ആത്മജ്ഞാനത്തിന്റെ വഴികളിൽ കവിതയും സംഗീതവും, ഉപകരണങ്ങളായും, വായ്പാട്ടു രൂപങ്ങളായും പ്രസരിപ്പിച്ച സൂഫിധാര ജഗമഖിലം വ്യാപിച്ചു കിടക്കുന്നുണ്ട്. മൗലാനാ ജലാലുദ്ധീൻ റൂമി, അദ്ധേഹത്തിൻ്റെ മുൻഗാമികളായ ഫരീദുദ്ധീൻ അത്താർ, ഉമർ ഖയ്യാം മുതൽ ഹാഫിസ് വരെയുള്ളവർ (11 മുതൽ 13 നൂറ്റാണ്ടുവരെ) അറബ്, പേർഷ്യൻ മേഖലകളിൽ സജീവമാക്കിയ ഈ ധാര ഏഷ്യാമൈനർ വഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു വന്ന (12 ,13 നൂറ്റാണ്ടുകൾ) ചിഷ്തി ധാരയിലെ സൂഫികൾ വഴി അമീർ ഖുസ്രുവിലൂടെ കവിതയും (ഭാഷ തന്നെയും) സംഗീതവും അത് മീട്ടുന്ന ഉപകരണങ്ങളും സഹിതം സൂഫി ആത്മ സംഗീതത്തിന്റെ അരങ്ങും അണിയറയും ഇവിടെയും വികസ്വരമാക്കി. അറബ് മരുഭൂമികളുടെ പാരുഷ്യവും, പരുഷതയും നിറഞ്ഞ ദഫും, പേർഷ്യൻ ധ്യാനാത്മകതയും ശോകച്ഛവിയും കലർന്ന ഒറ്റക്കമ്പി വീണയുടെ നാദവും അവിടെനിന്ന് കടന്നെത്തിയവരുടെ കൈയ്യിലും ചുണ്ടിലും മനസ്സിലും സജീവമായി നിലനിന്നു.
ഇന്ത്യാ ചരിത്രത്തിൽ മനോഹരമായ ഒരു സാംസ്കാരികാശ്ലേഷണത്തിന്റെ ഗാഥയാണ് പിന്നീട് രചിക്കപ്പെടുന്നത്. ഖൈബർ, ബോളൻ ചുരങ്ങൾ താണ്ടിയെത്തിയവർ തങ്ങളുടെ ഖാൻഗാഹുകളിൽ വെച്ച് ഈ പൈതൃകം പകർന്നു നൽകാനാരംഭിച്ചു. സൈന്ധവ-ബുദ്ധ പാരമ്പര്യത്തിന്റെ ശേഷിപ്പുകളായ ശില്പകലയും, ലോഹവിദ്യയും മുതൽ പ്രാദേശിക നാടോടി പാരമ്പര്യവും ഈയൊരു സംസ്കാര നിർമ്മിതിക്ക് ഉടലായി വർത്തിച്ചു. തദ്ദേശീയമായ കലയും സംഗീതവും ഏകാത്മതയുടെ അമൂർത്ത ലാവണ്യത്തിലേക്ക് സംക്രമിപ്പിക്കുകയായിരുന്നു സൂഫി ദർശനത്തിന്റെ ഇന്ത്യൻ സാംസ്‌കാരിക ദൗത്യം. സറി (Zari), സർദോസി, കുന്ദൻ തുടങ്ങിയ വസ്ത്രാലങ്കാര വിദ്യകൾ, വാസ്തുശില്പ വിദ്യ, ഭക്ഷണ വൈവിധ്യങ്ങൾ വരെ ഈയൊരു സാംസ്‌കാരിക പരിണയത്തിന്റെ ഉല്പന്നങ്ങളായി മാറിയിട്ടുണ്ട്. അമീർ ഖുസ്രു അറബ്-തുർക്കി-പേർഷ്യൻ-ഹിന്ദവി(ഹിന്ദുസ്ഥാനി) സംസ്‌കൃതിയുടെ ഈ അപൂർവ്വ ചേരുവയിൽ ലോകത്തിന് സമ്മാനിച്ചത് ആത്മവിശുദ്ധിയുടെയും അനുകമ്പയുടെയും സാംസ്‌കാരിക ആവിഷ്കാരങ്ങളായിരുന്നു. തന്നെ വളർത്തിയ നാഗരികതകളെ അദ്ദേഹം കോർത്തുചേർത്തു. തുർക്കിയും, പേർഷ്യനും, അറബിയും, ഹിന്ദവിയും ചേർത്ത് ഉറുദു ആവിഷ്കരിച്ചു; പ്രാദേശിക സംഗീതത്തെയും, ഉപകരണങ്ങളെയും പരിഷ്കരിച്ച് സിത്താർ, തബല തുടങ്ങിയ ഉപകരണങ്ങളെയും ചേർത്ത് ആത്മീയാനന്ദത്തിന്റെ സ്വരരൂപമായ ഖവ്വാലി രൂപപ്പെടുത്തി; ഗസലിനെ ഈ മണ്ണിലേക്ക് ആനയിച്ചു.
സൂഫി കാവ്യങ്ങൾ ദക്ഷിണേന്ത്യയിൽ
1792 ൽ തമിഴ്‌നാട്ടിലെ രാമനാട് ജനിച്ച ഗുണംകുടി മസ്താനിലൂടെയാണ് (സുൽത്താൻ അബ്ദുൽ ഖാദർ) ഏറെക്കുറെ ഖവ്വാലിക്കു സമാനമായ (കൂടുതലും ആശയത്തിൽ) കാവ്യ-ഗാന ശാഖ ദക്ഷിണേന്ത്യയിൽ വ്യാപിക്കാൻ തുടങ്ങിയത്. തസവ്വുഫിന്റെ അതിഗൂഢമായ അർത്ഥ തലങ്ങളും അനുഭൂതികളും ചെന്തമിഴിന്റെ ആശയപ്പരപ്പുകളിലേക്ക് അദ്ദേഹം വ്യാപൃതമാക്കി. ആധ്യാത്മിക രംഗത്തെ എക്കാലത്തെയും മഹാ ഗുരുവായ തൈക്ക ഷെയ്ഖ് അബ്ദുൽ ഖാദർ ലബ്ബ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. ആത്മജ്ഞാനിയായിരുന്ന മൗലൽ ബുഖാരി തങ്ങളുടെയും ശിഷ്യനായിരുന്നു ഗുണംകൂടി മസ്താൻ. കായൽ പട്ടണം, കീളക്കര തുടങ്ങിയ സ്ഥലങ്ങളിലെ സയ്യിദുമാരുടെ ആത്മാംശവും, ഉത്തരേന്ത്യൻ സൂഫിയാന കലാമുകളുടെ രാഗ-ഭാവ ബാസുരതയും മസ്താൻ വഴി തന്നെയാവണം ദക്ഷിണേന്ത്യൻ – തമിഴ് പാട്ടുപൈതൃകത്തിന്റെ ഉടൽ രൂപത്തിലേക്ക് കയറിവന്നത്. തുടർന്ന് വരുന്ന കാലങ്ങളിലാണ് നാം സൂഫി സഞ്ചാര ഗായകരായ ‘പുലവർമാരെ’ തമിഴകത്ത് കണ്ടുമുട്ടുന്നത്.
പുലവർമാർ പാട്ടിനോടൊപ്പം സിദ്ധി വിശേഷങ്ങൾ കൂടിയവരായിരുന്നു എന്ന് പറയപ്പെടുന്നു. ഗ്രാമ-നഗര മധ്യങ്ങളിലും വിശേഷാവസരങ്ങളിലും ഗാനങ്ങളാലപിക്കുകയും അത്ഭുത കാര്യങ്ങൾ നടത്തുകയും ചെയ്യുന്ന ഇവരെക്കുറിച്ച് ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. ആലിപ്പുലവർ ഇത്തരത്തിൽ നാടൻ പഴക്കങ്ങളിൽ പ്രസിദ്ധനായ ഒരാളാണ്. അദ്ദേഹത്തിന്റെ ‘മിഅറാജ്’ എന്ന കാവ്യമോ, മറ്റു ഗാനങ്ങളോ നിർഭാഗ്യവശാൽ ഇന്ന് ലഭ്യമല്ല. ഇപ്രകാരം കടൽ കടന്നും, ചുരമിറങ്ങിയും വന്ന ആധ്യാത്മികതയുടെയും അതിന്റെ വിഭിന്നങ്ങളെങ്കിലും ഏക ബിന്ദുവിലേക്ക് സഞ്ചരിക്കുന്ന ആവിഷ്കാരങ്ങളും മലനാടിന്റെ മണ്ണിലും ദൃശ്യമായി. 1871 ൽ കണ്ണൂരിൽ ജനിച്ച മലയാളത്തിന്റെ ഉമർ ഖയ്യാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇച്ച അബ്ദുൽഖാദർ (ഇച്ച മസ്താൻ) ആയിരുന്നു സവിശേഷമായ സൂഫി പദാവലികളും, ഇതിവൃത്തങ്ങളും, ആശയങ്ങളും നിറഞ്ഞ രചനകളുടെ മലയാളത്തിലെ തുടക്കക്കാരൻ.
ഖുർആനികമായ ആത്മ രഹസ്യങ്ങൾ നിഗൂഢ ലാവണ്യമാർന്ന ഭാഷയിലായിരുന്നു മസ്താന്റെ ആവിഷ്കാരങ്ങൾ. അറബിയും, തമിഴും തെളിമലയാളവും ഊടും പാവും വർണ്ണവും നൽകിയ സുന്ദര കവനങ്ങളായിരുന്നു അവ.
ഇച്ച പച്ചയിൽ കച്ചോടം ചെയ്യുന്നില്ല
മെച്ച സ്വർഗത്തിന്നാശ്ചര്യം കൂറുന്നില്ല
അക്ഷ രൂപ, നരകത്തെ പേടിയില്ല
ഉച്ച നേരം ‘ലിഖാ’ എന്നിൽ കാട്ടീടല്ലാഹ്
(ബിസ്മില്ലാഹിറഹ്മാ)
ചൊല്ലുന്നതും പൊരുൾ
ചൊല്ലാനരുതരുത്
ചൊല്ലുണ്ട് രണ്ട് ‘ഖൗലിൽ’
സൂക്ഷിത്തതിന്റെ സ്വരം
‘ദാ’ലാകും രണ്ടലിഫിൽ
മുനയുണ്ട് രണ്ട് കതിരം
(അഹദെന്ന സിർറലിഫിൽ)
മുത്തൊളി മുഹമ്മദെന്റെ
മുമ്പിലിരുന്ന സിർറെടാ
മുത്തിലുള്ള പത്തെടുത്ത്
മുത്തി മുത്തിക്കൊള്ളെടാ
(മുത്തൊളി)
അനുവാചകരെ അതിശയിപ്പിക്കുകയും, അനുകർത്താക്കളാക്കുകയും ചെയ്യുന്നതായിരുന്നു ഇച്ചയുടെ രചനകൾ. നാടൻ പഴക്കത്തിന്റെ ശാലീനതയിലേക്ക് അതിഗഹനമായ ആത്മജ്ഞാനത്തിന്റെ ആശയങ്ങൾ ഉൾച്ചേർക്കുന്നത് അദ്ദേഹത്തിന് മാത്രം സാധ്യമായ ഒന്നാണെന്ന് നിരീക്ഷിക്കാവുന്നതാണ്. പദങ്ങളും, പ്രയോഗങ്ങളും ലളിതമെങ്കിലും അവ വഹിക്കുന്ന ആശയങ്ങൾ സുഗ്രാഹ്യമെന്ന് പറയാനാകില്ല. ഭാഷാ നൈർമല്യത്തിൽ അനുവാചകനെ മോഹിപ്പിച്ച് അവ പിടിതരാതെ വലയുന്നു.
ദോലിപ്പാട്ടുകൾ; ആധ്യാത്മ സംഗീതത്തിന്റെ ദ്വീപ് മാതൃക
ലക്ഷ്വദീപിൽ പ്രചാരത്തിലുള്ള ദോലിപ്പാട്ടുകളുടെ പ്രഭവം തമിഴകമാണെങ്കിലും അതിൽ അവതരിപ്പിച്ചുപോരുന്ന പാട്ടുകൾ ഏതാണ്ട് മുഴുവനായും കേരളക്കരയിൽ നിന്നുള്ളതാണെന്ന് പറയാം. ആത്മജ്ഞാന സംബന്ധിയായ ഇതിവൃത്തവും പരാമർശങ്ങളുമടങ്ങിയ ഈ ഗാന ശാഖയുടെ ഉടൽ തമിഴകത്തിന്റെയും, ഉയിരും ആത്മാവും കേരളത്തിലെ സൂഫി കവികളുടെ രചനകളുടേതുമാണ്. ഇച്ച മസ്താൻ കൃതികൾക്കാണ് പ്രധാനമായും ദോലിപ്പാട്ട് സദസ്സുകളിൽ പ്രാമുഖ്യം. അവ കഴിഞ്ഞാൽ എസ്.കെ അബ്ദുർറസാഖ് ഹാജി (ഹാജി) കെ.വി അബ്ദുർറഹ്‌മാൻ മാസ്റ്റർ (കെ.വി) എന്നിവരുടെ രചനകൾ വ്യാപകമായി ആലപിച്ചുപോരുന്നു. മറ്റേതു കവികളുടെ ഗാനങ്ങളാലപിക്കുമ്പോഴും പ്രാരംഭത്തിൽ ഇച്ചയുടെ വരികൾ പാടുന്നത് ഒരു കീഴ്‌വഴക്കമായി നിലനിൽക്കുന്നു. ദോലിപ്പാട്ടിലെ ആധുനിക രചനകളിൽ പോലും ഈ ക്ലാസിക്കൽ രചനകളുടെ പ്രാമുഖ്യം ശ്രദ്ധേയമാണ്. വടക്കേ ഇന്ത്യയിൽ നിന്ന് സഹ്യൻ കടന്ന് തമിഴകം നിറഞ്ഞ് മലബാറിലേക്ക് കവിഞ്ഞൊഴുകിയ സൂഫി കാവ്യ സംസ്‌കൃതിയുടെ അരങ്ങേറ്റം തന്നെയായിരുന്നു ഇത്.
മലയാളത്തിലേക്ക് കടന്നുവന്ന സൂഫി വിശ്വാസ-ആചാര-ഉപചാരങ്ങൾ പരസ്പരം ആശ്ലേഷിച്ചത് രണ്ട് ധാരകളിലൂടെയാണെന്ന് നിരീക്ഷിക്കാം: ഹദ്റമൗത്തിൽ (യമൻ) നിന്നും, ബുഖാറയിൽ നിന്നുമുള്ള ജ്ഞാനികളും കർമ്മ-നേതൃ പടുക്കളുമായ സയ്യിദുമാരുടെ സർവാംഗീകൃതവും, ജനകീയവുമായ ഒരു ധാരയും വിവിധ കാല-വേഷങ്ങളിലേക്ക് അവ്യാഖ്യേയമായ പ്രചോദനങ്ങളാൽ കടന്നുവന്ന അവധൂതരായ സൂഫി സഞ്ചാരികളുടെ (മസ്താൻ-പീർ-ദർവേഷ്) വിഭിന്നമായ മറ്റൊരു ധാരയും. വിദൂര പൗരസ്ത്യ ദേശങ്ങൾ മുതൽ ആഫ്രിക്കൻ വൻകരയിൽ നിന്ന് വരെ ഇപ്രകാരം ഒറ്റയും, തെറ്റയുമായി സൂഫി പ്രസ്ഥാനങ്ങൾ കടന്നുവന്നിട്ടുണ്ട്. ആച്ചെ ദ്വീപിൽ നിന്ന് വന്ന ജമലുല്ലൈലി തങ്ങന്മാരും, ആഫ്രിക്കൻ പ്രഭവമവകാശപ്പെടുന്ന ഐദീദ് തങ്ങന്മാരും ഖുറാസാനിൽ നിന്നുള്ള കലന്ദർമാരും ഇങ്ങനെ എത്തിയവരിൽ പെടുന്നു
ചിശ്തി പ്രഭാവം
കർമശാസ്ത്ര പാണ്ഡിത്യവും അടുക്കും ചിട്ടയുമുള്ള ജ്ഞാന-കർമ്മ സരണിയായ തസവ്വുഫും ഇവിടെ തോളോട് തോൾ ചേർന്നാണ് ഒഴുകിയത്. കർമശാസ്ത്രത്തിലും, മറ്റ് ദീനി വിജ്ഞാനീയങ്ങളിലും പരംഗതരായിരുന്നവർ തന്നെ ഭാവനകളാൽ നമ്മെ അതിശയിപ്പിച്ച കവികളായി: അല്ലഫൽ അലിഫും, ഫത്ഹുൽ മുബീനും, മുഹ്യുദ്ദീൻ മാലയും അങ്ങനെയാണ് ഉണ്ടായത്. തൊട്ടകലത്തായി മറ്റൊരു പരിവൃത്തത്തിൽ അമീർ ഖുസ്രുവിനെപ്പോലെയുള്ളവർ ആത്മ സാധനക്ക് കവിതയോടൊപ്പം നാദവും, വാദ്യവും ചേർത്തുവെച്ച് ദേഹാർത്ഥ പ്രധാനമായ ഗീതങ്ങൾ ദേഹിയെ തേടുന്നതായി, (സമാ, ഗസൽ, ഖവ്വാലി) നൃത്തച്ചുവടുകൾ ലാസ്യത്തിൽ നിന്ന് നിലീനമായ ആത്മാംശത്തിന്റെ താളാത്മക സഞ്ചാരമാക്കി മാറ്റി (ദർവീശിയൻ നൃത്തം, സൂഫി, കഥക്). ഇസ്‌ലാമിന്റെ – വിശാല വീക്ഷണത്തിൽ മനുഷ്യ സംസ്‌കൃതിയുടെ- വൈവിധ്യപൂർണവും സൗന്ദര്യാത്മകവുമായ ആവിഷ്കാരങ്ങളായി ഇവ പരസ്പരം അറിഞ്ഞ്, അലിഞ്ഞ്, ആദരിച്ച് മുന്നോട്ടു നീങ്ങി. നേരത്തെ പരാമർശിച്ച പ്രാദേശികമായ കാവ്യ, ഗാന, സംഗീത ധാരകളിലേക്ക് സൂഫി ഭാവനയുടെ രേണുക്കൾ അങ്ങനെയാണ് സംക്രമിക്കപ്പെടുന്നത്.
സൂഫി കവിത്രയം – ആധുനിക സൂഫി കാവ്യധാര മലയാളത്തിൽ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കേരളത്തിൽ സൂഫി ഗാനശാഖയുടെ പുതിയ ധാര തുടങ്ങുന്നത്. പോയ ശതകത്തിൽ അറബി, അറബിത്തമിഴ്, മലയാളം മറ്റു ഭാഷാസങ്കരങ്ങൾ എന്നിങ്ങനെ കാവ്യപ്രകൃതത്തിലും, സങ്കേതങ്ങളിലും, ഇതിവൃത്തത്തിലും ഒന്നിച്ചും ഭിന്നിച്ചും ഒഴുകിയിരുന്ന കാവ്യപ്രവാഹത്തിന്റെ തുടർച്ച തന്നെയായിരുന്നു ഇത്. അറബിയിൽ രചിക്കപ്പെട്ട മൗലിദുകൾ, സബീനകൾ – ഇവ മഹദ് ജീവ ചിത്രങ്ങളോ പ്രകീർത്തനങ്ങളോ ഇരവുകളോ (പ്രാർത്ഥന) ആവാം- എന്നിങ്ങനെ ഒരു ധാരയും, ഇസ്‌ലാമിക ചരിത്രം (ഖിസ്സ), സമകാലീന സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ എന്നിങ്ങനെ സ്ഥൂല സ്വഭാവമുള്ള നാമിപ്പോൾ മാപ്പിളപ്പാട്ടുകൾ എന്ന് വിവക്ഷിക്കുന്ന മറ്റൊരു ധാരയുമാണ് ഇതിൽ പ്രധാനമയും ഉണ്ടായിരുന്നത്.
ഇതിൽ ഒന്നാമത്തെ ഇനത്തിൽ പെടുത്താവുന്ന സാഹിത്യ രൂപങ്ങളുടെ പ്രകൃതത്തിലും, പ്രതിപാദനത്തിലും, ഇതിവൃത്തങ്ങളിലും കുറേക്കൂടി സാന്ദ്രതയും സൂക്ഷമ രൂപവും കൈവരുകയും ചെയ്യുന്നിടത്താണ് നാം കേരളത്തിന്റെ സൂഫി കാവ്യധാരയെ കാണേണ്ടത്. സ്വതന്ത്ര രൂപം പൂണ്ട് ഗണനീയമാം വിധം രചന സമ്പത്തോടുകൂടി അവതരിക്കപ്പെട്ടു എന്നതാണ് പ്രസ്തുത കാലത്തിന്റെ പ്രധാന സവിശേഷത. കവിതയുടെ ഈ ആത്മീയ ശോഭയുള്ള യുഗസംക്രമത്തിന് പതാക വാഹകനായത് ഇച്ച അബ്ദുൽ ഖാദർ മസ്താൻ തന്നെയായിരുന്നു. ആധുനിക സൂഫി കവിത്രയത്തെ ഓരോരുത്തരായി അല്പം പരിശോധിക്കാം
കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി (മരണം 1962)
രചനാ വൈപുല്യം കൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും ആധുനിക സൂഫി കവിത്രയത്തിലെ പ്രഥമ ഗണനീയൻ തന്നെയാണ് മഹാനായ കടായിക്കൽ മൊയ്തീൻകുട്ടി ഹാജി. മലപ്പുറം ജില്ലയിലെ തിരൂർ പുല്ലൂരിനടുത്ത് നല്ലപറമ്പ് സ്വദേശിയായ ഹാജി തന്റെ സൂഫി സാധനയുടെ ഭാഗമായുള്ള സുദീർഘമായ അലച്ചിലുകളും തപസ്യകളും ജീവിതത്തിന്റെ ഭാഗമാക്കിയ ആളായിരുന്നു. അപ്രകാരം ബാഗ്ദാദിൽ നിന്നുള്ള ഒരുൾവെളിച്ചത്തെ അനുധാവനം ചെയ്ത അദ്ദേഹമെത്തിയത് പിന്നീട് തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ച മംഗലാപുരം ബന്തർ ജലാൽ മസ്താൻ മൗലാ അവർകളെയായിരുന്നു.
ആത്മീയ ഉപാസകൻ, സമുദായ സേവകൻ, സ്വതന്ത്ര സമര സേനാനി, കവി എന്നിങ്ങനെ ബഹുതല സ്പർശിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നാനാമുഖങ്ങളിലുള്ള സാമൂഹിക ജീവിതം പോലെത്തന്നെ തന്റെ കാവ്യ സപര്യയും അങ്ങേയറ്റം വൈവിധ്യപൂർണവും ബഹുലവുമായിരുന്നുവെന്ന് കാണാം. സാമ്പ്രദായികമായ മാപ്പിളപ്പാട്ട് ശൈലിയിൽ സാമൂഹിക മത വിഷയങ്ങളിലും മറ്റുമുള്ള അദ്ദേഹത്തിന്റെ കെസ്സുകൾ മാത്രമാണ് സാധാരണയായി പരിഗണിക്കപ്പെടാറുള്ളത്. ‘കെസ്സ്’ മാപ്പിളപ്പാട്ടുകളുടെ മുഖ്യധാരക്കപ്പുറത്ത് അദ്ദേഹത്തിന്റെ അസംഖ്യമായ ആത്മജ്ഞാനപരങ്ങളായ രചനകൾ ഏറെ പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. ആയിരക്കണക്കായ രചനകളാണ് ഈ ജനുസ്സിൽ പ്രസിദ്ധ സൂഫി ഗായകനും, രചനകളുടെ വലിയ സമ്പാദകനുമായ തവക്കൽ മുസ്തഫ കടലുണ്ടിയുടെ കൈവശമുള്ളത്.

രചനാ സങ്കേതത്തിലും, ശൈലിയിലും ഏതാണ്ട് ഇച്ച മസ്താൻ രചനകളുടെ നേർ പിന്തുടർച്ചക്കാരൻ തന്നെയാണ് കടായിക്കൽ മൊയ്തീൻ കുട്ടി ഹാജിയെന്ന് പറയാവുന്നതാണ്. ആധ്യാത്മ സ്വകാര്യ അനുഭൂതികൾ ദുർഗ്രഹ പദങ്ങളുടെ മറ നീങ്ങുമ്പോൾ വെളിവാക്കുന്ന സൗന്ദര്യം അവാച്യമാണ്. മസ്താൻ രചനകളിൽ നിന്ന് കടായിക്കൽ കൃതികളെ വേർതിരിക്കുന്ന പ്രധാന ഘടകം അവയിലെ സാമൂഹികപരത തന്നെയാണെന്ന് പറയാം. പ്രകൃതത്തിൽ മൂന്നോളം കൈവഴികളിലായി വേർതിരിക്കാവുന്ന അദ്ദേഹത്തിന്റെ കാവ്യസരണികൾ ഒരേ ആത്മീയ ജലധിയിലേക്ക് തന്നെയായിരുന്നു നയിക്കപ്പെട്ടിരുന്നത്. അതായത്, സാമൂഹിക-രാഷ്ട്രീയമോ ചരിത്രാഖ്യാനമോ വിഷയമാകുന്ന കവിതകൾ പോലും അന്തർധാരയായി തസവ്വുഫിന്റ ഒരു മായാനാദി ഒഴുകിക്കൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ കവിതകൾ തന്നെ പറയട്ടെ :
ജന്നാത്തുൽ ഫിർദൗസിലിരിക്കും ഹേമക്കിരികിടരാകിയ
മുന്നൂറ്റിപ്പതിമൂന്ന് മുർസലീങ്കളേ,
ശിക്ഷയിലുൾപ്പെട്ടുങ്കളെ-
മുഹ്യുദ്ദീൻ, ജയിലിൽ കിടന്നിട്ട്
വിളിച്ചിടും സങ്കടമൊക്കെ നിവർത്ത് മഹാങ്കളേ,
മുന്നിലെയാ അബുൽ ബാശ്റാകിയ
എന്നുടെ ആദം ബാവാവെ – – – – (കെസ്സ്)
മാപ്പിള സമരങ്ങളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട് പ്രസ്തുത വരികൾ. ജയിൽ വാസത്തെ സൂചിപ്പിക്കുന്നതും മോചനത്തിനായി ഇരവോതുന്നതുമാണ് പ്രതിപാദ്യം. എന്നാൽ പ്രാർത്ഥനയുടെ ഫലശ്രുതിയെന്നോണം ജയിലനുഭവം അദ്ദേഹത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയാണുണ്ടായതെന്ന് പറയപ്പെടുന്നു. അപ്രകാരം ബെല്ലാരി തടവറയുടെ നിഴലിൽ നിന്ന് കുറിച്ച തവസ്സുൽ ഗീതമായ:
ഖുതുബുഷുഹദാക്കളിലും ബന്ദാർ
ബദ്റിൽ പടവെട്ടി ജയിത്തൊരു പോരിശ
…
ദുനിയാവുള്ളൊരു ഹബ്സെ
നരകം ജയിലാണ് നഫ്സെ
കാണും ഖിലാഫത്ത് കാരെ
കണ്ണൂരിലേക്കാമം വെയ്തും
കണ്ണൂരു ജയിലുകളൊക്കെ
തണിച്ചു വളച്ചു കെണിച്ചു നിറത്തും
കോയമ്പത്തൂർക്കെന്നെ മാറ്റും
കുറ്റമില്ലാതെ ചുമത്തും
കടായിക്കലിന്റെ കാവ്യ-വ്യക്തി പ്രഭാവങ്ങൾ നിറവ് നേടുന്നത് അദ്ദേഹത്തിന്റെ ആത്മജ്ഞാന പ്രധാനങ്ങളായ കാവ്യങ്ങളിൽ തന്നെയാണ്. ഏതു കവനങ്ങളിലും നിഴലായും വെളിച്ചമായും കാണപ്പെടുന്ന ജ്ഞാന സ്വത്വം കൂടുതൽ മിഴിവോടെ വെളിപ്പെടുന്ന രചനകൾ അധികമായുണ്ട്. അദ്ദേഹത്തിന്റെ ആത്മജ്ഞാന-തസ്വവ്വുഫ്- സംബന്ധിയായ രചനകളാണ് ഇവിടെ പ്രധാനമായും പരിഗണിക്കുന്നത്. പൂർവ്വസൂരികളായ ഗുണംകൂടി മസ്താൻ, ഇച്ച മസ്താൻ എന്നിവരുടെ രചനകളോട് സാധർമ്മ്യം പുലർത്തുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ എന്ന് സാമാന്യ വിവക്ഷയിൽ കാണാമെങ്കിലും തനതായ രചനാ ശൈലിയും, സങ്കേതങ്ങളും ആ രചനകളിൽ പ്രകടമാണ്.
ദണ്ഡം ചെയ്യ് ദണ്ഡം ചെയ്യ് ജീവൻ ചെറുതല്ലോ,
ചിങ്കപ്പയലേ പൊൻകുയിലേ
ചിന്തിക്കേണ്ടത് നീയല്ലോ,
പണ്ടേക്കും പാണ്ടെയുള്ളൊരു
മണ്ഡോത്തിന്റെ നടുക്കന്ന്
പങ്കില്ലാ പൂവൻ മയിലതാ
പാട്ടും പാടീട്ടാടുന്നു ..
താരതമ്യേന ലളിത സ്വഭാവം പ്രകടിപ്പിക്കുന്ന ഈ രചനകളിൽ ആധ്യാത്മ വഴികളിലെ ദുഷ്കര ജീവിതവും, ആ പാതയുടെയറ്റത്ത് ജ്ഞാനത്താൽ ദൃശ്യമാകുന്ന പരമാത്മന്റെ വിലോല നൃത്തവും ആ വരികളിൽ അനുഭവവേദ്യമാണ്.
പണ്ടം കെട്ടിയ പെടമയിലേ
ഫലം കുടിക്കേണ്ടത് നീയല്ലോ…
ഈ വരികളിൽ മിസ്റ്റിക് രചനകളിൽ സുവിദിത്തമായ ജീവാത്മാ-പരമാത്മാ പ്രണയത്തിന്റെ തുടർച്ച തന്നെയാണ് നാം ദർശിക്കുക.
ഈമാൻ കാളോട്ടു കഴിച്ച്
ഇസ്‌ലാമി വിത്ത് വിതച്ച്
ഈടത്തെ പാടം നട്ടുള്ള ചെന്നെല്ലിൻ കുലകൾ കണ്ടോ
ഈടത്തെ പാടം നട്ടുള്ള ചെന്നെല്ലിൻ കുലകൾ
‘ഇല്ലല്ലാഹ്’ എന്നു തുടങ്ങി
‘ഹീ’ യെന്നുള്ളോലയും തിങ്ങി
‘ഇല്ല’ത്തേക്കാകയും പൊങ്ങി
പൂവാടി കൊയ്യാതെ .. കണ്ടോ..
ഇല്ലത്തേക്കാകയും പൊങ്ങി ..
ആത്മീയ സാധനയുടെ വികാസ പരിണാമങ്ങളെയാണ് കവി വർണിക്കുന്നത്. ഈമാൻ (സത്യവിശ്വാസം) കൊണ്ട് ഉഴുതു പാകമാക്കിയ നിലത്ത് ഇസ്‌ലാമിക പ്രഭാവത്തിന്റെ വിത്തിട്ട് ജീവിതത്തിന്റെ കൃഷിയിടത്തിൽ വിതയൊരുക്കേണ്ടതത്രേ ആത്മീയത.
അറി, മുത്മഇന്ന’ തനിച്ച്
അല്ലും പകൽ ‘റാളിയ തേച്ച്’
അർശീന്നത് ‘ഹാജി’ ഭുജിക്കും
അരിവാളില്ലാതെ
…..
ഈ ഗാനത്തിന്റെ ഉപസംഹാരത്തിൽ സ്വച്ഛന്ദ പ്രകൃതി കൈവരിച്ച (നഫ്‌സൽ മുത്മഇന്ന) ദേഹി, രാപ്പകൽ ഭേദമില്ലാതെ സംതൃപ്തവും സംപ്രീതവുമായ (റാളിയ) അവസ്ഥയിൽ വിലയിക്കുന്നത് ഒരു കേവല കാവ്യഭാവനയല്ലെന്നും ആധ്യാത്മ അനുശീലനങ്ങളുടെ പടവുകളിൽ വിരാജിക്കുന്ന ഒരാളുടെ ആത്മഭാഷണങ്ങളാണെന്നും വ്യക്തം.
ഖുർആൻ, സുന്നത്ത് വിജ്ഞാനീയങ്ങളിലും തസ്വവ്വുഫിന്റെ ജ്ഞാന ശാസ്ത്രങ്ങളിലുമുള്ള ജ്ഞാന വിജ്ഞാനീയങ്ങളും അനുഭവ സാക്ഷ്യങ്ങളും അദ്ദേഹത്തിന്റെ വരികൾക്ക് അസാമാന്യമായ ഒരുൾക്കനം നൽകിയിട്ടുണ്ട്. മറ്റു പല സൂഫീ കവികളിലുമെന്നപോലെ സ്വർഗീയ അനുഭവങ്ങളുടെ രഹസ്യാനുഭൂതികൾ പകരുമ്പോൾ സ്വാഭാവികമായും പദങ്ങളിലും ശൈലികളിലും ആലങ്കാരിക പ്രയോഗങ്ങളിലും സ്വീകരിക്കേണ്ടി വരുന്ന ഗൂഢാത്മകത കടായിക്കൽ കൃതികളെയും ചൂഴ്ന്ന് നിൽപ്പുണ്ട്.
അലാ ഖബ്ലുൽ അഅ്ലാ തള്ളും
ഖാലൂ ബലാ റസൂലുല്ലാഹ്
ആലിമുൽ ഗൈബിൽ ആയെത്വബീനെ
ഹാഷിം ഗോത്രത്തിൽ ഐനൽ യഖീനെ
ഫാലികുൽ ഇസ്ബാഹിയ ദാലിൽ ബാക്കാനേ
ആയതെല്ലാം പാലമായ
സ്വിറാതുൽ ലിഖാ അല്ലാഹ്…
‘ആലമുൽ അർവാഹ്’ എന്ന ആത്മാക്കളുടെ ലോകത്തിൽ വെച്ച് നേതൃ പദവി നേടുകയും അദൃശ്യ ലോകത്തെ കുറിച്ച ജ്ഞാനമുടയവരാവുകയും ഹാഷിം ഗോത്രത്തിൽ ഭൂജാതനായി ദൃഷ്ടിഗോചരനാവുകയും പ്രകാശ ഗോളങ്ങൾക്ക് മൂല ജ്യോതിയായവരും ആയ റസൂലുല്ലാഹി (സ)യെ ഏകനായ (അഹദ്) അല്ലാഹുവിന്റെ ‘ദാലിൽ’ ബാക്കിയാക്കിയിരിക്കുന്നു; ഇപ്രകാരം അല്ലാഹുവിന്റെ ദർശനത്തിനുള്ള (ലിഖാഅ്) യഥാർത്ഥമായ പാലം (സ്വിറാത്) യഥാർത്ഥത്തിൽ റസൂലുല്ലാഹ് തന്നെ.
ഗൈബുൽ ഹുയാനി
തെരഞ്ഞോ ഉദ്ദേശം വരഞ്ഞോ
പറഞ്ഞോ, കരഞ്ഞോ
ഐബ് മസാക്ഷിക്ക്
ഉണ്ടാവാൻ പാടില്ല
അതിൽ പ്രത്യക്ഷപ്പെടും അല്ലാഹ്
ഹേതല്ല
റൈബില്ല മൊഴിഞ്ഞോ
ഗൈബുൽ ഹുയാനി തിരഞ്ഞോ…
അദൃശ്യവും അഗോചരവുമെന്ന് നിരൂപിക്കുന്ന ‘ഹൂ’വെന്ന ചൈതന്യത്തെ ഭയാശങ്കകളും സങ്കോചവും വെടിഞ്ഞ് സ്വ പ്രയത്നത്താൽ കണ്ടെത്തണമെന്ന് ഇവിടെ ആത്മ കവി ആഹ്വാനം ചെയ്യുന്നു.
മണിപ്രവാള ഭാഷക്ക് പുതിയ രൂപപ്രഭാവങ്ങൾ നൽകി വികസ്വരമാക്കുകയും ഒപ്പം ‘കവിത’യുടെ പണ്ഡിത ഗർവ് തകർത്ത് അതിന് ഗീതങ്ങളുടെ ലാളിത്യവും ജനകീയതയും നൽകിയെന്നിടത്താണ് കടായിക്കൽ അടക്കമുള്ള സൂഫി കവികളുടെ കാവ്യധർമത്തിലെ മർമ്മം. മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡ ഭാഷാ പദങ്ങളും, മാപ്പിള കാവ്യങ്ങളുടെ നടപ്പു കോർവകൾക്ക് പുറമെ അറബി, സംസ്‌കൃതം, ഉർദു, ആംഗലേയ പദങ്ങളും ‘പുലവർ’ പരീക്ഷിക്കുകയുണ്ടായി
ഹലോ മിസ്റ്റർ മുഹമ്മദലി
അറിഞ്ഞു സുജൂദ് ചെയ്യൂ ജ്വലി
ഇമാമും ജമാഅത് ഇമാദുദ്ദീൻ തൊടുത്ത്
ഇമാമിൽ ഉൾപ്പെടുത്ത് അതാഅത്ത്…
‘ഹമാര സാഅതിൻ മസൂലിൻ
അറിഞ്ഞു സുജൂദ് ചെയ്യ് ജ്വലി……
അലം തറ കൈഫ കൊണ്ടലമ്പലുണ്ടാക്കിയതറിവുണ്ടോ my dear
Ics ഓഫീസർ അഡ്വക്കേറ്റ് ഇവർകളെ അടുത്തറി my dear
അവയിൽ ആ knowledge അധികരിച്ചു ഹാജിയിൽ
അനുഗ്രഹിപ്പാൻ ഓർഡർ
അർഹമുറാഹീമേ തിരു നബിയാൽ ജയം
Urgent sight leader
കടായിക്കൽ (പുലവർ) നല്ലാപറമ്പൻ മൊയ്തീൻ കുട്ടി ഹാജി എന്ന ബഹുമുഖ വ്യക്തിത്വത്തെയും കാവ്യ ജീവിതത്തിന്റെ നാനാത്വത്തെയും പകർത്തുന്നത് വിസ്താരഭയം നിമിത്തം തത്കാലം വിരാമമിടട്ടെ.
തുടർന്ന് വായിക്കുക: കെ.വി അബൂബക്കർ മാസ്റ്റർ: മഴ കുടിച്ചുന്മത്തനായ സൂഫി കവി
Featured Image: Fabio Santaniello Bruun
Comments are closed.