പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ആഴ്ച്ച തന്നെ ആമസോണിലെ ഇന്ത്യൻ സാഹിത്യത്തിലേയും, ഏഷ്യൻ സാഹിത്യത്തിലേയും ഹോട്ട് ന്യൂ റിലീസ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട The Mappila Verses എന്ന തന്റെ ഇംഗ്‌ളീഷ് കവിത സമാഹാരത്തെക്കുറിച്ച് കവിയും, അശോക യൂണിവേഴ്സിറ്റി അദ്ധ്യാപകനുമായ അജ്മൽ ഖാൻ സംസാരിക്കുന്നു
മഷ്കൂർ: വിദ്യാഭ്യാസ പശ്ചാത്തലത്തിൽ നിന്ന് തുടങ്ങാമെന്ന് തോന്നുന്നു. മലപ്പുറത്ത് നിന്നും മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി എടുക്കുന്നത് വരെയുള്ള പഠന കാലഘട്ടം എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു?
അജ്മൽ ഖാൻ: ഇംഗ്‌ളീഷിന് വേണ്ടത്ര പരിഗണന നൽകാത്ത ഒരു സാമൂഹിക സാഹചര്യത്തിൽ നിന്നാണ് ഞാൻ മമ്പാട് എം.ഇ.എസിൽ നിന്ന് ഇംഗ്‌ളീഷ് പഠിക്കുന്നത്. അന്ന് മലയാളത്തിൽ ചെറുതായി എഴുതുമായിരുന്നെങ്കിലും ഇംഗ്ളീഷിൽ കവിത എഴുതുക എന്നത് മനസ്സിൽ ഉണ്ടായിരുന്നില്ല. മലബാറിലെ മുസ്‌ലിംകൾക്കിടയിൽ സംഭവിക്കുന്ന വിദ്യാഭ്യാസപരമായ ഉണർവിന്റെ ഭാഗമായിട്ടാണ് ഞാൻ അടക്കമുള്ള തലമുറ വിദ്യാഭ്യാസം തേടി പുതിയ ഇടങ്ങളിൽ എത്തിപ്പെടുന്നത്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുമ്പോൾ ഒരുപക്ഷെ അവിടെ എത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ മുസ്‌ലിം വിദ്യാർത്ഥി ആയിരിക്കും ഞാനെന്നാണ് തോന്നുന്നത്.
മലബാറിൽ സംഭവിച്ച സാമൂഹിക മാറ്റത്തിന്റെ ആദ്യ തലമുറയായി പലരും ഡൽഹി, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഉന്നത വിദ്യാഭ്യാസം തേടി എത്തുന്നുണ്ട്. കേന്ദ്ര സർവ്വകലാശാലകളിൽ ഉണ്ടായിരുന്ന മുസ്‌ലിം വിദ്യാർത്ഥികളുടെ അഭാവം കുറഞ്ഞുവരുന്നതും ഈ ഒരു സമയത്താണ്. ആ ഒരു വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ ഭാഗമായിട്ടാണ് ഞാൻ മുംബൈയിൽ എത്തിപ്പെടുന്നത്. അതിന്റെ വെല്ലുവിളികൾ എന്നത് മുംബൈ പോലുള്ള ഒരു നഗരത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള ഒരു സ്ഥാപനത്തിൽ മുസ്‌ലിം പേരുമായി ഇരിക്കുക എന്നത് പ്രയാസകരം തന്നെ ആയിരുന്നു. പ്രത്യേകിച്ച് ആദിവാസി, ദളിത്, മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളെ ഏറ്റെടുക്കുകയും മുസ്‌ലിം പേര് വെച്ച് തന്നെ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും ചെയ്യുക എന്നത് ധാരാളം വെല്ലുവിളികൾ നിറഞ്ഞ ഉദ്യമമായിരുന്നു. അതെ സമയം, ഇത്തരം അനുഭവങ്ങൾ എഴുത്തിന് സഹായകമായി മാറുകയും ചെയ്തു.
കവിത എഴുത്തിലേക്ക് തിരിയുന്നത് എങ്ങിനെയാണ്?
മെഹമൂദ് ദർവേഷ്, ആഖാ ഷാഹിദ് അലി, ഖലീൽ ജിബ്രാൻ, അഡോണിസ് തുടങ്ങിയവരുടെ കവിതകൾ പണ്ട് തന്നെ വായിക്കാറുണ്ടായിരുന്നു. പിന്നീട് ഉപരി പഠനത്തിനായി മുംബൈയിൽ എത്തുകയും മഹാരാഷ്ട്രയിലെ ദളിത്, റാഡിക്കൽ ലെഫ്റ്റ് മൂവ്മെന്റിനിടയിൽ ഏകദേശം ഒരു പതിറ്റാണ്ടോളമുള്ള ജീവിതവും ഒക്കെയാണ് പുതിയ ലോകംബോധം രൂപപ്പെടുത്തുന്നതും കവിത എഴുതുന്നതിലേക്ക് എത്തിക്കുന്നതും. അംബേദ്ക്കറുടെ എഴുത്തുകളും അദ്ദേഹത്തിന്റെ ആലോചനകൾ മുൻ നിർത്തി മഹാരാഷ്ട്രയിൽ ദളിത് മുന്നേറ്റങ്ങളുണ്ടാക്കിയ ഒരു സാമൂഹിക പരിസരവും, മറാത്തി എഴുത്തുകാരായ അണ്ണാ ബാവു സാട്ടേ, വിലാസ് ഗോഖരെ, നാം ദേവ് ദസാൽ തുടങ്ങിയവരുടെ സാഹിത്യത്തിലെ ഇടപെടലുകളും എന്റെ രാഷ്ട്രീയത്തെയും, എഴുത്തിനെയുമെലാം സ്വാധീനിക്കുന്നുണ്ട്.

മുംബൈ പഠന കാലത്ത് തന്നെയാണ് സമകാലിക ബ്ലാക്ക് അമേരിക്കൻ കവിതകളും എഴുത്ത് രീതികളും പരിചയപ്പെടുന്നത്. തുടർന്ന് കുടിയേറ്റക്കാരായി അമേരിക്കയിലെയും, യുകെയിലും ഒക്കെ ജീവിച്ചിരിക്കുന്ന കവികളുടെ എഴുത്തുകൾ വായിക്കാനുള്ള അവസരങ്ങളുണ്ടായി. അതോടൊപ്പം മഹ്മൂദ് ദർവീഷ്, ജെയിംസ് ബാൾഡ്‌വിൻ, മിലൻ കുന്ദേര, ആഖാ ഷാഹിദലി തുടങ്ങിയ എഴുത്തുകാരുടെ ആലോചനകളും, ബ്ലാക്ക്, ദളിത് കവികളുമെല്ലാം പറഞ്ഞുവെക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഏറെക്കുറെ ഇന്ത്യയിലെ മുസ്‌ലിംകളുമുള്ളത് എന്ന് ബോധ്യപ്പെടുന്നതോടെയാണ് ഞാൻ എഴുത്തിലേക്ക് കടക്കുന്നത്. മലപ്പുറത്തെ ഗ്രാമത്തിൽ വരുന്ന വ്യക്തി എന്ന നിലയിൽ നമ്മുടെയെല്ലാം ഗ്രാമീണ ജീവിതം, കല, ഭക്ഷണം ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം എന്നിവയെല്ലാം മാപ്പിള കലയിലും, സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ട്. അവ പലപ്പോഴും അറബി-മലയാളത്തിലും, പിന്നീട് മലയാളത്തിലുമാണ് ആവിഷ്കരിക്കപ്പെട്ടത്. മാപ്പിള സാഹിത്യത്തിൽ നിന്നുള്ള ആദ്യ ഇംഗ്‌ളീഷ് സംഭവനയാവും എന്റെ കവിത സമാഹാരം. കഥയാവട്ടെ, കവിതയാവട്ടെ മാപ്പിള എഴുത്തുകൾ ഇംഗ്ളീഷിൽ കൂടുതൽ ഉണ്ടായിട്ടില്ല എന്നാതാണ് യാഥാർത്ഥ്യം. ഈ ഒരു വിടവ് നികത്താൻ കൂടുത ആളുകൾ മുന്നോട്ട് വരേണ്ടതുണ്ട്.
The Mappila Verses എന്ന കവിത സമാഹാരത്തിന്റെ ബ്ലർബിൽ സി ചന്ദ്രമോഹൻ ഇന്ത്യൻ ഇംഗ്ലീഷ് കവിതയിൽ നിലനിൽക്കുന്ന മുസ്‌ലിം ശബ്ദത്തിന്റെ അഭാവം എന്ന ഈ വിടവ് നികത്തുന്നതിന് അജ്മലിന്റെ കവിതകൾ സഹായമാകും എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതോടൊപ്പം കവിത കൂടുതൽ ശബ്ദങ്ങളെ ഉൾക്കൊള്ളുന്ന ഇടമായി മാറുന്ന പുതിയ യുഗത്തെ പ്രതിനിധീകരിക്കുക കൂടി ചെയ്യുന്നുണ്ട് എന്നെഴുതുന്നുണ്ട്. വളരെ ചെറിയ ഒരു വിഭാഗത്തിന്റെ മാത്രം ഇടപെടലുകൾ നടന്നിരുന്ന ഇന്ത്യൻ ഇംഗ്‌ളീഷ് കവിതാ സാഹിത്യത്തിലേക്കാണ് മാപ്പിള ജീവിതങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് ഒരു കവിതാ സമാഹാരം കടന്നുവരുന്നത്. ഒരേസമയം ഇന്ത്യയിലെ ഇംഗ്‌ളീഷ് കവിത സാഹിത്യത്തിലും, മലബാറിലെ മുസ്‌ലിം സാംസ്‌കാരിക ജീവിതത്തിലും സംഭവിക്കുന്ന പുതിയ മാറ്റങ്ങളെ എങ്ങനെയാണ് താങ്കളുടെ കവിതകൾ അടയാളപ്പെടുത്തുന്നത്?
ഇന്ത്യയിലെ ഇംഗ്ളീഷ് എഴുത്ത് എന്നത് മുംബൈ, കൊൽക്കത്ത, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സവർണ്ണർ മാത്രം ഇടപെട്ട മേഖലയായി ചുരുങ്ങിയ ഒരു കാലമുണ്ടായിരുന്നു. ഇങ്ങനെ നഗര കേന്ദ്രീകൃതമായി, ജാതി, വർഗ്ഗ വിഭജനങ്ങൾക്കകത്ത് വിധേയപ്പെട്ട് നിലനിന്നിരുന്ന ഇന്ത്യൻ ഇംഗ്‌ളീഷ് സാഹിത്യം കഴിഞ്ഞ ഒരു പത്ത് വർഷത്തോളമായി ചെറുതായെങ്കിലും ജനാധിപത്യവൽക്കരണത്തിന്റെ പാതയിലാണ് എന്ന് പറയാം. ഇന്ന് ജാർഖണ്ഡിലെ സാന്താൾ പർഗാനകളിലെ പാൻകൂറിൽ ഇരുന്ന് കൊണ്ട് ഹസ്ന സുവാൻ ശേഖർ എന്ന ആദിവാസി എഴുത്തുകാരൻ ഇന്ത്യൻ ഇംഗ്‌ളീഷ് സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായി മാറുന്നു. അതുപോലെ കേരളത്തിലെ ചന്ദ്രമോഹൻ സത്യാന്ദൻ പോലുള്ള ദളിത് കവികൾ കടന്നു വരുന്നു. മഹാരാഷ്ട്രയിൽ നിന്ന് വരുന്നവരുണ്ട്. ഇന്ത്യൻ ഇംഗ്‌ളീഷ് സാഹിത്യത്തിൽ സംഭവിക്കുന്ന ഈ ഒരു മാറ്റത്തിന്റെ ഭാഗമായിട്ടാവണം ഒരു മാപ്പിള എഴുത്തുകാരൻ എന്ന നിലയിൽ എന്റെ എഴുത്തുകളും സ്വീകാര്യമാകുന്നത്. ഇന്ത്യൻ ഇംഗ്‌ളീഷ് സാഹിത്യം കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ ആദിവസി, ദളിത്, മുസ്‌ലിം ജീവിതങ്ങളെ ഉൾകൊള്ളുന്നതായിരുന്നില്ല. ആ തരത്തിലുള ഒരു മാറ്റവും ഈ മേഖലയിൽ സംഭവിക്കുന്നുണ്ട്.
ഒരുപക്ഷെ ഇന്ത്യൻ ഇംഗ്‌ളീഷ് സാഹിത്യത്തിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾ ഇന്ത്യക്ക് പുറത്തും, പ്രത്യേകിച്ചും അമേരിക്കയിലെ കവിതാലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളുടെ അനുരണങ്ങളുടെ ഭാഗമായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. ഏഷ്യയിൽ നിന്നും, ആഫ്രിക്കയിൽ നിന്നുമെല്ലാം കുടിയേറിയ സമൂഹങ്ങളിലെ ആദ്യത്തെയും, രണ്ടാമത്തെയും തലമുറയിലുള്ളവർ നടത്തുന്ന രണ്ടാം തരം പൗരന്മാരായി കാണുന്നതടക്കമുള്ള അവരുടെ അപര ജീവിതാനുഭവങ്ങളുടെ തുറന്നെഴുത്തുകൾ ഇംഗ്‌ളീഷ് സാഹിത്യത്തിന്റെ പ്രധാന ഭാഗമായി മാറുന്നുണ്ട്. ഈ മാറ്റങ്ങളാവണം ഇന്ത്യയിലെ മുസ്‌ലിം അനുഭവങ്ങളെക്കുറിച്ചുള്ള എഴുത്തുകളെ സ്വീകാര്യമാക്കുന്നത്. ഈയൊരു മാറ്റം നിലവിലുള്ള മുസ്‌ലിം അഭാവം രൂപപ്പെടുത്തിയ പ്രതിനിധാനപരമായ പ്രശ്നങ്ങളെകൂടി വെല്ലുവിളിക്കാൻ സഹായകമാവും എന്നാണ് എനിക്ക് തോന്നുന്നത്. മലയാള സിനിമയിലുണ്ടായിരുന്ന ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കപ്പെടുന്നത് മുസ്‌ലിം പ്രതിനിധാനം വർധിക്കുന്നതോടെയാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. അത്തരമൊരു മാറ്റം ഇന്ത്യൻ ഇംഗ്‌ളീഷ് സാഹിത്യത്തിലും നടക്കേണ്ടതുണ്ട്
കേരളത്തിലേക്ക് വരുമ്പോൾ ഇവിടെ സാംസ്കാരികമായി മുസ്‌ലിം സമുദായം ഒരുപാട് മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. അതേസമയം അറബി-മലയാളം, അറബി, മലയാളം എന്നീ ഭാഷാപരമായ സാധ്യതകൾക്കപ്പുറത്ത് നമ്മുടെ ഇടപെടലുകൾ പ്രതിഫലിക്കപ്പെട്ടുന്നില്ല എന്നത് ഒരു വസ്തുതയാണ്. കേരളത്തിൽ നിന്നുള്ള അരുന്ധതി റോയ് പോലെയുള്ള ഒരാൾ മുസ്‌ലിം സമുദായത്തിൽ നിന്നും കടന്നു വരുന്നില്ല. “ഞാൻ വായിച്ച കഥകളിലെല്ലാം മുസ്‌ലിംകൾ കള്ളന്മാരും ഗുണ്ടകളുമായാണ് കടന്നുവരുന്നത്. അതേസമയം ഞാൻ അത്തരക്കാരെ കണ്ടിട്ടേയില്ല. അതാണ് ഞാൻ എഴുതാൻ തുടങ്ങാൻ കാരണം” എന്ന് ബഷീർ ഒരിക്കൽ പറയുന്നുണ്ട്. മലയാളത്തിന് പുറത്ത്, പ്രത്യേകിച്ചും ഇംഗ്‌ളീഷ് സാഹിത്യത്തിൽ നമ്മുടെ പ്രാതിനിധ്യം വളരെ കുറവാണ്. അനീസ് സലീമിന്റെ ‘ദ സ്മാൾ ടൗൺ സീ’ പോലുള്ള എഴുത്തുകൾ ഈ മേഖലയിൽ പ്രധാനമാണ്. അദ്ദേഹം വാപ്പ, വലിയുമ്മ, വാപ്പുമ്മ തുടങ്ങിയ മാപ്പിള പരിസരത്ത് നിന്നുള്ള വാക്കുകൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഇതുപോലുള്ള പുതിയ സാഹിത്യ ഇടപെടലുകളുടെ കൂട്ടത്തിലായിരിക്കണം ഈ കവിതകളും സ്വീകരിക്കപ്പെടുന്നത്.
മാപ്പിള മുസ്‌ലിമിന്റെ ഇംഗ്‌ളീഷ് കവിതയിലെ കേവലമായൊരു അടയാളപ്പെടുത്തൽ എന്നതിനപ്പുറം മാലപ്പാട്ട് പോലുള്ള സവിശേഷ മാപ്പിള ആവിഷ്കാരത്തിന്റെ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്കുള്ള കടന്നു വരവുകൂടെ സംഭവിക്കുന്നുണ്ട്. അതും, സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് ക്ഷമാപണത്തോടെയല്ലാതെ തുറന്ന് സംസരിച്ച്കൊണ്ട് തന്നെ. സമാഹാരത്തിലെ കവിതകളെ സ്വാധീനിച്ച ഘടകങ്ങളെന്തെല്ലാമാണ്?
മാപ്പിള ചരിത്രത്തെയാണ് സമാഹാരത്തിലെ കവിതകൾ പ്രധാനമായും പിന്തുടരുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ മാലപ്പാട്ടിന്റെ രീതിയിൽ കവിതയാക്കി ഉൾപ്പെടുത്തുന്നുണ്ട്. വാരിയം കുന്നത്തുമായി ബന്ധപ്പെട്ട ചരിത്രം വിവാദങ്ങൾക്ക് പാത്രമായിരിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് ആ ചരിത്രം ഇംഗ്‌ളീഷിലേക്ക് കവിതയായി വരുന്നത്. ആഗോള തലത്തിൽ തന്നെ സമാനതകളില്ലാത്ത രീതിയിൽ കൊളോണിയൽ വിരുദ്ധ സമരങ്ങൾക്കാണ് വാരിയം കുന്നത്ത് നേതൃത്വം നൽകിയത്. ആ ചരിത്രം അർഹിക്കുന്ന തരത്തിൽ മാപ്പിള സാഹിത്യമോ, ചരിത്രമോ, രാഷ്ട്രീയമോ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആ ഒരു വിടവ് പരിഹരിക്കുന്ന എന്ന ലക്ഷ്യത്തിലാണ് ഞാൻ കുഞ്ഞഹമ്മദ് ഹാജിയെ വിഷയമാക്കുന്നത്.
അത്പോലെ വേണ്ടത്ര ചർച്ച ചെയ്യാപ്പെടാത്ത മാപ്പിള രാമായണത്തെക്കുറിച്ചും, മിലൻ കുന്ദേരയുടെ പ്രസിദ്ധമായ “The first step in liquidating a people is to erase its memory. Destroy its books, its culture, its history. Then have someone write new books, manufacture a new culture, invent a new history. Before long the nation will begin to forget what it is and what it was” എന്ന പരാമർശത്തെ പിന്തുടർന്ന് മാപ്പിള ചരിത്രത്തെക്കുറിച്ചും, മുസ്‌ലിംകളുടെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഇന്നത്തെ സാഹചര്യങ്ങളെക്കുറിച്ചും, അതോടൊപ്പം വാരിയം കുന്നത്തിനെക്കുറിച്ചും എല്ലാം പരാമർശിക്കുന്ന മൂന്ന് മാപ്പിള വേഴ്‌സുകളാണ് പുസ്തകത്തിന്റെ പ്രധാന ഭാഗം. അതോടൊപ്പം ‘Write Me Down’ എന്ന കവിതയും, ബാബരി മസ്ജിദിനെ കുറിച്ച് “ഒരു പള്ളിയല്ലേ, അത് വിട്ട് കളയൂ” എന്ന ആവശ്യപെടലുകളെ അഭിസംബോധനം ചെയ്യുന്ന ഒരു കവിത, അതുപോലെ ദളിത്, ആദിവാസി, മുസ്‍ലിം സമൂഹങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പല രീതിയിൽ അവസരങ്ങളില്ലാതെ തിരികെ വീടുകളിലേക്കും, പലപ്പോഴും ജീവിതത്തിൽ നിന്ന് തന്നെയും മടങ്ങേണ്ടി വരുന്നതിനെക്കുറിച്ച് ‘On The Way Back’ എന്ന കവിതയും പുസ്തകത്തിലുണ്ട്. മറ്റൊന്ന് ജെയിംസ് ബാൾഡ്‌വിന്റെ ‘ഞാൻ നിങ്ങളുടെ നിഗ്രോയല്ല’ എന്ന പ്രഖ്യാപനത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ‘Not your mia’ എന്ന ഇന്ത്യയിൽ നടന്ന വർഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു കവിതയുമുണ്ട്. മഹ്മൂദ് ദർവീഷ് ഒരു കവിതയിൽ “Where should we go after the last frontiers ? Where should the birds fly after the last sky ? Where should the plants sleep after the last breath of air?” എന്ന് ചോദിക്കുന്നുണ്ട്. സി.എ.എ സമരം നടക്കുന്ന സമയത്ത് ഉമ്മ ഒരിക്കൽ എന്നോട് ‘നമ്മുടെ പേരുകൾ ലിസ്റ്റിൽ വന്നില്ലെങ്കിൽ നമ്മൾ എങ്ങോട്ട് പോവും’ എന്ന് ചോദിച്ചിരുന്നു. ആ ചോദ്യത്തെ തുടർന്നുണ്ടായ സംസാരമാണ് ‘Where should we go if our names are not in the list’ എന്ന കവിതയായി മാറുന്നത്. ‘പോർട്രൈറ്റ് ഓഫ് എ ബസ്റ്റാർഡ്’ എന്ന കവിതയിൽ മാപ്പിള മുസ്‌ലിംകളുടെ വേരുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ബിരിയാണി എന്ന കവിത, റിജെക്ടഡ് പോയം, ഗുൽബർഗ സൊസൈറ്റി. പീസ് ബി അപ്പോൺ യു ഇൻ ഡൽഹി മെട്രോ, മൈ റൈഡ് ടു ബാന്ദ്ര തുടങ്ങിയ കവിതകൾ മുസ്‌ലിംകൾ രാജ്യത്ത് നേരിടുന്ന അരക്ഷിതാവസ്തയെ ആണ് പ്രമേയവൽക്കരിക്കുന്നത്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് മാപ്പിള ലഹള എന്നതിന് പകരം ‘ആംഗ്ലോ-മാപ്പിള യുദ്ധം’ അതുപോലെ ‘വാഗൺ ട്രാജഡി’ എന്നതിന് പകരം ‘വാഗൺ കൂട്ടക്കൊല’ എന്നെല്ലാമാണ് കവിതയിൽ കടന്നുവരുന്നത്. ഇത്തരം ‘തിരുത്തുകൾ’ എങ്ങനെയാണ് പ്രധാനമാവുന്നത്?
മാപ്പിള ലഹള എന്നത് ബ്രിട്ടീഷ് രേഖകളിൽ എഴുതിവെക്കപ്പെട്ട പേരാണ്. മലബാറിലുണ്ടായ സ്വാതന്ത്ര്യ സമരത്തിന് അവർ നൽകിയ പേരാണ് ‘മലബാർ/മോപ്ല റബാല്യൻ’ എന്നത്. നമ്മൾ ഇന്നും അതിനെ സ്വാതന്ത്ര്യ സമരം എന്ന് വിളിക്കാതെ ലഹള എന്ന് തന്നെയാണ് വിളിക്കുന്നത്. അതിൽ മുസ്‌ലിംകളും, ദളിതരും, ഹിന്ദുക്കളും എല്ലാം ഉണ്ടായിരുന്നു. ആ മുന്നേറ്റത്തെ മാപ്പിള ലഹള എന്ന് വിളിക്കുന്നത് തന്നെ പ്രശ്നവൽക്കരിക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മതഭ്രാന്തന്മാർ, ലഹളക്കാർ എന്നെല്ലാമുള്ള വിളികളിൽ നിന്ന് പുറത്ത് കടക്കാനുള്ള ഒരു ശ്രമം കൂടെയാണ് ഞാൻ നടത്തുന്നത്. അതുകൊണ്ട് തന്നെ മാപ്പിള ലഹള എന്ന പേരിന് പകരം ‘മലബാർ വിപ്ലവം’ എന്ന് വിളിക്കാനാണ് എനിക്ക് താല്പര്യം. അതുപോലെ വാഗൺ ട്രാജഡി എന്നത് ഒരു ട്രാജഡി ആയിരുന്നില്ല. അത് ഒരു കൂട്ടക്കൊല ആയിരുന്നു. ആ രീതിയിൽ ചരിത്രത്തെ പുനർ വായന നടത്തിക്കൊണ്ടാണ് ഞാൻ അത്തരം പദങ്ങൾ ഉപയോഗിക്കുന്നത്. ഈ രാജ്യത്തിന്റെ നിർമ്മിതിയിൽ മഹത്തായ പങ്കാളിത്തമുള്ള ഒരു സമുദായത്തെ ബ്രിട്ടീഷ് രേഖകളിൽ തളച്ചിടുന്ന പ്രവണതയിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു ശ്രമം കൂടിയാണത്.
ഇവിടെ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ മുസ്‌ലിംകൾ നേരിടുന്ന ഒരു ഭാഷാ പ്രതിസന്ധി അജ്മലിന്റെ കവിതകളിൽ കടന്നുവരുന്നുണ്ട് എന്ന് തോന്നുന്നു. അമീർ അസീസിന്റെ ‘സബ് യാദ് രക്കാ ജായേഗാ’ എന്ന കവിതയിലും അജ്മലിന്റെ മിക്ക കവിതകളിലും, പ്രത്യേകിച്ച് ‘Write me down’ലും ഒക്കെ അത് കാണാനാവും. അതായത് ഇന്ത്യയിലെ സെക്കുലർ രാഷ്ട്രീയത്തിന്റെ തകർച്ച ഇന്ത്യയിലെ വ്യവിധ്യം നിറഞ്ഞ സമുദായങ്ങൾക്ക് പരസ്പരം സംഭാഷണം നടത്തുകയും, തങ്ങളുടെ വാദങ്ങളെയും അവകാശങ്ങളെയും മുന്നോട്ട് വെക്കുകയും ചെയ്യാവുന്ന ഒരു ഭാഷയുടെ കൂടെ കൊഴിഞ്ഞുപ്പോക്കായി മാറുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇത്തരം ഒരു ഭാഷാപരമായ പ്രതിസന്ധിയിൽ നിന്നും മുസ്‌ലിംകൾ ഒരു സമുദായം എന്ന നിലക്ക് കവിതയിലൂടെ അധികാരവുമായി നേരിട്ട് സംസാരിക്കാനുള്ള, ഒരു പുതിയ ഭാഷാ/സംവേദന ഉപകരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആയിരിക്കുമോ പുതിയ തലമുറ മുസ്‌ലിം കവി(ത)കളിൽ കാണുന്നത്?
ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന മുസ്‍ലിം ചോദ്യങ്ങൾ തന്നെയാണ് പുസ്തകത്തിലെ മുഴുവൻ കവിതകളെയും ചേർത്ത് നിർത്തുന്ന ഘടകങ്ങളിലൊന്ന്. ഇന്ത്യയുമായി ആഴത്തിലുള്ള യാതൊരു നിലയിൽ ബന്ധവും അവകാശപ്പെടാനില്ലാത്ത, രാജ്യത്തിന്റെ ബഹുസ്വര സംസ്കാരത്തിൽ ഒരു പങ്കുമില്ലാത്ത സംഘ് പരിവാർ രാഷ്ട്രീയമാണ് രാജ്യത്ത് ആഴത്തിൽ ചേർന്ന് കിടക്കുന്ന മുസ്‌ലിംകളുടെ കൂറിനെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നത്. ഈ ഒരു സാഹചര്യത്തിൽ ഭാഷാപരമായി മുസ്‌ലിം സമുദായം കണ്ടെത്തുന്ന ശക്തമായ മാർഗ്ഗങ്ങളിൽ ഒന്ന് തന്നെയാണ് കവിത എന്നത്. വിവിധ പ്രാദേശിക ഭാഷകളിൽ അത്തരം ശ്രമങ്ങൾ കൂടുതൽ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. ആമിർ അസീസിനെ പോലെ ഹിന്ദുസ്ഥാനി മുസൽമാൻ എന്ന കവിത എഴുതിയ ഹുസൈൻ ഹൈദരി, ആസ്സാമിൽ നിന്നുള്ള മിയ കവികൾ ഒക്കെ ഈ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നടന്ന ദളിതുകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചത് പ്രധാനമായും ദളിത് കവികളാണ് എന്ന് കാണാം. ഉദാഹരണത്തിന്, നാം ദേവ് ദാസാലിന്റെ ഗോൽപ്പിട്ട എന്ന കവിത സമാഹാരത്തിലെ പ്രധാനപ്പെട്ട കവിതകളിലൊന്നാണ് ‘Man, You Should Explode’ അത്തരം അതിശക്തമായ പ്രതിരോധ കാവ്യങ്ങളെ ചുവടുപിടിച്ചാണ് പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് മുസ്‌ലിംകൾക്കിടയിലും ഒരു കവിത സമൂഹവും സവിശേഷമായ ഭാഷയും രൂപപ്പെട്ടുവരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സി എ എ വരുന്നതിന് മുൻപ് തന്നെ ജനസംഖ്യാ അനുപാതത്തിന് ഉപരിയായി മുസ്‌ലിം യുവാക്കൾ ജയിലിൽ അടക്കപ്പെടുകയും അരക്ഷിതരാക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ പുതിയ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ ഒരു സംവാദമോ, സംഭാഷണമോ സാധ്യമല്ലാതായി മാറുകയും, നമ്മുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയുന്ന അവസ്ഥയാണുള്ളത്. വേരും, കൂറും തെളിയിക്കേണ്ട നിയമപരമായ ബാധ്യത മുസ്‌ലിംകളുടെ മുന്നിൽ വരുന്നുണ്ട്. ഈ ഒരു അരക്ഷിതാവസ്ഥയാണ് കവിതാ സമാഹാരത്തിൽ മുഴുവനായി ഉയർന്നു നിൽക്കുന്നത്. കേരളത്തിൽ മുസ്‌ലിംകൾക്ക് നാടുമായുള്ള ചരിത്രപരമായ ബന്ധം ഇത്തരം ചോദ്യങ്ങളെ നേരിടാനുള്ള സവിശേഷ സാധ്യതകൾ തുറന്ന് തരുന്നുണ്ട്.
മലബാറിലെ മുസ്‌ലിംകളുടെ വേരുകൾ കണ്ടെത്തുക എന്ന ഈ ഉദ്യമം പുസ്തകത്തിൽ ഒരേ സമയം മലബാർ മുസ്‌ലിമിന്റെ ചാരിത്രത്തിലേക്കും വർത്തമാനത്തിലേക്കുമുള്ള അന്വേഷണങ്ങളിലൂടെയാണ് കടന്നുപോവുന്നത്. പോർട്രൈറ് ഓഫ് ബസ്റ്റാഡിൽ ഒരേസമയം മാപ്പിളമാരുടെ പ്രാദേശിക വേരുകളും, ദേശാന്തര ബന്ധങ്ങളും കടന്നുവരുന്നുണ്ട്. മാപ്പിള സ്വത്വ രൂപീകരണത്തിൽ ഒരേ സമയം മലബാറിലെ മണ്ണിന്റെയും, അറേബ്യയിലെ മണലിന്റെയും മണം പ്രധാനമാവുന്നത് എങ്ങനെയാണ്?
മണ്ണിന്റെ മണം മാപ്പിളയുടെ അസ്‌തിത്വത്തെയാണ് കുറിക്കുന്നത്. മണ്ണിൽ പണിയെടുത്തതാണ് നമ്മുടെ പൂർവ്വികർ നിലനിന്നത്. തുടർന്ന് നമ്മൾ ഉപജീവനം കണ്ടെത്തുന്നത് ഗൾഫിലാണ്. ആ ഒരു ചരിത്രം നമുക്ക് ഒരുപോലെ പ്രധാനമാണ് എന്നതിനാലാണ് കവിതയിൽ അവ രണ്ടും കടന്നുവരുന്നത്. മാപ്പിള മുസ്‌ലിമിന്റെ വേരുകൾ തേടുന്നിടത്ത് പ്രധാനമാക്കുന്ന മറ്റൊരു വിഷയം ജാതിയുമായി ബന്ധപ്പെട്ടതാണ്. മാപ്പിളമാരെ പൊതുവായി താഴ്ന്ന ജാതിയിൽ നിന്നും ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരായിട്ടാണ് ഞാൻ കാണുന്നത്. മനുവിന്റെ മുഖത്തടിച്ചുകൊണ്ടാണ് എന്റെ പൂർവ്വപിതാക്കൾ ഇസ്‌ലാമിലേക്ക് വരുന്നത് എന്ന് ‘write me down’ എന്ന കവിതയിൽ വരുന്നുണ്ട്. ജാതി പശ്ചാത്തലത്തെ കുറിച്ച് ഇങ്ങനെയുള്ള തുറന്നെഴുത്തുകൾ മുസ്‍ലിം പരിസരത്ത് കുറവാണ്. തെലുഗുവിൽ നിന്നുള്ള സ്‌കൈ ബാബയുടെ ചെറുകഥകളായിരിക്കണം ഇന്ത്യൻ മുസ്‍ലിം പരിസരത്ത് നിന്ന് കീഴ്ജാതി പശ്ചാത്തലത്തെ അടയാളപ്പെടുത്തുന്ന ആദ്യ സാഹിത്യ ഇടപെടൽ എന്നാണ് എനിക്ക് തോന്നുന്നത്. മുസ്‍ലിം ഇംഗ്‌ളീഷ് കവിതയിൽ പക്ഷെ അത്തരം ശ്രമങ്ങൾ മുൻപ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
അസാമിൽ നിന്ന് വരുന്ന മിയ കവികളുടെ എഴുത്തുകളിൽ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റ അനുഭവങ്ങളുമായി ബന്ധപ്പെട്ട് ജാതി, വർഗ്ഗ പശ്ചാത്തലങ്ങൾ കടന്നുവരുന്നുണ്ട് എങ്കിലും അവിടെയും ജാതി എന്നത് സുപ്രധാന ഇടം കയ്യടക്കുന്നില്ല. മുബൈ, ഡൽഹി തുടങ്ങിയ നഗര പരിസരങ്ങളിൽ നിന്ന് വരുന്ന മുസ്‌ലിം ഇംഗ്‌ളീഷ് കവികൾ ഇത്തരം വിഷയങ്ങൾ സ്പർശിക്കാറില്ല. അവർ കടന്നു വരുന്ന സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തിന്റെ, ജാതി അനുഭവങ്ങളില്ലാത്തതിന്റെ ഒക്കെ ഫലമായിരിക്കാം അങ്ങനെ സംഭവിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ നിഗമനം. ഇവിടെ ഇന്ത്യയിലെ ജാതി വിരുദ്ധ സമരങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ആ ഒരു രാഷ്ട്രീയത്തെ മുസ്‌ലിം സാമൂഹിക ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗം കൂടിയാണ് എന്റെ കവിതയിൽ ജാതി എന്നത് കടന്നുവരുന്നത്. ഇവിടെ സമകാലിക സാഹചര്യത്തിൽ ഒരേ സമയം ഇസ്‌ലാമോഫോബിയയെയും, ഫാസിസത്തെയും ആക്രമിക്കുമ്പോൾ ജാതിയുമായി ബന്ധപ്പെട്ട അവബോധം കൂടെ ഉൾപ്പെട്ട ഉയർന്ന സാമൂഹിക അവബോധത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ ശ്രമിക്കുന്നത്.
The Mappila Verses എന്ന കവിത സമാഹാരത്തിലെ ഒരു കവിത
Where Do We Go?
Where should we go after the last frontiers?
Where should the birds fly after the last sky?
Where should the plants sleep after the last breath of air?
– Mahmoud Darwish
After the Isha Namaz
Chanting prayers sitting in her Musalla K
eeping her copy of Quran aside with the Thasbeeh, she asks
Where do we go if our names are not in the list?
Where do coconut trees go
when their roots are declared illegal?
How does Hibiscus flower if you ask them
go back where they come from?
Can you ask Tapioca to go back to Brazil?
Do you ask tea and coffee to go back where they come from?
Where do Great Pied Hornbills go
when you tell monsoons are illegal to them?
Where do Mackerels and Sardines go
when you inform them, they are illegal in the water
………
Where do we go?
The sword breaks my silence, she asks again
Where?
I reminded
“For your father,
Adam was created with dirt from the surface of the earth.
You also will be returned to
the earth”
We came from soil
We go to soil, until then
We live here.
Write Me Down, I Am An Indian എന്ന അജ്മൽ ഖാന്റെ കവിത പ്രമുഖ ഹിന്ദി തിരക്കഥാകൃത്തായ വരുൺ ഗ്രോവർ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുകയും കാരവാനെ മൊഹബ്ബത് വീഡിയോ ആക്കി യൂടുബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു : Write Me Down, I Am An Indian




The Mappila Verses
Author: Ajmal Khan A T
ISBN: 978-81-946651-8-2
Publisher: Hawakal Publishers
Comments are closed.