കാട്ടിലെ മരചില്ലയിൽ വർഷങ്ങളോളം സുഷുപ്തിയിൽ ജീവിക്കുന്ന ചെള്ളുകൾ ഉണ്ട്. ഇക്കാലമത്രയും കാട് ഇളകിമറിഞ്ഞാലും ഈ ജീവികൾ ഒന്നും അറിയില്ല. പക്ഷെ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ഇരകകളായ സസ്തനികൾ മരത്തിന് കീഴെ നീങ്ങുന്നത് മണത്തറിയുന്ന ചെള്ളുകൾ സുഷുപ്തിവിട്ട് മരത്തിൽ നിന്നും പൊട്ടിവീണ് ഇരകളുടെ രോമാവൃതമായ തൊലികളിൽ പറ്റി ചോര കുടിച്ചു വീർക്കും. പക്ഷെ അവിടെ തീർന്നു, ചാഴിയായി വർഷങ്ങളോളം നിഷ്ക്രിയജീവിതം നയിച്ച ചെള്ളുകൾ ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ ഭക്ഷണശേഷം മരിച്ചു പോകുന്നു.(D&G 2013, P-300). വോൻ ഉക്സ്കുൾ (Von Uexkull) ഒരു ചെള്ളിന്റെ ജീവലോകം (Umwelt) ഇങ്ങനെയാണ് വിശദീകരിക്കുന്നത്: ഈ പ്രപഞ്ചവും മറ്റൊന്നും അതിനെ ബാധിക്കുന്നതേയില്ല. വെളിച്ചം ലക്ഷ്യമാക്കി മരച്ചില്ലകളിലേക്ക് വലിഞ്ഞു കയറുക, സസ്തനികളെ മണത്തറിഞ്ഞു അതിന്റെ തൊലിയിൽ അള്ളിപ്പിടിക്കുക, ചോരകുടിച്ചു വീർക്കുക; ഈ മൂന്ന് ബാധകളിൽ (Affects) ഒതുങ്ങുന്നു ഒരു ചെള്ളിന്റെ ജീവലോകം.
കാട്ടിലെ മരച്ചില്ലകളിലെ വർഷങ്ങൾ നീണ്ടേക്കാവുന്ന കാത്തിരിപ്പാണ് അതിന്റെ ജീവിതത്തിന്റെ ദുരിതപരിധിയെങ്കിൽ (Pessimal Limit) ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഭക്ഷണത്തോടെ തീർന്നു പോകുന്നതാണ് അതിന്റെ ‘ഉച്ഛപരിധി’ (Optimal Limit) എന്ന് ദല്യൂസും ഗൊത്താരിയും എഴുതിയിട്ടുണ്ട്.
ഇവിടെ ശരീരം അവയവങ്ങളിലും അതിന്റെ ധർമങ്ങളിലും ഒതുങ്ങുന്നില്ല. ‘ശരീരത്തിന് എന്ത് ചെയ്യാൻ കഴിയും എന്നാണ്’ സ്പിനോസയുടെ ചുവട് പിടിച്ച് D&G ചിന്തിക്കുന്നത്; ബാധിക്കാനും ബാധിക്കപ്പെടാനുമുള്ള ശേഷിയാണ് ശരീരത്തിന്റെ ‘ശക്തി’ (Power). ഇതാണ് സ്പിനോസയുടെ സത്താവാദ വിമർശനത്തിന്റെയും കാതൽ. രൂപമെടുക്കുന്നതിനും മുമ്പുള്ള രൂപ- ധർമങ്ങളില്ലാത്ത, ആനിലയ്ക്ക് അമൂർത്തവും എന്നാൽ യഥാർഥവുമായ അടിസ്ഥാനകണങ്ങളുടെ ഒരു ഭൂമിക സ്പിനോസയിൽ കാണാം. അവ ചലന-നിശ്ചലതകളുടെയും(Movement-rest) വേഗത്തിന്റെയും സാവധാനതയുടെയും (Speed-Slowness) അടിസ്ഥാത്തിൽ മാത്രം വ്യവച്ഛേദിക്കപ്പെടാവുന്നവയാണ്. ‘They are infinitely small, ultimate parts of an actual infinity, laid out on the same plane of consistency or composition’ (D&G 2013, P-296). ഓരോ വ്യക്തിയും ആ അനന്തമായ വൈവിധ്യങ്ങളുടെ സമാഹാരമാണ്, പ്രപഞ്ചമാകട്ടെ വൈവിധ്യമാർന്ന വ്യക്തികളുടെ സാകല്യവും.
ഓരോ വ്യക്തിയും ചലന-നിശ്ചലതകളുടെ ഒരു കൂട്ട് ആണ്. ഓരോ ശരീരവും നിരന്തരം വിഭജിച്ചാൽ നമ്മൾ എത്തുക അനന്തതയിൽ (infinity) ആകും. സ്പിനോസയിൽ ഓരോ ശരീരവും ‘രൂപാന്തരങ്ങൾ’ക്ക് (Modifications) വിധേയയമാകുന്നത് അതിന്റെ ചലന-നിശ്ചലതകളുടെ അനുപാതത്തിലുണ്ടാകുന്ന മാറ്റത്തിലൂടെയാണ്. ഓരോ ശരീരവും മറ്റ് ശരീരങ്ങളെ അഭിമുഖീകരിക്കുമ്പോൾ ശരീരവും ചിന്തയും ബലപ്പെടുകയോ ദുർബലമാവുകയോ ചെയ്യുന്നു. സ്പിനോസയുടെ ചിന്താശാല ഇത്തരം നിരവധിയായ ശരീരപരീക്ഷണങ്ങൾക്ക് വേദിയാകുന്നു. ശരീരത്തിന്റെ പൂർവനിശ്ചിത സംവർഗങ്ങൾക്കപ്പുറം അതിന്റെ ശേഷിയിലൂന്നിയതാണ് സ്പിനോസയുടെ തത്വചിന്ത.
ദല്യൂസും ഗൊത്താരിയും ചേർന്നെഴുതിയ A Thousand Plateaus എന്ന പുസ്തകത്തിൽ Becoming Plateau യിൽ സ്പിനോസോയിസ്റ്റിന്റെ ഓർമകൾ രണ്ട് ഭാഗങ്ങളായി പരാമർശിക്കുന്നുണ്ട്. അതിൽ Cuvier ഉം Geoffroy Saint-Hilaire യും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത സംവാദത്തെ പ്രതിപാദിക്കുന്നുണ്ട്. സ്പിനോസോയിസ്റ്റ് ആയ ജോഫ്രിക്ക് ലോകത്തിലെ സകല ജീവികളും ഒരമൂർത്തജീവിയിൽ(Abstract Animal) നിന്നും ഉരുവം കൊണ്ടതാണ്.
‘ഏത് നിലയ്ക്കും പരുവപ്പെടുത്താവുന്ന ഒരമൂർത്തജീവി (Abstract Animal). നട്ടെല്ലുള്ള ജീവികളും കണവയും നീരാളിയും ഒക്കെ ഇതിന്റെ വകഭേദങ്ങൾ മാത്രം. ഒരുവേള, ഒരു നട്ടെല്ലുള്ള ജീവി, വളഞ്ഞു തല പിറകിൽ കുത്തി നാലുകാലിൽ നടക്കുന്ന ഒരു സർക്കസ് കോമാളിയെപ്പോലെ, നീരാളിയായോ മറ്റൊരു കടൽമത്സ്യമായോ വേഷം മാറുന്നു. ഇവയെല്ലാം ഒരേ ജീവന്റെ തന്നെ ഭിന്നങ്ങളായ ബഹിർസ്ഫുരണങ്ങൾ മാത്രമായി കരുതണം. (D&G 2013-P 298) ഒന്നിനെ പലതാക്കുന്ന സ്പിനോസോയിയൻ യന്ത്രവിദ്യ ഇതിൽ കാണാം. “ഒരു മനുഷ്യൻ, ഒരു കുതിര, ഒരു നായ — ഒന്നുകൂടിപറഞ്ഞാൽ, ഒരു തത്ത്വചിന്തകനും/ മദ്യപാനിയും, ഒരു വേട്ടനായയും/ കാവൽനായയും, ഒരു പന്തയകുതിരയും /ഉഴവ് കുതിരവും — പരസ്പരം വേർതിരിക്കപ്പെടുന്നത് അവരുടെ ബാധിക്കപ്പെടാനുള്ള ശേഷിയാലാണ്, അതിനുമപ്പുറം, അവ സ്വജീവിതം എങ്ങനെ നിറവേറ്റുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതിലാണ്. (Deleuze 1988, P-46).അങ്ങനെ നോക്കിയാൽ ഒരു ഉഴവ് കാളയ്ക്ക് ട്രാക്ടറിനോടാകും ഒരു സാധാരണ കാളയേക്കാൾ സാമ്യം. ഒരു കല്ലിനെ എന്നപോലെ, അന്ധനെയും ‘വെളിച്ചം’ ബാധിക്കുന്നില്ല. ദുഷ്ടനായ ഒരാളെ ബൗദ്ധികമായ വെളിച്ചങ്ങളും സ്പർശിക്കുന്നില്ല. സ്പിനോസയുടെ ഭാഷയിൽ ‘സത്തയിൽ’ (Essence) ഒന്നിന്റെയും ‘അഭാവം’ ഇല്ല. ‘അന്ധത’ ‘തിന്മ’ ഇവയൊക്കെ മനുഷ്യാവസ്ഥകൾ തമ്മിൽ താരതമ്യം ചെയ്ത് നമ്മൾ നടത്തുന്ന വിധിനിർണയം മാത്രമാണെന്നാണ് സ്പിനോസയുടെ പക്ഷം (Deleuze 1988, P-38). സത്ത ഇവിടെ ‘ബാധിക്കാനും ബാധിക്കപ്പെടാനുമുള്ള’ ശേഷിയിൽ നിന്നും ഭിന്നമായ ഒന്നല്ലെന്ന് ചുരുക്കം.
കുട്ടികൾ സ്പിനോസോയിസ്റ്റുകൾ ആണെന്ന് ദല്യൂസും ഗോത്താരിയും നിസ്സംശയം പറയും (D&G 2013,P-298). ഫ്രോയ്ഡിന്റെ ലിറ്റിൽ ഹാൻസ് തന്റെ മുള്ളുന്ന യന്ത്രത്തെപ്പറ്റി (Pee-Pee machine) പരാമർശിക്കുന്നുണ്ട്. തനിക്കുള്ളത് പോലൊന്ന് അല്ലെങ്കിലും പെൺകുട്ടികൾക്കും ‘മുള്ളുന്ന സാധനം’ ഉണ്ടെന്ന് ലിറ്റിൽ ഹാൻസ് പറയും, പക്ഷെ അത് സദൃശ്യയുക്തിയിൽ അല്ല, പകരം വേഗ-നിശ്ചലതകളുടെ മറ്റൊരുതരം നിബന്ധനമാണ് (Composition) അവിടെയുള്ളത്. വ്യവസ്ഥാപിതമല്ലാത്ത ഇത്തരം ഉപകരണങ്ങളും മനുഷ്യരും, ദല്യൂസും ഗൊത്താരിയും ചേർന്നെഴുതിയ ആന്റി-ഈഡിപ്പസിൽ അങ്ങിങ്ങായി കാണാം. യന്ത്രത്തോട് ഘടിപ്പിച്ചാൽ മാത്രം ഉണ്ണുകയും ഉറങ്ങുകയും വിസർജിക്കുകയുമൊക്കെ ചെയ്യുന്ന ഒരു കുട്ടി. എന്തൊരുതരം അടിമത്തമാണ്! യാന്ത്രികമായ ജീവിതം! ഈ ഉൾവലിയലിന്റെ കാരണം തേടുന്ന നമ്മൾ അനിവാര്യമായും, സ്വാഭാവികമായും എത്തുന്ന നിഗമനം, വളർത്തുദോഷത്തിലേക്കും കുടുംബ ബന്ധങ്ങളുടെ പൊരുത്തക്കേടുകളിലേക്കും ഒക്കെയാകും.
ഹെൻറി മിഷേയുടെ (Henri Michaux) സ്കിസോഫ്രീനിക്ക് തീൻമേശ നമ്മളെ അത്ഭുദപ്പെടുത്തുന്നത് അതിൽ നിരത്തിവച്ചിരിക്കുന്ന വിചിത്രങ്ങങ്ങളായ വിഭവങ്ങൾ കൊണ്ടാകില്ല. ഇതൊരു മേശയാണോ എന്ന് നിങ്ങൾ സംശയിക്കാൻ പാകത്തിന് അതിന്റെ കെട്ടും മട്ടും തന്നെ ‘സ്കിസോ’ ആണ്. അനവധിയായ കൂട്ടിച്ചേർക്കലുകൾ അതിന്റെ കോലം കെടുത്തിക്കളഞ്ഞത്കൊണ്ട് ഇനിയത് ഒരു മധ്യവർഗപൊങ്ങച്ചത്തിന്റെ അടയാളമായി എവിടെയും പ്രദർശിപ്പിക്കാനും തരമില്ല.
പ്രകൃതി മുഴുവൻ പ്രകൃതി വിരുദ്ധ സംയോഗങ്ങൾ ആണ്. അതിന്റെ സ്വാഭാവം ആയിക്കൊണ്ടിരിക്കലിന്റേതാണ്. ശരീരത്തിന് എന്തൊക്കെ ചെയ്യാൻ കഴിയും (What body can do) എന്ന് ഇനിയും നമുക്ക് അജ്ഞാത മാണ്.നീത്ഷെയുടെ ഭാഷയിൽ, നമ്മളെ അത്ഭുതപ്പെടുത്തുന്നത് മനസ്സല്ല, ശരീരമാണ്.
പരാമർശിത കൃതികൾ:
1- Deleuze, Gilles: Spinoza, Practical Philosophy. Translated by Robert Hurley, City Lights Books,1988
2- Deleuze, Gilles and Felix Guattari: A Thousand Plateaus: Capitalism and Schizophrenia. Translated by Brain Massumi, Bloomsbury Academic, 2013
3- Deleuze, Gilles and Felix Guattari: Anti-Oedipus: Capitalism and Schizophrenia. Translated by Robert Hurley,Mark Seem, and Helen R., Penguin Books,2009.


Comments are closed.