യാഥാർഥ്യത്തിനു മേൽ കൃത്രിമത്വത്തിനും അസത്യത്തിനും സാധ്യമായേക്കാവുന്ന, ഡിസ്ടോപിയൻ ഭാവനകളിലെ  അധീശത്വപരമായ അധികാരം, ആൽഗൊരിത യുഗത്തിലൂടെ സാക്ഷാത്കൃതമായിക്കൊണ്ടിരിക്കുകയാണ്. കണ്ണാടിയും സാഹിത്യങ്ങളും ചലചിത്രങ്ങളുമടങ്ങുന്ന, ചരിത്രപരമായി യാഥാർഥ്യത്തിന്റെ വ്യത്യസ്ത പ്രതിഫലനങ്ങളേയും പ്രതിബിംബങ്ങളേയും സൃഷ്ടിച്ചുകൊണ്ടിരുന്ന വിവിധ പ്രതിഭാസങ്ങളിലെ പുതിയൊരു പ്രതിഭാസമെന്നതിലുപരി (layer of disbelief), മനുഷ്യകുലത്തിന്റെ ഭാവനാമണ്ഡലത്തിൽ വന്നിട്ടുള്ള ചരിത്രപരമായ വഴിത്തിരിവായി തന്നെ ഡിജിറ്റൽ യുഗത്തെ വീക്ഷിക്കാനാകും. യാഥാർഥ്യം/അയാഥാർഥ്യം എന്ന ദ്വന്ദ്വവും യാഥാർഥ്യത്തെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും ക്രമേണ നീങ്ങിക്കൊണ്ടിരിക്കുകയും, ഡിജിറ്റൽ ലോകത്തിലൂടെ ആൽഗൊരിതം ഉത്പാദിപ്പിക്കുന്ന കൃത്രിമത്വം, സൂചിതങ്ങളിൽ നിന്നു സ്വതന്ത്രമായ യാഥാർഥ്യമായി തന്നെ പരിണമിക്കുകയും, മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു. അടയാളങ്ങളേയും യാഥാർഥ്യത്തിന്റെ നിരന്തരമായ ഉത്പാദനത്തേയും  മുൻനിർത്തി ഫ്രഞ്ച് ചിന്തകനായ ഴാങ്ങ് ബോദ്രിയാദ് വിവിധ എഴുത്തുകളിലൂടെ വികസിപ്പിക്കുന്ന സിമുലേഷൻ, സിമുലാക്ര എന്ന ആശയം ആൽഗൊരിതയുഗത്തെ വിശകലനവിധേയാമാക്കാനുള്ള മികച്ച രീതിശാസ്ത്രവും ആശയാടിത്തറയുമാണ്.

ഭൗതിക ലോകത്തിലെ അനുഭവങ്ങളെ  പോലെ വിർച്വൽ ലോകത്തിലെ അനുഭവങ്ങളും യാഥാർഥ്യമാവുകയും, വിർച്വൽ ലോകം മനുഷ്യന്റെ അനുഭവമണ്ഡലത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി പരിണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അതിയാഥാർഥ്യ (hyperreal) പ്രതിഭാസത്തേയാണ് ബോദ്രിയാദ് അഭിമുഖീകരിക്കുന്നത്. ദശകങ്ങൾക്കു മുമ്പ് ബോദ്രിയാദ്  അവതരിപ്പിച്ച ഈ ആശയങ്ങളൊക്കെ തന്നെയും കൃത്രിമ ബുദ്ധിയുടെ വളർച്ചയോടെ കൂടുതൽ പ്രസക്തമാകുന്നുണ്ട്.

ഒരു വസ്തുവിന്റെ സത്തയേക്കാൾ അതിന്റെ പുറം കാഴ്ചയ്ക്ക് കൂടുതൽ മൂല്യം കൽപ്പിക്കുന്ന ഒരു സമൂഹത്തെ കുറിച്ച് ബോദ്രിയാദ് തന്റെ എഴുത്തുകളിൽ മുന്നറിയിപ്പ് നൽകുന്നു. മാർക്സ് വിഭാവനം ചെയ്ത, ഉപയോഗവും കൈമാറ്റവും അടിസ്ഥാനപ്പെടുത്തിയുള്ള മൂല്യ സിദ്ധാന്തത്തിന്(use and exchange value) ബദലായി, അടയാളങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള മൂല്യ സിദ്ധാന്തമാണ് (sign value) ബോദ്രിയാദ് വികസിപ്പിക്കുന്നത്. സാമൂഹികമായി ഏതെങ്കിലും പ്രത്യേക സംഘത്തിന്റേയോ കൂട്ടത്തിന്റേയോ ഭാഗമാകാൻ, ആ സംഘത്തിന്റെ മൂല്യത്തെ അടയാളപ്പെടുത്തുന്ന ഏതെങ്കിലും ചരക്കുകകളുടെ ഉപഭോഗത്തെ തിരഞ്ഞെടുക്കുന്നത് സൂചിപ്പിക്കാനാണ് ബോദ്രിയാദ് ഈ ആശയം കൊണ്ടുവരുന്നത്. അതായത്, ഇവിടെ മൂല്യം നിശ്ചയിക്കപ്പെടുന്നത് ഉപയോഗം അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ആ വസ്തു എന്തിനെ അടയാളപ്പെടുത്തുന്നു/സൂചിപ്പിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചാണ്. ഇത്തരത്തിലുള്ള സൂചകങ്ങൾക്കും പ്രതിബിംബങ്ങൾക്കും, ഒരു ഘട്ടം കഴിഞ്ഞാൽ അവയുടെ സൂചിതമായി (signified) വർത്തിക്കുന്ന ഒരു  യഥാർഥ പതിപ്പ് ഉണ്ടായിക്കൊള്ളണ്ണമെന്നില്ല എന്നാണ് ബോദ്രിയാദ് വാദിക്കുന്നത്.

സിമുലേഷന്റെ പരിണാമത്തിലെ നാല് ഘട്ടങ്ങളെ ബ്രോദിയാദ് വിശദീകരിക്കുന്നുണ്ട്. ഒന്നാമത്തേത് ഒരു ചിത്രമോ അടയാളമോ, നിലനിൽക്കുന്ന യാഥാർഥ്യത്തെ അത് പോലെ പ്രതിഫലിഫിപ്പിക്കുന്നതാണ്. രണ്ടാമത്തെ ഘട്ടലത്തിലേക്കെത്തുമ്പോൾ ആ അടയാളങ്ങളും ചിത്രങ്ങളും നിലവിലുള്ള യാഥാർഥ്യത്തെ അപൂർണമായോ, വികൃതമായോ കാണിക്കാൻ ശ്രമിക്കും. മൂന്നാമത്തെ ഘട്ടത്തിൽ അടയാളങ്ങൾ നിലവിലില്ലാത്ത യാഥാർഥ്യങ്ങളെ യാഥാർഥ്യങ്ങളെന്ന പേരിൽ ചിത്രീകരിക്കും. സൂചിതങ്ങളില്ലാത്ത വെറും സൂചകങ്ങൾ (signifier) മാത്രമായിരിക്കും അപ്പോഴവ. ടെലിവിഷൻ വിപ്ലവത്തിലൂടെ കൂടുതൽ വിശകലനവിധേയമാക്കപ്പെട്ട പ്രതിഭാസമായിരുന്നു ഇത്. അടയാളങ്ങൾ സമ്പൂർണമായും യാഥാർഥ്യത്തിൽ നിന്ന് വേർതിരിയുന്ന സിമുലേഷൻ, അല്ലെങ്കിൽ  ശുദ്ധമായ ‘സിമുലാക്ര’യുടേതാണ് നാലാമത്തെ ഘട്ടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തെ കൂടുതൽ ബന്ധപ്പെടുത്താൻ ശ്രമിക്കുക ഈ സംജ്ഞയുടെ ഭാഗമായിട്ടാണ്.

സിമുലേഷൻ, സിമുലാക്ര  എന്ന തലത്തിലേക്ക് എത്തിച്ചേരുമ്പോൾ ബോദ്രിയാദ് വ്യക്തമാക്കുന്നത് പോലെ ഈ അടയാളങ്ങൾക്ക് കാരണസങ്കൽപ്പമോ യഥാർഥമാതൃകയോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഒന്നുകിൽ ‘മെറ്റാവേഴ്സ്’ പോലെ യാഥാർഥ്യത്തിന്റെ ഭ്രമാത്മകമായ ഒരു സൗന്ദര്യാത്മക പതിപ്പോ, അല്ലെങ്കിൽ റിയൽ ലോകത്തിൽ നിന്നുമുള്ള ഉത്ഭവമോ അടിസ്ഥാനമോ കണ്ടെത്താൻ സാധിക്കാത്ത വെറും സൂചകങ്ങളോ പ്രതിനിധാനങ്ങളോ ആയിരിക്കാമവ. യാഥാർഥ്യത്തിന്റ പ്രതിനിധാനങ്ങൾ യാഥാർഥ്യത്തെ തന്നെ മാറ്റിസ്ഥാപിക്കുന്ന ഒരു പ്രതിഭാസം. ബോദ്രിയാദിന്റെ തത്ത്വചിന്തയിൽ യാഥാർഥ്യത്തിന്റ അനുകരണത്തിലൂടെ (Simulation) ലഭിക്കുന്ന സിമുലാക്ര, ഇത്തരത്തിൽ സൂചിതങ്ങളോ യഥാർഥ അടിത്തറയോ ഇല്ലാത്ത, യാഥാർഥ്യമായി വേഷം കെട്ടിയ, അടയാളങ്ങൾ മാത്രമാണ്. അതാകട്ടെ ശരിയുടെയും തെറ്റിന്റെയും ഇടയിൽ വേർതിരിക്കൽ പ്രയാസകരമാക്കി മാറ്റുന്നു. മാധ്യമങ്ങൾ വിവിധ യുദ്ധങ്ങൾ റിപോർട്ട് ചെയ്യുന്നത് ഉദാഹരണായി എടുത്തുകൊണ്ട് ബോദ്രിയാദ് തന്റെ ആശയങ്ങൾക്ക് തെളിവുകൾ നിരത്തുന്നുണ്ട്. ചിഹ്നങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അനുകരിക്കപ്പെട്ടതായിരുന്നു ടെലിവിഷനിലെ യുദ്ധങ്ങൾ. എന്നാൽ ഇവ ആളുകൾക്ക് വാസ്തവ സംഭവങ്ങളുമായിട്ടല്ല ബന്ധം നൽകുന്നത്, മറിച്ച് അവയുടെ പ്രതിനിധീകരണങ്ങളോടാണ്. ടെലിവിഷന്റെ പ്രാഥമിക യുഗത്തിൽ ബോദ്രിയാദ് അവതരിപ്പിക്കുന്ന ഈ ആശയങ്ങൾ കൂടുതൽ അനുഭവഭേദ്യമാകുന്നതും സമ്പൂർണത കൈവരിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആൽഗൊരിതയുഗത്തിലേക്കെത്തുമ്പോഴാണ്.

എ ഐ യുഗത്തിലെ ബോദ്രിയാദ്

കൃത്രിമ ബുദ്ധി മനുഷ്യ ബുദ്ധിയെ മറികടക്കുമെന്നും, മനുഷ്യബുദ്ധിയെ കൃത്യമായി അനുകരിക്കാനുള്ള കഴിവ് കൃത്രിമ ബുദ്ധിക്കുണ്ടെന്നതും ചൊല്ലി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കുള്ള മറുപടി xerox and infinity എന്ന ലേഖനത്തിലൂടെ ബോദ്രിയാദ് നൽകുന്നുണ്ട്. മനുഷ്യബുദ്ധിയെ ഇതര സാങ്കേതിക ഉപകരണങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന പ്രധാന ഘടകം തെറ്റിദ്ധരിപ്പിക്കാനും, മിഥ്യകൾ (illusions) സൃഷ്ടിക്കാനുമുള്ള അതിന്റെ കഴിവാണ്. വികാരങ്ങളും ഉന്മാദവും നൽകാനുള്ള ശരീരത്തിന്റെ ശേഷി, വശീകരിക്കാനുള്ള അടയാളത്തിന്റെ കഴിവ്, അവ്യക്തത പ്രദാനം ചെയ്യാനുളള ആംഗ്യങ്ങളുടെ പ്രാപ്തി, അർഥത്തെ വിവിധ രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്ന ഭാഷയുടെ കൗശലം എന്നിവ ഉൾകൊള്ളുന്ന മാനുഷിക പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന സത്താപരമായ ഈ സൂത്രപ്പണി (Artifice) ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു മാറ്റിസ്ഥാപിക്കാൻ സാധിക്കാത്തതാണ്.

മനുഷ്യൻ നൽകുന്ന ഡാറ്റകൾ അടിസ്ഥാനപ്പെടുത്തിയും, വിവിധങ്ങളായ പാറ്റേണുകളെ തിരിച്ചറിഞ്ഞുകൊണ്ടും പ്രവർത്തനയോഗ്യമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഈ സൂത്രം കൈവരിക്കാനാകില്ല എന്ന് ബോദ്രിയാദ്  വ്യക്തമാക്കുന്നുണ്ട്. “Machine can only be machines, man can always be more than he is” എന്നതാണ് ബോദ്രിയാദിയൻ ആപ്തവാക്യം. പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ആനന്ദത്തേയോ, മനുഷ്യനെന്ന നിലയിൽ അവന് ലഭിക്കുന്ന ഉന്മാദത്തേയോ മാറ്റിസ്ഥാപിക്കുക എന്നത് അസാധ്യമാണെന്ന് പറയാം. മനുഷ്യനു വ്യക്തിത്വം പ്രദാനം ചെയ്യുന്ന, കൃത്യവും കുഴഞ്ഞുമറിഞ്ഞതുമായ വിവിധ ചിന്താ പ്രതലങ്ങളിൽ നിന്ന് മോചനം നൽകി, വളരെ ലളിതവും പ്രവർത്തനകേന്ദ്രീകൃതവുമായ ചിന്തയിലേക്ക്, അല്ലെങ്കിൽ ‘മെക്കാനിക്കൽ വിഷനിലേക്ക്,’ മനുഷ്യചിന്തയെ പരിമിതപ്പെടുത്തുന്നു എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിജയത്തിനു പിന്നിലെ ഘടകം. ഒരു തരത്തിൽ മനുഷ്യചിന്തയുടെ സങ്കീർണതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണത് വാഗ്ദാനം ചെയ്യുന്നത്.

റിയാലിറ്റിയെ കുറിച്ചുള്ള ബോദ്രിയാദിയൻ ചിന്തകൾക്ക് തെളിച്ചം ലഭിക്കുന്നത് ഇവിടെയാണ്. ‘സിമുലാക്ര’ എന്ന ആശയം മുന്നോട്ടുവച്ച ഉത്ഭവമില്ലാത്ത യാഥാർഥ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി സ്ക്രീനുകളിൽ നിരന്തരമായി ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് സ്ക്രീൻ റിയാലിറ്റിക്ക് കൂടതൽ മൂല്യം കൈവരുത്തുന്നു. അതായത് റിയാലിറ്റിയായി പരിഗണിക്കുന്നതിന് അതിന്റെ ഭൗതികാടിത്തറയോ ഒറിജിനാലിറ്റിയോ മാനദണ്ഡമാകേണ്ടതില്ല എന്നു വന്നു. 

സമൂഹ മാധ്യമങ്ങൾ വഴി  ഉത്പാദിപ്പിക്കപ്പെടുന്ന ഇത്തരം സിമുലാക്രകളിൽ സിമുലേറ്റഡായിട്ടുള്ള അതിന്റെ ഉള്ളടക്കത്തിനു പുറമെ അത് അവതരിപ്പിക്കപ്പെടുന്ന മാധ്യമത്തിനും കൂടുതൽ പങ്കാളിത്തമുണ്ട്. ഉള്ളടക്കത്തേക്കാൾ, അത് സാധ്യമാക്കുന്ന ഉപയോക്താക്കളുമായുള്ള സംവേദനത്തിന്റെ മികച്ച രൂപങ്ങളുമിതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതായി കാണാം. 

അടയാളങ്ങളേയും യാഥാർഥ്യത്തിന്റെ നിരന്തരമായ ഉത്പാദനത്തേയും മുൻനിർത്തി ഫ്രഞ്ച് ചിന്തകനായ ഴാങ്ങ് ബോദ്രിയാദ് വിവിധ എഴുത്തുകളിലൂടെ വികസിപ്പിക്കുന്ന സിമുലേഷൻ, സിമുലാക്ര എന്ന ആശയം ആൽഗൊരിതയുഗത്തെ വിശകലനവിധേയാമാക്കാനുള്ള മികച്ച രീതിശാസ്ത്രവും ആശയാടിത്തറയുമാണ്.

മാർഷൽ മക്‌ലൂഹൻ മീഡിയ സ്റ്റഡീസിൽ അവതരിപ്പിച്ച ‘medium is the message’ എന്ന ആശയം ഇവിടെ വളരെ പ്രാധാന്യമേറിയതാണ്. സാമൂഹികവും സാംസ്കാരികവുമായ വീക്ഷണഗതിയെ നിയന്ത്രിക്കുന്നതിൽ ഇത്തരം മാധ്യമങ്ങൾക്കുള്ള സ്വാധീനത്തെ അടയാളപ്പെടുത്തുന്ന പഠനമാണ് മക്‌ലൂഹന്റേത്. ടെലിവിഷന്റെ വരവ് ദേശീയതയയെയും മുതലാളിത്തത്തെയും രൂപപ്പെടുത്തിയെടുത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്ന് മക്‌ലൂഹൻ വാദിക്കുന്നുണ്ട്. മനുഷ്യനെ വിവരങ്ങളും ആശയങ്ങളും സ്വീകരിക്കാനുള്ള ‘നിഷ്ക്രിയ കർത്താവായി’ (passive agent) ചുരുക്കുകയും, എല്ലാവരിലേക്കും സമാനമായ ഉള്ളടക്കങ്ങൾ എത്തിക്കുന്നതിലൂടെ പൊതുമനോഗതി (public opinion) രൂപപ്പെടുത്തപ്പെടുകയും ചെയ്യുക വഴി അത് ദേശീയതയെ വളർത്തുന്നതിൽ സഹായിച്ചു. സമാനമായി, നിരന്തരം പരസ്യങ്ങൾ നൽകുക വഴി ആഗ്രഹങ്ങളെ ഉത്പാദിപ്പിച്ചു കൊണ്ട് ടെലിവിഷൻ ക്യാപിറ്റലിസത്തിന്റെ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുകയുമുണ്ടായി. എന്നാൽ ആൽഗൊരിതമിക്ക് എൻജീനിയറിംഗ് വഴി പൊതുവായ വിവരങ്ങളും ആശയങ്ങളും കൈമാറുന്നതിനു പകരം, ഓരോരുത്തരുടേയും വ്യക്തിഗത താൽപര്യങ്ങളെ (personalized interests) തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന നിലവിലെ സാങ്കേതികവിദ്യ, പൊതു ഇടത്തിന്റെ തകർച്ചയിലൂടെ ‘പബ്ലിക്ക്’ എന്ന പ്രതലം സാധ്യമാക്കിയ ദേശീയതയുടേയും ഐഡിയോളജികളുടേയും ശിഥിലീകരണത്തിലേക്കാണ് നയിക്കുന്നത്. അതേ സമയം, ക്യാപിറ്റലിസം പബ്ലിക്ക് ഇടത്തിൽ നിന്ന് മാറി ആൽഗൊരിതത്തിന്റെ സഹായത്തോടെ ഓരോ വ്യക്തിയുടേയും ആഗ്രഹങ്ങളെ തിരിച്ചറിയുകയും അതിലൂടെ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയുമാണ്. 

യാഥാർഥ്യത്തേയും സത്യത്തേയും കുറിച്ചുള്ള പുനരാലോചനകളിലേക്കും, ആൽഗൊരിതം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന സാമൂഹികപരമായ മാറ്റങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് ബോദ്രിയാദിന്റേയും മക്‌ലൂഹന്റേയും ആശയങ്ങളെല്ലാം തന്നെ. ‘Am I  a man or machine’ എന്ന ചോദ്യത്തിലേക്ക് എത്തിക്കും വിധം മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ അടിസ്ഥാനപരമായി  സാങ്കേതികവിദ്യ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും നരവംശശാസ്ത്രം സങ്കീർണഘട്ടത്തിലാണെന്നും ബോദ്രിയാദ് പറയുന്നുണ്ട്. ബോദ്രിയാദിയൻ ആശയങ്ങൾ പ്രകാരം, കണ്ണാടികൾ നൽകുന്ന പ്രതിഫലനമോ (reflexive truth), ഫൂക്കോയുടെ പനോപ്റ്റിക്കോണിലൂടെയും സാർത്രിന്റെ ഗേസിലൂടെയും (gaze) ലഭിക്കുന്ന പ്രത്യേക വീക്ഷണകോണിലുടെയുള്ളതോ (perspectival truth) അല്ല നിലവിൽ ‘സത്യം’ എന്ന ആശയം. മറിച്ച് ആൽഗൊരിതം സ്ക്രീനുകൾ വഴി കൈമാറുന്ന കൃത്രിമ സത്യങ്ങളാണ് (manipulative truth) സത്യത്തേയും റിയാലിറ്റിയേയും ആശയപരമായി അവസാനമായി നിർവചിച്ചുകൊണ്ടിരിക്കുന്നത്.

അതിയാഥാർഥ്യത്തിന്റെ ഏറ്റവും പുതിയ പതിപ്പെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേയും, തുടർന്നുവന്നിട്ടുള്ള ഡീപ്പ്ഫേക്ക് ലോകത്തേയും വിശേഷിപ്പിക്കാനാകും.  ബോദ്രിയാദിന്റെ സിമുലാക്രയുടെ പരിണാമത്തിലെ നാലാം നിലയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ്പ്ഫേക്കും മാറിക്കഴിഞ്ഞു. ഈ സങ്കൽപ്പനത്തിലൂടെ ബ്രോദിയാദ്  ആശയവത്കരിക്കാൻ ശ്രമിച്ച കൃത്രിമലോകം ബ്രോദിയാദിയൻ നിർവചനങ്ങളുടെ പരിമിതികളും കടന്ന് സഞ്ചരിക്കുന്നത് കാണാൻ സാധിക്കും.

ടെലിവിഷന്റെ പ്രാഥമിക യുഗത്തിൽ ബോദ്രിയാദ് അവതരിപ്പിക്കുന്ന ഈ ആശയങ്ങൾ കൂടുതൽ അനുഭവഭേദ്യമാകുന്നതും സമ്പൂർണത കൈവരിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആൽഗൊരിതയുഗത്തിലേക്കെത്തുമ്പോഴാണ്.
Reference

1- Baudrillard, J. (1994). Simulacra and simulation (S. F. Glaser, Trans.). University of Michigan Press. (Original work published 1981)

2- Baudrillard, J. (1998). Xerox and infinity. Semiotext(e).

3- Pasquinelli, M. (2009). The eye of the master: A social history of artificial intelligence. In Animal spirits: A bestiary of the commons (pp. 47–60). NAi Publishers.

വികാരങ്ങളും ഉന്മാദവും നൽകാനുള്ള ശരീരത്തിന്റെ ശേഷി, വശീകരിക്കാനുള്ള അടയാളത്തിന്റെ കഴിവ്, അവ്യക്തത പ്രദാനം ചെയ്യാനുളള ആംഗ്യങ്ങളുടെ പ്രാപ്തി, അർഥത്തെ വിവിധ രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്ന ഭാഷയുടെ കൗശലം എന്നിവ ഉൾകൊള്ളുന്ന മാനുഷിക പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന സത്താപരമായ ഈ സൂത്രപ്പണി (Artifice) ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു മാറ്റിസ്ഥാപിക്കാൻ സാധിക്കാത്തതാണ്.

4- McLuhan, M., & McLuhan, E. (1988). Laws of media: The new science. University of Toronto Press.

5- Philosopheasy. (n.d.). Is anything real? The problem of hyperreality. Retrieved July 26, 2025, from https://www.philosopheasy.com/p/is-anything-real-the-problem-of-hyperreality

6- JCG Blue. (2023, September 9). Is Baudrillard the prophet of AI? Medium. https://medium.com/@jcgblue/is-baudrillard-the-prophet-of-ai-4c565a607bb6

7- Nosta, J. (2024, April 5). The scientific simulacra: When AI and hyperreality collide. Medium. https://johnnosta.medium.com/the-scientific-simulacra-when-ai-and-hyperreality-collide-b676eb265045


Featured Image: Emilipothèse

Author

എംഎ കൾചർ, സൊസൈറ്റി& തോട്ട്, ഐഐടി ഡൽഹി

Comments are closed.