മമ്പുറം മഖാമിൽ ആദ്യമായി ഞാനെത്തുന്നത് ഒരു ഫോട്ടോസെഷൻ ചെയ്യാൻ പൊന്നാനിയിലെ അഷറഫ് ഹംസ, ഹുദൈഫ റഹ്മാൻ എന്നിവരുടെ കൂടെയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം സൂഫി അന്വേഷിയും, രാഷ്ട്രീയപ്രവർത്തകനും ആയ മൂസ ഹാജിയുടെയും, എഴുത്തുകാരനും ആത്മീയ അന്വേഷകനും ആയ ഷാനവാസിന്റെയും കൂടെ മഖാമിൽ ഒരു രാത്രി വീണ്ടും എത്തി.
ഇത്തവണത്തെ യാത്ര കൊണ്ടോട്ടി സൂഫി ഫെസ്റ്റിവലിന്റെ ഭാഗം കൂടെയാണ്. അവിടെയെത്തി മൂസാക്കയാണ് നിങ്ങൾക്ക് ചിലരെ പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞ് മഖാമിന് എതിരെയുള്ള ഒരിടവഴിയിൽ ഉള്ള കെട്ടിടത്തിലേക്ക് കൊണ്ട് പോയത്. അവിടെ കണ്ടുമുട്ടിയത് പൂർണ്ണമായും മറ്റൊരു കൂട്ടം ആളുകളായിരുന്നു. സ്വസ്ഥമായിരുന്ന് മഖ്ദൂമിയൻ കാര്യങ്ങളും , സൂഫിസവും ഒക്കെ ചർച്ച ചെയ്യുന്ന ഒരു കൂട്ടം.
അവരിൽ എല്ലാവരിലും ഒരു സമാധാനം നിറഞ്ഞു നിന്നിരുന്നു. അവരുടെ കൂടെ കുറച്ച് നേരം ചായയുടെ കൂടെ ആത്മീയതയും കേട്ട് ആദ്യ കൂടിക്കാഴ്ച്ച കഴിഞ്ഞു.
നാഗൂർ സ്വദേശിയായ ഇദ്ദേഹം ഒരുപാട് കാലമായി കേരളത്തിലുണ്ട്, മമ്പുറത്തും കൊണ്ടോട്ടിയിലുമെല്ലാമായി. ബീരാൻ ഔലിയയുടെ സന്നിധിയിലും, കൊണ്ടോട്ടി മഖാമിലും, മമ്പുറത്തും എല്ലാമായി സഞ്ചരിച്ചുകൊണ്ടേ ഇരിക്കുകയാണ് അദ്ദേഹം. നേർച്ചകളും, റാത്തീബുകളും അടക്കമുള്ള അടിത്തട്ടിലെ മനുഷ്യരുടെ ജനകീയ ആചാരങ്ങൾ നഷ്ടപ്പെട്ടുപോകുന്നതാണ് മതത്തിന്റെ ചൈതന്യം നഷ്ടപ്പെട്ടുപോകാൻ കാരണമെന്നും, അവ നിലനിർത്തുന്നതാണ് മനുഷ്യനെ സുഖപ്പെടുത്തുക എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.
മറ്റൊരിക്കൽ മമ്പുറം മഖാമിലെത്തുമ്പോൾ ആത്മീയ അന്വേഷണങ്ങളിൽ തൽപ്പരനായ ഡോക്ടർ ഹാരിസും കൂടെ ഉണ്ടായിരുന്നു. അന്ന് മൂസാക്കയോട് എനിക്ക് അവരുടെ ഫോട്ടോഗ്രാഫ്സ് എടുക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു. ആദ്യ പടിയായി എടുത്ത ഫോട്ടോഗ്രാഫ്സ് ആണിത്. ഇനിയും അവിടെ ചെല്ലണം, അവരെ തന്നെ വീണ്ടും പകർത്തണം.
സംസാരിച്ചിരുന്നാൽ നമ്മുടെ അകങ്ങളിലെ ധാരണകളെ പൊളിച്ചടുക്കി പുതിയ ലോകം കാട്ടിത്തരുന്ന മനുഷ്യരാണിവർ. സൂഫികളുടെ ചാരെ ഉൾക്കാഴ്ച്ചകളുടെയും, അർത്ഥഗർഭമായ കവിതകളുടെയും കടലിരമ്പം ഉള്ളിലൊതുക്കി ആരുമറിയാതെ, ആരെയുമറിയിക്കാതെ ജീവിച്ച് തീർക്കുന്ന ഈ മനുഷ്യരെ അറിയുകയും, അറിയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രങ്ങൾ പകർത്തുന്നത്.
കേരളം ബന്ധപ്പെടുത്തി ഈ മുഖങ്ങളെ പകർത്തണം എന്ന് ആഗ്രഹിക്കുന്നുണ്ട്. എല്ലാത്തിനും ഉപരി ലോകം എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുഃ ആ.
























Comments are closed.