ചായ നിറച്ച സ്റ്റൈറോഫോം കപ്പിൽ നിന്നും ഒരിറക്ക് ചായ കുടിച്ചതേ ഉള്ളൂ. ഇന്ത്യയുടെ ആകർഷകമായ കാലാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടത് പോലെ അനുഭവപ്പെട്ടു. ആനയും കുരങ്ങുകളുമൊക്കെ നിറഞ്ഞ കൊടും കാടുകൾ, കാമസൂത്രത്താൽ പ്രചോദിതമായ ശിൽപ്പകലകളെ കൊണ്ടലങ്കരിക്കപ്പെട്ട ക്ഷേത്രങ്ങൾ; അകത്ത് സുഗന്ധ ദ്രവ്യങ്ങൾക്കു നടുവിലായി തലയുയർത്തി നിൽക്കുന്ന സ്വർണ്ണത്തിൽ പണി തീർത്ത ദേവതമാർ തുടങ്ങിയ അനന്തമായ ചിത്രങ്ങൾ ചായയുടെ അനുഭൂതിയിൽ എന്നിലൂടെ കടന്നുപോയി.

ഒരു കുന്തവും സംഭവിച്ചില്ല എന്നതാണ് സത്യം. ആളുകളുടെ തള്ളുകൾ കേട്ട് എന്തെല്ലാമോ അതീന്ദ്രിയ അനുഭവങ്ങളിലേക്ക് നയിക്കപ്പെടും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ കരക്ക് ചായ എന്നറിയപ്പെടുന്ന ചായ കുടിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്കീ സാധനം തന്നെ ഇഷ്ടപ്പെട്ടില്ല. എരിവും കൊഴുപ്പും ക്രീമും അടങ്ങിയ അതിന്റെ ചുവ എനിക്ക് പിടിച്ചില്ല എന്ന് മാത്രമല്ല കുടിച്ച ശേഷമുള്ള അതിന്റെ കയ്പ്പ് രസം നാവിൽ നിന്ന് പോയിക്കിട്ടിയതുമില്ല. ഒടുവിൽ കുടിച്ച ചായക്ക് കാശും കൊടുത്ത് പുറത്തിറങ്ങി ഒരു പ്ലാസ്റ്റിക് കസേരയിൽ ചെന്നിരുന്നു. ദുബൈയിലെ തൊഴിലാളി സമൂഹം തിങ്ങിത്താമസിക്കുന്ന ഹോർ അൽ അനസിലായിരുന്നു ഞാനപ്പോൾ. ദുബൈ നഗരത്തിലെ വാണിജ്യ തെരുവോരങ്ങളിലുള്ള ജനക്കൂട്ടത്തെ നിരീക്ഷിച്ച് അവർക്ക് നഗര പ്രദേശവുമായുള്ള ബന്ധങ്ങളെ രേഖപ്പെടുത്തുകയെന്ന ജോലിയായിരുന്നു എന്റേത്. ഒരു കഫറ്റീരിയയിൽ കയറി ചായ കുടിച്ചാൽ ഇവിടുത്തെ ജനങ്ങളുമായി ഇടകലരാൻ സാധിക്കുമെന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ.

സത്യത്തിൽ ഈ തള്ളുന്നതിലൊക്കെ വല്ല സത്യവുമുണ്ടോ? എനിക്കറിയില്ല.

ചായ കുടി പതിവാക്കിയതോടെ നാക്കിലെ രുചി പതിയെ ചായയുമായി പൊരുത്തപ്പെടാൻ തുടങ്ങി. ഒരു ചായ കുടിക്കുന്നതിലൂടെ ഒരു ദേശത്തിന്റെ ആത്മാവിലേക്കും സംസ്കാരത്തിലേക്കും നിങ്ങൾക്ക് ഇറങ്ങിച്ചെല്ലാനാവുമോ? നിങ്ങൾക്കൊരു സാധനം നിർബന്ധിച്ച് ഇഷ്ടമാക്കിത്തീർക്കാൻ പറ്റുമോ? ഈ ചായയുടെ കഥ ഞാൻ എന്നോട് തന്നെ പറയാൻ വന്നതായിരുന്നു. പക്ഷേ പറഞ്ഞു തുടങ്ങിയപ്പോൾ ഒരു ചായ എങ്ങനെ വിൽപ്പനച്ചരക്കാക്കപ്പെട്ടു എന്നും ഇവിടത്തെ നഗരവാസികൾ എങ്ങനെ അതിനെ അപ്രോപ്രിയേറ് ചെയ്യുന്നു എന്നും ഞാൻ കണ്ടു തുടങ്ങി. കരക്ക് ചായ തേടി ഹൈവേകളിലും പച്ചക്കറി ചന്തകളിലും തേടിയലഞ്ഞ എനിക്കു കാണാൻ കഴിഞ്ഞത് വെൻഡിംഗ് മെഷീനുകളിൽ വിതരണം ചെയ്യപ്പെടുന്ന, കലാ സിനിമകളിലെ കൗതുക വസ്തുവായ കരക്ക് ചായയാണ്.

സുഗന്ധ ദ്രവ്യങ്ങളായ ഏലക്ക, കറുവപ്പട്ട, കുങ്കുമം എന്നിവ നന്നായി തിളപ്പിച്ച് അവസാനം അൽപ്പം പാലൊഴിച്ച് ഉണ്ടാക്കുന്ന ഒരു തരം ചായയാണ് കരക്ക് ചായ. ചായ ഭ്രാന്തന്മാരുടെ അഭിപ്രായത്തിൽ ശുദ്ധമായ പാലും മസാലയുമൊക്കെ ചേർത്തുണ്ടാക്കിയ ഇന്ത്യൻ ചായയെക്കാളും കേമമാണ് കരക്ക് ചായ. ഇത്തരം ചെറിയ വ്യത്യാസങ്ങളൊന്നും അങ്ങനെ നിസ്സാരമായി വിട്ട് കളയാൻ പറ്റിയതല്ല. ഇറക്കുമതി ചെയ്യപ്പെടുന്ന മനുഷ്യരെയും വിഭവങ്ങളെയും ആശ്രയിക്കുന്ന ആർട്ടിഫിഷ്യൽ എന്ന് കണക്കാക്കപ്പെടുന്ന അറേബ്യൻ ഉപഭൂഖണ്ഡത്തിലെ പ്രകൃതിയിൽ ഈ ചായക്ക് പ്രത്യേക സ്ഥാനമുണ്ട്. 1960കളിൽ മേഖലയിൽ വികസിച്ച് വന്ന സൗത്തേഷ്യൻ പ്രവാസി സമൂഹങ്ങൾ ഉപയോഗിച്ചിരുന്ന ഇന്ത്യൻ ചായയുടെ വികസിത രൂപമാണ് ഇത് എന്ന് പറയാം. പിന്നീട് പ്രാദേശിക ഗൾഫ് ജനതയുടെ നാവിലെ രുചിക്ക് ചേരുന്ന രീതിയിലേക്ക് പരിണമിക്കുകയായിരുന്നു അത്. അങ്ങനെയാണ് പേരും പ്രാദേശികവൽക്കരിക്കപ്പെടുന്നത്. ഹിന്ദിയിൽ കടുപ്പം എന്നുർത്ഥമുള്ള കരക്ക് എന്ന പദം ഗൾഫിൽ ഈ പാനീയത്തിന്റെ പര്യായമായി മാറി.

അബൂദാബിയിൽ വെച്ച് മറ്റൊരു ഗവേഷണ പദ്ധതിക്കിടയിലാണ് ഞാൻ ഈ ചായയെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. കഫറ്റീരിയകൾക്ക് മുന്നിലെ തെരുവുകളിൽ പ്ലാസ്റ്റിക്ക് കപ്പുകളിൽ ചായ കുടിക്കുന്ന തൊഴിലാളികളെ ഞാൻ നിരീക്ഷിച്ചിരുന്നു. മാറ്റി നിർത്തപ്പെടുന്ന ഈ മനുഷ്യർക്കിടയിൽ ഒരു തരം സാഹോദര്യം വളർത്താൻ ഈ ചായ കുടി സഹായകമാകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തൊഴിലാളികൾ തങ്ങളുടെ സുഹൃത്തുക്കൾക്ക് ചായ ഓർഡർ ചെയ്യുന്നതും അവർക്ക് കൂട്ടമായി കുടിക്കുന്നതും കാണാമായിരുന്നു. കെട്ടിടങ്ങൾക്കു മുന്നിൽ കൂട്ടം കൂടി നിന്ന്, പരസ്പരം ചിരിച്ചും സംസാരിച്ചും അവർ ചായ കുടിച്ചു കൊണ്ടിരിന്നു. നിരന്തരമായി ക്രമങ്ങൾക്കും നിയമ വ്യവസ്ഥക്കും വേണ്ടി യത്നിക്കുന്ന നഗരത്തിന്റെ ക്രമത്തെ (order) അലങ്കോലപ്പെടുത്തുന്ന (disorder) ഒരു ഘടകമായിട്ടാണ് എനിക്ക് ഈ ചായക്കൂട്ടങ്ങളെ അനുഭവപ്പെട്ടത്. അധീശ നഗര ക്രമത്തോടുള്ള വിസമ്മതം രേഖപ്പെടുത്തുന്ന അവരുടെ പ്രതിരോധാത്മക പ്രവർത്തനമായിരിക്കുമോ ചായക്ക് ചുറ്റുമുള്ള ഈ കൂട്ടം കൂടലുകൾ?

അബൂദാബി ‘സൂപ്പർ ബ്ളോക്കിലെ’ മറഞ്ഞു കിടക്കുന്ന ചെറിയ ഇടങ്ങളെ മാപ്പ് ചെയ്യുക എന്നതായിരുന്നു ഒരു മാസത്തോളം നീളുന്ന എന്റെ പദ്ധതി. അധിവാസ സ്ഥലങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ 1970ൽ നിർമ്മിക്കപ്പെട്ടവയായിരുന്നു ഈ പ്ലാനിങ്ങ് യൂണിറ്റുകൾ. എന്നാൽ പെട്ടെന്ന് തന്നെ അവ പട്ടണത്തിലെ തൊഴിലാളികളുടെയും പിടിച്ച് നിൽക്കാൻ പാടുപെടുന്ന മധ്യവർഗ്ഗത്തിന്റെയും താമസ കേന്ദ്രങ്ങളായി പരിണമിക്കപ്പെട്ടു. ബംഗ്ളാദേശുകാർ നടത്തുന്ന ആലം മാർക്കറ്റ് എന്ന പേരിലുള്ള ഒരു സൂപ്പർ മാർക്കറ്റിന് ചുറ്റും ചെറിയ റെസ്റ്റോറന്റുകളും ചായക്കടകളും അവക്കിടയിലെ മരത്തിന് ചുറ്റുമുള്ള ഒഴിഞ്ഞ ഇടവും ബംഗ്ലാദേശികൾ ഒരുമിച്ചു കൂടുന്ന കേന്ദ്രമായി മാറിയിരുന്നു. മരച്ചുവട്ടിൽ ചെറിയ കപ്പുകളിൽ ചായയും കുടിച്ച് തൊഴിലാളികൾ കൂട്ടം കൂടിയിരിക്കും. പ്രഭാതം മുതൽ രാത്രി വൈകി വരെ അവിടെ ആളുകളെ കാണാം. അവിടെ ചുരുളഴിയുന്ന കഥകളിൽ ചായ ഒരു കേന്ദ്ര കഥാപാത്രമായിരുന്നു. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ധൃതിയിൽ ചായ ഓർഡർ ചെയ്യുന്നവർ, പകൽ ഇടവേളകളിൽ ചായ കുടിക്കുന്നവർ, ചിന്താ നിമഗ്നരായി ഒരു കൈയ്യിൽ മൊബൈൽ ഫോണും മറു കൈയ്യിൽ ചായും പിടിച്ചിരിക്കുന്നവർ. അങ്ങനെ പല തരക്കാരെ അവിടെ കാണാം. ഈ കൂട്ടങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കെ സുഹൃത്തുക്കളോടൊപ്പം ഒരു കപ്പ് ചായ വാങ്ങി പലപ്പോഴും ഞാനും ആ കൂട്ടത്തോടൊപ്പം ചേരും.

ഗവേഷണം ഒഴിച്ചുള്ള സമയങ്ങളിലും ഞാൻ ചായയെ പറ്റി അന്വേഷണം നടത്തിക്കൊണ്ടിരുന്നു. യുഎഇയുടെ ഹൈവേകൾ മുഴുവൻ വണ്ടിയുമായി ചുറ്റിക്കറങ്ങി പത്ത് യുഎഇ ദിർഹമിന് ലഭിക്കുന്ന, ഫ്ലേവർ ഒഴിച്ച് വെൻഡിങ്ങ് മെഷീനുകളുടെ സഹായത്തോടെ ചായ വിൽക്കുന്ന ഗ്യാസ് സ്റ്റേഷനുകളെ മനപ്പൂർവ്വം ഒഴിവാക്കി പകരം ഒരു ദിർഹമിന് ചായ ലഭിക്കുന്ന ട്രക്കു വണ്ടികൾ നിർത്തുന്ന അൽ ഐൻ ഹൈവേയിലെ കഫറ്റീരിയകൾ തേടി നടന്നു. ഓരോ തവണയും വെയ്റ്ററോട് ചായ ഓർഡർ ചെയ്ത് എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ ചായയാണിതെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് ഞാൻ കാറിലേക്ക് തിരിച്ച് നടക്കും. ഇന്ത്യൻ – അറേബ്യൻ സംസ്കാരത്തിന്റെ സങ്കലനങ്ങളെ ഉൾക്കൊണ്ട ഇമാറാത്തിയൻ സ്വത്വത്തിന്റെ സത്തയെ (essence) ഈ ചായ പ്രതിഫലിപ്പിക്കുന്നുണ്ട് എന്ന തോന്നുന്നു. പാർശ്വവൽക്കരണത്തിനും അസമത്വത്തിനുമെതിരെ നിലനിൽക്കുന്ന ഒരു കൂടിക്കലരലിന്റെ സാധ്യത ഇവിടെ തുറക്കപ്പെടുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു പോലെ സാധ്യമാകുന്ന, പ്രവേശനമുള്ള ഇടങ്ങളാണ് ഈ ചായ വിൽപ്പന കേന്ദ്രങ്ങൾ. പ്രാദേശിക ഇമാറാത്തി ജനതക്കിടയിൽ കരക്ക് ചായക്ക് വൻ പ്രചാരമുണ്ട്. കഫ്തീരിയകൾക്കു മുമ്പിൽ കാറുകൾ വരിവരിയായി നിർത്തി വെയ്റ്റർമാരെ കിട്ടാൻ ഹോർണടിക്കുന്നത് പതിവു കാഴ്ചയാണ്. ഇമാറാത്തിയൻ സ്വത്വത്തിന്റെ ഒരു ആവിഷ്കാരമായി ഈ കാഴ്ച്ചയെ അടയാളപ്പെടുത്താം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കരക്ക് ചായയുടെ പ്രചാരത്തെ പറ്റി പ്രാദേശിക മാധ്യമങ്ങൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ചായ കുടിക്കാതെ ഒരു ദിവസം പൂർത്തിയാക്കാനാവില്ല തുടങ്ങിയ ഇമാറാത്തികളുടെ ചായയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇത്തരം ഫീച്ചറുകളിൽ കാണാം. ചായ കുടിയുമായി ബന്ധപ്പെട്ട ‘തെരുവു മൂലകളിൽ കൂട്ടം കൂടി നിൽക്കൽ മുതൽ കാറിൽ വന്ന് ചായ ഓർഡർ ചെയ്യൽ’ വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും നഗരത്തിന്റെ അലങ്കോലത്തെ (disorder) മനസ്സിൽ ചിത്രീകരിക്കാൻ ഏറെ സഹായകമായിരിക്കും. ഊർജ്ജസ്വലവും ആരോഗ്യകരവുമായ നഗര ജീവിതത്തിന്റെ ഏറ്റവും പ്രധാന ഘടകം ഈ അലങ്കോലമാണ്. ഒരു നഗര പരിസരത്തെ നിർണ്ണയിക്കുന്ന അലങ്കോലത്തെ അറിയലാണ് ആ നഗര ജീവിതത്തെ മനസ്സിലാക്കുന്നതിൽ ഏറ്റവും പ്രധാനം. എന്നാൽ കഴിഞ്ഞ ഏതാനും ചില വർഷങ്ങളായി മുതലാളിത്ത വ്യവസ്ഥിതിയിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധാനമായി കരക്ക് ചായ മാറിയിട്ടുണ്ട്. നവ ലിബറൽ വ്യവസ്ഥിതിയിലേക്കുള്ള ഒരു കാൽവെപ്പ് എന്നോ പാനീയങ്ങളുടെ ആഗോളീകരണമെന്നോ ചായക്ക് പുതുമ നൽകലെന്നോ ഇതിനെ വിശേഷിപ്പിക്കാം. എന്തു തന്നെയായാലും വളരെ സാധാരണ ദൈനംദിന പ്രവർത്തനമായ ചായ കുടി ഇന്ന് നഗരത്തിലെ ബൂർഷ്വകളും പുരോഗമന വാദക്കാരും കൊണ്ടാടുന്ന സവിശേഷാധികാരമുള്ള ഒരു ആചാരമായി മാറിയിരിക്കുന്നു.

മുതലാളിത്വത്തിന്റെ ഈയൊരു വില്പനച്ചരക്കാക്കി മാറ്റൽ ചെറുതല്ലാത്ത രീതിയിൽ എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു ദേശത്തെ അദ്ധ്വാനിക്കുന്ന വർഗത്തിന്റെ സംസ്കാരത്തെ അപ്രോപ്രിയേറ് ചെയ്യുന്നത്തിൽ ഒരു തരം അധാർമ്മികത നിലനിൽക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇതേ കാരണം തന്നെയല്ലേ ഞാനും ഇപ്പോൾ ഈ ചായ കുടിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യം ബാക്കിയുണ്ട്.

കരക്ക് ചായയുടെ ജനകീയ സംസ്കാരത്തിലേക്കുള്ള കടന്ന് വരവ് പല വിധത്തിലായിരുന്നു. വ്യത്യസ്ത രുചി ഭേദങ്ങളെയും ഫ്ലേവറുകളെയും മാത്രം സ്പെഷ്യലൈസ് ചെയ്തു കൊണ്ടുള്ള അനേകം ചെയിൻ ബിസിനസുകളുണ്ട് ദുബായിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ. പക്ഷേ അവയെല്ലാം ഭീമമായ വില ഈടാക്കുന്നവയാണ്. ചായ വിൽപ്പനയിലെ നവീന രൂപങ്ങളായ ഇൻസ്റ്റൻറ് കരക്ക് ഉൽപ്പന്നങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ‘ചായ് വല്ല ‘ എന്ന പദ്ധതി രൂപപ്പെട്ടിരുന്നു. ദുബൈയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ ബുർജ് ഖലീഫക്കടുത്തായിരുന്നു ഈ പദ്ധതി ഉടലെടുത്തത്.12 യുഎഇ ദിർഹമിനാണ് ഇവിടെ ഒരു കപ്പ് ചായ വിൽക്കപ്പെടുന്നത്. അവിടെ നിന്നാണ് കരക്ക് ചായ വെയർഹൗസ് ഗാലറികളിലേക്കും അൽ സെർകൽ റോഡിലെ കോഫീ ഷോപ്പുകളിലേക്കും കയറിയെത്തുന്നത്. ഒരു ആർട്ട് ഹൗസ് സിനിമയും അൽ സെർക്കൽ റോഡിനടുത്ത് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആർട്ട് ഹൗസിനു ചുറ്റും പുറത്തെ അസ്വസ്ത്ഥതകൾ മറക്കാൻ പാകത്തിൽ വലിയ മതിലുകൾ പണിതിട്ടുണ്ട്. അതു കൊണ്ട് ആർട്ട് ഹൗസിൽ സിനിമ കാണാൻ വരുന്നവർക്ക് അൽ ഖൂസിലെ ചേരികളോട് സമാനമായി ജീവിക്കുന്നത് തൊഴിലാളികളിൽ നിന്നും വിട്ട് മാറി സിനിമക്കു മുമ്പ് കരക്ക് ചായ സ്വസ്ഥമായിരുന്ന് കുടിക്കാം.

എന്നാൽ ഇതൊക്കെ ഒരു പ്രശ്നമാണോ? ജനങ്ങൾക്ക് സിനിമ കാണാനും ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്നും മാറി ഒരുമിച്ച് കൂടുകയുമൊന്നും വേണ്ടേ? ഈ സംരംഭകരുടെ അധ്വാനത്തിന് പ്രതിഫലം കിട്ടേണ്ടതില്ലേ? ഡിക്കൻസിയൻ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ഒരു കല്ലേറ് മാത്രം വിദൂരത്തുള്ള ഒരു മോഡലിലേക്കാണ് മുഴുവൻ നഗരവും നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നിടത്താണ് കാര്യങ്ങൾ കിടക്കുന്നത്. ഒരു വിഭാഗത്തിന്റെ പാനീയത്തെ നാം കുടിക്കുമ്പോൾ അവരുടെ വേദനയുടെ, കഷ്ടപ്പാടുകളുടെ തീവ്രത മനസ്സിലാക്കപ്പെടാതെ പോകുന്നുണ്ടോ? പ്രത്യേകിച്ചും അതിനെ ഒരു വില്പനച്ചരക്കാക്കി മാറ്റുമ്പോൾ?

സംസ്കാരത്തിന്റെ ചിഹ്നളെയും അനുഭവങ്ങളെയും കവർന്നെടുത്ത് വാണിജ്യവൽക്കരിക്കൽ ഒരു തരം സാംസ്കാരികമായ ഏറ്റെടുക്കലാണ്, അപ്രോപ്രിയേറ് ചെയ്യലാണ്. അത് ആ വസ്തുക്കളുടെയും അനുഭവങ്ങളുടെയും സത്തയെ വില കുറച്ച് കാണിക്കലാണ്. ഇവിടെ ഇമാറാത്തതിൽ ഈ ചായയുടെ യഥാർത്ഥ അവകാശികൾക്ക് സ്ഥിര താമസവും പൗരത്വവും നിഷേധിച്ച് കൊണ്ടാണ് അവരുടെ പാനീയം ആഘോഷിക്കപ്പെടുന്നത്. ഇതൊരു പക്ഷേ എന്റെ കടന്ന ചിന്തയായിരിക്കാം. എന്നാൽ സർവ്വ സുഗന്ധിയായ ഈ ചായ രുചിക്കുമ്പോൾ ഈ ഇടത്തിന്റെ ഭാഗമാണെന്ന് നിങ്ങൾക്ക് വ്യാജമായ ഒരു തോന്നൽ ഉണ്ടായേക്കാം, യാഥാര്‍ത്ഥ്യം അങ്ങനെ അല്ലെങ്കിൽ പോലും. ഒരർത്ഥത്തിൽ ഇതുതന്നെയാണ് ക്ഷണികതയുടെ വിജയം. താൽക്കാലിക നഗരത്തിന്റെ ആത്യന്തിക ആവിഷ്ക്കാരവും.


വിവർത്തനം: N.Muhammed Khaleel

Comments are closed.