെസ്കിറ്റ അബ്ദുള്ള എന്ന് വൃത്തിയില്‍ നാമകരണം ചെയ്തിരിക്കുന്നു. തുര്‍ക്കി ഗവണ്‍മെന്റിന്റെ നിരന്തര ശ്രമങ്ങള്‍ക്കോടുവില്‍ അവര്‍ തന്നെ ഫണ്ട് എടുത്ത് നിര്‍മിച്ച പള്ളിയാണ് ഇത്.

q11

ഒരു ഭാഗം സ്ത്രീകള്‍ക്കും മേറ്റത് പുരുഷന്മാര്‍ക്കുമായി ഭാഗിച്ച വലിയൊരു ഹാളിലേക്കാണ് നേരെ കയറിച്ചെല്ലുന്നത്. ചുമരുകളെല്ലാം കറുപ്പ് നിറത്തിലുള്ള കാലിഗ്രഫി കൊണ്ട് പൊതിഞ്ഞിരിക്കുന്നു. നിലം ഭംഗിയുള്ള കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്. കാര്‍പ്പറ്റിന്റെ ഇരുഭാഗങ്ങളിലും പിടിപ്പിച്ച പച്ച പുള്ളികളും ഭംഗിയില്‍ അലങ്കരിച്ച മിഹ്റാബും ബുക്ക് ഷെൽഫുകളും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഖുർആനിന്റെ അറബിക്, സ്പാനിഷ് ഭാഷകളിലെ കോപ്പികള്‍ അവിടെയുണ്ടായിരുന്നു. വെള്ളിയാഴ്ച അല്ലാതിരുന്നിട്ടും പള്ളിക്കകത്ത് ആളുകളുണ്ട്. ഞാന്‍ പള്ളിലിയിലിരുന്ന് രണ്ടുപേരെ പരിചയപ്പെട്ടു. ഒന്നാമന്‍ ജോര്‍ദാന്‍ വിദ്യാര്‍ത്ഥിയാണ്, മറ്റേയാള്‍ കരീബിയന്‍ ദ്വീപിലൂടെ സഞ്ചാരം നടത്തുന്നവരുടെ ഗ്രൂപ്പില്‍ പെട്ട ഒരു ബോസ്നിയക്കാരനും. പിന്നീട് ഒരു വെള്ളിയാഴ്ച ദിവസം വീണ്ടുമെത്തുമ്പോൾ അവിടെ ആകെ നിറഞ്ഞു കവിഞ്ഞിട്ടുണ്ടായിരുന്നു. അറബികളും വടേക്ക ആഫ്രിക്കക്കാരും ഇന്ത്യക്കാരും, ഫിലിപ്പീനികളും എല്ലാവരുമുണ്ട്. കൂടാതെ നാട്ടുകാരായ ക്യൂബക്കാര്‍ക്കും ഇത്തവണ അവർക്ക് സ്വന്തം നാട്ടില്‍ നിസ്കരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടായിരുന്നു.

മണിക്കൂറുകള്‍ യാത്ര ചെയ്താണ് ഇവരില്‍ പലരും ജുമുഅക്ക് എത്തുന്നതും ഒരുമിച്ച് മുസ്‌ലിം സമൂഹത്തിന് ഐക്യം അറിയിക്കുന്നതും. യഥാര്‍ത്ഥത്തില്‍ മനോഹരമായ ഒരു കാഴ്ച്ച ആയിരുന്നു അത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹവാനയിലെ പള്ളിയില്‍ ഒറ്റക്ക് പ്രാര്‍ത്ഥന നിര്‍വഹിച്ചത് അപ്പൊൾ ഞാൻ ഓർത്തു. കാസയില് നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പുതിയ പള്ളി. മുഴുസമയവും പള്ളി തുറന്നു കിടപ്പുണ്ടാകും. അഞ്ചുനേരം കൃത്യമായി ലൗഡ് സ്പീക്കറില്‍ മനോഹരമായ ബാങ്ക് കൊടുക്കുന്നുമുണ്ട്. ജുമുഅ നിസ്കരിച്ച ശേഷം സിറ്റിയില്‍ ഒരേ ഒരിടത്ത് മാത്രം കിട്ടുന്ന ഹലാല്‍ ഭക്ഷണവും കഴിച്ചിരിക്കെ ഇസ്‌ലാമിലേക്ക് കടന്ന് വന്ന ഒരാളെ പരിചയപ്പെട്ടു, പേര് അബ്ദുള്ള. മുൻപ് അയാളൊരു ടൂറിസ്റ്റ് റിസോര്‍ട്ടിലെ ഡാന്‍സറായിരുന്നു. ജുമുഅയും ഹലാല്‍ ഭക്ഷണവും കൂട്ടുകാരനും എല്ലാംകൂടി ഒരു ഉത്സവ സമാനമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതായി എനിക്ക് അനുഭവപ്പെട്ടു.

സത്യത്തിൽ കാസ ദൽ അറബിന് എന്താണ് സംഭവിച്ചത്. വെള്ളിയാഴ്ച ദിവസം അതിന്റെ വാതിലുകള്‍ എല്ലാം തുറന്നു കിടപ്പുണ്ടായിരുന്നു. ഉള്ളിലെ മുറികള്‍ക്കും ചുവരിലും ഒരു മാറ്റവുമില്ല. ഒഴിഞ്ഞ മുറികൾ അടച്ചിട്ടിരിക്കുന്നു. ആ മയിലിനെ അവിടെയെങ്ങും കണ്ടതുമില്ല. കുറച്ചു ദിവസം കഴിഞ്ഞ് ഞാന്‍ ക്യൂബയില്‍ നിന്നും മടങ്ങി. രണ്ടാമത്തെ യാത്രയെക്കുറിച്ചുള്ള ആലോചനകൾക്കിടയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നമ്പർ കൈമാറിയ അപരിചിതനായ ക്യൂബന്‍ സുഹൃത്തിനെ കണ്ടില്ല എന്നോർത്തത്. ഒരു തവണ കൂടെ ക്യൂബയിലേക്ക് മടങ്ങാനുള്ള കാരണമായി എന്ന ഞാൻ ആത്മഗതം ചെയ്തു ..


വിവർത്തനം: മുഹമ്മദ് സ്വാലിഹ് പി.എൻ

Comments are closed.