Mystical Dimension of Islam ഭാഗം-3

സൂഫിസത്തെക്കുറിച്ച് നിരവധി വീക്ഷണങ്ങളും സമീപനങ്ങളും നിലവിലുണ്ട്. എന്നാൽ, സൂഫി അനുഭവങ്ങളെ വിശകലനം ചെയ്യുക അസാധ്യമാണ്. കാരണം, വാക്കുകൾക്കൊരിക്കലും ആത്മീയാനുഭവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിനിൽക്കാൻ കഴിയില്ല. ഏറ്റവും മികച്ച മനഃശാസ്ത്രപരമായ വിശകലനങ്ങൾക്ക് പോലും പരിമിതിയുള്ളതായി കാണാം. സൂഫികൾ പറയാറുള്ളത് പോലെ വാക്കുകൾ തീരത്ത് തന്നെ അവശേഷിക്കുകയാണ് ചെയ്യുന്നത്. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാൻ അവക്ക് കഴിയില്ല. അതേസമയം, ബാഹ്യമായി നമുക്ക് ലഭ്യമായ ആദ്ധ്യാത്മിക വിജ്ഞാനീയങ്ങളുടെ ഘടനാപരമായ വിശകലനങ്ങളിലൂടെ സൂഫിസത്തെ മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്.

ഫ്രഞ്ച് തത്വചിന്തകനായ ഹെന്റി കോബൈൻ മുഹ്‌യുദ്ദീൻ ഇബ്‌നു അറബി (റ) യെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ, ആദ്ധ്യാത്മികതത്വചിന്താ പാരമ്പര്യത്തെ ഉൾവഹിക്കുന്ന ഘടനാപരമായ അത്തരം അന്വേഷണങ്ങൾക്ക് എത്രത്തോളം സാധ്യതകളുണ്ട് എന്ന് കാണിച്ചുതരുന്നുണ്ട്. സൂഫിസത്തിന്റെ ഭാഷയെക്കുറിച്ച വിശകലനങ്ങളിലൂടെയും, സൂഫീ വിജ്ഞാനീയങ്ങളെ പരിമിതമായ അർഥത്തിലെങ്കിലും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഭാഷാ നിഘണ്ടു (Mystical Lexicon) വികസിപ്പിച്ചെടുക്കുന്നതിലൂടെയും സൂഫീചിന്തയുടെ ആദ്യഘട്ടങ്ങളെ അടയാളപ്പെടുത്താൻ സാധിക്കും. സൂഫികൾ ഉപയോഗിച്ച രൂപകങ്ങളെയും ചിത്രണങ്ങളേയും കുറിച്ച പഠനവും, അവ എത്രത്തോളം പരസ്പരബന്ധിതമാണ് എന്നതിനെക്കുറിച്ച അന്വേഷണവും അതിലുൾപ്പെടുന്നു. അതിലൂടെ ഇസ്‌ലാമിക ഭാഷകളുടെയും സാഹിത്യങ്ങളുടെയും കലകളുടെയുമെല്ലാം വികാസത്തിന് സൂഫിസം നൽകിയ സംഭാവനകളെ മനസ്സിലാക്കാൻ സാധിക്കുന്നു.

സൂഫി വഴിയിൽ ഒരു ഗുരുവിന്റെ ശിക്ഷണത്തിലായി ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്ന സാധകൻ, ആത്മീയ ശിക്ഷണത്തിന്റെ (തർബിയ്യത്ത്) വ്യത്യസ്ത രീതികൾ, വിവിധങ്ങളായ ത്വരീഖത്തുകളിൽ നിലനിൽക്കുന്ന സവിശേഷമായ അനുഷ്ഠാനമുറകൾ, സാധകന്റെ ആത്മീയ പുരോഗതിയുടെ പടിപടിയായുള്ള ഘട്ടങ്ങൾ, ത്വരീഖത്തുകളുടെ രൂപീകരണങ്ങൾ, അവയുടെ സാമൂഹികശാസ്ത്രപരവും സാംസ്‌കാരികപരവുമായ ധർമങ്ങൾ തുടങ്ങിയ സൂഫിസവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന മേഖലകൾ പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്.

ആത്മീയ ഗുരുവിന് കീഴിൽ ശിഷ്യൻ ഒരു മയ്യിത്തിനെപ്പോലെ കിടന്നുകൊടുക്കണമെന്ന ആശയം സൂഫീലോകത്ത് നിലനിൽക്കുന്നതായി കാണാം. ഗുരുവിന്റെ ഭാഗത്ത് നിന്ന് അബദ്ധം  സംഭവിച്ചാലും അതിനെ അവഗണിച്ചുകൊണ്ട് ഗുരുവിനെ എല്ലാനിലക്കും പരിപൂർണമായി അനുസരിക്കണമെന്ന് ഇമാം ഗസ്സാലി (റ) പറയുന്നുണ്ട്:  “ഒരാൾ തന്റെ ഗുരുവിന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധത്തിൽ നിന്ന് (ഗുരുവിൽ നിന്ന് അങ്ങനെ സംഭവിക്കുകയാണെങ്കിൽ) നേടിയെടുക്കുന്ന ഗുണങ്ങൾ തന്റെ നഫ്‌സിന്റെ ശരിയിൽ നിന്ന് കിട്ടുന്ന ഗുണത്തേക്കാൾ പതിൻമടങ്ങ് വലുതാണ്.” അതേസമയം, പരിഷ്‌കരണവാദികളായ ആധുനികമുസ്‌ലിംകൾ സൂഫീവഴികളെ നിഷേധാത്മകമായി കാണാനുണ്ടായ സാഹചര്യം മേൽപ്പറഞ്ഞ ആശയങ്ങളാണ് എന്നുകാണാൻ സാധിക്കും. എന്നാൽ ആത്മീയ ഗുരുവിന്റെ പരമാധികാരം എന്ന ആശയത്തിൽ ഉള്ളടങ്ങിയിരിക്കുന്ന പൊരുളിതാണ്:  ഒരു വൈദ്യനെപ്പോലെയാണ് ഗുരു പ്രവർത്തിക്കേണ്ടത്. അഥവാ, മനുഷ്യാത്മാവിന്റെ സകല രോഗങ്ങളെയും പരിമിതികളെയും തിരിച്ചറിയുകയും ആവശ്യമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് ഗുരുവിന് നിർവഹിക്കാനുള്ളത്. പേർഷ്യൻ കവിതകളിലെല്ലാം പ്രണേതാവിന്റെ ഹൃദയത്തിന്റെ രോഗങ്ങളെ ചികിത്സിക്കുന്ന വൈദ്യൻ എന്ന അർഥത്തിലാണ് സൂഫിഗുരു വിശേഷിപ്പിക്കപ്പെടാറുള്ളത്.

തന്റെ ഗുരുവിനെ സന്ദർശിക്കുക എന്നത് ശിഷ്യന്റെ മതപരമായ ഉത്തരവാദിത്വമാണ്. കാരണം, വേറെ ഒരിടത്തുനിന്നും കിട്ടാത്ത അറിവുകളാണ് ഗുരുമുഖത്തു നിന്നും അവന്റെ മുമ്പിൽ തുറക്കപ്പെടുന്നത്. മാത്രമല്ല, ഒരു ശിഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തരമായ സൗഭാഗ്യം തന്റെ ഗുരുവിന് സേവനം ചെയ്യുക എന്നതുതന്നെയാണ്. മഹാനരായ ജുനൈദുൽ ബഗ്ദാദി (റ) ഉപയോഗിച്ചിരുന്ന ശൗചാലയം മുപ്പതു വർഷത്തോളം കഴുകി വൃത്തിയാക്കിയിരുന്ന ഒരു ശിഷ്യനെക്കുറിച്ച് ചരിത്രത്തിൽ കാണാം. മഹോന്നതമായ ആത്മീയപദവി അലങ്കരിക്കുന്ന ഒരു ഗുരുവിനെ ഒരിക്കലെങ്കിലും കാണുക എന്നതുതന്നെ ഉയർച്ചയുടെ നിദാനമാണ്.

പരിപൂർണനായ ഗുരുവിന്റെ മാർഗനിർദേശത്തെ സ്വീകരിച്ചുകൊണ്ടാണ് സാധകൻ വിവിധങ്ങളായ മഖാമുകളിലൂടെ യാത്രചെയ്യുന്നത്. ഓരോ മാനസികാവസ്ഥയിലും എങ്ങനെ പെരുമാറണമെന്ന് ഗുരു അവനെ പഠിപ്പിക്കുന്നു. അനിവാര്യമാണെങ്കിൽ ഏകാന്ത ധ്യാനമുറകൾ നിർദേശിക്കുകയും ചെയ്യുന്നു. അതേസമയം, ഗുരുവിന്റെ ശിക്ഷണരീതികൾ എല്ലാ ശിഷ്യർക്കും ഒരുപോലെയായിരിക്കുകയില്ല. തന്റെ മുരീദുമാരുടെ വൈവിധ്യമാർന്ന മാനസികാവസ്ഥകളെക്കുറിച്ചും സ്വഭാവ രീതികളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ഗുരുവിന് പരിപൂർണമായ ധാരണ ഉണ്ടായിരിക്കും. അതിനനുസരിച്ചാണ് ആത്മീയ പരിശീലനം നൽകപ്പെടുക. ഉദാഹരണത്തിന്, ആത്മീയമായി അങ്ങേയറ്റം ദുർബലനായ വ്യക്തിയാണെങ്കിൽ അവനൊരിക്കലും നാൽപ്പതു ദിവസത്തെ ഏകാന്തധ്യാനം നിർദേശിക്കപ്പെടുകയില്ല. ജദ്ബിന്റെ അവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ള ആത്മാന്വേഷകർക്കും ചിട്ടയായ ആത്മീയ പരിശീലനമുറകൾ ഗുരു നിർദേശിക്കാറില്ല. കാരണം, നാൽപ്പതു ദിവസത്തെ ഏകാന്തവാസം ഒരു മുരീദിൽ വളരെ ആഴത്തിലുള്ള പരിവർത്തനമാണ് സൃഷ്ടിക്കുക. മാനസികമായി ദുർബലരായ സാധകർക്ക് ഏകാന്ത ധ്യാനത്തിൽ നിന്ന് ബഹിർഗമിക്കുന്ന ആത്മീയപ്രഭയെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടായിക്കൊള്ളണമെന്നില്ല.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഖിദ്ര്‍ (അ) ആത്മീയസാധകര്‍ക്ക് ഖിര്‍ഖ സമ്മാനിക്കുകയും അവരില്‍ നിന്ന് ആത്മീയ ഉടമ്പടി സ്വീകരിക്കുകയും ചെയ്യാറുണ്ട്.

ആത്മീയ വഴിയെ പലപ്പോഴും ഒരു ഏണിയായി വിശേഷിപ്പിക്കപ്പെടാറുണ്ട്. അഥവാ, സ്വർഗത്തിലേക്ക് നയിക്കുന്ന പടികൾ. അതിലൂടെയാണ് സാധകൻ ക്രമേണ ആത്മീയാനുഭവത്തിന്റെ ഉന്നതമായ ഇടങ്ങളിലേക്ക് യാത്രചെയ്യുന്നത്. അതേസമയം മഹോന്നതമായ ആത്മീയ പദവിയിലേക്ക് സാധകനെ കൊണ്ടുപോകുന്ന മറ്റൊരു വഴിയെക്കുറിച്ച് ആത്മജ്ഞാനികൾ വിശദീകരിക്കുന്നുണ്ട്. ജദ്ബ എന്നാണ് അറബിയിൽ അതിന് പേര് വിളിക്കപ്പെടുന്നത്. അതിലൂടെ ഒരൊറ്റ ആത്മീയാനുഭവം കൊണ്ടുതന്നെ സാധകൻ പരമാനന്ദത്തിലേക്കും വിലയനത്തിലേക്കും എത്തിച്ചേരുന്നു. ദൈവികവിലയനത്തിന്റെ സന്ദർഭത്തിൽ സ്രഷ്ടാവിനും സൃഷ്ടിക്കുമിടയിലുള്ള മറകൾ നീങ്ങുമ്പോൾ (unveiling) പ്രോജ്വലമായ അതിന്റെ പ്രവാഹത്തെ പരിപൂർണമായി ഉൾക്കൊള്ളാൻ കഴിയാതെ സംഭ്രമിച്ചു പോകുന്ന സൂഫികളെയാണ് മജ്ദൂബുകൾ (അഥവാ, ജദ്ബിന്റെ അവസ്ഥയെ പ്രാപിച്ചവർ) എന്ന് ആത്മജ്ഞാനികൾ വിശേഷിപ്പിക്കാറുള്ളത്. തൗഹീദിന്റെ പരംപൊരുളിൽ, നിവരാൻ സാധിക്കാത്ത വിധം പരിപൂർണമായി മുങ്ങിപ്പോയവരാണവർ. രക്തത്തിൽ മുങ്ങിയ രണ്ട് ചഷകങ്ങളെപ്പോലെയാണ് അവരുടെ കണ്ണുകൾ.  

ചില സൂഫികൾക്ക് ഒരു ഗുരുവിന്റെ ശിക്ഷണം സ്വീകരിക്കാതെ തന്നെ ആത്മീയവഴിയിലേക്ക് പ്രവേശിക്കാൻ സാധിക്കാറുണ്ട്. ഉവൈസികൾ എന്നാണ് അവർ അറിയപ്പെടാറുള്ളത്. യെമനിൽ ജീവിച്ചിരുന്ന, തിരുനബി (സ)യോട്  അഗാധമായ സ്നേഹം ഉണ്ടായിരുന്ന, എന്നാൽ നേരിൽ കാണാൻ കഴിയാത്ത അനുചരൻ ഉവൈസുൽ ഖർനി (റ) യിലേക്ക് ചേർത്താണ് അവർ അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത്. നേരിട്ട് കണ്ടുമുട്ടാതെ തന്നെ തിരുനബി (സ)യിൽ നിന്ന് ഉവൈസ് (റ) ആത്മീയ ഉടമ്പടി സ്വീകരിച്ചിട്ടുണ്ട്. ഒരു ഗുരുവിന് അവിടുത്തെ അസാന്നിധ്യത്തിലും മരണശേഷവും തന്റെ ശിഷ്യന് ആത്മീയ പരിശീലനങ്ങൾ നൽകാൻ സാധിക്കും. ബായസീദുൽ ബിസ്താമി (റ) കറഖാനി (റ) വിന് ത്വരീഖത്ത് നൽകുന്നത് അവിടുത്തെ മരണശേഷമാണ്. അതുപോലെ ഹല്ലാജ് (റ)യുമായി ഫരീദുദ്ദീൻ അത്താർ (റ) ആത്മബന്ധം സ്ഥാപിക്കുന്നതും മഹാനവർകളുടെ വഫാത്തിനെ തുടർന്നാണ്. കാരണം, ഒരു സൂഫിക്ക് ഒരിക്കലും മരണം എന്ന അവസ്ഥ ഉണ്ടാകുന്നില്ല. അവരുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മഹത്തുക്കളായ സൂഫീഗുരുക്കൻമാർക്ക് അവരുടെ വിടപറയലിന് ശേഷവും ലൗകിക കാര്യങ്ങളിൽ ഇടപെടാനും തങ്ങളുടെ മുരീദുമാരെ തർബ്ബിയ്യത്ത് ചെയ്യാനും സ്വപ്‌നത്തിലൂടെ അവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും സാധിക്കുന്നത്. അതിനാൽ തന്നെ തങ്ങളുടെ ആത്മീയ യാത്രയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പിൽക്കാലത്ത് സൂഫികൾ (പ്രത്യേകിച്ചും നഖ്ശബന്ധിയ്യ ആത്മീയവഴി സ്വീകരിച്ചവർ) തങ്ങളുടെ ഗുരുക്കൻമാരുടെ ആത്മീയ യാഥാർഥ്യത്തെ (spiritual reality) ആഴത്തിൽ ഉൾക്കൊള്ളാനുള്ള ശ്രമങ്ങൾ നടത്തിയതായി കാണാം.

മഹാനായ ഖിദ്ർ(അ) യിൽ നിന്ന് ആത്മീയ ഉടമ്പടി സ്വീകരിക്കുക എന്ന സാധ്യതയും സൂഫീലോകത്ത് നിലനിൽക്കുന്നതായി കാണാം. സൂറ: കഹ്ഫിൽ ഖിദ്ർ(അ) നെ പരിചയപ്പെടുത്തുന്നത് മൂസ (അ) ന് മാർഗനിർദേശങ്ങൾ നൽകാൻ നിയുക്തനായ ആത്മീയ ഗുരുവായിട്ടാണ്. മാത്രമല്ല, എല്ലാ കാലത്തുമുള്ള സൂഫീ ദർവീശുകളുടെയും  അനശ്വരനായ ഗുരുവാണവർ. ആത്മീയ സാധകർ തങ്ങളുടെ യാത്രകൾക്കിടയിൽ ഖിദ്ർ (അ)യുമായി സന്ധിക്കാറുണ്ട്. അദ്ദേഹം അവർക്ക് ആവശ്യമായ ആത്മീയ നിർദേശങ്ങൾ നൽകുന്നു. അതോടൊപ്പം അവരുടെ സംശയങ്ങൾ ദുരീകരിക്കുകയും അപകടങ്ങളിൽ നിന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ ഖിദ്ർ (അ) ആത്മീയസാധകർക്ക് ഖിർഖ സമ്മാനിക്കുകയും അവരിൽ നിന്ന് ആത്മീയ ഉടമ്പടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. അതിലൂടെ ആത്മീയാനുഭവത്തിന്റെ ഏറ്റവും പരമമായ ഉറവിടവുമായി അവർ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. മഹാനായ സൂഫീവര്യൻ മുഹ്‌യുദ്ദീൻ ഇബ്‌നു അറബി (റ) ഖിദ്ർ (അ) ൽ നിന്ന് ഖിർഖ സ്വീകരിച്ചതായി ചരിത്രത്തിൽ കാണാം.

സാധകനെ സംബന്ധിച്ചിടത്തോളം ആത്മീയവഴി എന്നത് ശ്രമകരം തന്നെയാണ്. നിരന്തരമായ പരിശ്രമവും ഗുരുവിനോടുള്ള അപരിമേയമായ അനുസരണവും അവന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ദൈവിക വിലയനം എന്ന ലക്ഷ്യത്തെ മാത്രം മുൻനിർത്തി സാധകൻ പ്രാരംഭ ഘട്ടത്തിൽ ഗുരുവുമായി നടത്തുന്ന ആത്മീയ ഉടമ്പടിയും അവന്റെ യാത്രയുടെ വിജയത്തിന് അനിവാര്യമാണ്. “ദൈവത്തിൽ തുടങ്ങുന്നവൻ ദൈവത്തിൽ തന്നെ ഒടുങ്ങുന്നു” എന്ന് സൂഫികൾ പറയാറുണ്ട്

ആദ്ധ്യാത്മിക യാത്രികർ പരിപൂർണമായി തങ്ങളുടെ ഉൺമയെ ദൈവത്തിലേക്ക് തിരിക്കേണ്ടതുണ്ട്. പരമമായ നിഷ്‌കളങ്കതയും (ഇഖ്‌ലാസ്) സ്വാർഥ ചിന്തകൾ വെടിയുക എന്നതും സാധകന്റെ അടിസ്ഥാനപരമായ കർത്തവ്യങ്ങളാണ്. ഇഖ്‌ലാസ് ഇല്ലാതെയുള്ള പ്രാർഥനകളും ദൈവിക ചിന്തകളുമെല്ലാം അർഥരഹിതമാണ്. ദൈവത്തിലേക്ക് പരിപൂർണമായി തന്റെ മുഖം തിരിച്ചവനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പ്രശംസയും കുറ്റപ്പെടുത്തലുമെല്ലാം സമമാണ്. അവ രണ്ടും യാതൊരു പ്രതിഫലനവും അവനിൽ ഉണ്ടാക്കുന്നില്ല. മാത്രമല്ല, നിരന്തരമായി ദൈവിക സ്മരണയിൽ മുഴുകുന്നവനാണെങ്കിലും തന്റെ നൻമകളെക്കുറിച്ചും സൽക്കർമങ്ങളെക്കുറിച്ചും അവൻ ബോധവാനായിരിക്കുകയില്ല. ഈ ലോകത്തും പാരത്രിക ലോകത്തും തന്റെ നൻമകൾക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലങ്ങളെക്കുറിച്ച ചിന്തയും അവനിലുണ്ടാവില്ല. കാരണം, അവൻ പരിപൂർണമായി ദൈവത്തിൽ വിലയം പ്രാപിച്ചവനാണ്. ദൈവസാമീപ്യമല്ലാത്ത മറ്റെല്ലാ ലക്ഷ്യങ്ങളും അവനന്യമാണ്. പ്രശസ്ത സൂഫിവര്യൻ വറാഖ് (റ) നീളമുള്ള ഒരു കോട്ട് ധരിക്കാറുണ്ടായിരുന്നു. അതിന്റെ ഒരു ഭാഗത്ത് ഖ എന്നും മറ്റൊരു ഭാഗത്ത് മീം എന്നും അദ്ദേഹം എഴുതിയിട്ടുണ്ടായിരുന്നു. ഇഖ്‌ലാസ് എന്നതിലെ ‘ഖ’ യും നൻമ (virtue) എന്നർഥം വരുന്ന മുറുവ്വ എന്ന പദത്തിലെ മീമുമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. സദാസമയത്തും നിഷ്‌കളങ്കമായ നൻമകളെക്കുറിച്ച് ഓർമിക്കാൻ വേണ്ടിയാണ് അദ്ദേഹം അപ്രകാരം ചെയ്തിരുന്നത്.

പ്രകടമായ അർഥത്തിൽ നിരീക്ഷിക്കുമ്പോൾ വിഡ്ഢിത്തമാണ് എന്ന് തോന്നുമെങ്കിലും ആത്മാർഥമായി, ദൈവത്തെ മുൻനിർത്തി മാത്രം ചെയ്ത ഒരു പ്രവർത്തനത്തിന്റെ ഫലമായി ആത്മീയ പുരോഗതി കൈവരിച്ചവരുമുണ്ട്. ആത്മീയവഴിയിൽ പ്രവേശിച്ച ഒരു സാധകനെ കുറച്ചാളുകൾ ചേർന്ന് കബളിപ്പിക്കാൻ ശ്രമിച്ച സംഭവം സൂഫീസാഹിത്യങ്ങളിൽ കാണാം. തലകീഴായി നിന്ന് തങ്ങൾ പറയുന്ന വാക്കുകൾ ഏറ്റുപറഞ്ഞാൽ ആത്മീയവെളിച്ചം ലഭിക്കുമെന്നാണ് അവർ സാധുവായ ആ മനുഷ്യനോട് പറഞ്ഞത്. അദ്ദേഹമാകട്ടെ, അവർ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. എന്നാൽ, പിറ്റേദിവസം ദിവ്യപ്രകാശത്താൽ മൂടിയവനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്.

വളരെ തീവ്രമായ അർഥത്തിൽ ഇഖ്‌ലാസിനെ ആവിഷ്‌കരിക്കാൻ ശ്രമിച്ചവരാണ് മലാമത്തിയ്യ സൂഫികൾ. പ്രകടനപരതയില്ലാതെ, ദൈവസാമിപ്യത്തെ മാത്രം മുൻനിർത്തി ആദ്ധ്യാത്മിക വഴിയിൽ സഞ്ചരിക്കാൻ വേണ്ടി തങ്ങളുടെ നൻമകളെ മറച്ചുപിടിച്ചവരാണവർ. ജനമധ്യത്തിൽ ആക്ഷേപിക്കപ്പെടുന്ന പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് വളരെ രഹസ്യമായി ദൈവിക സ്മരണയിൽ മുഴുകുകയാണ് അവർ ചെയ്തിരുന്നത്. കാരണം, ഏറ്റവും അപകടകരമായ പാപമായി സൂഫികൾ കണക്കാകുന്നത് പ്രകടനപരതയാണ്. നിഷ്‌കപടമായ നൻമകൾ അന്യം നിന്ന് പോയതിനാൽ സൂഫീവഴിയിൽ നിന്ന് വ്യതിചലിച്ചു പോയവരെക്കുറിച്ച് ചരിത്രത്തിൽ കാണാം.

ആത്മീയവഴിയിലെ വിവിധഘട്ടങ്ങൾ

ആദ്ധ്യാത്മിക വഴിയിലെ ആദ്യത്തെ ഘട്ടം എന്നത് പശ്ചാതാപമാണ് (തൗബ). തൗബ എന്നാൽ പാപങ്ങളിൽ നിന്നുള്ള പുറംതിരിയലാണ്. വിശാലാർഥത്തിൽ, ലൗകികമായ ആഗ്രഹങ്ങളിൽ നിന്നും ഉദ്ദേശ്യങ്ങളിൽ നിന്നുമുള്ള വിച്ഛേദനമാണ് തൗബ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്:  ‘തൗബ അപരിചിതനായ ഒരു കുതിരയാണ്. ഏറ്റവും അധമമായ ഇടത്തുനിന്ന് ഒരൊറ്റ ചാട്ടം കൊണ്ട് അത് സ്വർഗത്തിലെത്തിക്കുന്നു.’ ബാഹ്യമായ ഏതൊരു ഉണർത്തൽ കൊണ്ടും തൗബയിലേക്കുള്ള വാതിൽ തുറക്കപ്പെടാം. അതൊരുപക്ഷേ, പരിശുദ്ധമായ ഒരു വാക്യമായിരിക്കാം. അല്ലെങ്കിൽ, പ്രസക്തമായ ഒരു കാര്യം എഴുതിവെച്ച കടലാസു കഷ്ണമായിരിക്കാം. അതുമല്ലെങ്കിൽ ആരുടെയെങ്കിലും ഖുർആൻ പാരായണമോ മഹാനായ ഒരു മനുഷ്യനുമായുള്ള സമാഗമമോ ആയിരിക്കാം. 

ഇബ്രാഹീമുബ്‌നു അദ്ഹം (റ) ന്റെ ചരിത്രത്തിൽ സമാനമായ ഒരു സംഭവം രേഖപ്പെടുത്തിയതായി കാണാം: ഒരിക്കൽ ഒരു രാത്രിയിൽ ബൽഖിലെ തന്റെ കൊട്ടാരത്തിന്റെ മുകളിൽ അദ്ദേഹം വളരെ അപരിചിതമായ ഒരു ശബ്ദം കേട്ടു. ഉടനെത്തന്നെ പരിചാരകർ ഒരാളെ പിടിച്ചുകൊണ്ടുവന്നു. എന്നാൽ കൊട്ടാരത്തിന് മുകളിൽ തന്റെ നഷ്ടപ്പെട്ട ഒട്ടകത്തെ അന്വേഷിക്കുകയായിരുന്നു എന്നാണ് അയാൾ മറുപടി പറഞ്ഞത്. എന്ത് വിഡ്ഢിത്തമാണ് താങ്കൾ പറയുന്നത് എന്ന് അയാളോട് ആരാഞ്ഞപ്പോൾ മറുപടി ഇപ്രകാരമായിരുന്നു: ‘കൊട്ടാരത്തിന് മുകളിൽ ഒട്ടകത്തെ തിരയുന്നത് വിഡ്ഢിത്തമാണെങ്കിൽ ആഢംബര ജീവിതത്തിലിരുന്ന് ആദ്ധ്യാത്മിക വഴി തേടുന്ന ഇബ്രാഹീമിന്റെ (റ) കാര്യം എത്ര കഷ്ടമാണ്?’ അതു കേട്ടയുടൻ ഇബ്രാഹീമുബ്‌നു അദ്ഹം (റ) പശ്ചാത്തപിക്കുകയും തന്റെ മുഴുവൻ ലൗകിക സുഖങ്ങളും വലിച്ചെറിഞ്ഞ് പരിത്യാഗിയാവുകയും ചെയ്തു.

ദൈവത്തിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തുന്ന അപകടകരമായ കെണിയായിട്ടാണ് സൂഫികൾ ലൗകികതയെ കാണുന്നത്. മാത്രമല്ല, വളരെയധികം പരുക്കനും മോശപ്പെട്ടതുമായ വാക്കുകൾ ഉപയോഗിച്ചാണ് അവർ ലൗകികജീവിതത്തിലെ ആഢംബരങ്ങളെക്കുറിച്ച് സംസാരിക്കാറുള്ളത്. ശൗച്യാലയം, ചീഞ്ഞളിഞ്ഞ ശവം, മാലിന്യക്കൂമ്പാരം തുടങ്ങിയ വിശേഷണങ്ങളും അവർ ദുനിയാവിന് നൽകാറുണ്ട്:  ‘ലോകം എന്നത് ഒരു മാലിന്യക്കൂമ്പാരവും നായ്ക്കളുടെ സംഗമസ്ഥലവുമാണ്. അതിനെത്തൊട്ട് അകലം പാലിക്കാത്തവൻ നായയേക്കാൾ നീചമായ ജീവിയാണ്. കാരണം, നായ തന്റെ ആവശ്യം കഴിഞ്ഞാൽ മാലിന്യക്കൂമ്പാരത്തെ ഇട്ടേച്ചുപോകും. എന്നാൽ അതിനോട് പ്രിയംവെക്കുന്നവനാകട്ടെ, ഒരിക്കലും അതിനെ വിട്ടുപിരിയുകയില്ല.’

ആത്മീയയാത്രയുടെ ആദ്യഘട്ടത്തിൽ സാധകൻ അതീവ സൂക്ഷമതയിലും പരിത്യാഗത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സുഹ്ദ് അഥവാ ലൗകികപരിത്യാഗം എന്നാൽ മതപരമായി അനുവദിക്കപ്പെട്ട ലൗകികസുഖങ്ങളെയടക്കം വർജിക്കുക എന്നാണ്. അഥവാ, ഹൃദയത്തെ ദൈവിക സ്മരണയെത്തൊട്ട് അശ്രദ്ധമാക്കുന്ന എല്ലാ കാര്യങ്ങളെയും പതിയെ ഒഴിവാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. എത്രത്തോളമെന്നാൽ പരിത്യാഗം എന്ന ചിന്തയെത്തന്നെ പരിത്യജിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക നിയമപ്രകാരം അനുവദനീയമാണോ എന്ന വിഷയത്തിൽ അഭിപ്രായ വിത്യാസം നിലനിൽക്കുന്ന കാര്യങ്ങളെ പരിത്യജിക്കുക എന്നത് എളുപ്പമാണ്. എന്നാൽ, അനുവദനീയമാക്കപ്പെട്ട കാര്യങ്ങളെപ്പോലും ഒഴിവാക്കുക എന്നത് ആത്മജ്ഞാനികൾക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. അതുമായി ബന്ധപ്പെട്ട നിരവധി ചരിത്ര സംഭവങ്ങൾ സൂഫികളുടെ ജീവിതത്തിൽ കാണാൻ സാധിക്കും. അയൽവാസികളുടെ വിളക്കിന്റെ വെളിച്ചത്തിൽ നൂൽ നൂൽക്കാൻ വിസമ്മതിച്ചിരുന്ന മഹത്തുക്കളായ സൂഫീവനിതകളെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ മറ്റൊരാളുടെ പുൽത്തകിടിയിൽ നിന്ന് പുല്ല് തിന്നതിന്റെ പേരിൽ തന്റെ ആടിന്റെ പാൽ കുടിക്കാതിരുന്ന മഹാൻമാരുണ്ട്. അതുപോലെ ഭരണ വർഗത്തിന്റെ ഉപഹാരങ്ങൾ സ്വീകരിക്കാൻ കൂട്ടാക്കാതിരുന്ന സൂഫികളെയും ചരിത്രത്തിൽ കാണാം.

ദൈവിക വിലയനം എന്ന ലക്ഷ്യത്തെ മാത്രം മുന്‍നിര്‍ത്തി സാധകന്‍ പ്രാരംഭ ഘട്ടത്തില്‍ ഗുരുവുമായി നടത്തുന്ന ആത്മീയ ഉടമ്പടിയും അവന്റെ യാത്രയുടെ വിജയത്തിന് അനിവാര്യമാണ്.

പിൽക്കാല സൂഫീഗ്രന്ഥങ്ങളിൽ ഭൗതിക പരിത്യാഗത്തെക്കുറിച്ച് പറഞ്ഞതിനേക്കാൾ കൂടുതൽ സൂഫികൾ മുന്നറിയിപ്പ് നൽകിയത് ആത്മീയവളർച്ചക്ക് തടസ്സം നിൽക്കുന്ന അഹംഭാവം എന്ന ഏറ്റവും അപടകകരമായ മാനസികാവസ്ഥയെക്കുറിച്ചാണ്. സൂഫീവഴിയിലെ പ്രധാനഘട്ടങ്ങളായ ഭൗതികപരിത്യാഗത്തിനും (സുഹ്ദ്) ദാരിദ്യത്തിനും (ഫഖ്‌റ്) നേരെ വിരുദ്ധമായ സ്വഭാവ ദൂഷ്യമായിട്ടാണ് അഹംഭാവത്തെ ആത്മജ്ഞാനികൾ മനസ്സിലാക്കുന്നത്. പേർഷ്യൻ കവികൾ അതിനെ വിശേഷിപ്പിക്കുന്നത് ഭീമാകാരമായ വ്യാളി എന്നാണ്. മഹോന്നതമായ ആത്മീയപദവികളിൽ എത്തിച്ചേർന്നവർ പോലും അഹംഭാവം മൂലം സൂഫീവഴിയിൽ നിന്ന് തെന്നിപ്പോയിട്ടുണ്ട്. തങ്ങളുടെ ഉള്ളിലുള്ള അഹംഭാവത്തെ മറക്കുന്ന പരിചയായിട്ടാണ് അവർ സുഹ്ദിനെ കണ്ടത്. നിസ്വാർഥമായ ദിവ്യപ്രണയത്തെ പ്രകാശിപ്പിക്കാത്ത ഇത്തരമാളുകളെ പരിഹസിച്ചുകൊണ്ട് നിരവധി പേർഷ്യൻ കവിതകൾ രചിക്കപ്പെട്ടിട്ടുണ്ട്.

തൗബയേയും ലൗകിക വിരക്തിയേയും പുൽകിക്കൊണ്ടുള്ള ആത്മീയ യാത്രയിൽ സ്വന്തം നഫ്‌സിനെതിരായ (self) പോരാട്ടം വളരെ പ്രധാനമാണ്. വളരെ അധമമായ വികാരങ്ങളെയും വിചാരങ്ങളെയുമാണ് നഫ്‌സ് പ്രതിനിധീകരിക്കുന്നത്. മനുഷ്യനെ ദൈവികസ്മരണയിൽ നിന്നകറ്റുന്ന എല്ലാതരത്തിലുമുള്ള പ്രവർത്തനങ്ങളുടെയും മുഖ്യമായ പ്രേരക ശക്തി അവന്റെ സ്വന്തം ഇച്ഛ തന്നെയാണ്. അതുകൊണ്ടാണ് നഫ്‌സിനെതിരായ സമരത്തെ ഏറ്റവും മഹത്തായ യുദ്ധം എന്ന് സൂഫികൾ വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ദേഹേച്ഛയാണ് എന്ന് തിരുനബി (സ) പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആൻ അതിനെ വിശേഷിപ്പിക്കുന്നത് നഫ്‌സ് അമ്മാറ, അഥവാ തിൻമയിലേക്ക് നിരന്തരം പ്രേരിപ്പിക്കുന്ന നഫ്‌സ് എന്നാണ്. ആത്മീയ വഴിയിലേക്ക് പ്രവേശിക്കുന്ന സാധകൻ നിരന്തരമായ പ്രയത്‌നത്തിലൂടെ നഫ്‌സ് അമ്മാറയിൽ നിന്ന് നഫ്‌സ് ലവ്വാമയിലേക്ക് (സ്വന്തം ദേഹേച്ഛയെ നിരന്തരം കുറ്റപ്പെടുത്തുന്ന നഫ്‌സ്) പരിവർത്തനം ചെയ്യപ്പെടുന്നു. ഈ ഘട്ടത്തിൽ സാധകൻ തന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും ദേഹേച്ഛയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ക്രമേണ, ആത്മശുദ്ധീകരണം പൂർത്തിയാകുമ്പോൾ അവൻ നഫ്‌സ് മുത്മഇന്ന (ശാന്തമായ നഫ്‌സ്) എന്ന അവസ്ഥയിലേക്ക് ലയിച്ചുചേരുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് ദൈവികവിലയനത്തിന്റെ പരമോന്നതമായ സ്ഥാനത്തേക്ക് മനുഷ്യൻ എത്തിച്ചേരുന്നത്.

(തുടരും)

Glossary

  • ജദ്ബ്: ഗുരുവിലും തിരുനബിയിലും ദൈവത്തിലും പരിപൂർണമായി വിലയം പ്രാപിക്കുകയും തന്റെ സ്വന്തം ശരീരത്തെ സാധകൻ മറന്നുപോവുകയും ചെയ്യുന്ന ആത്മീയഘട്ടത്തെയാണ് ജദ്ബ് എന്നതുകൊണ്ട് അർഥമാക്കപ്പെടുന്നത്
  • തലകീഴായി നിന്ന് തങ്ങള്‍ പറയുന്ന വാക്കുകള്‍ ഏറ്റുപറഞ്ഞാല്‍ ആത്മീയവെളിച്ചം ലഭിക്കുമെന്നാണ് അവര്‍ സാധുവായ ആ മനുഷ്യനോട് പറഞ്ഞത്.

  • നഖ്ശബന്ധിയ്യ: പ്രശസ്തമായ ഒരു ത്വരീഖത്ത്. ശാഹ് ബഹാഉദ്ധീൻ നഖ്ശബന്ധി എന്നവരാണ് സ്ഥാപകൻ. മറ്റു പല പ്രശസ്ത ത്വരീഖത്തുകളിൽ നിന്നും വ്യത്യസ്‍തമായി ഈ ത്വരീഖത്ത് ഒന്നാം ഖലീഫ അബൂബക്കർ (റ) വഴി ആണ് തിരുനബി (സ) യിലേക്ക് എത്തുന്നത്.
  • ഇഖ്‌ലാസ്: പ്രവർത്തനങ്ങൾ മുഴുവൻ അല്ലാഹുവിനെ മാത്രം ലക്ഷ്യമിട്ടാവുക എന്നർഥം. നിഷ്കളങ്കത എന്ന് തുടങ്ങിയ ഭാഷാർഥങ്ങൾ ഉള്ള ഈ പദം ഇസ്ലാമിലെ ഒരു അടിസ്ഥാന ആശയത്തെ കുറിക്കുന്നു. ഖുർആനിൽ ഒരു അദ്ധ്യായം തന്നെ ഈ പേരിലുണ്ട്.
  • മുറുവ്വ: മനുഷ്യത്വം എന്ന് ഭാഷാപരമായി മനസിലാക്കപ്പെടുന്ന ഈ ശബ്ദം ഇസ്ലാമിന്റെ തത്വചിന്തയിലെ വളരെ പ്രധാനപ്പെട്ട ഒരാശയം ആണ്. പൂർണതയുടെയും ഔന്നിത്യത്തിന്റെയും അടയാളങ്ങൾ ആയ മര്യാദകൾ എന്ന് സാങ്കേതികമായി വിവക്ഷിക്കപ്പെടുന്നു.
  • നഫ്‌സ് അമ്മാറ: തിൻമയിലേക്ക് നിരന്തരം പ്രേരിപ്പിക്കുന്ന നഫ്‌സ്
  • നഫ്‌സ് ലവ്വാമ: സ്വന്തം ദേഹേച്ഛയെ നിരന്തരം കുറ്റപ്പെടുത്തുന്ന നഫ്‌സ്
  • നഫ്‌സ് മുത്മഇന്ന: ശാന്തമായ നഫ്‌സ്, അല്ലാഹുവിന്റെ തീരുമാനങ്ങളിൽ പരിപൂർണമായ തൃപ്തി ഉള്ള സംതൃപ്തയായ മനസ്.


ഭാഗം 2: സൂഫിയും ശിഷ്യനും പരമ യാഥാർഥ്യത്തിലേക്കുള്ള വഴികളും
വിവർത്തനം: സഅദ് സൽമി
Featured Image: Matthew Ansley

Comments are closed.