റാസ്ബെറി ബുക്സ് പ്രസിദ്ധീകരിച്ച അൻവർ ഹനീഫയുടെ ‘തമസ്‌കിരണങ്ങൾ: മാർക്‌സും പ്രതി-പ്രകാശ ദർശനവും’ എന്ന പുസ്തകത്തിനെഴുതിയ അവതാരിക.

‘ഒരിക്കൽ ഒരു ക്രിയ നടക്കുന്നു. ഒരു കാലഘട്ടത്തിന്റെ ചലനങ്ങളിൽ മാറ്റം വരുന്നു. എന്താണീ മാറ്റം? പിന്നിലേക്കുള്ള ഗതിയോ? വഴിയില്ല. ചലനത്തിന്റെ ഗതി മുന്നോട്ട് തന്നെ. ഇവിടെ വീണ്ടും പ്രശ്നമുയരുന്നു. എന്താണീ മുന്ന്? പിന്നില്ലാത്ത ഒന്നാണെന്ന് വരുമോ? വഴിയില്ല. മുൻവീലിനോടൊപ്പം പിൻവീലും കൂടിച്ചേർന്നതാണല്ലോ നമ്മുടെ സൈക്കിൾ. ആദ്യം പിന്നിൽ ചലിക്കുന്നു. ചലിച്ചുകൊണ്ടു പിൻവീല് മുൻവീലിനെ മുന്നിലേക്ക് തള്ളുന്നു. നടുക്ക്ക്രിയചെയ്തുകൊണ്ടു നാമിരിക്കുന്നു. ഈ ക്രിയ നമ്മുടെ കാലിൽ തന്നെ. നമ്മുടെ കാലത്തിൽ തന്നെ.’

ജി. എൻ. പിള്ള

ഇവിടെ ‘ക്രിയ’ ഒടുക്കം മനുഷ്യന്റെ കാലിലും കാലത്തിലും ഒതുങ്ങുന്നുവെങ്കിലും അത് ചിന്താവിഷയമാകുന്നു എന്നതുതന്നെ പഠനാർഹമാണ്. ചിന്തയുടെ യന്ത്രസ്വഭാവം ‘സൈക്കിൾ’ ശ്രദ്ധിച്ചാൽ മനസ്സിലാകുന്നതെയുള്ളൂ. സൈക്കിളിന്റെ സകലചലനങ്ങളും കാലിലും അതുവഴി മനുഷ്യൻ എന്ന വിഷയിയിലും അത്യാരോപിക്കുന്നതാണ് ‘കർതൃകേന്ദ്രീകൃതചിന്തയുടെ’ ഒരു പരിമിതി.

‘സൈക്കിൾ’ എന്നതിനെ ഒരു ‘യന്ത്രമായി’ മനസ്സിലാക്കുകയും അത് മറ്റൊരു യന്ത്രമായ മനുഷ്യ ശരീരവുമായി ബന്ധിതമാകുമ്പോൾ മാത്രം പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. മനുഷ്യൻ സൈക്കിൾ എന്ന വാഹനവുമായി ചേർക്കപ്പെടുമ്പോൾ ‘സൈക്കിളിസ്റ്റ്’ ഉണ്ടാകുന്നുവെങ്കിൽ, പെയിന്റ് ബ്രഷുമായി ചേരുമ്പോൾ ‘ചിത്രകാരൻ’ ജനിക്കുന്നു. ഇനി ഇതേ സൈക്കിൾ ഒരു ആർട്ട് ഗ്യാലറിയിൽ എത്തുമ്പോൾ ഒരു ‘കലാവസ്തു’ ആയി പരിണമിക്കുന്നു. ക്ലയർ കോൾബ്രൂക്ക് എഴുതുന്നു: ‘There is no aspect of life that is not machinic: all life only works and is insofar as it connects with some other machine’.

കർതൃകേന്ദ്രീകൃത ചിന്തയുടെ മറുപുറം വസ്തുകേന്ദ്രിതമായ ഒരു ചിന്തയാണ്. ലോകത്തെ വസ്തുക്കളുടെ ഒരു കലവറയായി തിരിച്ചറിയാതിരിക്കുമ്പോൾ ബാക്കിയാകുന്നത് ‘പ്രക്രിയ’ മാത്രമാകുന്നു. നിലവിൽ സ്വത്വം ‘ഉള്ളതാണെങ്കിലും’ യഥാർത്ഥത്തിൽ ഇനിയും എത്രയോ വരാനിരിക്കുന്നതെ ഉള്ളൂ.

വസ്തുക്കളിൽ വിശ്വസിച്ചു വഞ്ചിതരാകാതിരിക്കുക, പ്രക്രിയയാണ് യാഥാർഥ്യം. ഒരുപക്ഷേ ‘process philosophy’ യുടെ പരസ്യവാചകം ഇങ്ങനെയാകും. ഇവിടെ വിഷയം/വിഷയി എന്നീ വേർതിരിവുകൾക്കപ്പുറം ‘സംഭവം’ പ്രാധാന്യമർഹിക്കുന്നു. മസ്സൂമിയുടെ വാക്കുകളിൽ ‘occurance, neither object nor subject: event’. അൻവർ തന്റെ പുസ്തകത്തിൽ ദില്യൂസിനെ ഉദ്ധരിച്ചു പറയുന്നത് പോലെ ‘ഒരുണ്മ – അല്ലെങ്കിൽ ഇല്ലായ്മ – എന്നതിൽ അതിനെ സാധ്യമാക്കുന്നസംഭവങ്ങളും (events) ഘടകങ്ങളും (molecules) എന്നിവയ്ക്കപ്പുറം മറ്റൊന്നുമില്ല [….] അവയ്ക്കപ്പുറം അവയിൽ നിന്നും സ്വതന്ത്രമായി ആ ഉണ്മയ്ക്കൊരു സ്വച്ഛന്ദ സമ്പൂർണത ഇല്ല [എന്നും]’.

മൗലികമായത് ക്രിയയും പ്രക്രിയയുമാണെന്ന് ആൽഫ്രഡ് വൈറ്റ്ഹെഡ് പറയുന്നു. ചിന്തയുടെ മൗലികത കേവലം ഭാഷാപരമായ പരീക്ഷണങ്ങളിൽ ഒതുങ്ങുന്നില്ല. വിഷയം/വിഷയി എന്നീ വിഭജനങ്ങളെ സ്പർശിക്കാതെ ‘സ്വത്വ’ത്തെയും ‘വസ്തു’പ്രപഞ്ചത്തെയും പോറലേൽക്കാതെ പരിപാലിച്ചുകൊണ്ടുള്ള ചിന്തകൾ, പ്രബലമായ പാശ്ചാത്യചിന്താധാരയുടെ സാമന്തപദവി അലങ്കരിക്കുന്നവ മാത്രമാണ്.

പാശ്ചാത്യതത്വചിന്തയുടെ ചരിത്രം ദൈവികപരിവേഷം ആർജ്ജിച്ച ദ്വന്ദ്വങ്ങളുടെ ചരിത്രം കൂടിയാണ് എന്ന് അൻവർ എഴുതുന്നുണ്ട്. ‘യുക്തിയുടെ ചർമ്മത്തിൽ ഒളിഞ്ഞിരിക്കുന്ന ദൈവശാസ്ത്രം’ എന്നാണ് ഗ്രന്ഥകാരൻ ലോറലിനെ ഉദ്ധരിച്ചു പറയുന്നത്. ‘[….] പ്രപഞ്ചത്തെ തത്വചിന്താപരമായി അപഗ്രഥിക്കാൻ ഉപയോഗിക്കുന്ന ആ ദ്വന്ദ്വാത്മക ബോധനാടിത്തറകൾ തത്വചിന്തയുടെ ചരിത്രത്തിൽ ദൈവത്തെപ്പോലെ ഒരു പ്രതിവിചിന്തനത്തിനോ , ചോദ്യംചെയ്യപ്പെടലിനോ, ദാർശനികാപഗ്രഥനത്തിനോ വിധേയമാക്കപ്പെടാതെയാണ് ഇതുവരെ നിലനിന്നിട്ടുള്ളത്’ എന്ന്‌ അൻവർ എഴുതുന്നു.

സമാനമായ പ്രശ്നം തന്നെ എറിൻ മാനിങ്ങിന്റെ ‘Always more than One’ എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തിൽ മസ്സൂമി സൂചിപ്പിക്കുന്നുണ്ട്: ‘The most available ready made categories for the one are the subject, the object, and the totality. They make unpropitious starting point’. ഇത്തരം സങ്കല്പനകൾ അപനിർമ്മാണത്തിനോ, അവയുടെതന്നെ അപകേന്ദ്രണത്തിനോ വേണ്ടിയാണെങ്കിൽ പോലും നമ്മുടെ ചിന്തയുടെ ഭാഗമാകുമ്പോൾ ഉണ്ടാകുന്ന പ്രധാനപോരായ്മ നമ്മൾ എന്തിനെയാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് അത് പിൻവാതിലിലൂടെ പ്രവർത്തനക്ഷമമാകുന്നു എന്നതാണെന്നും, ഒരിക്കൽ വേരുറപ്പിച്ചാൽ അതിനെ പിഴുതെറിയുക ശ്രമകരമാണെന്നും മസ്സൂമി ഓർമിപ്പിക്കുന്നു. അതിനാൽ മാനിങ്ങിനെപ്പോലുള്ളവർ ചിന്തയിൽ അനുവർത്തിക്കുന്ന ബദൽപദ്ധതി ‘[…] neither deconstruct nor decentre, but defer’ എന്നതാണ്. എന്നാൽ അതിനനുരൂപമെന്നോണം ‘ദ്വന്ദാത്മകതകൾക്കപ്പുറമുള്ള അടിസ്ഥാനതത്വങ്ങളുടെ പ്രയോഗത്തിലൂടെ സ്വയം സാധ്യമാക്കുന്ന ഒരു അ-ദർശനത്തിലൂടെ തത്വചിന്തയുടെ ആ പരിമിതിയെ ലോറൽ മറികടക്കാൻ ശ്രമിക്കുന്നു’ എന്നു പുസ്തകത്തിലെ ‘ചിന്ത, ചരിത്രം, ദർശനം; ചില പ്രകാശോത്തര ആലോചനകൾ’ എന്ന ആദ്യ അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ലോറലിനെ മുൻനിർത്തി അൻവർ കുറിക്കുന്നുണ്ട്.

‘പ്രകാശത്തിന്റെ പ്രതി-ഹിംസകൾ’ എന്ന രണ്ടാം അദ്ധ്യായം ‘ജ്ഞാനോദയത്തിന്’ ‘വെളിച്ച’വുമായുള്ള ബന്ധവും ‘ഇരുട്ടു’ മായുള്ള വിപരീതബന്ധവും അന്വേഷിക്കുന്നെടുത്താണ് തുടങ്ങുന്നത്. ‘എങ്ങനെയാണ് തിരികൊളുത്തൽ /പ്രകാശപൂരിതമാക്കൽ എന്നർത്ഥം വരുന്ന enlightenment എന്ന ആംഗലേയപദത്തിന് ‘ജ്ഞാനോദയം’ എന്ന ജ്ഞാനവും, ബോധവും, യുക്തിയുമായി ബന്ധപ്പെട്ട അർത്ഥം കൈവന്നത് എന്നൊരു പ്രാഥമികാന്വേഷണം’ കൂടിയാണത്. ‘പ്രകാശം എന്ന ഹിംസാത്മകവും ബ്രഹൃദ് ആഖ്യാനപരവുമായ പരിക്രമത്തിനകത്താണ് ചരിത്രവും തത്വചിന്തയും – അതിനാൽ തന്നെ മാനവിക ചിന്തയുടെ പ്രാപഞ്ചിക വ്യാകരണവും – ഇന്ന് വരെ പ്രവർത്തിച്ചിട്ടുള്ളത്’.

‘യഥാർത്ഥത്തിൽ ഉണ്മയേക്കാൾ (exsistence) പൂർവ്വമാണ് ഉൾസാധ്യതകൾ (potential). അതായത് മുസ്‌ലിം എന്ന വ്യക്തിയേക്കാൾ പൂർവ്വവും പ്രാഥമികവുമായ ഒന്നാണ് മുസ്‌ലിമത്വം’ എന്ന് അൻവർ എഴുതുന്നു. ഗ്രന്ഥകർത്താവ് നടത്തുന്ന സമാനമായ നിരീക്ഷണമാണ് ഫ്രെഡ് മോട്ടൺ ‘Black Sociality’ (ഇരുണ്ട സാമൂഹികത)യെ കുറിച്ചു നടത്തുന്നത്. മിഷേൽ ബ്രൗൺ, എറിക് ഗാർനർ എന്നിവർ 2014ൽ തെരുവിൽ കൊലചെയ്യപ്പെട്ടപ്പോൾ നൽകിയ ഒരുവീഡിയോ അഭിമുഖത്തിൽ മോട്ടൺ പറയുന്നത് ‘I don’t think he (Daren Wilson- the police officer) meant to violate individual personhood of Micheal Brown, [but] he was shooting at mobile black sociality walking down the street’ എന്നാണ്. ‘Black Sociality’ നിലവിലുള്ള വ്യവസ്ഥിതിക്ക് മേലെ ഉയർന്നു നിൽക്കുന്ന ഒരു വെല്ലുവിളിയായത് കൊണ്ടാണ് ഇവിടെ പോലീസിനെ അതിന് നേരെ നിറയൊഴിക്കാൻ (അകമേ നിന്നോ, പുറമേ നിന്നോ) പ്രേരിപ്പിക്കപെട്ടത്.

ഇതു ഉൾക്കൊണ്ടുകൊണ്ടുകൂടിയാകണം അൻവർ ‘ഫ്രാങ്ക് വിൽഡർസൺ കറുത്ത വർഗ്ഗക്കാർക്കു (blacks) മുമ്പ് തന്നെ കറുപ്പ് (blackness) എന്നൊരു ഭവപരമായ ഭാവന നിലനിൽക്കുന്നുണ്ടെന്നും, ഇതുവരെയുള്ള ഇരുണ്ട പ്രതിരോധങ്ങൾ ഇംഗ്ലീഷ് -നീഗ്രോകളുടെ മനുഷ്യാവകാശവും, വ്യക്തിപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്നും, അതല്ല മറിച്ച് കറുത്തവർഗ്ഗത്തിന്റെ വിമോചനത്തിനു (black liberation) ഇനിവേണ്ടത് കറുപ്പ് (blackness) എന്ന ഭാവനയുടെ മൗലികമായ ധൂളിവൽക്കരണമാണെന്നും (radical fragmentation) സൈദ്ധാന്തിച്ചത്’ എന്ന് എഴുതിയത്.

നിലവിലുള്ള അധികാരബന്ധങ്ങളുടെ കേവലമായ ‘തല തിരിച്ചിടൽ’ അല്ല ഇവിടെ ഉദ്ദേശിക്കുന്നത് . ‘തമോഗർത്തവും തമസ്സിന്റെ തീവ്രതാണ്ഡവവും’ എന്ന മൂന്നാം അദ്ധ്യായത്തിൽ അൻവർ ഇത് വ്യക്തമാക്കുന്നുണ്ട്. ‘എന്നാൽ ഇത്രയും മൗലികമായ പ്രതിഭാസങ്ങൾക്കു ഹേതുവാകുന്ന ഒരു ഇരുട്ട്‌ ഒരിക്കലും കേവല പ്രകാശത്തിന്റെ വിരുദ്ധ ദ്വന്ദ്വമായ – തിരസ്‌കൃതത്വത്തിന്റെ – ഇരുട്ടാവുകയില്ല. കാരണം അത് സമത്വത്തിനു പകരം പ്രകാശത്തെനിലനിന്നിരുന്ന അധികാരഘടനയിൽ നിന്നടർത്തിയെടുത്തു മറ്റൊരു സ്ഥലികയിൽ – തിരസ്കൃതരുടെ ഇരുണ്ട വിധിക്കുമുകളിൽ – പുനഃപ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് കുലീന ഹിംസയ്ക്കു പകരം കേവലം ഒരു കീഴാളഹിംസയെ പരിഹാരമായി മുന്നോട്ടുവയ്ക്കുക മാത്രമാണ് ഇതു ചെയ്യുന്നത്. അപ്പോഴും ഹിംസ അതിൽ കാര്യമായ കർതൃത്വപദവി അലങ്കരിച്ചുകൊണ്ടു അവശേഷിക്കുക തന്നെ ചെയ്യുന്നുണ്ട്. ഇതൊരർഥത്തിൽഅണയേണ്ട പ്രകാശത്തിന്റെ പുനഃപ്രകാശവൽക്കരണമാണ് (re-lightenment)’ എന്ന് ഗ്രന്ഥകാരൻ അവിടെ സൂചിപ്പിക്കുന്നുണ്ട്. ‘കറുപ്പിനെതിരായത് ജീവത്തിനുതന്നെ [അതിനാൽ] എതിരാണ്’.

ഇനി ‘തമോഗർത്തത്തിന്റെ മാർക്സിയൻ ഭാവനകൾ’ എന്ന തലക്കെട്ടിൽ പുസ്തകത്തിന്റെ രണ്ടാംഭാഗമായി ചേർത്ത അവസാന അദ്ധ്യായങ്ങൾ മാർക്സ് എന്ന ചിന്തകൻ തത്വചിന്തയുടെ ചരിത്രത്തിൽ സൃഷ്ടിച്ച ഉടലനക്കത്തിന്റെ (affect) തീവ്രതയുടെ അന്വേഷണമാണ്.

ഇക്കാരണങ്ങൾക്കൊണ്ടെല്ലാം അൻവറിന്റെ എഴുത്തുകൾ വസ്തുകേന്ദ്രിതമോ കർതൃകേന്ദ്രിതമോ ആയ പ്രബലധാരയിൽ നിന്നും തെന്നിമാറി ‘ആയിക്കൊണ്ടിരിക്കലിന്’ ആക്കം നല്കിയുള്ള ഒന്നാണ്. കേരളത്തിന്റെ മുഖ്യധാരാ ചിന്താപരിസരങ്ങളിൽ നിന്നും തെന്നിമാറി അത് അതിനാൽ തന്നെ മറ്റൊരു കാല-ദേശ സംയുക്തം പണികഴിക്കുന്നുണ്ട്.

വ്യത്യസ്ഥമായ സ്ഥലകാലങ്ങളിൽ ഉള്ള ചിന്തകൾക്ക് പരസ്പരം പങ്കുവയ്ക്കാനുള്ളത് എന്താണ്? മസ്സൂമി ഒരു ‘Sens Lab’ പരീക്ഷണത്തെക്കുറിച്ചു എഴുതിയതാണ് ഓർമ വരുന്നത്. പങ്കെടുക്കുന്നവർ ഒരിക്കലും ‘പണിതീർന്ന’ ഒന്നും കൊണ്ടുവരരുത്, പകരം പ്രക്രിയകളുമായി വരിക എന്നതായിരുന്നു ഒരു നിർദേശം. Sens Labന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ‘molecule’ (ഘടകങ്ങൾ) ഉണ്ട്. അവ[ർ] പരസ്പരം സന്ദർശനങ്ങൾ നടത്തി തിരിച്ചെത്തുമ്പോൾഉപഹാരങ്ങൾ ആയി കൊണ്ടുവരുന്നതാകട്ടെ വസ്തുക്കൾ അല്ല മറിച്ച് ‘പ്രക്രിയകളുടെ വിത്തുകൾ’ (process seeds) മാത്രമാണ്.

അവസാനമായി, ഈ പുസ്തകത്തെ മൗലികമാക്കുന്ന മറ്റൊരു ഘടകം, ഇതിലെ പാഠലേഖനങ്ങൾ ഇസ്‌ലാമികദർശനത്തിന്റെയും പശ്ചാത്യതത്വചിന്തയുടെയും ‘പ്രകൃതിവിരുദ്ധമായ സംയോഗങ്ങൾക്ക്’ വഴിമരുന്നിടുന്നവയാണ്. ഇത്തരം അതിർത്തി ഭേദനങ്ങൾ പുതിയ ചിന്താപ്രക്രിയകൾക്കുതന്നെ തുടക്കം കുറിക്കുന്നു എന്നതിനുള്ള നിദർശനങ്ങൾ ആണ് അൻവറിന്റെ എഴുത്തുകൾ. ‘ഇരിപ്പുറക്കാത്ത – എവിടെയും ഇരുത്താത്ത – ചിന്തകൾ’ നിരന്തരമായചലനത്തിന്റെയും ആയിത്തീരലിന്റെതുമാണ്. അതിനാൽ നമുക്ക് മുന്നിൽ ഉയർന്നു നിൽക്കുന്ന മൗലികമായ ചോദ്യം ഇതാണ്. ‘ഏത് കള്ളിയിലൊതുക്കും നിങ്ങൾ ഈ എഴുത്തുകളെ?’

മസ്സുമിയുടെ ഭാഷ കടമെടുത്താൽ: ‘Every step falls in a void. No sooner do we have a unity than it becomes a duality. No sooner do we have a duality than it becomes a multiplicity. No sooner do we have a multiplicity than it becomes a proliferation of fissures converging in a void.’


Featured Image : Kiwihug

Comments are closed.