വിഖ്യാത തത്വചിന്തകനായ സോക്രട്ടീസ് പറയുന്നത് സന്ദേഹത്തോടെയാണ് (perplexity) അറിവുൽപ്പാദനം നടക്കുന്നത് എന്നാണ്. അഥവാ, ആന്ത്യന്തികമായ തീർച്ചപ്പെടുത്തലോടെ ആരും അറിവിനെ കരസ്ഥമാക്കുന്നില്ല. അറിവിന്റെ എല്ലാ വഴികളും സങ്കീർണ്ണവും വിശാലവുമാണ് എന്ന് സൂക്ഷമായി നിരീക്ഷിച്ചാൽ നമുക്ക് ബോധ്യപ്പെടും. എങ്ങനെയാണ് നാം ഒരു കാര്യത്തെ അറിയുന്നത്, എത്രത്തോളം നമുക്കറിയാം, നമ്മുടെ അറിവിന്റെ സാധുതയെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് തത്വചിന്താപരമായ ഏതൊരന്വേഷണത്തേയും നിർണയിക്കുന്നത്. പാശ്ചാത്യ തത്വചിന്തയിൽ ആധിപത്യം ചെലുത്തുന്ന ജ്ഞാനശാസ്ത്ര വ്യവഹാരങ്ങളാണ് അനുഭവജ്ഞാനവും യുക്തിചിന്തയും. എന്നാൽ നമ്മുടെ അനുഭവത്തിനും, യുക്തിക്കുമപ്പുറം നിലനിൽക്കുന്ന അറിവിനെ നാം എങ്ങനെയാണ് മനസ്സിലാക്കുക? നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ജ്ഞാനമാണോ അത്? എങ്ങനെയാണത് സാധ്യമാവുക? മിസ്റ്റിക്കൽ ജ്ഞാനശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് ഊളിയിട്ടിറങ്ങുമ്പോഴാണ് ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ നമ്മുടെ മുമ്പിൽ തെളിഞ്ഞുവരിക.

എന്താണ് മിസ്റ്റിസിസം എന്ന ചോദ്യത്തിന് വളരെ കൃത്യമായ നിർവ്വചനമൊന്നും നിലനിൽക്കുന്നില്ല. എന്നാൽ വിവിധങ്ങളായ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന വിശാലമായ ഒരു പദമായിട്ടാണ് മിസ്റ്റിസിസം മനസ്സിലാക്കപ്പെടുന്നത്. ദൈവിക യാഥാർത്ഥ്യവുമായുള്ള അനുഭവപരമായ ഇടപാടുകളെയാണ് അത് സാധ്യമാക്കുന്നത്. അഥവാ, നമ്മുടെ ഭൗതിക ലോകത്തിന്റെ അതിർത്തികൾക്കപ്പുറമുള്ള ദൈവികമായ യാഥാർത്ഥ്യത്തെ അനുഭവഭേദ്യമാക്കുകയാണ് മിസ്റ്റിസിസം ചെയ്യുന്നത്. ആ യാഥാർത്ഥ്യത്തിലുള്ള വിലയനവും ഉന്മാദവും പ്രണയവും ധ്യാനവുമെല്ലാം മിസ്റ്റിക്കലായ അനുഭവങ്ങളാണ്. എന്നാൽ ഈ അനുഭവങ്ങളെല്ലാം ജ്ഞാനത്തെ ഉൾക്കൊള്ളുന്നു എന്നതാണ് ഏറ്റവും പ്രധാനം.

സൂഫി അനുഭവത്തെയും അറിവിനെയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി കാണാവുന്നതാണ്. കാരണം, അറിവിനെ അനുഭവത്തിൽ നിന്ന് വേർതിരിക്കുക അസാധ്യമാണ്. സൂഫി ജ്ഞാനത്തിന്റെ പ്രത്യേകത അത് അനുഭവപരമാണ് എന്നതാണ്. വ്യാവഹാരികമായ ഇടപാടുകളല്ല സൂഫിജ്ഞാനം സാധ്യമാക്കുന്നത്. ജ്ഞാനത്തിന്റെ ആന്തരികമായ അനുഭവലോകത്തിലൂടെയാണ് അത് സഞ്ചരിക്കുന്നത്. ആശയവിനിമയത്തിനുള്ള സാധ്യതകൾ അവിടെ നിലനിൽക്കുന്നില്ല. കാരണം ഭാഷയിലോ സങ്കൽപ്പത്തിലോ അതിനെ ആവിഷ്‌കരിക്കാൻ കഴിയില്ല. മാത്രമല്ല, തസവ്വുഫിന്റെ സാങ്കേതികഭാഷയിൽ അനുഭവപരമായ അറിവിനെ ദൗഖ് (രുചി) എന്നാണ് വിശേഷിപ്പിക്കുന്നത്. ആപ്പിൾ ഒരിക്കലും രുചിച്ച് നോക്കിയിട്ടില്ലാത്ത ഒരാൾക്ക് ഒരിക്കലും അതിന്റെ രുചിയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാൻ കഴിയില്ലല്ലോ.

ഇനി നാം അന്വേഷിക്കുന്നത് വിവിധങ്ങളായ പാരമ്പര്യങ്ങളിൽ നിലനിൽക്കുന്ന സൂഫീ ജ്ഞാനശാസ്ത്രത്തിന്റെ ദൈവികമായ വേരുകളെക്കുറിച്ചാണ്. അവയിലെല്ലാം അടങ്ങിയിരിക്കുന്ന സന്ദേഹത്തിന്റെ (skepticism) സാധ്യതകളെയും നാം വിശകലനം ചെയ്യുന്നുണ്ട്.

സൂഫിസം

സൂഫികൾ വിശ്വസിക്കുന്നത് സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ മഅ്‌രിഫത്ത് (Mystical Knowledge) നേടിയെടുക്കുക എന്നതാണ്. ഈ വാദത്തിന് ഉപോൽപലകമായി ഖുദ്‌സിയായ ഒരു പ്രവാചകവചനത്തെ അവർ ഉദ്ധരിക്കാറുണ്ട്: ദൈവം പറയുന്നു: ‘ ഞാനൊരു ഒളിച്ചുവെക്കപ്പെട്ട നിധിയായിരുന്നു. അപ്പോൾ ഞാൻ അറിയപ്പെടാൻ ആഗ്രഹിച്ചു, അങ്ങനെ, എന്നെ അറിയാൻ വേണ്ടി ഞാൻ ഈ ലോകം സൃഷ്ടിച്ചു.’

അബൂഹാമിദുൽ ഗസ്സാലി (റ) മഅ്‌രിഫത്തിനെ എല്ലാ അറിവുകളുടെയും മുകളിലായിട്ടാണ് കാണുന്നത്. സൂഫീവഴിയിലൂടെയുള്ള ജ്ഞാനപാനത്തെ അലൗകിക ജ്ഞാനം (ലദുന്നിയായ അറിവ്) അല്ലെങ്കിൽ ആദ്ധ്യാത്മിക ജ്ഞാനം എന്നൊക്കെയാണ് സൂഫീ സാഹിത്യങ്ങളിൽ വിശേഷിപ്പിക്കുന്നത്. സൂഫീ ജ്ഞാനശാസ്ത്രത്തെ തസവ്വുഫിന്റെ സാങ്കേതികഭാഷയിൽ വിശേഷിപ്പിക്കുന്നത് ഇൽമുൽ മുകാശഫ (Science of Unveiling) എന്നാണ്. മുകാശഫ എന്നതുകൊണ്ട് എന്താണ് സൂഫികൾ അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ ഖൽബ് (heart) ,ലൗഹുൽ മഹ്ഫൂള് (Preserved Tablet) തുടങ്ങിയ രണ്ട് ആശയപ്രപഞ്ചങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്. തസവ്വുഫിൽ ഹൃദയത്തെ മനസ്സലാക്കുന്നത് അഭൗതികവും അനശ്വരവുമായ ഒരു പ്രതിഭാസമായാണ്. ആത്മാവ് (Soul) എന്നും അതിനക്കുറിച്ച് പറയാറുണ്ട്. സൂഫീലോകത്ത് ഹൃദയം എന്നത് റൂഹിനും നഫ്‌സിനും ഇടയിലുള്ള ഒരു പ്രവേശനകവാടമാണ്. ഹൃദയമാണ് മഅ്‌രിഫത്തിന്റെ (Gnosis) വാസസ്ഥലം. ലദുന്നിയായ അറിവുകൾ അതിലൂടെയാണ് പ്രവേശിക്കുന്നത്.

ഇമാം ഗസ്സാലി മനുഷ്യ ഹൃദയത്തെയും ലൗഹുൽ മഹ്ഫൂളിനെയും കാണുന്നത് പരസ്പരം മുഖാമുഖം നിൽക്കുന്ന രണ്ട് അലൗകിക കണ്ണാടികളായിട്ടാണ് (ട്രെയ്ഗർ, 2014). നിയോപ്ലാറ്റോണിക്ക് തത്വചിന്തയിൽ ലൗഹുൽ മഹ്ഫൂളിനെ സാർവ്വലൗകിക ആത്മാവായിട്ടാണ് (Universal Soul) വിശേഷിപ്പിക്കുന്നത്. സർവ്വവിജ്ഞാനീയങ്ങളും രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഇടമാണത്. ഇമാം ഗസ്സാലിയെ സംബന്ധിച്ചിടത്തോളം ഒരു കണ്ണാടിയെന്ന നിലക്ക് ഹൃദയത്തിന് ലൗഹുൽ മഹ്ഫൂളിനെ പ്രതിഫലിപ്പിക്കുവാനുള്ള ശേഷിയുണ്ട്. അതിനകത്ത് ഉള്ളടങ്ങിയിരിക്കുന്ന വിജ്ഞാനീയങ്ങളുടെ ചെറുശകലങ്ങൾ സ്വാംശീകരിക്കുവാനും ഹൃദയത്തിന് കഴിയുന്നു. അതുകൊണ്ടാണ് തസവ്വുഫിൽ ഹൃദയത്തെ ആന്തരിക കണ്ണ് (അയ്ൻ-ബാത്വിനിയ്യ) എന്നു വിശേഷിപ്പിക്കുന്നത്. ആദ്ധ്യാത്മിക ദർശനത്തിന്റെ (ബാസിറ) അനന്തമായ സാധ്യതകളെ തുറക്കുന്നതും ഹൃദയം തന്നെയാണ്. എന്നാൽ ഹൃദയത്തെ ലൗഹുൽ മഹ്ഫൂളിൽ നിന്നും വേർതിരിക്കുന്ന മറകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ സൂഫീ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷ്യം ഹൃദയം എന്ന കണ്ണാടിയെ പരിശുദ്ധമാക്കി നിലനിർത്തുക എന്നതാണ്.

വിജ്ഞാനത്തെ ഉൾക്കൊള്ളാനുള്ള മനുഷ്യ ശേഷിയെക്കുറിച് പരിചിന്തനങ്ങൾ തസവ്വുഫിൽ വളരെ സജീവമായി നിലനിൽക്കുന്നുണ്ട്. ഇമാം ഗസ്സാലി പറയുന്നു: ‘ മനപ്പാഠമാക്കാതെയും വായിച്ചു പഠിക്കാതെയും താൻ ആഗ്രഹിക്കുമ്പോഴെല്ലാം ദൈവത്തിൽ നിന്ന് വിജ്ഞാനത്തെ സ്വീകരിക്കുന്നവനാണ് പണ്ഡിതൻ’. സൂഫീ ജ്ഞാനശാസ്ത്ര വീക്ഷണപ്രകാരം സർവ്വ വിജ്ഞാനീയങ്ങളെയും മനുഷ്യന് ഉൾക്കൊള്ളാൻ സാധിക്കും. എന്നാൽ വിജ്ഞാനത്തിലേക്കുള്ള പ്രവേശനകവാടം രുചിയാണെന്നാണ് (ദൗഖ്) സൂഫീ ഗുരുനാഥൻമാർ പഠിപ്പിക്കുന്നത്. ഹൃദയത്തെ ശുദ്ധീകരിച്ച ഏതൊരു മനുഷ്യനും അതിലൂടെ പ്രവേശനം സാധ്യമാണ്.

ജൂത മിസ്റ്റിസിസം

ജൂത മിസ്റ്റിക്കൽ പാരമ്പര്യത്തിൽ പത്ത് സെഫിറോത്തുകൾ എന്ന ഒരു സങ്കൽപ്പം നിലനിൽക്കുന്നുണ്ട്. ദൈവിക വെളിപാടുകളുടെയോ ദൈവിക ഗുണങ്ങളുടെയോ മെറ്റാഫിസിക്കലായ ഒരു ഘടനയായിട്ടാണ് സെഫിറോത്തിനെ മനസ്സിലാക്കപ്പെടുന്നത്. ജീവിതവൃക്ഷം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്ത് സെഫിറോത്തുകൾ ആത്മജ്ഞാനം (ചോച്മ ), ഗ്രാഹ്യത (ബിന ), അറിവ് (ദാത്ത് ), കാരുണ്യം (ചെസ്സെഡ്), വിധിന്യായം (ഗെവുറാഹ്), സൗന്ദര്യം (ടിഫെറെത്ത്), വിജയം (നെറ്റ്‌സാക്), ശോഭ (ഹോഡ്), അടിത്തറ (യെസോദ്), ആധിപത്യം (മാൽചട്ട്) എന്നിവയാണ്. ദൈവിക വെളിപാടുകൾ എന്നാണ് സെഫിറോത്തിനെ പൊതുവായി വിശേഷിപ്പിക്കുന്നതെങ്കിൽ വേറൊരു രീതിയിൽ നമുക്കതിനെ സമീപിക്കാവുന്നതാണ്. അതിനെക്കുറിച്ചാണ് ഇനി നാം വിശദീകരിക്കുന്നത്.

എല്ലാ അബ്രഹാമിക മതങ്ങളെയും പോലെ ജൂതായിസവും പറയുന്നത് മനുഷ്യർ ദൈവിക രൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ്. മാത്രമല്ല, എല്ലാ മനുഷ്യരിലും സൂക്ഷ്മ തലത്തിൽ സെഫിറോത്ത് ഉള്ളടങ്ങിയിട്ടുണ്ട് എന്ന വിശ്വാസം ജൂത മിസ്റ്റിക്കൽ പാരമ്പര്യത്തിലുണ്ട്. അഥവാ, ആത്മാവുമായി ബന്ധപ്പെട്ടുകൊണ്ട് പത്ത് സെഫിറോത്തുകളും മനുഷ്യരിൽ നിലനിൽക്കുന്നു. അവയിൽ ചോച്മയും (ആത്മജ്ഞാനം) ബിന (ഗ്രാഹ്യത) യുമാണ് സവിശേഷമായ പ്രാധാന്യമർഹിക്കുന്നത്. ചോച്മയാണ് ആത്മജ്ഞാനത്തിന്റെ പ്രധാന ഉറവിടമായി മനസ്സിലാക്കപ്പെടുന്നത്. സൂഫിസത്തിൽ നിന്ന് വ്യത്യസ്തമായി ജൂത മിസ്റ്റിസിസം പറയുന്നത് ചോച്മ (ആത്മജ്ഞാനം) മനുഷ്യന്റെ മനസ്സുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത് എന്നാണ്. വ്യാവഹാരികമായ തലത്തിലല്ല അതിനെ മനസ്സിലാക്കേണ്ടത്. മറിച്ച്, ദൈവികമായ വെളിപാടുകളാണ് അതിനെ നിർണ്ണയിക്കുന്നത്. അതേസമയം, ബിന (ഗ്രാഹ്യത) ബന്ധപ്പെട്ടുകിടക്കുന്നത് ഹൃദയവുമായിട്ടാണ്. മാത്രമല്ല, ചോച്മ (ആത്മജ്ഞാനം)യിൽ നിന്ന് മനസ്സ് സ്വീകരിക്കുന്ന ദൈവികമായ ഉൾക്കാഴ്ചകളെ മനസ്സിലാക്കുകയും അവയെ സംവേദന സാധ്യതയുള്ള ആശയങ്ങളാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുക എന്ന ധർമ്മമാണ് ഹൃദയം ചെയ്യുന്നത്.

ബുദ്ധിസത്തിലെ ഭാവന-മായ പന്ന, ഹിന്ദുമതത്തിലെ അനുഭവ, ക്രൈസ്തവ മിസ്റ്റിക്കൽ പാരമ്പര്യം തുടങ്ങിയ വിവിധങ്ങളായ ആദ്ധ്യാത്മിക ആശയസാകല്യങ്ങളെ മനസ്സിലാക്കുന്നതിലൂടെ നമുക്ക് മിസ്റ്റിസിസത്തെക്കുറിച്ച് കൂടുതലറിയാൻ കഴിയും.

ഇനി നമുക്ക് മിസ്റ്റിക്കൽ ജ്ഞാനശാസ്ത്രത്തോടുള്ള സന്ദേഹപരമായ സമീപനങ്ങളെ പരിശോധിക്കാം. ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ വളരെ സവിശേഷമായ സാധ്യതകളാണ് സന്ദേഹവാദികളെ അതിലേക്കാകർഷിക്കുന്നത്.

മിസ്റ്റിക്കൽ ജ്ഞാനശാസത്രത്തിൽ ഒരുപാട് സംഭാവനകളർപ്പിച്ച പ്രശസ്ത തത്വചിന്തകനായ സ്റ്റീവൻ. ടി. കാറ്റ്‌സ് പറയുന്നത് ഒരു സാധകൻ തന്റെ ആത്മീയ യാത്രയിലുടനീളം സ്വീകരിക്കുന്ന വളരെ സവിശേഷമായ മത-സാമൂഹിക-സാംസ്‌കാരിക പരിശീലനത്തിലൂടെയാണ് ആദ്ധ്യാത്മിക അനുഭവങ്ങൾ ഉണ്ടാവുന്നത് എന്നാണ്. പൂർണ്ണാർത്ഥത്തിൽ പരിശുദ്ധമായ അനുഭവങ്ങൾ നിലനിൽക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. അതിനർത്ഥം ഒരു വ്യക്തിയുടെ ചുറ്റുപാടും മത പരിശീലനങ്ങളുമാണ് അവന്റെ ആത്മീയ അനുഭവങ്ങളെ നിർണ്ണയിക്കുന്നത് എന്നാണ്. അതിനാൽ തന്നെ എന്താണ് ആദ്ധ്യാത്മികജ്ഞാനം എന്ന ചോദ്യത്തിന് കൃത്യമായ ഒരു നിർവ്വചനം അസാധ്യമാണ്.

നിർണ്ണയവാദ (essentialist) സിദ്ധാന്തങ്ങൾ പറയുന്നത് പോലെ ആദ്ധ്യാത്മിക അനുഭവങ്ങൾ ഒരു പൊതുസ്വഭാവം പങ്കിടുന്നില്ല. ഓരോന്നിനെയും സവിശേഷമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. സൂഫികൾ അനുഭവിക്കുന്നത് തൗഹീദാണെങ്കിൽ ബുദ്ധ ഭിക്ഷുക്കൾ നേടുന്നത് നിർവ്വാണയാണ്. ഈ രണ്ട് അനുഭവങ്ങളും ഏറെ വ്യത്യസ്തമാണ്. ഓരോ ആത്മീയ അന്വേഷിയും തന്റെ വിശ്വാസ വ്യവസ്ഥയെ മുൻനിർത്തിയാണ് സ്വന്തം ആത്മീയാനുഭവങ്ങളെ വിശദീകരിക്കുന്നത്. അതേസമയം, റെനെ ഗെനോൻ , മാർട്ടിൻ ലിംങ്‌സ് തുടങ്ങിയ ആദ്ധ്യാത്മിക സാധകർ പറയുന്നത് എല്ലാ മതങ്ങളിലെയും ആത്മീയ അനുഭവങ്ങൾക്കിടയിൽ പൊതുവായ മാനങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണ്. മാത്രമല്ല, എല്ലാ മതങ്ങളും ഒരേ അതിഭൗതിക തത്വങ്ങളാണ് പങ്കുവെക്കുന്നത് എന്നും അവർ സൂചിപ്പിക്കുന്നുണ്ട്. അഥവാ, ദൈവിക യാഥാർത്ഥ്യവുമായുള്ള സംവേദനമാണ് എല്ലാ ആത്മീയധാരകളും സാധ്യമാക്കുന്നത്.

കാറ്റ്‌സിന്റെ അഭിപ്രായത്തിൽ ആത്മീയ അനുഭവങ്ങളിലൂടെ കരസ്ഥമാക്കുന്ന അറിവ് എന്നത് മതപരിശീലനത്തിലൂടെ നേടുന്ന അറിവിന്റെ പുനരുൽപ്പാദനമാണ്. എന്നാൽ ആത്മീയാനുഭവങ്ങളെ വ്യാവഹാരികമായ അറിവിന്റെ തലത്തിലേക്ക് ചുരുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നമുക്കിവിടെ ആപ്പിളിന്റെ ഉദാഹരണം തന്നെയെടുക്കാം. ഒരു വ്യക്തി തന്റെ ജീവിതം മുഴുവൻ ആപ്പിളിന്റെ രുചിയെക്കുറിച്ച് പഠിക്കാനായി നീക്കിവെക്കുന്നു. എന്നാൽ ആപ്പിളിന്റെ യഥാർത്ഥരുചിയെ എങ്ങനെയാണ് അതിനെക്കുറിചുള്ള വ്യാവഹാരികമായ അന്വേഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക?

ആത്മീയ അനുഭവങ്ങളെക്കുറിച്ച് നാം വിശകലനം ചെയ്യുമ്പോൾ എന്താണ് അനുഭവം എന്ന് നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. കാരണം, വ്യാവഹാരികമായ അറിവും അനുഭവപരമായ അറിവും തമ്മിൽ വലിയ വ്യത്യാസം നിലനിൽക്കുന്നുണ്ട്. എന്നാൽ കാറ്റ്‌സ് അത്തരത്തിലുള്ള വിഭജനത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ മതപരിശീലനം ലഭിച്ചിട്ടില്ലാത്തവരുടെ ആത്മീയാനുഭങ്ങൾക്ക് അദ്ദേഹത്തിന്റെ സിദ്ധാന്തപ്രകാരം സാധ്യതതയില്ല. അങ്ങനെ വരുമ്പോൾ മൻസൂർ ഹല്ലാജിനെ(റ)പ്പോലുള്ള ആത്മീയ സാധകരുടെ ആദ്ധ്യാത്മികാന്വേഷണങ്ങളെ മനസ്സിലാക്കാൻ കാറ്റ്‌സിന് സാധിക്കാതെ വരുമെന്നത് തീർച്ചയാണ്. കാരണം ഹല്ലാജ്(റ) പോലുള്ള സൂഫികൾ തങ്ങളുടെ ആദ്ധ്യാത്മിക ചിന്തകളുടെ പേരിൽ ജയിലിലടക്കപ്പെട്ടവരും കൊല്ലപ്പെടേണ്ടി വന്നവരുമാണ്. സ്വന്തം മതസമുദായങ്ങൾ തന്നെയാണ് അവരുടെ വധശിക്ഷ നടപ്പിലാക്കിയത്. സൂഫികൾക്ക് ലഭിക്കുന്ന ആത്മജ്ഞാനം മതത്തിന്റെ ബാഹ്യമായ അറിവുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് എന്നതാണ് അതിനുകാരണം.

ഉന്മാദവും ആദ്ധ്യാത്മികതയും

ഇനി നമുക്ക് ഉന്മാദം എന്ന അവസ്ഥ എങ്ങനെയാണ് ആത്മാന്വേഷണവുമായി ബന്ധപ്പെടുന്നത് എന്ന് പരിശോധിക്കാം. ഉന്മാദവും ആത്മീയ ഉണർച്ചയും ഒരിക്കലും രണ്ട് വിരുദ്ധ ദ്വന്ദങ്ങളായി മനസ്സിലാക്കപ്പെടേണ്ടവയല്ല. മാത്രമല്ല, ആധുനിക മനശ്ശാസ്ത്രത്തിൽ മാനസിക രോഗത്തിന്റെ അടയാളങ്ങളായി മനസ്സിലാക്കപ്പെടുന്ന ലക്ഷണങ്ങളെ ആത്മീയജീവിതത്തിന്റെ തുടക്കമായിട്ടാണ് ശാമൻ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നവർ കണക്കാക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള രോഗ ലക്ഷണങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികൾ ആത്മീയ പരിശീലനങ്ങളുടെ തുടക്ക ഘട്ടത്തിലാണ്.

സോക്രട്ടീസ് പറയുന്നത് നമ്മുടെ മുൻഗാമികൾ ഉന്മാദത്തിന്റെ അവസ്ഥയെ മോശമായി കണ്ടിരുന്നില്ല എന്നാണ്. മാത്രമല്ല, എല്ലാ ഔന്നത്യ ഗുണങ്ങളും നമ്മിലേക്കെത്തുന്നത് ഉൻമാദത്തിന്റെ രൂപത്തിലാണ് എന്നും അതൊരു ദൈവിക അനുഗ്രഹമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇവിടെ സോക്രട്ടീസ് ഒരിക്കലും ഉൻമാദത്തെ ഒരു രോഗമായി കാണുന്നില്ല. മറിച്ച്, ആത്മാവിനെ ഗ്രസിച്ച മുഴുവൻ വ്യഥകൾക്കുമുള്ള ഔഷധമായിട്ടാണ് അദ്ദേഹം ഉൻമാദത്തെ അടയാളപ്പെടുത്തുന്നത്. ദൈവിക ഉന്മാദം (Divine Madness) എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. ജർമ്മൻ തത്വചിന്തകനായ ജോസഫ് പീപ്പർ എഴുതുന്നു: ‘ ദൈവിക ഉന്മാദം എന്നത് യുക്തിയുടെ ലോകത്ത് നിന്നുമുള്ള വിമോചനവും മനുഷ്യനൊരിക്കലും സ്വമേധയാ എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവിക യാഥാർത്ഥ്യത്തിലേക്കുള്ള പ്രവേശനവുമാണ്. അപ്പോൾ ദൈവിക ഉന്മാദം എന്നത് ആത്മജ്ഞാനം തന്നെയാണ്.

പ്ലാറ്റോ നമ്മോടാവശ്യപ്പെടുന്നത് ഉന്മാദത്തെക്കുറിചുള്ള അബന്ധമായ ധാരണകൾ നാം തിരുത്തേണ്ടതുണ്ട് എന്നാണ്. ബുദ്ധിയേക്കാൾ ഔന്നത്യമുള്ള ദൈവികമായ ആദ്ധ്യാത്മിക അവസ്ഥയായിട്ടാണ് ഉന്മാദത്തെ കാണേണ്ടതെന്നും അദ്ദേഹം ഉണർത്തുന്നുണ്ട്. മാത്രമല്ല, ആത്മജ്ഞാനത്തെ അവഗണിക്കുന്ന സന്ദേഹവാദികളുടെ തത്വചിന്താസമീപനങ്ങളെ പ്ലാറ്റോ അംഗീകരിക്കുന്നില്ല. അതേസമയം സോക്രട്ടീസ് പറയുന്നത് ആത്മജ്ഞാനികളാണ് യഥാർത്ഥ തത്വചിന്തകർ എന്നും അവരുടെ കൂട്ടത്തിൽ ഉൾപ്പെടാനാണ് താൻ പരിശ്രമിക്കുന്നത് എന്നുമാണ്.


വിവർത്തനം: സഅദ് സൽമി
Featured Image: Levi Meir Clancy

Comments are closed.