[അപരിചിതർ തീർക്കുന്ന സൗഹൃദ ലോകങ്ങൾ; ‘ഗരീബ് നവാസി’യെക്കുറിച്ച് ചില ആലോചനകൾ എന്ന ലേഖനത്തിന്റെ തുടർച്ച]

അപരിചിതര്‍ക്ക് ആഥിതേയത്വം നല്‍കുന്ന ഗരീബ് നവാസുകളുടെ സാന്നിദ്ധ്യത്തിലേക്ക് ഒരാൾ കടന്ന് വരിക എന്നത് എന്താണ് അര്‍ത്ഥമാക്കുന്നത്? സാധാരണ ഗതിയിൽ ധാർമ്മികമായ ജീവിതം എന്നത് സാമൂഹിക പെരുമാറ്റ ചട്ടങ്ങളോടും അധികാര സംവിധാനങ്ങളോടും ചേർന്ന് നിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് മനസ്സിലാക്കപ്പെടാറുള്ളത്. പാരമ്പര്യത്തെക്കുറിച്ചും, ധാർമ്മികതയെക്കുറിച്ചുമുള്ള സാമ്പ്രദായികമായ ആലോചനകൾ ഇത്തരം അധീശ ധാർമ്മികതക്ക് പുറത്തുള്ള ജീവിതങ്ങളെ ഉൾകൊള്ളാറില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ സാമൂഹിക ജീവിതത്തെ രൂപപെടുത്തുന്ന ഉച്ചനീചത്വങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക ക്രമത്തെ പല തരത്തിൽ വെല്ലുവിളിക്കുന്ന അനുഭവങ്ങൾ ഫിറോസ് ഷാഹ് കോട്ലയില്‍ കാണാവാനാവും. പേരുകളില്ലാത്ത ആഥിതേയത്വത്തിന്റെ ഇടമായ ഈ സൂഫീ ദർഗകൾ വ്യക്തികൾക്ക് അവരുടെ സാമൂഹിക സ്വത്വങ്ങളിൽ നിന്നും പുറത്ത് കടന്ന് അവരുടെ കുടുംബവും, സാമുദായിക ക്രമങ്ങളും കൽപിച്ച് നൽകിയ സ്ഥാനങ്ങളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും കുതറി മാറുന്നതിനും പുതിയ സ്ഥാനങ്ങൾ സ്വീകരിക്കുന്നതിനുമുള്ള അവസരങ്ങൾ തുറന്ന് നൽകുന്നുണ്ട്.

ഫിറോസ് ഷാഹ് കോട്ലയിലെ (അ)സാധാരണ മനുഷ്യർ

തിങ്ങിയ വെണ്ണീര്‍ നിറമുള്ള മുടിയും, ചെറിയ മുടന്തുമുള്ള ‘ടോഫി ആന്റി’ കോട്ലയിലെ പ്രധാന സാന്നിധ്യമാണ്. ഈസ്റ്റ് ഡൽഹിയിലെ പ്രീത് വിഹാറിലാണ് അവരുടെ താമസം. പഞ്ചാബി മാത്രം സംസാരിക്കുന്ന അവർ എല്ലാ ആഴ്ച്ചയും ഫിറോസ് ഷാഹ് കോട്ലയിലെ കുട്ടികൾക്ക് മിഠായിയുമായിട്ടാണ് വരിക. ‘ടോഫിവാലി ആന്റി’ എന്ന് സ്വയം നൽകിയ പേരിൽ അവർ അഭിമാനം കൊള്ളുന്നത് കാണാം. അവരോട് പഞ്ചാബി ഭാഷയിൽ സംസാരിച്ചത് കൊണ്ടോ, ഈ പരിസരത്ത് വന്ന് എനിക്ക് ആകെയുള്ള പണി ആളുകളുടെ കഥകൾ കേട്ടിരിക്കലോ ആയതാവാം, എന്നോട് അവർ പ്രത്യേകം അടുപ്പം കാണിച്ചിരുന്നു. കഥകള്‍ കേള്‍ക്കാന്‍ ഇരിക്കുമ്പോള്‍ അവർ എന്റെ അടുത്ത് വരികയും അവരുടെ മക്കളുടെയും പേരമക്കളുടെയും കഥകളും, ഇങ്ങോട്ടുള്ള യാത്രയിൽ സംഭവിച്ച കാര്യങ്ങളും, തകർന്നടിഞ്ഞ ഈ ദർഗയെക്കാൾ എത്രയോ നല്ല അവസ്ഥയിലാണ് പഞ്ചാബിലെ ദര്‍ഗകൾ എന്ന നിരീക്ഷണവും, അവരെ എല്ലാ തവണയും കളിയാക്കുന്ന അജയ്ക്കെതിരെയുള്ള പരാതിയും അടക്കം എണ്ണമറ്റ വിശേഷങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കും.

ഒരു വൈകുന്നേരം പതിവ് സംസാരങ്ങളിൽ നിന്ന് മാറി തന്റെ ബാഗില്‍ നിന്ന് ഇരുപത് വയസ്സ് തോന്നിപ്പിക്കുന്ന ഒരു യുവാവിന്റെ ബ്ളാക് ആന്റ് വൈറ്റ് ഫോട്ടോയും പുറത്തെടുത്തു. അവരുടെ ഇളയ മകന്റെ ചിത്രമായിരുന്നു അത്. അവന് വേണ്ടി ഒരു പെണ്ണിനെ നോക്കികൊണ്ടിരിക്കുകയായിരുന്നു അവർ. എന്തോ അത്യാവശ്യത്തിനായി ഓള്‍ഡ് ഡല്‍ഹിയിലെ ഒരു കല്യാണ വീട്ടിൽ നിന്നും പോയതായിരുന്നു അവൻ. തന്റെ കൂട്ടുകാരനായ വധുവിന്റെ സഹോദരനോട് പേടിക്കേണ്ടതില്ല, ഞാൻ പോയി കൊണ്ടുവരാമെന്ന് പറഞ്ഞ് ഒരു സ്‌കൂട്ടറുമായി അവൻ പുറത്തിറങ്ങി. കാറിൽ പോവാം എന്ന് പറഞ്ഞപ്പോൾ ഓൾഡ് സിറ്റിയിലെ ഇടുങ്ങിയ നിരത്തിലൂടെ കാര്‍ ഓടിക്കാന്‍ പ്രയാസമാവും എന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. ഒരു ന്യൂ ഇയർ രാവ് ആയിരുന്നു അത്.

“ആ ബ്ലൂ ലൈന്‍ ബസ്സിലെ ഡ്രൈവര്‍ കുടിച്ചിട്ടുണ്ടാവും, അയാൾ എന്റെ മകനെ ഇന്ത്യാ ഗൈറ്റില്‍ വെച്ച് കൊന്ന് കളഞ്ഞു, ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു ന്യൂ ഇയർ രാത്രിയിൽ” അവർ കുട്ടിച്ചേര്‍ത്തു.

“ഈ കഥ ചുരുങ്ങിയത് ഇരുപത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ടാവും, ഈ ഫോട്ടോയും ഞങ്ങളെ ഒരുപാട് തവണ കാണിച്ചിട്ടുണ്ട്” യൂനുസ് ഇടയില്‍ കയറി പറഞ്ഞു.

“ഇരുപത് വര്‍ഷമായി എനിക്ക് ഭ്രാന്തായിക്കൊണ്ടിരിക്കുകയാണ്, ഈ കഥ ഞാൻ ഇനിയും പറഞ് കൊണ്ടിരിക്കും” അവർ അൽപ്പം ഉച്ചത്തിൽ പ്രതികരിച്ചു പറഞ്ഞു. ഇത്തവണ ശബ്ദം ചെറുതായി ഇടറിയിരുന്നു.

യൂനുസ് അൽപ്പം ദേഷ്യത്തിലാണ് മറുപടി പറഞ്ഞത്:

“എല്ലാവരും ഇത്പോലെ നഷ്ടങ്ങൾ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴച്ചക്കിടയിൽ രണ്ട് മരണ വീട്ടിൽ പോയിട്ടാണ് ഞാൻ വരുന്നത്. ഒന്ന് അക്തറിന്റെ സഹോദരനായിരുന്നു. അയാൾക്ക് അൽപ്പം പ്രായം ആയത് കാരണം എന്നെ വല്ലാതെ ബാധിച്ചില്ല. രണ്ടാമത്തേത് എന്റെ അയല്‍പക്കകാരനായ ഒരു ചെറുപ്രായക്കാരന്റെത് ആയിരുന്നു. തലച്ചോറിലെ രക്തപ്രവാഹം കാരണമായിരുന്നു അവന്റെ മരണം. മൂന്ന് ഹോസ്പിറ്റലുകളിൽ പോയിട്ടും കെട്ടിവെക്കാൻ പണമില്ലാത്തത് കാരണം ആരും അവനെ അഡ്മിറ്റ് ചെയ്തില്ല. അവസാനം ലോൺഡ്രിയിൽ ജോലി ചെയ്തിരുന്ന ഒരു പരിചയക്കാരന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്ക് ശേഷം വില്ലിംങ്ടണ്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിക്ക് അഡ്മിറ്റ് ചെയ്‌തെങ്കിലും അർദ്ധരാത്രി ആയപ്പോഴേക്കും അവന്‍ മരണപ്പെട്ടു. പിന്നെ എന്റെ മടിയില്‍ കളിച്ചു വളര്‍ന്ന ഇളയ അനുജനും മരണപ്പെട്ടിട്ടുണ്ട്. എന്റെ കൈ കൊണ്ട് തന്നെ ഞാന്‍ അവനെ പണി എടുക്കാന്‍ പഠിപ്പിച്ചിരുന്നു. അവന്‍ എന്നെക്കാള്‍ വളര്‍ന്നു, എന്നെക്കാള്‍ എല്ലാത്തിലും മുമ്പിലെത്തി, പക്ഷെ ഈ ലോകത്തോട് വിട പറയുന്നതിലും അവന്‍ എന്നെ പിന്നിലാക്കി. കഴിഞ്ഞ വര്‍ഷമാണ് അവന്‍ മരിച്ചത്. രണ്ട് ഇളയ മക്കളെ തനിച്ചാക്കിയിട്ടാണ് അവന്‍ ഇവിടം വിട്ട് പോയത്. എന്ന് വെച്ച് എല്ലാ സമയവും ഞാൻ ഇവിടെ വന്ന് അവനു വേണ്ടി കരഞ്ഞിരിക്കുകയാണോ വേണ്ടത്?”

പിന്നീട് സംസാരിച്ചത് അജയ് ആയിരുന്നു.തന്റെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ കുറിച്ചും, എല്ലാ സമയത്തും വീട്ടിന് പുറത്തായതിനാൽ മരണം അറിയാൻ കഴിയാതിരുന്നതിനെക്കുറിച്ചും അയാൾ സംസാരിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പ് ഭക്ഷണവും കഴിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ ആരോ അയാളെ കണ്ടെത്തി മരണ വാര്‍ത്ത അറിയിച്ചപ്പോള്‍ ‘ഭക്ഷണം കഴിച്ചിട്ട് അല്‍പം കഴിഞ്ഞിട്ട് പോകാം’ എന്ന അമ്മയുടെ വാക്കുകളായിരുന്നു അയാളുടെ മനസ്സ് നിറയെ. മരണവാര്‍ത്ത അറിഞ്ഞതിന് ശേഷവും അജയ് വീട്ടിലേക്ക് പോയില്ല. ഒരു വാടക സൈക്കിളില്‍ രാത്രി മുഴുവന്‍ എല്ലാവരേയും ഈ മരണ വാർത്ത അറിയിക്കാനായി ഓടിക്കൊണ്ടിരുന്നു.

അജയ് പറഞ്ഞവസാനിപ്പിക്കുമ്പോൾ എല്ലാവരും ഒരു നിമിഷം നിശബ്ദരായി. അവരോട് യാത്ര പറഞ്ഞു പിരിയാൻ ഞാൻ ആ അവസരം ഉപയോഗപ്പെടുത്തി. കോട്ലയുടെ ഗൈറ്റ് കടന്നതോടെ അത് വരെ തടഞ്ഞുവെച്ച എന്റെ കണ്ണുനീര്‍ പൊട്ടിയൊലിച്ചു. ആ കണ്ണുനീർ സംഭാഷണത്തില്‍ കേട്ട കാര്യങ്ങൾ കാരണമായിരുന്നില്ല, മറിച്ച് ആ സംഭാഷണത്തില്‍ പറയാതെ പോയ കാര്യങ്ങളെ ഓര്‍ത്ത് കൂടെ ആയിരുന്നു. ആ ചെറിയ ഒത്തുകൂടലിലെ പതിവ് അംഗം എന്ന നിലയിൽ രൂപപ്പെട്ട വ്യക്തിപരമായ അറിവുകളും അടുപ്പവും ആ നിറഞ്ഞ് ഒഴുകലിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അമ്മ മരിക്കുന്ന അവസരത്തിൽ വീട്ടില്‍ ഇല്ലാതിരിക്കാൻ കാരണം യഥാർത്ഥത്തിൽ അജയ് ഒരിക്കലും വീട്ടിൽ പോവാറില്ല എന്നതായിരുന്നു. ജീവിതത്തിൽ കാര്യമായിട്ടൊന്നും നേടാൻ അയാൾക്കായിട്ടില്ല. നാല്‍പത് വയസ്സായിട്ടും ഒരു ജോലിയോ ഭാര്യയോ ഇല്ലാത്ത അയാൾ ജ്യേഷ്ടന്റെ കുടുംബ ത്തോട് കൂടെയാണ് താമസിക്കുന്നത്. സഹോദരന്റെ മക്കളടക്കം ആ വീട്ടിലുള്ളവരെല്ലാം അയാളോട് ശണ്ഠ കൂടുകയും, കയർത്ത് സംസാരിക്കുകയും ചെയ്യും.

വീട്ടിൽ വഴക്കുകളുണ്ടാവൽ പതിവാണ്. വഴക്കുണ്ടാവുമ്പോൾ അജയ് വീട് വിട്ടിറങ്ങും. നഗരത്തിൽ അലഞ്ഞും, മദ്യപിച്ചും, ജമാ മസ്ജിദിന്റെ മുന്നിൽ കിടന്നും സമയം കഴിക്കും. ഒടുവിൽ എല്ലാവരും ഉറങ്ങുന്ന സമയമാവുമ്പോൾ തിരിച്ച് വന്ന് വീടിന് പുറത്ത് കിടന്നുറങ്ങും. രാവിലത്തെ ചായ മിക്കവാറും വീടിന് വെളിയില്‍ തന്നെയാവും. മാതാവിന്റെ മരണ ശേഷം കാര്യങ്ങള്‍ കൂടുതൽ വഷളായിരിക്കാനാണ് സാധ്യത. ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ട് അനാഥനായാണ് അയാൾ വളർന്നത്. ഫിറോസ് ഷാഹ് കോട്ലയില്‍ പക്ഷെ അയാൾക്ക് എപ്പോഴും കടന്നുവരാം. ഇവിടെ അയാൾക്ക് ജീവിതത്തിന് അർത്ഥമുണ്ട്. ഒരു രാഷ്ട്രീയക്കാരനും ഹോട്ടല്‍ ഉടമയുമായ ബാബുജിക്ക് വേണ്ടി ഇവിടെ എല്ലാ ആഴ്ച്ചയും ഭക്ഷണം വിതരണം ചെയ്യുന്നത് അജയ് ആണ്. തനിക്ക് കിട്ടുന്ന തുച്ചമായ പണം കൊണ്ട് ആളുകൾക്ക് ചായ വാങ്ങിക്കൊടുക്കാനും ഉള്ളതിൽ നിന്നും ധാനം ചെയ്യാനും അവസരങ്ങളുണ്ട്. ഇവിടെ അയാളുടെ തമാശകൾ കേട്ട് ചിരിക്കാൻ സുഹൃത്തുക്കളുണ്ട്. കുടുംബത്തിലേത് പോലെ അപമാനിതനായി പുറത്ത് കടക്കേണ്ടതുമില്ല.

ടോഫി ആന്റിക്ക് മറ്റൊരു മകനിൽ ഒരു പേരമകനുണ്ട്. ഫിറോസ് ഷാഹ് കോട്ലയില്‍ നിന്നും അവർ കൊണ്ടുവരുന്ന മധുരച്ചോർ പേരമകന് ഇഷ്ടമാണ്. മരുമകൾ നോയിഡയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നതിനാൽ പേരമകനെ നോക്കാനും ലാളിക്കാനുമുള്ള ഉത്തരവാദിത്വം അവർക്കാണ്. സാമ്പത്തികാഭിവൃദ്ധിയിൽ ഭാവിയിലേക്ക് കണ്ണും നട്ടിരിക്കുന്ന സന്തോഷകരമായ ആ കുടുംബത്തിനകത്ത് ഇരുപത് വർഷങ്ങൾക്ക് മുൻപ്, തന്റെ പേരമകൻ ജനിക്കുന്നതിന് മുൻപ് നഷ്ടപ്പെട്ട തന്റെ ഇളയ മകനെക്കുറിച്ചുള്ള വേദനകൾ പങ്കുവെക്കാൻ അവർക്ക് ഇടങ്ങളില്ല. അതിനാല്‍, തന്റെ മകന്റെ മരണത്തിന് കാരണമായ ബ്ലൂ ലൈന്‍ ബസ്സ് കയറി ദർഗയിലെ ബാബയോടും തന്നെ കേൾക്കാൻ തെയ്യാറുള്ള ഓരോരുത്തരോടും തന്റെ വേദനയുടെയും നഷ്ടത്തിന്റെയും കഥ ആവര്‍ത്തിക്കാനായി, മകന്റെ ഫ്രയിം ചെയ്ത ചിത്രവും ഒരു പിടി മിഠായികളുമായി എല്ലാ ആഴ്ച്ചയിലും ആ സ്ത്രീ ഇവിടെയെത്തും. യൂനുസ് അവരോട് നിര്‍ത്താന്‍ പറയുകയും ഈ കഥ ഞാന്‍ ഇരുപത് പ്രാവശ്യം ആദ്യമേ കേട്ട് കഴിഞ്ഞിട്ടുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു എങ്കിലും അവരെല്ലാവരും അടുത്ത തവണയും ആ കഥ മുഴുവനും കേൾക്കും. ദു:ഖത്താല്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്നു അവർ. ഭ്രാന്തന്മാർക്ക് ഇവിടെ അവരുടേതായ അവകാശങ്ങളുണ്ട്, മറ്റുള്ളവരെക്കാൾ.

യൂനുസിന്റെ അവസ്ഥയും സമാനമാണ്. പുറത്ത് ശാന്തനാണെന്ന് തോന്നിക്കുകയും ആന്റിയോട് മരണം എന്നത് ഒരു അനിവാര്യതയാണെന്നും, എല്ലാവരും മരിക്കുമെന്നും ഉപദേശിക്കുകയും ചെയ്യുമെങ്കിലും തന്റെ സഹോദരന്റെ മരണത്തിന്റെ സങ്കടത്തിൽ നിന്നും അവൻ ഇതുവരെ മുക്തനായിട്ടില്ല എന്നതാണ് യാഥാർഥ്യം. സഹോദരന്റെ ചികിത്സക്കായി പതിനായിരത്തോളം രൂപ ചിലവഴിച്ചതിന്റെ കടത്തിൽ നിന്ന് ഇന്നും അയാൾ കര കയറിയിട്ടില്ല. സ്ഥിര ജോലി നഷ്ടമായ അയാൾ ഒരു മദ്യപാനി ആയി മാറുകയും പലപ്പോഴും കുടിച്ച് റോഡരികിൽ ബോധം നഷ്ടപ്പെട്ട് കിടക്കുകയും ചെയ്തു. അയല്‍പക്കക്കാർ ഇന്ന് അയാളെ ഒരു മുഴുകുടിയനായിട്ടാണ് കാണുന്നത്. ഓള്‍ഡ് ഡല്‍ഹിയില്‍ യൂനുസ് താമസിക്കുന്നതിന് തൊട്ട് അപ്പുറത്താണ് അക്തര്‍ താമസിക്കുന്നത്. “പക്ഷെ ഞാന്‍ മൊഹല്ലയിൽ വെച്ച് അവനോട് സംസാരിക്കാറില്ല, ഇവിടെ വെച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. അല്ലെങ്കിൽ ഏത് തരത്തിലുള്ള ആളുകളുമായിട്ടാണ് തന്റെ കൂട്ട് എന്ന് നാട്ടുകാര്‍ ചോദിക്കും. ഞങ്ങൾ രണ്ട് പേരും ഒന്നിച്ചാണ് ദർഗയിൽ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് അവരോട് എങ്ങനെ പറയും” അക്തര്‍ പറഞ്ഞു. ” സത്യത്തിൽ ഞാനാണ് അവനെ ഇവിടേക്ക് എന്റെ കൂടെ വരാന്‍ പ്രോത്സാഹിപ്പിക്കാറുള്ളത്. അങ്ങനെയെങ്കിലും അവന്റെ കുടി കുറച്ചെങ്കിലും കുറഞ്ഞു കിട്ടിയേക്കാം” അക്തർ കൂട്ടിച്ചേർത്തു.

മൊഹല്ലയില്‍ യൂനുസ് പേരുദോഷമുള്ള കുടിയനായിരിക്കാം, പക്ഷെ കോട്ലയിലെ സൂഫി ദര്‍ഗയില്‍ അയാൾ സ്വീകാര്യനാണ്. അക്തറിനും ഇവിടെ അയാളോട് സംസാരിക്കാൻ മടിയൊന്നുമില്ല. അജയ്ക്ക് കുടുംബത്തിലെ കലഹങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും മോചനം നേടി മറ്റൊരാളായി മാറാം. ടോഫി ആന്റിക്ക് ഇവിടെ വെച്ച് മകനെ ഓര്‍ത്ത് കരയാം, തന്റെ സങ്കടക്കഥ പല തവണ ആവർത്തിച്ച് പറയാം, മറ്റുള്ളവർക്ക് തങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും കത്തുകളിലാക്കി ജിന്നുകൾക്ക് വായിക്കാനായി, പരിഹാരവും പ്രതീക്ഷിച്ച് ആ ദർഗയിലെ ഇരുണ്ട ചുമരുകളിൽ തൂക്കിവെക്കുകയും ചെയ്യാം.


വിവർത്തനം: Jurais Poothanari
Featured Image by Dewang Gupta
Location : Delhi Jama Musjid

Comments are closed.