Mystical Dimension of Islam ഭാഗം-2

ദൈവത്തിന്റെ, സ്വയം തെരെഞ്ഞെടുപ്പില്ലാത്ത തുടർച്ചയായ പ്രത്യക്ഷങ്ങളാണ് (പ്രകടനങ്ങൾ/Manifestation) മനുഷ്യർ എന്ന ആശയത്തെ, ദൈവിക സൃഷ്ടിപ്പിനെ കുറിച്ച ബൈബിളിന്റെയും ഖുർആനിന്റെയും അധ്യാപനങ്ങൾക്ക് വിരുദ്ധമായാണ് ക്രൈസ്തവ-മുസ്‌ലിം ആത്മജ്ഞാനികൾ കാണുന്നത്. മനുഷ്യ കർതൃത്വത്തിന് പ്രാധാന്യം നൽകുന്ന മിസ്റ്റിക്കൽ ദർശനങ്ങളിൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കപ്പെടുന്നത് സൃഷ്ടിയും സ്രഷ്ടാവും എന്ന നിലക്കാണ്. ദൈവത്തിന്റെ അടിമ എന്നോ പ്രണയഭാജനത്തിന്റെ സാന്നിധ്യത്തെ തേടുന്ന പ്രണേതാവ് എന്നോ നമുക്കതിനെ വിശേഷിപ്പിക്കാം. മുൻ സൂഫീ പാരമ്പര്യങ്ങളിലെല്ലാം സൃഷ്ടിപ്പിനെക്കുറിച്ച് ഈ സങ്കൽപ്പമാണ് പൊതുവായി കാണപ്പെടുന്നത്.

ഈ രണ്ട് തരത്തിലുള്ള ആദ്ധ്യാത്മിക അനുഭവങ്ങളും അവയുടെ പരിപൂർണമായ അർഥത്തിൽ വളരെ അപൂർവമായാണ് പ്രകാശിക്കപ്പെടുന്നത്. പ്രത്യേകിച്ച്, മിസ്റ്റിക്കൽ കവിതകളുടെ തുടക്കത്തിൽ പലപ്പോഴും പരിശുദ്ധമായ ഒരു പ്രണയബന്ധത്തെ മുൻനിർത്തിയാണ് ദൈവത്തെ വിശദീകരിക്കാറുള്ളത്. എന്നാൽ കുറച്ചു വരികൾക്ക് ശേഷം അദ്വൈതവാദപരമായ വ്യാഖ്യാനത്തിന് അനുഗുണമായ ഭാഷ കവി സ്വീകരിക്കുന്നതായി കാണാം.

മിസ്റ്റിക്കൽ അനുഭവത്തെക്കുറിച്ച് രണ്ട് വ്യത്യസ്തമായ സമീപനങ്ങൾ നിലനിൽക്കുന്നുണ്ട്. ഒന്നാമതായി, ദൈവത്തിന്റെ ഗുണങ്ങളിലേക്ക് ചേർത്തി സ്വന്തത്തെ ശുദ്ധീകരിക്കുകയും തന്റെ ഇച്ഛയെ ദൈവിക ഇച്ഛയിൽ പൂർണമായി ലയിപ്പിക്കുകയും ചെയ്യുന്ന സൂഫികളെ കാണാം. വിധിവിശ്വാസവും മനുഷ്യന്റെ സ്വയം തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയും ക്രമേണ അവർ മറികടക്കുകയും ചെയ്യുന്നു. വളരെ പ്രായോഗികമായ ഒരു ജീവിതപ്രക്രിയയായാണ് ഈ സൂഫീവീക്ഷണം വിലയിരുത്തപ്പെടുന്നത്. രണ്ടാമതായി, ദൈവത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് കരസ്ഥമാക്കാൻ ശ്രമിക്കുന്ന സൂഫികളുണ്ട്. ദൈവിക പ്രപഞ്ചത്തിന്റെ ഘടനയെ മനസ്സിലാക്കാനും ദൈവിക വെളിപാടുകളെ വ്യാഖ്യാനിക്കാനും അവർ ശ്രമിക്കുന്നു. അതേസമയം ദൈവിക സത്തയെ പരിപൂർണമായ അർഥത്തിൽ അറിയാൻ ആത്മാന്വേഷകർ ധൈര്യപ്പെടാറില്ല. ദുന്നൂൻ (റ) തന്റെ ശിഷ്യരോട് ഇങ്ങനെ പറയുന്നതായി കാണാം: “ദൈവികസത്തയെക്കുറിച്ച് പരിചിന്തനം നടത്തുക എന്നത് അജ്ഞതയും ദൈവത്തിൽ പങ്കുചേർക്കലുമാണ്. യഥാർഥത്തിൽ ആദ്ധ്യാത്മികജ്ഞാനം (മഅ്‌രിഫത്ത്) എന്നത് അനിശ്ചിതത്വമാണ്.” എന്നാൽ, സിദ്ധാന്തങ്ങളുപയോഗിച്ച് തസവ്വുഫിന്റെ എല്ലാ തലങ്ങളെയും വ്യാഖ്യാനിക്കാൻ ശ്രമിച്ചവരുണ്ട്. ചിലപ്പോൾ, പ്രണയത്തിലധിഷ്ഠിതമായ ദൈവിക സമർപണത്തപ്പോലും അവർ നിരാകരിച്ചു. ഇസ്‌ലാമിക മിസ്റ്റിക്കൽ പാരമ്പര്യത്തിൽ ഈ രണ്ട് സൂഫീ ദർശനങ്ങളും ഒരുപോലെ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ പിൽക്കാലഘട്ടത്തിൽ അവ പരസ്പരം സമ്മേളിച്ചതായി കാണാം.

എല്ലാ മതപാരമ്പര്യങ്ങളിലുമുള്ള ആത്മജ്ഞാനികൾ പരമ യാഥാർഥ്യത്തിലേക്കുള്ള വൈവിധ്യമാർന്ന വഴികളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ആത്മജ്ഞാനികൾ സഞ്ചരിക്കുന്ന, ‘ത്വരീഖത്ത്’ എന്ന് വിളിക്കപ്പെടുന്ന ആത്മീയ പാത ശരീഅത്തിൽ നിന്നാണ് നിർഗമിക്കപ്പെടുന്നത്. ശരീഅത്തിനെ വിശ്വാസപരമായി അംഗീകരിക്കുകയും അതിലടങ്ങിയ നിർദേശങ്ങൾ കർമപരമായി യാഥാർഥ്യമാക്കുകയും ചെയ്താൽ മാത്രമാണ് ബ്രഹ്മജ്ഞാനത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കപ്പെടുകയുള്ളൂ. അതേസമയം, ത്വരീഖത്ത് എന്നത് ഏറെ ശ്രമകരമായ സഞ്ചാരപാതയാണ്. അതിലൂടെ ഒരു ആത്മീയസാധകൻ (സാലിക്ക്) വ്യത്യസ്തമായ ആത്മീയഘട്ടങ്ങളെ (മഖാം) തരണം ചെയ്ത് ഒടുവിൽ തൗഹീദിനെ (ഏകത്വം) പുൽകുകയാണ് ചെയ്യുന്നത്.

പരംപൊരുളിലേക്കുള്ള വിവിധങ്ങളായ മൂന്ന് പ്രധാന വഴികളെക്കുറിച്ച് മുഹമ്മദ് നബി (ﷺ) വിശദീകരിക്കുന്നുണ്ട്: “ശരീഅത്താണ് എന്റെ വാക്കുകൾ, ത്വരീഖത്ത് എന്റെ പ്രവർതനങ്ങളും ഹഖീഖത്ത് എന്റെ ആന്തരികാവസ്ഥയുമാണ്.”
ശരീഅത്തും ത്വരീഖത്തും ഹഖീഖത്തും പരസ്പരപൂരകമെന്നോണമാണ് നിലനിൽക്കുന്നത്.

പരമ യാഥാർഥ്യത്തെ ഉൾക്കൊള്ളാത്ത നിയമം വെറും ആത്മപ്രശംസ മാത്രമാണ്. നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാത്ത യാഥാർഥ്യമാകട്ടെ, കാപട്യവുമാണ്. അവയുടെ പരസ്പരബന്ധത്തെ ശരീരവും ആത്മാവുമായി നമുക്ക് തുലനം ചെയ്യാവുന്നതാണ്. ആത്മാവ് ശരീരത്തിൽ നിന്ന് വിട്ടുകടക്കുന്നതോടെ ശരീരം വെറും ശവമായി മാറുന്നു. അഥവാ, ശരീഅത്തിനെ ചുംബിക്കുക എന്നത് ആത്മീയവഴിയിൽ പ്രവേശിക്കുന്ന ആരുടെയും ബാധ്യതയാണ്. ആത്മജ്ഞാനികൾ ഈ മൂന്ന് ഘട്ടങ്ങളുടെ (ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്) വ്യത്യസ്ത തലങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. തുർക്കിയിലെ സൂഫി സാഹിത്യങ്ങളിൽ ഇങ്ങനെ കാണാം:

ശരീഅത്ത്: നിന്റേത് നിനക്കുള്ളതാണ്, എന്റേത് എനിക്കും.
ത്വരീഖത്ത്: നിന്റേത് നിനക്കുള്ളതാണ്. എന്റേതും നിനക്കുള്ളതാണ്.
മഅ്‌രിഫത്ത്: എന്റേത്, നിന്റേത് എന്ന വിഭജനം നിലനിൽക്കുന്നില്ല.

ഇവിടെ ഉദ്ദേശിക്കപ്പെടുന്ന അർഥമിതാണ്: ത്വരീഖത്തിന്റെ ഘട്ടത്തിൽ ആത്മീയ സാധകൻ സ്വന്തത്തേക്കാൾ മറ്റുള്ളവർക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ദൈവിക വിലയനത്തിന്റെ സന്ദർഭത്തിൽ ‘ഞാൻ’, ‘നീ’ എന്ന വ്യത്യാസങ്ങളെല്ലാം തൗഹീദിന്റെ അകംപൊരുളിൽ അലിഞ്ഞില്ലാതാകുന്നതായി കാണാം.

ഒരു ആത്മീയ സാധകൻ സഞ്ചരിക്കേണ്ട വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും സൂഫീ ഗുരുക്കൻമാർ വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മഖാം, ഹാൽ എന്നിങ്ങനെ വ്യത്യസ്തമായ സാങ്കേതികപദങ്ങളാൽ വിശേഷിക്കപ്പെടുന്ന ആത്മീയഘട്ടങ്ങളെക്കുറിച്ച് സൂഫീ സാഹിത്യങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം: ‘ഹാൽ എന്നത് ദൈവത്തിൽ നിന്ന് മനുഷ്യഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്ന ആത്മീയചൈതന്യമാണ്. മനുഷ്യന് സ്വയം അതിനെ സ്വീകരിക്കാനോ അവഗണിക്കാനോ സാധ്യമല്ല.’ മൗലാനാ റൂമി (റ) എഴുതുന്നു: ‘ ഹാൽ എന്നത് സുന്ദരിയായ ഒരു വധുവിന്റെ മൂടുപടം നീക്കം ചെയ്യലാണ്. എന്നാൽ മഖാമാകട്ടെ, വരൻ വധുവിന്റെ കൂടെ തനിച്ചാകലാണ്’.

ഒരു ആത്മീയ സാധകൻ സഞ്ചരിക്കേണ്ട വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും സൂഫീ ഗുരുക്കൻമാർ വിശദീകരിച്ചിട്ടുണ്ട്.

‘മഖാം’ മനുഷ്യൻ തന്റെ കഠിനാധ്വാനത്തിലൂടെ എത്തിച്ചേരുന്ന ആത്മീയ ഇടമാണ്. അതേസമയം ഒരു ആത്മീയ സാധകനെ പുൽകുന്ന അഹ്‌വാലുകൾ (അവസ്ഥകൾ/states) ദൈവികമായ ഔദാര്യത്തിന്റെ ഫലമായി അവനിലേക്ക് ചേരുന്ന ആത്മീയ പ്രകാശങ്ങളാണ്. തന്റെ ആത്മീയ ജീവിതത്തിൽ തികഞ്ഞ അദബിനാലും (സാമാന്യേന മര്യാദ, ഉപചാരം, ആദരം എന്നെല്ലാം പരിഭാഷപ്പെടുത്താം) സുഹ്ദിനാലും (പരിത്യാഗം) സാധകൻ നേടിയെടുത്ത വ്യത്യസ്ത ആത്മീയ ഘട്ടങ്ങളെയാണ് മഖാമുകൾ പ്രതിനിധീകരിക്കുന്നത്. ഓരോ മഖാമുകളിലും അവൻ പൂർത്തീകരിക്കേണ്ട കടമകളുണ്ട്. ഓരോ മഖാമിനെയും പൂർണാർഥത്തിൽ ഉൾക്കൊള്ളാതെ അടുത്ത മഖാമിലേക്ക് അവന് സഞ്ചരിക്കാൻ കഴിയില്ല. മാത്രമല്ല, അവനിലേക്ക് വന്നുചേരുന്ന ആത്മീയമായ അഹ്‌വാലുകൾ അവൻ നിൽക്കുന്ന മഖാമിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് ഫഖ്‌റ് (ദാരിദ്ര്യം/poverty) എന്ന മഖാമിൽ നിൽക്കുന്ന ഒരു ആത്മാന്വേഷിക്ക് മേൽ വന്നുചേരുന്ന ഖബ്ദ് (സങ്കോചനം/contraction) എന്ന ഹാൽ റജാഅ് (പ്രതീക്ഷ/longing) എന്ന മഖാം കൈവരിച്ച ആത്മാന്വേഷിയുടെ ഖബ്ദിൽ (contraction) നിന്ന് ഏറെ വ്യത്യസ്തമാണ്.

വിശ്വാസം, ഭയം, ആദരവ്, അനുസരണ, പ്രതീക്ഷ, പ്രണയം, ക്ലേശം, അടുപ്പം തുടങ്ങിയ വ്യത്യസ്ത മഖാമുകളെക്കുറിച്ച് സൂഫീവര്യനായ ദുന്നൂനുൽ മിസ്‌രി (റ) വിശദീകരിക്കുന്നുണ്ട്. ഒരു സാധകന്റെ അവസാനത്തെ മഖാമുകളായി മഹാനവർകൾ എണ്ണുന്നത് സന്ദിഗ്ധത, ദാരിദ്യം, വിലയനം എന്നിവയാണ്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന യഹ്യ ഇബ്‌നു മുആദ് ആത്മാന്വേഷി കടന്നു പേകേണ്ട മഖാമുകളായി എണ്ണുന്നത് പശ്ചാത്താപം, സുഹ്ദ്, ദൈവികവിധിയിലുള്ള തൃപ്തി, ഭയം, തേട്ടം, പ്രണയം, ആത്മജ്ഞാനം എന്നിവയാണ്. അതേസമയം, ഇറാഖിൽ ജീവിച്ചിരുന്ന പ്രശസ്ത സൂഫിവര്യൻ സഹ്ൽ അത്തുസ്തരി പതിനൊന്നു മഖാമുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്: ദൈവികവിളിക്ക് ഉത്തരം നൽകൽ, ദൈവത്തിലേക്ക് തിരിയൽ, പശ്ചാത്താപം, പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണം, ഏകാന്തത, ഋജുത്വം (ഇസ്തിഖാമത്ത്), ധ്യാനം, ആത്മജ്ഞാനം, തുടങ്ങിയവയാണവ.

സൂഫീ സാഹിത്യങ്ങളിൽ മറ്റ് നിരവധി മഖാമുകളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. എന്നാൽ ആത്മജ്ഞാനത്തിലേക്കുള്ള പ്രധാനപ്പെട്ട പടവുകൾ തൗബ (പശ്ചാതാപം), ദൈവികവിധിയിലുള്ള പരിപൂർണ വിശ്വാസം, ഫഖ്‌റ് (poverty) എന്നിവയാണ്. അതിലൂടെയാണ് പരിപൂർണ സംതൃപ്തിയിലേക്കും പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കും ആത്മജ്ഞാനത്തിലേക്കും സാധകൻ എത്തിച്ചേരുന്നത്. ഒരു ആത്മീയ സാധകന് (മുരീദ്) ആത്മീയവഴിയിലേക്ക് പ്രവേശിക്കണമെങ്കിൽ, വ്യത്യസ്ത മഖാമുകളിലൂടെ അവനെ ആത്യന്തിക ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വഴികാട്ടി അനിവാര്യമാണ്. മതം സദുപദേശത്താൽ (നസീഹത്ത്) ഉള്ളടങ്ങിയതാണ് എന്ന തിരുവചനത്തെ മുൻനിർത്തിയാണ് സൂഫികൾ ആത്മീയഗുരുവിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുന്നത്. സാധകന്റെ അഹ്‌വാലുകളെ നിരന്തരം നിരീക്ഷിച്ചുകൊണ്ട് അവനെ ആത്മീയ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തുന്ന, മുരീദിന്റെ ശ്വാസനിശ്വാസങ്ങളെയടക്കം നിയന്ത്രിക്കുന്ന ശൈഖുത്തർബിയ്യ (മുരീദിന്റെ എല്ലാ അവസ്ഥകളെയും നിയന്ത്രിച്ച് പടിപടിയായി അവനെ ദൈവസാമിപ്യത്തിൽ എത്തിക്കുന്നവരാണ് ശൈഖുത്തർബിയ്യ, അഥവാ തർബ്ബിയ്യത്തിന്റെ ഗുരു) എന്ന ആത്മീയപ്രപഞ്ചമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്.

സൂഫികൾ ആത്മീയ ഗുരുവിനെ തിരുനബി (ﷺ) യുമായി താരതമ്യപ്പെടുത്താറുണ്ട്: എല്ലാ പ്രവാചകൻമാരും ആഗതരായത് ജനങ്ങളുടെ കണ്ണ് തുറപ്പിക്കാനും അവരുടെ പരിമിതികളും ദൗർബല്യവും അനീതിയും ബോധ്യപ്പെടുത്താനും ദൈവത്തിന്റെ സമ്പൂർണതയെയും അധികാരത്തെയും നീതിയെയും കാണിക്കാനും വേണ്ടിയാണ്. ഒരു ആത്മീയഗുരുവിന്റെ ഉത്തരവാദിത്വവും തന്റെ ശിഷ്യൻമാരുടെ കണ്ണുകൾ തുറപ്പിക്കുക എന്നതുതന്നെയാണ്. അതേസമയം, ആത്മീയവഴിയിലൂടെ സഞ്ചരിക്കുമ്പോൾ സാധകനെ കാത്തിരിക്കുന്ന കഠിനമായ പരീക്ഷണങ്ങളിൽ ക്ഷമിക്കാനും അവയെ നേരിടാനും അവൻ തയ്യാറാണോ എന്ന് ആത്മീയഗുരുക്കൻമാർ പരിശോധിക്കാറുണ്ട്. ചിലപ്പോൾ ഗുരുവിന്റെ വാതിലിൽ ദിവസങ്ങളോളം സാധകന് കാത്തുനിൽക്കേണ്ടതായി വന്നേക്കാം. വളരെ പരുക്കമായ പെരുമാറ്റവും ഗുരുവിന്റെ ഭാഗത്ത് നിന്ന് പരീക്ഷണമായി അവൻ നേരിടേണ്ടി വരും. അതോടൊപ്പം, ഗുരു സാധകനെ ശിഷ്യനായി സ്വീകരിക്കണമെങ്കിൽ മൂന്നുവർഷത്തെ നിരന്തരമായ ഖിദ്മത്തും (സേവനം) കൽപ്പിക്കപ്പെടാറുണ്ട്.

പൊതുസമൂഹത്തിൽ ആത്മാന്വേഷികളെ അപമാനപ്പെടുത്തുന്ന വിധം അവരെക്കൊണ്ട് മോശപ്പെട്ട ജോലികൾ ചെയ്യിക്കുക എന്നതും സൂഫി ഗുരുക്കൻമാരുടെ ശിക്ഷണത്തിന്റെ രീതികളിൽ പെട്ടതാണ്. ചില ഗുരുക്കൻമാർ ശിഷ്യരോട് ഭിക്ഷ യാചിക്കാൻ കൽപ്പിക്കാറുണ്ട്. ഭിക്ഷയിലൂടെ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയല്ല അത്. മറിച്ച്, ജനങ്ങളുടെ ഇടയിൽ പേരും പദവിയും നഷ്ടപ്പെടുത്തി ആത്മീയയാത്രയെ എളുപ്പമാക്കുക എന്നതാണ് ഉദ്ദേശിക്കപ്പെടുന്നത്. മഹാനായ സൂഫീഗുരു ശിബിലി (റ) ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ ഒരിക്കൽ മഹാനവർകൾ പ്രഖ്യാപിച്ചു: ‘ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും നീചൻ ഞാനാണ്’. അതിനുശേഷമാണ് ശിബിലി (റ) യെ ജുനൈദുൽ ബഗ്ദാദി (റ) ശിഷ്യനായി സ്വീകരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സൂഫീവര്യൻ മജ്ദുദ്ദീൻ ബഗ്ദാദിയുടെ (റ) ചരിത്രത്തിലും സമാനമായ ഒരു സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: മജ്ദുദ്ദീൻ (റ) ഒരു ആത്മീയ ഗുരുവിനെ സ്വീകരിച്ചപ്പോൾ അദ്ദേഹത്തോട് ഗുരു ആദ്യമായി കൽപ്പിച്ചത് ഹൗള് (വുദൂഅ് എടുക്കുന്ന സ്ഥലം) കഴുകാൻ വേണ്ടിയായിരുന്നു. എന്നാൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ മാതാവ് തന്റെ മകനെ ആ ജോലിയിൽ നിന്ന് ഒഴിവാക്കിക്കൊടുക്കണമെന്ന് അപേക്ഷിക്കുകയും പകരമായി പന്ത്രണ്ട് തുർക്കി അടിമകളെ ഗുരുവിന്റെ സമീപത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ ഗുരുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ നിങ്ങളൊരു ഡോക്ടറാണല്ലോ. നിങ്ങളുടെ മകന് മാരകമായ ഒരു അസുഖം ബാധിച്ചാൽ ടർക്കിഷ് അടിമക്കാണോ ഞാൻ മരുന്ന് കൊടുക്കേണ്ടത്?

ഒരു സാധകൻ സ്വയം തന്റെ ഗുരുവിൽ പരിപൂർണമായി സമർപിച്ചിട്ടില്ലെങ്കിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്കൊന്നും അവൻ വിധേയമാവുകയില്ല. മാത്രമല്ല, ഗുരുവും ശിഷ്യനും തമ്മിൽ അതിശക്തമായ ആത്മബന്ധം നിലനിൽക്കേണ്ടതുണ്ട്. നിരവധി ആത്മീയ സാധകർ ഒരു ആത്മീയ ഗുരുവിനെത്തേടി ഇസ്‌ലാമിക ലോകത്തുടനീളം അലഞ്ഞുനടന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സൂഫീഗുരുക്കൻമാരെ സംബന്ധിച്ചിടത്തോളം, തങ്ങളെ സമീപിക്കുന്ന സാധകന്റെ പേര് ലൗഹുൽ മഹ്ഫൂളിൽ (Well-preserved Tablet) അവരുടെ ശിഷ്യൻമാർക്കിടയിൽ ദർശിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവനെ മുരീദായി സ്വീകരിക്കുകയുള്ളൂ. തിരുനബി (സ) ഒരിക്കൽ പറയുകയുണ്ടായി: ‘ആത്മാവുകൾ സൈന്യങ്ങളെപ്പോലെയാണ്. പരസ്പരം അറിയുന്നവർ സുഹൃത്തുക്കളായി മാറുന്നു.’

ശരീരം കൊണ്ടും ആത്മാവ് കൊണ്ടുമുള്ള മൂന്നുവർഷത്തെ സേവനത്തിന് (ഖിദ്മത്ത്) ശേഷമാണ് മുരീദ് തന്റെ ഗുരുവിൽ നിന്ന് ‘ഖിർഖ’ സ്വീകരിക്കുന്നത്. സൂഫീ ആത്മീയ വഴിയിലെ സവിശേഷമായ വസ്ത്രമാണ് ഖിർഖ എന്നറിയപ്പെടുന്നത്. അതേസമയം, ഒരു ഗുരുവുമായുള്ള മുരീദിന്റെ ആത്മീയബന്ധം സ്ഥാപിതമാകുന്നത് മൂന്ന് തലത്തിലാണ്: ഖിർഖ നൽകപ്പെടുന്നതിലൂടെയുള്ള ബന്ധം, ദിക്‌റുല്ലാഹ് നൽകപ്പെടുന്നതിലൂടെയുള്ള ബന്ധം, സുഹ്ബത്തിലൂടെയും ഖിദ്മത്തിലൂടെയും സ്ഥാപിതമാകുന്ന ബന്ധം. മുരീദിന് ഖിർഖ നൽകപ്പെടുന്നതിലൂടെ ഗുരുവിന്റെ ആത്മീയ കരുത്താണ് കൈമാറ്റം ചെയ്യപ്പെടുന്നത്. കാരണം, ഗുരുവിന്റെ അനുഗ്രഹീത കരത്താൽ സ്പർശിച്ചതും ധരിച്ചതുമായ വസ്ത്രമാണ് മുരീദിന് സമ്മാനിക്കപ്പെടുന്നത്.

രണ്ട് വിധത്തിലുള്ള ഖിർഖയാണ് സൂഫീ ആദ്ധ്യാത്മിക വഴിയിൽ ഗുരുക്കൻമാർ ശിഷ്യർക്ക് സമ്മാനിക്കാറുള്ളത്. ഒന്നാമത്തേത്, ‘ഖിർഖ ഇറാദ’ എന്നാണറിയപ്പെടുന്നത്. ആത്മീയ ഉടമ്പടിയിൽ (ബൈഅത്ത്) ഏർപ്പെട്ട തർബ്ബിയ്യത്തിന്റെ ശൈഖിൽ നിന്ന് മുരീദ് അത് സ്വീകരിക്കുന്നു. രണ്ടാമത്തേത് ‘ഖിർഖ തബറുക്ക്’ ആണ്. അനുഗ്രഹത്തിന്റെ വസ്ത്രം എന്നാണ് അതിനർഥം. തന്റെ ആത്മീയ യാത്രയിൽ സാധകൻ സന്ദർശിക്കുന്ന ഗുരുക്കൻമാരിൽ നിന്നാണ് അത് ലഭിക്കുന്നത്. അതേസമയം, സാധകന്റെ ആത്മീയ പുരോഗതിയുടെ പരിപൂർണ ഉത്തരവാദിത്വമേറ്റെടുത്ത തർബ്ബിയ്യത്തിന്റെ ഗുരുവിൽ നിന്ന് മാത്രമാണ് ഖിർഖ ഇറാദ നൽകപ്പെടുന്നത്.

കടുംനീലയാണ് ഖിർഖയുടെ നിറം. അതിനാൽ തന്നെ അഴുക്ക് പുരണ്ടാൽ പ്രകടമാവുകയില്ല. വിദൂര യാത്രകൾക്കും അതുപയോഗിക്കാം. മാത്രമല്ല, വിലാപത്തിന്റെയും വ്യഥയുടെയും നിറം കൂടിയാണത്. ലൗകികതയിൽ നിന്ന് പരിപൂർണമായി സാധകൻ ബന്ധം വിച്ഛേദിച്ചിരിക്കുന്നു എന്നതിന്റെ നിദർശനമാണത്. പേർഷ്യൻ കവിതകളിൽ വയലറ്റ് നിറത്തെ താരതമ്യപ്പെടുത്താറുള്ളത് മനോഹരമായ ഒരു പൂന്തോട്ടത്തിൽ ധ്യാനനിരതനായിരിക്കുന്ന സൂഫിയോടാണ്.

ചില സൂഫികൾ ധരിക്കാറുള്ള ഗുണമേൻമയില്ലാത്ത തുന്നിയ വസ്ത്രത്തെക്കുറിച്ച് ആദ്ധ്യാത്മിക വിശദീകരണങ്ങളുണ്ടായിട്ടുണ്ട്. കമ്പിളി വസ്ത്രങ്ങൾക്ക് അമിതമായ പ്രാധാന്യം നൽകുന്നതിനെതിരെയുള്ള മുന്നറിയിപ്പുകൾ സൂഫീ സാഹിത്യങ്ങളിൽ കാണാം: ‘പരിശുദ്ധി എന്നത് ദൈവത്തിൽ നിന്നുള്ള വരദാനമാണ്. അതേസമയം, കമ്പിളി മൃഗങ്ങളുടെ വസ്ത്രമാണ്.’ തങ്ങളുടെ വസ്ത്രങ്ങൾ (ഖിർഖ) തുന്നുന്നതിന് വേണ്ടി സൂഫികൾ സങ്കീർണമായ പല രീതികളെയും അവലംബിക്കാറുണ്ട്. ഖിർഖയെ ഒരു വിഗ്രഹത്തെപ്പോലെ ആരാധിക്കുന്നു എന്ന് ആളുകൾ കുറ്റപ്പെടുത്തും വിധം വളരെയധികം ആദരവോടെയായിരുന്നു അവരതിനെ കൊണ്ടുനടന്നിരുന്നത്. മഹാനായ സൂഫിവര്യൻ ഹുജ്‌വീരി (റ) ഖിർഖയെക്കുറിച്ച് ആദ്ധ്യാത്മിക വിശദീകരണം നൽകുന്നുണ്ട്:

‘ഖിർഖയുടെ കോളർ സൃഷ്ടികളോടുള്ള ബന്ധത്തിൽ നിന്നുള്ള വിച്ഛേദനമാണ്, അതിന്റെ കൈകൾ അനുഷ്ഠാനവും ഇന്ദ്രിയ നിഗ്രഹവുമാണ്. രണ്ട് കാലുകളുകൾക്കുമിടയിലുള്ള അതിന്റെ ഭാഗം ദാരിദ്ര്യവും പരിശുദ്ധിയുമാണ്. അതിന്റെ ബെൽറ്റ് ഇസ്തിഖാമത്തും ധ്യാനവുമാണ്. കരയാകട്ടെ, ദൈവസാന്നിധ്യത്താലുള്ള മന:ശ്ശാന്തിയാണ്. അതിന്റെ ചുരുൾ സൂചിപ്പിക്കുന്നത് തൗഹീദിലുള്ള പരിപൂർണ വിലയനമാണ്.’

ആത്മീയ വഴിയിലേക്ക് പ്രവേശിച്ച സാധകൻ യഥാർഥത്തിൽ ഗുരുവിന്റെ മകനെപ്പോലെയാണ്. ‘പിതാവിന്റെ ഒരു ഭാഗമാണ് മകൻ’ എന്നതുപോലെ ഗുരുവിന്റെ ഭാഗമായാണ് സാധകൻ പരിഗണിക്കപ്പെടുന്നത്. തെളിഞ്ഞ ഹൃദയത്തിന് ജന്മം നൽകാൻ ഗുരു അവനെ സഹായിക്കുന്നു. മാത്രമല്ല, ഒരുമ്മയെപ്പോലെ ആത്മീയ പാനീയം അവനെ കുടിപ്പിക്കുകയും ചെയ്യുന്നു.

ആത്മീയവഴിയിലെ അപകടങ്ങളെക്കുറിച്ച് സൂഫികൾ എപ്പോഴും ബോധവാൻമായിരിക്കും. അതുകൊണ്ടാണ് അവർ തങ്ങളുടെ ജീവിതത്തിലുടനീളം ഇടപെടാനുള്ള പരിപൂർണമായ അധികാരം ഗുരുവിന് വകവെച്ചു നൽകുന്നത്: ‘ഗുരുവില്ലാത്തവന്റെ ഗുരു പിശാചാണ്’ എന്ന് മഹാനരായ ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. കാരണം പൈശാചിക പ്രേരണകൾ എണ്ണമറ്റതാണ്; മുരീദിന് ചില ആദ്ധ്യാത്മിക അനുഭവങ്ങൾ ഉണ്ടാവുമ്പോൾ തന്റെ പദവി ഉയർന്നിട്ടുണ്ട് എന്ന് അവന് തോന്നും. എന്നാൽ, യഥാർഥത്തിൽ അത് ശരീരത്തിന്റെ (നഫ്സ്) വഞ്ചനയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഗുരു അവനെ നിയന്ത്രിക്കുകയും ശരിയായ വഴിയിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. ഒരു ഗുരുവില്ലാതെ യാത്ര ചെയ്യുന്നവന് രണ്ട് ദിവസത്തെ യാത്രക്ക് ഇരുനൂറ് വർഷങ്ങൾ വേണ്ടിവരും എന്ന് സൂഫീജ്ഞാനികൾ പറഞ്ഞിട്ടുണ്ട്. മാർഗദർശനത്തിന് വേണ്ടി ആയിരക്കണക്കിന് വർഷങ്ങൾ പുസ്തകങ്ങൾ വായിക്കുന്നവന്റെ അവസ്ഥയും ഇതുതന്നെയാണ്. ഉപകാരപ്രദമായ ഒരറിവും കരസ്ഥമാക്കാൻ അവന് കഴിയില്ല.

മുരീദിന്റെ ആത്മീയവളർച്ചയുടെ മുഴുവൻ സന്ദർഭങ്ങളെയും ഗുരു നിരീക്ഷിച്ചുകൊണ്ടിരിക്കും. വിശേഷിച്ച്, സൂഫിവഴിയിൽ ചില്ല എന്നുവിളിക്കപ്പെടുന്ന, നാൽപ്പത് ദിവസങ്ങളോളം നീളുന്ന ധ്യാനത്തിന്റെ നിമിഷങ്ങളിലുടനീളം ഗുരുവിന്റെ തർബിയത്തിന് അവൻ വിധേയമാകുന്നു. മാത്രമല്ല, മുരീദിന്റെ സ്വപ്‌നങ്ങളെയും ആദ്ധ്യാത്മിക കാഴ്ചകളെയും ഗുരുവാണ് വിശദീകരിക്കുന്നത്. അവന്റെ ജീവിതത്തിലെ ബോധ-അബോധ ചലനങ്ങളെയടക്കം ഗുരു നിയന്ത്രിക്കുന്നു. സാധകന്റെ ഹൃത്തടത്തിൽ ഒളിഞ്ഞിരിക്കുന്ന ചിന്തകളും ഗുരുവിന്റെ തിരുനോട്ടത്തിന് വിധേയമാണ്.

(തുടരും)


ഭാഗം 1: സൂഫിസം: പരംപൊരുളിലേക്കുള്ള കൈവഴികൾ
വിവർത്തനം: സഅദ് സൽമി
Featured Image: Alim

Comments are closed.