ചൈനയിലെ ഉയ്ഗൂർ മുസ്‌ലിം പ്രദേശങ്ങളിലൂടെ അമ്മാർ അസ്ഫോർ നടത്തുന്ന യാത്രയുടെ നാലാം ഭാഗം
(സാങ്കേതിക കാരണങ്ങളാൽ പരാമർശിക്കുന്ന വ്യക്തികളുടെ ഐഡന്റിറ്റി വെളുപ്പെടുത്തനാവില്ല)
ഒരു അമേരിക്കൻ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന കമ്പ്യൂട്ടർ പ്രോഗ്രാമറാണ് മുഹമ്മദ്. തന്റെ ബിരുദ പഠനത്തിന് ശേഷമാണ് അദ്ദേഹം സിയാനിലേക്ക് കുടിയേറിയത്. പഠനം തുടരാനും നല്ലൊരു ജോലി കണ്ടെത്താനും അങ്ങനെ അമേരിക്കയിലേക്ക് മാറാനുമായിരുന്നു പ്ലാൻ. സിയാനിലേക്ക് വരാൻ അവരെ കൂടുതൽ പ്രേരിപ്പിച്ച ഘടകം അവിടെ തനിക്ക് മതം അനുഷ്ഠിക്കാൻ സ്വാതന്ത്ര്യം ലഭിക്കുമെന്നതായിരുന്നു.
അലി, അഹ്മദ് എന്ന അവരുടെ മക്കളാണ് വീട്ടിലെത്തിയപ്പോൾ എന്നെ സ്വീകരിച്ചത്. യഥാക്രമം രണ്ടു വയസ്സും 7 മാസവുമാണവരുടെ പ്രായം. കാണാൻ സുന്ദരനും ഉന്മേഷവാനുമാണ് അലി. ശുദ്ധമായ ബ്രിട്ടീഷ് ഇംഗ്ലീഷ് ഉച്ചാരണത്തിൽ ഒന്നുമുതൽ പത്തുവരെ എണ്ണാനുള്ള അവന്റെ കഴിവ് പ്രദർശിപ്പിച്ചാണ് അവനെന്നെ എതിരേറ്റത്. ഞാൻ ചൂണ്ടുവിരലുയർത്തി ആംഗ്യം കാണിക്കുമ്പോഴൊക്കെ അവൻ അതിമനോഹരമായി അഭിമാനപൂർവം എണ്ണി കാണിച്ചു തന്നു.
“നിങ്ങൾ വന്നതിൽ ഏറെ സന്തോഷമുണ്ട്. യാത്രക്കാരനെയും അതിഥിയെയും സൽക്കരിക്കുന്നതിന്റെ ഇരട്ട പ്രതിഫലം നേടാനുള്ള അപൂർവ്വ അവസരമാണിതെന്ന് ഞാൻ ഭർത്താവിനോട് പറയുകയായിരുന്നു” ഫാത്തിമ പറഞ്ഞു.
”ഓ… നന്ദി. ഞാൻ നിങ്ങൾക്കൊരു ഭാരമായില്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം” ഞാൻ മറുപടി പറഞ്ഞു.
“രണ്ടു വർഷം മുൻപ് ഒരു റമളാനിൽ മുഹമ്മദ് അമേരിക്കയിൽ പോയിരുന്നു. സത്യത്തിൽ എനിക്ക് വല്ലാത്ത ആധിയായിരുന്നു. എന്നാൽ അവിടെ നല്ല നിലയിലുള്ള പരിഗണനയും സ്വീകരണവുമായിരുന്നു കിട്ടിയത്. അത് തന്നെ ഞാനും ചെയ്യുന്നു എന്നേയുള്ളൂ.” ഫാത്തിമ പറഞ്ഞു.




രണ്ട് മണിക്കൂർ കഴിഞ്ഞ് (അതിനകം ഞാൻ നല്ലൊരു മയക്കം ആസ്വദിച്ചു കഴിഞ്ഞിരുന്നു!) ഞങ്ങൾ Giant Wild Goose പഗോഡ (ബുദ്ധ ക്ഷേത്രം) കാണാൻ പോകാൻ റെഡിയായി. മുഹമ്മദും ഫാത്തിമയും കുട്ടികളെ ഒരുക്കുന്ന തിരക്കിലാണ്.
”ഇങ്ങനെയൊരു പട്ടണത്തിൽ ഒറ്റക്ക് കുട്ടികളെ വളർത്തൽ കുറച്ച് പ്രയാസമുള്ള കാര്യമാണ്” ഫാത്തിമ പറഞ്ഞു. രണ്ട് പേരുടെയും കുടുംബക്കാരെല്ലാം സിൻജിയാങ്ങിലാണ് താമസം. ചെറിയ ഒരു സൗഹൃദ വലയത്തിന്റെ സഹായത്തോടെ കുട്ടികളെ വളർത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു അവരെ സംബന്ധിച്ച്. സിൻജിയാങ്ങിൽ ഒരേ പട്ടണത്തിൽ നിന്നുള്ളവരാണെങ്കിലും വർഷങ്ങൾക്ക് മുമ്പ് സിയാനിൽ ഫാത്തിമ ക്ലാസ്സെടുക്കാൻ പോയിരുന്ന സമയത്താണ് മുഹമ്മദും ഫാത്തിമയും കണ്ടുമുട്ടുന്നത്. സിൻജിയാങ്ങിൽ സാമൂഹ്യ രാഷ്ട്രീയ മുൻവിധികൾ അത്ര ശക്തമായതിനാൽ കുടുംബം ഫാത്തിമയെ ഹിജാബ് ധരിക്കൽ പോലുള്ള മത കല്പനകൾ പാലിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നു. അത്തരമൊരു ജീവിതം അവളുടെ പ്രൊഫഷണൽ അവസരങ്ങളെ ബാധിക്കുമെന്നതായിരുന്നു കാരണം. സ്വാതന്ത്ര്യ മനോഭാവമുള്ള ഒരു സ്ത്രീക്ക് ഇത്തരം നിർബന്ധങ്ങളൊക്കെ ഇഷ്ടപ്പെടാതെയും വരാം.




“കുറച്ച് കടുപ്പം കൂടിയ ഒരുത്തിയെയാണ് എനിക്ക് കിട്ടിയത്.” അഭിമാനം കലർന്നൊരു ഭാവത്തിൽ കണ്ണുകൊണ്ട് ഫാത്തിമയെ ഇടം കണ്ണിട്ട് മുഹമ്മദ് എന്നോട് മന്ത്രിച്ചു. പഗോഡക്ക് മുന്നിലെ ജലധാരക്കടുത്ത് ഹിജാബിനെ കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ. എന്റെ തെറ്റായ കാഴ്ചപ്പാടുകളെയും ധാരണകളെയും മൊത്തം തള്ളിക്കളഞ്ഞ് ഫാത്തിമ എനിക്ക് ചെറുതല്ലാത്ത പണി തന്നെ തന്നു.
”ഇത് നിർബന്ധമാണ്, മുസ്‌ലിം സ്ത്രീ നിർബന്ധമായും ചെയ്യേണ്ടതാണത്. നിങ്ങളുടെ ഭാര്യയോ കുടുംബത്തിലെ മറ്റ് സ്ത്രീകളോ ഹിജാബ് ധരിക്കുന്നില്ലെങ്കിൽ നിങ്ങൾ കുറ്റക്കാരനുമാകും” ഫാത്തിമ എന്നോട് പറഞ്ഞു.”ആയിരിക്കാം, പക്ഷേ ഒരു വ്യക്തിക്ക് മേൽ ഒരു കാര്യം അടിച്ചേൽപ്പിക്കാൻ ആർക്കെങ്കിലും അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കണമെന്നാണ് ഞാൻ പറയുന്നത്”ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു.
“ഞാൻ വസ്തുതകൾ പറഞ്ഞെന്നേയുള്ളൂ…”ചർച്ച അവസാനിപ്പിക്കും മട്ടിൽ അവൾ പറഞ്ഞു.




”വിവാഹം കഴിയുന്നതോടെ ഒരുപാട് കാര്യങ്ങൾ മാറുന്നുണ്ട്. ഇപ്പോൾ എനിക്ക് കുടുംബമാണ് പ്രധാനം” ഭാവി സ്വപ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മുഹമ്മദ് പറഞ്ഞു.
“അല്ലെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ, താങ്കൾക്ക് മുന്നിൽ യു എസിലേക്കുള്ള വഴി ഇപ്പോഴും തെളിഞ്ഞു കിടപ്പുണ്ടല്ലോ!”മുഹമ്മദിന്റെ ആഗ്രഹങ്ങളിൽ പ്രത്യാശയുടെ കനലെരിക്കാൻ ഞാനൊരു ശ്രമം നടത്തി. സത്യം പറഞ്ഞാൽ എങ്ങനെയാണത് നടക്കുക എന്ന് ഇത് പറയുമ്പോൾ എനിക്കും വലിയ ധാരണ ഉണ്ടായിരുന്നില്ല.
“പാസ്പോർട്ടുള്ളതിനാൽ എനിക്ക് പറ്റിയേക്കാം. പക്ഷെ ഫാത്തിമക്കും കുട്ടികൾക്കും പാസ്പോർട്ടില്ല. ഇനിയത് ലഭിക്കാനും ബുദ്ധിമുട്ടാണ്.”മുഹമ്മദ് ആവസ്ഥ വിശദീകരിച്ചു.
“എന്ത്? മനസ്സിലായില്ല”ഞാൻ ആശ്ചര്യത്തോടെയും ചെറുതല്ലാത്ത സംഭ്രമത്തോടെയും ചോദിച്ചു.
“പാസ്പോർട്ട് എടുക്കലും വിദേശത്ത് പോകലുമൊക്കെ സിൻജിയാങ്ങിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നാണ്. ഭാഗ്യം കൊണ്ട് എനിക്ക് കിട്ടി. ഫാത്തിമക്കും കുട്ടികൾക്കും ആ ഭാഗ്യമില്ല. ഇനി സിയാനിൽ ഒരു വീട് വെച്ച് ഇവിടത്തെ നിവാസികളാണെന്ന് വരുത്തിയാലേ പാസ്സ്പോർട്ട് ലഭിക്കാൻ സാധ്യതയുള്ളൂ.”മുഹമ്മദിന്റെ സംസാരം കേട്ട് ഞാൻ തലകുലുക്കുക മാത്രം ചെയ്തു.
ഒരു വീട് വെക്കാൻ കഷ്ടപ്പെട്ട് സമ്പാദിക്കുകയാണ് മുഹമ്മദ്. വീട് വാങ്ങിയിട്ട് വേണം അവർക്ക് കുട്ടികളുടെ നല്ല ഭാവിയും കുടുംബത്തിന് നല്ല അവസരങ്ങളും തേടി എങ്ങോട്ടെങ്കിലും മാറാൻ. സിയാനിനടുത്ത് തന്നെ ഒരു വീട് വാങ്ങാൻ അവർ ശ്രമിക്കുന്നുമുണ്ട്. നിർഭാഗ്യവും അന്യതയും കൂടെയുള്ളതിനാൽ അവർക്കിതല്ലാതെ വേറെ വഴിയില്ല.




വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ചിരുന്നു. നോമ്പ് തുറക്കാൻ പള്ളിയിൽ പോകാൻ ടാക്സി വിളിക്കണം. ഒരു ടാക്സി വന്നപ്പോൾ മുഹമദ് ഡ്രൈവറോട് സംസാരിക്കുകയും ടാക്സി വിളിക്കാതെ തിരികെ പോരുകയും ചെയ്തു.
“എന്തുപറ്റി ടാക്സി വിളിക്കുന്നില്ലേ?”ഞാൻ ചോദിച്ചു.
“ഓ ഒന്നുമില്ല.ഞാനൊരു വിദേശിയാണെന്ന് കരുതി അയാളെന്നോട് ചാർജ് കൂട്ടിപ്പറഞ്ഞു.”
“ങേ!അതെന്താ, സ്ഫുടമായി മാൻഡാരിൻ സംസാരിക്കുന്ന ചൈനക്കാരനല്ലേ നിങ്ങൾ….?”ഞാൻ ആശ്ചര്യം കൂറി.
“ഓഹ്…അതിൽ കാര്യമില്ല. എങ്ങനെ സംസാരിക്കുന്നുവെന്നല്ല. കാണാനെങ്ങനെയാണ് എന്നാണവർ നോക്കുന്നത്. ഞാൻ ഇവിടെ ഒരു വിദേശി ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്” മുഹമ്മദ് പറഞ്ഞു.
തന്റെ വിശ്വാസത്തെ പറ്റി കൂടുതൽ പഠിക്കാനിടയായ സംഭവങ്ങൾ ഫാത്തിമ ഓർത്തെടുത്തു. ഒരു ക്രിസ്ത്യൻ വൈദികൻ ഇസ്‌ലാമിനെക്കുറിച്ച് അവളോട് നിരന്തരം സംശയങ്ങളുന്നയിക്കുകയും ക്രിസ്ത്യൻ മതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ അത് ഫാത്തിമയെ പ്രേരിപ്പിച്ചു. താമസിയാതെ അവർ രണ്ട് പേരും വിവാഹിതരാവുകയും പട്ടണത്തിൽ നിന്നും ദൂരെയുള്ള ഒരു ഇസ്‌ലാമിക് സ്കൂളിൽ പോയി മതം പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു.




ഉയ്ഗൂർ ദമ്പതികളായതിനാൽ അത്ര പരിഗണന നൽകുന്ന തരത്തിലല്ല സമുദായം അവരോട് ഇടപെടുന്നത് എന്ന് നോമ്പ് തുറക്കാൻ പള്ളിയിൽ പോയപ്പോൾ ഞാൻ മനസ്സിലാക്കി. അവർക്കും സമുദായത്തിനുമിടയിൽ എന്തോ ഒരു വേർത്തിരിവുള്ളതായി അനുഭവപ്പെട്ടു. അവരെ സംബന്ധിച്ചിടത്തോളം വിശ്വാസം പിന്തുടരൽ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിവേചനം. വിശ്വാസപരമായ ഒത്തൊരുമക്കിടയിൽ എങ്ങനെയാണ് ഇത്തരമൊരു സാംസ്കാരിക വിടവുണ്ടാകുന്നത് എന്ന ചോദ്യത്തിന് അതിന് ചരിത്രപരവും സാംസ്കാരികപരവുമായ തലങ്ങളുണ്ട് എന്നവർ വിശദീകരിച്ചു. “വേണമെങ്കിൽ സമുദായത്തോടൊപ്പം ചേരുകയോ സുഹൃത്തുക്കളെ ഉണ്ടാക്കുകയോ ഒക്കെ ചെയ്യാം. പക്ഷേ അവർ ഞങ്ങളെ ഉൾക്കൊള്ളുമെന്ന് തോന്നുന്നില്ല” അവർ പറഞ്ഞു.
വീട്ടിലെത്തിയപ്പോഴേക്കും ഞങ്ങൾ നന്നായി ക്ഷീണിച്ചിരുന്നു. കുട്ടികളെ ഉറക്കിയ ശേഷം എന്നോട് വ്യത്യസ്ത മുസ്‌ലിം സമൂഹങ്ങളിലെ അനുഭവങ്ങളാരാഞ്ഞ് ഫാത്തിമ മടങ്ങി വന്നു.
“ഒരു മുസ്‌ലിമായി ജീവിക്കാൻ ഏറ്റവും നല്ല ഇടമേതാണ്?”ആകാംക്ഷയോടെ അവൾ ചോദിച്ചു.
“ആ ചോദ്യത്തിന് ഉത്തരമുണ്ടോ എന്നെനിക്കറിയില്ല” ഞാൻ പറഞ്ഞു.
എന്റെ മറുപടിക്കായി കാത്തിരിക്കുന്നതിനിടയിൽ അവൾ ആർക്കൊക്കെയോ ടെക്സ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.
“ഫാത്തിമ ഇവിടെ സിയാനിലെ സ്ത്രീകൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. അതുപോലെ വീ ചാറ്റിലൂടെ സിൻജിയാങ്ങിൽ ഉള്ളവർക്കും ക്ലാസ്സെടുക്കുന്നു”മുഹമ്മദ് എന്നോട് പറഞ്ഞു.
ഇവിടത്തെ താമസത്തിനിടയിൽ ഫാത്തിമയുടെ ഇച്ഛാശക്തിയും ആധികാരികമായ അഭിപ്രായങ്ങളുമെല്ലാം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.
“അമ്മാർ,താങ്കളുടെ യാത്രയിൽ നമ്മുടെ മക്കളെ സ്വതന്ത്രമായി ഇസ്‌ലാമികമായി വളർത്താൻ നല്ലത് എവിടെയാണെന്നാണ് തോന്നിയത്?” ഫാത്തിമ തന്റെ ചോദ്യത്തിലേക്ക് മടങ്ങിവന്നു
“എനിക്കറിയില്ല ഫാത്തിമാ…എല്ലായിടത്തും നന്മയുണ്ട്. നമുക്ക് യോജിച്ചത് നമ്മൾ കണ്ടെത്തണമെന്നേയുള്ളൂ..” ഞാനവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
അമേരിക്കയെ കുറിച്ചും അവിടത്തെ തൊഴിലവസരങ്ങളെ കുറിച്ചുമാണ് മുഹമ്മദിന് ചോദിക്കാനുണ്ടായിരുന്നത്. രണ്ട് വർഷം മുൻപ് കമ്പനി അമേരിക്കയിൽ അയച്ചപ്പോൾ അവിടെ ആകർഷിച്ച കാര്യങ്ങളൊക്കെ അയാൾ പങ്കുവെച്ചു. ഒരു റമദാനിൽ സംഭവിച്ച ആ അമേരിക്കൻ യാത്രയിൽ അവിടെവെച്ച് അദ്ദേഹത്തിന് ലഭിച്ച ആതിഥേയത്വവും സ്വീകരണവും അമേരിക്കയിലെ മുസ്‌ലിം സമൂഹത്തിലെ വൈവിധ്യവും അവർക്കിടയിലെ ഒരുമയും മുഹമ്മദിനെ ആഴത്തിൽ സ്പർശിച്ചിരുന്നു. ആ സമയത്ത് സിയാനിൽ ഒറ്റക്ക് നവജാത ശിശുവിനെയും നോക്കി കഴിയുന്ന ഫാത്തിമ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെകുറിച്ചും അവർ പങ്കുവെച്ചു. തിരികെ വന്ന ശേഷം ചെറിയ യാത്രകൾ മാത്രം ആവശ്യമാകുന്ന ഒരു ജോലിയിലേക്ക് മുഹമ്മദ് മാറുകയും ചെയ്തു.




മുഹമ്മദിനെ ഏറ്റവും സ്വാധീനിച്ച ഇസ്‌ലാമിക അധ്യാപനത്തെക്കുറിച്ച് ഞാൻ ചോദിച്ചു. ”പറയുക, എന്റെ സർവ്വാരാധനകളും പ്രാർത്ഥനകളുമടക്കം എന്റെ ജീവിതവും മരണവുമെല്ലാം അഖില ലോക പരിപാലകനായ നാഥനുള്ളതാണ്”എന്ന ആശയം വരുന്ന ഖുർആൻ സൂക്തമാണ് അപ്പോൾ എന്നെ ഓതിക്കേൾപ്പിച്ചത്. മുഹമ്മദിനെ സംബന്ധിച്ച് മികവിലേക്കും വിജയത്തിലേക്കുമെല്ലാം നമ്മെ എത്തിക്കുന്ന ശക്തിയാണ് വിശ്വാസം. അത് കൊണ്ടാണ് വിശ്വാസ സ്വതന്ത്ര്യത്തിനായി സിയാനിലേക്ക് അവർ താമസം മാറിയത്. നമ്മുടെ എല്ലാ ചെയ്തികളും ആഗ്രഹങ്ങളുമെല്ലാം സൃഷ്ടാവിനുള്ളതാണെന്ന് ചിന്തിക്കുന്നത് കൂടുതൽ പ്രതിഫലാർഹമാണ് എന്നും മുഹമ്മദ് വിശ്വസിക്കുന്നുണ്ട്. ഒരു ഉയ്ഗൂർ മുസ്‌ലിമാവുകയെന്നാൽ എന്താണെന്ന് ഞാൻ അവരോട് ചോദിച്ചു. “ഇസ്‌ലാമിനാൽ അഗാധമായി സ്വാധീനിക്കപ്പെട്ട ഒരു സംസ്കാരമാണ് ഞങ്ങളുടേത്. അത്കൊണ്ട് അവ രണ്ടിനും ഇടയിൽ വേർതിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല” മുഹമ്മദ് പറഞ്ഞു.
എങ്ങനെയാണ് വിശ്വാസത്തെ കാണുന്നത് എന്ന് ഞാൻ ഫാത്തിമയോടും അന്വേഷിച്ചു. ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കുന്നതോടെയാണ് താൻ കൂടുതലായി ഭൗതികമായ സുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു എന്ന ബോധ്യത്തിലേക്ക് അവർ എത്തുന്നത്. കുടുംബത്തെ ശ്രദ്ധിക്കാനും മറ്റുള്ളവർക്ക് സേവനം ചെയ്യാനുമൊക്കെയുള്ള സ്വാതന്ത്ര്യവും കരുത്തും ഇസ്‌ലാം പ്രദാനം ചെയ്യുന്നതായി തൻ മനസ്സിലാക്കി എന്ന് അവൾ മറുപടി പറഞ്ഞു.
മുഹമ്മദും ഫാത്തിമയും സേവനത്തെയും ആതിഥ്യമര്യാദകളെയുമെല്ലാം ഉയ്ഗൂർ സംസ്കാരത്തിന്റെ ഏറ്റവും നല്ല തലങ്ങളായി കാണുന്നതിൽ എനിക്ക് അത്ഭുതം തോന്നിയില്ല. ആ ദമ്പതികളുമായുള്ള അനുഭവങ്ങൾ എനിക്കത് മനസ്സിലാക്കിത്തന്നിരുന്നു.
നിത്യ ജീവിതത്തിലെ ആഡംബരങ്ങൾക്കു വേണ്ടി ചൈനക്കാർ മോശമായ സാഹചര്യങ്ങളിൽ പോലും ജോലി ചെയ്യുന്നു എന്നൊക്കെയാണ് പാശ്ചാത്യ മാധ്യമങ്ങൾ നമ്മോട് പറയാറുള്ളത്. എന്നാൽ ഇതുവരെ പരിചയിക്കാത്ത ഒരു ചൈനയെയാണ് ഫാത്തിമയിലും മുഹമ്മദിലും ഞാൻ കണ്ടത്. മധ്യവർഗ്ഗത്തിന്റെ ജീവിതം ശരിക്കും ഞാനവരിൽ കണ്ടു. തങ്ങളുടെ മതത്തെയും സ്വത്വത്തെയും സ്വന്തം ദേശം സ്വീകരിക്കാതെ വന്നപ്പോൾ മതത്തിൽ സ്വദേശം കണ്ടെത്തുന്നവരാണവർ.
തുടർന്ന് വായിക്കുക: ഹുയി തെരുവുകളിൽ സ്വാദും തേടി…
ഭാഗം 3 : വിശ്വാസത്തിൽ സ്വദേശം കണ്ടെത്തുന്നവർ
Featured Image: ഫാത്തിമയുടെ ഇസ്‌ലാമിക് സ്കൂളിലെ നോട്ട്
വിവർത്തനം: Abu thwahir kk
Comments are closed.