അപ്പാർതീഡ് (വർണ്ണ വിവേചനം) വ്യവസ്ഥയുടെ ഭാഗമായി ‘കറുത്തവർ’എന്ന് മുദ്രകുത്തപ്പെട്ട് 17, 18 നൂറ്റാണ്ടുകളിൽ ഡച്ചുകാരാണ് കേപ്പ് മുസ്‌ലിംകളെ അടിമകളായും രാഷ്ട്രീയ തടവു പുള്ളികളായും ദക്ഷിണപൂർവ ഏഷ്യൻ ഭാഗത്തു നിന്നും ആഫ്രിക്കയിലെ മറ്റു പല ഭാഗങ്ങളിൽ നിന്നും കേപ്പിലേക്ക് കൊണ്ടുവരുന്നത്. തങ്ങളുടെ ഭൂതകാലത്തേക്കുള്ള കച്ചിത്തുരുമ്പും, പരമ്പരാഗത സ്വത്തുമായിട്ടാണ് കേപ്പ് മലായ് മുസ്‌ലിംകൾ കിതാബുകളെ (മതപഠന പുസ്തകങ്ങൾ) നോക്കിക്കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യയിൽ നിന്ന് തുച്ഛമായ മുസ്‍ലിം കച്ചവടക്കാരും കേപ്പിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. 2014 ലെ സെൻസസ് പ്രകാരം പടിഞ്ഞാറൻ കേപ്പിന്റെ മൊത്തം ജനസംഖ്യയുടെ 7.5% മാത്രമാണ് അവരുള്ളത്. 1838 ലെ അടിമത്വത്തിന്റെ ഔദ്യോഗിക സമാപ്തിക്ക് ശേഷവും ജനങ്ങളെ വംശീയമായി വേർതിരിക്കുന്ന 1948ലെ അപ്പാർതീഡ് വ്യവസ്ഥക്ക് മുമ്പും വെള്ളക്കാരുടെ അധികാര സ്വരത്തിന് വിധേയപ്പെട്ട് ജീവിക്കാനായിരുന്നു കേപ് മുസ്‌ലിംകളുടെ വിധി. അവരെ പരസ്പരം ബന്ധപ്പെടുത്തിയിരുന്ന കണ്ണിയായി വർത്തിച്ചത് മതമായിരുന്നു എന്ന കാണാം. കുടുംബ സംഗമങ്ങളിലും മറ്റു ഒത്തുകൂടലുകളിലും മതാധ്യാപകനോ കുടുംബത്തിലെ മുതിർന്ന അംഗമോ കിതാബുകളിലെ ചില ഭാഗങ്ങൾ എഴുതിക്കാണിക്കുകയും പ്രസ്തുത ഭാഗം മറ്റുള്ളവരെ വായിച്ചു കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. ഖുർആനികാധ്യാപനങ്ങളും സുവിശേഷങ്ങളുമായിരുന്നു അവയിലെ പ്രതിപാദ്യ വിഷയം.
അപ്പാർതീഡ് വ്യവസ്ഥയുടെ അന്ത്യത്തിന് ശേഷം കേപ്പ് മുസ്‌ലിംകൾ ചരിത്രം രചിക്കാനും രുചിക്കാനും തുടങ്ങിയിരുന്നു. പ്രസ്തുത ഉയിർത്തെഴുന്നേൽപ്പിൽ കിതാബുകളുടെ പങ്ക് വളരെ വലുതാണ് എന്ന് കാണാം.”എന്നോട് കൂടെ തന്നെ പല കിതാബുകളും മണ്ണടിയും” പരമ്പരാഗതമായി കിതാബുകൾ സൂക്ഷിച്ചുപോരുന്ന അബ്‌ദിയ്യ ഞങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറിൽ പൈതൃക ദിനമായതിനാൽ അബ്‌ദിയ്യയുടെ വീടിന്റെ രണ്ടു ബ്ലോക്കും ജനസാന്ദ്രമായിരുന്നു. “ഞാനീ വീട്ടിലാണ് ജനിച്ചത്, ഇവിടെ തന്നെ മരണമടയുകയും ചെയ്യും, ഇന്ഷാ അല്ലാഹ്” കിതാബുകളെ കുറിച്ച് ചോദ്യങ്ങളാരായുന്നതിന് മുമ്പ് തന്നെ അബ്‌ദിയ്യ തുടർന്നു. വാസ്തവത്തിൽ ഈ വീടിന്റെ ചരിത്രത്തിന് അബ്‌ദിയ്യയേക്കാൾ പ്രായമുണ്ട്. കിതാബുകളുമായി അതിയായ ബന്ധവും. അവരുടെ പിതാവ് ഇമാം ഷെയ്ഖ് മുഹമ്മദ് ഖൈർ ഇസ്‌ഹാഖ് വിദ്യാർത്ഥികൾക്ക് ഖുർആൻ ഓതിക്കൊടുക്കാൻ വേണ്ടി വീടിന്റെ മുറ്റത്ത് ഒരു മദ്രസ സ്ഥാപിച്ചിരുന്നു. അദ്ദേഹം ആൺകുട്ടികളെയും അബ്‌ദിയ്യയുടെ ഉമ്മ പെൺകുട്ടികളെയുമായിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീട്, അബ്‌ദിയ്യയുടെ ഭർത്താവ് സുലൈമാനും മദ്രസാധ്യാപകനായി സേവനമനുഷ്ഠിച്ചു. അബ്‌ദിയ്യയുടെ സഹോദരിമാർക്കിടയിൽ മദ്രസാധ്യാപകയായി അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ജനസാന്ദ്രമായ ആ പൗരാണിക കാലത്തെ ഓർമകളിലേക്ക് അബ്‌ദിയ്യയുടെ ചിന്തകൾ ചിതറിത്തെറിക്കുകയാണ്. പ്രഭാത സമയത്തെ ക്ലാസുകൾ കിന്റർഗാർഡനെ ഓർമിപ്പിക്കും വിധമുള്ളവയായിരുന്നു. അറബി അക്ഷരങ്ങളെയും അടിസ്ഥാന പദങ്ങളെയും പരിചയപ്പെടുത്തുകയാണ് അപ്പോൾ ചെയ്യുക. ഉച്ചക്ക് ശേഷമുള്ള ക്ലാസ്സിലാണ് പാരായണ നിയമങ്ങളെ പറ്റി പഠിക്കാറുള്ളത്. ആഴത്തിലുള്ള ഗൗരവമേറിയ ചർച്ചകൾ യുവതി യുവാക്കളെ ഒരുമിച്ച് കൂട്ടി വൈകുന്നേരങ്ങളിലും നടക്കും. “ഒരുമിച്ചിരുന്ന് പഠിക്കുമ്പോൾ ഞങ്ങൾക്ക് കുറേയധികം പഠിക്കാനെളുപ്പമാവും” അവൾ കൂട്ടിച്ചേർത്തു. എല്ലാ കുട്ടികളുടെ പക്കലും പാഠങ്ങൾ എഴുതി സൂക്ഷിക്കാനുള്ള കിതാബുകൾ ഉണ്ടായിരുന്നു. പാഠഭാഗങ്ങൾ പകർത്തി എഴുതാനുപയോഗിക്കുന്ന പുസ്തകങ്ങൾക്ക് വരെ അവർ ‘കിതാബ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്രെ. ചില സമയങ്ങളിൽ അക്ഷരങ്ങൾ വഴങ്ങില്ലെങ്കിലും, ഇപ്പോഴും മനോഹരമായി ഖുർആൻ പാരായണം ചെയ്യാൻ അബ്‌ദിയ്യക്ക് സാധിക്കുന്നുണ്ട്. ഞങ്ങളുടെ നിർബന്ധത്തിനൊടുവിൽ കിതാബുകൾ സംരക്ഷിക്കുന്ന വീടിന്റെ ഉള്ളറയിലേക്ക് അബ്‌ദിയ്യ ഞങ്ങളെ ആനയിക്കുകയുണ്ടായി. അവരുടെ പിതാവിന്റെ കൈപ്പടയിൽ എഴുതിയ പഴക്കം ചെന്ന നിറം മങ്ങിയ രണ്ട് കിതാബുകളായിരുന്നു അവിടെയുണ്ടായിരുന്നത്. മതാധ്യാപകരുടെ വടിവൊത്ത അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ആ കിതാബുകൾ വെറുമൊരു പകർത്തെഴുത്തായി കാണാൻ ഞങ്ങൾക്ക് നിർവാഹമില്ലായിരുന്നു. അതിലൊരു കിതാബ് ജാവി (അറബിക് ലിപി ഉപയോഗിക്കുന്ന ദക്ഷിണപൂർവ്വ ഏഷ്യൻ ഭാഷ) ഭാഷയിലായിരുന്നു. രണ്ടാമത്തെ കിതാബ് ആഫ്രിക്കനറബിയിലുമായിരുന്നു. വർഷം 1871 എന്ന കുറിപ്പടിയുള്ള പ്രസ്തുത കിതാബ് അപൂർവ്വ വസ്തുവാണെന്ന വസ്തുതയിലേക്ക് ചൂണ്ടിക്കാണിക്കാൻ പോന്നതായിരുന്നു അതിന്റെ രൂപ-ഭാവങ്ങൾ.
ദക്ഷിണാഫ്രിക്കയിലെ 11 ഔദ്യോഗിക ഭാഷകളിലൊന്നായ ആഫ്രിക്കാൻസ് രൂപം കൊള്ളുന്നത് ഡച്ചിൽ നിന്നാണ്.1814 ൽ ഡച്ചുകാർ ബ്രിട്ടീഷുകാർക്ക് കേപ്ടൗൺ (Cape Town) കൈമാറുന്നതിന് മുമ്പ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി (Dutch East India Company) അവിടം കോളനിയായി ഭരിച്ചിരുന്നു. അതിനുപുറമെ, മലായ്, ഇംഗ്ലീഷ്, പോർച്ചുഗീസ്, നാട്ടുഭാഷയായ ഖോയ് എന്നീ ഭാഷകളും ആഫ്രികാൻസിനെ സ്വാധീനിച്ചിരുന്നു. ആഫ്രിക്കാൻസ് ആദ്യമായി എഴുതിയതായി കരുതപ്പെടുന്നത് 1820ലാണ്. കിതാബിലെ ഭാഗങ്ങൾ എഴുതി സൂക്ഷിക്കാൻ വേണ്ടി അറബിക് ലിപി ഉപയോഗിച്ചാണ് അത് ചെയ്തിരുന്നത്.1950 കളിൽ അറബിക് ലിപിയുപയോഗിച്ച് എഴുതപ്പെട്ട ആഫ്രിക്കൻ വാക്കുകളുള്ള ലിഖിത ശകലങ്ങൾ കണ്ടെത്തിയ ഡച്ച് ഭാഷാ പണ്ഡിതൻ അഡ്രിയാൻസ് വാൻ സെല്മസാനാണ് “ആഫ്രിക്കാനറബി” എന്ന പദം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ആഫ്രിക്കാനറബിയിലെ ഏറ്റവും പഴക്കം ചെന്ന കൃതിയായിട്ട് കണക്കാക്കുന്നത് പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതൻ അബൂബക്കർ എഫന്ദി രചിച്ച ‘മത വ്യാഖ്യാന’ത്തെയാണ് (Beyan al-Din). നടേ തന്നെ ഒരുപാട് ആഫ്രിക്കാനറബി പ്രസിദ്ധീകരണങ്ങളുണ്ടെങ്കിൽ കൂടിയും ആദ്യമായി കാര്യക്ഷമതയോടെ ആഫ്രിക്കാനറബി ഉപയോഗിച്ചത് ഗ്രാമങ്ങളിൽ നിന്ന് കണ്ടെടുത്ത കിതാബുകളിലാണെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ നിഗമനം. കൂടാതെ 1925 വരെ ഔദ്യോഗിക ഭാഷാ പദവി ലഭിക്കാത്തതിനാൽ ആഫ്രിക്കാൻസ് അവിടത്തെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നുമില്ല. അനവധി സമയത്തെ പരിശ്രമത്തിനൊടുവിൽ ആഫ്രിക്കാനറബിയിലെ ഒരു കിതാബ് വായിച്ചു കേൾപ്പിക്കാമെന്ന് അബ്ദിയ ഞങ്ങൾക്കായി സമ്മതം മൂളി. കണ്ണടയെല്ലാം ധരിച്ചു വായിക്കാനൊരുങ്ങവെ വികാരനിർഭരമായ കണ്ണുകളോടെ അവർ പറഞ്ഞു,”ഇല്ല, എനിക്കതിന് കഴിയില്ല, കൊറേ കാലമായി ഞാനിത് വായിച്ചിട്ട്, ഒഴുക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു”. അതൊരു ഉറച്ച തീരുമാനമായി ഞങ്ങൾക്കനുഭവപ്പെട്ടു. എങ്കിലും, തന്റെ ഭർത്താവിന്റെ സ്മരണാർത്ഥം അവർ രചിച്ച ഒരു കവിത ചൊല്ലിത്തന്ന് ഞങ്ങളുടെ ആഗ്രഹ ശമനത്തിന് സഹായിച്ചു എന്ന് പറയാം.
അബ്‌ദിയ്യയുടെ കുടുംബ പരമ്പര ചെന്നെത്തുന്നത് ഇൻഡോനേഷ്യൻ ദ്വീപ് സമൂഹത്തിലെ സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രമായ ടിഡോറിലെ (Tidore) ഇമാം അബ്ദുല്ലാഹ് ഖാദിരിയിലേക്കാണ്. ബ്രിട്ടീഷുകാരുമായി സഹകരിച്ചെന്നാരോപിച്ച് 1780 ൽ അദ്ദേഹത്തെ തടവുപുള്ളിയായിട്ട് കേപ് ടൗണിലേക്ക് ഡച്ചുകാർ പിടിച്ചു കൊണ്ടുവരികയായിരുന്നു. നെൽസൺ മണ്ടേല 18 വർഷത്തോളം തടവുശിക്ഷ അനുഭവിച്ച റോബൻ ദ്വീപിലെ (Robben Island) തടവറയിലാണ് പത്ത് വർഷക്കാലം അദ്ദേഹത്തെയും ശിക്ഷക്കിരയാക്കിയത്. അവിടെ വെച്ച് ഖുർആനിന്റെ നിരവധി കൈയ്യെഴുത്തു പ്രതി അദ്ദേഹം എഴുതിയുണ്ടാക്കി. കൂടാതെ ജയിൽ മോചിതനായ തൊട്ടുടനെ ആഫ്രിക്കയിലെ ആദ്യ പള്ളിയായ അവ്വൽ മോസ്‌ക്വിന് അദ്ദേഹം ശില പാകുകയും ചെയ്തു.
അബ്‌ദിയ്യയോടുള്ള സംഭാഷണത്തിന് ശേഷം അവരുടെ അയൽകാരുമായെല്ലാം ഞാൻ സംവദിക്കുകയുണ്ടായി. കിതാബിനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവർ നൽകിയ അവ്യക്തമായ നോട്ടങ്ങൾ അവർക്കതിനെ സംബന്ധിച്ച് വലിയ ധാരണയൊന്നുമില്ലെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു. അതിലൊരു കുടുംബം പ്രസിദ്ധ പണ്ഡിതനായ അശ്മാത് ഡേവിഡ്‌സിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ആഫ്രിക്കാനറബി പഠിക്കാനായിരുന്നു അദ്ദേഹം മാറ്റിവെച്ചിരുന്നത്. 1998 ൽ 59 വയസ്സായിരിക്കെ അദ്ദേഹം അന്തരിച്ചതോടെ കിതാബുകളുടെ നിഗൂഢ സ്വഭാവം വർധിച്ചു. അദ്ദേഹം താമസിച്ചിരുന്ന വീടിപ്പോൾ വിദേശ വിദ്യാർത്ഥികൾ വാടകക്കെടുത്തിരിക്കുകയാണ്. അദ്ദേഹം ആരാണെന്നോ അദ്ദേഹത്തിന്റെ കിതാബുകളെവിടെയാണെന്നോ അവർക്കാർക്കും നിശ്ചയമൊട്ടുമില്ലതാനും. ചിലർ അദ്ദേഹത്തിന്റെ സഹോദരിയെ ചെന്ന് കാണാനും മറ്റു ചിലർ രണ്ടാം ഭാര്യയെ സമീപിക്കാനും ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ എല്ലാം വിഫലമായിരുന്നു. അബ്‌ദിയ്യയുടെ പരമ്പരയിൽ ശേഷിക്കുന്നവരെ പോലെ തന്നെ നിലവിൽ ആഫ്രിക്കാനറബി പരിജ്ഞാനമുള്ളവർ തുലോം തുച്ഛമാണ്.
തുടർന്ന് വായിക്കുക: ആഫ്രിക്കൻ കിതാബ് പാരമ്പര്യത്തിന്റെ ചരിത്രവും വർത്തമാനവും

ചിത്രങ്ങൾ: സാമന്ത റീഇൻഡേർസ്
വിവർത്തനം : ഫവാസ് സുലൈമാൻ
Comments are closed.