വടകര താഴത്തങ്ങാടിയെക്കുറിച്ച ഭയപ്പെടുത്തുന്ന ഒരുപാട് കഥകൾ മുഖ്യധാര നിറം പിടിപ്പിച്ച് ആവർത്തുന്നുണ്ട്. അതേസമയം അങ്ങാടിയിൽ തന്നെ ജീവിക്കുന്ന പലപ്പോഴും കേരളീയർ അപ്രസക്തരായി ഗണിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ എന്താവും അങ്ങാടിയെക്കുറിച്ചും അവിടെയുള്ള മനുഷ്യരെക്കുറിച്ചും പറയുന്നത് എന്നറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ വിദ്വേഷ പ്രചാരണങ്ങളും, തിരുവനന്തപുരം അടക്കമുള്ള പല സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളും നിലനിൽക്കുന്ന സമകാലിക സാഹചര്യത്തിലും അങ്ങാടിയിൽ തങ്ങൾ സുരക്ഷിതരും, സ്വസ്ഥരുമാണ് എന്നാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമുള്ള തൊഴിലാളികൾക്കു പറയാനുള്ളത്. ആന്റിക് ഷോപ്പുകളിലും, കാർപന്ററി ഷോപ്പുകളിലും മറ്റും തൊഴിലെടുക്കുന്ന ഇവരിൽ പലരും കേരളത്തിലെ മറ്റു പല ഇടങ്ങളിലും താമസിക്കുകയും, തൊഴിലെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും താഴത്തങ്ങാടിയിൽ അനുഭവിച്ച സ്നേഹവും, കരുതലും മറ്റൊരിടത്തും അനുഭവിക്കാനായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി.

നമ്മളിന്നും ചേർത്ത് നിർത്താൻ മടിക്കുന്ന, അതേസമയം നമ്മുടെ നിത്യ ജീവിതത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരുകൂട്ടം മനുഷ്യരാണ് ഇതര സംസ്ഥാന തൊഴിലാളികൾ. നമ്മുടെ തൊഴിലും, ഇടങ്ങളും കവർന്നെടുക്കുന്നവർ, ക്രിമിനൽ സ്വഭാവമുള്ളവർ തുടങ്ങി അപരവിദ്വേഷം കലർന്ന ഒരുപാട് ചാപ്പകൾ പേറി നിശബ്ദരും, അപ്രസക്തരുമായി അദൃശ്യ ജീവിതം നയിക്കുന്ന ഈ മനുഷ്യരെ ചേർത്ത് നിർത്തുന്ന വടകര താഴത്തങ്ങാടിയെപ്പോലെ അപൂർവ്വം ചില ഇടങ്ങൾ നമുക്കിടയിൽ തന്നെയുണ്ട്. ആ ഇടങ്ങൾ സ്വയം പേറുന്ന അപരത്വത്തിന്റെ ഭാരം അവിടത്തുകാർ ഇറക്കിവെക്കുന്നത് ഇത്തരം അദൃശ്യ ജീവിതങ്ങളെ ചേർത്ത് പിടിച്ച് കൊണ്ടായിരിക്കാം.

‘എന്തുകൊണ്ടായിരിക്കും വടകര താഴത്തങ്ങാടി തീവ്രവാദ കേന്ദ്രമായി പൊതുസമൂഹം കാണുന്നത്?’ അൽപ്പം പ്രായം ചെന്ന ഒരു ഇക്കയോട് ഞാൻ ചോദിച്ചു. രാഷ്ട്രീയത്തിന്റെ പേരിലും മറ്റും നിരന്തരം അക്രമങ്ങളും ബോംബേറുകളും നടക്കുകയും വിപ്ലവത്തിന്റെ പേരിൽ സ്വന്തമായി ക്രിമിനൽ സംഘങ്ങൾ പോറ്റിവളർത്തുകയും ചെയ്യുന്ന ഒഞ്ചിയം, പിണറായി തുടങ്ങിയ സ്ഥലങ്ങൾ പൊതുബോധത്തിൽ ഇപ്പോഴും കേരളത്തിലെ വിപ്ലവ കേന്ദ്രങ്ങളും, പുരോഗമന ഗ്രാമങ്ങളുമായി നിൽക്കുന്നത് എന്ത്കൊണ്ടാവും എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

രാഷ്ട്രീയപരമായോ, വർഗീയമായോ പറയത്തക്ക സംഘർഷങ്ങളോ, കലാപങ്ങളോ നടക്കാത്ത താഴത്തങ്ങാടി ഭീകരവാദ കേന്ദ്രവും, നിരന്തരം രാഷ്ട്രീയ സംഘർഷങ്ങളും, ആക്രമണങ്ങളും നടക്കുന്ന സ്ഥലങ്ങൾ പുരോഗമന കേന്ദ്രങ്ങളുമായി അടയാളപ്പെടുത്തപ്പെടുന്നത് എന്തിന്റെ പേരിലാവും? നിശബ്ദരായി മനുഷ്യരെ ചേർത്തുനിർത്തുന്ന അങ്ങാടിയിലെ തെരുവുകൾക്ക് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ടാവും, ഉത്തരമില്ലാത്തവയായി

Comments are closed.