ഡൽഹി ജമാമസ്ജിദിലെ ഒരു സാധാരണ വൈകുന്നേരം. വിദേശികളും സ്വദേശികളുമായി നിരവധിയാളുകൾ പതിനാറാം നൂറ്റാണ്ടിൽ നിർമിതമായ ആ വാസ്തുശാസ്ത്ര അത്ഭുതത്തിന്റെ പലഭാഗത്തതായി കൂട്ടം കൂടി നടക്കുന്നുണ്ടായിരുന്നു. പള്ളിയുടെ നടുമുറ്റത്തും അരികുകളിലെ ചെറിയ ഇടനാഴികളിലുമെല്ലാം വട്ടംകൂടിയിരുന്ന് ആളുകൾ സംസാരിക്കുന്നുണ്ട്. സമയം സന്ധ്യയാവാറായിരിക്കുന്നു. മുഅദ്ദിൻ മഗ്‍രിബ് ബാങ്കിന് മുമ്പ് മൈക്കിൽ തട്ടി പ്രാർത്ഥിക്കുന്നത് കേൾക്കാം. ഇസ്‌ലാമിൽ നിശബ്ദതയോട് കൂടിയ പ്രതികരണം ആവശ്യപ്പെടുന്ന കർമമാണ് ബാങ്ക്. എന്നാൽ പലതരം ശബ്ദങ്ങൾക്ക് നടുവിലേക്കാണ് ഈ ബാങ്കുവിളി ഉയർന്നത്. മൈക്കിലൂടെ ബാങ്കൊലി കേൾക്കുമ്പോൾ തന്നെ ആളുകൾ സംസാരിക്കുന്നത്തിന്റെ കലപില ശബ്ദം നമുക്ക് കേൾക്കാം. നമസ്കാരം നടക്കുമ്പോൾ പോലും ഇത് തുടരും. പള്ളിക്കകത്ത് ജമാഅത്ത് നമസ്കാരം നടക്കുമ്പോൾ ഇൻസ്റ്റഗ്രാം റീലുകളും ടിക്ടോക്ക് വീഡിയോകളും കാണുന്ന ശബ്ദം ഈ നടുമുറ്റത്തിന്റെ പലഭാഗങ്ങളിൽ നിന്നും കേൾക്കാം. ഇത്തരത്തിൽ, പ്രഥമ ദൃഷ്ടിയിൽ മതകീയമായ ഒരു അനുഭൂതി പകരുന്ന ഈ സ്ഥലം വൈവിധ്യം നിറഞ്ഞ ഇടങ്ങളായി നിരന്തരം പരിവർത്തനം ചെയ്യുന്നത് നമുക്ക് കാണാം. ജമാമസ്ജിദിന്റെ സാമൂഹികത (social) നൽകുന്ന ഇടങ്ങളുടെ ഇന്ദ്രിയാനുഭൂതികളെ മനസ്സിലാക്കുന്നതിന് വേണ്ടി നമ്മുടെ ചെവികൾ കൂർപ്പിച്ച് വെക്കുകയും ഇന്ദ്രിയങ്ങളെ പുതുക്കുകയും ചെയ്താൽ ആദ്യ കാഴ്ച്ചയിലെ മതകീയ ഇടമെന്ന നമ്മുടെ ധാരണ പതിയെ മാറിമറിയും. ജമാമസ്ജിന്റെ ശബ്ദ-ഘ്രാണ-ദൃശ്യ വൈവിധ്യങ്ങളുടെ ലോകത്തെ ഈ സാമൂഹികതയിലൂടെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. ഇവിടെ ജമാമസ്ജിദ് എന്നാൽ പള്ളിയും, അത് നിലനിക്കുന്ന ചുറ്റുപാടും, തെരുവുകളും എല്ലാം അടങ്ങിയതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ശബ്ദം, ഗന്ധം, ഇടം: നിർമാണത്തിന്റെ ഘടനകൾ

ശബ്ദത്തെ (ഒച്ചയെ) നിർമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ഇടമായിട്ട് ജമാമസ്ജിദിനെ മനസ്സിലാക്കാൻ അനവധി മാർഗങ്ങളുണ്ട്. അതൊരു മതകീയ ഇടമാണോ അതോ ചരിത്ര സ്മാരകമാണോ? മുഗൾ പൈതൃകത്തെ കുറിക്കുന്ന ഒരു സാംസ്കാരിക സ്ഥലമാണോ ഇനിയത്? ഇതിൽ നിന്നും ഏത് തിരഞ്ഞെടുത്താണ് ജമാമസ്ജിദ് എന്ന ഇടത്തെ നമ്മൾ മനസ്സിലാക്കേണ്ടത്? ഒരുപക്ഷെ, ഇവയുടെയെല്ലാം സങ്കലമാണ് ജമാമസ്ജിദ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം. ‘നിശിതമായ നിയമ യുക്തിയിൽ സംരക്ഷിക്കപ്പെടുന്ന ഒരു സ്മാരകമല്ല (protected monument) ജമാമസ്ജിദ് എന്ന് ഹിലാൽ അഹ്മദ് നിരീക്ഷിക്കുന്നുണ്ട്. മധ്യകാല മുസ്‌ലിം പൈതൃകമായ ഇത് പിന്നീട് കോളനിയാനന്തര ഇന്ത്യയിൽ ഒരു ചരിത്ര വസ്തുവായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മറ്റ് മുഗൾ സ്മാരകങ്ങളെ അപേക്ഷിച്ച് ആർക്കിയോളജിക്കൽ നിയന്ത്രണങ്ങൾ വളരെ ദുർബലമായ ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ സ്വാഭാവികമായ അഞ്ച് നേര നമസ്കാരങ്ങൾ നടക്കാറുണ്ട്. ജമാമസ്ജിദിലെ ശബ്ദലോകത്തെ കുറിച്ചുള്ള ആലോചനകൾ നമസ്കാരത്തിന്റെയും, ബാങ്കുവിളിയുടെയും ഖുർആൻ പാരായാണത്തിന്റെയും ശബ്ദങ്ങളുമായാണ് നാം പലപ്പോഴും ചേർത്തുവെക്കാറുള്ളത്. എന്നാൽ, ഈ ധാരണയെ പലപ്പോഴും പരിമിതമായ അളവിലെങ്കിലും ജമാമസ്ജിദ് മാറ്റി മറിക്കാറുണ്ട്.

കോലാഹങ്ങൾ നിറഞ്ഞ ഇടമാണ് ജമാമസ്ജിദ്. ‘കോലാഹാലങ്ങളുടെ അനന്തമായ വ്യതിരിക്തതകളെ കുറിച്ച് ലുയിഗി റുസോളോ ഓർമിപ്പിക്കന്നുണ്ട്. കോലാഹാലത്തിന്റെ, ഒച്ചയുടെ സാധ്യതകളെ തിരിച്ചറിയണമെങ്കിൽ അവ ആഘോഷിക്കപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പ്രണയിതാക്കളുടെ അടക്കം പറച്ചിലുകൾ, ഉമ്മമാരുടെ കുട്ടികളോടുള്ള ഒച്ചവെക്കലുകൾ, പരസ്പരം തമാശകൾ പറഞ്ഞിരിക്കുന്ന കുടംബക്കൂട്ടങ്ങളിൽ നിന്നും ചിതറിത്തെറിക്കുന്ന പൊട്ടിച്ചിരികൾ തുടങ്ങിയവ ജമാമസ്ജിദിനകത്ത് നിർമിക്കപ്പെടുന്ന വിവിധങ്ങളായ ശബ്ദാനുഭൂതികളുടെ ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള ദൈനംദിന ശബ്ദങ്ങൾ വൈവിധ്യങ്ങൾ പലപ്പോഴും മതകീയമായ അനുഭൂതികളോടും ശബ്ദങ്ങളോടും ചേർന്ന് നിൽക്കുന്നത് കാണാം. ഭൗതിക ശബ്ദങ്ങളുടെയും അതിഭൗതിക ലോകങ്ങളുടെയും ഈ സവിശേഷമായ സങ്കലനമാണ് ജമാമസ്ജിദെന്ന ഇടത്തിന്റെ ദൈനംദിനാനുഭവത്തിന് അർത്ഥവും രൂപവും നൽകുന്നത്. സാമൂഹ്യ-സാംസ്കാരിക ദൈനംദിനതക്ക് സക്രിയമായി യാതൊരു ഗുണവും പകരാത്ത നിഷ്ക്രിയമായ ജീവ-മനശ്ശാസ്ത്ര അനുഭൂതികളായി പലപ്പോഴും അവഗണിക്കപ്പെടാറാണ് ഇന്ദ്രിയാനുഭൂതികൾ. എന്നാൽ, ഇന്ദ്രിയാനുഭൂതികളെക്കുറിച്ചുള്ള സമീപകാലത്തെ നരംവംശശാസ്ത്ര പഠനങ്ങൾ ‘സാംസ്കാരിക വിവക്ഷകളെ ഉൽപാദിപ്പിക്കുന്ന ജീവശാസ്ത്രപരമായ തലത്തിൽ നിന്നും വിട്ടുമാറി ‘സെൻസോറിയം’ എന്ന സാംസ്കാരിക നിർമിതിയെ സൃഷ്ടിക്കുകയന്ന ഇന്ദ്രിയാനുഭൂതികളുടെ ഭൗതികതയും സാമൂഹികതയും’ തങ്ങളുടെ പഠനവിഷയമായി സ്വീകരിക്കുന്നുണ്ട് (Porcello et. Al 2010, 52-53).

ദൈനംദിന സാമൂഹികത (Everyday social) എന്ന സങ്കല്‍പത്തെ വിവരിക്കുമ്പോള്‍, സാമൂഹികവത്കരണത്തെ കുറിച്ച് പഠിപ്പിക്കുന്നതിലൂടെ മാത്രമല്ല, മറിച്ച് അതിനെ അനുഭവിക്കുന്നതിലൂടെയും കൂടെയാണ് ആളുകള്‍ സാമൂഹികതയെ മനസ്സിലാക്കുന്നത് എന്ന് ഗോപാല്‍ ഗുരുവും സുന്ദര്‍ സരുക്കായും നിരീക്ഷിക്കുന്നത്. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് ലഭ്യമായ ഒരു യഥാര്‍ത്ഥ വസ്തുവാണോ സാമൂഹികത എന്ന ചോദ്യത്തില്‍ നിന്നും വിട്ടുമാറിക്കൊണ്ട് ഇന്ദ്രിയങ്ങളിലൂടെ എങ്ങനെയാണ് ആളുകള്‍ ചില അനുഭവങ്ങളെ മനസ്സിലാക്കുന്നത് എന്ന് തിരിച്ചറിയാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ശബ്ദത്തിന്റെ രൂപഘടനയെ നിയന്ത്രിക്കുന്നത് ഇടവും സമയവുമാണ് എന്ന് വാദിക്കുന്ന ഗുരുവും സരുക്കായും, അവ സമൂഹവുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുകയാണെന്നും നിരീക്ഷിക്കുന്നു.

ഈ ഒരു സങ്കല്‍പത്തില്‍ നിന്നും ജമാമസ്ജിദിലേക്ക് വരുകയാണെങ്കില്‍, മസ്ജിദിന്റെ സാമൂഹികതയെും അതിനെ നിലനിര്‍ത്തുന്ന ഇടപരമായ സവിശേഷതകളെയും മനസ്സിലാക്കുന്നതില്‍ ഇന്ദ്രിയങ്ങളെ ഉപയോഗിക്കാനുള്ള സാധ്യതകള്‍ അനന്തമാണെന്ന് കാണാം. മസ്ജിദിന്റെ നടുമുറ്റത്ത് നിന്നുള്ള ശബ്ദങ്ങൾ മാത്രമല്ല, പ്രശസ്തമായ മീനാ ബസാറിൽ നിന്നും ഉർദു ബസാറിൽ നിന്നുമെല്ലാമുള്ള ശബ്ദങ്ങളും നേരത്തെ പറഞ്ഞ കോലാഹലങ്ങളുടെ ആഘോഷത്തിൽ പങ്കുചേരുന്നുണ്ട്. ഇത് ജമാമസ്ജിദിനെ അതിന്റെ ചരിത്ര-മതപരമായ പ്രാധാന്യത്തിൽ നിന്നും വിഭിന്നമായ ഒരു സവിശേഷ ഇടമായി മാറ്റിത്തീർക്കുന്നു. തുല്യപ്രാധാന്യമർ‍ഹിക്കുന്നതാണ് അതിന്റെ മതകീയ സ്വഭാവം വീണ്ടെടുക്കാൻ വേണ്ടി ജമാമസ്ജിദ് നടത്തുന്ന ഇടപരമായ പുനർ‍ പ്രവർത്തനങ്ങൾ.

നമസ്ക്കാരം ദൈവവുമായിട്ടുള്ള സംഭാഷണമാണെന്നാണ് (മുനാജാത്ത്) കരുതപ്പെടുന്നത്. ഇത്തരത്തിൽ, അതിഭൗതിക സംഭാഷണങ്ങളെ നിരന്തരം ഉൽപാദിപ്പിക്കുന്ന ഇടങ്ങളാണെന്ന് മസ്ജിദുകൾ എന്ന്കാണാം. പ്രാഥമികമായി, ഇസ്‌ലാമിന്റെ ശബ്ദ അടയാളങ്ങളാണ് പള്ളികളില്‍ നിന്നുമുള്ള ബാങ്ക് വിളികള്‍. ഓരോ മുസ്‌ലിമിന്റെയും ദൈനംദിന ജീവിതത്തെ കുറിക്കുന്ന ശബ്ദമുദ്രയാണ് ബാങ്കുകള്‍ എന്ന് സിങ്കപ്പൂരിലെ ബാങ്ക് വിളികളെ കുറിച്ചുള്ള തന്റെ പഠനത്തില്‍ ടി.എസ് ലീ നിരീക്ഷിക്കുന്നുണ്ട്. പ്രാദേശികമായ ഒരു ഇസ്‌ലാമിക സമൂഹത്തിന്റെ അതിരുകളെ കുറിക്കുന്ന ഒരു ശബ്ദമുദ്രയായി ബാങ്ക് മനസ്സിലാക്കപ്പെട്ടിരുന്നു. ശബ്ദ അടയാളങ്ങളിലൂടെ സമൂഹങ്ങളെ മനസ്സിലാക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന ആര്‍.മുറെയ് ശാഫെര്‍, പള്ളിയില്‍ നിന്നും മുഅദ്ദിൻ ബാങ്ക് വിളിക്കുമ്പോള്‍ അതിന്റെ ശബ്ദം എത്തിച്ചേരുന്ന അതിരുകളിലുള്ളവരെയെല്ലാം ശ്രവണസമൂഹത്തിന്റെ (acoustic community) ഭാഗമായി മനസ്സിലാക്കാം എന്ന് നിരീക്ഷിക്കുന്നുണ്ട്. ഈ പ്രാഥമികമായ ശബ്ദരേഖയുടെ നിലനില്‍പ്പ് തന്നെ ജമാമസ്ജിദിന്റെ പരിസരങ്ങള്‍ക്ക് ചുറ്റിലും ഒരു ശ്രവണ സമൂഹത്തെ സൃഷ്ടിക്കുന്നുണ്ട് എന്ന് കാണാം.

ഞാനിതെഴുതുമ്പോള്‍ മഗ്‍രിബ് ബാങ്ക് വിളിക്കുന്നുണ്ട്. തങ്ങളുടെ സാമൂഹികതയെ കുറിച്ചുള്ള പഠനത്തില്‍, സാമൂഹികത എന്ന ആശയത്തിലേക്കുള്ള നിഗൂഢമായ സംഗീതത്തിന്റെ കടന്ന് വരവാണ് ഗുരുവിനെയും സരുക്കായിയെയും സംബന്ധിച്ചിടത്തോളം ബാങ്കുവിളികള്‍. ‍ പ്രാര്‍ത്ഥനയിലേക്കുള്ള കേവലമായ ക്ഷണമല്ല അവര്‍ക്ക് ബാങ്കുവിളി. മറിച്ച് മാനുഷികമെന്നും ദൈവികമെന്നും വിളിക്കാവുന്നതിന്റെ പൊതുവായ അനുഭവത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ശബ്ദരേഖകളാണ് ബാങ്കിലുള്ളത് എന്നവര്‍ നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ, മതത്തിന്റെ സാമൂഹികത എന്നത് സാമൂഹികാനുഭവം സ‍ൃഷ്ടിക്കാനുള്ള സംഗീതത്തിന്റെ സവിശേഷമായ സാധ്യതയെ ഏറെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും അവര്‍ പറയുന്നു.

എന്നാല്‍ ദൈവികതയെും മതകീയതയെയും കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ, നേരത്തെ പരാമർശിച്ച കച്ചവടങ്ങളും കൈമാറ്റങ്ങളുമെല്ലാം നടക്കുന്നതും ഇവിടെത്തനെയാണ് എന്ന് കാണാം. ഈയടുത്ത് നടന്ന പൗരത്വ സമരത്തിന്റെ പ്രധാന പ്രക്ഷോഭ കേന്ദ്രങ്ങളിലൊന്നായ ജമാമസ്ജിദിന്റെ ശബ്ദലോകത്തിന് വന്ന മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. ബാബ് അബ്ദുള്ള ഗേറ്റിന്റെ പടികളിലിരുന്നും നിന്നും ഉർദുവിലും ഹിന്ദിയിലുമുള്ള വിപ്ലവഗാനങ്ങൾ ആലപിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്ന സ്ത്രീകളെ നമുക്ക് അന്നേരങ്ങളിൽ ജമാമസ്ജിദിൽ കാണാമായിരുന്നു. ഇത്തരത്തിൽ, നിരന്തരം സ്വയം പരിസരത്തെ തന്നെ പുനർ നിർമിക്കുന്ന ഇടമായിട്ടാണ് ജമാമസ്ജിദിന്റെ സാധ്യത നിലനിൽക്കുന്നത്.

ഇന്റർനെറ്റിൽ ജമാമസ്ജിദിന്റെ ചിത്രം അന്വേഷിക്കുകയാണെങ്കിൽ പലപ്പോഴും നമുക്ക് ലഭിക്കുക പെരുന്നാൾ ദിനത്തിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന മസ്ജിദിന്റെയും ഓൾഡ് ഡൽഹിയുടെയും ചിത്രമായിരിക്കും. പെരുന്നാൾ ദിനങ്ങളിൽ നമസ്ക്കാരം തുടങ്ങുന്നത് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നിരവധി ദേശീയ മാധ്യമങ്ങളുടെ ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരുമെല്ലാം മസ്ജിദിന്റെ മുകളിൽ കയറി നമസ്കാരത്തിന്റെ ദൃശ്യം പകർത്താൻ കാത്തിരിക്കുന്നത് കാണാം. പിറ്റേ ദിവസത്തെ ദേശീയ മാധ്യമങ്ങളിലും, അന്നേദിവസത്തെ ടി.വി ചാനലുകളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നത് ഈ ‘ജമാമസ്ജിദ്നെസ്സ്’ തുളുമ്പുന്ന ചിത്രമായിരിക്കും. ജമാമസ്ജിദ് ഒരിക്കൽ പോലും സന്ദർശിച്ചിട്ടാലത്തവരുടെ പോലും മനസ്സിൽ ജമാമസ്ജിദിന്റെ ഭാവനകളും പ്രതിനിധാനങ്ങളും നിലനിൽക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട് ഇത്തരം ചിത്രങ്ങൾ. ഈ ചിത്രങ്ങളാണ് മസ്ജിദിന്റെ ജനകീയ-സ്വാഭാവിക ഇടപരമായ പ്രതിനിധാനം നിർവഹിക്കുന്നതും ഉറപ്പിക്കുന്നതും.

ജമാമസ്ജിദിന്റെ സ്ഥലപരമായ സാധ്യതകളെ നിരന്തരം പുനർനിർവചിക്കുന്ന ഇടപരമായ സവിശേഷതകളെ കുറിച്ചും ശബ്ദ-ഇന്ദ്രിയ അനുഭൂതികളെ കുറിച്ചുമായിരുന്നു നേരത്തെ ഈ ലേഖനം അന്വേഷിച്ചിരുന്നത്. എന്നാൽ, ഈ ആലോചനയെ നമ്മൾ തിരിച്ചുവെക്കുകയാണ് എങ്കിൽ, നേരത്തെ ഇടത്തിന്റെ കേവലമായ വിശേഷണം മാത്രമായി നിന്നിരുന്ന ശബ്ദലോകം, അതിന്റെ കേന്ദ്രത്തിലേക്ക് കടന്ന് വരുന്നത് കാണാം. ഇടത്തിന്റെ രൂപീകരണത്തെ നിർമിക്കുകയും നിർണയിക്കുകയും ചെയ്യുന്ന ഘടകങ്ങളായി ഇവിടെ ഇന്ദ്രിയാനുഭൂതികളും, സവിശേഷമായി ശബ്ദലോകവും മാറുന്നു. സാമൂഹ്യ ഇടങ്ങളുടെ നിരന്തരമായ നിർമാണത്തിൽ ശബ്ദം വഹിക്കുന്ന പങ്കിനെ കുറിച്ച് സിംപ്സൺ (2016) അന്വേഷിക്കുന്നുണ്ട്. ഇത് കേവലം ആ ഇടങ്ങളിൽ അധിവസിക്കുന്നവർ അനുഭവിക്കുന്നതിലോ മനസ്സിലാക്കുന്നതിലോ മാത്രമല്ല, ആ ഇടങ്ങളുടെ സ്വഭാവത്തെ തന്നെ രൂപപ്പെടുത്തുന്നതിൽ കൂടെ നിർണായകമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഈ യുക്തി ശബ്ദലോകത്തിന്റെയും ഇന്ദ്രിയാനുഭൂതിയുടെയും സവിശേഷതകളെ കുറിച്ചും ഇടപരമായ നിർമാണത്തിൽ അവയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്


തുടരും
Featured Image: Dewang Gupta

Comments are closed.