കഴിഞ്ഞ കാല മുസ്‌ലിം മലബാറിലെ സവിശേഷമായ സാംസ്കാരിക ചിഹ്നമാണ് സ്രാമ്പികൾ. സജീവമായിരുന്ന കാർഷിക സംസ്കൃതിയുടെ ഒരു അവശേഷിപ്പ് കൂടിയാണ് ഇവ. പ്രവിശാലമായ പാടങ്ങളുടെ വെളളം കൂടുതൽ ലഭ്യമാകുന്ന ഒരു ഇടത്താണ് പൊതുവിൽ ഇവ നിർമ്മിക്കപ്പെടുന്നത്. മിക്ക സ്രാമ്പികളുടേയും സമീപങ്ങളിൽ ഒരു തോടും വേനൽകാലത്ത് ആശ്രയിച്ചിരുന്ന മഴക്കുഴികളും കാണാം. പൂർണ്ണമായും മരങ്ങളിൽ തീർത്തവയായിരുന്നു ഇവ. കർഷകർ തോട്ടിൽ നിന്നും കൈകാൽ കഴുകി ഈ സ്രാമ്പികളിൽ കയറി നമസ്കരിക്കുകയും ശേഷം വിശ്രമിക്കുകയും ചെയ്യുമായിരുന്നു. പ്രത്യേകമായ കമ്മറ്റിയോ പരിപാലകരോ ഇല്ലാതെ എല്ലാവരും ഒരേ ഉത്തരവാദിത്വത്തിൽ ഇത് ഏറ്റെടുത്ത് സംരക്ഷിക്കുമായിരുന്നു. പ്രകൃതിയും കാർഷിക വൃത്തിയും ആരാധനയും തമ്മിലുളള അഗാധമായ ബന്ധത്തിൻറെ ചിഹ്നം കൂടിയാണ് സ്രാമ്പികൾ. പളളിയോട് ചേർന്നുളള വീട്ടുകാർ രാത്രിയും ഈ പളളികളെതന്നെ ആശ്രയിച്ചിരുന്നു. മഗ്രിബ് ഇഷായുടെ ഇടയിൽ പൂർണ്ണമായും ഇവിടെ ഇരിക്കുമായിരുന്നു.




മാപ്പിളമാരുടെ പ്രാർത്ഥനാ മന്ദിരം,ഒരുതരം മാളിക തുടങ്ങിയവയാണ് മലയാള ശബ്ദതാരാവലികളിൽ സ്രാമ്പിക്ക് നൽകുന്ന അർത്ഥങ്ങൾ. കേരളത്തിലെ വടക്കു ഭാഗങ്ങളിലാണ് നമസ്കരിക്കാനുളള ഇടങ്ങൾക്ക് ഈ നാമം കൂടുതലായി ഉപയോഗിച്ചു കാണുന്നത്. ഇത്തരം പളളികളെ കൂടാതെ മറ്റുപല അർത്ഥത്തിലും ഈ വാചകം ഉപയോഗിച്ചതായി കാണുന്നു. കോവിലകങ്ങൾക്കു പുറമെ മുകൾ തട്ടോടു കൂടിയ ഭവനങ്ങളെ ചിലയിടങ്ങളിൽ സ്രാമ്പിക്കൽ എന്നറിയപ്പെടുന്നു. പ്രത്യേകിച്ച് തൃശൂർ ഭാഗത്ത്. അതുപോലെ വയനാട്ടിൽ ബ്രിട്ടീഷുകാർ വേട്ടയ്ക്ക് ശേഷം വിശ്രമിക്കാൻ ഉയർത്തിക്കെട്ടിയ ഏറുമാടം കണക്കെയുളള കെട്ടിടങ്ങളേയും സ്രാമ്പ്യ എന്നു പറയുന്നു. വയനാട്ടിലെ പുൽപ്പളളിക്കടുത്ത് പാതിരി വന മധ്യത്തിൽ തകർച്ചയോടടുത്ത ഇത്തരത്തിലുളള ഒരു സ്രാമ്പ്യ ഇന്നും കാണുന്നു. ടൂറിസ്റ്റ് വന അധികൃതർ അതേറ്റെടുത്തിരുന്നെങ്കിലും വേണ്ട പരിഗണനകളൊന്നുമില്ലാതെ അത് നിലനിൽക്കുന്നു.




മലപ്പുറം കോഴിക്കോട് ഭാഗങ്ങളിലാണ് പ്രധാനമായും ഇത്തരം പളളികൾക്ക് സ്രാമ്പ്യ എന്നുപയോഗിക്കുന്നത്. വടകര ഭാഗങ്ങളിൽ ‘സറാമ്പ്യ’ എന്നും എറണാംകുളം തുടങ്ങിയ ദക്ഷിണ കേരളഭാഗങ്ങളിൽ തൈക്യാവ് എന്നും ഇതിന് പറയപ്പെടാറുണ്ട്. സ്രാമ്പ്യ എന്നത് ഏത് ഭാഷയിലെ പദമാണെന്ന് കൃത്യമല്ല. മലയാള ശബ്ദതാരാവലികളിൽ ഈ വാചകമുണ്ട്. ഇതേ അർത്ഥത്തിൽ തന്നെ ഉപയോഗിക്കുന്ന ചിറാമ്പി എന്ന വാചകവും കാണുന്നു. ചിറാമ്പി ഒരു അറബി പദമാണെന്നും നൽകിയിരിക്കുന്നു. ( ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിളള,പേജ് 803) ചിറാമ്പിയോട് തുല്യമായ വല്ല പദത്തിൽ നിന്നും അറബി മലയാളത്തിൽ വന്ന ഒരു വാചകമാകും ഈ ചിറാമ്പി. അത് പിന്നീട് സറാമ്പിയും ശ്രാമ്പിയും സ്രാമ്പിയും ആയതാകും. മലൈ- ഇന്തോനേഷ്യൻ ഭാഷയിൽ ഉയർന്ന പ്രതലം എന്ന അർത്ഥത്തിൽ SERAMBI എന്ന വാചകം ഉണ്ട്. ഇതിൽ നിന്നുത്ഭവിച്ചകാം എന്നും നിരീക്ഷിക്കപ്പെടുന്നു.




കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ സ്വലാത്ത് നഗറിന് സമിപം പാടത്ത് സ്ഥിതിചെയ്യുന്ന ഒരു സ്രാമ്പ്യ ഇന്നും പഴമയിൽ നിലനിൽക്കുന്നു. നൂറ് വർഷത്തിലധികം പഴക്കമുളള ഈ പളളിയുടെ ആദ്യ നിർമ്മാണത്തെ പരിചയമുളള ആരും ഇന്ന് നാട്ടിലില്ല. തോടിനോട് ചേർന്ന് മരം മാത്രം ഉപയോഗിച്ചാണിതിന്റെ നിർമ്മാണം. തോടിന് പഴയ കാലത്ത് പാലമില്ലാത്തതിനാൽ മറുപുറം പോകാൻ പ്രയാസമായിരുന്നതിനാലും ജുമുഅത്ത് പളളി ആലത്തൂർപ്പടിയിൽ ആയിരുന്നതിനാലും കാർഷിക വൃത്തിക്ക് ഭംഗം വരാതെ അതോടൊപ്പം ആരാധനയെ കൂടെ കൊണ്ടുപോകേണ്ടത് ഉളളതിനാലും ആണ് ഇവിടെ നിർമ്മിച്ചത്. തോടിൽ നിന്നായിരുന്നു വുളൂഅ (അംഗ ശുദ്ധി) ചെയ്യുക.












































Photos by: Yasir Muhammed NV
Location : Swalath Nagar, Malappuram
Comments are closed.