ഒവാമിർ അഞ്ചും: Timur Kuran തന്റെ Long Divergence: How Islamic Law Held Back the Middle East (2012) എന്ന പുസ്തകത്തിൽ ഇസ്‌ലാമിക നിയമത്തിന്റെ വിതരണാത്മകത (സകാത്ത്, അനന്തരാവകാശം, പലിശ നിരോധനം തുടങ്ങിയവ), corporation എന്ന ആശയത്തിന്റെ അഭാവം എന്നിവ എങ്ങനെയാണ് മിഡിൽ ഈസ്റ്റിന്റെ തകർച്ചക്ക് കാരണമായത് എന്ന് അന്വേഷിക്കുന്നുണ്ട്. ഇത്തരം നിയമങ്ങൾ മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചക്ക് അനിവാര്യമായ സമ്പത്തിന്റെ വൻതോതിലുള്ള കുമിഞ്ഞ് കൂടലിനെ തടഞ്ഞു നിർത്തി. ഇസ്‌ലാമിന്, ആധുനിക മുതലാളിത്തത്തെ നിർമ്മിക്കാൻ കഴിയുമായിരുന്നില്ല എന്ന വാദത്തോട് യോജിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ആധുനിക ഭരണകൂടത്തിന്റെ അധികാരങ്ങൾക്കെതിരായി വെല്ലുവിളി ഉയർത്തുക എന്നതിൽ കവിഞ്ഞ് നിർമ്മാണാത്മകമായ ഒരു ബദൽ എന്ന നിലയിൽ മുസ്‌ലിംകൾ ശരീഅത്തിനെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടോ?

തലാൽ അസദ്: ചില റെഫറൻസുകൾ ശ്രദ്ധയിൽ പെട്ടിരുന്നെവെങ്കിലും Timur Kuranന്റെ കൃതി ഞാൻ ഇതുവരെ വായിച്ചിട്ടില്ല. ആധുനിക മുതലാളിത്തത്തെ നിർമ്മിക്കാൻ ഇസ്‌ലാമിന് കഴിയുമായിരുന്നില്ല എന്ന വാദത്തിൽ താങ്കൾ Timurമായി യോജിക്കുന്നുണ്ട്. ഇത് പക്ഷെ ഇസ്‌ലാമിന്റെ പരാജയമായിട്ടാണ് Timur കണക്കാക്കുന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ അഭാവം എന്നത് ഒരു പരാജയമായി പരിഗണിക്കണമെന്നില്ല എന്ന താങ്കളുടെ നിരീക്ഷണത്തോട് ഞാൻ യോജിക്കുന്നു. അതേ സമയം ഇസ്‌ലാം മുതലാളിത്ത വ്യവസ്ഥിതിയെ നിർമ്മിക്കുമായിരുന്നോ എന്ന നിങ്ങൾക്കിടയിൽ നിലനിൽക്കുന്ന ചോദ്യം പ്രസക്തമാണ്. ഞാൻ യുവാവായിരുന്ന കാലത്ത്, ‘പുരോഗമന വൃത്തങ്ങളിൽ’ ഇസ്‌ലാമിന് എന്തുകൊണ്ട് അതിനായില്ല എന്ന ചോദ്യത്തെക്കുറിച്ച് സംവാദങ്ങൾ നടക്കാറുണ്ടായിരുന്നു. ഞങ്ങളിൽ പലരും വിചാരിച്ചത് വ്യത്യസ്ഥ സമൂഹങ്ങളെ ചരിത്രത്തിൽ – വികസനത്തിൽ മുന്നേറിയവർ, വേഗത കുറഞ്ഞവർ എന്നിങ്ങനെ – അടയാളപ്പെടുത്താനാവുന്ന നിലയിൽ ചരിത്രം പുരോഗമനപരമാണ് എന്നായിരുന്നു. മുതലാളിത്ത വ്യവസ്ഥയെ വികസിപ്പിക്കുന്നതിലുള്ള ഇസ്‌ലാമിന്റെ പരാജയം അതിന്റെ രാഷ്ട്രീയവും ധാർമ്മികവുമായ താഴ്ച്ചക്കുള്ള തെളിവായി കണക്കാക്കപ്പെട്ടു.

ആഗോളതലത്തിൽ “developing”, “developed” തുടങ്ങിയ വർഗ്ഗീകകരണങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എങ്കിലും പുരോഗമന ചിന്തകരിൽ പലരും ‘പുരോഗതി’ എന്നത് ഒരു സെൽഫ് എവിഡൻ്റ് ഗുഡ് ആണ് എന്ന ധാരണയെ പ്രശ്നവൽക്കരിക്കാൻ മുന്നോട്ട് വന്നു. ഒരു അമൂർത്തമായ വ്യവസ്ഥയായ “മുതലാളിത്തം” (ഒരു നാഗരികത എന്ന നിലയിൽ നമ്മൾ “ആധുനികത” എന്ന് വിളിക്കുന്നു), ലക്ഷ്യം വെച്ച് നേടിയെടുക്കുന്ന ഒരു ഹിസ്റ്റോറിക്കൽ ഏജൻ്റല്ല. പാശ്ചാത്യ രാജ്യങ്ങളിൽ മുതലാളിത്തത്തിന്റെ വികസനം “മതപരമോ മത നിയമങ്ങൾ മൂലമോ സംഭവിച്ചതല്ല. മറിച്ച്, മനഃപൂർവ്വമോ അല്ലതെയോ സംഭവിച്ച ബഹുഗുണങ്ങളായ ഘടകങ്ങൾ അതിന് കാരണമായിട്ടുണ്ട് എന്ന് പല ചരിത്രകാരന്മാരും ഇന്ന് തിരിച്ചറിയുന്നുണ്ട്.

നാം ജീവിക്കുന്ന ആധുനിക ഭരണകൂടം എന്നത് വളരെ അപകടങ്ങൾ നിറഞ്ഞ ഒരു ബോഡിയാണ്. നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ അത് അനിവാര്യമാവുമ്പോൾ തന്നെ അതിനോടുള്ള കൂറ് മുൻ നിർത്തി കടുത്ത ശിക്ഷകൾ അഴിച്ച് വിടാനും പ്രാപ്തമായ ഒരു സംവിധാനമാണത്. ഈ കൂറിനെ സുരക്ഷ എന്ന പേരിലാണ് ഇന്ന് സ്റ്റേറ്റ് റാഷണലൈസ് ചെയ്യുന്നത്. അതൊടൊപ്പം സ്റ്റേറ്റിന്റെ അധികാരത്തെ നിലനിർത്തുന്ന കൂടുതൽ അപകടകാരിയായ ആഗോള ഭരണ സംവിധാനങ്ങളും നിലവിലുണ്ട്. ഇവിടെ ആഗോള മുതലാളിത്തത്തിന്റെ വിനാശകരമായ  അധികാരത്തോട് ഇടപെടുന്നതിനായി ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്ന ഇസ്‌ലാമിസ്റ്റുകൾ ആധുനിക ഭരണകൂടത്തിന്റെ അടിച്ചമർത്തുന്ന നശീകരണാത്മകമായ അധികാരത്തെ പൂർണ്ണമായും വില കുറച്ചു കാണുകയാണ് ചെയ്യുന്നത്.

അത്തരമൊരു ഭരണകൂടം മുസ്‌ലിംകൾക്കും ഇസ്‌ലാമിനും ഉണ്ടാക്കിയേക്കാവുന്ന ധാർമ്മികമായ നഷ്ടം നിസ്സാരമായി തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ സ്റ്റേറ്റ് എന്നത് മുസ്‌ലിം രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ ഭാഗമാവാൻ പാടില്ല. ശരീഅത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ മുസ്‌ലിം ജീവിതം സാധ്യമാക്കുന്ന സങ്കീർണ്ണവും അയവുള്ളതുമായ ഒരു പാരമ്പര്യത്തിൽ നിന്ന് “നിയമം” ആയി പുനർനിർവ്വചിക്കപ്പെടുകയും ഫിക്സ് ചെയ്യപ്പെടുകയും ചെയ്ത ശരീഅത്ത് ഇന്ന് മുൻപത്തെ അവസ്ഥയിലല്ല ഉള്ളത്. ശരീഅത്തിനെ “ജനാധിപത്യപരമായി” പരിഷ്കരിക്കാൻ പറ്റിയേക്കാം. പക്ഷേ, ആധുനിക മുതലാളിത്ത ഭരണകൂടത്തോടുള്ള അതിന്റെ ആശ്രിതത്വം പല വെല്ലുവിളികളും മുന്നോട്ട് വെക്കുന്നുണ്ട്. ഏത് തരത്തിലുള്ള നിയമങ്ങളാണ് മുതലാളിത്തം ആവശ്യപ്പെടുന്നത് എന്ന് നമുക്കറിയാം. ശരീഅത് മുന്നോട്ട് വെക്കുന്ന ധാർമ്മിക മാനത്തെ, ‘അംറുംൻ ബിൽ മഅറൂഫ്’ (നന്മകൊണ്ട് കൽപ്പിക്കുക) എന്നതിനെ ഒരു കൂട്ടായ ധാർമ്മിക-രാഷ്ട്രീയ പദ്ധതിയായി പുനർ രൂപകൽപ്പന ചെയ്ത് കൊണ്ട് തിരിച്ചെടുക്കാനാവും എന്നാണ് എനിക്ക് തോന്നുന്നത്. അത് പക്ഷെ പൂർണ്ണമായും ഭരണകൂടത്തിന്റെ അധികാര സ്ഥാപനങ്ങളിൽ നിന്നും അകന്ന് നിന്നുകൊണ്ടും ശിക്ഷകൾ ഒഴിവാക്കിക്കൊണ്ടുമായിരിക്കണം. അല്ല എങ്കിൽ പിന്നെ ‘ഇക്രാഹ് ഫിദ്ധീൻ’ എന്നതിന്റെ അർഥം എന്താണ്? (ഉപ്പ (മുഹമ്മദ് അസദ്) ദീൻ എന്നതിനെ ധാർമ്മിക നിയമങ്ങൾ എന്ന് വിവര്‍ത്തനം ചെയ്യാറുണ്ടയിരുന്നു) സൗഹൃദം എന്നത് ഇസ്ലാമിക പാരമ്പര്യത്തിൽ കേന്ദ്ര പ്രാധാന്യമുള്ള ഒന്നാണ്. ധാർമ്മിക പ്രേരണ മാത്രമാണ് ഈ കാര്യത്തിലെ ശരിയായ നടപടിക്രമം. പ്രേരണ എന്നത് വാക്കാലുള്ള ഉപദേശം മാത്രമായിക്കൊള്ളണമെന്നില്ല. സിവിൽ ഡിസൊബീഡിയൻസിനെ ‘അംറുൻ ബിൽ-മഅറൂഫിന്റെ ഭാഗമായി കാണുക എന്നത് കേവലം നിഷേധാത്മകമായ പ്രവർത്തനമായിട്ടല്ല, മറിച്ച് ഭരണകൂടത്തെ കടുത്ത നടപടികളിൽ നിന്ന് പിന്തിരിപ്പിക്കുകയും എല്ലാ മനുഷ്യരെയും, മുഴുവൻ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ധാർമ്മികമായ കാഴ്ച്ചപ്പാടിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനം എന്ന നിലയിലാണ് കാണേണ്ടത്.

 ഉപ്പയുടെ നിലപാടുകളോട് താങ്കൾക്കുള്ള വിമർശനങ്ങളെന്തെല്ലാമാണ്? അദ്ധേഹത്തിന്റെ ഇസ്‌ലാമിക് സ്റ്റേറ്റ് പൊളിറ്റിക്സിനെക്കുറിച്ച് നിങ്ങൾക്കിടയിൽ സംസാരങ്ങൾ നടന്നിട്ടുണ്ടോ?

ഇല്ല, ഈ വിഷയത്തിൽ ഞങ്ങൾ സംസാരിച്ചിട്ടില്ല. തീർച്ചയായും, ഇതുപോലുള്ള സുപ്രധാന നിലപാടുകളിലേക്ക് അങ്ങനെ പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കുന്നതല്ല. ഏതൊരാളും തങ്ങളുടെ നിലപാടുകളിലേക്ക് എത്തിച്ചേരുന്നത് പലതരം ജീവിത സാഹചര്യങ്ങളിലൂടെ ജീവിച്ചതിന് ശേഷമാണ്. അദ്ധേഹത്തിന് പാകിസ്താൻ എന്ന ആശയം വളരെയേറെ പ്രിയപ്പെട്ടതായിരുന്നു. വംശം, ഗോത്രം, മറ്റ് ഐഡന്റിറ്റികൾ എന്നിവക്കപ്പുറത്ത് ഇസ്‌ലാമിനോടുള്ള പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയിൽ മാത്രം അടിസ്ഥാനമാക്കിയുള്ള യുണീക്കായ ഒരു പരീക്ഷണം എന്ന നിലയിലായിരുന്നു അദ്ധേഹം പാക്കിസ്താൻ എന്ന ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ചുള്ള ആശയം മുന്നോട്ട് വെച്ചത്. പിൽകാലത്ത് ഇസ്‌ലാമിക രാഷ്ട്രം എന്ന ആശയത്തോട് താല്പര്യം നഷ്ടപ്പെടുകയും കുറേ കൂടി ഖുർആനിക കാഴ്ച്ചപ്പാടുകളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. Principles of State and Government in Islam എന്ന അദ്ദേഹത്തിന്റെ പുസ്തകം അറുപതുകളുടെ തുടക്കത്തിൽ മാത്രമാണല്ലോ പുറത്ത് വരുന്നത്.

ഉമ്മയെക്കുറിച്ചുള്ള അനുഭവങ്ങൾ? എന്നാണ് അവരെ അവസാനമായി കാണുന്നത്?

ഉമ്മയുടെ ജീവിതത്തിന്റെ അവസാന വർഷം ഞാൻ അവരുടെ കൂടെത്തന്നെയായിരുന്നു. കാൻസർ മൂലം 1978ലാണ് അവർ മരിക്കുന്നത്. മരിക്കുന്നതുവരെ ഞാൻ റിയാദ് സർവകലാശാലയിൽ അദ്ധ്യാപനം നടത്തി ഉമ്മയോടൊപ്പം തന്നെ കഴിഞ്ഞു. അതിന് പുറമെ എല്ലാ വർഷവും അവരെ ഞാൻ മദീനയിൽ ചെന്ന് കാണാറുണ്ടായിരുന്നു. വരുന്ന സമയത്ത് ജിദ്ദയിലെത്തുമ്പോൾ ഉംറ ചെയ്തേ വീട്ടിൽ വരാവൂ എന്ന് നിർദ്ദേശിക്കും. പത്തോളം ഉംറകൾ ഞാൻ ആ രീതിയിൽ ചെയ്തിട്ടുണ്ട്. (ഇനി ഒരിക്കൽ ചില സുഹൃത്തുക്കളോടോപ്പം ഹജ്ജിന് പോവണമെന്ന് ആഗ്രഹമുണ്ട്. ഇൻഷാ അല്ലാഹ്.) എല്ലാ വർഷവറും രണ്ടോ മൂന്നോ മാസം ഞാൻ ഉമ്മയോടോന്നിച്ച് ഉണ്ടായിരുന്നു.

കർക്കശക്കാരനായിരുന്നെങ്കിലും ഉപ്പ ഒരിക്കലും എന്നെ അടിക്കാറില്ലായിരുന്നു. മൃഗങ്ങളെപ്പോലും മുഖത്തടിക്കൽ മഖ്റൂഹ് (വെറുക്കപ്പെട്ടത്) ആണ് എന്ന ഹദീസ് (പ്രവാചക വചനം) ഉദ്ധരിച്ചുകൊണ്ട് അദ്ധേഹം ഒരിക്കൽ സംസാരിച്ചത് എനിക്ക് ഓർമ്മയുണ്ട്. അത് എന്നിൽ വളരെ മതിപ്പുണ്ടാക്കിയ ഒരനുഭവമായിരുന്നു. ഉപ്പ ഒരു യഥാർത്ഥ ബുദ്ധിജീവിയായിരുന്നു, അദ്ദേഹം എനിക്ക് വേണ്ടത്ര ചിന്താ സ്വാതന്ത്ര്യം നൽകി.

ഉമ്മയിൽ നിന്ന് കിട്ടിയ കാര്യങ്ങളെ ഞാൻ പലപ്പോഴും വിലകുറച്ചാണ് കണ്ടത് എന്ന് തോന്നിയിട്ടുണ്ട്. അവർക്ക് എഴുതാനും വായിക്കാനും അറിയാം എന്നെ ഉണ്ടായിരുന്നുള്ളൂ. സൗദി അറേബ്യയിൽ അക്കാലത്ത് സ്ത്രീകൾ സ്കൂളിൽ പോകുന്ന പതിവ് ഉണ്ടായിരുന്നില്ല. പക്ഷേ അവർ പതിവായി ഖുർആൻ പാരായണം ചെയ്തിരുന്നു. കുട്ടിക്കാലത്തെ എന്റെ ഓർമ്മകളിലൊന്ന് രാത്രി സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ കേൾക്കുന്ന ഉമ്മയുടെ ഖുർആൻ ഓത്തിന്റെ ശബ്ദത്തിന്റെതാണ്. പറഞ്ഞറിയിക്കനാവാത്ത ആശ്വാസമായിരുന്നു ആ ശബ്ദം നൽകിയിരുന്നത്. ഉപ്പ ഒരു ഇൻ്റലക്ച്വൽ ആയിരുന്നു. ഇസ്‌ലാമിനെ ഒരു ബൗദ്ധിക വ്യവസ്ഥിതി ആയിട്ടാണ് അദ്ധേഹം കണ്ടത്. എന്നാൽ ഉമ്മാക്ക് ഇസലാം എംബോഡീഡ് ആയ ബീയിംഗിന്റെ ഒരു അവസ്ഥ ആയിരുന്നു. ഈ ഒരു വ്യത്യാസം ഞാൻ സാവധാനമാണ് തിരിച്ചറിയുന്നത്. പിന്നീട് ഉമ്മയുടെ ജീവിതത്തെക്കുറിച്ചും അവരുടെ ഇസ്‌ലാമിനെക്കുറിച്ചും ഞാൻ ചിന്തിച്ചു തുടങ്ങി. അങ്ങനെയാണ് മതത്തിൽ എംബൊഡിമെന്റിന്റെ പ്രസക്തിയെക്കുറിച്ചുള്ള ആലോചനകളിലേക്ക് ഞാൻ എത്തിച്ചേരുന്നത്. മതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഏറ്റവും പ്രധാനം ബൗദ്ധികത അല്ല എന്നും മതം എന്നതിന് അടിസ്ഥാനപരമായ ഒരു നിർവ്വചനം നൽകാനാവില്ല, കാരണം അത് ജീവിതത്തോടൊപ്പം തന്നെ രൂപപ്പെട്ടു വരുന്നതാണ് എന്നുമുള്ള തിരിച്ചറിവിലേക്ക് ഞാൻ എത്തുന്നത് അങ്ങനെയാണ്.

“മതം” എന്നത് ഒരു നിലക്കും ദീനിന്റെ വിവർത്തനം ആവുന്നില്ല. അതുകൊണ്ടാണ് “മതത്തെക്കുറിച്ച്” സംസാരിക്കുമ്പോൾ ഞാൻ പലപ്പോഴും കോമകൾ ഉപയോഗിക്കുന്നത്. ഉമ്മയുടെ ഇസ്‌ലാം ഒരു ‘വേ ഓഫ് ബീയിംഗ്’ ആയിരുന്നു, മനോഭാവങ്ങളും, വികാരങ്ങളും ശാരീരിക അവസ്ഥകളും ചേർന്ന ഒരവസ്ഥയാണത്. അവർ കൃത്യമായി പ്രാർത്ഥിക്കുകയും നിരന്തരം ഖുർആൻ പാരായണം ചെയ്യുകയും നോമ്പെടുക്കുകയും ചെയ്തു.

അമൂർത്തമായ ഒരു ഒബ്ജെക്റ്റ് ആയിരുന്നില്ല അവരുടെ വിശ്വാസം. ഉപ്പയുടെ ബൗദ്ധികവും വിമർശനാത്മകവുമായ സമീപനത്തിനും ഉമ്മയിലെ അത്തരം കാര്യങ്ങളുടെ അഭാവവും “മതം” എന്താണെന്ന് മനസ്സിലാക്കുന്നതിൽ സുപ്രധാനമാണ് എന്നാണ് എനിക്ക് തോന്നിയത്. ഇങ്ങനെയാണ് എന്റെ ഉമ്മ ജീവിച്ചത്, അതാണ് ഉമ്മയുടെ വിശ്വാസത്തിൽ അവരെ മുസ്‌ലിമായി നിലനിർത്തിയതും. ചിലപ്പോൾ ഇതേ കാരണം കൊണ്ട് തന്നെയാണ് അവർ ബൗദ്ധികമായി എനിക്ക് പ്രധാനമാകുന്നത് എന്നത് ഒരു വിരോധാഭാസവുമായിരിക്കാം .

തങ്ങളുടെ ജീവിതത്തിന്റെ അവസാന കാലത്ത്, ദൈവ ശാസ്ത്രത്തിലും ഫിലോസഫിയിലും അവർ നടത്തിയ എല്ലാ പഠനങ്ങളും എഴുത്തുകളും വിട്ട് “നിശാപൂരിലെ വൃദ്ധകളുടെ വിശ്വാസം” (‘ajā’iz naysābūr) മാത്രമെ ഞാൻ ആഗ്രഹിക്കുന്നുള്ളൂ എന്ന് പറഞ്ഞ അൽ ഗസ്സാലി, അൽ ജുവൈനി (റ അൻഹുമാ) തുടങ്ങിയ പണ്ഡിതന്മാരെയാണ് എനിക്ക് ഓർമ്മ വരുന്നത്. മറ്റൊരു സന്ദർഭത്തിൽ ഗസ്സാലി ഇമാം ഇഹ്യയിൽ ഒരു ദൈവശാസ്ത്ര പണ്ഡിതന്റെ വിശ്വാസം കാറ്റിൽ തൂങ്ങുന്ന നൂൽ പോലെയും ഒരു സാധാരണ വിശ്വാസിയുടേത് ഉറച്ച പാറ പോലെയുമാണ് എന്ന് പറയുന്നതും കാണം. 1980കളിൽ ജീനിയോളജീസ് എഴുതുന്നത് മുതൽ നിങ്ങൾ ഇസ്‌ലാമിക പാരമ്പര്യത്തിൽ കൂടുതൽ താൽപര്യം കാണിക്കുന്നത് കാണാം. ഉമ്മയുടെ സ്വാധീനം മൂലമാണോ അത് സംഭവിച്ചത്? അല്ലെങ്കിൽ അവരുടെ മരണം?

ചിലപ്പോൾ അങ്ങനെയുമാവാം. 1978-ൽ അവർ മരിക്കുമ്പോൾ, ഞാൻ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി. എംബൊഡിമെന്റിനെക്കുറിച്ചുള്ള എന്റെ പേപ്പറുകൾ ഞാൻ എഴുതുന്നത് 1980കളിലാണ്. പുസ്തകം പുറത്ത് വന്നത് 93 ലാണെങ്കിലും.

പതിനഞ്ച് വയസ്സാകുമ്പോഴാണ് വിശ്വാസത്തിൽ ഇടർച്ച സംഭവിച്ചത് എന്ന് ഒരിടത്ത് പറഞ്ഞിരുന്നു. തുടർന്നുള്ള വികാസം എങ്ങനെയാണ്? ജീനിയോളജീസിൽ കാണുന്നത് ആ ഒരു വികാസത്തിന്റെ പ്രതിഫലനങ്ങളാണോ?

അതെ, പിൽക്കാലത്താണ് ഞാൻ കൂടുതലായി ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ച് സ്വയം ബോധ്യങ്ങൾ രൂപപ്പെടുത്തന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നതും പുതിയ കണ്ണുകളോടെ കാര്യങ്ങൾ കാണാൻ തുടങ്ങുന്നതും. ആ ഒരു പ്രചോദനം ജീവിതത്തിൽ എനിക്ക് പ്രാധാന്യമുള്ളതായി മാറുകയും ചെയ്തു.

ഉപ്പയുടെ മരണം എങ്ങനെയാണ് സ്വാധീനിച്ചത്? നിങ്ങളുടെ എഴുത്തുകളോട് അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു?

92ലാണ് അദ്ദേഹം മരണപ്പെടുന്നത്. മതത്തെ കുറിച്ചുള്ള എന്റെ പുസ്തകങ്ങളൊന്നും അപ്പോഴേക്കും പുറത്തുവന്നിരുന്നില്ല. എന്റെ രചനകളിൽ അദ്ദേഹം വലിയ താല്പര്യം കാണിക്കാൻ ഇടയുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അദ്ധേഹത്തിന് പഠിക്കാൻ അവയിൽ ഒന്നുമില്ലായിരുന്നു. എന്നോട് വളരെ സ്നേഹത്തോടെയായിരുന്നു ഉപ്പ പെരുമാറിയിരുന്നത്. “അവന്റെ ഈമാൻ ളഈഫാണ് (വിശ്വാസം ദുർബലമാണ്) (ചിരി) എന്ന് ആരോടോ എന്നെകുറിച്ച് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. എന്റെ ചിന്തയിൽ ചില പ്രതിസന്ധികളുണ്ട്. ചിലപ്പോൾ ഞാൻ അവ്യക്തമയിട്ടാണ് കാര്യങ്ങളെ കാണുന്നത്. വരാനിരിക്കുന്നതിനെക്കുറിച്ച് മാത്രമല്ല ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നും അവയെ എങ്ങനെയാണ് ജീവിതത്തിൽ പകർത്തേണ്ടത് എന്നുമെല്ലാം. എന്റെ എഴുത്തുകളിൽ ഞാൻ പലപ്പോഴും സംതൃപ്തനല്ല. എന്നിൽ നിന്നും പൂർണ്ണമായി വേറിട്ട് പോയതിന് ശേഷമല്ലാതെ ഞാൻ പ്രസിദ്ധീകരിച്ചത് വായിക്കാൻ എനിക്ക് ഇഷ്ടമല്ല. കാരണം അല്ലെങ്കിൽ ഞാൻ എഴുതിയ പല കാര്യങ്ങളിലും എനിക്ക് അപ്പോൾ സംശയം തോന്നിത്തുടങ്ങും .

എഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ സ്വാധീനിച്ച എഴുത്തുകാർ, മേഖലകൾ?

പാശ്ചാത്യ തത്ത്വചിന്തകരിൽ ചിലർ സ്വാധീനിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചിന്തകരെക്കാൾ ഞാൻ അടുത്തറിയുന്നത് അവരെയാണ്. കോളിൻ വുഡ്, വിറ്റ്ഗൻസ്റ്റൈൻ തുടങ്ങിയവർ ചിന്തിക്കാൻ പ്രേരിപ്പിച്ചവരാണ്. അതോടൊപ്പം ഒരൊറ്റ ജ്ഞാന പാരമ്പര്യത്തിന്റെ സ്വാധീനത്തിലല്ല  ഞാൻ നിലനിൽക്കുന്നത്. പാശ്ചാത്യ പാരമ്പര്യവുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്ന ഒരു ‘നെറ്റവർക്ക് ട്രഡീഷൻ’ ആയിട്ടാണ് ഞാൻ ഇസ്‌ലാമിനെ കാണുന്നത്. ഇസ്‌ലാമിക ജ്ഞാന പാരമ്പര്യവുമായി ചേർത്താണ് ഞാൻ ഐഡന്റിഫൈ ചെയ്യപ്പെടുന്നത് എങ്കിലും ഇത്തരം പരസ്പര ബന്ധങ്ങളിൽ നിന്നാണ് എന്റെ ഭാവുകത്വുവും ധാരണകളും രൂപപ്പെടുന്നത്.

വ്യവഹാരികവും അല്ലാത്തതുമായ പാരമ്പര്യങ്ങളെക്കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നു. വ്യാവഹാരികമല്ലാത്ത പാരമ്പര്യം നിലനിക്കുന്നത് വാദങ്ങളുടെയും റീസണിംഗിന്റെയും പുറത്തല്ല എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു ട്രഡിഷനെക്കുറിച്ച് നമ്മൾ ചിന്തിക്കുമ്പോൾ അതിൽ പാഠങ്ങൾക്കും ചർച്ചകൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്. അതേ സമയം ബൗദ്ധിക വ്യവഹാരങ്ങൾ മാത്രമല്ല ഒരു പാരമ്പര്യത്തിലെ പ്രധാന ഭാഗം. മനുഷ്യ ജീവിതത്തെപ്പോലെ പരസ്പരം പിന്തുണക്കുന്നതും അല്ലാത്തതുമായ വൈരുദ്ധ്യങ്ങൾ നിറഞ്ഞ വ്യത്യസ്ത ഘടകങ്ങൾ കൂടിച്ചേരുന്നതാണ് ഒരു ട്രഡീഷൻ എന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്.

ഈജിപത്തിൽ പതിനെട്ടാം നൂറ്റാണ്ട് വരെ മീലാദുന്നബി ആഘോഷ സമയത്ത് സഹീഹുൽ ബുഖാരി മുഴുവൻ ഓതുന്ന പതിവുണ്ടായിരുന്നു. അവസാനം എല്ലാവരും ചേർന്ന് ‘ഖത്മുൽ ബുഖാരി’ (ബുഖാരി സമാപനം) ആഘോഷിക്കുകയും ചെയ്യും. ഇതൊരു ഇന്റലക്ച്വൽ എക്സസൈസ് എന്നതിന് പകരം പ്രകടനാതമകവും ആദര സൂചകവുമായ ഒരു ചടങ്ങാണ്. ആളുകളെ പ്രവാചകന്റെ മാതൃകകളെ പരിചയപ്പെടുത്തുകയും അത് ജീവിതത്തിൽ പകർത്താൻ അവരെ പ്രേരിപ്പിക്കുകയുമാണ് ഇത്തരം ചടങ്ങുകൾ ചെയ്യുന്നത്. ഉദാഹരണത്തിന് പ്രവാചകൻ (സ) സുഗന്ധം ഇഷ്ടപ്പെട്ടത് കൊണ്ട് അവർ ശരീരത്തിൽ അത്തർ പുരട്ടും, പ്രവാചകന് (സ) തേൻ ഇഷ്ടമായത് കൊണ്ട് അവരും തേൻ കുടിക്കും. തങ്ങളുടെ പാരമ്പര്യത്തിന്റെ സ്ഥാപകനുമായിരുള്ള വൈകാരിക ബന്ധത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഇത്തരം കാര്യങ്ങളാണ് അവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. പ്രവാചകനുമായുള്ള (സ) ബന്ധം സ്ഥാപിക്കുവാനുള്ള അവരുടെ ആഗ്രഹത്തിൽ നിന്നും അവരുടെ ജീവിതത്തിന്റെ മറ്റു വശങ്ങളെക്കുറിച്ച് മനസ്സിലാക്കാനായിക്കൊള്ളണം എന്നില്ല. അത് കൊണ്ട് തന്നെ ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ചുള്ള ആലോചനകളിൽ മുഴുവൻ ഘടകങ്ങളെയും, ഡൈനാമിക് ആയതും പരസ്പരം ബന്ധപ്പെട്ട് കിടകുന്നതുമായ ഇടം എന്ന നിലയിൽ വേണം സമീപിക്കാൻ.


(സംക്ഷിപ്ത വിവർത്തനം)

പൂർണ്ണമായി വായിക്കാൻ: Interview with Talal Asad

ചിത്രം: http://www.criticalsocialinquiry.org

Comments are closed.