[ബ്രസീലിലെ മുസ്‌ലിം ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മൂന്നാം ഭാഗം]

ഇമാം അഹമ്മദ് ഷക്കൂറുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സംഭവിച്ചത്. ആറുമണി കഴിഞ് കാണാമെന്നേറ്റ മീറ്റിങ്ങിന് 6.5 ആകുമ്പോഴേക്കും ഞാൻ കോഫി ഷോപ്പിൽ എത്തി. ഞാനും ഇമാം അഹമ്മദുമായി ഒരു സംഭാഷണം മുൻപ് നടന്നിരുന്നുവെങ്കിലും അദ്ദേഹം എന്നെ തിരിച്ചറിയുമോ എന്നൊരു സന്ദേഹം എനിക്കുണ്ടായിരുന്നു. ബ്രസീലിൽ മതം മാറുന്ന ആളുകൾ അവരുടെ പേരുകളും മാറ്റാറുണ്ട്. ഒരു ടൂറിസ്റ്റായ എന്നെ തിരിച്ചറിയാൻ എളുപ്പമായിരുന്നു. കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടുത്തേക്ക് ചെന്ന് അവർക്കിടയിൽ ഇമാം അഹമ്മദ് ഉണ്ടോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അവിടെ അദ്ദേഹം ഉണ്ടായിരുന്നില്ല. ഞാൻ കാത്തിരുന്നു.

അൽപം കഴിഞ് ഇമാം അഹമ്മദ് കോഫീ ഷോപ്പിലേക്ക് കടന്നുവന്നു. അദ്ദേഹം സാവോ പോളോയിലെ നക്ഷബന്ധിയ്യ സൂഫി ത്വരീഖത്തിലെ ഇമാമാണ്. ത്വരീഖ എന്നാൽ സൂഫികൾ പിന്തുടരുന്ന വഴി, മാർഗ്ഗം, രീതി എന്നൊക്കെയാണർത്ഥം. ത്വരീഖ ഒരു നിയമ സംഹിതയല്ല മറിച്ച് അതൊരു അനുഷ്ഠാന രീതിയും ജ്ഞാനവും സൂഫീവര്യരുടെ ജീവിത രീതിയുമാണ്.

കണ്ടുമുട്ടിയ ഉടനെ ബ്രസീലിലെ സൂഫിസത്തെക്കുറിച്ചും, മതത്തെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഞാൻ എവിടെ നിന്നാണെന്ന് വ്യക്തമാക്കിയപ്പോൾ അദ്ദേഹം ജോർദാനും മൊറോക്കോയുമാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞു. കാരണം അവിടെയുള്ള രാജാക്കന്മാർ സൂഫീ ത്വരീഖത്തിലെ മുരീദുകളുടെ കുടുംബങ്ങളിൽ നിന്നാണത്രെ.

കോഫിയും ബ്രസീലിയൻ ചീസ് ബ്രഡും (Pao de Queijo) വെയ്റ്റർ കൊണ്ടു വന്നപ്പോൾ അദ്ദേഹം കുറച്ചു ഉപ്പ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന മുഹമ്മദ് നാസിം  ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഉപ്പ് കഴിക്കണമെന്ന് നിർദേശിച്ചിരുന്നുവത്രേ. ഭക്ഷണത്തിൽ നിന്ന് വരാവുന്ന രോഗത്തെ തടയാൻ അത് സഹായിക്കും എന്നതായിരുന്നു അതിന് കാരണമായി അദ്ദേഹം പറഞ്ഞത്.

മതത്തെയും സംസ്കാരത്തെയും കുറിച്ച് ചോദിച്ചപ്പോൾ ഇമാം അഹമ്മദിന്റെ മറുപടി അവ രണ്ടും വ്യത്യസ്തമാണെങ്കിലും വേർതിരിക്കാനാവാത്ത കാര്യങ്ങളാണ് എന്നായിരുന്നു. ‘നിങ്ങൾക് തലച്ചോറിന്റെ വലത് ഭാഗത്തേയും ഇടത് ഭാഗത്തേയും വേർതിരിക്കാൻ പറ്റുമോ? അങ്ങനെ ചെയ്‌താൽ മനുഷ്യൻ മരണപ്പെടുകയാണ്  ഉണ്ടാവുക. അതുപോലെതന്നെയാണ് മതവും സംസ്കാരവും. നമുക്ക് അവയെ വേർതിരിക്കാൻ സാധിക്കില്ല” അദ്ദേഹം പറഞ്ഞു.

സംസ്കാരത്തെ വിശദീകരിക്കാൻ ഇമാം അഹമ്മദ് ഇസ്‌ലാമിക ചട്ടക്കൂടിനെ ആണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിൽ സംസ്കാരത്തെ തിരിച്ചറിയാൻ അഞ്ച് വർഗ്ഗീകരണങ്ങൾ ഉപയോഗിക്കാം. നിർബന്ധം (Obligatory), പ്രോത്സാഹിപ്പിക്കപ്പെട്ടത് (recommended), അനുവദനീയം (permissible), നിരുത്സാഹപ്പെടുത്തപ്പെട്ടത് (not-recommended,) വിലക്കപ്പെട്ടത് (forbidden) എന്നിങ്ങനെയാണ് ആ വർഗ്ഗീകരണം. ഇസ്‌ലാമിലെ ഈ അഞ്ച് ഘടകങ്ങൾ അവൻ്റെ സാംസ്കാരിക സമീപനങ്ങളിൽ സ്വാധീനം ചെലുത്തും. അതിന് ശേഷമാണ് അവൻ ത്വരീഖയിലേക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സമീപിക്കേണ്ടത്. അവന്റെ സംസ്കാരം ആദ്യം പറഞ്ഞ മൂന്നു വിഭാഗങ്ങളോടും അവന്റെ ത്വരീഖയോടും യോജിച്ചു പോകുന്നുണ്ടെങ്കിൽ അവൻ ആ പ്രവർത്തി തുടരും, അല്ലെങ്കിൽ അവൻ അത് ഉപേക്ഷിക്കും.

” സംസ്കാരം സമൂഹത്തിനുമേൽ സ്വാധീനം ചെലുത്തുന്നു. ഈ സ്വാധീനം കിഴക്ക് നിന്നും പടിഞ്ഞാറോട്ടും, മറിച്ചും ആകാം”  ഇരു ദിക്കുകളിലേക്കും വിരൽ ചൂണ്ടി ഇമാം അഹമ്മദ് പറഞ്ഞു. തുടർന്ന് മുകളിലേക്കും താഴേക്കും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. “സാംസ്കാരിക സ്വാധീനം ദൈവത്തിൽ നിന്നും പിശാചിൽ നിന്നും ആവാം. ദൈവത്തിന്റെ അദ്ധ്യാപനങ്ങൾ പ്രവാചകരിലൂടെ ആണ് അവതരിപ്പിക്കുന്നത്”. പ്രവാചകന്മാരാണ് ജനങ്ങളിൽ സാംസ്കാരികമായ നന്മയെ സ്ഥാപിക്കുന്നത്. ഈ സംസ്കാരം കാലം കൈമാറ്റം ചെയ്യുന്നു. അതോടൊപ്പം അവ മറ്റുള്ളവയാൽ സ്വാധീനിക്കപ്പെടുന്നുമുണ്ട്.

ഇങ്ങനെ പരസ്പരമുള്ള സ്വാധീനമാണ് പ്രവാചകരുടെ കാലത്തും നമ്മുടെ കാലത്തും മതവും സംസ്കാരവും മനസ്സിലാക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാകുന്നത്. ഓരോ സമയത്തേയും സ്ഥലത്തെയും സംസ്കാരത്തിന് വിശ്വാസത്തിന് മേൽ നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്താനാവും.

ഇമാം അഹമ്മദുമായുള്ള സംഭാഷണം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു. വളരെ സത്യസന്ധമായ ആശയ കൈമാറ്റമായിരുന്നു ഞങ്ങൾക്കിടയിൽ നടന്നത്. ഇസ്‌ലാമിന്റെ ഏറ്റവും ആകർഷകമായ മാനം ഏതാണ് എന്ന് ചോദിച്ചപ്പോൾ ഇസ്‌ലാം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടുതൽ ഊഷ്മളതയും സത്യസന്ധതയും അദ്ദേഹത്തിന് മറുപടിയിൽ പ്രകടമായിരുന്നു.

അദ്ദേഹം പറഞ്ഞു: “ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമല്ല ഉള്ളത്. മറിച്ച് ദൈവം മനുഷ്യന്റെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. അതൊരു നബി വചനം ആണെന്നോ എന്റെ ഗുരുവര്യരുടെ പ്രസ്താവനയാണെന്നോ എനിക്കുറപ്പില്ല. പക്ഷേ അതാണ് എനിക്ക് ഇസ്‌ലാം. ദൈവം കുടികൊള്ളുന്ന ഹൃദയത്തിന്റെ ആഴിയിൽ എപ്രകാരം ഊളിയിടണമെന്ന് സൂഫിസം എന്നെ പഠിപ്പിക്കുന്നു. ഹൃദയത്തിൽ മാത്രമേ നമുക്ക് ദൈവത്തെ ദർശിക്കാൻ സാധിക്കൂ.  ഹൃദയത്തിൽ മാത്രമേ നമുക്ക് നമ്മുടെ വഴി കണ്ടെത്താൻ സാധിക്കുകയുളൂ. ദൈവം ഈ ലോകം സൃഷ്ടിച്ചത് നമുക്ക് അനുഭവിക്കാനാണ്. എന്നാൽ അവൻ നമ്മെ സൃഷ്ടിച്ചത് അവനെ ആരാധിക്കാനാണ്. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആഴിയിൽ ദൈവം ഒളിഞ്ഞിരിക്കുന്നു. അത് അവനിലേക്ക് നോക്കാൻ നമ്മെ നിർബന്ധിക്കുന്നത്തിനായി”

സൂഫിസത്തിലെ ആത്മീയതയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അത് അടുത്തറിയാൻ അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ എങ്ങനെയാണ് എനിക്ക് സൂഫിസം പഠിക്കാൻ സാധിക്കുക എന്ന് ഞാൻ ഇമാമിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം അവരുടെ ത്വരീഖയുടെ സദസ്സിലേക്ക് എന്നെ ക്ഷണിച്ചു. ഞാൻ പങ്കെടുക്കാൻ സമ്മതിക്കുകയും ചെയ്തു.


ഭാഗം നാല്: സൂഫി സദസ്സിൽ ആദ്യമായി: സാവോ പോളോയിലെ മറക്കാത്ത രാവ്
ഭാഗം രണ്ട്: ബ്രസീലിനെ രൂപപ്പെടുത്തിയ ബാഹിയ അടിമ വിപ്ലവം
വിവർത്തനം: Irshad Marakkar

Write A Comment