വൈകുന്നേരം ഏഴ് മണിക്ക് ക്ലാസ് കഴിഞ്ഞു എല്ലാവരും പുറത്ത് ബസ് കാത്ത് നിൽക്കുന്നു. തലേ ദിവസം പറഞ്ഞുറപ്പിച്ചത് പ്രകാരം ആദ്യത്തെ മജ്‌ലിസ് ദോഹയിലെ സൂഖ് വാഖിഫിൽ വെച്ചാണ് നടക്കുന്നത്. നാട്ടിൽ നിന്ന് ഖത്തറിലേക്ക് പോരുന്നതിനു മുമ്പ് തന്നെ പലരും സൂഖ് വാഖിഫിനെ കുറിച്ച് പറഞ്ഞിരുന്നു. മുമ്പ് ഒരു തവണ അവിടെ പോയിട്ടുണ്ട്. ഖത്തറിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷൻ എന്നതിൽ ഉപരി മറ്റൊന്നും അന്ന് അനുഭവപ്പെട്ടിരുന്നില്ല. ഖത്തറിലുള്ള സുഹൃത്തുമായി ആദ്യം പോയ സമയത്ത് ഒന്ന് ചുറ്റി കണ്ടു. ഒരു തുർക്കിഷ് സുലൈമാനിയും കുടിച്ച് പിരിഞ്ഞു. നല്ല ഓപ്പൺ എയറിൽ ഇരുന്ന് പോയ കാലത്തെ കഥകൾ പറഞ്ഞ് ഇരുന്നത് കൊണ്ട് കൂടുതൽ അലച്ചിലൊന്നും നടത്തിയില്ല. അത് പിന്നെ, ഓർമ്മകൾ അങ്ങിനെ പറഞ്ഞിരുന്നാൽ സ്ഥല-കാല ബോധങ്ങൾ പതിയെ മറഞ്ഞുപോകുമല്ലോ.

പക്ഷെ ഇത്തവണ വ്യത്യസ്തമായ ഒരു കാര്യത്തിനാണ് പോവുന്നത്. തൊട്ട് മുൻപുള്ള ദിവസമാണ് യൂണിവേഴ്സിറ്റിയിൽ വെച്ച് CILE (Centre for Islamic Legislation and Ethics)ന്റെ കീഴിൽ ഒരു വർക് ഷോപ് നടക്കുന്നത്. സൂഫിസം, ജൻഡർ, മൊറാലിറ്റി തുടങ്ങിയവയാണ് പ്രധാന ചർച്ച. മുഖ്‌താർ അലി, ആതിഫ് ഖലീൽ, സഅദിയ ശൈഖ്, സഹ്‌റ അയ്യൂബി തുടങ്ങിയ പ്രമുഖർ അടങ്ങിയ പാനലാണ്. അവസാന ദിവസത്തെ പരിപാടിയും കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് ഡിന്നർ കഴിക്കുന്നതിനിടയിലാണ് കൂട്ടത്തിൽ ഒരാൾ ഒരു സൂഫി മജ്‌ലിസിനെക്കുറിച്ച് സംസാരിക്കുന്നത്. അതിഗഹനമായ സൂഫി ചർച്ചകൾക്കു ശേഷം, സൂഫിസം ആത്മാവിലേക്ക് സഞ്ചരിക്കുന്നതിന്റെ പ്രായോഗികത എന്ന തിരിച്ചറിവിൽ പലർക്കും ആ ആശയം ഇഷ്ട്ടപെട്ടു. ആധ്യാത്മികത അക്കാദമിക്സിന്റെ കനം കൂടിയ വാക്കുകളിൽ കിടന്ന് ചിലപ്പോഴൊക്കെ ഞെരിഞ്ഞ് പുളയാറുണ്ടോ എന്ന സംശയം അന്ന് പലർക്കും ഉണ്ടായിരുന്നു. അത്തരം ഒരു അസ്വസ്ഥതയിൽ നിന്നാണോ ഇങ്ങിനെയുള്ള ഒരു ‘മജ്‌ലിസ്’ എന്ന ആലോചനയിലേക്ക് ചിലരെങ്കിലും എത്തിയത് എന്ന് സംശയിച്ചാൽ ഒരു പക്ഷെ തെറ്റായി കാണാൻ കഴിയില്ല.

അന്ന് രാത്രി കൂട്ടുകാരൻ ഫാതിഹ് വാട്സാപ്പിൽ മെസ്സേജ് അയച്ചു. ആ കൂട്ടത്തിൽ അവനായിരുന്നു മജ്‌ലിസിനോട് കൂടുതൽ താത്പര്യം. ഇറാഖിലെ സുലൈമാനിയയിൽ നിന്നുള്ള കുർദ് വംശജനാണ് ഫാതിഹ്. സൂഫി ജീവിതത്തിന്റെ നനവും വെളിച്ചവുമുള്ള സുലൈമാനിയ പോലെയുള്ള ഒരു സ്ഥലത്ത് നിന്നും തീർത്തും അക്കാദമികമായ ഒരു പരിസരത്തേക്ക് വരുമ്പോൾ, ഒരുപക്ഷെ, നേരത്തെ സൂചിപ്പിച്ച ഒരു തരം അസ്വസ്ഥത അവന് അനുഭവപ്പെട്ടിരിക്കാം.

മജ്‌ലിസിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവരുടെ വിവരം ശേഖരിച്ച് ഒരു വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി. അതിന് Spiritual Majlis എന്ന് നാമകരണവും ചെയ്തു. മുഖ്താർ അലി മജ്‌ലിസിൽ വരാം എന്നേറ്റു. ബെർക്കിലിയിലെ ഇസ്‌ലാമിക് സ്റ്റഡീസിലെ അധ്യാപകനാണ്. ഹൈദരാബാദിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ്. ചെനീസ് പാരമ്പര്യ വൈദ്യശാസ്ത്രത്തിലൊക്കെ നിപുണനാണ്. അതിനിടക്ക് ഒരുപാട് കാലം വിവിധ കിഴക്കൻ രാജ്യങ്ങളിൽ സഞ്ചരിച്ച് ഇസ്‌ലാമിക വിജ്ഞാനം കരസ്ഥമാക്കി. ബെർക്കിലിയിൽ നിന്ന് തന്നെ ഹാമിദ് അൽഗാറിന്റെ കീഴിൽ സൂഫി പഠനത്തിൽ പിഎച്ച്ഡിയും സ്വന്തമാക്കി. യൂറോ-അമേരിക്കൻ അക്കാദമിയിൽ ഇങ്ങനെയുള്ള പഠന ധാരകൾ പിന്തുടർന്ന/ പിന്തുടർന്ന് കൊണ്ടിരിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അവയിൽ മിക്കപേരും ആദ്യകാലങ്ങളിൽ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തവരാണ്. അറിവ് തേടി അലഞ്ഞു തിരിഞ്ഞു അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദർവീശുകളെപ്പോലെ യാത്ര ചെയ്തിട്ടുണ്ടാവും. മക്കയിലേക്ക് മുഹമ്മദ് അസദൊക്കെ വഴി വെട്ടിയ പോലെ, ആധുനികതയുടെ ഊശരതയിൽ നിന്ന് ഒളിച്ചോടി അവർ ആധുനികതയുമായി പുതിയ സംവാദങ്ങൾ തുറക്കുന്നത് കാണാം. അതിനെക്കുറിച്ചോക്കെ വിശദാമായി പിന്നീട് എഴുതാം.

ഗ്രൂപ്പിൽ മജ്‌ലിസ് നടത്തേണ്ട സ്ഥലത്തെ സംബന്ധിച്ച് സജീവമായ ചർച്ചയാണ്. നിരവധി അഭിപ്രായങ്ങൾ വന്നു. അതിൽ ശ്രദ്ധേയമായ കാര്യം പലരും നിർദ്ദേശിച്ച സ്ഥലങ്ങൾ തന്നെയാണ്. കോർണിഷിലെ ആളൊഴിഞ്ഞ സ്ഥലം, ഖത്തർ ഇസ്‌ലാമിക് മ്യൂസിയത്തിന് അടുത്തുള്ള ഒഴിഞ്ഞ പാർക്ക്, കടൽ തീരം, അങ്ങിനെ. ഒടുവിൽ കൂട്ടത്തിൽ ഒരാൾ തന്നെ സൂഖ് വാഖിഫ് മുന്നോട്ട് വെച്ചു. ദോഹയിലെ ഫാനാറിന് അഭിമുഖമായി ഉള്ള സ്ഥലത്ത് കുറച്ച് കഫെകൾ ഉണ്ടെന്നും, വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഉണ്ടാവില്ല എന്നും പറഞ്ഞു. എല്ലാവരും അത് സമ്മതിച്ചു. നോക്കൂ, ഇവിടെ നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങൾക്കെല്ലാം ഒരു പൊതുവായ സ്വഭാവം ഉണ്ട്. ആത്മീയതയെക്കുറിച്ച് സംസാരിക്കാൻ നിശബ്ദതയാണ് എല്ലാവരും തേടുന്നത്. മൗനവും, ഏകാന്തതതയുമാണ് നിർദ്ദേശിക്കപ്പെട്ട ഇടങ്ങളെയെല്ലാം ഒന്നാക്കുന്നത്. മൗനമാണ് ദൈവത്തിന്റെ ഭാഷ എന്ന് സൂഫി ഗുരുക്കൾ പറഞ്ഞതിന്റെ അന്തരാളനങ്ങളിൽ പലയിടത്തും ശബ്ദത്തോടുള്ള കലഹങ്ങളുണ്ട്.

അങ്ങനെ അടുത്ത ദിവസം ഞങ്ങൾ സൂഖിലെത്തി. നേരത്തെ സ്ഥലത്തെത്തിയത് കൊണ്ടും, ചില വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് വരാനുള്ളത് കൊണ്ടും ഞങ്ങൾ ചെറിയ കൂട്ടങ്ങളായി സൂഖിൽ അലയാൻ തുടങ്ങി. അതി സമ്പന്നമായ രാജ്യമാണ് ഖത്തർ. താരതമ്യേനെ ചെറിയ രാജ്യമാണെങ്കിൽ പോലും, അംബരചുംബികളായ കെട്ടിടങ്ങൾക്ക് പഞ്ഞമില്ല. സൂഖ് വാഖിഫ് തലസ്ഥാനമായ ദോഹയുടെ ഹൃദയ ഭാഗത്താണ്. പെട്രോ-ഡോളറിന്റെയും എണ്ണയുടെയും കടന്ന് വരവിനു മുൻപ്, പേർഷ്യൻ ഗൾഫിലൂടെയുള്ള വാണിജ്യത്തിന്റെ ഒരു സുപ്രധാന കേന്ദ്രമായിരുന്നു സൂഖ് വാഖിഫ്. ആദ്യം ഇറാനി സൂഖ് എന്നാണ് അറിയപ്പെട്ടിരുന്നത്.

സൂഖുകൾ അറബ്-പേർഷ്യൻ സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാണ്. ഒട്ടുമിക്ക മധ്യപൗരസ്ത്യ ദേശത്തും സൂഖുകൾ സജീവമാണ്. അതിലുപരി, സൂഖുകൾ മുസ്‌ലിം ഹാബിറ്റാറ്റിന്റെ ഹൃദയം കൂടിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട സൂഖ് ഒരുപക്ഷെ ‘ഉക്കാള് സൂഖ്’ ആയിരിക്കും. പൂർവ്വ ഇസ്‌ലാമിക അറേബ്യയുടെ വാണിജ്യ-സാംസ്കാരിക തലസ്ഥാനമായിരുന്ന സൂഖ് ഉക്കാള് മക്കയിൽ ആയിരുന്നു . ഉംറുൽ ഖൈസ് അടങ്ങുന്ന അറബ് കവികൾ തങ്ങളുടെ മാസ്മരികമായ കാവ്യശകലങ്ങൾ പാടി, അതിൽ മികച്ചത് കഅബയിൽ കെട്ടിത്തൂക്കുമായിരുന്നു.

ഒരുപാട് കാര്യങ്ങളുടെ കൂടിച്ചേരലാണ് സൂഖിന്റെ സവിശേഷത. വ്യത്യസ്തരായ മനുഷ്യർക്ക് പുറമെ, വിവിധങ്ങളായ നിറങ്ങൾ, ശബ്ദങ്ങൾ, രുചികൾ, സംഗീതങ്ങൾ തുടങ്ങി വിപുലമായ ഒരു ഹാബിറ്റാറ്റ് തന്നെയാണ് സൂഖ്. സൂഖ് വാഖിഫിൽ അത്യാധുനികമായ നിർമ്മിതികളില്ല. ചെറിയ ചെറിയ കെട്ടിടങ്ങളിലായാണ് കച്ചവടങ്ങൾ. മണ്ണും, മരവും, ഓലയും കൊണ്ടാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ചെറിയ കച്ചവടങ്ങളാണ് അതിനുള്ളിൽ. എല്ലാതരം കച്ചവടങ്ങളുമുണ്ട്. പക്ഷെ, അതിനേക്കാൾ ഏറെ ആകർഷണീയത സൂഖിലെ മണമാണ്. സൂഖിന്റെ ഓരോ തെരുവുകൾക്കും ഓരോ മണമാണ്. ശബ്ദത്തെക്കാൾ (Sound) സൗകുമാര്യതയുള്ള സുഗന്ധങ്ങൾ (smell) ചേർന്നതാണ് സൂഖിന്റെ പരിസരം. പിന്നെയുള്ളത്, മനുഷ്യരാണ്. വാർദ്ധക്യത്തിലും ചരക്കുമായി ഉന്തുവണ്ടി തള്ളി നീക്കി ജീവിത സഞ്ചാരം നടത്തുന്ന വൃദ്ധരായ ഹമ്മാലികൾ, ഓരോ മൂലയിലും ചെറിയ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന വിദേശി സ്ത്രീകൾ, പാട്ടും ആട്ടവുമായി നിറഞ്ഞാടുന്ന അറബികളും അനറബികളും, സൂഖിന് മധ്യത്തിലുള്ള കഫെകളിൽ ഇരുന്ന് ചായകുടിക്കുകയും, ശീശ വലിക്കുകയും ചെയ്യുന്നവർ, മറ്റൊരു മൂലയിൽ മനോഹരമായി അറബി കാലിഗ്രഫി ചെയ്യുന്ന കലാകാരന്മാർ, അതിനിടക്ക് സന്ധ്യക്ക് നടക്കാനിറങ്ങിയ കുടുംബങ്ങൾ…ആ വരി അങ്ങിനെ നീളും.

പെരുമാറ്റങ്ങളാണ് (അഖ്‌ലാഖ്) സൂഫി ദാർശനികതയുടെ അടിസ്ഥാന തത്വം. സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള പെരുമാറ്റത്തിലുള്ള കരുതലുകളും, സൗന്ദര്യവുമാണ് വിശ്വാസിയുടെ ജീവിതത്തെ നനവുള്ളതാകുന്നത്. നല്ല രീതിയിലുള്ള പെരുമാറ്റം മാത്രമല്ല, തിന്മയോടുള്ള വിയോജിപ്പ് കൂടിയാണ് നല്ല അഖ്‌ലാഖ്. ആധുനികതയുടെ ശീലങ്ങളോട് പലപ്പോഴും സൂഫികൾ പുറം തിരിഞ്ഞു നിൽക്കുന്നതും അതുകൊണ്ടാവണം. അത് ചില സമയത്ത് ചില സ്ഥലങ്ങളോടും സമയത്തോടും ആവാം. നിറഞ്ഞ വെളിച്ചവും, ശീതീകരിച്ച മുറികൾക്കും പകരം ഒരു ചായക്കട സൂഫി സംസാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെടുന്നതിൽ തന്നെ, ജൈവികമായ തസവ്വുഫിന്റെ വിയോജിപ്പ് ഉണ്ട്. ഹിറ ഗുഹയുടെ ഏകാന്തതയിലേക്ക് പ്രവാചകൻ പോയത് മുതൽ അതിന്റെ പാരമ്പര്യം തുടങ്ങുന്നുണ്ട്.

FB_IMG_1522044043703

സൂഫിസം സംസാരിക്കാനും പറയാനും സൂഖിലെ ആൾപ്പെരുമാറ്റം കുറഞ്ഞ ഇടങ്ങളിലെ ഏകാന്തതയേക്കാൾ മികച്ച സ്ഥലം ഉണ്ടെന്ന് തോന്നുന്നില്ല. മജ്‌ലിസിലേക്ക്‌ വരാം എന്നേറ്റവരിൽ വ്യത്യസ്ത ഭാഷക്കാരും, നിറക്കാരും ഉണ്ട്. ഇന്നെലെ ഇസ്‌ലാമിലേക്ക് കടന്ന് വന്നവരും അല്ലാത്തവരും ഉണ്ട്. സൂഫികൾ സംസാരിച്ചത് വൈവിധ്യങ്ങളിലെ ഏകീയമായ പൊരുത്തത്തോടാണ്. നിറങ്ങൾക്കും, ഭാഷകൾക്കും, ലിംഗങ്ങൾക്കും, അപ്പുറത്തുള്ള നന്മയുടെയും, തിന്മയുടയും ലോകവും കടന്ന് അത് സൗന്ദര്യത്തിലേക്ക് പ്രവേശിക്കുന്നു. അതുകൊണ്ടായിരിക്കാം സൂഫി എഴുത്തുകളിലും, പറച്ചിലുകളിലും വ്യവസ്ഥതികളുടെ നിർണ്ണിതമായ വർഗ്ഗീകരണത്തിനു പുറത്തേക്കുള്ള ഒഴുക്കുകൾ ഉണ്ടായത്.

അൽപ്പ സമയത്തിനു ശേഷം നേരത്തെ നിശ്ചയിച്ച കഫെയിൽ എത്തി. ഒട്ടുമിക്ക പേരും എത്തിയിട്ടുണ്ട്. ആരൊക്കെയോ പറഞ്ഞ് തുടങ്ങി. ഒടുവിൽ മുഖ്താർ അലിയുടെ സംസാരം ആയി. അതിനിടയ്ക്ക് ആരൊക്കെയോ എന്തൊക്കെയോ ഓർഡർ ചെയ്തു. വലിയ വിശപ്പ് ഇല്ലാത്തതു കൊണ്ട് ഒരു ടർക്കിഷ് കോഫി പറഞ്ഞു. മുഖ്താർ അലിയുടെ ആഴമുള്ള സംസാരം. മകാരുമുൽ അഖ്‌ലാകും, ഫുതൂവ്വയും, തുടങ്ങിയ സൂഫി പദാവലികൾ കഫേയിലെ ഏതോ മൂലയിൽ നിന്ന് ഉയരുന്ന ജോർദാനിയൻ സംഗീതത്തിൻറെ പശ്ചാത്തലത്തിൽ അവിടെയിവിടെയായി ചിതറിക്കിടന്നു.

FB_IMG_1522043981762


ചിത്രങ്ങൾ: ഇർഷാദ് ഇബ്രാഹിം
അൽ ജസീറ ഇന്റേൺ

Write A Comment