കണ്ണു തുറക്കുമ്പോഴെല്ലാം ടിക്കറ്റ് ഓഫീസിലെ വലിയ കമാന വിളക്കിൽ നിന്നുമുള്ള മഞ്ഞ വെളിച്ചം തന്നെ തുറിച്ചു നോക്കുന്നതായി അയാൾക്കു തോന്നി. ഒരൽപ്പം ഇരുട്ടും ചൂടും കിട്ടാനായി അയാൾ തന്റെ ജക്കറ്റിന്റെ മുൻഭാഗം കുറച്ചു പൊക്കി മുഖത്തേക്കിട്ടു. നിലത്തെ ടൈലുകൾ ഇത്രമേൽ പരുപരുത്തതും തണുത്തുറഞ്ഞതുമാണെന്ന് കിടക്കുമ്പോൾ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ വസ്ത്രങ്ങൾക്കടിയിലൂടെയും ശൂവിന്റെ ദ്വാരങ്ങളിലൂടെയും തണുപ്പിന്റെ അസ്ത്രങ്ങൾ നുഴഞ്ഞു കയറുന്നു. കല്ലിനും എല്ലിനുമിടയിൽ ഞെരിഞ്ഞമർന്ന ചന്തിയിലെ ദുർബലമായ ഇറച്ചിയിൽ അയാൾക്ക് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.

എങ്കിൽ കൂടി അയാൾ കണ്ടെത്തിയത് നല്ലൊരിടമായിരുന്നു. കോണിപ്പടികൾക്കടിയിലെ അങ്ങേ മൂലയിൽ ആളുകളുടെ വഴിയിൽ നിന്നും മാറി തികച്ചും ശാന്തമായ ഒരു പ്രതലം. കുറഞ്ഞ സമയങ്ങൾക്കു ശേഷം തന്നെ അയാളുടെ തലക്കടുത്ത് നാലു സ്ത്രീ കാലുകൾ പ്രത്യക്ഷപ്പെട്ടു. ചില ശബ്ദങ്ങൾ അയാൾ കേൾക്കുകയും ചെയ്തു. “അതേയ്, നമ്മുടെ സ്ഥലം അയാളെടുത്തിരിക്കുന്നല്ലോ..”

വേണ്ട വിധത്തിൽ എയുന്നേറ്റിട്ടൊന്നുമില്ലെങ്കിലും അയാൾക്കെല്ലാം കേൾക്കാമായിരുന്നു. തലയിണയാക്കി വെച്ച സ്യൂട്ട് കേസിന്റെ വളഞ്ഞ ചട്ടക്കടലാസിലേക്ക് അയാളുടെ വായയുടെ ഒരു മൂലയിൽ നിന്നും ഉമിനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ശരീരത്തിനു സമാന്തരമായി അയാളുടെ തലമുടിയും സ്വയം ഉറങ്ങി വീണു.

“ഏതായാലും..,” വിടർന്നു നിൽക്കുന്ന പാവാടയുടെയും വൃത്തികെട്ട കാൽമുട്ടുകളുടേയും മുകളിൽ നിന്ന് വീണ്ടും ആ പഴയ ശബ്ദം ആവർത്തിച്ചു, “..സാധനങ്ങളെല്ലാം നമുക്കിവിടെ ഇറക്കി വെക്കാം, ഒന്നുമില്ലെങ്കിലും നമുക്കു കിടക്ക വിരിക്കുകയെങ്കിലും ചെയ്യാമല്ലോ.”

ചീറ്റുന്ന തുമ്പികൈയ്യിനെപ്പോലെ, ആ കാലുകളിൽ നിന്നും ബൂട്ട് ധരിച്ച ഒന്ന് അയാളുടെ ഇടുപ്പിനിട്ടൊരു തൊഴി തൊഴിച്ചു. അയാൾ കൈമുട്ടിൽ താങ്ങി സ്വയം എണീറ്റു. ആലസ്യവും വേദനയും പിടിച്ചുലച്ച കൃഷ്ണമണികൾ മഞ്ഞവെളിച്ചത്തിൽ ഇമവെട്ടിക്കൊണ്ടിരുന്നു. അപ്പോഴും അയാളുടെ തലമുടി യാതൊന്നും ശ്രദ്ധിക്കാതെ അയാൾക്കു മേൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും, പെട്ടിയുടെ മുകളിൽ തന്നെ തന്റെ തല വീണ്ടും സ്വൈര്യം പ്രാപിക്കട്ടെയെന്നോണം അയാൾ പിന്നിലോട്ടു മറിഞ്ഞുവീണു.

ഒരു സ്ത്രീ തന്റെ ചുമടുകളായ ചാക്കുകൾ അവിടെ നിന്നും എടുത്തു മാറ്റി. ആ സന്ദർഭത്തിലാണ് പിറകിൽ മറ്റൊരു മനുഷ്യൻ കടന്നു വന്നത്. വിരിപ്പുകളുടെ ഒരു ചുരുൾ താഴെ വെച്ച് അയാളവ ഒരുക്കിവയ്ക്കാൻ തുടങ്ങി. “എടോ..,” സ്ത്രീകളിൽ വെച്ച് ഏറ്റവും പ്രായമുള്ളവൾ നിലത്തുറങ്ങുന്നയാളോടായി പറഞ്ഞു. “..നിങ്ങൾക്കു താഴെയെവിടെയെങ്കിലും പോയി കിടന്നു കൂടേ.” യാതൊരു വിധ മറുപടിയുമുണ്ടായില്ല; അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.

“അയാൾ തീർച്ചയായും ക്ഷീണിച്ചു മരിച്ചിട്ടുണ്ടാകണം.” രണ്ടിൽ ഇളയവൾ പറഞ്ഞു. അവൾ കേവലമൊരു എല്ലിൻകൂടു മാത്രമായിരുന്നു. താഴെ കിടന്ന ധാന്യപ്പൊടിയുടെ ചാക്കുകൾ ഒതുക്കി വെക്കാനും നിലത്തു വിരിപ്പുവിരിക്കാനും കുനിയവെ അവളുടെ മാംസളമായ ശരീര ഭാഗങ്ങളൊക്കെ താഴേക്കു തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

അവർ മൂന്നു കരിഞ്ചന്തക്കാരായിരുന്നു. നിറഞ്ഞ ചാക്കുകളും ഒഴിഞ്ഞ പാത്രങ്ങളുമായി അവർ തെക്കോട്ടുള്ള യാത്രയിലാണ്. തുടർച്ചയായ കാളവണ്ടി യാത്രയും റെയിൽവേ സ്റ്റേഷനുകളിലെ നിലത്തുള്ള കിടപ്പും അവരുടെ എല്ലുകളെ വല്ലാതെ വളർത്തിയിട്ടുണ്ടായിരുന്നു. പക്ഷേ അവർ സ്വയം സംഘടിക്കാനും കൂടെയെപ്പോഴും വിരിപ്പുകൾ കരുതാനും പഠിച്ചിരുന്നു. മിനുസത്തിനു വേണ്ടി ശരീരത്തിനു താഴേയും, ചൂടിനായി മുകളിലും അവർ കമ്പിളികൾ വിരിച്ചു. അവർ ചാക്കുകളും തകരപ്പാത്രങ്ങളും തലയിണകളാക്കി വെച്ചു.

കൂട്ടത്തിൽ പ്രായം ചെന്ന സ്ത്രീ വിരിപ്പിന്റെ ഒരു മൂല ഉറങ്ങിക്കിടന്നയാളുടെ അടിയിലേക്ക് തിരുകി വെക്കാൻ ശ്രമിച്ചു. അയാൾ സ്വയം അനങ്ങാഞ്ഞതു കാരണം അവൾക്കയാളെ ഒരു നിമിഷത്തേക്കൊന്ന് പിടിച്ചുയർത്തേണ്ടതായി വന്നു. “ഇയാൾ ശരിക്കും ക്ഷീണിച്ചു ചത്തിട്ടുണ്ട്..” കിളവി പറഞ്ഞു, “..ചിലപ്പോൾ അയാളാ കുടിയേറ്റക്കാരിൽ പെട്ടവനായിരിക്കും..”

അതിനിടയിൽ അവർക്കൊപ്പമുള്ള ആ മെലിഞ്ഞ മനുഷ്യൻ രണ്ട് വിരിപ്പുകൾക്കിടയിലേക്ക് മറിഞ്ഞു വീണു, പുതപ്പിന്റെ ഒരറ്റം കണ്ണുകൾ മറയും വിധം അയാൾ മുഖത്തേക്കു വലിച്ചിട്ടു. “ഇങ്ങു വാ, നീ ഇപ്പഴും റെഡിയായില്ലേ..?” പിന്നിലേക്കു തിരിഞ്ഞു നിൽക്കുന്ന ഇളയവളോടായി അയാൾ പറഞ്ഞു. അവളപ്പോഴും കുനിഞ്ഞുനിന്ന് ചാക്കു കൊണ്ട് തലയിണയുണ്ടാക്കുന്നതിന്റെ തിരക്കിലായായിരുന്നു. ഇളയവൾ അയാളുടെ ഭാര്യയായിരുന്നു. പക്ഷേ, അവരുടെ കല്യാണ മെത്തകളേക്കാൾ സുഖം സ്റ്റേഷനിലെ ക്ലോക്ക് റൂമുകളിൽ നിലത്തു കിടക്കുന്നതാണെന്ന് അവർക്കറിയാമായിരുന്നു. രണ്ടു യുവതികളും വിരിപ്പിനടിയിലേക്ക് നുഴഞ്ഞു കയറി. വിറയ്ക്കുന്ന ശബ്ദത്തോടെ ഇളയവളും ഭർത്താവും പരസ്പരം മുഖാമുഖം കിടന്നു. മുതിർന്നവളാവട്ടെ, അടുത്തു കിടന്നുറങ്ങുന്ന ആ ദരിദ്ര നാരായണനെ ഒതുക്കിക്കിടത്തുകയായിരുന്നു. സത്യത്തിൽ അവളത്ര തന്നെ പ്രായമുള്ളവളായിരിക്കില്ല. അവളുടെ ജീവിതം അവളെ അത്തരമൊരു അവസ്ഥയിലേക്ക് ചവിട്ടിമെതിച്ചതായിരിക്കണം. വസ്ത്രങ്ങൾ ചാക്കു പോലെയും തലമുടി നാലുപാടും പാറുന്നതുമൊക്കെയായിരുന്നെങ്കിൽ പോലും, എണ്ണയുടേയും പൊടിയുടേയും ഭാരമുള്ള ഭാണ്ഡങ്ങൾ തലയിലേറ്റി തീവണ്ടികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ചു നടക്കുന്നവളായിരുന്നു അവൾ.

ഉറങ്ങുന്നവന്റെ തല പെട്ടിയിൽ നിന്നും താഴേക്കു വഴുതി വീഴുന്നുണ്ടായിരുന്നു. പെട്ടിക്ക് നല്ല ഉയരമുണ്ടായിരുന്നതു കാരണം അയാളുടെ കഴുത്ത് ഉളുക്കിയിരുന്നു. അവളവനെ നേരെ ചൊവ്വേ കിടത്താൻ ശ്രമിച്ചുവെങ്കിലും അയാളുടെ തല നിലത്തേക്കു വീഴുമാറായിത്തന്നെ നിന്നു. അവൾ അയാളുടെ തലയെ തന്റെ ഒരു തോളിലേക്കു കിടത്തി, ശരിയാക്കി വെച്ചു. അയാൾ ചുണ്ടുകൾ അടച്ച് ഉമിനീരിറക്കി. തോളിൽ നിന്നും അൽപ്പം താഴെ മാറി, വളരെ മൃദുലമായ ഒരു ഭാഗത്ത് തലയൊതുക്കി വെച്ച് അയാൾ വീണ്ടും കൂർക്കം വലിക്കാൻ തുടങ്ങി.

എല്ലാവരും ഉറക്കത്തിലേക്ക് വീണു തുടങ്ങവെയാണ് തെക്കൻ ഇറ്റലിയിൽ നിന്നും ഒരു മൂവർ സംഘം അവിടെയെത്തിയത്. കറുത്ത കട്ടി മീശയുള്ള ഒരച്ഛനും ഇരുണ്ട നിറത്തിലുള്ള കൊഴുത്ത രണ്ടു പെൺകുട്ടികളും. മൂന്നുപേരും കുള്ളന്മാരായിരുന്നു. ചൂരൽ കൊട്ടകളുമേറ്റി വന്ന ആ സംഘത്തിന്റെ കണ്ണുകൾ ആ തീവ്ര പ്രകാശത്തിന്നിടയിൽ പോലും ഉറക്കം കൊണ്ട് ഒട്ടിപ്പിടിച്ചു പോകുന്നുണ്ടായിരുന്നു. പെൺകുട്ടികൾക്ക് ഒരു ഭാഗത്തേക്കും അച്ഛനു മറ്റൊരു ഭാഗത്തേക്കും പോകേണ്ടതായി കാണപ്പെട്ടു. അതു കൊണ്ടു തന്നെ പരസ്പരം മുഖത്തു പോലും നോക്കാതെ അവർ തർക്കിക്കാൻ തുടങ്ങി. കടിച്ചുപിടിച്ച പല്ലുകൾക്കും കോച്ചി വലിക്കുന്ന കൈ ചലനങ്ങൾക്കുമിടയിലെ ചില ചെറിയ വാക്കുകളല്ലാതെ മറ്റൊന്നും അവരിൽ നിന്നും പുറത്തുവന്നില്ല. കോണിക്കടിയിലെ സ്ഥലം ആദ്യമേ ആ നാലു പേർ കയ്യടക്കിയത് കണ്ടതോടെ മുമ്പത്തേക്കാൾ ആലസ്യത്തോടെ അവരവിടെ അന്തം വിട്ടു നോക്കിനിന്നു. കാലുറ ധരിച്ച് തോളിൽ കോട്ട് ചുറ്റിയിട്ട രണ്ടു യുവാക്കൾ അവരുടെയടുത്തേക്കു വന്നെത്തും വരെ ആ നിർത്തം നീണ്ടുനിന്നു.

ആ രണ്ടു ചെറുപ്പക്കാരും ഈ ത്രയത്തെ വശീകരിക്കാൻ തുടങ്ങി. അവർക്കവരുടെ വിരിപ്പുകൾ അവരോടൊപ്പം തന്നെ നിലത്തു വിരിക്കണമായിരുന്നു. ആദ്യമേ അവിടെയുള്ള ആ നാൽവർ സംഘത്തെയും കൂട്ടി ഒരൊറ്റ ഗ്രൂപ്പാക്കി മാറ്റാനും അവർ ശ്രമം തുടങ്ങി. അവർ രണ്ടു പേരും ഫ്രാൻസിലേക്ക് കുടിയേറുന്ന വിനീഷ്യക്കാരായിരുന്നു. അവർ കരിഞ്ചന്തക്കാരെ എണീപ്പിച്ച് എല്ലാവരുടേയും വിരിപ്പുകൾ ഒതുക്കിവെച്ചു, അതോടെ ആ കൂട്ടം മുഴുവൻ ഒരുമിച്ച് ഒരു ധാരണയിലെത്തി. ഈ പ്രവർത്തനങ്ങളൊക്കെ പാതി മയങ്ങിയ ആ രണ്ടുപെൺകുട്ടികളുടെ കൂടെ കിടക്കാനുള്ള വെറും കൗശലമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അങ്ങനെ എല്ലാവരും കൂടി ഒതുങ്ങിക്കിടന്നു. കരിഞ്ചന്തക്കാരിയായ വയോധിക മാത്രം ഉറങ്ങിയിട്ടില്ലായിരുന്നിട്ടുപോലും അനങ്ങാതെ കിടന്നു. അവളുടെ സ്തനങ്ങളിൽ സുഖനിദ്രയിലായിരുന്ന ആ മനുഷ്യന്റെ തല ചാഞ്ഞു കിടക്കുകയായിരുന്നു അപ്പോഴും. രണ്ടു വിനീഷ്യൻ യുവാക്കളും അച്ഛനെ ഒരുഭാഗത്തേക്ക് മാറ്റിക്കിടത്തി പെൺകുട്ടികളെ രണ്ടു പേർക്കുമിടയിലാക്കി കിടത്തിക്കഴിഞ്ഞിരുന്നു. പക്ഷേ അവരുടെ കൈകൾ വിരിപ്പുകൾക്കും കോട്ടുകൾക്കുമടിയിലൂടെ തപ്പിത്തടഞ്ഞ് മറ്റൊരു സ്ത്രീയിൽ എത്തിച്ചേർന്നു.

ചിലർ അപ്പോഴേക്കും കൂർക്കം വലിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, ഉറക്കങ്ങളുടെ ഭാരങ്ങൾക്കിടയിൽ കിടന്നിട്ടു പോലും, ഇറ്റലിക്കാരനായ ആ അച്ഛനു മാത്രം ഒന്നു മയങ്ങാൻ കഴിഞ്ഞില്ല. കൈകൾ കൊണ്ടു മറച്ചു വെച്ചിട്ടും അയാളുടെ കണ്ണുകളിലേക്ക് ആ പുളിച്ച മഞ്ഞ വെളിച്ചം അരിച്ചു കയറി. “ട്രെയിൻ വൈകിയോടുന്നു…പ്ലാറ്റ്ഫോം..പുറപ്പെടുന്നു..” ഉച്ചഭാഷിണിയിൽ നിന്നുള്ള ഒട്ടും മനുഷ്യത്വമില്ലാത്ത ഒച്ചപ്പാടുകൾ അയാളെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. അയാൾക്കൊന്നു മൂത്രമൊഴിക്കണമായിരുന്നു. പക്ഷേ എങ്ങോട്ട് പോകണമെന്നറിയാതെ അയാൾ വലഞ്ഞു. ആ വലിയ സ്റ്റേഷനിൽ ഒറ്റപ്പെടുമോ എന്ന ഭയം അയാളെ പിടികൂടി. അവസാനം, ഒരാളെയുണർത്താൻ തന്നെ അയാൾ തീരുമാനിച്ചു. അടുത്തുള്ള ഒരാളെ അയാൾ പിടിച്ചു കുലുക്കാൻ തുടങ്ങി. ഏറ്റവും ആദ്യം ഉറങ്ങിപ്പോയ നിർഭാഗ്യവാനായിരുന്നു അത്.

“സുഹൃത്തേ, എനിക്ക് കക്കൂസിൽ പോകണമായിരുന്നു.” ചുരുണ്ടുകൂടിയ ശരീരങ്ങളുടെ കൂമ്പാരത്തിനു നടുവിലിരുന്നയാളെ അയാൾ വലിച്ചെഴുന്നേൽപ്പിച്ചു, കൈമുട്ട് കൊണ്ടു താങ്ങി നിർത്തി.

ഉറക്കത്തതിൽ നിന്ന് പൊടുന്നനെ ചാടിയെണീറ്റ് അയാൾ കുത്തിയിരുന്നു. വളഞ്ഞിരുന്ന്, മൂടിയ ചുവന്ന കണ്ണുകളും റബർ പോലെയുള്ള വായയും അയാൾ തുറന്നു പിടിച്ചു. കറുത്ത മീശയും അൽപം ചുളിഞ്ഞ മുഖവും. ഒരു പൂച്ചയെപ്പോലെയുണ്ടായിരുന്നു അത്.

“സുഹൃത്തേ.. കക്കൂസ്..” തെക്കൻ ആവർത്തിച്ചുകൊണ്ടിരുന്നു.

മറ്റെയാൾ ആലസ്യത്തോടെ കുത്തിയിരുന്ന് അമ്പരപ്പ് നിറഞ്ഞ ഒരു നോട്ടം ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു. അയാളും തെക്കൻ ഇറ്റലിക്കാരനും പരസ്പരം അന്തം വിട്ടു നോക്കി നിൽക്കുക മാത്രം ചെയ്‌തു. അപ്പോഴും പാതി മയക്കത്തിലായിരുന്ന അയാൾ പെട്ടെന്ന് തന്റെ അരികിൽ കിടന്നുറങ്ങുന്ന സ്ത്രീയുടെ മുഖം കാണുകയും അതിലേക്കു തന്നെ ഒരുൾക്കിടിലത്തോടെ തുറിച്ചുനോക്കുകയും ചെയ്തു. ആദ്യമൊന്ന് നിലവിളിക്കാനാഞ്ഞ അയാൾ വീണ്ടും ആ പെണ്ണിന്റെ മുലകൽക്കിടയിലേക്ക് ഊണ്ടിറങ്ങി. പതുക്കെ ഉറക്കത്തിലേക്കും.

തെക്കൻ ഇറ്റലിക്കാരൻ എണീറ്റു, രണ്ടോ മൂന്നോ ശരീരങ്ങളെ കവച്ചുവെച്ച് ആ തണുത്ത തിളങ്ങുന്ന തറയിലൂടെ അനിശ്ചിതമായ ചില ചുവടുകൾ വെച്ചു നടക്കാൻ തുടങ്ങി. ജാലകങ്ങളിലൂടെ രാത്രിയുടെ തെളിഞ്ഞ ഇരുട്ടും കൂറ്റൻ ഇരുമ്പിൻ കെട്ടിടങ്ങളും ദൃശ്യമായി. വില പിടിപ്പുള്ള അൽപം പിഞ്ഞിയ ഒരു കോട്ട് ധരിച്ചു കൊണ്ട് തന്നെക്കാളും കുറിയ കറുത്ത ഒരു വ്യക്തി തന്റെയടുത്തേക്ക് അലസമായ കാറ്റിനോടൊപ്പം ഒഴുകി വരുന്നത് അയാൾ കണ്ടു.

“ചങ്ങാതീ.. കക്കൂസുണ്ടോ ഇവിടെ..!” ഇറ്റലിക്കാരൻ അയാളോട് കേണപേക്ഷിച്ചു. “ഇതാ ഒരു സിഗരറ്റ്. അമേരിക്കൻ, സ്വിസ്..” ഒന്നും മനസ്സിലാവാതെ ഒരു പാക്കറ്റിന്റെ മൂല കാണിച്ചു കൊണ്ട് അയാൾ മറുപടി പറഞ്ഞു.

അത് ബെൽമൊറേറ്റോ ആയിരുന്നു. വീട് പോയിട്ട്, ഭൂമിലോകത്ത് ഒരു കട്ടിൽ പോലും സ്വന്തമായില്ലാത്ത, വർഷം മുഴുവൻ റെയിൽവേ സ്റ്റേഷനുകളിൽ ചിലവഴിക്കുന്ന ഒരാൾ. അസ്ഥിരമായ പുകയില കച്ചവടവും സിഗരറ്റു വിൽപനയും അയാളെ എപ്പോഴും തീവണ്ടി കയറി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കു യാത്ര ചെയ്യിച്ചു കൊണ്ടിരുന്നു. രാത്രിയിൽ, സ്റ്റേഷനിലെ ട്രെയിനുകൾക്കിടയിൽ കിടന്നുറങ്ങുന്ന സംഘത്തോടൊപ്പം അയാൾ ദിവസമവസാനിപ്പിക്കുമായിരുന്നു. അങ്ങനെ വിരിപ്പിനു കീഴിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം അയാൾക്ക് ഉറങ്ങാൻ സാധിച്ചു. ഇനിയതിനു സാധിച്ചില്ലെങ്കിൽ, പകൽ വരെ അയാൾ അലഞ്ഞു തിരിയും. അല്ലാഞ്ഞാൽ, അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, കൂടെ കിടത്താൻ തയ്യാറുള്ള ആരുടെയെങ്കിലും അരികിലേക്ക് യാചനയോടെ ഓടിച്ചെല്ലും. അതായിരുന്നു അയാൾക്കുള്ള ഏക മാർഗ്ഗം.

ബെൽമൊറേറ്റോയും ഒരു തെക്കൻ ഇറ്റലിക്കാരനായിരുന്നു. കറുത്ത മീശയുള്ള ആ വൃദ്ധനോടയാൾക്ക് വളരെയധികം അലിവുതോന്നി. അയാളയാളെ കക്കൂസിലേക്ക് എടുത്തു കൊണ്ടുപോവുകയും, സംഗതി കഴിഞ്ഞു തിരിച്ചിറങ്ങും വരെ വൃദ്ധനെ പുറത്തു കാത്തിരിക്കുകയും ചെയ്തു. മടങ്ങുമ്പോൾ അയാൾക്കൊരു കൂട്ടാവുമല്ലോ. ഉറക്കച്ചടവ് നിറഞ്ഞ കണ്ണുകളുപയോഗിച്ചു പായുന്ന തീവണ്ടികളിലേക്കും ഹാളിൽ നിലത്തു കിടന്നുറങ്ങുന്ന മനുഷ്യരുടെ കൂനയിലേക്കും നോക്കി നിൽക്കേ, അവരിരുരുവരും ഒരുമിച്ച് പുകവലിച്ചുകൊണ്ടിരുന്നു.

“നമ്മൾ പട്ടികളെ പോലെയാണ് ഉറങ്ങുന്നത്,” വൃദ്ധൻ പറഞ്ഞു, “..ഞാനൊരു കിടക്ക കണ്ടിട്ട് ഇന്നേക്ക് ആറു രാത്രിയും ആറു പകലും തികയുന്നു..” “കിടക്കയോ…” ബെൽമൊറേറ്റോ പറഞ്ഞു, “ചിലപ്പോൾ ഞാൻ സ്വപ്നം കാണാറുണ്ട്. ഒരു നല്ല കിടക്ക! എനിക്കുമാത്രമായി നല്ല ഭംഗിയുള്ള ഒരു വെളുത്ത കിടക്ക.”

വൃദ്ധൻ കുറച്ച് ഉറക്കം കിട്ടാൻ തിരിച്ചുപോയി. തനിക്ക് കിടക്കാനൊരിടം സൃഷ്ടിക്കാനായി അയാൾ വിരിപ്പ് പൊക്കിയപ്പോൾ വിനീഷ്യൻസിൽ ഒരുത്തന്റെ കൈ തന്റെ ഒരു മകളുടെ കാലിൽ പറ്റിപ്പിടിച്ചു നിൽക്കുന്നതയാൾ കണ്ടു. അയാൾ ആ കയ്യിനെ തട്ടി മാറ്റാൻ ശ്രമിച്ചു. പക്ഷേ വിനീഷ്യൻ കരുതിയത്, ഒരു മുറ തനിക്കും അസ്വദിക്കാൻ വേണ്ടി തന്റെ കൂട്ടുകാരനാണ് തന്നെ തടയുന്നതെന്നാണ്. അവൻ അയാളെ തള്ളിമാറ്റി. വൃദ്ധൻ അവനെ ശപിക്കുകയും കൈ ചുരുട്ടി അവന്റെ മേൽ കുത്തിപ്പിടിച്ച് എണീക്കുകയും ചെയ്തു. പക്ഷേ ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞു മറ്റുള്ളവർ അയാൾക്ക് നേരെ ഒച്ചയിട്ടതു കേട്ട് വൃദ്ധൻ തന്റെ സ്ഥലത്തേക്ക് മുട്ടിലിഴഞ്ഞു പോയി. ശാന്തനായി വിരിപ്പിന്റെ അടിയിലേക്ക് ഒതുങ്ങിക്കൂടി. അയാൾക്ക് ഒരു തരം മരവിപ്പ് അനുഭവപ്പെട്ടു, സ്വയം ചുരുങ്ങിയില്ലാതാവുന്നതു പോലെ തോന്നി. അയാൾ ഒന്നു വാവിട്ടു കരയാൻ ആഗ്രഹിച്ചു. ശേഷം, വളരെ ശ്രദ്ധയോടെ തന്റെ കൈകൾ കൊണ്ട് തൊട്ടടുത്തുള്ള ശരീരങ്ങൾക്കിടയിലൂടെ പരതി നോക്കി. അവ രണ്ടു കാൽമുട്ടുകളിൽ എത്തിച്ചേർന്നു. അവയെ ആ കൈകൾ മൃദുലമായി തലോടാൻ തുടങ്ങിയിരുന്നു.

കരിഞ്ചന്തക്കരിലെ മുതിർന്നവൾ അപ്പോഴും തന്റെ മുലപ്പുറത്തുറങ്ങുന്ന ആ മനുഷ്യന്റെ മുഖം തടവിക്കൊണ്ടിരിക്കുകയായിരുന്നു. അയാളാണെങ്കിൽ കൊട്ടക്കണക്കിന് ഉറങ്ങിയതു കാരണം ഞെക്കിപ്പിഴിഞ്ഞ അവസ്ഥയിൽ കാണപ്പെട്ടു. അവൾ തൊടുമ്പോഴൊന്നും ഒരു പ്രതികരണവുമുണ്ടായില്ല. വല്ലപ്പോഴും എണീക്കാൻ ശ്രമിക്കുന്ന ചെറിയ അനക്കങ്ങൾ മാത്രം. പെട്ടെന്ന്, അവൾക്ക് തന്റെ കാൽമുട്ടിൽ ഒരു കയ്യനക്കം അനുഭവപ്പെട്ടു. നിറയെ വരകളുള്ള തഴമ്പിച്ച ചെറിയൊരു കൈ. അവൾ ആ കൈക്കു ചുറ്റും തന്റെ കാൽമുട്ടുകൾ ഞെരുക്കിപ്പിടിച്ചു. പെട്ടെന്നവ നിശ്ചലമായി നിന്നു. തെക്കേ ഇറ്റലിക്കാരനായ വൃദ്ധന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും താൻ വളരെ സന്തുഷ്ടനാണെന്നു തോന്നി. തന്റെ ചെറിയ കൈകളെ പൊതിഞ്ഞുനിൽക്കുന്ന ഇളം ചൂട് ദേഹമാസകലം പടർന്നു കയറുന്നതിന്റെ സുഖമനുഭവിക്കുകയായിരുന്നു അയാൾ.

ഏതോ ഒരു വിചിത്ര ജീവി പെട്ടെന്ന് അവർക്കെല്ലാവർക്കുമിടയിൽ അനങ്ങുന്ന മാതിരി അവർക്കു തോന്നി. വിരിപ്പുകൾക്കിടയിൽ ഒരു പട്ടി ഞരങ്ങുന്നതു പോലെ. ഒരു പെണ്ണ് അലറി വിളിച്ചു. വിരിപ്പുകളെല്ലാം ഞൊടിയിടയിൽ വലിച്ചുമാറ്റി, എങ്ങനെയാണ് അനക്കമുണ്ടായതെന്ന് അവർ മനസ്സിലാക്കി. എല്ലാവർക്കും മധ്യത്തിലായി അവർ ബെൽൽമൊറേറ്റോയെ കണ്ടു. ഒരു ഭ്രൂണത്തെ പോലെ തല ചുരുട്ടി, നഗ്നപാതനായി കൂർക്കം വലിച്ചുറങ്ങുകയായിരുന്നു അയാൾ. പുറത്തു കിട്ടിയ പ്രഹരം അയാളെ ഉണർത്തി. “എന്നോട് ക്ഷമിക്കൂ. ഞാൻ നിങ്ങളെ ശല്യം ചെയ്യണമെന്ന് കരുതിയതല്ല.” അയാൾ ഖേദം പ്രകടിപ്പിച്ചു.

ഉമിനീരൊലിപ്പിച്ചു കൊണ്ടിരുന്ന ആദ്യത്തെ ആളൊഴിച്ച് എല്ലാവരും അതോടെ എണീറ്റ് ശപിക്കാനും പിറുപിറുക്കാനും തുടങ്ങി. “എന്റെ എല്ലുകൾ നുറുങ്ങുന്ന, പുറം തണുത്തു കോച്ചുന്നുമുണ്ട്.” അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, “..ആ വെളിച്ചം അടിച്ചു പൊട്ടിക്കണം, ലൗഡ് സ്പീക്കറിന്റെ വയറു മുറിച്ചിടണം..”

“നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ എങ്ങനെ ഒരു കിടക്കയുണ്ടാക്കാമെന്ന് ഞാൻ കാണിച്ചു തരാം..” ബൽമൊറേറ്റോ പറഞ്ഞു, “കിടക്കയോ” എല്ലാവരും ആവർത്തിച്ചു ചോദിച്ചു, “കിടക്കയോ..?”

അപ്പോഴേക്കും ബെൽമൊറേറ്റോ കുറച്ചു വിരിപ്പെടുത്ത് വൃത്തിയായി കട്ടിയിൽ മടക്കാൻ തുടങ്ങിയിരുന്നു. ജയിലിൽ കിടന്ന് പരിചയമുള്ളവർക്ക് മാത്രം അറിയാവുന്ന ഒരു രീതിയിലായിരുന്നു അയാളതു ചെയ്തത്. അവർ അയാളോട് നിറുത്താൻ പറഞ്ഞു. അവിടെ മതിയായ വിരിപ്പുകൾ ഇല്ലായിരുന്നു. എന്നിട്ടും അവർ മറ്റൊരാളുടെ സഹായം കൂടാതെ സ്വയം ഇടം കണ്ടെത്തിയിരുന്നു. തലയ്ക്കു താഴെ എന്തെങ്കിലും ഒന്ന് വെക്കാതെ ഉറങ്ങാൻ കഴിയില്ലെന്ന് അവർ ചർച്ച ചെയ്തു. തെക്കുകാരുടെ കൊട്ടകൾ കാലിയായിരുന്നതു കൊണ്ട് അവർക്കാർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബെൽമൊറേറ്റോ മൊത്തത്തിൽ ഒരു പൂർണ്ണ രൂപം തയ്യാറാക്കി. ഓരോ ആണും ഓരോ പെണ്ണിന്റെ കാലുകളിൽ തല വെക്കണം. വിരിപ്പുകൾ വളരെ കുറവായിരുന്നതു കാരണം അത് വളരെ പ്രയാസമേറിയ ഒരു ചുവടുവെപ്പായാരുന്നു. അവസാനം പുതിയ ഒരുപാട് സഖ്യങ്ങൾ ഉടലെടുത്തു, അവർ സ്വയം ഒരു ക്രമീകരണത്തിൽ എത്തിച്ചേർന്നു. അൽപനേരം കഴിഞ്ഞപ്പോഴേക്കും എല്ലാവരും വീണ്ടും ആശയക്കുഴപ്പത്തിലായി. അവർക്ക് അനങ്ങാതെ കിടക്കാൻ കഴിയുമായിരുന്നില്ല. ബെൽമൊറേറ്റോ എല്ലാവർക്കും ഓരോ നാസിയോണൽ സിഗരറ്റ് കച്ചവടം ചെയ്തു. അവരെല്ലാവരും പുകവലിക്കുകയും, ഉറങ്ങിയിട്ടെത്ര രാത്രികളായെന്ന് പരസ്പരം പങ്കുവെക്കാൻ തുടങ്ങുകയും ചെയ്തു.

“ഞങ്ങൾ യാത്രയാരംഭിച്ചിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു.” വിനീഷ്യൻസ് പറഞ്ഞു. “..മൂന്നുതവണ ഞങ്ങൾ ഈ അതിർത്തി മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഓരോ തവണയും അവർ ഞങ്ങളെ തിരിച്ചയച്ചു. ഫ്രാൻസിലെത്തിയാൽ ആദ്യം കാണുന്ന കിടക്കയിൽ കയറി ഒരു നാൽപത്തിയെട്ട് മണിക്കൂർ അവസാനിക്കും വരെ തുടർച്ചയായി ഞങ്ങൾ ഉറങ്ങും.”

“ഒരു കിടക്ക വേണം,” ബൽമൊറേറ്റോ പറഞ്ഞു തുടങ്ങി, “ഒറ്റയ്ക്ക് കിടക്കാൻ ഒരു ചൂടുള്ള വീതികുറഞ്ഞ കിടക്ക. കിടക്കാൻ നല്ല അലക്കിയ പുത്തൻ വിരിപ്പുകളും തൂവൽ മെത്തയും.”

“ഇത്രയും കാലം ഇതേ ജീവിതം നയിച്ച ഞങ്ങളുടെ കാര്യമോ..?” കരിഞ്ചന്തക്കാരൻ പറഞ്ഞു. “ഞങ്ങൾ വീട്ടിലെത്തിയാൽ ഒരു രാത്രി കിടക്കയിലുറങ്ങും. പിന്നെ എണീറ്റ് വീണ്ടും ട്രെയിൻ സഞ്ചാരം..”
“നല്ല വെടിപ്പുള്ള വിരിപ്പ് വിരിച്ച് ചൂടുള്ള ഒരു കിടക്ക,” ബൽമൊറേറ്റോ പറഞ്ഞു. “വസ്ത്രമില്ലാതെ, ഒന്നും ധരിക്കാതെ ഞാനിതിൽ കിടക്കും.!”

“ഞങ്ങൾ ഈ വസ്ത്രമൊന്നു മാറ്റിയിട്ട് തന്നെ ഇന്നേക്ക് ആറു രാത്രികൾ പിന്നിട്ടിരിക്കുന്നു.” വൃദ്ധനായ തെക്കൻ പറഞ്ഞു, “ആറു ദിവസമായി അടിവസ്ത്രങ്ങൾ പോലും മാറ്റാതെ പട്ടികളെപ്പോലെ കിടന്നുറങ്ങുകയാണു ഞങ്ങൾ!”

“ഞാനൊരു വീട്ടിലേക്ക് കള്ളനെപ്പോലെ നുഴഞ്ഞുകയറിയിരുന്നു”, അവരിലൊരാൾ പറഞ്ഞു. “പക്ഷേ മോഷ്ടിക്കാനൊന്നുമല്ല കേട്ടോ. ഒരു കിടക്കയിൽ കയറി പുലരും വരെ സുഖമായൊന്നുറങ്ങാൻ.”
അല്ലെങ്കിൽ ഒരു കിടക്ക മോഷ്ടിച്ച് അതിവിടെ കൊണ്ടുവന്നിടാൻ.” മറ്റെയാൾ പറഞ്ഞു.

ബെൽമൊറേറ്റോക്ക് പെട്ടെന്നൊരു ആശയം തോന്നി. “ഒന്നു കാത്തുനിൽക്കൂ..!” അയാൾ അതും പറഞ്ഞു പുറത്തു പോയി. പുറത്ത് കമാനങ്ങൾക്ക് താഴെ ഭ്രാന്തി മറിയയെ കാണുംവരെ അയാൾ നാലുപാടും പരതി നടന്നു. ഒരു കക്ഷിയെയും കിട്ടാതെ ഒരു രാത്രി ചിലവഴിക്കേണ്ടി വന്നാൽ പിറ്റേ ദിവസം ഭ്രാന്തി മറിയക്ക് പട്ടിണി കിടക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട്, നേരം വെളുക്കും വരെ ജട കുത്തിയ ചുവപ്പൻ മുടിയും പുഷ്ടിയുള്ള അവളുടെ കാലിക്കുട്ടികളുമായി അവൾ നടവഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു തിരിഞ്ഞു നടക്കുമായിരുന്നു. ബെൽമൊറേറ്റോ അവളുടെ ഉറ്റ തൊഴാനായിരുന്നു.

സ്റ്റേഷനിലെ കൂമ്പാരങ്ങൾക്കിടയിൽ അപ്പോഴും ഉറക്കത്തെ കുറിച്ചും അവർ നയിക്കുന്ന പട്ടിജീവിതത്തെ കുറിച്ചുമുള്ള സംസാരങ്ങൾ അപ്പോഴും നിലച്ചിട്ടുണ്ടായിരുന്നില്ല. അവർ ജനവാതിലിൽ ഇരുട്ട് തെളിയുന്നതും കാത്തിരിക്കുകയായിരുന്നു. ചുമലിൽ ചുരുട്ടിവെച്ച ഒരു കിടക്കയുമായി പത്തു മിനിറ്റുകൾക്കു ശേഷം ബെൽമൊറേറ്റോ തിരിച്ചുവന്നു.

“കിടന്നോളൂ..”, തറയിൽ മെത്ത വിരിച്ചുകൊണ്ട് ബെൽമൊറേറ്റോ പറഞ്ഞു. “അൻപത് ലിറക്ക് (2002 ൽ യൂറോ നിലവിൽ വരുന്നതുവരെ ഇറ്റലിയുടെ അടിസ്ഥാന പണമാണ് ലിറ) അരമണിക്കൂർ സമയം. ഒരേസമയം നിങ്ങൾ രണ്ടുപേർക്ക് കിടക്കുകയും ചെയ്യാം. അപ്പോൾ ഒരാൾക്ക് ഇരുപത്തഞ്ച് ലിറ! എന്തു പറയുന്നു?”

അയാൾ ഭ്രാന്തി മറിയയിൽ നിന്നും കടം വാങ്ങിയതായിരുന്നു ആ കിടക്ക. അപ്പോളവളുടെ കിടക്കയിൽ രണ്ടു പേരുണ്ടായിരുന്നു. അരമണിക്കൂർ നേരത്തേക്ക് അതവൾ വാടകക്ക് നൽകിയതാണ്. ട്രെയിൻ മാറിക്കയറാൻ കാത്തിരിക്കുകയായിരുന്ന ഉറക്കച്ചടവുള്ള മറ്റു യാത്രക്കാർ കൂടി കിടക്ക കണ്ട് വളരെ താൽപ്പര്യത്തോടെ അവിടെയെത്തി.

“നിങ്ങൾ കിടന്നോളൂ..” ബെൽമൊറേറ്റോ പറഞ്ഞു. “..നിങ്ങളെ ഉണർത്തുന്ന കാര്യം ഞാനേറ്റു. നിങ്ങളുടെ മേൽ ഞാനൊരു പുതപ്പു വിരിക്കാം. പിന്നെ ആരും നിങ്ങളെ കാണില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ആവാം. എന്താ.. കിടക്കുകയല്ലേ..?”

ഒരു വെനീഷ്യക്കാരനാണ് ആദ്യം മുന്നോട്ട് വന്നത്. അയാളുടെ കൂടെ തെക്കൻ ഇറ്റലിക്കാരിയായ ഒരു സുന്ദരിയുമുണ്ടായിരുന്നു. കരിഞ്ചന്തക്കാരിലെ മുതിർന്നയാൾ അവളുടെ തന്നെ രണ്ടാമൂഴം തനിക്കും ഉറങ്ങുന്ന ആ സാധുവിനും വേണമെന്ന് രേഖപ്പെടുത്തി. അവൾ മുന്നോട്ട് തന്നെ നീങ്ങുകയായിരുന്നു. ബെൽമൊറേറ്റോ അപ്പോഴേക്കും ഒരു നോട്ടു പുസ്തകത്തിൽ ഓഡറുകളും മറ്റും എഴുതിവെക്കാൻ തുടങ്ങിയിരുന്നു. അയാൾ ആവുന്നത്ര സന്തോഷവാനായിരുന്നു.

പുലർച്ചയായപ്പോൾ ഭ്രാന്തി മറിയക്കു തന്നെ അയാളാ കിടക്ക തിരിച്ചു നൽകി. നട്ടുച്ചയാകും വരെ അവർ കിടക്കയിൽ ഉരുണ്ടു മറിഞ്ഞു കൊണ്ടിരുന്നു. ഒടുവിലങ്ങനെ അവർ ഉറക്കത്തിലേക്കു മറിഞ്ഞു വീണു.

വിവർത്തനം : ശിബിലി അബ്ദുസ്സലാം
Ftured Image : D A V I D S O N L U N A

Comments are closed.