പേർഷ്യൻ ഗൾഫിലെ ആ ലേബർ കേമ്പിൽ ഒരു തൊഴിലാളി തന്റെ passport വിഴുങ്ങി സ്വയം ഒരു പാസ്പോർട്ടായി പരിണമിച്ചു.’
ദീപക് ഉണ്ണികൃഷ്ണന്റെ Temporary People എന്ന നോവലിന്റെ ആദ്യ ഖണ്ഡിക തുടങ്ങുന്നതിങ്ങനെയാണ്. പുസ്തകത്തിന്റെ ആദ്യ പേജുകളിൽ സ്യൂട്ട്കേസുകളുടെ കൂമ്പാരത്തിനു മുകളിൽ കിടക്കുന്ന, മനുഷ്യ ശരീരം കൊണ്ടുണ്ടാക്കിയ ഒരു construction craneന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണുള്ളത്. തുടർന്നു വരുന്ന അധ്യായങ്ങളിൽ കഥാപാത്രങ്ങളുടെ ചിത്രീകരണങ്ങളുണ്ട്. നിർമാണ മേഖലയിൽ വീണു തകർന്നു പോയ മനുഷ്യന്റെ കഷ്ണങ്ങൾ ഒട്ടിക്കുന്ന ഒരു സ്ത്രീ, ആശുപത്രിയിൽ മരിക്കാൻ കിടക്കുന്ന അച്ഛനുള്ള മകൻ U.A.E യിലേക്ക് വിസ കൂടാതെ മടങ്ങാൻ ശ്രമിക്കുന്നു, കൗമാരക്കാർ, തെരുവുതെണ്ടികൾ, ടാക്സിക്കാർ, ഇതര മനുഷ്യർ ഒക്കെ മരുഭൂമിയിലെ green houseകളിൽ വളരുന്നു; തൊഴിലാളിയായിത്തീരുവാൻ വേണ്ടി. ആനന്ദാത്മകവും (playful) അസംബന്ധാത്മകവും (absurd) ആയ ഈ കഥകളിൽ അന്തർലീനമായ ആശയം ഗൾഫിലുള്ള ഏതൊരാൾക്കും പരിചിതമായിരിക്കും. യാത്ര, കുടിയേറ്റം, ജോലി, തൊഴിൽ, വികൃതമാക്കപ്പെട്ട സ്വത്വം, താൽക്കാലിക അടിത്തറയിൽ നിർമിക്കപ്പെട്ട സംഭവങ്ങൾ എല്ലാം ഈ പ്രദേശത്തു ജീവിക്കുന്ന പലർക്കും, ഗ്രന്ഥകാരൻ ദീപക് ഉണ്ണികൃഷ്ണനടക്കം, യാഥാർഥ്യം തന്നെയാണ്.
ഒരു മാസം പ്രായമായത് മുതൽ അബുദബിയിലാണ് ദീപക് ഉണ്ണികൃഷ്ണൻ വളർന്നത്. പാരന്റ്സ് മലയാളികളാണ്. ഇപ്പോൾ 14 വർഷമായി U.S.Aയിൽ താമസം. ആദ്യ പുസ്തകമായ Temporary Peopleൽ ദീപക് കഥയുടെ ശിൽപം കൊണ്ടും ഭാഷ കൊണ്ടും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ചിതറിക്കിടക്കുന്ന അറബിക്, മലയാളം വാക്കുകൾ ഇംഗ്ലീഷിൽ എഴുതപ്പെട്ട പുസ്തകത്തിൽ ഇടക്കിടെ വരുന്നു. തിരിച്ച് പോരേണ്ടവർ എന്ന നിലയിൽ പ്രവാസി തൊഴിലാളികളുടെ ഗൾഫ് ജീവിതാനുഭവത്തെ ഒറ്റ വാക്കിൽ സമ്മറൈസ് ചെയ്യാൻTemporary People എന്ന പുസ്തകത്തിന്റെ പേരിനാവുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
ജെനി ഗുസ്താഫ്സൺ: അബുദബിയുമായുള്ള ബന്ധം, അത് എഴുത്തിൽ കടന്നു വരുതെങ്ങനെയാണ്, എങ്ങനെയാണ് വിദ്യാർഥികളെ കഥപറച്ചിൽ പഠിപ്പിക്കുന്നത്?
ദീപക് ഉണ്ണികൃഷ്ണൻ: ഞാൻ ശ്രമിക്കുന്നത് എന്റെ വിദ്യാർഥികളെ, സിറ്റിയിൽ പരമാവധി involve ചെയ്യിക്കാനാണ്. ഉദാഹരണത്തിന് ഞാൻ street foodനെ കുറിച്ചാണ് പഠിപ്പിക്കുന്നതെങ്കിൽ ഭക്ഷണമാണ് കുട്ടികളെ തെരുവിലേക്കയക്കാൻ ഞാനുപയോഗിക്കുന്ന tool. അവർക്ക് ഞാൻ കൊടുത്ത ഒരു assignment സിറ്റിയിലെ ഒരു ഉഗാണ്ടൻ റെസ്റ്ററന്റ് കണ്ടെത്തുക എന്നതായിരുന്നു. ഇതിനർഥം അവർ ജനങ്ങളോട് ഇടപെടേണ്ടിയിരിക്കുന്നു എന്നതാണ്. കാരണം അബൂദാബിയിൽ ഉഗാണ്ടൻ റെസ്റ്ററന്റ് ഇല്ല, ഉഗാണ്ടയിലെ ഭക്ഷണത്തിനു സമാനമായത് നൽകുന്നവയേ ഉള്ളൂ. ഇതവരറിയുക ടാക്സിക്കാരോടു ചോദിച്ചാൽ മാത്രമാണ്
യു. എ. ഇ നഗരങ്ങൾക്ക് തീർച്ചയായും പാചക കാര്യങ്ങളിൽ സമ്പന്നമായ പാരമ്പര്യമുണ്ട്. ഉപഭൂഖണ്ഡത്തിലെ ഏറ്റവും നല്ല ഭക്ഷണം ഇവിടെ കിട്ടും. അതിനു പുറമെ, ഒരെഴുത്തുകാരൻ എന്ന നിലയിൽ അബുദാബി എന്താണ് നിങ്ങൾക്ക്?
ഈ നഗരമാണ് എന്നെ വളർത്തിയത്. അതിനാൽ, ഇവിടെ ഞാൻ നൈസർഗികമായി മനസ്സിലാക്കിയ കാര്യങ്ങളുണ്ട്, ഒപ്പം പുറത്തു നിന്നു വരികയും ഒരിക്കൽ തിരിച്ചു പോവുകയും ചെയ്യുന്നവരുടെ മകൻ എന്ന നിലയിൽ മനസ്സിലാക്കിയ കാര്യങ്ങളുമുണ്ട്. എന്റെ വിദ്യാർഥികളോട് ഞാൻ നഗരത്തെക്കുറിച്ച് പറയുന്നത്, 80-90 കാലം മുതൽ ഞാനെങ്ങനെയാണോ അതിനെ ഓർക്കുന്നത് ആ നിലക്കാണ്. പ്രത്യേകിച്ചും ഓൾഡ് സിറ്റി സെന്ററിനെ പറ്റി. ഇപ്പോൾ ഞാൻ അബുദാബിയിൽ വന്നത്, എന്റെ കുടുംബം ഇവിടെ ആയതു കൊണ്ടാണ്. എന്റെ രചന അബുദാബിയുമായി ബന്ധപ്പെട്ടതാണ് എന്നതു കൊണ്ടും. പക്ഷേ എത്ര കാലം ഇവിടെ നിൽക്കുമെന്നനിക്കറിയില്ല. ഈ രാജ്യം ഓപ്പറേറ്റ് ചെയ്യുന്ന രീതി നോക്കിയാൽ എനിക്കിവിടെ നിൽക്കാൻ അധികം പറ്റില്ല.
നിങ്ങൾ പറയുന്നത് നിങ്ങൾക്ക് പൗരത്വം കിട്ടില്ല എന്നാണല്ലോ, ആ നിലക്ക് നിങ്ങളുടെ നോൺ ഇമാറാത്തിയായുള്ള എക്സിസ്റ്റൻസ് അസ്ഥിരമാണ് എന്നും, ആ ബിലോംഗിങ്ങ് ഒരിക്കലും വലുതായി കാണാൻ സാധിക്കില്ല.
അതെ, എങ്ങനെയാണ് ഞാൻ സ്വയം identify ചെയ്യുന്നത് എന്നോ, nationality ഏതാണെന്നോ ആളുകൾ ചോദിക്കുമ്പോഴെല്ലാം ഞാനതു നിരസിക്കും. ഞാൻ പറയാറുള്ളത് എന്റെ നഗരമാണ്. ഞാൻ അബുദാബിയിൽ നിന്നാണ് എന്ന് മാത്രം. യു.എസിലേക്ക് പോകും വരെ ഞാൻ സ്വന്തം നാട്ടിലാണ് എന്നു തന്നെയാണ് കരുതിയിരുന്നത്. വീടു വിട്ട ഒരാളായല്ല ഞാൻ എന്നെക്കുറിച്ച് ചിന്തിച്ചത്. എന്റെ അച്ഛനമ്മമാർ കേരളം വിട്ടപ്പോൾ അവർ സ്വദേശം വിട്ടു, പക്ഷേ ഞാൻ അങ്ങനെ അല്ല. ഇപ്പോൾ ഞാൻ കരുതുന്നത് ഞാൻ ഷിക്കാഗോവിൽ നിന്നോ ന്യൂ യോർക്കിൽ നിന്നോ ഉള്ള ആളാണ് എന്നാണ്. കാരണം അവിടെയാണ് ഞാൻ കുറെയായി താമസിക്കുന്നത്.
ബിലോംഗിങ്ങ്നെസ്സിനെ കുറിച്ചുള്ള ഈ ധാരണ ഒരു തമാശയെയാണ് ഓർമിപ്പിക്കുത്. രണ്ടു കയ്യിലും ബാഗുമായി വരുന്ന ഒരാളോട് എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: സൂപ്പർ മാർക്കിറ്റിൽ നിന്ന് എന്ന്.
അതെ, സത്യത്തെ സംബന്ധിച്ച ചില കാര്യങ്ങളുണ്ട. മറ്റുള്ളവർ നിങ്ങൾ പറയും എന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അല്ല നിങ്ങളുടെ സത്യം. കാരണം ബേസിക്കലി, നമ്മൾ എവിടെ വളർത്തപ്പെടുന്നു എന്ന കാര്യത്തിൽ നമുക്ക് ഒരു നിർണയവുമില്ല. ഇപ്പോൾ എനിക്ക് ഓർമ കൊണ്ട് നിറഞ്ഞ ഒരു ശരീരമുണ്ട്, പക്ഷേ അതെവിടെ പ്ലേസ് ചെയ്യണമെന്നെനിക്കറിയില്ല. ഇന്ത്യയിൽ പറ്റില്ല, ഗൾഫ് ഓർമകൾ എങ്ങനെയാകണം എന്നവിടുത്തുകാർക്ക് ഒരുറപ്പുണ്ട്. ഇവിടെയും പറ്റില്ല, കാരണം ഇവിടെ അതിനുള്ള ഭാഷയില്ല. ആളുകൾക്ക് കൂടിക്കുഴഞ്ഞ സ്വത്വമോ, വ്യക്തത വരുത്തുന്നതിനുള്ള കാറ്റഗറികളോ ഉള്ള അമേരിക്കയിൽ പ്ലേസ് ചെയ്യാനും പറ്റില്ല. അതിനാൽ ഞാനിപ്പോൾ ചെയ്യുന്നത് ഓർമകളെ എന്റെ കൂടെ കൂട്ടുന്നു. അവയെക്കുറിച്ച് സംസാരിക്കുന്നു, എന്റെ വർക്കുകളിൽ അവയെ അഡ്രസ് ചെയ്യുന്നു.
അതിനെ കുറിച്ച് പറയാമോ, നിങ്ങളുടെ ടെമ്പററി പീപ്പിൾ എന്ന നോവലിനെ കുറിച്ച്?
ആളുകൾ അത് വായിക്കുന്നു. അത് നല്ല കാര്യമാണ്. അത് ഒരു മിഡ്-ലെവൽ പ്രസ് ആണ് പ്രസിദ്ധീകരിച്ചത്. എന്റെ പ്രസാധകൻ എനിക്ക് വേണ്ടി വളരെ അധികം പരിശ്രമിച്ചിട്ടുണ്ട് എന്നതിനു പുറമെ, ഞാൻ കരുതുന്നത് ഇമിഗ്രന്റ് എന്ന വാക്കു കാരണം കിട്ടിയ അവാർഡും, അമേരിക്കയിൽ ഒരു ബിസിനസ് ഭീമൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ആണിത് പബ്ലിഷ് ചെയ്തത് എന്നതും പുസ്തകത്തെ റിവ്യൂ ചെയ്യുന്നതിൽ ഒരു ഇന്ക്രീസ് ഉണ്ടാക്കി എന്നാണ്. അതിനാൽ എനിക്ക് പരാതി പറയാൻ പറ്റില്ല. കാരണം പുസ്തകം, എല്ലാവർക്കുമറിയാത്ത ഒരു സ്ഥലത്തു നിന്നുള്ള സാഹിത്യം എന്ന നിലയിലാണ് നിലയുറപ്പിച്ചിട്ടള്ളത്. പിന്നെ ഇവിടെ വളർന്ന ആളുകളുണ്ട്, എന്നെപ്പോലുള്ളവർ. അവർ ഇതിനെ വ്യത്യസ്തമായ ചില ധാരണകളോടു കൂടെ വായിച്ചു. ചിലപ്പോൾ അത് അവരുടെ ഓർമകളുമായി ബന്ധപ്പെട്ടതായിരുന്നു, അതിനെ കുറിച്ചവർക്ക് ഒരു സംഭാഷണം വേണ്ടിയിരുന്നു. ചിലർക്ക് അത് സ്വത്വത്തെ സംബന്ധിച്ചതാണ്, മറ്റു ചിലർക്ക്, വീടിനെ കുറിച്ച ഒന്ന്, അല്ലെങ്കിൽ വീടാണ് എന്നു കരുതുന്നതിനെ കുറിച്ചുള്ളത്. അനിവാര്യമായിരുന്ന ഒന്ന് – ‘നീ എഴുതിയ ആ തെരുവ് എനിക്കറിയാം, എന്റെ തെരുവിനെ ഞാനൊരു സാഹിത്യത്തിലും വായിച്ചില്ല’ – പോലെ.
അത് ഇത് വരെ സാഹിത്യത്തിൽ വർണിക്കപ്പെടാത്ത ഒരു മേജർ ഷെയേഡ് എക്സ്പീരിയന്സിനെ കുറിക്കാനാണ് നിങ്ങൾ വാക്കുകൾ ഉപയോഗിക്കുത് എന്നതു കൊണ്ടാണ്. എന്തു കൊണ്ടാവും ഇത്രയും കാലം ഒരാളും എഴുതാതിരുന്നത്?
നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷെ ഞാൻ കരുതുന്നത് എഴുത്തുകൾ ഉണ്ടായിരുന്നു എന്നാണ്. പബ്ലിഷേഴ്സ് ആണ് അവ പ്രസിദ്ധീകരിക്കാൻ മടി കാണിച്ചത്. ഗൾഫ് ഡയസ്പോറ/ ഇമിഗ്രന്റ്സ് ലിറ്ററേച്ചർ എന്ന ആശയത്തെ സ്വീകരിക്കുന്ന ഒരു റിസെപ്റ്റീവ് ഓഡിയൻസോ പബ്ലിഷേഴ്സോ ഉണ്ടായിരുന്നില്ല. ഒപ്പം ജനങ്ങൾ, എങ്ങനെ സ്വത്വം എന്ന പ്രശ്നത്തെ നേരിടും എന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരുന്നില്ല. നമ്മൾ എന്നു പറഞ്ഞാൽ എന്താണ്? പല രാജ്യങ്ങളിലും ആ നാട്ടിലേക്ക് വന്നവരെ വിഷേശിപ്പിക്കാൻ ഓരോ പദമുണ്ട്. ഇവിടെ അതില്ല. ഇവിടെ ഉള്ള വാഗ്ദാനം വരണ്ടതാണ്: ‘ഇവിടെ വരിക, ജോലി ചെയ്യുക, അതു കഴിഞ്ഞ് നിങ്ങൾക്ക് പോകാം.’ അവരെ നിങ്ങൾ ഗസ്റ്റ് വർക്കർ എന്നോ കുടിയേറ്റ തൊഴിലാളി എന്നോ വിളിച്ചാൽ, അല്ലെങ്കിൽ ഏതെങ്കിലും നിലയിലുള്ള തൊഴിലാളി എന്ന് വിളിച്ചാൽ, അത് മതിയോ?
എന്റെ പുസ്തകം അഡ്രസ് ചെയ്യാൻ ശ്രമിക്കുന്നത് ഇക്കാര്യമാണ്. അതായത്, ചില ആളുകൾ കടന്നു പോവുന്ന കാര്യങ്ങൾ വിശദീകരിക്കാനോ മനസ്സിലാക്കാനോ ഉള്ള പദസമ്പത്ത് നമുക്കില്ല എന്ന്. ഞാൻ ട്രോമയെക്കുറിച്ചു മാത്രമല്ല പറയുന്നത്. സന്തോഷത്തെക്കുറിച്ചു കൂടിയാണ്. ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പറ്റി, റോഡ് സൈഡിൽ വെച്ച് ചായ കുടിക്കുന്നതിനെ പറ്റി പറയും പോലെ. അത്തരം ഓർമകളെ നിങ്ങൾ എങ്ങനെയാണ് പറയുക?
അവിടെ ഇൻഫർമേഷന്റെ ഒരു ഗ്യാപ്പുമുണ്ട്. കാരണം, വീട്ടിൽ വിളിക്കുമ്പോഴെല്ലാം-ഒരു പക്ഷേ എല്ലായ്പ്പോഴുമല്ല, ഞാൻ ജനറലൈസ് ചെയ്യുന്നില്ല – ഏറ്റവും ചുരുങ്ങിയത് എന്റെ കുടുംബത്തിൽ- ഇരു ഭാഗവും ചില കാര്യങ്ങളിൽ നുണ പറയുകയാണ്. ‘എങ്ങനെയുണ്ട്?, എനിക്ക് സുഖം തന്നെ, നിനക്കെന്തുണ്ട്?’ പിന്നെ ചെറിയ ഒന്നോ രണ്ടോ കാര്യങ്ങൾ. വേദനയെപ്പറ്റി, ദുഃഖത്തെപ്പറ്റി, അല്ലെങ്കിൽ മകനോട് ഒച്ചയിട്ടതിനെ കുറിച്ച് ഒക്കെ പോലെയുള്ള സുതാര്യമായ ഒരു സംഭാഷണം നടക്കുന്ന സന്ദർഭങ്ങൾ അപൂർവമാണ്. കാരണം നമുക്ക് നമ്മുടെ വ്യവഹാരങ്ങൾ സമാധാനപൂർണമാക്കണം. അപ്രകാരം തന്നെയായിരുന്നു ഞങ്ങളെ മാതാപിതാക്കൾ ഞങ്ങളെ കേരളത്തിൽ കൊണ്ടു പോകുന്ന സമയത്തും. ഞങ്ങൾ രാജാക്കന്മാരെ പോലെ പരിചരിക്കപ്പെട്ടു. ഞങ്ങളെ സന്തോഷിപ്പിക്കാനാണു എല്ലാവരും ആഗ്രഹിച്ചത്. സാധാരണത്വത്തിന്റെ അപൂർവ നിമിഷങ്ങളാണുണ്ടായിരുന്നത്, ആളുകൾ അഭിനയം നിർത്തുമ്പോൾ മാത്രമായിരുന്നു.
തൊഴിൽ കുടിയേറ്റത്തെയും ഗൾഫിനെയും കുറിച്ചെഴതുമ്പോഴെല്ലാം ഇര എന്ന അവസ്ഥയിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പാസീവ് സബ്ജക്ട്സ് എന്നതിനേക്കാൾ അപ്പുറം ചിത്രീകരിക്കപ്പെട്ട ആളുകൾ അപൂർവം. എന്താണ് നിങ്ങൾ കരുതുത്?
ഞാൻ കരുതുന്നത് ആ വാക്ക് ഒരു ഏജൻസി ആണെന്നാണ്. ഒരു പോരാട്ടമോ പീഡാനുഭവമോ ഇല്ല എന്നല്ല ഞാൻ പറയുന്നത്. തീർച്ചയായും ഉണ്ട്, എന്റെ അച്ഛനമ്മമാർ അതിനുദാഹരണമാണ്.ഞങ്ങൾ വളർന്നത് പാവങ്ങളായാണ്. ലേബർ ക്യാമ്പിൽ അല്ലെങ്കിലും ഞങ്ങൾ വളർന്നത് ഒന്നുമില്ലാതെയാണ്. പ്രതീക്ഷകളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ. ഇവിടെ ജനിച്ച ഞങ്ങൾ നഗരം നിങ്ങൾക്ക് – വംശ, ഭാഷാപരവും അങ്ങനെയുള്ള കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ – വളരെ ബ്ളണ്ടായി അനുഭവപ്പെടും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഞങ്ങൾക്ക് ഒരു മാർഗമുണ്ടാക്കോണ്ടിയിരുന്നു, അക്കാര്യം മനസ്സിലാക്കാൻ മാത്രമല്ല, ഞങ്ങളുടെ സാന്നിധ്യം അക്നോളെജ് ചെയ്യുന്ന വിധത്തിൽ ജീവിക്കാനും. അതേ സമയം തന്നെ എന്റെ അച്ഛനമ്മമാർ കുടുംബത്തിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പുകൾ നടത്തിയിരുന്നു, ഇപ്പോൾ അതെനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. ഇവിടെ ചെയ്യുന്ന കാര്യങ്ങളിൽ ആളുകൾ സന്തോഷമില്ലാത്തവരല്ല എന്നല്ല ഞാൻ പറഞ്ഞുവരുന്നത്, നിർമാണ മേഖലയിലാണ് ജോലിയെങ്കിൽ പ്രത്യേകിച്ചും. പക്ഷെ ഞാൻ കരുതുന്നത്, ഒരു വ്യക്തി മറ്റുള്ളുവരെ കുറിച്ച് പറയുമ്പോൾ അത് സശ്രദ്ധവും നൈതികവുമായിരിക്കണം എന്നാണ്. അല്ലെങ്കിൽ മറ്റുള്ളവരെ കുറിച്ച് എങ്ങനെ എഴുതുന്നു എന്നിടത്തും, പ്രത്യേകിച്ച്, എഴുത്തുകാരൻ ഇത്തിരി പ്രിവിലേജ് ഉള്ള ആളാണെങ്കിൽ; ജോലി സംബന്ധമോ, വംശ പരമോ, നാഷണാലിറ്റി കാരണമോ, അല്ലെങ്കിൽ എല്ലാം കൂടെയുള്ളതാണെങ്കിലോ എല്ലാം.
അതിനാൽ ജനങ്ങൾ, voicelessകളെ കുറിച്ച് എഴുതുമ്പോൾ എനിക്ക് എന്താണ് തോന്നുന്നത് എന്ന് ചോദിക്കുമ്പോൾ ആ ചോദ്യങ്ങൾ എന്നെ അക്ഷമനാക്കുന്നു. ശരിക്കും അത് ഒരു അപമാനമാണ്. ഞാൻ നിശ്ശബ്ദമാക്കപ്പെട്ടവരെക്കുറിച്ചല്ല എഴുതുന്നത്. നേരെ മറിച്ച്, ഇന്നേറ്റായി ഞാൻ മനസ്സിലാക്കിയ കാര്യങ്ങളാണ്. ഒരെഴുത്തുകാരൻ എന്ന നിലക്ക് എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം അതാണ്: അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഓർമകളിലേക്ക് ഊളിയിടുക, ജനങ്ങൾ അവയെ വിട്ടുകളയുന്നു എന്ന കാരണം കൊണ്ടു മാത്രം മറയപ്പെട്ടുകൊണ്ടിരിക്കുന്ന ഓർമ. എനിക്ക്, വിസിബിലിറ്റിയാണ് ട്രോമാ നരേറ്റീവുകളെക്കാളും പ്രാധാന്യമായുള്ളത്.
നിങ്ങൾക്ക് പോകുന്നതിനെയും മടങ്ങിവരുന്നതിനെയും കുറിച്ചുള്ള വൈയക്തികമായ അനുഭവവും ഉണ്ട്, അതെങ്ങനെയാണ് ഈ പുസ്തകത്തെ രൂപപ്പെടുത്തിയത്?
ഞാൻ പുസ്തകം എഴുതുന്നത് അബുദാബി വിട്ട ശേഷമാണ്. ശരിക്കു പറഞ്ഞാൽ ഇവിടെ ഇരുന്നിരുന്നെങ്കിൽ എനിക്ക് അതെഴുതാൻ കഴിയുമായിരുന്നില്ല, കാരണം എനിക്കതറിയാൻ കഴിയുമായിരുന്നില്ല എന്നതു തന്നെ. സ്റ്റേറ്റ്സിലേക്കു പോയപ്പോഴാണ് എന്റെ പാരന്റ്സ് അനുഭവിച്ച കാര്യങ്ങൾ ഞാനറിയുന്നത്. എനിക്ക് 20 വയസ്സുള്ളപ്പോഴാണ് ഞാൻ അമേരിക്കയിൽ പോവുന്നത്. എന്റെ അച്ഛന് 21 ഓ 22 ഓ വയസ്സുള്ളപ്പോൾ എമിറേറ്റ്സിൽ വന്നു. ആ വിട എനിക്ക് ഒരു ടൺ ഇഷ്ടിക കൊണ്ട് ഒരുമിച്ചടി കിട്ടിയ പോലുള്ള അനുഭവമായിരുന്നു. ആ സമയത്ത് എല്ലാ കാര്യങ്ങളും സെൻസ് ഉള്ളവയായിത്തീർന്നു. എന്റെ അച്ഛനും അമ്മയും എന്താണ് ആയിത്തീർന്നത് എന്ന് എനിക്ക് ഒറ്റയടിക്ക് മനസ്സിലായി.
നരേറ്റീവ്സിനെ കുറിച്ചും അതെന്നെ ചിന്തിപ്പിച്ചു. നിങ്ങളെന്നോട് ചോദിക്കുകയാണെങ്കിൽ എനിക്ക് കൂടുതൽ പറയാനുണ്ടായിരുന്ന ക്യൂബൻ അമേരിക്കൻ ചരിത്രം, ഇന്ത്യൻ അമേരിക്കൻ ചരിത്രം, നേറ്റീവ് അമേരിക്കൻ ചരിത്രം, ഇവയെല്ലാം എങ്ങനെ ഉണ്ടായി? എല്ലാവർക്കും പറ്റിക്കൂടാൻ എന്തെങ്കിലുമുണ്ട്. പക്ഷെ, ഇവിടെ ഗൾഫിൽ, എവിടെയാണ് ഗൾഫ് നരേറ്റീവ്സ് ഉള്ളത്? ഞാൻ കാണുന്നത് ഏകമുഖമാണ്; ഇവിടെ വരിക, ഇവിടെ ജീവിക്കുക, ത്യാഗം ചെയ്യുക. റിലേറ് ചെയ്യാൻ പറ്റിയ ഒന്നും എനിക്കിവിടെ കണ്ടെത്താൻ കഴിയുന്നില്ല.
ഈ പുസ്തകം എഴുതിയതിനാൽ മൈഗ്രന്റ് റൈറ്റർ എന്ന ലേബൽ പതിച്ചു കിട്ടാനുള്ള സാധ്യതയുണ്ട്. എന്തു കരുതുന്നു?
എനിക്ക് രക്ഷപ്പെടാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. രക്ഷപ്പെടാൻ കഴിയില്ല എന്ന് ഞാൻ തീർച്ചപ്പെടുത്തിയവ. പക്ഷേ, എനിക്കു പറയാവുന്നത് ഇതാണ്: നിങ്ങൾ പുസ്തകം വായിക്കുകയാണെങ്കിൽ നിങ്ങൾക്കറിയാനാകും, ഇതൊരു കുടിയേറ്റക്കാരൻ എഴുതുകയല്ല, ഒരെഴുത്തുകാരൻ എഴുതുകയാണ് എന്ന്.
അതെ, ഉദാഹരണത്തിന് ഒരു കുടിയേറ്റ രാജ്യമായിട്ട് പോലും നോർത്ത് അമേരിക്കൻ എഴുത്തുകാർക്ക് ആ ലേബൽ കിട്ടുകയില്ല.
അതെ. ഫിലിപ് റൂഥിനെ വായിക്കുമ്പോൾ ഒരിക്കലും നിങ്ങൾ അദ്ദേഹം ഒരു കുടിയേറ്റക്കാരനാണെന്നു ചിന്തിക്കില്ല. ‘ഇതാ ഇവിടെ മറ്റൊരു വെള്ളക്കാരൻ, ജീവിതം കരുപിടിപ്പിക്കാൻ ജേഴ്സിയിലേക്ക് പോവുന്ന ജൂതരെ പറ്റി ഒരു ഇമ്മിഗ്രന്റ വർക്ക് എഴുതുന്നു’ എന്ന് നിങ്ങൾ പറയില്ല. അതു പോലെ നല്ലൊരു ചെറുകഥാകൃത്തായ ഇസാക് സിൻഗറെ വായിക്കുമ്പോഴും അദ്ധേഹം കുടിയേറ്റക്കാരെക്കുറിച്ചെഴുതുന്നു എന്ന് നിങ്ങൾ പറയില്ല. സിൻഗർ അദ്ധേഹത്തിന്റെ ജനതയെയും അവരുടെ ഭാഷയായ യിദ്ദിഷിനെയും അവരുടെ വർക്കുകളിലൂടെ സംരക്ഷിക്കാൻ ശ്രമിക്കുന്നു, അതാണ് ഞാനും ചെയ്യാൻ കരുതുന്നത്.
പക്ഷേ, അപ്പോഴും നമുക്ക് മാറാനാഗ്രഹിക്കാത്ത ഒരു ബ്രയിനുണ്ട്. കാര്യങ്ങൾ കാറ്റഗറൈസ് ചെയ്യാനും അങ്ങനെ മനസ്സിലാക്കാനും ആഗ്രഹിക്കുന്ന ലോകത്തെ നാവിഗേറ്റ് ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒന്ന്.
അതെ. ലോസ് ആഞ്ചലസ് റിവ്യൂ ഓഫ് ബുക്സിൽ ഒരു നിരൂപണമുണ്ടായിരുന്നു. നിരൂപകൻ ടെമ്പററി പീപ്പിളിനെ കറുത്ത എഴുത്തുകാരനായ ഴാങ്ങ് ടൂമറുടെ കെയ്ൻ എന്ന പുസ്തകവുമായി താരതമ്യം ചെയ്ത ഒന്ന്. അതിൽ ആവിഷ്കരിക്കാൻ സാധിക്കാത്തതിനെ ആവിഷ്കരിക്കാനായി ഉപയോഗിച്ചത് പണ്ട് ഉപയോഗിച്ചിരുന്ന ഭാഷാപ്രയോഗങ്ങളാണ്. എനിക്ക് അതൊരു ഞെട്ടിക്കുന്ന താരതമ്യമായിരുന്നു. കാരണം മിക്ക നിരൂപകരും ഒരേ ദിശയിലാണ് പോയത്: സൗത്ത് ഏഷ്യൻ എഴുത്തുകാർ, അല്ലെങ്കിൽ ബ്രൗൺ ബുക്ക്. എന്നാൽ അദ്ധേഹം എന്നെ അവരോ(യോ)ടല്ല കമ്പയർ ചെയ്തത്, മറിച്ച് ഒരു ബ്ലാക് എഴുത്തുകാരനോടാണ്. കാരണം അദ്ധേഹം കണ്ടന്റിലായിരുന്നു നോക്കിയിരുന്നത്. അപ്പോൾ വ്യത്യസ്തമായി ചിന്തിക്കുന്ന, അത്തരം കാഴ്ച്ചപ്പാടുകൾ നൽകുന്ന ആളുകളുണ്ട്. അപ്പോൾ എനിക്ക് മനസ്സിലാവുന്നത് എന്നെപ്പോലുള്ള ഗൾഫിൽ നിന്നുള്ളവരെ കുറിച്ച് വളരെ കുറച്ചു മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ എന്നാണ്.
അവസാനമായി, ഈ അനുഭവ സാഹചര്യത്തിൽ നിന്ന് ഭാവിയിൽ അബുദാബിയിൽ നിന്നോ ദുബൈയിൽ നിന്നോ ഉയർന്നു വരുമെന്ന് നിങ്ങൾ കരുതുന്ന സാഹിത്യമോ കലയോ ഏതാണ്?
ചിലതൊക്കെ ഇപ്പോൾ തന്നെയുണ്ട്. അബുദാബിയിൽ വളർന്ന ആന്ദ്രേ നഫീസ് സാഹിലിയുടെ കവിതാ സമാഹാരമായ ദ പ്രോമിസ്ഡ് ലാൻഡ് വളരെ നല്ല ഒന്നാണ്. പിന്നെ സൗദിയിൽ നിന്ന് ഒരു പുസ്തക സെറ്റുണ്ട്. ഇന്ത്യയിൽ ജനിച്ച് സൗദിയിൽ വളർന്ന താനാസ് ബന്തേനയുടെ. വിഷ്വൽ ആർട്ടിസ്റ്റുകൾക്കും ഞാൻ ശ്രദ്ധ കൊടുക്കാറുണ്ട്. റീം ഫലക്നാസ് ഉണ്ട്, അവർ ഇമാറത്തി ജീവിതത്തിലെ സിംപിൾ ആയ കാര്യങ്ങളാണ് ഡോക്യുമെന്റ് ചെയ്യുന്നത്. അവർ മലകളിലേക്കും ഗ്രാമങ്ങളിലേക്കും പോകുന്നു. പിന്നെ ലാന്റിയാൻ ക്സീ, ഔട്ട് ഓഫ് ദുബായ് ബേസ് ചെയ്തുള്ള ഒരാർട്ടിസ്റ്റാണവർ. കഴിഞ്ഞ വർഷത്തെ വെനീസ് ബിനാലെയുടെ ഭാഗമായിരുന്നു അവർ. ആ ബിനാലെക്ക് U.A.Eയിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ചു പേരിൽ, ഞാൻ കരുതുന്നത് മൂന്നു പേർ നോൺ ഇമാറാത്തികളായിരുന്നു. അത് വലിയ ഒരു കാര്യമാണ്. ഈ ലിസ്റ്റിലേക്ക് ഒരു പേരു കൂടെ ചേർക്കാൻ പറ്റുമെങ്കിൽ റജാ ഖാലിദിന്റെതാണ്. അവരുടെ വർക്കുകകൾ എന്നെ സ്തംഭിപ്പിക്കുന്നു.
ഞാൻ കരുതുന്നത്, മറ്റു രാജ്യങ്ങളിൽ ആളുകൾ ചെയ്യുന്ന കാര്യങ്ങൾ, പ്രത്യേക അനുഭവങ്ങൾ ഡോക്യുമെന്റ് ചെയ്യുക, അവ സംരക്ഷിക്കുക, ഒക്കെ ചെയ്യുന്ന ഒരു ഘട്ടം വരമെന്നു തന്നെയാണ്. കാരണം, ചില കാര്യങ്ങൾ പറയപ്പെടേണ്ടതുണ്ട്. എന്റെ മാതാപിതാക്കളുടെ ജനറേഷൻ ഡോക്യുമെന്റ് ചെയ്യുക എന്നത് എനിക്ക് ഒരുത്തരവാദിത്തം ആണെന്ന് തോന്നുന്നു. ഈ സ്ഥലത്തിന്റെ ട്രാൻസിയെന്റ സ്വഭാവം വെച്ചു നോക്കുമ്പോൾ ഒരു പക്ഷേ, ഒരു അർജൻസി ഉണ്ടെന്നാണ് തോന്നുന്നത്. കാരണം, എത്ര കാലം നാം ഇവിടെയുണ്ടാകുമെന്ന് നമുക്ക് ഒരുറപ്പുമില്ല.
വിവർത്തനം: അമീൻ എം റമദാൻ


Comments are closed.