ആധുനിക രാഷ്ട്രത്തിന്റെ ആശയപരമായ രൂപീകരണ ചരിത്രത്തെ മുൻ നിർത്തി കൊളമ്പിയ യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ലോ പ്രൊഫസറായ വാഇൽ ഹല്ലാഖ് എഴുതിയ വിമർശന പഠനമായ ‘The Impossible state‘ എന്ന പുസ്തകത്തെ ചുരുക്കി വിവരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. യാഥാസ്ഥിക രാഷ്ട്രീയ തത്വചിന്തകനായ കാൾ ഷിമ്മിറ്റ് മുതൽ ഉത്തരാധുനിക ചിന്തകനായ ഫൂക്കോ വരെ വിശാലവും വൈവിധ്യം നിറഞ്ഞതുമായ ചിന്താ പദ്ധതിയെ വിശകലനം ചെയ്തുകൊണ്ടാണ് ഹല്ലാഖ് ഇസ്‌ലാമിക് സ്റ്റേറ്റ് സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ കൂടുതൽ സസ്പെൻസുകൾക്ക് അവസരം നൽകാതെ ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ സാധ്യമാണോ എന്ന ചോദ്യത്തിന് സാധ്യമല്ല എന്നാണ് ഹല്ലാഖ് നൽകുന്ന ഉത്തരം. പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നത് തന്നെ ‘മോഡേൺ സ്റ്റേറ്റിന്റെ’ ലഭ്യമായ ഏത് നിർവ്വചനം വെച്ച് നോക്കിയാലും ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്നത് അസാധ്യവും വൈരുദ്ധ്യം നിറഞ്ഞതുമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. ഇവിടെ എന്തുകൊണ്ട് സാധ്യമല്ല എന്ന ചോദ്യത്തിന് പുസ്തകം നൽകുന്ന ഉത്തരം മനസ്സിലാക്കിയെടുക്കുക എന്നതാണ് ഏറ്റവും ശ്രമകരമായ ജോലി. ആധുനിക ദേശ രാഷ്ട്രത്തിനും, അതിന്റെ ഇസ്‌ലാമിസ്റ്റ് അനുകരണങ്ങൾക്കും ഇസ്‌ലാമിക വ്യവഹാരങ്ങളുടെയും, ചരിത്രാനുഭവങ്ങളുടെയും സഹായത്തോടെ ശക്തമായ വിമർശനം മുന്നോട്ട് വെക്കുകയാണ് ഹല്ലാഖ് ചെയ്യുന്നത്.
ആധുനിക ദേശ രാഷ്ട്രം എന്ന സംവിധാനത്തെ ഇസ്‌ലാമീകരിക്കാൻ ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം യഥാർത്ഥത്തിൽ ആധുനിക ദേശ രാഷ്ട്ര സങ്കൽപ്പവുമായി ഇസ്‌ലാമിക നാഗരികതക്കുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ മനസ്സിലാതെയാണ് എന്നും, അതിന് ദേശ രാഷ്ട്രം എന്ന ആധുനിക സംവിധാനം പാശ്ചാത്യ ക്രിസ്ത്യൻ നാഗരികതക്കകത്ത് രൂപപ്പെട്ട ആശയങ്ങളുടെ അനന്തരഫലമായി രൂപപ്പെട്ടതാണ് എന്ന വസ്തുത ഉൾക്കൊള്ളേണ്ടതുണ്ട് എന്നും ഹല്ലാഖ് ഓർമ്മപ്പെടുത്തുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ ആധുനിക പ്രയോഗവൽക്കരണങ്ങളുടെ പരാജയത്തിന്റെ കാരണമന്വേഷിച്ച് ഹല്ലാഖ് ചെന്നെത്തുന്നത് ഭരണകൂടവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ശരീഅത്ത്, പാശ്ചാത്യ ഭരണകൂട മാതൃകകൾക്കിടയിലെ വ്യത്യാസങ്ങൾ എന്തെല്ലാമാണ് എന്ന ചോദ്യത്തിലാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശരീഅത്തിനെക്കുറിച്ചുള്ള സമകാലിക വ്യവഹാരങ്ങളുടെ അടിസ്ഥാനം പ്രധാനമായും ജ്ഞാനോദയ ആധുനികതയുടെ ഇസ്‌ലാമുമായുള്ള സഹജമായ പൊരുത്തക്കേടുകളാണ്. ഭരണം, ഭരണകൂടം തുടങ്ങിയ കാര്യങ്ങളിൽ അവയുടെ അടിസ്ഥാന ലക്ഷ്യവുമായി ബന്ധപ്പെട്ട് ശെരീഅത്തും ആധുനിക വ്യവസ്ഥയും തമ്മിലെ അന്തരങ്ങൾ മനസ്സിലാക്കൽ ഇത്തരം പൊരുത്തക്കേടുകൾ എങ്ങിനെ രൂപപ്പെടുന്നു എന്ന് മനസ്സിലാക്കുന്നതിൽ പ്രധാനമാണ്.
പൂർവ്വാധുനിക ഇസ്‌ലാമിക ഭരണകൂടങ്ങളെ ‘പാരടിഗ്മാറ്റിക് ശെരീഅ’ എന്നാണ് ഹല്ലാഖ് നിർവ്വചിക്കുന്നത്. ഇവിടെ പാരഡൈം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. യൂറോപ്പ്യൻ പൊളിറ്റിക്കൽ ഫിലോസഫറായ കാൾ ഷിമ്മിറ്റിന്റെ ‘സെൻട്രൽ ഡൊമൈൻ’ എന്ന ആശയത്തിൽ നിന്നാണ് ഹല്ലാഖ് ‘പാരഡൈം’ എന്ന പദം വികസിപ്പിക്കുന്നത്. ‘സെൻട്രൽ ഡൊമൈൻ’ അനുസരിച്ചായിരിക്കും ഭരണകൂടങ്ങൾ അവനേരിടുന്ന അനുബന്ധ മണ്ഡലങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക. അഥവാ സംവിധാനത്തെ നിയന്ത്രിക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും സെൻട്രൽ ഡൊമൈൻ ആയിരിക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ സാങ്കേതിക വിദ്യകളുടെ മുന്നേറ്റം ഇതിനുദാഹരണമാണ് ഷിമ്മിറ്റി മുന്നോട്ട് വെക്കുന്നുണ്ട്. സാങ്കേതിക വിദ്യകളിലുണ്ടായ വൻ മുന്നേറ്റം ധാർമ്മിക, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളെ എല്ലാം സ്വാധീനിച്ചു. മുഴുവൻ മേഖലകളിലെയും പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യ പരിഹാരം കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്ന അവസ്ഥ വന്നുചേർന്നു. അതെ സമയം, പാരമ്പര്യ മത സമൂഹങ്ങളിൽ ധാർമ്മികമായ ജീവിതം രൂപപ്പെടുത്തുക, ധാർമ്മിക വിദ്യാഭ്യാസം, മറ്റു ധാർമ്മിക ആവശ്യങ്ങൾ എന്നിവയായിരുന്നു ‘സെൻട്രൽ ഡൊമൈൻ’ ആയി നിലനിന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് നേട്ടവും മുന്നേറ്റവുമായി പരിഗണിക്കപ്പെടുന്നത് സാമ്പത്തിക, സാങ്കേതിക മുന്നേറ്റങ്ങളെയാണ്. അത്പോലെ സാമ്പത്തിക മുന്നേറ്റങ്ങളുടെ കാലത്ത് എല്ലാ ധാർമ്മികവും, സാമൂഹികവുമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉൽപ്പാദനത്തിലെയും, വിതരണത്തിലെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാൽ മതി. അതായത് ദൈവം, പുരോഗതി, സ്വാതന്ത്രം, മനുഷ്യ പ്രകൃതി, പൊതു മണ്ഡലം, യുക്തി, വിവേചനശക്തി, പ്രകൃതി, സംസ്കാരം തുടങ്ങിയവ എല്ലാം ചരിത്രത്തിൽ നിന്നും അർത്ഥം കണ്ടെത്തുന്നത് സെൻട്രൽ ഡൊമൈനിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ്.
ലളിതമായി പറഞ്ഞാൽ ബാഹ്യമായ ഭരണകൂടത്തിന്റെ സ്ഥാപങ്ങൾക്കും, ഘടനകൾക്കും അപ്പുറത്ത് അവയെ എല്ലാം ആശയപരമായി നിയന്ത്രിക്കുന്ന കാര്യങ്ങളുണ്ട്. ഈ ആശയങ്ങൾ അടങ്ങുന്ന ആന്തരിക വ്യവസ്ഥയെ ആണ് ഹല്ലാഖ് പാരഡൈം എന്ന് വിളിക്കുന്നത്. മോഡേൺ സ്റ്റേറ്റിന്റേയും, പൂർവ്വാധുനിക ഇസ്‌ലാമിക് ഭരണകൂടങ്ങളുടെയും പ്രവർത്തന പദ്ധതികൾ നിർണ്ണയിക്കുന്ന ‘പാരഡൈമുകൾ’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ വ്യത്യസ്തമായ മേഖലകളിലാണ് എന്നതാണ് യാഥാർത്ഥ്യം.
പാശ്ചാത്യ ഭരണകൂട മാതൃക പൂർവ്വാധുനിക ഇസ്‌ലാമിക ഭരണ സംവിധാനത്തോട് വ്യത്യസം പുലർത്തുന്നത് അതിന്റെ രൂപീകരണത്തിൽ തന്നെയാണ്. ഹോബ്സ്, വോൾട്ടെയർ, റൂസ്ലോ, ഹ്യൂം, സ്പിനോസ, കാന്റ്, ഹെഗൽ, ജെ.എസ് മില്ല്, മാർക്സ് തുടങ്ങി വ്യത്യസ്ത ചിന്തകരുടെ വളരെ വൈവിധ്യം നിറഞ്ഞ ആശയ സങ്കൽപ്പങ്ങളെ അടിസ്ഥാനപ്പെടുത്തിയ ജ്ഞാനോദയ ചിന്തയാണ് പാശ്ചാത്യ മാതൃകയെ നിർവ്വചിക്കുന്നത്. അതിന്റെ അടിസ്ഥാന ലക്ഷ്യം പ്രാദേശിക സാംസ്കാരിക പാരമ്പര്യങ്ങളെയും മറ്റു എല്ലാ തരം അതീന്ദ്രിയ വിശ്വാസ സംഹിതകളെയും തകർത്ത് തൽസ്ഥാനത്ത് വിമർശനാത്മകമായ യുക്ത്യാധിഷ്ഠിത ധാർമ്മികത സ്ഥാപിക്കുകയും അതിനെ നാഗരികതയുടെ സാർവ്വ ലൗകിക ആധാരമായി കാണിക്കുകയും ചെയ്യുക എന്നതായിരുന്നു. ഇതാണ് യൂറോപ്പിന്റെ സവിശേഷ സൃഷ്ടിയായ ‘ജ്ഞാനോദയ-ആധുനികത’യുടെ സെൻട്രൽ ഡൊമൈൻ.
പാശ്ചാത്യ മാതൃകയുടെ അടിത്തറ പുരോഗമന സിദ്ധാന്തമാണ് (The theory of Progress). ഈ സിദ്ധാന്തം ചരിത്രത്തെ മാനവസമൂഹങ്ങളുടെ അനുഭവങ്ങളെ മുഴുവനും ആധുനിക ലോകത്തിന്റെ പൂർണ്ണതയിലേക്കുള്ള പ്രയോജനവാദപരമായ ( Teleological) ഒരു യാത്രയായി സങ്കൽപ്പിക്കുന്നു. അതായത് ആധുനികതയാണ് മാനുഷ്യ സാക്ഷാത്‌കാരത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും സമ്പൂർണ്ണതയെ ഉൾകൊള്ളുന്നത് എന്നതിനാൽ ആധുനികരാവുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. പോരായ്മകൾ ഉണ്ടാവാമെങ്കിലും എല്ലാവരും ആത്യന്തിക ലക്ഷ്യത്തിലേക്ക് എത്തിപ്പെടും എന്നും പുരോഗമന സിദ്ധാന്തം പ്രതീക്ഷിക്കുന്നു. പ്രകൃത്യാ പുരോഗമന സിദ്ധാന്തം സ്ഥലത്തെ (space) പൂർണ്ണമായും ഉൾക്കൊള്ളുകയും, അതേസമയം കാലത്തിന്റെ (Time) ആപേക്ഷികതയെ ആവശ്യപ്പെടുകായും ചെയ്യുന്നുണ്ട്. അതായത് വിശ്വാസ ആചാരങ്ങളും, ധർമ്മങ്ങളും ആപേക്ഷികവും നിശ്ചിത കാലങ്ങളിൽ മാത്രം നിലനിൽക്കുന്നതുമാണ് എന്ന് പറയുമ്പോൾ തന്നെ പാശ്ചാത്യൻ ആധുനികത എല്ലാ സ്ഥലത്തേക്കും ഒരുപോലെ പ്രായോഗികമാണ് എന്ന് ആധുനികതയുടെ വാക്താക്കൾ വ്യാപകമായി വാദിക്കുന്നു. ആധുനികതയോടുള്ള വിമർശനങ്ങൾ പൊതുവെ മനുഷ്യനെ കാലത്തിൽ പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നേരിടാറുള്ളത്. എന്നാൽ മൂല്യങ്ങൾ എല്ലാഴ്‌പ്പോഴും കാലികമായ പരിമിതികൾക്ക് അകത്ത് ഒതുങ്ങുന്നതാവണം എന്നില്ല എന്നാണ് പുരോഗമന സിദ്ധാന്തത്തിന് ഹല്ലാഖ് മുന്നോട്ട് വെക്കുന്ന വിമർശനം.
പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിൽ യൂറോപ്പ് ‘മഹത്തായ വ്യതിചലനം’ (The Great divergence) എന്ന് വിളിക്കപ്പെടുന്ന ജ്ഞാനോദയ-ആധുനികതയുടെ സമൂലമായൊരു മാറ്റത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഈ കാലഘട്ടത്തിന്റെ ഉൽപന്നമായിട്ട് വേണം ‘ആധുനിക രാഷ്ടം’ (modern state) എന്ന സംവിധാനത്തെയും അതിന്റെ സ്ഥാപനങ്ങളെയും മനയിലാക്കാൻ. ഹല്ലാഖിന്റെ അഭിപ്രായത്തിൽ ആധുനിക രാഷ്ട്രത്തെ പൂർവ്വാധുനിക ഭരണ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അഞ്ച് അടിസ്ഥാന ഘടകങ്ങളാണ്.
- സവിശേഷവും, തദ്ദേശീയവുമായ ചരിത്രാനുഭവത്തിലൂന്നിയ അതിന്റെ ഭരണഘടന.
- അതിന്റെ പരമാധികാരവും അതിനെ രൂപപ്പെടുത്തിയ അതിഭൗതികശാസ്ത്രവും.
- നിയമപരമായ അതിന്റെ കുത്തകാവകാശവും നിയമാനുസൃത ഹിംസക്ക് മേലുള്ള അനുബന്ധ അധികാരങ്ങളും.
- ഉദ്യോഗസ്ഥ സംവിധാനം.
- പൗരന്മാരെ രൂപപ്പെടുത്തുന്നത് അടക്കമുള്ള സാമൂഹിക രൂപീകരണത്തിലെ സാംസ്കാരിക അധീശ ഇടപാടുകൾ.
പൂർവ്വാധുനിക രാഷ്ട്രീയ സംവിധാനങ്ങൾ ആധുനിക രാഷ്ട്രവുമായി സമാനതകൾ പങ്കുവെക്കുന്ന തലങ്ങളുണ്ട് എങ്കിലും ഈ സമാനതകൾ അവ തമ്മിൽ ഒരേ വംശാവലി പിന്തുടരുന്നു എന്ന് തീർപ്പ് കൽപ്പിക്കാൻ മാത്രം പര്യാപ്തമല്ല. പൂർവ്വാധുനിക ലോകത്ത് സ്റ്റേറ്റ് (ഭരണ സംവിധാനം) എന്നത് ഇതര മേഖലകളുമായി അടുത്ത് ഇടപഴകിയിരുന്ന ജീവിതത്തിന്റെ ഒരു മേഖല മാത്രമായിരുന്നു. യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക വർഗ്ഗങ്ങൾ, തൊഴിൽ സമാജങ്ങൾ, ചർച്ച് തുങ്ങിയവ ഉദാഹരണമായി എടുക്കാം. പരസ്പരം ഇടകലർന്ന് കിടക്കുന്ന വൈവിധ്യം നിറഞ്ഞ സ്വത്വങ്ങളാലും ബന്ധങ്ങളാലും സങ്കീർണ്ണമായിരുന്നു മനുഷ്യ ജീവിതം. ഇന്ന് പക്ഷെ രാഷ്ട്രം നമ്മുടെ ജീവിതത്തെ പൂർണ്ണമായും അതിന്റെ അധികാര പരിധിക്ക് കീഴിൽ കൊണ്ടുവരുന്നുണ്ട്. അത് നമ്മുടെ മറ്റു ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് പരിപൂർണ്ണമായ കൂറ് ആവശ്യപ്പെടുകയും, ജീവിതത്തെ രൂപപ്പെടുത്തുകയും പലപ്പോഴും മതത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയോ അല്ലെങ്കിൽ മതത്തെ പൂർണ്ണമായിത്തന്നെ നിഷേധിക്കുകയോ ചെയ്യുന്നുണ്ട്.
“സ്റ്റേറ്റിന് പുറത്ത് പൗരത്വമില്ലാതെ സ്വതന്ത്രമായ ഒരിടത്ത് ഒരാൾക്കും ഇന്ന് ജീവിക്കാനാവില്ല എന്ന വസ്തുത നാം വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല എന്നതാണ് സത്യം. ഒരു രാഷ്ട്രത്തിനും മറ്റൊരു രാഷ്ട്രത്തിനുമിടയിൽ നിഷ്‌പക്ഷമായ മനുഷ്യനെ രാഷ്ട്രത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാതെ മനുഷ്യൻ മാത്രമായിരിക്കാൻ സാധ്യമാകുന്ന ഇടങ്ങളൊന്നും തന്നെയില്ല” ഹല്ലാഖ് എഴുതുന്നു.
മനുഷ്യ നാഗരികതകളിലുടനീളം വ്യത്യസ്ത ഭരണ സംവിധാനങ്ങൾ നിലനിന്നിട്ടുണ്ട്. പക്ഷെ ആധുനിക രാഷ്ട്രത്തെ അത്തരം സംവിധാനങ്ങളിൽ ഏതെങ്കിലുമൊന്നിലേക്ക് പറിച്ചുനടാനോ അവയുടെ പ്രവർത്തനത്തോട് ബന്ധിപ്പിക്കുവാനോ സാധ്യമല്ല. ഇന്ന് സ്റ്റേറ്റ് എന്നത് ഒരു പരമാധികാര സംവിധാനമാണ്. അതിന് മുകളിൽ ഒരു അധികാരത്തെയും അത് അംഗീകരിക്കുന്നില്ല. സ്റ്റേറ്റിന് മുകളിലുള്ള ധാർമ്മികമായ ഒരു പ്രാപഞ്ചിക വ്യവസ്ഥയോ, നൈതിക സംവിധാനമോ അതിനെ നിയന്ത്രിക്കുന്നില്ല. സ്റ്റേറ്റിന്റെ ആത്യന്തിക റഫറൻസ് സ്റ്റേറ്റ് തന്നെയാണ്.
അധികാര വിഭജനം
ആധുനിക രാഷ്ട്രത്തിന്റെ ആധാര ശിലകളിലൊന്ന് അധികാര വിഭജന സിദ്ധാന്തമാണ് (Seperation of Powers). ആധുനിക രാഷ്ട്രങ്ങളിൽ (സ്വേഛാധിപത്യ രാജ്യങ്ങളിൽ പോലും) ഈ സിദ്ധാന്തം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു. ആധുനിക ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങൾക്കു നേരെ ഹല്ലാഖ് ഉന്നയിക്കുന്ന വിമർശനങ്ങളിലൊന്ന് ഭരണകൂടത്തിന്റെ മൂന്നു ശാഖകളെ (Executive, legislative, Judiciary) ഇസ്‌ലാമീകരിച്ചു കൊണ്ട് മോഡേൺ സ്റ്റേറ്റ് എന്ന സംവിധാനത്തെ ഇസ്‌ലാമീകരിക്കാനാവില്ല എന്നതാണ്. പ്രവാചകൻ (സ) മദീനയിൽ ഈ സംവിധാനം ആദ്യമേ കാണിച്ചു തന്നിട്ടുണ്ട് എന്നതാണ് ഇസ്‌ലാമിസ്റ്റുകൾ മുന്നോട്ട് വെക്കുന്ന വാദം. എന്നാൽ അധികാരങ്ങളുടെ വിഭജനം അത് രൂപപ്പെട്ടുവന്ന പാശ്ചാത്യ രാഷ്ട്രങ്ങളിൽ തന്നെ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ പറ്റിയിട്ടില്ല എന്നതാണ് വസ്തുത. അധികാര വിഭജനം പൂർണ്ണമായി നടപ്പിലാക്കാനാവാത്തതിന് പിന്നിലെ പ്രധാന കാരണം ദേശ രാഷ്ട്രം ആവശ്യപ്പെടുന്ന ഏകമാനതയാണ്. അതേസമയം പൂർവ്വാധുനിക ഇസ്‌ലാമിക ഭരണകൂടങ്ങൾ ഇത്തരം ഒരു ഏകമാനത രൂപപ്പെടുത്തിയിട്ടില്ല. അത്കൊണ്ട് തന്നെ തങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ സത്താപരവും, ജ്ഞാനശാസ്ത്രപരവുമായ സമീപനമുള്ള ഒരു സംവിധാനം പ്രയോഗത്തിൽ വരുത്തൽ ഹല്ലാഖിന്റെ അഭിപ്രായത്തൽ ഇസ്‌ലാമിക സമൂഹങ്ങളിൽ അസാധ്യമാണ്.
നിയമപരം, രാഷ്ട്രീയം, ധാർമ്മികം
ജ്ഞാനോദയ ആധുനികത നിലവിലുണ്ടായിരുന്ന നൈതികവും, ധാർമ്മികവുമായ പരിഗണനകളെ പോസ്റ്റിവിസ്റ്റും, രാഷ്ട്രീയവുമായ മാതൃകകൾ കൊണ്ട് പുനർസ്ഥാപിച്ചു. ഉള്ളത്/ഉണ്ടായിരിക്കേണ്ടത് എന്ന പോസിറ്റിവിസ്റ്റ് വിഭജനത്തിലൂടെ ആധുനിക നിയമജ്ഞർ നിയമത്തിൽ നിന്ന് ധാർമ്മികതയെ വേർപ്പെടുത്തുകയും അതിനെ ശുദ്ധമായ പോസിറ്റിവിസ്റ്റ് ഉപകരണമാക്കി മാറ്റുകയും ചെയ്തു. ഹല്ലാഖ് ഇതിനെ ഖുർആൻ മുന്നോട്ട് വെക്കുന്ന എല്ലാ ഉണ്മകളെയും ഒരു ധാർമ്മിക ഘടനയിൽ അണിനിരത്തുന്ന ധാർമ്മിക ലോകബോധത്തോട് താരതമത്യം ചെയ്യുന്നുണ്ട്. രാഷ്ട്രം, പൗരത്വം, ദേശീയത, ഹിംസ തുടങ്ങിയവകൾക്കിടയിലെ പരസ്പര ബന്ധവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രത്തിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും പൗരന്മാരോട് കൽപ്പിക്കാനുള്ള അധികാരത്തിലൂടെ സ്റ്റേറ്റ് യഥാർത്ഥത്തിൽ നൈതികതയുടെ സ്ഥാനത്ത് രാഷ്ട്രീയത്തെ പുനർസ്ഥാപിക്കയാണ് ചെയ്യുന്നത്.
“നൈതികതയെ ആധാരപ്പെടുത്തി ആധുനിക രാഷ്ട്രം പണിയുക സാധ്യമല്ല; സത്താപരമായി ഒരു ധാർമ്മിക അസ്ഥിത്വമെന്ന നിലയിൽ അതിന് പ്രവർത്തിക്കാനുമാവില്ല. രാഷ്ട്രം ധാർമ്മിക മണ്ഡലത്തിനകത്ത് കടക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല, നമ്മെ നല്ലവരാക്കുക എന്നത് അതിന്റെ ലക്ഷ്യമേ അല്ല. രാഷ്ട്രീയത്തിൽ, അല്ലെങ്കിൽ രാഷ്ട്രാധികാര ചട്ടക്കൂടിനകത്ത് ഉന്നയിക്കപ്പെടുന്ന ധാർമ്മികതയുടെ ബന്ധപ്പെട്ട ഏതു വാദവും ആത്യന്തികമായി രാഷ്ടീയപരമായ, രാഷ്ട്രീയ താൽപ്പര്യത്തിന് സാധുത നൽകുന്നതിനുള്ള വാദം മാത്രമാണ്.” ഹല്ലാഖ് .
പൊളിറ്റിക്കൽ സബ്ജെക്റ്റും ധാർമ്മിക ആത്മ നിയന്ത്രണോപാധികളും
ഭരണ നിർവ്വഹണത്തിന്റെ വിവിധ രീതികൾ, സാമ്പത്തിക സംഘാടനം, പുതിയ ചിന്താ മാതൃകകൾ തുടങ്ങിയ യൂറോപ്യൻ നിർമ്മിതികൾ ലോകത്തിന് പരിചയപ്പെടുത്തിയ കോളണിവൽക്കരണത്തിനു മുമ്പ് ഇസ്‌ലാമിക നാഗരികത സവിശേഷമായ സബ്ജെക്റ്റുകളെ രൂപപ്പെടുത്തിയിരുന്നു എന്ന് ഹല്ലാഖ് വാദിക്കുന്നു. പൂർവ്വാധുനിക മുസ്‌ലിം എന്നത് കേവലം ഏതെങ്കിലും രാഷ്ട്രീയ സംവിധാനത്താൽ നിയന്ത്രിക്കപ്പെടുന്ന വ്യക്തി ആയിരുന്നില്ല. മറിച്ച് അവരെ രൂപപ്പെടുത്തിയത് ഇസ്‌ലാമിന്റെ ധാർമ്മികമായ സത്ത ആയിരുന്നു. (ഹല്ലാഖിന്റെ അഭിപ്രായത്തിൽ ഈ ധാർമ്മിക ജീവിതത്തെ രൂപപെടുത്തിയത് പൂർവ്വധുനിക ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനവും, ഉലമയും ആയിരുന്നു). കോളണിവൽക്കരണം ഈ വ്യവസ്ഥക്ക് അന്ത്യം കുറിച്ചു. ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഉപോൽപന്നമായി നാഗരികതക്കകത്ത് നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങളെ വേരോടെ പിഴുതെറിഞ്ഞു കൊണ്ട് ‘ആധുനിക സ്റ്റേറ്റ്’ സംവിധാനത്തെ അതിന്റെ സവിശേഷമായ യൂറോപ്യൻ അനുഭവത്തോടൊപ്പം പകരംനട്ടു.
ഹല്ലാഖിനെ സംബന്ധിച്ചിടത്തോളം, ആധുനിക രാഷ്ട്രത്തെ വിശ്വാസത്തിലെടുത്തു കൊണ്ട് വ്യക്തിത്വ രൂപീകരണത്തിന്റെയും, ചിന്തയുടെയും പാശ്ചാത്യ മാതൃക ഉപയോഗിച്ച് ഇസ്‌ലാമിക രാഷ്ട്രം പണിയാൻ ശ്രമിക്കുന്ന ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളുടെയെല്ലാം കേന്ദ്ര സ്ഥാനത്ത് നിൽക്കുന്നത് ഈ വൈരുദ്ധ്യമാണ്.
“ആധുനിക ഇസ്‌ലാമിസ്റ്റ് വ്യവഹാരങ്ങൾ ഭരണ നിർവ്വഹണത്തിന്റെ നിഷ്പക്ഷമായ രൂപമായി കരുതുന്നത് ‘അധുനിക രാഷ്ട്രത്തെയാണ്’.. അടിച്ചമർത്തലിന് ഉപയോഗിക്കാതിരുന്നാൽ ഭരണകൂട സംവിധാനങ്ങൾ ഭരണകർത്താക്കൾ വഴി ജനപക്ഷ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ലിബറൽ ജനാധിപത്യമോ, ഒരു സോഷ്യലിസ്റ്റ് അധികാര വാഴ്ച്ചയോ, ഒരു ഇസ്‌ലാമിക് സ്റ്റേറ്റോ എല്ലാം ആയി മാറും എന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ആധുനിക രാഷ്ട്രം വരുന്നത് അതിന്റേതായ തത്ത്വമീമാംസ അടക്കമുള്ള കാര്യങ്ങളോടോപ്പമാണ്. അത് സഹജമായ രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവും, ജ്ഞാനശാസ്ത്രപരവും, മനശ്ശാസ്ത്രപരവുമായ സവിശേഷ ഫലങ്ങളുണ്ടാക്കുന്നുണ്ട്”.
‘ദി ഇംപോസിബിൾ സ്റ്റേറ്റ്’ രാഷ്ട്രത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളെ നിഷ്പക്ഷമായ ഭരണനിർവ്വഹണ നടപടിക്രമങ്ങൾ എന്നതിനപ്പുറം അവ എങ്ങനെ രാഷ്ട്രത്തിനകത്ത് പ്രത്യേക തരത്തിലുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്. മിഷേൽ ഫൂക്കോയുടെ കൃതികളെ ആധാരമാക്കി അദ്ദേഹത്തിന്റെ ആത്മ നിയന്ത്രണവുമായി ബന്ധപ്പെട്ട ‘ടെക്‌നോളജീസ് ഓഫ് സെൽഫ്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഹല്ലാഖ് തന്റെ ചിന്തകളെ വികസിപ്പിക്കുന്നത്. ഒരുപക്ഷേ ഇന്നും വ്യാപകമായി പ്രാവർത്തികമാക്കപ്പെടുന്ന ശരീഅത്തിന്റെ അടിസ്ഥന ഘടകങ്ങളായ പഞ്ചസ്തംഭങ്ങളുടെ സാംരാംശം ഉൾകൊള്ളുന്നത് ആത്മ സംസ്കരണമാണ്. ശഹാദത്ത് (വിശ്വാസത്തിന്റെ സത്യസാക്ഷ്യം), സ്വലാത്ത് (ദിനേനയുള്ള അഞ്ച് നിസ്കാരങ്ങൾ), സകാത്ത് (നിർബന്ധ ദാനം), സൗം (നോമ്പ്), ഹജജ് (തീർത്ഥാടനം) എന്നിവയിൽ നമ്മുടെ ജീവിതങ്ങളെ ഒരു ധാർമ്മിക ലക്ഷ്യത്തിനു നേരെ തിരിച്ചുവിടാനുള്ള വിഭവങ്ങൾ നമുക്ക് കണ്ടെത്താനാവും. ഫൂക്കോയുടെ ആലോചനകൾ ചേർത്ത് മുന്നോട്ട് പോയാൽ പൂർവ്വാധുനിക ഇസ്‌ലാമിക സമൂഹത്തിലെ വ്യക്തി തന്റെ ധാർമിക വ്യക്തിത്വം വളർത്തുക എന്ന ലക്ഷ്യം കേന്ദ്രീകരിച്ചാണ് ജീവിതം രൂപപ്പെടുത്തിയിരുന്നത് എന്ന് കാണാനാവും. വ്യക്തികൾ തമ്മിലുള്ള പരസ്പര ഇടപാടുകളും (മുആമലാത്ത്) സ്വന്തം ആരാധനകളും (ഇബാദാത്ത്) ഒരുപോലെ ധാർമ്മിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് അവൻ/അവൾ സൂക്ഷമതയുടെ കൈകാര്യം ചെയ്തിരിക്കണം. എന്നാൽ ആധുനിക ഭരണകൂടം മുആമലാത്ത്, ഇബാദാത്ത് എന്നിവക്കിടയിൽ വിഭജനം തീർക്കുകയും ചെയ്തു.
‘ടെക്‌നോളജീസ് ഓഫ് സെൽഫ്’ വിശദീകരിച്ചുകൊണ്ട് ഫൂക്കോ എഴുതുന്നു:
ടെക്‌നോളജീസ് ഓഫ് സെൽഫ്… വ്യക്തികളെ അവരുടേതായ വഴികളിലൂടെ, അല്ലെങ്കിൽ മറ്റുള്ളവരുടെ സഹായത്തോടെ, അവരുടെ ശരീരങ്ങളുടെയും, ആത്മാക്കളുടെയും, ചിന്തകളുടെയും, പെരുമാറ്റത്തിന്റെയും, ജീവിത രീതിയുടെയും മേലുള്ള നിശ്ചിത നിയന്ത്രണങ്ങളെ സ്വാധീനിക്കാനും, അതുവഴി അവരെ സ്വയം പരിവർത്തന വിധേയമാക്കി സന്തോഷത്തിന്റെയും, വിശുദ്ധിയുടെയും, വിവേകത്തിന്റെയും, സമ്പൂർണ്ണതയുടെയും, അനശ്വരതയുടെയും സവിശേഷമായൊരു അവസ്ഥയെ പ്രാപിക്കാനും അനുവദിക്കുന്നു”.
പാരമ്പര്യ സമൂഹത്തിൽ നിശ്ചിത ലക്ഷ്യങ്ങളുടെ പൂർത്തീകരത്തിന് വ്യക്തിയെ പാകമാക്കുന്നത്തിനായി ആത്മ നിയന്ത്രണത്തിനുള്ള സാങ്കേങ്ങളായി പ്രത്യേക ശീലങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായിരുന്നു. ഞാനോദയ പദ്ധതിയുടെ പ്രധാനഭാഗമായ ഇത്തരം പാരമ്പര്യങ്ങളുടെ തുടച്ചുമാറ്റൽ ഈ സങ്കേതങ്ങളുടെ അന്ത്യത്തിൽ കലാശിച്ചു. അതോടെ നമ്മൾ അടിസ്ഥാനപരമായി തികച്ചും കാലത്തിന്റെ നടപ്പു രീതികൾക്കനുസരിച്ച്, കാലത്തിന്റെ കോലത്തിനനുസരിച്ച്നു തുള്ളുന്ന നങ്കൂരങ്ങളില്ലാത്ത വ്യക്തികളായി മാറി.
അധുനിക രാഷ്ട്രം ഇത്തരം ആത്മ നിയന്ത്രണം ലക്ഷ്യം വെച്ചുള്ള പദ്ധതികളുടെ സ്ഥാനത്ത് നിയന്ത്രണത്തിന്റെയും, അച്ചടക്കത്തിന്റെയും പുതിയ മാർഗ്ഗങ്ങൾ നിലവിൽ കൊണ്ടുവന്നു. തടവറകളും, പാഠശാലകളും, ആശുപത്രികളും പൗരന്മാരെ രൂപപ്പെടുത്താനും, പരിശീലിപ്പിക്കാനും, തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പ്രത്യയശാസ്ത്രങ്ങളെ അടിച്ചേൽപ്പിക്കാനുമുള്ള ഭരണകൂട സംവിധാനങ്ങളാണ് എന്ന് ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. പ്രത്യക്ഷ്യത്തിൽ നിഷ്പക്ഷമെന്ന് തോന്നുന്ന സ്ഥാപനങ്ങളുടെ പ്രത്യയശാസ്ത്രപരമായ അനുമാനങ്ങളെ തുറന്ന് കാണിക്കുകയാണ് ഹല്ലാഖ് ഇവിടെ ചെയ്യുന്നത്. ഇത്തരം ആധുനിക രൂപങ്ങൾ അവയുടെ വിഷയികളിൽ സമർപ്പണം, പ്രയോജനത്വം എന്നീ രണ്ടു ഗുണങ്ങൾ വളർത്താൻ ശ്രമിക്കുന്നുണ്ട്. സമർപ്പണം വിധേയത്വവും, അനുസരണയുമാണെങ്കിൽ പ്രയോജനത്വം വ്യക്തിയുടെ ഭൗതികമായ ഉൽപാദനക്ഷമതയാണ്.
പൂർവ്വാധുനിക ധാർമ്മിക സംവിധാനങ്ങൾക്കകത്ത് കാണപ്പെട്ടിരുന്ന ആത്മ നിയന്ത്രണ പദ്ധതികൾ നൽകുന്ന ആന്തരിക ശിക്ഷണത്തിന്റെ സ്ഥാനത്ത് ബാഹ്യമായ പദ്ധതിയാണ് സ്ഥാപിക്കപ്പെട്ടത്. കുടുംബ വ്യവസ്ഥയുടെയും, തൊഴിൽ സമാജങ്ങളുടെയും, മത സ്ഥാപനങ്ങളുടെയും തുടച്ചുനീക്കൽ പൂർണ്ണാനുസരണയുള്ള, രാഷ്ട്രത്തിനു പ്രയോജമുള്ള പൗരന്മാരെ വാർത്തെടുക്കുന്ന സ്റ്റേറ്റിന്റെ അനന്തമായി വികസിക്കുന്ന സംവിധാനങ്ങളുടെ അടിസ്ഥാന ഘടകമാണ്.
ആഗോളീകണവും ധാർമ്മിക സാമ്പത്തികശാസ്ത്രവും
അവസാന അധ്യായത്തിൽ ഹല്ലാഖ് ഭരണഘടനയെയും അധികാരങ്ങളുടെ വിഭജനത്തെയും ചുറ്റിപ്പറ്റിയുള്ള സിദ്ധാന്തങ്ങൾക്കപ്പുറം അന്തർദേശീയ രാഷ്ട്രീയത്തിലേക്കും, സാമ്പത്തിക അസമത്വങ്ങളിലേക്കും, അധികാരഘടനകളിലേക്കും നീങ്ങുന്നു. ഇവിടെ ഇസ്‌ലാമും ജ്ഞാനോദയ-ആധുനികതയും ഒന്നിച്ച് പോകാനാവും എന്ന വാദത്തെ ഹല്ലാഖ് പ്രശ്നവൽക്കരിക്കുന്നത് ചില ചോദ്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ്. ഇസ്‌ലാമിക മാതൃകാ ഭരണ സംവിധാനത്തിന് മറ്റിതര ആധുനിക രാഷ്ട്രങ്ങളോടൊപ്പം സ്വതന്ത്രമായി നിലനിൽക്കാനാകുമോ? ആഗോള മുതലാളിത്ത വ്യവസ്ഥയെ അംഗീകരിക്കാതെ എങ്ങനെ അതിന് സ്വയം പ്രവർത്തിക്കാനും പ്രതിരോധിക്കാനും സാധിക്കും? ഇന്ന് മുസ്‌ലിം രാഷ്ട്രങ്ങൾ ഈയൊരു ആശയക്കുഴപ്പം നേരിടുന്നുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായ, ആധുനിക ഉപഭോക്ത-സാമ്പത്തിക വ്യവസ്ഥയെ പടുത്തുയർത്താൻ പലിശാധിഷ്ഠിത കടം കൊടുക്കൽ വാങ്ങലുകളിൽ ഏർപ്പെടുന്ന, അതുവഴി ആഗോള സാമ്പത്തിക വലയത്തിൽ കുരുങ്ങിയ രാഷ്ട്രത്തെ എങ്ങിനെയാണ് സ്വതന്ത്രമെന്നും, ഇസ്‌ലാമിക മാതൃക അനുസരിച്ചുള്ളത് എന്നും വിളിക്കാനാവുക? സ്വയം ഒരു ധാർമ്മിക ക്രമത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ഒരു ഭരണപദ്ധതി എങ്ങിനെയാണ് അസമത്വം നിറഞ്ഞ അധാർമ്മികമായ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമാവുക? ജ്ഞാനോദയ-ആധുനികതയുടെ യുക്തിയുടെ ബന്ധപ്പെട്ട് നിത്യ ജീവിതത്തിലെ ഇടപാടുകളെക്കുറിച്ചും ഇത്തരം ചോദ്യങ്ങൾ പ്രസക്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്.




The Impossible State
Islam, Politics, and Modernity’s Moral Predicament By Wael B. Hallaq




വിവർത്തനം: ആഹ്മെദ് സുഹൈൽ കാവനൂർ
Featured Image: Alec Favale
Comments are closed.