ഞാൻ ആലോചിക്കുകയായിരുന്നു, എന്തിനാണീ യാത്ര? എങ്ങോട്ടാണ് മനുഷ്യനും, പറവകളും, നാനാജാതി ജന്തുക്കളും ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കുന്നത്? ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക്, ഒറ്റയായും, കൂട്ടമായും. ആലമുൽ അർവ്വാഹിൽ നിന്ന് വന്ന് പടച്ചോന്റെ ദുനിയാവും കടന്ന് ബർസ്സഖും കടന്ന് ജന്നത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള മൗത്ത്, അതിന് മുമ്പുള്ള ജനനം, ചലനം എല്ലാം മൗനവും ഏകാന്തതയും പേറിയുള്ള യാത്രകൾ.

എന്തിനെന്നില്ലാത്ത യാത്ര, യാത്രയുടെ അർഥം രൂപപ്പെടുത്തുന്നത് ഒരുപക്ഷേ യാത്രകൾ തന്നെയായിരിക്കും. നമ്മളിങ്ങനെ നിന്നുകൊടുത്താൽ മതി. അങ്ങനെ ഒരുദിവസം  ദൂരേക്ക് വണ്ടി കയറി, ദൂരമെന്നാൽ രണ്ട് പകലുകളും ഒരു രാത്രിയും കടന്ന് ട്രൈനിലെ യാത്ര. എത്ര കഥകളാണ് മുന്നിലും പിന്നിലുമായി ഇരിക്കുന്നത്? എത്രയെത്ര മുഖങ്ങൾ, സുഖങ്ങൾ, ദുഃഖങ്ങൾ, സന്ദേഹങ്ങൾ, ഏകാന്തതകൾ, മൗനങ്ങൾ, ചിതറിത്തെറിക്കുന്ന പൊട്ടിച്ചിരികൾ, ദീർഘ നിശ്വാസങ്ങൾ, ഗദ്ഗദങ്ങൾ, പ്രണയങ്ങൾ, വിരഹങ്ങൾ, അടക്കിപ്പിടിച്ച തേങ്ങലുകൾ, ടിക്കറ്റുള്ളവർ, ഇല്ലാത്തവർ, കച്ചവടക്കാർ, തെരുവ് ഗായകർ, എല്ലാം ഒരേ വണ്ടിയിൽ. എത്രമാത്രം കുഴഞ്ഞുമറിഞ്ഞ കഥകളെയും കഥാപാത്രങ്ങളെയും ഗർഭം പേറിയാവും ഓരോ ട്രെയിനുകളും ഓടിക്കൊണ്ടിരിക്കുന്നത്‌.

നഗരങ്ങളും, ഗ്രാമങ്ങളും, തുരങ്കങ്ങളും, കൃഷിയിടങ്ങളും കടന്ന് ഒടുവിൽ ട്രെയിൻ ദില്ലിയെത്തി, ഗാലിബിനൊരു ഗുലാബുമായ് ഞാൻ ചെന്നു. നിസാമുദ്ധീനിൽ സുബ്ഹി ജമാഅത്ത് കഴിഞ്ഞ് കാണുമെന്ന് വിചാരിച്ച് ഞാൻ ഒറ്റയ്ക്ക് നിസ്കരിച്ചു. സുജൂദിലെത്തിയപ്പോൾ ഇഖാമത്ത് വിളിച്ചു. ജമാഅത്ത് തുടങ്ങി.

നിസ്കാരം കഴിഞ്ഞ ഉടനെ വലിയ്യിനെ കാണാൻ വന്നത് അവിടുത്തേക്കൊരു ഫാതിഹയോടെ അറിയിച്ചു. പലരും പലതും പറയുന്നുണ്ട്, കരയുന്നുണ്ട്. അവരത് അറിയുന്നുണ്ട്.

ജമാ മസ്ജിദിലെ വൈകുന്നേരങ്ങൾ മാത്രം മതി, ദില്ലി മതിയാവാതാവാൻ. സ്വഫ്ഫായിരുന്ന് അവിടെന്ന് നോമ്പ് തുറന്ന്, ഹാജി ഹുസൈനിൽ നിന്ന് കബാബും, ഇടവഴിയിൽ കുട്ടികൾ മുഹബ്ബത്ത് കാ സർബത്ത് കുടിപ്പിക്കുന്നുണ്ട്.

രാത്രി കേറിയ വണ്ടി രാവിലെ അജ്മീറിലെത്തി , ഖാജക്ക് സലാമോതി. പലതരം മനുഷ്യരാൽ നിറഞ്ഞിരിക്കുന്നു. റോസാപ്പൂക്കൾ, പുടവകൾ, ആശിർവദിച്ചോണ്ട് ഒരുപാട് മയിൽപ്പീലികൾ, ഇമാം അലിയുടെ കഥ പറഞ്ഞോണ്ട് ഗസലുകൾ, നേരം പുലർന്നതറിഞ്ഞില്ല.

നോമ്പും നോറ്റ് 1300 അടി കുന്ന് കയറി താരാഗഡിലെത്താനാവുമോ എന്നായിരുന്നു ആശങ്ക. അൽഹംദുലില്ലാഹ്, നോമ്പ് തുറക്കാനാവുമ്പോഴേക്കും അവിടെയെത്തി.

പകലിലെ ചൂടും ക്ഷീണവും എല്ലാം ശമിപ്പിക്കുന്ന കാറ്റ്. മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കുറേ നക്ഷത്രങ്ങൾ പോലെ അജ്മീർ നഗരം കാണാം. രാത്രിയിൽ.

മീരാൻ സയ്യിദ് ഹുസൈനേ സലാം, ഇമാം സയ്യിദ് അലിയുടെ ദുൽഫിക്കർ വാളാൽ കമാനം

താഴെ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ. കർബലയിൽ നിന്ന് കൊണ്ട് വന്ന കല്ലാൽ പണിത ഇമാം സയ്യിദ് ഹുസൈൻ മഖാമിന്റെ പകർപ്പ് . മഞ്ഞ മിനാരം , സലാം യാ ശഹീദ്.

യാത്ര തുടർന്നു, ഇത്തവണ ലക്ഷ്യം കശ്മീരായിരുന്നു. ദസ്തഗീർ സാഹിബ് ദർഗയിലെത്തുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും രണ്ടിടങ്ങളിലായി ദിക്റിൽ മുഴുകിയിരിക്കുന്നുണ്ടായിരുന്നു.

ദർഗയിൽ ഇമാം സയ്യിദ് അലിയുടെ കൈപ്പടയാൽ എഴുതിയ ഖുർആനും, ശൈഖ് ജീലാനിയുടെ കേശവുമുണ്ട്.

നോമ്പ് ഇരുപതിന് പ്രസിദ്ധമായ ഹസ്രത്ത് ബാൽ മസ്ജിദിലെത്തി.

പള്ളിയിൽ തിരുനബിയുടെ തിരുകേശം സൂക്ഷിച്ചിരിക്കുന്ന ഭാഗം ഒരു ഖാദിം കാണിച്ചു തന്നു.

റമദാൻ ഇരുപത്തിയൊന്ന്, ഇമാം അലിയുടെ ശഹാദത്ത് ദിനമായതിനാൽ തിരുകേശം പൊതു ജനങ്ങൾക്ക് കാണുവാനുള്ള അവസരമുണ്ട്. പോയ് നാളെയും വാ എന്ന് പറഞ്ഞ് തിരിച്ചയച്ചു.

ഇൻഷാ അല്ലാഹ്
ഇനിയും വരാം..
നാളെയിലേക്കുള്ള അനന്തമായ മടക്കങ്ങലാണല്ലോ യാതകളത്രയും

Comments are closed.