സുഗന്ധവും ഹൃദയവും
സുഗന്ധവും അനുഭൂതിയും തമ്മിലുള്ള ബന്ധം ഇസ്‌ലാമിക് വൈദ്യശാസ്ത്ര രചനകളിലെ പ്രധാന ചർച്ചകളിൽ ഒന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഗ്രീക്കോ-അറബിക് (യൂനാനി) വൈദ്യ ശാസ്ത്രജ്ഞർക്കിടയിൽ ഇന്നും പ്രസിദ്ധനായ വൈദ്യ-തത്വ ശാസ്ത്രജ്ഞൻ ഇബ്നു സീനയുടെ രചനകൾ ഈ വിഷയത്തിൽ കാണാനാവും. ഹൃദയത്തിന്റെ ഔഷധം (العدوية القليبية) എന്ന തന്റെ കൃതിയിൽ അദ്ദേഹം ഗ്രീക്ക് അറബ് വൈദ്യശാസ്ത്ര പാരമ്പര്യം വികാരങ്ങളുടെ കേന്ദ്രമായി കാണുന്ന ഹൃദയത്തിന്റെ ആരോഗ്യവും സുഗന്ധവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം ഗ്രീക്ക് അറബ് വൈദ്യശാസ്ത്രത്തിലെ സുപ്രധാന ഭാഗമായതിനാൽ തന്നെ ഹൃദയ സംരക്ഷണം മുസ്‌ലിം ജീവിതത്തിൽ അതിപ്രധാനമായ വിഷയമായി തീരുകയും സുഗന്ധം ഹൃദയത്തിന്റെ പരിപാലനത്തിൽ (ghizāh-i rūh) സുപ്രധാന ഭാഗമാവുകയും ചെയ്തു. ഇന്ത്യൻ ഉപദ്വീപിലെ പ്രസിദ്ധനായ രാജാവായിരുന്ന ആദിൽ ഷായുടെ കാലത്ത് രചിക്കപ്പെട്ട Itrya-i Nauras Shahi എന്ന ഗ്രന്ഥം അടക്കമുള്ള എണ്ണമറ്റ കൃതികളിൽ സുഗന്ധം ഹൃദയത്തിന്റെ മുഖ്യ ആഹാരമാണ് എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഹൃദയത്തിന്റെ ഔഷധങ്ങൾ എന്ന പേരിലാണ് മധ്യകാല മുസ്‌ലിം ലോകത്ത് സുഗന്ധങ്ങൾ അറിയപ്പെട്ടിരുന്നത്. ഗ്രീക്കോ-അറബിക് വൈദ്യ പാരമ്പര്യത്തിൽ ഇത്തരം സുഗന്ധങ്ങളുടെ ധർമ്മം മനുഷ്യ ശരീരത്തിന് സ്വാഭാവികമായും ആവശ്യമായിരുന്ന ഘ്രാണ ശേഷി സംബന്ധമായ പ്രത്യേക വാസനകളെ അനുഭവിക്കാനും, സമരസപ്പെടാനും ഹൃദയത്തെ സജ്ജമാക്കുക എന്നതായിരുന്നു. ഈ സുഗന്ധങ്ങളും അവയിലെ ഓരോ ചേരുവകളും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതാണ് (Mufrih) എന്നായിരുന്നു ഇബ്നു സീനയുടെ വിശ്വാസം. ഈ ഉത്തേജനം അദ്ദേഹത്തിന്റെ വീക്ഷണപ്രകാരം മനുഷ്യന്റെ പ്രകൃതിദത്തമായ ഗന്ധ സംവേദന വ്യവസ്ഥയോടുള്ള സുഗന്ധത്തിന്റെ ഇണക്കം സംഭവിക്കുമ്പോഴുണ്ടാകുന്ന ആത്മാവിന്റെ ഉന്മേഷമാണ്.
ഇബ്നു സീനയുടെ വീക്ഷണത്തിൽ, ഹൃദയത്തിൽ കുടികൊള്ളുന്ന ‘ആത്മ ചൈതന്യം’ (അദ്ദേഹം അതിനെ റൂഹ് എന്ന് വിളിക്കുന്നു. ആത്മാവ്, സത്ത എന്നെല്ലാം അതിനെ വിവർത്തനം ചെയ്യാറുണ്ട്) സുഗന്ധ ദ്രവ്യങ്ങൾ ശ്വസിക്കുന്നതിലൂടെ സജീവമാകും. ഈ ആത്മീയ ചൈതന്യത്തിന്റെ അളവും, വീര്യവും ആനന്ദം എന്ന വികാരത്തെ സ്വാധീനിച്ച് സന്തോഷത്തിന്റെ ഏറ്റവും ചെറിയ ഉദ്ദീപനങ്ങളോടും, സാഹചര്യങ്ങളോടും പോലും പ്രതികരിക്കാൻ ഹൃദയത്തെ തെയ്യാറാക്കും. സുഗന്ധദ്രവ്യങ്ങളെ ക്രോഡീകരിച്ച് അദ്ദേഹം തയ്യാറാക്കിയ പട്ടികയിൽ പ്രധാന ഇടം നേടിയത് ‘ശുദ്ധവും’, ‘നിർമ്മലവും’, ‘സന്തുലിതാവസ്ഥയിലും’ ഉള്ള വാസനയുള്ള (rā’īha mulā’ima) പൂക്കളുടെ പേരുകളാണ്. ആത്മാവിനെ സന്തോഷകരമായ സംവേദന അനുഭവത്തിനും സൗന്ദര്യാസ്വാദനത്തിനും അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാൻ സഹായകമാകുന്നവയാണ് അവയത്രയും.
സുഗന്ധം ഘ്രാണശേഷിയെ ശക്തിപ്പെടുത്തുകയും ഉയർന്ന സുഗന്ധ സംവേദനശക്തി ആനന്ദ ആസ്വാദനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും എന്ന് ഇബ്നു സീന രേഖപ്പെടുത്തുന്നുണ്ട്: ” ഇന്ദ്രീയ സംവേദന ശേഷി ശക്തിപ്പെടുമ്പോൾ രുചിമുകുളങ്ങൾ (zauq) മധുര ദ്രവ്യങ്ങളാലും വാസന ഗ്രന്ധികൾ സുഗന്ധത്താലും സംപ്രീതമാവുകയും, ആനന്ദം എന്ന അനുഭൂതി അനുഭവവേദ്യമാവുകയും ചെയ്യുന്നു”. ചുരുക്കത്തിൽ ആനന്ദം ഇന്ദ്രീയ സംവേദനത്തിന്റെ ഒരു ഫലവും, സുഗന്ധം കാരണം ശുദ്ധീകരിക്കപ്പെടുന്ന ആത്മാവിന്റെ ഉൽപ്പന്നവും ആണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. സ്വാഭാവികമായും സുഗന്ധദ്രവ്യങ്ങൾ, പൂന്തോട്ടം പോലെയുള്ള സന്തോഷകരമായ പരിതസ്ഥിതിയെ സമ്പന്നമാക്കുമെന്നും അവയുടെ അഭാവം ഇത്തരം ഇടങ്ങളിൽ സംവേദന ശക്തി കുറക്കുകയും, സന്തോഷം ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുമെന്നും അനുമാനിക്കപ്പെട്ടു.
ഇൻഡോ-ഇസ്‌ലാമിക് സുഗന്ധ പാരമ്പര്യം
മുസ്‌ലിം ഇന്ത്യയിലെ വൈദ്യശാസ്ത്ര പണ്ഡിതന്മാർ ഇന്ത്യയിൽ ഉത്ഭവിക്കുകയും ഇൻഡിക് പാരമ്പര്യത്തിന്റെ ഭാഗമാവുകയും ചെയ്ത പുഷ്പങ്ങളിൽ ഗവേഷണങ്ങൾ നടത്തിയതായി കാണാനാവും. ഇന്ത്യയിലെ പല സുഗന്ധ പുഷ്പങ്ങളും പ്രണയ, കാമ, മദന ദേവന്മാരുടെ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. പരിമളത്തെയും ഉത്തേജനത്തെയുമാണ് ആ പേരുകൾ സൂചിപ്പിക്കുന്നത്. ‘മദൻ മസ്ത്’ എന്ന പേര് ഉദാഹരണം ആക്കാം. ആ പദത്തിന് ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്ന കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഫലം (Amorphophallus Campanulatus) എന്നാണ് ഒരർത്ഥം. അതിനുപുറമേ, മറഞ്ഞു നിന്നു തന്റെ ലക്ഷ്യത്തിലേക്ക് പ്രണയാസ്ത്രം തൊടുക്കുന്ന മദന ദേവനെപ്പോലെ, ഇലപ്പടർപ്പിൽ മറഞ്ഞു നിൽക്കെ ആപ്പിളിന്റെതിന് സമാനമായ പരിമളം പടർത്തുന്ന ‘മനോരഞ്ജിതം’ (ഒരു കുറ്റിച്ചെടി) എന്ന അർത്ഥവും ഉണ്ട്. സുഗന്ധ വ്യാപികളായ സസ്യ വർഗ്ഗങ്ങളുടെ ഇന്ത്യൻ പര്യായപദങ്ങൾ പലപ്പോഴും സുഗന്ധികളായ പുഷ്പവർഗ്ഗത്തിന്റെ തേൻമധുരിമയെ കുറിക്കാനായി മധു (തേൻ) എന്ന വാക്കിനോട് കൂടിച്ചേർന്ന് വരാറുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം. ‘മധു മാലതി’ എന്ന പേര് ചെറുപാവൽ എന്ന പടർന്നു പന്തലിക്കുന്ന ഒരു വള്ളിച്ചെടിയുടെ പര്യായമായി ഉപയോഗിക്കുന്നു. ‘മാധവി’ എന്ന നാമം മറ്റൊരു വള്ളിച്ചെടി ആയ ഞരമ്പോടൽ എന്ന സസ്യ വർഗ്ഗത്തിനും, ‘മധുക്ക ഇൻഡിക്ക’ എന്ന നാമം ‘ഇലുപ്പ’എന്ന രൂക്ഷഗന്ധമുള്ള ഒരു ഔഷധസസ്യ വർഗ്ഗത്തിനും പര്യായമായി ഉപയോഗിക്കുന്നു. മാത്രമല്ല, സുഗന്ധ സസ്യങ്ങളുമായി ബന്ധപ്പെട്ട് ഇൻഡോ-ഇസ്‌ലാമിക് പശ്ചാത്തലത്തിൽ വാസനയെയും (aroma), രുചിയെയും (taste) സുഗന്ധ സസ്യങ്ങളുടെ പേരുകൾ സൂചിപ്പിച്ചിരുന്നതായി കാണാം.
സുഗന്ധവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രചിക്കപ്പെട്ട പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നായ ‘ഇതരിയ്യ നുസ്രത് ഷാഹി’ ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഹൃദയത്തിൽ സന്തോഷം ഉണ്ടാക്കുന്നതിനും മാനസികോന്മേഷം നൽകുന്നത്തിനും സഹായകമാകുന്ന അനേകം സുഗന്ധ ദ്രവ്യങ്ങളുടെ കൂട്ടുകളും, രസങ്ങളും ആണ് കൃതിയുടെ ഉള്ളടക്കം. മൗലാന ഹബീബ് ശരീഫിന്റെ പുത്രനും സുഗന്ധ വ്യാപാരിയുമായിരുന്ന നിസാമുദ്ദീൻ മഹ്മൂദിന്റെ വിവിധ രചനകളാണ് ഈ കൃതിയുടെ അവലംബം. ‘ഇതരിയ്യ നുസ്രത് ഷാഹി’യുടെ കൈയെഴുത്ത് പ്രതി അന്നത്തെ ബിജാപൂർ സുൽത്താനായിരുന്ന ഇബ്രാഹിം ആദിൽ ഷാ രണ്ടാമനാണ് സമ്മാനമായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. “നിന്റെ ഔദാര്യം കാംക്ഷിക്കുന്ന ഓരോ ഹൃദയത്തെയും നിന്റെ ഭവനത്തിൽ നിന്നുള്ള സുഗന്ധം കൊണ്ട് നിതാന്തം അനുഗ്രഹിക്കണ” മെന്ന ദൈവ പ്രാർത്ഥനാ വചനത്തോടെയാണ് മൂലഗ്രന്ഥം ആരംഭിക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയാം, പുസ്തക രചനയുടെ കൃത്യമായ കാലം അടയാളപ്പെടുത്തിയ പുറങ്ങൾ എങ്ങനെയോ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എങ്കിലും ആദിൽ ഷാ രണ്ടാമന് സമർപ്പിക്കപ്പെട്ട കൃതി പതിനേഴാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത് എന്നതിൽ സംശയിക്കേണ്ടതില്ല.
രണ്ടു നൂറ്റാണ്ടോളം നിറഞ്ഞുനിന്ന സമൃദ്ധിക്ക് ശേഷം 1686ൽ മുകൾ രാജവംശത്താൽ കീഴടക്കപ്പെടുന്നത് വരെ ബിജാപൂർ തലസ്ഥാനമാക്കി ഇന്ത്യൻ ഉപദ്വീപിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ മുഴുവൻ ഭരിച്ചിരുന്ന രാജവംശമായിരുന്നു ആദിൽ ഷായുടേത്. ആധുനികപൂർവ്വ കാലത്ത് ഡെക്കാൻ പ്രദേശങ്ങളിൽ ചലനാത്മകവും, വൈവിധ്യം നിറഞ്ഞതും, ബഹുത്വപൂർണ്ണവുമായ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ ഗോൽകൊണ്ടാ നഗരത്തെ പോലെതന്നെ മികച്ച സംഭാവനകൾ അർപ്പിച്ച നഗരമായിരുന്നു അത്. വംശീയവും, സാംസ്കാരികവുമായ വൈവിധ്യവും സ്വച്ഛവും, സമൃദ്ധവുമായ അന്തരീക്ഷവും നിരവധി കലാ പാരമ്പര്യങ്ങൾക്ക് ജന്മം നൽകി. ഇത്തരം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഭരണ വ്യവസ്ഥയിൽ നിന്ന് ലഭ്യമായിരുന്ന മികച്ച പിന്തുണ നമ്മുടെ മൂലഗ്രന്ഥത്തിന്റെ സ്വീകർത്താവ് ഇബ്രാഹിം ആദിൽ ഷാ രണ്ടാമന്റെ കാലത്തെ വ്യത്യസ്തമാക്കുന്നു.
നവ്റാസ് ഷാ (നവദ്രവ്യങ്ങളുടെ രാജാവ്) എന്ന പേരിൽ അറിയപ്പെടുന്നതായിരുന്നു സുൽത്താൻ ആദിൽ ഷാ രണ്ടാമന് പ്രിയം. ദെക്കിനി ഉർദുവിൽ Nauras എന്ന പദം 9 രുചികൾ, 9 വൈകാരിക തലങ്ങൾ, 9 കാവ്യ ശൈലികൾ എന്നീ ആശയങ്ങളെ കുറിക്കുന്നു. ഈ പദം ഇന്ത്യൻ സൗന്ദര്യ ശാസ്ത്രത്തിലെ അടിസ്ഥാന ആശയമായ ‘രസ’ യിൽനിന് നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ ആവാം ആ പദം സുൽത്താനെ വല്ലാതെ മോഹിപ്പിച്ചതും. 1603 സുൽത്താൻ തന്നെ നിർമ്മിച്ച മനോഹരമായ നഗരത്തിന് നൗറാസ്പൂർ എന്ന നാമകരണം ചെയ്യുകയും, സംഗീതസദസ്സുകളാൽ നഗരത്തിലെ ഏറ്റവും ഹൃദ്യമായ ഭാഗത്തെ നൗറാസ് മഹൽ എന്ന് വിളിക്കുകയും ചെയ്തു. സുൽത്താന്റെ രചനയായ കിതാബെ നൗറാസിൽ ഗാനസമാഹാരങ്ങളുടെ ഭാഗത്തിന് നൽകിയിരിക്കുന്ന തല വാചകത്തിലും ഈ പദം ഉണ്ട്. ദെക്കിനി ഉർദുവിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ ഇന്ത്യൻ ക്ലാസിക് സംഗീതത്തിലെ 9 കാവ്യശൈലികളെ കുറിച്ച് പറയുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സുഗന്ധങ്ങളെക്കുറിച്ച് രചിച്ച ഈ കൃതിയുടെ തലവാചകം തേടി രചയിതാവിന് അധികം അലയേണ്ടി വന്നുകാണില്ല.
കലയെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായിട്ടാണ് ആദിൽ ഷാ അറിയപ്പെട്ടത്. ഇന്ത്യൻ സംഗീതത്തിലെ 64 ശൈലികളിലും നിപുണനായ സുൽത്താനെ ജഗദ് ഗുരു (universal teacher) എന്ന് അദ്ദേഹത്തിന്റെ ഹിന്ദു പ്രജകൾ അഭിസംബോധന ചെയ്തിരുന്നു. ഏതാണ്ട് അതേ അർത്ഥം വരുന്ന ‘ഉസ്താദേ സമാൻ’ എന്ന പദം കൊണ്ടാണ് ഗ്രന്ഥകർത്താവ് മൂലകൃതിയിൽ രാജാവിനെ വിശേഷിപ്പിക്കുന്നത്.
തുടർന്ന് വായിക്കുക: സുഗന്ധവും പൂന്തോട്ടങ്ങളും; ഇബ്‌റാഹീം റോസയിലെ സ്വർഗ്ഗത്തിലേക്കുള്ള ജാലകങ്ങൾ
വിവർത്തനം: Muhsin Abdul Azeez
Featured Image: Constantinos Panagopoulos
Comments are closed.