ബ്രസീലിലെ മുസ്‌ലിം ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ രണ്ടാം ഭാഗം.

അമേരിക്കൻ അടിമ വ്യാപാരത്തിനെതിരെയുള്ള മുസ്‌ലിം കലാപങ്ങൾക്ക് ട്രാൻസ് അറ്റലാന്റിക് അടിമക്കച്ചവടം ഔപചാരികമായി തുടങ്ങിയതിന്റെ പന്ത്രണ്ടാം വർഷം, അതായത് 1522 ൽ വൊലോഫ് വംശജരായ മുസ്‌ലിംകൾ സാന്റോ ഡോമിംഗോയിൽ വിപ്ലവത്തിന് ഇറങ്ങിയ കാലത്തോളം പഴക്കമുണ്ട്. മൂന്ന് നൂറ്റാണ്ടുകൾക്കിപ്പുറം ബ്രസീലിലെ ബാഹിയയിലുള്ള മുസ്‌ലിം അടിമകൾ ബ്രസീലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ അടിമ അടിമ പ്രക്ഷോഭത്തിന് തിരികൊളുത്തി. മെയ്ൽ വിപ്ലവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച 1835 ലെ ഈ വിപ്ലവത്തിന്റെ പ്രധാന കരുത്ത് ബാഹിയൻ മദ്രസകളിൽ നിന്നും രൂപപ്പെട്ട ആത്മീയമായ പിന്തുണയായിരുന്നു. അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു ഭൗതിക ശ്രമം മാത്രമായിരുന്നില്ല മെയ്ൽ വിപ്ലവം. മറിച്ച് നാട് കടത്തപ്പെട്ട തങ്ങളുടെ ആത്മീയ നേതാക്കളെ തിരിച്ചു കൊണ്ടുവരികയും ആത്യന്തികമായി അറിവിനെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ടായിരുന്നു വിപ്ലവം അരങ്ങേറിയത്. ആഫ്രിക്കൻ സംസ്കാരം അടിമക്കപ്പലുകളിൽ അവസാനിച്ചിട്ടില്ല എന്ന ആശയത്തിലൂന്നി അനേകം ഗവേഷണങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ മെയ്ൽ വിപ്ലവം നയിച്ച ബ്രസീലിലെ മുസ്‌ലിം അടിമ സമുദായം ജ്ഞാന സമ്പാദനം, അധ്യാപനം, എംബഡീഡായ അറിവ് തുടങ്ങിയ വെസ്റ്റ് ആഫ്രിക്കൻ സങ്കൽപങ്ങളിൽ വേരൂന്നിയവരായിരുന്നു എന്ന വസ്തുത പ്രധാനമാണ്.

ഹെയ്തിയൻ വിപ്ലവത്തിന്റെ ഫലമായി മേഖലയിൽ ബ്ലാക്ക് റിപ്പബ്ലിക് രൂപപ്പെട്ടതോടെ വിജയകരമായി പ്രവർത്തിച്ചിരുന്ന ഷുഗർ കോളനികൾ ക്യൂബ, ബ്രസീൽ എന്നിവിടങ്ങളിലേക്ക് മാറുകയും ബ്രസീലിലേക്കുള്ള അടിമകളുടെ വ്യാപാരം വർദ്ധിക്കുകയും ചെയ്തു. യോരുബൻ ഗോത്ര വംശജരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നാഗോസ് എന്ന പേരിലാണ് ഈ അടിമകൾ അറിയപ്പെട്ടിരുന്നത്. ബ്രസീലിലെ നാഗോസ് ഗോത്ര വംശം മെയ്ൽ വിപ്ലവത്തിന്റെ മുമ്പുള്ള നാൽപതു വർഷത്തിനുള്ളിൽ പലപ്പോഴും പീഡനങ്ങളോട് കലാപം തീർത്തിരുന്നു എങ്കിലും വ്യാപകമായ പങ്കാളിത്തം ഇത്തരം ശ്രമങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ മെയ്ൽ വിപ്ലവത്തിന് ആഫ്രിക്കൻ അടിമകളും ബാഹിയയിലെ മോചിതരുമടങ്ങുന്ന ഏറെക്കുറെ മുഴുവൻ വിഭാഗങ്ങളിൽ നിന്നുമുള്ളവരുടെ പങ്കാളിത്തം ഉറാപ്പിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. മദ്രസകളിൽ വെച്ചാണ് വിപ്ലവത്തിന്റെ പദ്ധതി തെയ്യാറാക്കപ്പെട്ടത്. അധ്യാപകരായ മുസ്‌ലിം മത പണ്ഡിതരും അവരുടെ ശിഷ്യന്മാർക്കും ഇടയിലുള്ള സവിശേഷ ബന്ധത്തിൽ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത്.

ബാഹിയയിലെ മിക്ക ഉലമാക്കളും അവരുടെ ശിഷ്യന്മാരും അടിമകളിൽ പെട്ടവരായിരുന്നു. അടിമത്വത്തിൽ നിന്നും മോചിതരായവർ മദ്രസകളുടെ രൂപീകരണത്തിൽ കാര്യമായ പങ്കുവഹിക്കുകയും, പട്ടണാതിർത്തികൾ കടന്ന് എവിടെയും പോയി പഠിപ്പിക്കാനുള്ള സൗകര്യം നേടുകയും ചെയ്തു എങ്കിലും ബാഹിയയിലെ മിക്ക ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിമകളെ കേന്ദ്രീകരിച്ചായിരുന്നു നില നിന്നിരുന്നത്. വളരെ രഹസ്യ സ്വഭാവമുള്ളവയായിരുന്നു ഇത്തരം മദ്രസകളുടെ രൂപീകരണം. ഈ സാഹചര്യത്തിൽ വിമോചിത നാഗോ അടിമകളായ മനോവൽ കലാഫേറ്റ്, അപ്രീഷ്യോ എന്നിവരുടെ വസതികൾ മുസ്‌ലിംകളുടെ പ്രധാന ഒത്തുകൂടൽ കേന്ദ്രമായി മാറുകയും പ്രാർത്ഥന, ഇസ്‌ലാമിക വിദ്യാഭ്യാസം എന്നിവക്കുള്ള സുരക്ഷിത ഇടമായിത്തീരുകയും ചെയ്തു. കലാഫേറ്റും അപ്രീഷ്യോയും ശിഷ്യന്മാർക്കിടയിൽ വലിയ സ്വാധീനമുള്ള അധ്യാപകരായിരുന്നു.

അടിമകൾ പലപ്പോഴും ഏറ്റവും അന്തസ്സു കെട്ട വസ്ത്രങ്ങളായിരുന്നു ധരിക്കാനായി നിർബന്ധിക്കപ്പെട്ടിരുന്നത് എന്നതിനാൽ ഒരു മുസ്‌ലിം വസ്ത്ര ധാരണാ രീതി രൂപപ്പെടുത്തുക എന്നത് ബാഹിയൻ ധാർമ്മിക ജീവിതത്തിലെ ഏറ്റവും മൗലികമായ ഘടകമായിരുന്നു. മാന്യമായ വസ്ത്രം ധരിക്കാൻ സമ്മതിക്കാത്ത സമൂഹത്തിൽ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട മുസ്‌ലിം അടിമകൾക്ക് സ്വന്തം വസ്ത്രധാരണാ രീതി പിന്തുടരുകയെന്നത് അവ തിരിച്ചുപിടിക്കാനുള്ള ഒരു ഉപാധി കൂടിയായിരുന്നു . കഫ്ത്താൻ വസ്ത്രങ്ങളും തൊപ്പികളും നിർമ്മിക്കുന്നതിൽ അപ്രീഷ്യോ വിദഗ്ദനായിരുന്നു. മുതിർന്ന നാഗോ അടിമയായിരുന്ന ലൂയിസും മുസ്‌ലിം വസ്ത്രങ്ങൾ നെയ്തിരുന്നു. വസ്ത്രങ്ങൾ നിർമ്മിച്ചത് മത പണ്ഡിതന്മാർ തന്നെയായിരുന്നു എന്നതിനാൽ അവ ധരിക്കൽ ബാഹിയൻ മുസ്‌ലിംകൾ ഉൾവഹിക്കുന്ന ആത്മീയതയുടെ അത്യന്താപേക്ഷിത ഘടകമായിരുന്നു എന്ന് വേണം കരുതാൻ. അധികാരികൾ ഈ വസ്ത്രങ്ങളെ മത ചിഹ്നങ്ങളായി മനസ്സിലാക്കുമെന്ന് ഭയന്ന് മതകീയ ഇടങ്ങൾക്ക് പുറത്തേക്ക് മുസ്‌ലിംകൾ ഈ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. ദാന്തര എന്ന് പേരുള്ള വിമോചിത ഹൗസ ഗോത്രക്കാരനായ പ്രായം ചെന്ന വ്യക്തിയാണ് മുസ്‌ലിം പാഠശാലക്കായി സ്ഥലം വിട്ടു നൽകിയത്. അദ്ദേഹത്തിന് സ്വന്തമായി ഒരു പുകയില വിൽപ്പന കടയുമുണ്ടായിരുന്നു. അതിനെ അദ്ദേഹം മദ്രസയാക്കി മാറ്റുകയും നിസ്കാരം, പ്രാർത്ഥന, ദിക്റ് എന്നിവ നിർവഹിക്കാനുള്ള ഒരു കേന്ദ്രമാക്കി മാറ്റി വിശ്വാസികളെ അദ്ദേഹം അവിടെ ഒരുമിച്ച് കൂട്ടുകയും ചെയ്തു.

ബാഹിയയിലെ മറ്റൊരു നഗരമായ വിറ്റോരിയയിൽ വെള്ളക്കാരുടെ അടിമകളായ രണ്ടു പേർക്ക് പ്ലാന്റേഷനിൽ എടുപ്പ് നിർമ്മിക്കാൻ അനുമതി ലഭിച്ചപ്പോൾ അവരതിനെ മദ്രസയായി ഉപയോഗിച്ചു. പ്രാർത്ഥനകൾ പഠിക്കാനും എഴുതാനും വേണ്ടി സ്കൂൾ നിർമ്മിക്കാൻ കിട്ടിയ അനുമതി ഭക്തരായ മുസ്‌ലിം അടിമകളെ സംബന്ധിച്ചിടത്തോളം വളരെ മൂല്യമേറിയ ഒരു സമ്മാനമായിരുന്നു. ദസ്സാലു(Mama), ഗുസ്താദ് (Buremo), നിക്കോബേ (Sule) തുടങ്ങിയ പ്രശസ്തരായ പണ്ഡിതന്മാരായിരുന്നു ഇവിടെ അധ്യാപകർ. ഖുർആൻ പഠനത്തിൽ മാത്രമായിരുന്നില്ല ഈ മദ്രസകൾ വെസ്റ്റ് ആഫ്രിക്കയിലെ മദ്രസകളോട് പുലർത്തിയ സാമ്യം. 1835 ലെ വിപ്ലവാനന്തരം ബാഹിയയിലെ നാഗോ മുസ്‌ലിംകളിൽ നിന്ന് വലാഅ എന്നു വിളിക്കുന്ന ഡസൻകണക്കിന് പലകകൾ അധികാരികൾ പിടിച്ചെടുത്തിരുന്നു. മദ്രസകളിലെ പഠനത്തിനായി അടിമകളായ ബാഹിയൻ മുസ്‌ലിംകൾ ഈ മരപ്പലകകളായിരുന്നു ഉപയോഗിച്ചിരുന്നത്. നീണ്ട വടിയുപയോഗിച്ച് ഒരു തരം മഷിയിൽ മുക്കിയാണ് അവർ പാഠങ്ങളെ ഈ പലകകളിൽ എഴുതിയിരുന്നത്. പഠിച്ചു കഴിഞ്ഞാൽ അവർ പലക കഴുകുകയും മഷി കലർന്ന വെള്ളം കുടിക്കുകയും ചെയ്യും. ഖുർആനിക വചനങ്ങൾ എഴുതി മായ്ച്ച മഷി കലർന്ന വെള്ളം കുടിച്ചാൽ ബർകത്ത് ലഭിക്കുമെന്നും അറിവ് അഭ്യസിക്കുന്നതിലെ ആത്മീയ അനുഭവമാണ് അതെന്നും വെസ്റ്റ് ആഫ്രിക്കയിലെ മുസ്‌ലിംകൾ വിശ്വസിച്ചിരുന്നു.

ബാഹിയൻ ആത്മീയ-ധൈഷണിക ഉന്നമനത്തിന്റെ നേതൃ സ്ഥാനത്ത് ഉണ്ടായിരുന്നത് രണ്ട് മുതിർന്ന മുസ്‌ലിം പണ്ഡിതരായിരുന്നു. നാഗോ അടിമയായ അഹുനയായിരുന്നു അവരിലൊരാൾ. കുടിവെള്ളം വിറ്റ് ജീവിതോപാധി കണ്ടെത്തിയിരുന്ന ബ്രസീലുകാരന്റെ അടിമയായിരുന്നു അഹുന. ഇസ്‌ലാമിക അധ്യാപനങ്ങളനുസരിച്ച് കുടിവെള്ളത്തിന് വില ഈടാക്കൽ അധാർമ്മികമായിരുന്നെങ്കിലും തന്റെ യജമാനന്റെ കൽപ്പനകൾ അനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം നിർബന്ധിതനായി. വിപ്ലവത്തിന്റെ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കേസിൽ കുറ്റാരോപിതനായ അദ്ദേഹം പിടിക്കപ്പെടുകയും നിസ്സാരമായ കുറ്റമായിരുന്നുവെങ്കിലും നാടുകടത്തപ്പെടുകയും ചെയ്തു. നാടുകടത്താൻ കൊണ്ടുപോകുമ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ തുറമുഖം വരെ പിന്തുടർന്നു. അഹുനയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നാഗോകൾ നടത്തുന്നതായുള്ള വിവരങ്ങൾ അധികാരികൾ അറിഞ്ഞിരുന്നു.

മെയ്ൽ വിപ്ലവത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടാമത്തെ മുസ്‌ലിം നേതാവ് ബിലാൽ എന്നറിയപ്പെടുന്ന നാഗോ അടിമയായിരുന്നു. ജീവിതത്തിലെ നല്ല ഒരു ഭാഗം അടിമയായി ജീവിച്ച് മോചിതനായ ആഫ്രിക്കക്കാരനും ഇസ്‌ലാമിലെ ആദ്യ മുഅദ്ദിനുമായ ബിലാൽ ഇബ്നു റബാഹ് (റ)നോടുള്ള ആദര സൂചകമായിരുന്നു ആ പേര്. വളരെ ക്രൂരനായിരുന്നു ബാഹിയൻ ബിലാലിന്റെ യജമാനൻ. പുകയില ചുരുട്ട് ഉണ്ടാക്കി വിൽക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. അവസ്ഥകൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും തന്റെ ശിഷ്യന്മാർ പഠനത്തിനായി അദ്ദേഹത്തിന്റെ റൂമിൽ വന്നു പോകാറുണ്ട്. പൊതുവെ സകാത്ത് പണം ശേഖരിച്ചായിരുന്നു അടിമകൾ തങ്ങളുടെ ഗുരുക്കന്മാരെ മോചിപ്പിച്ചിരുന്നത്. ബിലാലിനെ ശിഷ്യന്മാർ രണ്ടു തവണ പണം നൽകി മോചിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഉടമസ്ഥൻ സമ്മതിച്ചില്ല. ഒടുവിൽ അയാൾ കടത്തിൽ അകപ്പെട്ടതോടെ അദ്ദേഹത്തെ ലേലത്തിനായി വിൽകേണ്ടവന്നു. ആ വർഷം റമളാൻ ബിലാൽ ജയിലിൽ കഴിച്ച് കൂട്ടി. ഈ സമയം ശിഷ്യന്മാർ അദ്ദേഹത്തെ മോചിപ്പിക്കുകവാനും തുടർന്ന് വ്യാപകമായ വിപ്ലവം നടത്തുന്നതിനുമുള്ള പദ്ധതി പിന്നണിയിൽ തെയ്യാറാക്കുന്നുണ്ടായിരുന്നു.

ചരിത്രകാരനായ റൂഡോൾഫ് വെയറിന്റെ അഭിപ്രായത്തിൽ വെസ്റ്റ് ആഫ്രിക്കൻ മുസ്‌ലിം സമൂഹത്തിലെ ബോധന തത്വമനുസരിച്ച് (pedagogy) അറിവിന്റെ വാഹകർ സഞ്ചരിക്കുന്ന ഖുർആനുകളാണ് (walking Qur’an). മനഃപാഠമാക്കിയ അറിവ് അവരുടെ ശരീരത്തിന്റെ തന്നെ ഭാഗമായി മാറുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ബോധനം എന്ന നിലക്ക് ഖുർആനിക വിജ്ഞാനത്തിലുള്ള ഊന്നൽ ഒരു ഹദീസിനെ ആസ്പദമാക്കിയാണ്. പ്രസ്തുത ഹദീസിൽ പ്രവാചകന്റെ(സ) പ്രിയ പത്നിയായ ആയിഷാ ബീവി(റ)യോട് പ്രവാചകന്റെ സവിശേഷതകളെ വിവരിക്കാൻ വേണ്ടി ആവശ്യപ്പെടുമ്പോൾ ആയിഷ ബീവി പ്രവാചകനെക്കുറിച്ച് പറയുന്നത് ‘ഭൂമിയിലെ സഞ്ചരിക്കുന്ന ഖുർആൻ’ എന്നാണ്. അപ്പോൾ സഞ്ചരിക്കുന്ന ഖുർആൻ എന്നാൽ ഖുർആനിക ജ്ഞാനം അഭ്യസിച്ച വ്യക്തി തന്റെ ജീവിതത്തിലുടനീളം ആ ജ്ഞാനത്തെ പ്രയോഗിക്കലാണ്. ബാഹിയയിൽ ഖുർആനിക ജ്ഞാനവും പാരായണവും അഭ്യസിച്ചിരുന്നവർ മുതിർന്നവരായ അഹുന, കലാഫേറ്റ്, ദാന്തര, ബിലാൽ എന്നിവരായിരുന്നു. അവർ പഠിച്ചിരുന്ന ഖുർആനിക ജ്ഞാനം അവരുടെ ശരീരത്തിന്റെ ഭാഗമാവുകയും അത് അവർ മറ്റുള്ളവരിലേക്ക് കൈമാറുകയും ചെയ്തു. അങ്ങനെ അവർ സഞ്ചരിക്കുന്ന ഖുർആനുകളായി മാറി. അതു കൊണ്ടുതന്നെ അവരെ സംബന്ധിച്ചിടത്തോളം ഈ പണ്ഡിതന്മാരെ തടവിലാക്കുകയും നാടുകടത്തുകയും ചെയ്യുക എന്നത് ഖുർആനിനെ തന്നെ തടവിലാക്കുന്നത്തിനും നാടുകടത്തുന്നതിനും സമാനമാണ്. ഇത് വിപ്ലവത്തിന്റെ ഏറ്റവും വലിയ പ്രേരകമായി മാറി. വെയർ എഴുതുന്നു: “ഖുർആനിനെ തടവറയിലാക്കപ്പെട്ടത് കാണുന്നതോടെ പിൻമാറ്റമില്ലാത്ത പോരാട്ടമാണ്. കാലങ്ങളായുള്ള സമാധാനത്തിന്റെ പാത ഉപേക്ഷിച്ച് പണ്ഡിതന്മാർ ആയുധമേന്തി”.

റമളാൻ മാസം1835 ജനുവരി 25 ന് പ്രക്ഷോഭം തുടങ്ങാനായിരുന്നു തീരുമാനിക്കപെട്ടിരുന്നത്. കത്തോലിക്കൻ ക്രിസ്ത്യാനികളുടെ ആഘോഷത്തിന്റെ സമയം കൂടിയായിരുന്നു അത്. എന്നാൽ ചില ബ്രസീലിയൻ വെള്ളക്കാർ വിപ്ലവ ശ്രമങ്ങളെ നേരത്തെ തന്നെ അറിയാനിടയായി. വിപ്ലവത്തെ പറ്റിയുള്ള കിംവദന്തികൾ പരക്കാൻ തുടങ്ങിയതോടെ പ്രതിരോധ ശ്രമങ്ങളെപ്പറ്റിയും അധികാരികൾ ചിന്തിച്ചു തുടങ്ങി. വിപ്ലവത്തലേന്ന് തന്റെ ഭർത്താവ് ഒരു കൂട്ടം വസ്ത്രങ്ങളുമായി വീട്ടിൽ നിന്നും പോയതായി നാഗോ മോചിത അടിമയായ സബീന ഡാ ക്രൂസ് ശ്രദ്ദിച്ചു. തിരച്ചിലിനൊടുവിൽ ഖുർആൻ പണ്ഡിതനായ കലാഫേറ്റിന്റെ വീട്ടിൽ ഭർത്താവിനെ അവർ കണ്ടെത്തി. ഒരു കൂട്ടം ആഫ്രിക്കക്കാർക്കൊപ്പം ഇഫ്താർ കഴിക്കുകയായിരുന്നു അയാളവിടെ. സബീന കണ്ടതെല്ലാം തന്റെ കൂട്ടുകാരിയോട് പറഞ്ഞു. ബാഹിയയിലെ അധികാരികളായ ബ്രസീലിയൻ വെള്ളക്കാരുമായി നല്ല ബന്ധമുണ്ടായിരുന്ന അവർ തന്റെ സമീപവാസിയായ ബ്രസീലിയൻ വെള്ളക്കാരനോട് സംഭവം അറിയിക്കുകയും അതുവഴി വിപ്ലവത്തിന്റെ വാർത്ത പ്രാദേശിക ഭരണകൂടം അറിയുകയും ചെയ്തു.

പ്രവിശ്യാതിർത്തികളിൽ കാവൽ ഭടന്മാരെ നിശ്ചയിക്കാനായി പ്രവിശ്യയുടെ ജഡ്ജിക്ക് ഉന്നത തലങ്ങളിൽ നിന്നും ഉത്തരവ് കിട്ടി. വിപ്ലവകാരികളെ പ്രതിരോധിക്കാനും വിപ്ലവം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും വേണ്ടി സാൽവദോർ അതിർത്തികളിൽ കാവൽഭടന്മാരെ നിശ്ചയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഈ ഉത്തരവ്. സായുധ സേനകൾ മോചിതരായ ആഫ്രിക്കൻ അടിമകളുടെ വീടുകളിൽ കയറി പരതിത്തുടങ്ങി. ഒടുവിൽ മുലാറ്റോ ( നീഗ്രോ-യൂറോപ്യൻ ദമ്പന്തികളുടെ സന്തതി ) തുന്നൽക്കാരനായ Domingos Marinho de Sá എന്ന വ്യക്തിയുടെ വീട്ടിലും പട്ടാളക്കാർ എത്തി. അദ്ദേഹത്തിന്റെ വാടകക്കാരനായിരുന്നു മനോവൽ കലാഫേറ്റ്. വീടു മുഴുവൻ പരിശോധിക്കാൻ പട്ടാളക്കാർക്ക് അനുമതി നൽകാൻ ഡൊമിംഗോയെ അവർ നിർബന്ധിച്ചു. വിപ്ലവകാരികൾ വീട്ടിനുള്ളിൽ നോമ്പെടുക്കാനായി അത്താഴം കഴിക്കുകയായിരുന്നു. പോരാട്ടത്തിനിറങ്ങാനായി നേരം പുലരാൻ കാത്തിരിക്കുകയായിരുന്നു അവർ

പട്ടാളക്കാർ ബലം പ്രയോഗിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ വീടിന്റെ പിൻവാതിൽ തുറന്ന് അറുപതോളം വരുന്ന ആഫ്രിക്കക്കാർ സേനയെ ആക്രമിക്കാൻ തുടങ്ങി. അതോടെ മെയ്ൽ വിപ്ലവത്തിന് ആകസ്മികമായ തുടക്കം കുറിക്കപ്പെട്ടു. ഒരു കൂട്ടം വിപ്ലവകാരികൾ വീടിന്റെ മറ്റൊരു വാതിലിലൂടെ രക്ഷപ്പെട്ടു. അതോടെ വിപ്ലവം തുടങ്ങിയതായുള്ള വാർത്തകൾ തൊട്ടടുത്ത വീടുകളിൽ എത്തി. കലാഫേറ്റിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട ആദ്യ വിഭാഗം തങ്ങളുടെ ഗുരുവായ ബിലാലിനെയും സഹതടവുകാരെയും മോചിചിപ്പിക്കാനായി ജയിലിലേക്ക് കുതിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ തുടങ്ങേണ്ടി വന്നത്കൊണ്ടും , വിപ്ലവം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട് എന്ന് അധികാരികൾ അറിഞ്ഞത്കൊണ്ടും സുബ്ഹിക്ക് ശേഷം തുടങ്ങാനിരുന്ന വിപ്ലവം സുബ്ഹിക്ക് മുമ്പ് തന്നെ അടിച്ചമർത്തപ്പെട്ടു.

മെയ്ൽ വിപ്ലവത്തിന്റെ അനന്തര ഫലങ്ങൾ വളരെ ദൂര വ്യാപകമായിരുന്നു. ബാഹിയൻ മുസ്‌ലിം സമുദായത്തിന്റെ പ്രവർത്തനങ്ങൾ മുതൽ അവർ ഉപയോഗിച്ചിരുന്ന അറബി എഴുത്തുകൾ വരെ ക്രിമിനൽവൽക്കരിക്കപ്പെട്ടു. വിപ്ലവ ശ്രമത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ടവരിൽ നിന്നും കണ്ടെടുക്കപ്പെട്ട അറബി എഴുത്തുകൾ ഭാഷക്കുണ്ടായിരുന്ന പങ്ക് തെളിയിക്കുന്നതായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരാളുടെ കഴുത്തിൽ ഖുർആനിലെ സൂറത്ത് യാസീനും സൂറത്തുൽ ബഖറയിലെ ചില ആയത്തുകളും എഴുതിക്കെട്ടിയിരുന്നു. മറ്റൊരു വിപ്ലവകാരിയുടെ കീശയിൽ നിന്നും കണ്ടെടുക്കപ്പെട്ട കടലാസു കഷ്ണം നിറയെ ഖുർആനിക വചനങ്ങളായിരുന്നു. ഈ ആയത്തുകൾ ഒരു വിർദിന്റെ (ദിനചര്യ) ഭാഗമായിരുന്നു എന്ന് വ്യക്തമാണ്. സഞ്ചരിക്കുന്ന ഖുർആൻ എന്ന രൂപകത്തിന്റെ തുടർച്ച എന്ന നിലയിൽ ബാഹിയൻ മുസ്‌ലിംകൾ ഖുർആനിക വചനങ്ങൾ എഴുതി കൈവശം വെച്ചിരുന്നു. ഭാവത്തിലും പെരുമാറ്റത്തിലും അവർ ഖുർആനിനെ ഉൾവഹിച്ചതോടൊപ്പം അക്ഷരാർത്ഥത്തിൽ ഖുർആനിനെ ചുമക്കുകയും ചെയ്തിരുന്നു. വിപ്ലവത്തിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ട ഖുർആനിക-പ്രാർത്ഥനാ വചനങ്ങൾ ആത്മീയതയെ പ്രകടമായിത്തന്നെ വിമോചന പോരാട്ടങ്ങളുമായി ബന്ധിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അതോടൊപ്പം അടിമകളായ മുസ്‌ലിംകൾക്ക് അവരുടെ പോരാട്ട ശ്രമങ്ങളിലെ ആത്മീയോർജ്ജമായി ഖുർആനിക ആയത്തുകളുടെ സാന്നിധ്യം നിലനിന്നിരുന്നുവെന്നും അവ സൂചിപ്പിക്കുന്നുണ്ട്.


തുടർന്ന് വായിക്കുക: സാവോ പോളോയിലെ സൂഫി സരണികൾ
ആദ്യ ഭാഗം: സാവോ പോളോ: പകുതി സിറിയനും പകുതി ഇറ്റാലിയനും
വിവർത്തനം : എൻ. മുഹമ്മദ്‌ ഖലീൽ
Featured Image by sergio souza

Comments are closed.