മരണം, ബുദ്ധിസം, ഇസ്‌ലാം: മരണസ്മരണയുടെ നൈതിക സാധ്യതകൾ എന്ന ലേഖനത്തിന്റെ തുടർച്ച.


ഏതൊരു യാത്രക്കും നിർബന്ധമായും അവശ്യസാമഗ്രികൾ നമ്മൾ കരുതേണ്ടതുണ്ട്. അതിനാൽ ഈ ലോകത്തുനിന്നും പരലോകത്തേക്കുള്ള നിങ്ങളുടെ യാത്രയിൽ ദൈവഭയത്തെ കൂടെക്കൂട്ടിക്കൊള്ളുക. അതാണ് ഈ യാത്രയിൽ നിങ്ങൾ കരുതേണ്ടത്. ദൈവഭയത്തിലും അതിയായ തേട്ടത്തിലും രക്ഷതേടുക. അല്ലാഹുവാണെ, രാത്രിയുടെ അന്ത്യയാമത്തിൽ എഴുന്നേൽക്കുമോ എന്നും പ്രഭാതം മുതൽ പ്രദോഷം വരെ ജീവിക്കുമോ എന്നും അറിയാത്ത മനുഷ്യനെ സംബന്ധിച്ചിടത്തോളം അമിതപ്രതീക്ഷ വെച്ചുപുലർത്തുക അസാധ്യമാണ്. ഒരുപക്ഷെ, ഈ സമയങ്ങളിലായിരിക്കാം അവന്റെ മേൽ വിധിയുടെ കൊളുത്ത് വീഴുന്നത്.
– ഉമർ ഇബ്‌നു അബദുൽ അസീസ്

രാഷ്ട്രീയസ്ഥിരത കൈവരിക്കുകയും അതിവേഗം വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന അധിനിവേശാനന്തര വിശ്വാസ സമുദായത്തെ (Post-conquest faith community) സംബന്ധിച്ചിടത്തോളം പ്രസക്തമായ ഒരു ഇസ്‌ലാമിനെ ആവിഷ്‌കരിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ച സൂഫിയും ദൈവശാസ്ത്രകാരനുമായിരുന്നു അബൂഹാമിദുൽ ഗസ്സാലി. വടക്കു-കിഴക്കൻ ഇറാനിലെ തൂസ് എന്ന പ്രദേശത്താണ് അദ്ദേഹം ജനിക്കുന്നത്. മുസ്‌ലിം നിയമം, രാഷ്ട്രീയ ദൈവശാസ്ത്രം, ലോജിക്ക്, തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും തത്വചിന്ത, മിസ്റ്റിസിസം, നൈതികത തുടങ്ങിയ മേഖലകളിൽ നടത്തിയ ഇടപെടലുകളാണ് പടിഞ്ഞാറിൽ ഇമാം ഗസ്സാലിയെ ശ്രദ്ധേയനാക്കിയത്. അരിസ്റ്റോട്ടീലിയൻ ഭവശാസ്ത്രത്തെ (Ontology) സ്വീകരിക്കാതെ അരിസ്റ്റോട്ടീലിയൻ ലോജിക്കിനെ ഇസ്‌ലാമിക ദൈവശാസ്ത്ര (കലാം) പാരമ്പര്യവുമായി സമന്വയിപ്പിച്ച ആദ്യത്തെ മുസ്‌ലിം ദൈവശാസ്ത്രകാരനാണദ്ദേഹം. ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ ക്രമാതീതമായ പരിണാമത്തിന് നിദാനമായ ഒട്ടനവധി രചനകൾ നടത്തിക്കൊണ്ടാണ് ഇമാം ഗസ്സാലി ഇത് സാധ്യമാക്കിയത്. ഇസ്‌ലാമിക ജ്ഞാനശാസ്ത്ര പാരമ്പര്യത്തിനകത്ത് ആധികാരിക ഗ്രന്ഥങ്ങളായിട്ടാണ് അവ പരിഗണിക്കപ്പെടുന്നത്. അക്കാരണത്താൽ തന്നെ മൈമോണിഡെസ്, തോമസ് അക്വിനാസ് തുടങ്ങിയ മിസ്റ്റിക്കൽ തത്വചിന്തകരുമായി അദ്ദേഹത്തെ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. അതേസമയം ക്രൈസ്തവ യൂറോപ്പിന്റെ നിയോപ്ലാറ്റോണിക് ഗ്രീക്ക് സംസ്‌കാരങ്ങളും ഇസ്‌ലാമും തമ്മിൽ വളരെ പ്രധാനപ്പെട്ട ഒരു ആശയബന്ധം രൂപപ്പെടുത്താൻ സാധിച്ചതിലൂടെയാണ് അദ്ദേഹം ബൗദ്ധികലോകത്ത് സ്വീകാര്യനായത്.

ബഗ്ദാദ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകവൃത്തി ഉപേക്ഷിച്ച് നടത്തിയ ആത്മീയ യാത്രക്കൊടുവിലാണ് അൽ-ഗസ്സാലിയുടെ രണ്ട് പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തിറങ്ങിയത് എന്നതാണ് താൽപര്യജനകമായ ഒരു വസ്തുത. ഒന്നാമത്തേത് അദ്ദേഹത്തിന്റെ ആത്മീയ ഉള്ളടക്കമുള്ള ആത്മകഥയായ അൽമുൻഖിദു മിനള്ളലാൽ എന്ന ഗ്രന്ഥമാണ്. ലോകം ആദരിക്കുന്ന വലിയൊരു പണ്ഡിതൻ എന്ന നിലയിൽ നിന്ന് പ്രശസ്തിയും സമ്പന്നതയുമെല്ലാം വലിച്ചെറിഞ്ഞ ഒരു സൂഫിയുടെ ജീവിതത്തിലേക്കുള്ള പരിവർത്തനമാണ് അതിൽ പറയുന്നത്. ആ്‌ഴമേറിയ ആത്മപരിശോധനയുടെ ഘട്ടം എന്നാണ് ഇമാം ഗസ്സാലി അതിനെക്കുറിച്ച് വിശേഷിപ്പിക്കുന്നത്:

‘എന്റെ ജീവിതസാഹചര്യങ്ങൾ പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഞാൻ നിരവധി ബന്ധനങ്ങളിൽ പെട്ടുപോയിട്ടുണ്ട് എന്നാണ്. അധ്യാപകൻ എന്ന എന്റെ സാമൂഹികസ്ഥാനത്തെയും എന്റെ ഉദ്ദേശലക്ഷ്യത്തെക്കുറിച്ചും ഞാൻ ആലോചിച്ചുനോക്കി. ദൈവികമായ ലക്ഷ്യങ്ങൾ എന്നിലില്ല എന്നും പ്രശസ്തിക്കും പണ്ഡിതനാകാനും ജനങ്ങളാൽ അംഗീകരിക്കപ്പെടാനുമാണ് ഞാൻ ആഗ്രഹിച്ചത് എന്നും എനിക്ക് മനസ്സിലായി. ലൗകിക ആഗ്രഹങ്ങൾ എന്നെ ചങ്ങലകളാൽ ബന്ധിച്ചിരിക്കുകയാണ്. വിശ്വാസത്തിന്റെ ശബ്ദമാകട്ടെ, എന്നെ വിളിക്കുന്നു, ‘ പാതയിലേക്ക്! പാതയിലേക്ക്!

ജീവിതത്തിലിനി ഒന്നും അവശേഷിക്കുന്നില്ല. യാത്രയാണെങ്കിൽ ദൈർഘ്യമേറിയതുമാണ്. ബൗദ്ധികമായും പ്രായോഗികമായും നിന്നെ തിരക്കുള്ളവനാക്കുന്നത് കാപട്യവും മിഥ്യയുമല്ലാതെ മറ്റൊന്നുമല്ല. പാരത്രികജീവിതത്തിന് വേണ്ടി ഇപ്പോൾ തന്നെ നീ തയ്യാറെടുക്കുന്നില്ലെങ്കിൽ എപ്പോഴാണ് നിനക്കതിന് സാധ്യമാവുക? ഇത്തരം ബന്ധനങ്ങളെ ഈ നിമിഷം തന്നെ നീ കൈവെടിയുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്?’

ബന്ധനങ്ങളുടെയും മിഥ്യകളുടെയും ലൗകിക ആഗ്രഹങ്ങളുടെയും വലയിൽ പെട്ടുപോകുന്നതിനെതിരെയുള്ള ഓർമ്മപ്പെടുത്തലുകൾ എല്ലാ മതങ്ങളെയും പോലെത്തന്നെ ബുദ്ധമത പാരമ്പര്യത്തിലും കാണാൻ സാധിക്കും. എന്നാൽ ഗസ്സാലിയുടെ എഴുത്തുകളിൽ നിരന്തരമായി കാണപ്പെടുന്ന ആത്മപരിശോധനയെക്കുറിച്ച പരിചിന്തനങ്ങൾ കൂടുതലായും സജീവമായി നിലനിൽക്കുന്നത് പരിത്യാഗത്തെയും (സുഹ്ദ്) ആത്മത്തെ ലൗകികതയിൽ നിന്ന് വിമോചിപ്പിക്കുന്നതിനെയും (തബത്തുൽ) തീവ്രമായി ആവിഷ്‌കരിക്കുന്ന സൂഫീ പാരമ്പര്യങ്ങളിലാണ്. ഇമാം ഗസ്സാലി തുടർന്ന് എഴുതുന്നത് അധ്യാപന ജീവിതം തുടരാനും ജീവിതസുഖങ്ങളും സൗകര്യങ്ങളും നിലനിർത്താനും തന്നോട് ആവശ്യപ്പെടുന്ന പൈശാചിക പ്രേരണകളെക്കുറിച്ചാണ്. തുടർച്ചയായ ആത്മസംഘർഷത്തിനൊടുവിൽ അധ്യാപനത്തിനിടെ അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെടുകയും അദ്ദേഹം മാനസികമായി തളരുകയും ചെയ്തു. അമിതമായ ഉൽകണ്ഢ നിമിത്തമാണ് ഇമാം അസുഖബാധിതനായത് എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. അദ്ദേഹത്തെ ചികിത്സിക്കുന്നതിൽ അവർ പരാജയപ്പെടുകയും ചെയ്തു. എന്നാൽ സംസാരശേഷി നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ പിടികൂടിയ ആശയസംഘർഷങ്ങൾ ഒന്നും തന്നെ താൻ സ്വയം തെരെഞ്ഞെടുത്തവ അല്ലെന്നും ബാഹ്യ സമ്മർദ്ദങ്ങളാണെന്നും മനസ്സിലാക്കിയ അദ്ദേഹം കുടുംബത്തിനാവശ്യമായ ജീവിതസൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം പവിത്രമായ ഇസ്‌ലാമിക ദേശങ്ങളിലേക്ക് യാത്രതിരിക്കുകയാണുണ്ടായത്. ആദ്യമായി ദമാസ്‌കസിലേക്ക് പോയ ഇമാം ഉമവീ പള്ളിയിയുടെ ഗോപുരത്തിലാണ് വാസസ്ഥലം കണ്ടെത്തിയത്. വർഷങ്ങൾക്ക് ശേഷം പിന്നെ അദ്ദേഹത്തെ കാണുന്നത് ജറൂസലമിലെ ഡോം ഓഫ് ദ റോക്ക് പള്ളിയുടെ പരിസരങ്ങളിലും ഹിബ്രോണിലെ മഖ്ബറകളിലുമാണ്. തുടർന്ന് ഇമാം മക്കയിലേക്കും മദീനയിലേക്കും യാത്രതിരിക്കുകയും ഹജ്ജ് നിർവ്വഹിക്കുകയും പ്രവാചകരുടെ(സ) മഖ്ബറ സന്ദർശിക്കുകയും ചെയ്തു.

ആത്മശുദ്ധീകരണത്തിന്റെയും തീർത്ഥയാത്രകളുടെയും കാലത്താണ് ആത്മവുമായുള്ള (self) ആന്തരിക സംഘർഷം അധികരിച്ച് ഇമാം തസവ്വുഫിന്റെ വഴിയിലേക്ക് തിരിയുന്നത്. ലൗകിക വിജയത്തിലേക്ക് മാത്രം നയിക്കുന്ന ജ്ഞാനാന്വേഷണത്തിൽ നിന്ന് പൂർണ്ണമായി പിന്തിരിയുമെന്നും ദൈവികവഴിയിൽ അഭയം തേടുമെന്നും അദ്ദേഹം ശപഥം ചെയ്യുന്നുണ്ട്. ഒരു പ്രവാചകവചനം ഉദ്ധരിച്ചുകൊണ്ടാണ് അൽ-ഗസ്സാലി ആത്മാന്വേഷണത്തിന്റെ വഴികളെക്കുറിച്ച് സംസാരിക്കുന്നത്: ‘യഥാർത്ഥ ഹിജ്‌റ എന്നത് തിന്മയിൽ നിന്നുള്ള മടക്കയാത്രയാണ്. യഥാർത്ഥ ജിഹാദ് നഫ്‌സിന്റെ ആഗ്രഹങ്ങളോടുള്ള കലഹമാണ്.’ ഒരു പള്ളിയുടെ മിനാരത്തോട് ചേർന്ന് ഏകാന്തവാസത്തിൽ കഴിഞ്ഞതിനെക്കുറിച്ച് ഇമാം പറയുന്നുണ്ട്. ധ്യാനത്തിലൂടെയും മറ്റ് ആത്മീയ പരിശീലനങ്ങളിലൂടെയും സ്വഭാവത്തെ നന്നാക്കിയെടുക്കാനും ആത്മാവിനെ ശുദ്ധീകരിക്കാനും ദൈവമല്ലാത്ത മറ്റെല്ലാത്തിൽ നിന്നും ഹൃദയത്തെ വിമോചിപ്പിക്കുവാനും നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നതായി കാണാം.

ഇത്തരത്തിലുള്ള ആത്മീയ പരിശീലനങ്ങളുടെയെല്ലാം കാതലായ വശം മരണസ്മരണയാണ്. മരണത്തെക്കുറിച്ച നിരവധി ധ്യാന പരിശീലനങ്ങൾ അൽ-ഗസ്സാലി രൂപപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ അനിവാര്യ യാഥാർത്ഥ്യമായി മരണത്തെ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളാണവ. ഒരാളുടെ ജീവിതത്തിൽ മരണം ഏതുസമയവും ആഗതമാകാം എന്ന ഓർമ്മപ്പെടുത്തലോ എല്ലാ മനുഷ്യരും മരിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന സദുപദേശം നൽകലോ അല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. മറിച്ച്, മരണത്തെ അനുഭവിക്കുക എന്ന സാധ്യതയെ ഉണർത്താനുള്ള ആത്മീയ പരിശീലനങ്ങളെയാണ് ഇമാം അവതരിപ്പിക്കുന്നത്. അത്തരം പരിശീലനങ്ങളിലൂടെ ഓരോ ദിനവും തന്റെ അവസാനത്തേതാണെന്ന ബോധ്യത്തിൽ ഏതൊരാൾക്കും ജീവിക്കാൻ സാധിക്കും എന്നാണദ്ദേഹം പറയുന്നത്. അത്തരമൊരവസ്ഥ നേടിയെടുക്കുന്നതിന് വേണ്ടി ഒരു നിശ്ചിത ഘടന നൽകിക്കൊണ്ട് മനുഷ്യൻ അവന്റെ ജീവിത താളങ്ങളെ ക്രമപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാൾ രാത്രിയിൽ നിദ്രയെ പുണരേണ്ടതെന്ന് ഇമാമവർകൾ എഴുതുന്നുണ്ട്:

‘നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ കഅ്ബക്ക് മുന്നിട്ടുകൊണ്ടായിരിക്കണം നിങ്ങളുടെ കിടക്ക വിരിക്കേണ്ടത്. ഖബറിൽ കിടക്കുന്നത് പോലെ വലതുവശത്തേക്ക് തിരിഞ്ഞ് കിടക്കണം. ഉറക്കം മരണത്തോടും ഉണർച്ച ഉയിർത്തെഴുന്നേൽപ്പ് നാളിനോടും സാദൃശ്യമുള്ളവയാണ്. ഖബറിലെന്ന പോലെ ഉറങ്ങുമ്പോൾ നിങ്ങൾ ഒറ്റക്കാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമേ നിങ്ങളുടെ കുടെയുണ്ടാവുകയുള്ളൂ. നിങ്ങളുടെ പരിശ്രമങ്ങൾക്കുള്ള ഫലമേ ലഭിക്കുകയുള്ളൂ. ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങൾ ഇപ്രകാരം ഉച്ചരിക്കണം: ‘ദൈവമേ, നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. നിന്നിൽ മാത്രം ഞാൻ അഭയം തേടുകയും ചെയ്യുന്നു.’

ഉറക്കത്തിന് മരണത്തോട് സാദൃശ്യമുള്ളതു പോലെത്തന്നെ ഉണർച്ചയെ പുനരുത്ഥാനനാളിനോടും സാദൃശ്യപ്പെടുത്താൻ സാധിക്കും. അതിനാലാണ് സൂര്യനുദിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് ദൈവത്തോടുള്ള പരമമായ ആശ്രിതത്വത്തിന് നന്ദിസൂചകമായി ഇപ്രകാരം ഉരുവിടണമെന്ന് ഇമാം ആവശ്യപ്പെടുന്നത്: ‘ മരിച്ചതിന് ശേഷം നമ്മെ ജീവിപ്പിച്ച ദൈവത്തിനാകുന്നു സർവ്വസ്തുതിയും; അവനിലേക്കത്രെ നമ്മുടെ മടക്കം’. ഉദയത്തിന് മുമ്പ് സംസാരങ്ങളിലേർപ്പെടാതെ ഫിക്‌റിലായി കഴിയണമെന്ന് അദ്ദേഹം ഉണർത്തുന്നുണ്ട്:

‘നീണ്ട പ്രതീക്ഷകളെ പരിപോഷിപ്പിക്കരുത്. കാരണം, മരണം ഒരു നിശ്ചിത സമയത്തോ കാലത്തോ സവിശേഷമായ രീതിയിലൂടെയോ അല്ല ആഗതമാകുക. ഒരുപക്ഷെ നിങ്ങൾക്കിനി അവശേഷിക്കുന്നത് ഒരു ദിവസമോ ഒരൊറ്റ ശ്വാസമോ ആകാം. നിങ്ങളുടെ ഹൃദയത്തിൽ ഈയൊരു ചിന്ത സദാസമയവും നിലനിർത്തുകയും സഹനത്തോടെ ദൈവത്തെ അനുസരിച്ച് ജീവിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ അവശേഷിക്കുന്ന കാലത്തോളം ഇപ്രകാരം മുന്നേറുക.’

മരണത്തെക്കുറിച്ച നിരന്തരമായ ഓർമ്മയാണ് (ദിക്ർ) മനുഷ്യന്റെ ജീവിതത്തിലെ പരമമായ യാഥാർത്ഥ്യത്തെ നിർണ്ണയിക്കുന്നത്. ഇസ്‌ലാമിൽ പ്രാർത്ഥനയുമായി ബന്ധപ്പെട്ട അച്ചടക്കമാണത് (അദബ്). ഒരു ദിവസം രാവും പകലും ഇരുപതു തവണ ഒരാൾ മരണത്തെ ഓർക്കണമെന്നാണ് ഇമാം ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ള തീവ്രമായ ആത്മീയ പരിശീലനത്തിന്റെ ഭാഗമായി ഓരോ രാത്രിയിലും കിടക്കാൻ പോകുമ്പോൾ സ്വയമൊരു മയ്യിത്തായി കരുതുക എന്നതു മാത്രമല്ല ഒരാൾ ചെയ്യേണ്ടത്. മറിച്ച്, തന്റെ വീട്ടിൽ ഒരു ഖബർ കുഴിച്ച് അതിൽ ഉറങ്ങണമെന്നാണ് അദ്ദേഹം ഉത്‌ബോധിപ്പിക്കുന്നത്. അതിലൂടെ എങ്ങനെയാണ് ശരീരം ജീർണ്ണിക്കുന്നത് എന്ന് ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും എന്നദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയിലെ അതിതീവ്രമായ ഈ പരിശീലനത്തിലേർപ്പെട്ടിരുന്ന അബ്ദുല്ലാഹിബ്‌നു മസ്ഔദിന്റെ ശിഷ്യനും താബിഉം ആയിരുന്ന അൽ-റബി ഇബ്‌നു ഖുതൈമിനെ ഇമാം പരാമർശിക്കുന്നതായി കാണാം: ‘ മരണസ്മരണ ഒരു മണിക്കൂറെങ്കിലും എന്റെ ഹൃദയത്തിൽ നിന്നും ഇല്ലാതാവുകയാണെങ്കിൽ അത് മലിനമായിത്തീരും.’

ശരീരത്തെ അതിതീവ്രമായ പരിശീലനത്തിന് വിധേയമാക്കിക്കൊണ്ട് ഹൃദയത്തിന്റെ ആത്മീയ ദൗർബല്യത്തിനെതിരെ ജാഗ്രതയോടെ നിലകൊള്ളാനുള്ള ശ്രമങ്ങൾ പുരുഷൻമാരിൽ മാത്രമല്ല കാണാൻ സാധിക്കുന്നത്. തങ്ങളുടെ ശരീരങ്ങളെ ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാക്കാനുള്ള ആത്മീയ പരിശീലനങ്ങൾ സ്ത്രീകളും മുന്നോട്ടുവെക്കുന്നുണ്ട്. തുടർച്ചയായുള്ള ഖബർ സന്ദർശനമാണ് ആത്മാശുദ്ധീകരണത്തിന്റെ പാതയിൽ വളരെ പ്രധാനപ്പെട്ട ഒരു പരിശീലനമായി അവർ മനസ്സിലാക്കുന്നത്. ഇമാം ഗസ്സാലി അത്തരത്തിലുള്ള ഒരു സ്ത്രീയുടെ ആത്മീയ പരിശീലനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്:

‘നല്ല പ്രായമുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. മുഴുസമയവും ആരാധനകളിൽ മുഴുകിയ സ്ത്രീയായിരുന്നു അവർ. രാത്രിയായാൽ നമസ്‌കാരത്തിൽ മുഴുകുകയും പകൽ സമയങ്ങളിൽ മഖ്ബറകൾ സന്ദർശിക്കുകയും ചെയ്യുന്നത് അവരുടെ പതിവായിരുന്നു. ഒരു ദിവസത്തിന്റെ വലിയൊരു ഭാഗവും അവർ ചെലവഴിച്ചിരുന്നത് ഖബർ സന്ദർശനത്തിന് വേണ്ടിയായിരുന്നു. അതിന്റെ പേരിൽ ഒരുപാടു പേർ അവരെ ശകാരിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്കുള്ള അവരുടെ മറുപടി ഇപ്രകാരമായിരുന്നു, ‘പരുക്കമായ ഹൃദയങ്ങൾ മൃദുലമാകുന്നത് ജീർണ്ണതയുടെ അടയാളങ്ങൾ ദർശിക്കുമ്പോൾ മാത്രമാണ്. ഖബറുകൾ സന്ദർശിക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത് ഖബറാളികൾ പുറത്തേക്ക് വരുന്നതായിട്ടാണ്. മാത്രമല്ല, അവരുടെ ജീർണ്ണിച്ച മുഖങ്ങളിലേക്കും ശരീരങ്ങളിലേക്കും കഫൻ പുടവയിലേക്കും ഞാനിങ്ങനെ നോക്കിനിൽക്കുന്നതായി എനിക്ക് തോന്നാറുണ്ട്’.

മരണപ്പെട്ടു പോയ ഗുരുക്കൻമാരെയും കൂട്ടുകാരെയും നിരന്തരമായി ഓർക്കാനുള്ള നിർദേശങ്ങൾ ഇമാം നൽകുന്നുണ്ട്. ജീവിതത്തോടുള്ള അവരുടെ ഇഷ്ടത്തെയും അശ്രദ്ധയെയും അവരുടെ ചിരിയുടെ ശബ്ദത്തെയും അവർ ആസ്വദിച്ച സന്തോഷങ്ങളെയും സ്മരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. തുടർന്ന് അദ്ദേഹം ഓർക്കാനാവശ്യപ്പെടുന്നത് അവരുടെ ഖബറിലുള്ള ഇപ്പോഴത്തെ അവസ്ഥയെയാണ്. മരണത്തെ ഹൃദയ സാന്നിധ്യത്തോടു കൂടി ധ്യാനിക്കാനുള്ള ഏറ്റവും നല്ല മരുന്ന് കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും മരണത്തെ അവർ എങ്ങനെയാണ് ലൗകികനശ്വരതയിൽ മുഴുകി ജീവിച്ചത് എന്നതിനെ മുൻനിർത്തി ഓർക്കുക എന്നതാണ്.മാത്രമല്ല, ജീവിതത്തിന്റെ നിസ്സാരതയിൽ പെട്ട് മരണത്തെക്കുറിച്ച് അശ്രദ്ധരാകാതെ ആത്മത്തിലേക്ക് (self) സദാസമയവും ശ്രദ്ധനൽകേണ്ടതുണ്ട്. കൂടാതെ ജീവിതത്തിന്റെ സജീവതയിൽ തന്നെ മരണത്തെ രുചിക്കുക (ദൗഖ്) എന്നതും പ്രധാനമാണ്. അതിന്റെ ഫലമായി മനുഷ്യജീവിതത്തിന് നൈതികമായ ഉള്ളടക്കവും ലക്ഷ്യബോധവും കൈവരുന്നു. എന്നാൽ ആത്മത്തിലേക്ക് തിരിയുന്നതിൽ നിന്ന് മനുഷ്യനെ തടയുന്ന മനശ്ശാസ്ത്രപരമായ ഒരുപാട് വേലികളും തടസ്സങ്ങളുമുണ്ട്. അൽ-ഗസ്സാലി എഴുതുന്നു:

‘അജ്ഞനായ മനുഷ്യൻ എപ്പോഴും മറ്റുള്ളവരുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരിക്കൽ തന്റെ മയ്യിത്ത് മറ്റുള്ളവർ വഹിച്ചുകൊണ്ടു പോകുന്ന ദിവസത്തെക്കുറിച്ച് അവൻ ചിന്തിക്കുന്നില്ല. മറ്റുള്ളവരുടെ മരണത്തിന് സാക്ഷ്യം വഹിക്കുക എന്നത് എല്ലാവർക്കും പരിചിതമായ കാര്യമാണ്. എന്നാൽ ഒരാളും സ്വന്തം മരണത്തെ അനുഭവിച്ചിട്ടില്ല. ആർക്കും അങ്ങനെയൊരു അനുഭവത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. കാരണം, അത് സംഭവിച്ചിട്ടില്ല. ഒരിക്കൽ ആഗതമായാൽ പിന്നെയത് നമ്മെ തേടി വരികയുമില്ല. ആദ്യത്തേതും അവസാനത്തേതുമായിരിക്കുമത്.’

നമ്മുടെ നശ്വരതയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയാത്തതിന്റെ കാരണം മരണത്തെ നമുക്ക് പരിചയമില്ലാത്തത് കൊണ്ടോ മരണത്തെ നിഷേധിക്കുന്നതു കൊണ്ടോ അല്ല. മറിച്ച്, പൊതുവായ രണ്ട് ധാരണകളാണ് ഇവിടെ വില്ലൻ. ഒന്നാമതായി, മരണത്തെ നാം എപ്പോഴും മറ്റുള്ളവരിൽ മാത്രം സംഭവിക്കുന്ന കാര്യമായി കാണുന്നു. രണ്ട്, നമ്മുടെ ആരോഗ്യത്തിലും യുവത്വത്തിലുമുള്ള അമിതമായ ആത്മവിശ്വാസം മരണചിന്തയിൽ നിന്ന് നമ്മെ അകറ്റുന്നു. എന്നാൽ മരണത്തിന് യുവത്വമെന്നോ മധ്യവയസ്‌കത എന്നോ വാർധക്യമെന്നോ ഉള്ള നിർണ്ണിതമായ സമയങ്ങളൊന്നുമില്ല എന്നതും ശൈത്യം, ഉഷ്ണം, ശിശിരം, രാത്രി, പകൽ തുടങ്ങിയ കാലങ്ങളെക്കുറിച്ചൊന്നും മരണത്തിനറിയില്ല എന്നുള്ള വസ്തുതയും മുമ്പിലുണ്ടായിരിക്കെ നമ്മുടെ യുവത്വത്തിലും ആരോഗ്യത്തിലുമുള്ള അമിതമായ ആത്മവിശ്വാസം ആത്മീയമായി നമ്മെ ദുർബലപ്പെടുത്തും എന്നാണ് ഇമാം ഗസ്സാലി പറയുന്നത്. കാരണം, അതിലൂടെ മരണത്തെ ഭാവിയിൽ എപ്പോഴോ സംഭവിക്കാനിരിക്കുന്ന വിദൂര സാധ്യതയായി മാത്രമാണ് നാം കാണുന്നത്. എന്നാൽ പ്രവാചകർ പറയുന്നത് മരണം നിങ്ങളുടെ ചെരുപ്പിന്റെ വാറിനെക്കാൾ അടുത്താണെന്നാണ്. (ഇഹ്‌യാ ഉലൂമുദ്ദീൻ)

ഇത്തരം പ്രവണതകളിൽ നിന്ന് രക്ഷ തേടാനുള്ള ഒരു വഴി മരണത്തിന്റെ സാമിപ്യത്തെക്കുറിച്ച് ജാഗ്രത്തായിരിക്കുക എന്നതാണ്. ഇമാം ഗസ്സാലിയെ സംബന്ധിച്ചിടത്തോളം നമ്മുടെ ചുറ്റുമുള്ള മനുഷ്യരുടെ മരണത്തെക്കുറിച്ച് ചിന്തിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ, ഓരോരുത്തരും അവനവന്റെ മരണത്തെ അനുഭവിക്കാനുള്ള ഒരു പ്രാഥമിക പരിശീലനമായിട്ടാണ് അതിനെ കാണേണ്ടതെന്നും ഇമാമവർകൾ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, നമ്മുടെ മരണദിനത്തെക്കുറിച്ചും ആളുകൾ നമ്മുടെ മയ്യിത്ത് ഖബറിലേക്ക് കൊണ്ടുപോകുന്ന സന്ദർഭത്തെക്കുറിച്ചും മറമാടുന്നതിനെക്കുറിച്ചും നിരന്തരമായി സ്മിരിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിക്കുന്നുണ്ട്: ”മനുഷ്യരെപ്പോഴും ഖബറിലെ അവരുടെ ശരീരാവയവങ്ങളെക്കുറിച്ച് ചിന്തിക്കട്ടെ, എങ്ങനെയാണ് പുഴുക്കൾ അവയെ കാർന്നുതിന്നുന്നത് എന്നതിനെക്കുറിച്ചും അവൻ ആലോചിക്കട്ടെ”..

മനുഷ്യ ശരീരത്തിന്റെ ജീർണ്ണതയെക്കുറിച്ച് മനനം ചെയ്യുക എന്നത് ഏതെങ്കിലും ഒരു പ്രത്യേക സന്ദർഭത്തിൽ മാത്രം നടക്കേണ്ട ഒന്നല്ല. മറിച്ച്, ജീവിത സജീവതയിൽ നിരന്തരമായി കൊണ്ടുനടക്കേണ്ട ഓർമ്മയാണത്. ഇമാം എഴുതുന്നു: ‘ നിങ്ങളുടെ സമയത്തെ ക്രമീകരിക്കുന്നതിൽ അലസരാകരുത്. രാവും പകലും നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ പരലോക ജീവിതത്തിന് ഉപകരിക്കുന്നതാക്കി മാറ്റുക’. ഇവിടെ ഗസ്സാലി ഇമാം സംസാരിക്കുന്നത് സൂഫി വഴിയിൽ പ്രവേശിച്ച ആളുകളോടാണ് എന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ, സ്ഥിരമായി മഖ്ബറകൾ സന്ദർശിക്കുന്ന ഒരു സ്ത്രീയുടെ ഉദാഹരണത്തിലൂടെ ഇമാം പറയുന്നത് മരണസ്മരണ എന്നത് എല്ലാ മുസ്‌ലിംകളുടെ മേലും നിർബന്ധമായ കാര്യമാണ് എന്നാണ്. രാഷ്ട്രീയ നേതാക്കളും അതിലുൾപ്പെടുന്നു. ഉമവീ ഖലീഫയായിരുന്ന ഉമർബ്‌നു അബ്ദുൽ അസീസുമായി ബന്ധപ്പെട്ട ഒരു സംഭവം ഗസ്സാലി ഇമാം ഉദ്ധരിക്കുന്നുണ്ട്. ഒരിക്കൽ ഖലീഫയെ സന്ദർശിക്കാൻ വന്ന ഒരു ഫഖീഹ് അദ്ദേഹത്തിന്റെ ശോചനീയമായ ശാരീരകാവസ്ഥ (നിരന്തരമായ ആരാധാനകർമ്മങ്ങൾ കാരണം) കണ്ട് ഞെട്ടിപ്പോയി. ആഗതന്റെ സ്തംഭിച്ച നോട്ടത്തിനുള്ള ഖലീഫയുടെ മറുപടി ഇപ്രകാരമായിരുന്നു: “ഖബറിലേക്ക് വെച്ച് മൂന്ന് ദിവസത്തിന് ശേഷം നിങ്ങളെന്നെ കാണുകയാണെങ്കിൽ നിങ്ങൾ ഇതിലേറെ സ്തബ്ധനാകുമെന്നത് തീർച്ചയാണ്”.

വളരെ ലളിതമായി മരണത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാളുടെ വാക്കുകളല്ല ഇത്. മരണത്തെയും മനുഷ്യശരീരത്തിന്റെ ജീർണ്ണാവസ്ഥയെയും ദർശിച്ച പോലെയാണ് മഹാനവർകൾ ഇവിടെ സംസാരിക്കുന്നത്. മാത്രമല്ല, രാത്രിയായാൽ ഖലീഫ പണ്ഡിതന്മാരെ ഒരുമിച്ചുകൂട്ടുകയും അവർ മരണത്തെക്കുറിച്ച് പരസ്പരം ഉത്‌ബോധിപ്പിക്കുക പതിവായിരുന്നു. ഒരു മരണചടങ്ങിൽ പങ്കെടുക്കുന്ന പോലെ മരണത്തെയോർത്ത് അവർ പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. ആത്മീയ ഉള്ളടക്കമുള്ള ഇത്തരം ചരിത്ര സംഭവങ്ങൾ നമ്മോട് പറയുന്നത് മരണത്തെ സജീവമായ ജീവിതസാന്നിധ്യമായി മനസ്സിലാക്കുന്ന പരിശീലനപരിപാടികൾ ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് നിരണ്ണായക സാന്നിധ്യമാണ് എന്നാണ്. ഇനി നമ്മൾ പരിശോധിക്കുന്നത് ബുദ്ധമത പാരമ്പര്യത്തിൽ നിലനിൽക്കുന്ന മരണസ്മരണയുടെ നൈതിക സാധ്യതകളെയാണ്.


തുടർന്ന് വായിക്കുക: ധ്യാനം, ദുരിതം, പരിത്യാഗം: മരണത്തെക്കുറിച്ചുള്ള ബുദ്ധിസ്റ്റ് വ്യവഹരങ്ങൾ
വിവർത്തനം: സഅദ് സൽമി
Featured Image: Imad Alassiry

Comments are closed.