ലോകം ഫോട്ടോഗ്രഫിയും സിനിമയും പരിചയപ്പെട്ടിട്ടില്ലാത്ത കാലത്ത് മറയുടെയും വെളിച്ചത്തിന്റെയും സാധ്യതകൾ ഉപയോഗിച്ച് വിനോദത്തിനും സൂഫി ആശയങ്ങളുടെ വിനിമയത്തിനുമായി ഓട്ടോമൻ പ്രദേശങ്ങളിൽ നിഴൽ നാടകങ്ങൾ അരങ്ങേറിയിരുന്നു. സിനിമയുടെ കടന്നുവരവോടെ കാഴ്ചയെ കുറിച്ചുള്ള സൗന്ദര്യ വീക്ഷണത്തിലുണ്ടായ മാറ്റങ്ങൾ ഇത്തരം കലാരൂപങ്ങളെ മറവിയിലേക്ക് തള്ളിയിട്ടുണ്ട്. കറഗോസ്, ഹാജിവാത് എന്നാണ് നിഴൽ നാടകം ജനകീയമായി അറിയപ്പെട്ടിരുന്നത്. ഇബ്നു അറബി (റ), മൗലാന ജലാലുദ്ദീൻ റൂമി (റ) തുടങ്ങിയ സൂഫി പണ്ഡിതന്മാരുടെ രചനകളിലെ ദാർശനിക ചിന്തകളാൽ സമ്പന്നമാണ് കറഗോസും ഹജിവാതും.
കറഗോസിന്റെയും ഹജിവാതിന്റെയും ഉത്ഭവത്തെ കുറിച്ച് പലതരം അനുമാനങ്ങൾ നിലനിൽക്കുന്നുണ്ട്. ചില ഗവേഷകർ ഇതിനെ നിഴൽ നാടക കലയിൽ സമ്പന്നമായ പാരമ്പര്യമുള്ള ഇന്ത്യ, ചൈന തുടങ്ങിയ പ്രദേശങ്ങളുമായുള്ള ഏഷ്യൻ തുർക്കുകളുടെ സാംസ്കാരിക വിനിമയങ്ങളുടെ ഭാഗമായി കാണുന്നുണ്ട്. എന്നാൽ മദ്ധ്യേഷ്യൻ തുർക്കികൾ നിഴൽ നാടകങ്ങളെ കുറിച്ച് അജ്ഞരായിരുന്നുവെന്ന പ്രബലമായ മറ്റൊരു നിരീക്ഷണം നിലവിലുണ്ട്. മറ്റൊരു അഭിപ്രായം ഇന്ത്യയിൽ നിന്ന് പടിഞ്ഞാറിലേക്ക് കുടിയേറിയ റോമക്കാരിൽനിന്നാണ് ഈ കലയുടെ ഉത്ഭവമെന്നാണ്. ഇന്ത്യയിൽ റോമാക്കാർ ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഈ കലാരൂപം നിലനിന്നിരുന്നില്ല എന്നതും, റോമക്കാരുടെ കുടിയേറ്റം നടക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിലാണെങ്കിലും പതിനാറാം നൂറ്റാണ്ടിന് മുൻപ് അനറ്റോലിയയിൽ ഈ കലാരൂപം നിലവിലുണ്ടായിരുന്നതിന് തെളിവുകൾ ലഭ്യമല്ല എന്നതും ഈ നിരീക്ഷണത്തെയും ദുർബലമാക്കുന്നുണ്ട്.




എ.ഡി 1500കളിലെ ഓട്ടോമൻ രേഖകളിലാണ് നിഴൽ നാടകത്തെ കുറിച്ച് പ്രാഥമിക വിവരങ്ങൾ കാണുന്നത്. ഇതിനെ കറഗോസ് എന്ന് ആദ്യമായി വിളിക്കുന്നത് പ്രസിദ്ധ ഓട്ടോമൻ സഞ്ചാരിയായിരുന്ന ‘എവ്‌ലിയ ചെലിബി’യാണ്. കറഗോസും ഹജിവാതും സത്യവും മിഥ്യയും കലർന്ന കഥാപാത്രങ്ങളാണ് എന്നതാണ് യാഥാർത്ഥ്യം. എവ്‌ലിയ ചെലിബിയുടെ അഭിപ്രായത്തിൽ അനറ്റോലിയൻ സൽജൂക്കുകളുടെ കാലത്ത് ജീവിച്ചവരാണവർ. ചക്രവർത്തിയുടെ ലായത്തിൽ ജോലി ചെയ്തിരുന്ന സൊഫ് യോസുലും ബലി ചെലിബി എന്ന റോമക്കാരനാണ് കറഗോസ്. സൽജൂക്ക് സുൽത്താന്റെ സേവകനായിരുന്ന ‘യോംക്ച ഹാലി’നാണ് ഹജിവാത്. ഇടക്ക് പരസ്പരം കണ്ടുമുട്ടിയിരുന്ന രണ്ടുപേരും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ ജനങ്ങളെ ചിരിപ്പിക്കുന്നവരായിരുന്നു. ഇത് പിന്നീട് നിഴൽ നാടകത്തിന് വഴിമാറുകയായിരുന്നു.
പാവക്കൂത്തുകാർക്ക് ഈ കഥാപാത്രങ്ങളെക്കുറിച്ച് പറയാനുള്ളത് മറ്റൊരു കഥയാണ്. അവരുടെ അഭിപ്രായത്തിൽ കറഗോസ് ഒരു കൊല്ലപ്പണിക്കാരനും, ഹജിവാത് ബർസയിൽ ഒർഹാൻ ഗാസി (ഒസ്മാനു ശേഷം ഭരണം ഏറ്റെടുത്ത ചക്രവർത്തി) പണി കഴിപ്പിച്ച പള്ളിയുടെ നിർമ്മാണ മേൽനോട്ടക്കാരനുമായിരുന്നു. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ആദ്യ ഓട്ടോമൻ തലസ്ഥാനമായിരുന്നു ബർസ. പള്ളി നിർമ്മാണത്തിനിടയിൽ ഇരുവരും പറയുന്ന തമാശകൾ മറ്റു പണിക്കാരെയും ആകർഷിച്ചു. രണ്ടു പേരുടെയും നർമ്മം നിറഞ്ഞ സംഭാഷണങ്ങളിൽ മുഴുകിയ ജനങ്ങൾ തങ്ങളുടെ ജോലിയെ കുറിച്ചു പോലും അശ്രദ്ധരായി. മാസങ്ങളായിട്ടും പള്ളി നിർമ്മാണം പുരോഗതിയിലെത്താത്തത് ശ്രദ്ധയിൽ പെട്ട ഒർഹാൻ ഗാസി വിശദീകരണം ആവശ്യപ്പെട്ട് നിർമ്മാണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. നിർമ്മാണം വൈകുന്നതിനു കാരണമായി ഉദ്യോഗസ്ഥൻ കറഗോസിന്റെയും ഹജിവാതിന്റെയും നർമ്മ പ്രകൃതത്തെ കുറിച്ച് സൂചിപ്പിച്ചു. ഒർഹാൻ ഗാസി അവരെ താക്കീതു ചെയ്തെങ്കിലും അടുത്ത തവണ പരിശോധിച്ചപ്പോഴും നിർമ്മാണത്തിന് പ്രതീക്ഷിച്ച പുരോഗതി കാണാനായില്ല. ഒടുക്കം ഉദ്യോഗസ്ഥൻ പരാതി ബോധിപ്പിക്കുകയും ഒർഹാൻ രണ്ടുപേർക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. തൊഴിലാളികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഇത് അഗാധമായ ദുഃഖത്തിനിടയാക്കി. തന്റെ തീരുമാനം ജനങ്ങൾക്കിടയിൽ പ്രതികൂലമായ ഫലമുണ്ടാക്കിയതിൽ ഓർഹാന് മനസ്താപമുണ്ടായി. അദ്ദേഹം പ്രസിദ്ധ സൂഫിവര്യനായ ഷെയ്ഖ് കുശ്തേരിയെ വിളിപ്പിച്ച് കറഗോസിന്റെയും ഹജിവാതിന്റെയും വ്യക്തിത്വത്തെ കുറിച്ച് അന്വേഷിച്ചു. അവരുടെ സംഭാഷണങ്ങളിൽ കൗതുകം തോന്നിയ ഓർഹാൻ തനിക്കവരെ ഒരു നിഴൽ പശ്ചാത്തലത്തിൽ നാടക രൂപത്തിൽ അവതരിപ്പിക്കാനാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് കറഗോസ്-ഹജിവാത് നിഴൽ നാടക പാരമ്പര്യത്തിന് ശൈഖ് കുശ്തേരി എന്ന സൂഫി പണ്ഡിതൻ തുടക്കം കുറിക്കുന്നത്. വിവാഹം, ജനനം, സുന്നത്ത് ചടങ്ങ്, റമദാൻ രാവ്, ബലി പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ കൊട്ടാരങ്ങൾ മുതൽ സാധാരണ വീടുകളിലും, ചായക്കടകളിൽ വരെ നിഴൽ നാടകങ്ങൾ അരങ്ങേറി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ കറഗോസും ഹജിവാതും ജനകീയമായി തന്നെ തുടർന്നു.
സൂഫി ഭാവാർത്ഥങ്ങൾ
മുഖദ്ദിമെ (പ്രാരംഭം), മുഹാവറെ (സംഭാഷണം), ഫസ്ൽ (കേന്ദ്ര നാടകം), ഹിതാം (പര്യവസാനം) എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് നാടകം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. കർട്ടനു പിന്നിലുള്ള പാവകളിക്കാരൻ ‘ഹയാലി’ക്ക് ഓരോ ഭാഗത്തിനനുസരിച്ചും ഉള്ളടക്കത്തിൽ മാറ്റം വരുത്താനാകും. പ്രാരംഭത്തിൽ കർട്ടനു പിന്നിൽനിന്ന് അവതരിപ്പിക്കുന്ന ഉള്ളടക്കവുമായി ബന്ധമില്ലെങ്കിലും ശ്രോതാക്കളെ ആകർഷിക്കുന്നതിനായി ചില ചിത്രീകരണങ്ങളും വാക്കുകളും ഉപയോഗിക്കാറുണ്ട്. ‘ സെമായി’, ‘പെർദെ ഗസേലി’ എന്നീ പദ്യങ്ങൾ ഈ സമയത്ത് വായിക്കപ്പെടുന്നു. ക്ഷണനേരത്തെ സംഭാഷണത്തിനു ശേഷം കറഗോസും ഹജിവാതും പരസ്പരം വാക്കുതർക്കത്തിലേർപ്പെടുന്നു. തുടർന്നു വരുന്ന സംഭാഷണ ഭാഗം രണ്ടുപേർ ഒരു നിശ്ചിത വിഷയത്തിൽ നടത്തുന്ന ഹൃദ്യമായ ചർച്ചയാണ്. കേന്ദ്ര ഭാഗമായ ഫസ്‌ലിലും ഇതേ രീതി തന്നെ പിന്തുടരുന്നു. നാടകത്തിന്റെ ഉള്ളടക്കം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും പല കാലങ്ങളിലൂടെ വൈവിധ്യങ്ങൾ പരീക്ഷിക്കപ്പെടുകയും ചെയ്തു പോന്നു. ചില സൂഫി ശൈഖുമാർ നിഴൽ നാടകം പരിശീലിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ശൈഖ് കുശ്തേരിയാണ് ഈ പാവനാടകങ്ങളുടെ സ്ഥാപകൻ എന്ന അനുമാനത്തെ ഈ വസ്തുത ശക്തിപ്പെടുത്തുന്നു.




പ്രശസ്ത സൂഫി പണ്ഡിതൻ ഇബ്നു അറബി(റ) തന്റെ ‘ഫുതൂഹാത് അൽമക്കിയ്യ’ എന്ന ഗ്രന്ഥത്തിൽ പാവക്കൂത്തുകളെ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാടകത്തിലെ കർട്ടനിൽ പതിയുന്ന നിഴലുകൾ ശരിയായ യാഥാർത്ഥ്യത്തിലേക്കും അതിനെ മറക്കുന്ന നിഴലുകളിലേക്കുമുള്ള ആലോചനക്കുള്ള വഴിതുറക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “അധിക പേരും കർട്ടണിൽ കാണുന്ന നിഴലുകൾ യാഥാർത്ഥ്യമാണ് എന്ന് വിശ്വസിക്കുന്ന ചെറിയ കുട്ടികളെപ്പോലെയാണ്. മുതിർന്ന കുട്ടികൾ നിഴലുകൾ കണ്ട് ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളുന്നവർക്ക് കേവലം നാടകമായും സമയം പോക്കായും തോന്നാം. എന്നാൽ പണ്ഡിതന്മാർ അതിനെ ദൈവം കാണിച്ചുതരുന്ന ഒരു രൂപകമായി മനസിലാക്കുന്നു.” പ്ലേറ്റോയുടെ ഗുഹാമുഖത്തെ നിഴലുകളെപ്പോലെ സൂഫികളെ സംബന്ധിച്ചിടത്തോളം നിഴൽ നാടകങ്ങൾ മറക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് തിരിയാനുള്ള ഓർമ്മപ്പെടുത്തലാണ്.
നിഴൽ നാടകങ്ങളിലെ കർട്ടൺ ‘സ്വപ്ന മറ’, ‘അനുഭവബോധ മറ’, അല്ലെങ്കിൽ ‘കണ്ണാടി’ എന്നീ പേരുകളിലറിയപ്പെടുന്നു. കണ്ണാടിക്ക് സൂഫി സാഹിത്യത്തിൽ ബഹുമുഖ അർത്ഥങ്ങളാണുള്ളത്. പ്രാചീന കാലത്ത് ലോഹം ഉരച്ചും മിനുസപ്പെടുത്തിയുമാണ് കണ്ണാടി നിർമ്മിച്ചിരുന്നത്. ജലാലുദ്ദീൻ റൂമി ഒരാളുടെ ഹൃദയം കണ്ണാടിയെപ്പോലെയാണെന്ന് പറയുന്നുണ്ട്; “അതെപ്പോഴും ശുദ്ധമായിരിക്കണം. അല്ലാത്തപക്ഷം അഴുക്കുപുരണ്ട കണ്ണാടി മലിനമായ കാര്യങ്ങളെയായിരിക്കും പ്രതിഫലിപ്പിക്കുക”.




നാടകത്തിനിടയിൽ വായിക്കപ്പെടുന്ന കാവ്യശകലങ്ങൾക്കും മെറ്റാഫിസിക്കൽ അർത്ഥങ്ങളാണുള്ളത്. സ്രഷ്ടാവ്-പ്രപഞ്ചം-മനുഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഉൺമയെ കുറിച്ചുള്ള ബോധ്യങ്ങൾ അതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് ഈ നാടകങ്ങളുടെ സൂഫി പ്രകൃതം നഷ്ടപ്പെടുന്നതും ഓട്ടോമൻ പരമാധികാരഘടനയിൽ ഒരു സാമൂഹിക വിമർശനത്തിലേക്ക് തിരിയുന്നതും. സാമ്രാജ്യത്തിന്റെ വികാസത്തോടൊപ്പം ഇതിന്റെ അവതരണ രീതിയും പ്രമേയവും വ്യത്യസ്തമായിക്കൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിനു ശേഷം നിഴൽ നാടകങ്ങൾ തിയേറ്ററുകളിലേക്ക് പറിച്ചു നടപ്പെട്ടു. പൂർവ്വ രീതികളെയും ഛായാഗ്രഹണ വസ്തുക്കളെയും നിലനിർത്തിക്കൊണ്ട് തന്നെയായിരുന്നു ഈ മാറ്റം. സിനിമാ രംഗത്തു വന്ന വികാസം ദൃശ്യകലയിലും മൗലികമായ മാറ്റങ്ങൾ വരുത്തി. സിനിമയിൽ പാവകളിക്കാരൻ സംവിധായകന്റെ സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. നിഴൽ നാടകത്തിലെ മുഖ്യ ആകർഷണങ്ങളായ വെളിച്ചവും നിഴലും പ്രൊജക്ടറുകൾക്കും വഴിമാറി.
കടപ്പാട് : അലി തഫേക്ചി/Dailysabah
Featured Image: iStock Photo
Comments are closed.