• ഒരു രാജാവ് ഒരിക്കൽ തന്റെ തടവുകാരന് വധശിക്ഷ നൽകാൻ വിധിച്ചു. രാജസന്നിധിയിൽ നിന്നും ഇനി മാപ്പ് ലഭിക്കില്ല എന്ന് ഉറപ്പിച്ചതോടെ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ജയിൽപുള്ളി രാജാവിനെ ശകാരിക്കാൻ തുടങ്ങി. തന്നെക്കുറിച്ച് ജയിൽപുള്ളി എന്താണ് പറഞ്ഞത് എന്നറിയാൻ രാജവ് തന്റെ മന്ത്രിമാരെ വിളിപ്പിച്ചു. തടവ്പുള്ളിയോട് അനുകമ്പ തോന്നിയ ഒരു മന്ത്രി അയാൾ അങ്ങയോട് മാപ്പപേക്ഷിച്ചതാണ് എന്ന് കള്ളം പറഞ്ഞു. “ലോകത്തിന്റെ സൈന്യാധിപാ”, മന്ത്രി തുടർന്നു, തടവുകാരൻ ‘കോപം തടയുകയും ജനങ്ങളോട് ക്ഷമിക്കുകയും ചെയ്യുന്നവർ’ എന്ന ഖുർആൻ വാക്യം (3:134) ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു”. മറ്റുള്ളവരോട് ക്ഷമിക്കുകയും, നല്ല നിലയിൽ പെരുമാറുകയും ചെയ്യുന്നവരെ പ്രശംസിക്കുന്ന ഖുർആൻ വാക്യമടക്കമുള്ള വിവരണം കേട്ട് മനസ്സലിഞ്ഞ രാജാവ് തടവകരന് മാപ്പ് നൽകാൻ ഉത്തരവ് നൽകി.

പേർഷ്യൻ സാഹിത്യത്തിലെ ഏറ്റവു പ്രസിദ്ധനായ സാരോപദേശ സാഹിത്യകാരനായ സഅദി ഷീറാസി തന്റെ വിഖ്യാതമായ ‘ഗുലിസ്താൻ‘ (The Rose Garden) ആരംഭിക്കുന്നത് ഈ കഥയിലൂടെയാണ്. കളവ് പറയുന്നത്തിന്റെ നൈതികത, ധാർമ്മിക പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സഅദി കഥയിൽ, തുടർന്ന് മറ്റൊരു മന്ത്രി നടന്ന കാര്യങ്ങൾ സത്യസന്ധമായി രാജാവിനെ അറിയിക്കാൻ ശ്രമിച്ചത് വിവരിക്കുന്നുണ്ട്: “രാജാവിന്റെ സന്നിധിയിൽ സത്യമല്ലാതെ മറ്റൊന്നും സംസാരിക്കാൻ എനിക്കാവില്ല. അവൻ രാജാവിനെ അപമാനിക്കുകയും, ശകാരിക്കുകയും ചെയ്തു.” അയാൾ ബോധിപ്പിച്ചു. ഇതുകേട്ട് വിവർണ്ണമായ മുഖത്തോടെ രാജാവ് പറഞ്ഞു, “നിങ്ങൾ പറഞ്ഞ ഈ സത്യത്തേക്കാൾ ഞാൻ ആ കളവിനെയാണ് ഇഷ്ടപ്പെടുന്നത്, കാരണം അത് നന്മ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു, അതേസമയം ഈ സത്യത്തിന്റെ വേര് തിന്മയിലാണ്.” സഅദി കൂട്ടിച്ചേർക്കുന്നു: “ദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന സത്യത്തേക്കാൾ നല്ലത് നന്മയെ സഹായിക്കുന്ന അസത്യമാണ്.”

കളവ് പറയുന്നതിനെ കുറിച്ചുള്ള സഅദിയുടെ വിവരണങ്ങൾ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ ഭാഗമായി പ്രചാരം നേടിയ നൈതിക സിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണ്. ജ്ഞാനോദയ തത്വചിന്തകർ പ്രസിദ്ധരായി മാറുന്നത് ‘ആധുനികം’ എന്ന് നാം കരുതുന്ന നിരവധി മൂല്യങ്ങൾക്ക് അടിത്തറയിട്ടതിനാലാണ് എന്ന് കാണാം. ഉന്നത വിദ്യാഭ്യാസത്തിലും, ലോകത്തെ മിക്ക നിയമ വ്യവസ്ഥകളിലും അവയുടെ വ്യാപകമായ ഉപയോഗം അത്തരം മൂല്യങ്ങളുടെ തന്നെ സാര്‍വലൗകികതാ വാദത്തിലേക്ക് നയിച്ചു എന്നത് യാദൃശ്ചികമല്ല. ലളിതമായി പറഞ്ഞാൽ, യുക്തിസഹവും, വസ്തുനിഷ്ഠവുമായ ഏത് സംവിധാനവും എല്ലാവർക്കും ഒരുപോലെ പ്രായോഗികമായിരിക്കും എന്നായിരുന്നു ജ്ഞാനോദയ ചിന്തകരുടെ വിശ്വാസം. അത്തരം സാർവത്രികവൽക്കരണം ഒരു ഇരയെ സംരക്ഷിക്കുന്നതിനു വേണ്ടി അക്രമിയോട് നുണ പറയുന്നത് ധാർമ്മികമായി തെറ്റാണ് എന്ന് വാദിക്കുന്നതിലേക്ക് ഇമ്മാനുവൽ കാന്റ് അടക്കമുള്ളവരെ നയിച്ചു. സത്യം പറയുക എന്നത് മറ്റൊരു ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമല്ല, മറിച്ച് കാന്റിന്റെ ‘കാറ്റഗറിക്കൽ ഇംപെരേറ്റീവ്‘ പ്രകാരം യുക്തിപരമായ സ്വാഭാവിക പരിമിതിയാണ്. അഥവാ സത്യം പറയുക എന്നത് മനുഷ്യന്റെ ഉപാധികളില്ലാത്ത ബാധ്യതയാണ്. മറ്റൊരു ലക്ഷ്യവും അതിനെ സ്വാധീനിക്കുന്നില്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കുക പോലുള്ള ലക്ഷ്യങ്ങളിൽ നിന്നും സത്യം പറയുക എന്നത് മുക്തമാണ് എന്നും കാന്റ് നിരീക്ഷിക്കുന്നു.[su_pullquote]യുക്തിസഹവും, വസ്തുനിഷ്ഠവുമായ ഏത് സംവിധാനവും എല്ലാവർക്കും ഒരുപോലെ പ്രായോഗികമായിരിക്കും എന്നായിരുന്നു ജ്ഞാനോദയ ചിന്തകരുടെ വിശ്വാസം[/su_pullquote]

ആത്യന്തികമായി, കാറ്റഗറിക്കൽ ഇമ്പരേറ്റീവിനെ അടിവരയിടുന്ന വസ്തുത ഒരാളുടെ പ്രവൃത്തികൾ സാർവത്രികമായി പ്രയോഗിക്കാൻ പാകത്തിലായിരിക്കണം: നന്മ ഉദ്ദേശിച്ചുകൊണ്ട് കൊലപാതകിയോട് കള്ളം പറയുക എന്നത് ആ കൊലപാതകിയുടെ വിശ്വാസത്തെ ചൂഷണം ചെയ്യലാണ്, അതുകൊണ്ട് തന്നെ അത് എല്ലാവർക്കുമായി പ്രയോഗിക്കാനാവില്ല. അതിനാൽ, അത്തരം സാഹചര്യത്തിൽ പോലും കളവ് പറയുന്നത് തെറ്റാണ്, സത്യസന്ധത കൊണ്ടുള്ള തിരിച്ചടികൾ എത്ര വലുതാണ് എങ്കിലും. മറ്റ് തത്ത്വചിന്തകർ കാന്റിന്റെ വിചിത്രമായ നിഗമനത്തെ അദ്ദേഹത്തിന്റെ ‘കടമ’ അടിസ്ഥാനമാക്കിയുള്ള ധാർമ്മിക വ്യവസ്ഥയുടെ ന്യൂനതയാണ് എന്നും, പ്രവർത്തനങ്ങളുടെ ഫലത്തെ കൂടുതൽ ശ്രദ്ധാപൂർവ്വം പരിഗണിക്കണമെന്നും വാദിച്ചു. ജോൺ സ്റ്റുവർട്ട് മിൽ സത്യസന്ധതയെ ഒരു പൊതുഗുണമായി ഉയർത്തിപ്പിടിക്കുന്നത് എല്ലാവരുടെയും നന്മയെ അടിസ്ഥാനമാക്കി ആയിരിക്കണമെന്ന വാദം മുന്നോട്ടുവെച്ചു. മുൻപ് സൂചിപ്പിച്ച കൊലപാതകിയുടെ ഉദാഹരണത്തിന് സമാനമായ സന്ദർഭങ്ങളെ ഒഴിവാക്കൽ സാധ്യമായിക്കൊണ്ടായിരിക്കണം അത്. അത്തരം ഒഴിവാക്കലുകൾ‌ നിർ‌ണ്ണയിക്കാൻ ഉപയോഗിക്കുന്ന രീതി “പരസ്പര വിരുദ്ധമായ സാധ്യതകളുടെ പ്രയോജനങ്ങൾ (utilities) താരതമ്യം ചെയ്തുകൊണ്ടായിരിക്കണം”- അതായത്, ഓരോ പ്രവൃത്തിയും അവയുടെ ഫലത്തെ പരിഗണിച്ചുകൊണ്ടായിരിക്കണം വിധിക്കേണ്ടത്. പരിണതഫലങ്ങളിലുള്ള മില്ലിന്റെ ഊന്നൽ ഒരു പ്രത്യേക കടമയെ അടിസ്ഥാനമാക്കിയല്ല നിലനിൽക്കുന്നത്. എന്നിരുന്നാലും ഇത് സാർവത്രികമായി പ്രയോഗിക്കാവുന്ന ഒരു പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. അഥവാ കൂടുതൽ സന്തോഷം ഉപ്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.

ഇവിടെ സഅദിയുടെ കഥയിലെ നന്മ എന്ന ഉദ്ദേശത്തോടെയുള്ള കളവിനെക്കുറിച്ചുള്ള രാജാവിന്റെ പരാമർശങ്ങൾ ഒറ്റ നോട്ടത്തിൽ ജോൺ മില്ലിന്റെ നിരീക്ഷണങ്ങളോട് ചേർന്നുപോകുന്നതായി തോന്നിയേക്കാം. സത്യം എന്നോ നുണ എന്നോ വ്യത്യാസം ഇല്ലാതെ ഒരാൾ ഏതാണ് കൂടുതൽ ആരോഗ്യകരമായ ഫലം നൽകുന്നത് എന്ന തീരുമാനത്തിൽ എത്തുകയും അതനുസരിച്ചു പ്രവൃത്തിക്കുകയും ചെയ്യണമെന്നുള്ളതാണ് മിൽ മുന്നോട്ടുവെക്കുന്ന നൈതിക പദ്ധതിയുടെ സംഗ്രഹം. കഥയിലെ ആദ്യത്തെ മന്ത്രി തന്റെ പ്രവർത്തനത്തിന്റെ ഫലത്തെക്കുറിച്ചുള്ള അത്തരം ഒരു കണക്കുകൂട്ടൽ നടത്തുന്നില്ല. നുണ പറയുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ധാർമികമായി എളുപ്പമുള്ള സംഗതിയുമല്ല. പകരം ജയിൽ പുള്ളിയോടുള്ള അനുകമ്പയുടെ പുറത്ത് അദ്ദേഹം ഇവിടെ തന്റെ സത്യസന്ധതയെ മറികടക്കുകയാണ് ചെയ്യുന്നത്. രാജാവിനെതിരെയുള്ള ജയിൽ പുള്ളിയുടെ ആക്ഷേപങ്ങൾ നിരാശ മൂലമുള്ള സ്വാഭാവിക പ്രതികരണമായാണ് അദ്ദേഹം കാണുന്നത്. അതിനാൽ പരിണിതഫലത്തെയല്ല, മറിച്ച് നിസ്സഹനായ തടവുപുള്ളിയുടെ സാഹചര്യങ്ങളെയാണ് അദ്ദേഹം പരിഗണിക്കുന്നത്. എന്നാൽ രണ്ടാമത്തെ മന്ത്രിയുടെ പ്രവർത്തനം രാജാവിനോട് കളവ് പറയരുത് എന്ന സാർവത്രികമായ നൈതിക നിയമത്തെ അനുസരിക്കുകയാണെന്ന് തോന്നാമെങ്കിലും ഒരു പക്ഷേ അത് രാജാവിന്റെ പ്രീതി നേടുക എന്ന ഉദ്ദേശത്തിലോ ജയിൽപുള്ളിയോട് ഉള്ള തന്റെ അരിശം തീർക്കുക എന്ന ഉദ്ദേശത്തിലോ ആയേക്കാം. ചുരുക്കത്തിൽ, സഅദിയുടെ കഥ പറഞ്ഞു വെക്കുന്നത് സാഹചര്യങ്ങൾക്കനുസരിച്ച് ചില പ്രവർത്തനങ്ങൾ മറ്റൊന്നിനേക്കാൾ മികച്ചതാകുമെന്നും ഒരു പ്രവർത്തനവും സ്വയം തികഞ്ഞത് അല്ലെന്നും അത് ആപേക്ഷികമായി നല്ലതും, മോശപ്പെട്ടതും ആകുന്നു എന്നുള്ളതുമാണ്.

പ്രവൃത്തിയും സന്ദർഭവും

സഅദിയുടെ നൈതികതയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ജ്ഞാനോദയാനന്തര സിദ്ധാന്തങ്ങളുമായി ചേർത്തുവായിക്കുക എന്നത് പ്രയാസകരമായ ഉദ്യമമാണ്. എങ്കിലും ഒരാളുടെ ഉദ്ദേശ്യങ്ങളും, സാഹചര്യങ്ങളും നൈതിക യുക്തിയുടെ സർവലൗകികതയെക്കാൾ പ്രധാനമാണ് എന്ന് സഅദിയിൽ കണ്ടെത്താനാവും. പ്രവാചക വചനങ്ങളിൽ പരാമർശിക്കുന്ന ‘നിയ്യത്ത്’ എന്ന സങ്കല്പമാണ് ഇവിടെ ‘ഉദ്ദേശം’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ദൈവ സാമീപ്യം നേടുക എന്ന ലക്ഷ്യത്തോടെ ഒരു പ്രവർത്തനം ചെയ്യുന്നതിന് ഹൃദയത്തിലുണ്ടാവുന്ന നിശ്ചയമാണ് ‘നിയ്യത്ത്’. സഅദിയുടെ കഥയിലെ കളവ് “രണ്ടു പേർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനു വേണ്ടി നല്ലത് പറയുന്നവൻ കളവ് പറയുന്നവനല്ല” എന്ന പ്രവാചക വചനത്തിന്റെ അർത്ഥത്തിന് കീഴിൽ വരുന്നതാണ്. ഇവിടെ ‘ഉദ്ദേശ്യ’മാണ് പ്രവൃത്തിയുടെ സ്വഭാവത്തെ നിർണ്ണയിച്ചത്. ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിലും, സൂഫി അധ്യാപനങ്ങളിലും ഒരു പ്രവർത്തനത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ സാഹചര്യങ്ങൾക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ട്. ‘ദഫ്ഉൽ ഹറജ്’, ‘ഉർഫ്’ തുടങ്ങിയ സംജ്ഞകളിലൂടെ പണ്ഡിതൻമാർ വ്യക്തിപരവും, സാമൂഹികവുമായ സാഹചര്യങ്ങളെ പരിഗണിക്കുന്നുണ്ട്. സൂഫി സാഹിത്യങ്ങളിൽ സാഹചര്യത്തെയും, വ്യക്തിയുടെ സ്ഥാപിതാവസ്ഥയെയും കുറിച്ചുള്ള അവബോധത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മനുഷ്യാവസ്ഥയെക്കുറിച്ചു‌ള്ള പ്രതിഫലനങ്ങൾ സാഹചര്യത്തെക്കുറിച്ചുള്ള അറിവിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. മണ്ണിനും ആത്മാവിനും, മാലാഖമാർക്കും മൃഗങ്ങൾക്കും മധ്യേ വിരുദ്ധ ദ്രുവങ്ങൾക്കിടയിൽ മനുഷ്യൻ നിരന്തരം വലിക്കപ്പെടുകയും, നന്മയിലേക്കുള്ള ഓരോ ശ്രമങ്ങളിലും ഓരോ ഘട്ടത്തിലും അവൻ/അവൾ സവിശേഷമായ വെല്ലുവിളിയുമായി ഏറ്റുമുട്ടേണ്ടി വരുകയും ചെയുന്നുണ്ട്.

നമ്മുടെ വ്യക്തിപരമായ വെല്ലുവിളികളും, നമ്മുടെ ജീവിത കഥകളും അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളാണ് മനുഷ്യനായിരിക്കുക എന്നതിനെ അർത്ഥപൂർണമാക്കുന്നത് എന്ന് പറയാം. അതുകൊണ്ട് തന്നെ ആയിരിക്കാം കഥകൾ നമ്മെ സന്തോഷിപ്പിക്കുന്നതും. അലിസ്റ്റർ മക്കന്റയർ മനുഷ്യനെ ‘കഥ പറയുന്ന മൃഗം’ എന്നാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ പ്രവൃത്തികൾ അർത്ഥപൂർണമാവുന്നത് ആഖ്യാനങ്ങളിലൂടെ മാത്രമാണ്. യഥാർത്ഥത്തിൽ ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനത്തിന്റെ അർത്ഥം നഷ്ടപ്പെടുമ്പോഴാണ് നമുക്ക് ജീവിതത്തിന് അർത്ഥം നഷ്ടപ്പെട്ടതായി തോന്നുന്നത്. മനുഷ്യൻ തന്റെ ജീവിതത്തിലെ മൂല്യങ്ങൾ, രീതികൾ, പ്രതീക്ഷകൾ, മാതൃകകൾ, നായകന്മാർ, പ്രതി നായകന്മാർ എല്ലാം കൈമാറ്റം ചെയ്തത് കഥകളിലൂടെയാണ്. കഥയെ നാം തിരഞ്ഞെടുത്തത് അവ ലളിതമായത് കൊണ്ടല്ല, മറിച്ച് മനുഷ്യന്റെ വ്യക്തിപരമായ സാഹചര്യങ്ങളുടെ പരസ്പരബന്ധിതമായ സങ്കീർണ്ണതയെ പ്രതിനിധീകരിക്കാൻ ആഖ്യാനങ്ങൾക്ക് മാത്രമേ കഴിയൂ എന്നത് കൊണ്ടാണ്. ഒരു വ്യക്തി എടുക്കുന്ന തീരുമാനങ്ങളിലേക്ക് നയിച്ച കാര്യങ്ങളെയും, സ്വഭാവ വിശേഷണങ്ങളെയും അടയാളപ്പെടുത്താൻ ആഖ്യാനങ്ങൾക്ക് മാത്രമാണ് കഴിയുക. ഒരു തീരുമാനത്തിന്റെ ഫലത്തെ അർത്ഥപൂർണമാക്കുന്നതും ആഖ്യാനം തന്നെയാണ്. നൈതിക യുക്തിയിൽ വ്യത്യസ്ത വീക്ഷണങ്ങൾക്കുള്ള ഈ പരിഗണനയാണ് സഅദിയുടെ രചനയിലും കാണുന്നത്.

ഉദാഹരണമായി, സഅദിയുടെ ‘ഗുലിസ്താനി’ൽ “ഉള്ളതുകൊണ്ട് തൃപ്തിപ്പെടൽ”(ഖാനാഅത്) എന്ന വിഷയം ചർച്ച ചെയ്യുന്ന ഭാഗത്ത് മൂല്യങ്ങളുടെ സന്ദർഭോചിത സ്വഭാവം വ്യക്തമാക്കുന്ന ഒരു യുവാവിന്റെ കഥ വിവരിക്കുന്നുണ്ട്. ലോകം ചുറ്റാൻ തീരുമാനിക്കുന്ന ഗുസ്തിക്കാരനായ യുവാവിനോട്, അദ്ദേഹത്തിന്റെ പിതാവ്, അത്തരമൊരു ഉദ്യമത്തിന് ആവശ്യമായ സാമ്പത്തികമോ ശാരീരികമോ ആയ കഴിവോ, അറിവോ ഇല്ലാതെ യാത്രക്കിറങ്ങുന്നവരോട് സഞ്ചാര പാതകൾ കാരുണ്യമില്ലാതെയായിരിക്കും പെരുമാറുക. അത്കൊണ്ട് നീ ഉള്ള ജീവിതം കൊണ്ട് സംതൃപ്തനായി കഴിയണം എന്ന് ഉപദേശിച്ചു. ഒരാളുടെ ശക്തിയുടെ പരിധികൾ തിരിച്ചറിയുകയും അതുവഴി ബുദ്ധിശൂന്യമായ ധീരത ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഇവിടെ ഉദ്ദേശം.

കഥയുടെ തുടക്കത്തിൽ പിതാവിന്റെ ഉപദേശം ശരിയായി ഭവിക്കുന്നുണ്ട്. യുവാവ് വഴിതെറ്റി ഭക്ഷണവും, വെള്ളവും കിട്ടാതെ ഒറ്റപെടുന്നതാണ് നമ്മൾ കാണുന്നത്. പക്ഷെ ആകസ്മികമായി ഒരു രാജകുമാരൻ യുവാവിന്റെ അവസ്ഥ കാണാനിടയാവുകയും അയാളുടെ കഥയറിഞ്ഞ്‌ സഹതാപം തോന്നി വസ്ത്രങ്ങളും, വലിയൊരു തുകയും, ജന്മനാട്ടിലേക്ക് എത്തിക്കാൻ സേവകരെയും നൽകി. ഭാഗ്യം ചിലപ്പോൾ വിഢികൾക്ക് അനുകൂലമായിരിക്കും. പിതാവിന്റെ മുന്നറിയിപ്പിന് വിരുദ്ധമായാണ് വിധി സംഭവിച്ചത്. ഒരു വശത്ത്, ഇതിനർത്ഥം, പിതാവ് തന്റെ മകനെ ആലോചിക്കാതെയുള്ള പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും പരാജയത്തിൽ അവസാനിക്കണമെന്നില്ല എന്ന് പഠിപ്പിക്കേണ്ടതുണ്ട് എന്നാണ്. ഭാഗ്യം ചിലപ്പോൾ അവക്ക് മികച്ച ഫലം നൽകിയേക്കാം. എങ്കിലും രാജകുമാരന്റെ അപ്രതീക്ഷിതമായ കടന്നുവരവ് ഉറപ്പില്ലാത്തതാണ് എന്നതുകൊണ്ട് ജാഗ്രതയും, സംതൃപ്തിയും കൈവെടിയരുത്. ഇവിടെ മുൻ അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ മാത്രമേ ദീർഘദൃഷ്ടിയോടെ കാര്യങ്ങളെ നോക്കിക്കാണാനാവൂ എന്ന പാഠം വളരെ വിചിത്രമായ ഒരു കൂട്ടം സാഹചര്യങ്ങൾക്ക് മാത്രമേ ഫലപ്രദമായി പഠിപ്പിക്കാൻ കഴിയൂ.

മറുവശത്ത്, കഥ ധൈര്യശാലിയായ യുവാവിന്റെ കാഴ്ചപ്പാടിനെയും സാധൂകരിക്കുന്നുണ്ട്: “കഷ്ടപ്പാടില്ലാതെ നിധിയൊന്നുമില്ല,” പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സമ്പത്തിൽ എത്തിച്ചേർന്ന അയാൾ സന്തോഷവാനായി വിളിച്ച് പറയുന്നത് “ശരീരവും, ജീവിതം മറന്ന് അധ്വാനിക്കാതെ തന്റെ ശത്രുവിനെ കീഴടക്കാനാവില്ല” എന്നാണ്. ജീവിതത്തെ അതിന്റെ എല്ലാ കുഴഞ്ഞു‌മറിയലുകളോടെയും പ്രതിഫലിപ്പിക്കുന്ന കഥയിൽ കടന്നുവരുന്ന ആകസ്മികതകൾ, നേട്ടങ്ങളിലേക്കെത്തിക്കാൻ വലിയ അപകടസാധ്യതകളെ നേരിടേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. ആപത്തുകൾ പതിയിരിക്കുന്ന അജ്ഞാത ലോകത്തേക്ക് കടന്നുചെന്നാൽ മാത്രമേ പുതിയതും, മഹത്തായതുമായ എന്തെങ്കിലും നേടാനാവൂ എന്ന് യുവാവ് മനസ്സിലാക്കിയിരുന്നു, ജീവിതം അയാൾ ശരിയായിരുന്നു എന്ന് തെളിയിക്കുകയും ചെയ്തു. വിവേകം പോലെത്തന്നെ പ്രധാനപ്പെട്ട മൂല്യമാണ് ധീരതയും. വിശാലമായി ചിന്തിച്ചാൽ, പിതാവിന്റെ വിവേകം സ്ഥിരതയുള്ള ജീവിതം നൽകുമെങ്കിലും മകന്റെ ധീരതക്ക് അതിന്റേതായ നേട്ടങ്ങളുണ്ട്.

ഇവിടെ സ്വഭാവതികമായും ഉയരുന്ന ചോദ്യം നൈതിക മൂല്യങ്ങളുടെ സാർവലൗകികതയുമായി ബന്ധപ്പെട്ടതാണ്. പിതാവ് തന്റെ മകനേക്കാൾ മാത്രമാണ് കൂടുതൽ ശരി എങ്കിൽ (മകനും സ്വന്തം രീതിയിൽ ശരിയാണ്) എല്ലാവർക്കും അവരുടേത് മാത്രമായ ശെരികൾ ഉണ്ടാകുമോ? സഅദി ധാർമ്മികതയുടെ ബഹുത്വത്തെയാണോ വാദിക്കുന്നത് – ഒരുതരം ധാർമ്മിക ആപേക്ഷികതയെ (moral relativism) ?

തുടർന്ന് വായിക്കുക: ഗീറ്റ്സും ഷീറാസിയും: നൈതിക മൂല്യങ്ങളുടെ അപേക്ഷികതയെക്കുറിച്ച്


വിവർത്തനം: റാഷിദ് ഒ.കെ
Featured Image: Sadi and the youth of Kashgar, Bukhara, 1547

Author

Associate professor of religion at Augustana College in Rock Island, Illinois

Comments are closed.