1930കളിൽ വിശാലമായ എണ്ണ ശേഖരം കണ്ടെത്തുന്നതിന് മുമ്പ് പേർഷ്യൻ ഗൾഫ് രാഷ്ട്രങ്ങളിലെ ജീവിതരീതി ഇന്നത്തെ അവസ്ഥയിൽ നിന്നേറെ വ്യത്യസ്തമായിരുന്നു. ആധുനിക ബഹ്‌റൈൻ, ഖത്തർ, കുവൈത് എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും പുരുഷന്മാർ അധികവും മത്സ്യബന്ധനം, കപ്പൽ നിർമ്മാണം, നാവിക ജോലി, സമുദ്രത്തിൽ നിന്നുള്ള മുത്ത് ശേഖരണം മുതലായ കടലുമായി നേരിട്ട് ബന്ധപ്പെട്ട തൊഴിലുകളിലായിരുന്നു അക്കാലത്ത് ഏർപ്പെട്ടിരുന്നത്. അവയിൽ മുത്ത് വ്യവസായം ഇന്ന് നിലവിലുള്ള തൊഴിലുകൾ വെച്ച് നോക്കുമ്പോൾ മറ്റുള്ളവയെക്കാൾ അസാധാരണമാണെങ്കിലും, അവയേക്കാൾ ആ കാലത്ത് വിദേശ വ്യാപാരത്തിൽ ഏറ്റവും ലാഭകരമായതായിരുന്നു. പ്രത്യേകിച്ചും മറ്റ് രാജ്യങ്ങളിലേക്ക് മുത്തുകൾ മറിച്ചു വിൽക്കുന്ന കപ്പൽ ക്യാപ്റ്റൻമാർക്കും, വ്യാപാരികൾക്കും. എന്നാൽ, കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ധാരാളം അടിമകകൾ അടങ്ങുന്ന സാധാരണ മുങ്ങൽ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ആ തൊഴിൽ കുലീനമായ ഒന്നായിരുന്നെങ്കിലും, വളരെ ദുഷ്കരവും അപകടം നിറഞ്ഞതും കൂടെയായിരുന്നു. നാലോ അഞ്ചോ മാസം വരെ നീണ്ടുനിൽക്കുന്ന മുത്ത് പര്യവേക്ഷണത്തിൽ ധാരാളം മുങ്ങൽ വിദഗ്ധർ പോഷകാഹാരക്കുറവ്, വിളർച്ച, ശീതപിത്തം, കോമ മുതലായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും, ചിലർ വാൾ മീൻ, സ്രാവ് മുതലായവയുടെ ആക്രമണങ്ങളാൽ കൊല്ലപ്പെടുയോ, മുങ്ങിമരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഖത്തറികളുടെ ആദ്യ നേതാവായ മുഹമ്മദ് ബിൻ അസ്സാനിയുടെ പ്രസിദ്ധമായ വാക്കുകളിങ്ങനെയാണ്:
“മേൽതട്ട് മുതൽ കീഴ്തട്ട് വരെയുള്ള ഞങ്ങളെല്ലാവരും
മുത്ത് എന്ന ഒരു യജമാനന്റെ അടിമകളാണ്”
അത്തരമൊരു സവിശേഷമായ ഒരു തൊഴിലിനെ ചുറ്റിപ്പറ്റി എണ്ണമറ്റ വായ്ത്താരി-ഗാന രീതികൾ രൂപപ്പെട്ടുന്നിരുന്നു. പൊതുവെ ആ രീതികളെയെല്ലാം ഒരുമിച്ച് ഫിജിരി (الفجيري) എന്ന് വിശേഷിപ്പിക്കുമെങ്കിലും, ഫന്നുൽ ബഹ്ർ (സമുദ്രകല – فن البحري) എന്ന വിശാലഗണത്തിന്റെ ഭാഗമായിട്ടാണ് അവ പരിഗണിക്കപ്പെടുന്നത്.
മുത്ത് ശേഖരണം എന്ന തൊഴിൽ പോലെ, അതുമായി ബന്ധപ്പെട്ട സംഗീത പാരമ്പര്യമായ ഫിജിരിയും സാധാരണക്കാർക്ക് അപ്രാപ്യവും അപകടകരവുമായ കലയായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഫിജിരി പാരമ്പര്യത്തിന്റെ ഉത്ഭവം അമാനുഷികമാണെന്ന വിശ്വാസമാണ് ആ പൊതുബോധത്തെ വികസിപ്പിച്ചത്. ഒരു ഐതിഹ്യമനുസരിച്ച്, “ഒരു നീണ്ട യാത്രക്കിടെ ദിൽമുനിൽ (Dilmun) നിന്നുള്ള മൂന്ന് നാടോടികൾ ഒരു നിഗൂഢമായ പള്ളിയിൽ എത്തിച്ചേർന്നു. അവിടെ അവർ പ്രാചീനഭൂതങ്ങളായ ജിന്നുകളെ കണ്ടുമുട്ടി. പകുതി മനുഷ്യരുടെയും പകുതി കഴുതകളുടെയും ശരീരമായി പ്രത്യക്ഷപ്പെട്ട ആ രൂപങ്ങൾ ആ യാത്രക്കാരെ പാട്ടുകൾ പഠിപ്പിച്ചു. പക്ഷേ, മരണവേദന വരെ അവർക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുന്നതിനെ ജിന്നുകൾ അവരെ വിലക്കി. ആ യാത്രക്കാരിലൊരാൾ വൃദ്ധനാവുകയും മരണക്കിടക്കയിലാവുകയും ചെയ്തപ്പോൾ, തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും അയാൾ ആ രഹസ്യം വെളിപ്പെടുത്തുകയും ഫിജിരിയുടെ അറിവ് അവർക്ക് കൈമാറുകയും ചെയ്തു.”
യാത്രകൾക്കിടയിലുള്ള പ്രതിവാര സംഗമങ്ങളിലായിരുന്നു കപ്പലിലെ ജീവനക്കാർ മിക്ക ഫിജിരി ഗാനങ്ങളും ആലപിച്ചിരുന്നത്. ‘ദാർ’ (Dar) എന്ന ഒരു പ്രത്യേക കെട്ടിടത്തിലാണ് ഫിജിരിക്ക് വേണ്ടിയുള്ള ഒത്തുചേരലുകൾ നടക്കുന്നത്. ചിലപ്പോഴെല്ലാം അത് ക്യാപ്റ്റന്റെ വീടായിരുന്നു. നാൽപ്പതോളം പുരുഷന്മാർക്ക് ഒരു ഫിജിരി സംഗമത്തിൽ പങ്കെടുക്കാം. ആ സംഗമത്തിൽ അവർ കാപ്പിയും ചായയും കുടിക്കുകയും, പുകവലിക്കുകയും, കപ്പലോട്ടത്തിന്റെ ബുദ്ധിമുട്ടുകൾ ഓർമ്മിക്കും, പ്രഭാത പ്രാർത്ഥന (ഫജ്ർ) വരെ നൃത്തം ചെയ്യുകയും ചെയ്യുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ആ പ്രഭാത പ്രാർത്ഥനയിൽ നിന്നാണ് ഫിജിരി കലാരീതിക്ക് അതിന്റെ പേര് ലഭിച്ചത് എന്നും ഉണ്ട്.
അതിനുപുറമെ, കപ്പലിലെ വ്യത്യസ്ത ജോലികളുമായി ബന്ധപ്പെട്ട പ്രത്യേകം പാട്ടുകളും ഫിജിരിയിൽ ഉണ്ട്. ‘അഹാസിജ്’ (Ahazij) അല്ലെങ്കിൽ ‘നിഹ്മ’ (Nihma) എന്നാണ് ആ പാട്ടുകൾ അറിയപ്പെടുന്നത്. ഉദാഹരണമായി, കപ്പൽ തുഴയുന്ന സമയത്ത് ആലപിക്കുന്ന പാട്ടുകളാണ് ‘മൈദാഫ്’ (Meydaf). ചെറിയ യാത്രകൾ പോകുമ്പോൾ ആലപിക്കുന്ന പാട്ടുകൾക്ക് ‘ബസ്സെ’ (Basseh) എന്നും, ദീർഘ യാത്രകൾ പോകുമ്പോഴുള്ള പാട്ടുകൾക്ക് ‘ഖെയ്‌ലാമി’ (Qaylami) എന്നും പറയുന്നു. അതുപോലെ, നങ്കൂരം ഉയർത്താനായി കയർ വലിക്കുമ്പോൾ പാടുന്ന പാട്ടുകൾ ‘ഖ്റാബ്’ (Khrab) എന്നാണറിയപ്പെടുന്നത്. അതിനാൽ തന്നെ, ജോലി രീതികളുടെ സ്വാധീനം ആ പാട്ടുകളുടെ രചനയിലും ആലാപനത്തിലുമെല്ലാം കാണാൻ സാധിക്കും.
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തൊഴിൽ പാട്ടുകളിൽ സാധാരണ കാണുന്ന “വിളിക്കുകയും ഉത്തരം നൽകുകയും” (call and response) ചെയ്യുന്ന ഘടന പല ഫിജിരികളിലും ഉണ്ട്. നേതൃത്വം നിർവ്വഹിക്കുന്നതിനായി, കപ്പലിലെ ക്യാപ്റ്റൻ (നവാഖ്ത) ‘നഹ്ഹാം’ എന്ന ഒറ്റക്ക് പാടുന്ന ഒരാളെ (soloist) നിയമിക്കും. യാത്രക്കിടെ നാവികരുടെ ആവേശം ഉയർത്തിപ്പിടിച്ച് പാടുകയല്ലാതെ മറ്റൊരു ജോലിയും ഇല്ലാത്ത വ്യക്തിയായിരിക്കും അദ്ദേഹം. ഉയർന്ന നാദത്തിൽ വളരെ സമഗ്രമായ സ്വരമാധുര്യത്തോടെ നഹ്ഹാം കാവ്യാത്മക വാക്യങ്ങൾ ആലപിക്കും. നാവികരുടെ ഒരു സംഘം നഹ്ഹാമിനെ ഏറ്റുപിടിക്കും. അദ്ദേഹത്തിന്റെ ശൈലികളോടൊത്ത് ആവേശഭരിതവും ഉത്സാഹപൂർണവുമായ ആർപ്പുവിളികളുയർത്തി നാവികർ അവരുടെ ശബ്ദങ്ങൾ ഉപയോഗിച്ച് മുഴക്കം പോലുള്ള മെലഡിക് രീതികൾ ഉണ്ടാക്കും. നഹ്ഹാമിന്റെ ശബ്ദത്തെക്കാൾ കുറച്ച് ഒക്ടേവ്സ് (സംഗീതത്തിൽ സ്വരാഷ്‌ടകം) താഴ്ത്തിയായിരിക്കും അവ. അറബ് സംഗീതത്തിന്റെ മറ്റൊരു രൂപത്തിലും കാണാത്ത ആ അസാധാരണ രീതി, ആഴങ്ങളിലേക്ക് നീങ്ങുമ്പോൾ മുങ്ങൽ വിദഗ്ധർക്ക് കേൾക്കാനാകുന്ന സമുദ്രത്തിന്റെ ശബ്ദത്തെയാണ് അനുകരിക്കുന്നത് .

മുങ്ങൽ വിദഗ്ധരുടെ കഠിനജീവിതം, യാത്രയിലും കടലിന്റെ അടിത്തട്ടിലും അവരെ കാത്തിരിക്കുന്ന അപകടങ്ങൾ, കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷം എന്നിവയെല്ലാമാണ് ഫിജിരി വരികൾ വിവരിക്കുന്നത്. എഴുത്തുകളിൽ, അവ പലപ്പോഴും നിഗൂഢ പ്രമേയങ്ങളെയാണ് പരാമർശിക്കുന്നത്. ദൈവത്തോടുള്ള തേട്ടങ്ങൾ മുറിവുകൾ, വിധി, കടലിന്റെ അമിതമായ ശക്തി എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളിലുള്ള ഭൗതികമായ കഷ്ടപ്പാടുകളുടെ സങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
മുർശിൽദ് ബിൻ സഅദ് അൽ ബിതാലിയുടെ ഫിജിരി കവിതക്ക് ഗവേഷകനായ നാസർ അൽ തായ് നൽകുന്ന വിവർത്തനം ഇങ്ങനെയാണ്:
“പുഞ്ചിരിക്കുമ്പോഴും
അവർ മരണത്തോടും
അതിന്റെ എല്ലാ ഘടകങ്ങളോടും പോരാടുന്നു.
ഓ, മാതൃഹീനരായ മുങ്ങൽ വിദഗ്ധർക്ക് സാക്ഷ്യം വഹിച്ച്
നീണ്ട രാത്രികളിൽ ഞാൻ എങ്ങനെ കഷ്ടപ്പെടുന്നു.
ഒരു മാസം കടന്നുപോകുമ്പോഴും, മറ്റൊന്ന് പിന്തുടരുന്നു
കണ്ണുകൾക്ക് പ്രായമാകുന്നതുവരെ.”
മെലഡികൾ തീർക്കുന്ന സംഗീതോപകരണങ്ങളില്ലാതെയാണ് ഫിജിരിയിലെ ഗാനങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. പ്രധാനമായും കൈയ്യടികളൊടൊപ്പമാണ് അവ ആലപിക്കുന്നത്. എന്നാൽ, നിരവധി താളവാദ്യങ്ങൾ ദാറിലെ സംഗീത സമ്മേളനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ‘തബ്‌ൽ’, ‘മിർവാസ്’ എന്നീ രണ്ട് തരം ഇരട്ട തലയുള്ള സിലിണ്ടർ ഡ്രമ്മുകൾ, ‘താർ’ എന്ന ഒരുഭാഗമുള്ള ഡ്രം, ‘തൂസ്’ എന്ന ഒരു ചെറിയ പാത്രം, ജഹ്‌ല എന്ന വെള്ളത്തിനുള്ള കളിമൺ പാത്രങ്ങൾ എന്നിവയെല്ലാം അവയിൽ പെട്ടതാണ്. മറ്റ് അറബ് നൃത്തങ്ങളിൽ കാണാത്ത വേഗത കുറഞ്ഞ ശരീര ചലനങ്ങളാൽ സംഗീതം അനുകരിക്കപ്പെടുന്നു. നർത്തകർ കൈകൾ ഉയർത്തുകയും താഴ്ത്തുകയും, ശരീരത്തെ സ്പർശിക്കുകയും തടവുകയുമൊക്കെ ചെയ്യുന്നു. രോഗശാന്തിയെയാണ് അത് പ്രതീകപ്പെടുത്തുന്നത്. വേഗത കുറഞ്ഞ ചുവടുകൾക്കിടയിലുള്ള മുങ്ങൽ വിദഗ്ധരുടെ വെള്ളത്തിലേക്കുള്ള എടുത്തുചാട്ടത്തെ സൂചിപ്പിക്കുന്ന പെട്ടെന്നുള്ള ചാട്ടങ്ങൾ ഫിജിരിയുടെ ഒഴുക്കിനെ ഇടക്കിടെ വിച്ഛേദിക്കുന്നു.
ജപ്പാനിലെ മുത്ത് സംസ്കരണ സാങ്കേതികവിദ്യയുടെ വളർച്ചക്കും ഗൾഫിലെ എണ്ണ കണ്ടെത്തലിനും ശേഷം മുത്തു ശേഖരണ സംസ്കാരം പതിയെ മങ്ങാൻ തുടങ്ങി. 1960ൽ ബ്രിട്ടീഷ് എത്നോമ്യൂസിക്കോളജിസ്റ്റായ ഡേവിഡ് ഫാൻഷാവെ (David Fanshawe) മുങ്ങൽ വിദഗ്ധരുടെ ഗാനങ്ങൾ കേൾക്കാനും റെക്കോർഡ് ചെയ്യാനുമായി ബഹ്റൈനിൽ എത്തിയപ്പോൾ അത്തരം മത്സ്യബന്ധനത്തിലേർപ്പെട്ട നാല് കപ്പലുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവ തന്നെ, ആ സമയത്ത് കടലിലായിരുന്നു. അതിനാൽ, നങ്കൂരം ഉയർത്തുന്നതിനൊപ്പം അവതരിപ്പിക്കാറുള്ള ഗാനം റെക്കോർഡ് ചെയ്യാൻ പ്രത്യേക തന്ത്രങ്ങൾ അദ്ദേഹത്തിന് അവലംബിക്കേണ്ടിവന്നു. കരയിൽ വെച്ച് കപ്പൽ നങ്കൂരത്തിന്റെ ചങ്ങലക്ക് പകരം, ബസ് ചക്രത്തിൽ കെട്ടിയിരിക്കുന്ന ഒരു പഴയ കയർ വലിച്ചുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി നാവികർ അത് അവതരിപ്പിച്ചത്.

1970കളിൽ ആ പാരമ്പര്യം വീണ്ടും അംഗീകരിക്കപ്പെടുകയും, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ നടപടികളുടെ ഭാഗമായി ഉൾപ്പെടുത്തപ്പെടുകയും ചെയ്തു. മുത്ത് ശേഖരണത്തിന്റെ വാണിജ്യമൂല്യം അപ്രത്യക്ഷമായതിനാൽ, തൊഴിൽ പ്രക്രിയയിൽ ഏർപ്പെട്ടുകൊണ്ട് നേരിട്ട് ഗാനങ്ങൾ അവതരിപ്പിക്കുന്നത് അസാധ്യമായി. എങ്കിലും, പ്രത്യേക ‘ദാർ’ വീടുകളിൽ ഫിജിരി ഗാനങ്ങൾ ആലപിക്കുന്നതിനും, അടുത്ത തലമുറക്ക് അത് കൈമാറുന്നതിനും രാഷ്ട്രം പിന്തുണ നൽകി. ഇന്ന് ഷോപ്പിംഗ് മാളുകളിലും സംഗീത ഹാളുകളിലുമെല്ലാം ഫിജിരി കേൾക്കാം. എന്നാൽ, ഫിജിരിയുടെ ക്ലാസിക്കൽ ഘടകങ്ങളുമായി പാശ്ചാത്യ സിംഫണിക് സംഗീതം ചെർത്തുകൊണ്ടുള്ള പ്രകടന രീതികളായിരിക്കും എന്ന് മാത്രം. സമകാലിക ഇലക്ട്രോണിക് സംഗീതജ്ഞരും അറബ് വംശജരായ മൾട്ടിമീഡിയ ആർട്ടിസ്റ്റുകളുമെല്ലാം ഫിജിരിയെ പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ തന്നെയും, അത്തരം പരീക്ഷണങ്ങൾ ഇപ്പോഴും വളരെ വിരളമാണ്.
വിവർത്തനം: സിറാജ് റഹ്മാൻ ശ്രീകണ്ഠപുരം
Comments are closed.