കാൽവിനോ കഥകൾ ലോകോത്തരമാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. 1923 മുതൽ 1985 വരെയാണ് ഇറ്റാലോ കാൽവിനോ ജീവിച്ചത്. പ്രസ്തുത കാലഘട്ടത്തിലെ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ചുറ്റുപാടുകളെ സൗന്ദര്യാത്മകതയോടു കൂടെ കഥകളിലൂടെ വിന്യസിച്ചിരിക്കുകയാണ് കാൽവിനോ. ഫാഷിസ്റ്റ് ഇറ്റലിയുടെ അവശിഷ്ടങ്ങളിൽ നിന്നും ഉയർന്നുവന്ന ഇറ്റാലിയൻ നിയോ റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന കൃതിയാണ് The Path to the Next of Spiders. സമാനമായി നിരന്തരം വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ബൃഹത് കൃതിയാണ് Difficult Loves. പ്രണയങ്ങളുടെയും ബന്ധങ്ങളുടെയും വേറിട്ട മുഖങ്ങളിലൂടെയുള്ള കയറ്റയിറക്കങ്ങളാണ് Difficult Lovesലെ ഓരോ കഥകളും.
Difficult Lovesലെ മൂന്നിൽ രണ്ട് കഥകളും 1945 മുതൽ 1949 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ്. ആ കഥകളിലെല്ലാം യുദ്ധത്തിന്റെ ഒരു മണമുണ്ടാകും. തിബാഖിൽ തന്നെ മുമ്പ് പ്രസിദ്ധീകരിച്ച പൊതുമെത്ത (Transit Bed) പോലെയുള്ള കഥകളിൽ പ്രകടമാകുന്നത് യുദ്ധകാലത്തെയും (War-time) യുദ്ധാനന്തര കാലത്തെയും (Post-War) മനുഷ്യ വികാരങ്ങളുടെ നിസ്സംഗതയാണ്. ‘ഞണ്ടു നിറച്ച കപ്പലി’ൽ (Ship loaded with crabs) ആ യുദ്ധ പശ്ചാത്തലം പ്രത്യക്ഷപ്പെടുന്നത് മാനസികമായി മാത്രമല്ല, ശാരീരികമായിട്ടു (Physical) കൂടെയാണ്. ഒരു സമൂഹത്തിന്റെ ചെറിയ രൂപമാണ് കുട്ടികളുടെ ഇടം. കുട്ടികളുടെ കളിക്കളങ്ങളിലും കളിക്കോപ്പുകളിൽ പോലും അടിഞ്ഞുകൂടിയിരിക്കുന്ന യുദ്ധങ്ങളുടെ അവശിഷ്ടങ്ങളെ കാണിക്കാൻ ശ്രമിക്കുകയാണ് ‘ഞണ്ടു നിറച്ച കപ്പൽ’ പോലെയുള്ള കഥകൾ.
‘പുഴയോര കഥകൾ’ (Riviera Stories) എന്ന തലക്കെട്ടിനു കീഴിലാണ് ഞണ്ടു നിറച്ച കപ്പൽ എന്ന കഥയുള്ളത്. Piazza dei Dolori എന്ന ഇടത്തു വെച്ചാണ് കഥ നടക്കുന്നത്. വേദനകളുടെ നടുമുറ്റം (Square of pains) എന്നാണ് ആ പേരിന്റെ അർത്ഥം. യുദ്ധ-യുദ്ധാനന്തര കാലത്തെ ജീവിത പരിസരങ്ങളെ കുറിച്ചുള്ള വ്യാകുലതകളാണ് ഇത്തരം തിരഞ്ഞെടുപ്പുകളിലേക്ക് വഴിവെക്കുന്നത്. ഫിക്ഷനും യഥാർത്ഥ ജീവിതവും തമ്മിലുള്ള വേലിക്കെട്ടുകളെ തകർക്കാനാണ് കാൽവിനോ കഥകൾ ശ്രമിക്കുന്നത്. കഥയെ യാഥാർത്ഥ്യമാക്കുകയല്ല (Reality), മറിച്ച് യാഥാർത്ഥ്യങ്ങളെ കഥയാക്കുക എന്ന മാജിക്കാണ് കാൽവിനോ കാണിക്കുന്നത്.
ഞണ്ടു നിറച്ച കപ്പൽ
പുതുനിർവൃതിയിലലിഞ്ഞ നീലാകാശവും, ചുറുചുറുക്കൻ സൂര്യനും തെളിഞ്ഞു നിന്ന ഏപ്രിൽ മാസത്തെ ഒരു ഞായറാഴ്ചയിലായിരുന്നു പിയാസ ഡി ദൊലോറിയിലെ ചെറുക്കന്മാരുടെ ആദ്യത്തെ നീരാട്ട്. കഷ്ണം വെച്ച നീന്തൽ വസ്ത്രങ്ങൾ കാറ്റിലാട്ടിക്കൊണ്ട്, ഇടുങ്ങിയ ചെങ്കുത്തായ ഊടുവഴികളിലൂടെ ഓടിക്കൊണ്ടിരിക്കെ, അവരിൽ പലരും മരത്തടികളിലുടക്കി ഒച്ചപ്പാടുകളോടെ നിലത്തു പാകിയ കല്ലുകളിൽ വീണു. നനഞ്ഞ സോക്സ് ഉണ്ടാക്കിയേക്കാവുന്ന ശല്യമാലോചിച്ച് അവരിൽ ഭൂരിഭാഗം പേരും സോക്സ് ധരിച്ചിട്ടുണ്ടായിരുന്നില്ല. കേടു പോക്കാൻ വേണ്ടി തഴമ്പിച്ച കാലുകൊണ്ട് മുക്കുവർ പൊക്കിപ്പിടിച്ചതും, നിലത്തു വിരിച്ചിട്ടതുമായ വലകൾ ചാടിക്കടന്ന് അവർ കടൽ പാലത്തിന് അടുത്തേക്കോടി. പഴയതും ചീഞ്ഞതുമായ കടൽച്ചീരയുടെ മൂർച്ചയുള്ള ഗന്ധത്തിന്റെ വീർപ്പുമുട്ടലിനും, എത്രയോ വലിയ ആകാശത്തെ നിറയ്ക്കാൻ ശ്രമിച്ചു കൊണ്ടുള്ള കടൽ പക്ഷികളുടെ പറക്കലിനുമിടയിൽ, തിരകളെ തടുത്തു നിർത്തുന്ന പാറക്കെട്ടുകൾക്ക് മുകളിൽ വെച്ച് അവർ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. പാറകളുടെ പൊത്തുകളിൽ വസ്ത്രങ്ങളും ചെരിപ്പുകളും ഒളിപ്പിച്ചു വെച്ച്, കുഞ്ഞ് ഞണ്ടുകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട്, അർദ്ധ നഗ്നരായ അവർ വെറും കാലോടെ, ഒരു പാറയിൽ നിന്നും അടുത്ത പാറയിലേക്ക് ചാടാൻ തുടങ്ങി. തങ്ങളുടെ കൂട്ടത്തിൽ നിന്നും ആരാണ് ആദ്യമായി വെള്ളത്തിലേക്ക് ഊളിയിടുക എന്നവർ കാത്തുനിന്നു.
വെള്ളം ശാന്തമായിരുന്നുവെങ്കിലും തെളിഞ്ഞതായിരുന്നില്ല. പരുത്ത പച്ച നിറത്തിലുള്ള തിളക്കം കലർന്ന കടുംനീല വെള്ളം. മരിയാസ എന്നറിയപ്പെട്ടിരുന്ന ജിയാൻ മരിയ ഒരു പടുകൂറ്റൻ പാറയുടെ മുകളിൽ കയറി പെരുവിരൽ വെച്ച് ഒന്ന് മൂക്ക് ചീറ്റി. ഒരു ഗുസ്തിക്കാരന്റെ ചേഷ്ട പോലെയായിരുന്നു അവനത് കാണിച്ചത്.
“ഇവിടേക്ക് വരൂ!” അവൻ പറഞ്ഞു. കൈ രണ്ടും ചുരുട്ടി മുന്നിലേക്ക് നീട്ടിപ്പിടിച്ചു നിന്ന് തല കീഴായ് മറിഞ്ഞ് വെള്ളത്തിലേക്ക് അവൻ എടുത്തു ചാടി. വെള്ളം തെറിപ്പിച്ചു കൊണ്ട് അവൻ കുറച്ചു ദൂരേക്ക് നീന്തിപ്പോയി. മരിച്ചവരെപ്പോലെ അഭിനയിച്ചു കിടന്നു.
“തണുപ്പുണ്ടോടാ..?” അവർ ചോദിച്ചു.
“തിളക്കുന്നുണ്ട്!” അവൻ ആർത്തു വിളിക്കുകയും മരവിച്ച് പോകാതിരിക്കാൻ വല്ലാതെ കയ്യിട്ടടിക്കുകയും ചെയ്തു.
“ഹേയ്, കൂട്ടരെ! എന്നെ പിന്തുടരൂ!” താനാണ് അവരുടെ നേതാവ് എന്ന് സ്വയം ധരിച്ചിരുന്ന സിസിൻ പറഞ്ഞു. എങ്കിലും, അവൻ പറയുന്നതിനെ ഒരിക്കലും ഒരാളും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല.
അവരെല്ലാവരും വെള്ളത്തിലേക്ക് ഊളിയിട്ടു: പിയർ ലിങ്കേറ മലക്കം മറിഞ്ഞു. ബൊമ്പോലോ വയറടിച്ചു വീണു. പിന്നെ പൗലോ, കരൂബ, അവസാനമായി, വെള്ളത്തിൽ കിടന്നുള്ള മരണത്തെ ഭയക്കുന്ന മെനിൻ വരെ വെള്ളത്തിലേക്ക് ചാടി. വിരലുകൾ കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച്, ആദ്യം കാൽ വെള്ളത്തിൽ തട്ടുന്ന രൂപത്തിലാണ് അവൻ ചാടിയത്.
എല്ലാവരും വെള്ളത്തിലെത്തിയപ്പോൾ, കൂട്ടത്തിൽ ശക്തിമാനായിരുന്ന പിയർ ലിങ്കേറ ഓരോരുത്തരെയായി വെള്ളത്തിൽ മുക്കാൻ തുടങ്ങി. അവസാനം എല്ലാവരും കൂടെ ഒറ്റക്കെട്ടായി ലിങ്കേറയേയും മുക്കി.
“എടാ, കപ്പൽ! നമുക്ക് കപ്പലിൽ പോയാലോ!” ജിയാൻ മരിയ എന്ന മരിയാസ ചോദിച്ചു.
രോഗാക്രമണത്തെ തടയുന്നതിനായി യുദ്ധ സമയത്ത് ജർമ്മനി മുക്കിയ ഒരു കപ്പൽ അപ്പോഴും തുറമുഖത്ത് കിടക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ രണ്ട് കപ്പലുകളാണത്. പൂർണമായും വെള്ളത്തിൽ മുങ്ങിയ ഒരു കപ്പലിന്റെ മുകളിലായിരുന്നു, പുറത്തേക്ക് ദൃശ്യമാകുന്ന കപ്പൽ നിലകൊള്ളുന്നത്.
“അതെ, നമുക്ക് പോകാം!” മറ്റുള്ളവർ പറഞ്ഞു.
“നമുക്കതിൽ കയറാൻ കഴിയുമോ?” മെനിൻ ചോദിച്ചു. “അത് നശിപ്പിക്കപ്പെട്ടതാണ്.”
“വെടിയുണ്ടകളത് നശിപ്പിച്ചിട്ടുണ്ട്!” കരൂബ പറഞ്ഞു. “അരെനെല്ലയിലെ പയ്യന്മാർ തോന്നുമ്പോഴെല്ലാം അതിൽ കയറി യുദ്ധം ചെയ്യാറാണ്.”
അവർ കപ്പലിലേക്ക് നീന്താൻ തുടങ്ങി.
“കൂട്ടരെ! എന്നെ പിന്തുടരൂ!” നേതാവാകാൻ ആഗ്രഹിച്ചിരുന്ന സിസിൻ പറഞ്ഞു. പക്ഷെ, തവളയുടെ രീതിയിൽ നീന്തി എപ്പോഴും അവസാനമാകാറുള്ള മെനിനൊഴിച്ച് മറ്റുള്ളവരെല്ലാവരും വേഗത്തിൽ നീന്തി അവനെ പിന്നിലാക്കിയിരുന്നു.
അവർ കപ്പലിലെത്തി. കപ്പലിന്റെ ശരീരം കറുത്തതും പഴകിയ ടാർ ഉപയോഗിച്ചുള്ളതും തുറന്നിട്ടതുമായിരുന്നു. അതിന്റെ കെട്ടിപ്പൊന്തിച്ച എടുപ്പ് തെളിഞ്ഞ നീലാകാശത്തിനു നേരെ വിവസ്ത്രമായിക്കിടന്നു. കപ്പലിന്റെ അടിമരത്തിൽ നിന്നും ഒരു അഴുകിയ വാട ഉയർന്നു വന്ന് അത് കപ്പലിനെ മൊത്തം ചൂഴ്ന്നു നിന്നു. തട്ടുകളിലെ പഴഞ്ചൻ പെയിന്റ് തോലുരിഞ്ഞു പോരുന്നുണ്ടായിരുന്നു. കുട്ടികൾ അതിനു ചുറ്റും നീന്തുകയും ഏകദേശം പൂർണ്ണമായും മാഞ്ഞു പോയിരുന്ന ആ പേര് വായിക്കാനായി കപ്പലിന്റെ പിൻഭാഗത്ത് അവർ സന്ദേഹിച്ച് നിൽക്കുകയും ചെയ്തു. ‘അബു കിർ, ഈജിപ്ത്’. ഓളങ്ങളുടെ കൂട്ടിമുട്ടലുകളിൽ വളച്ചു കെട്ടിയ നങ്കൂരച്ചങ്ങല ആടിക്കൊണ്ടിരുന്നു. അതിന്റെ തുരുമ്പിച്ച കണ്ണികളുടെ ഭീകര ശബ്ദം കിറുകിറുക്കുന്നുണ്ടായിരുന്നു.
“നമുക്കിവിടെ നിൽക്കാം.” ബൊമ്പോലോ പറഞ്ഞു.
“വരൂ,” കൈ കൊണ്ടും കാൽ കൊണ്ടും ആദ്യമേ ആ ചങ്ങലകളിൽ മുറുകെ പിടിച്ചിരുന്ന പിയർ ലിങ്കേറ പറഞ്ഞു. അവൻ ഒരു കുരങ്ങിനെപ്പോലെ വെപ്രാളപ്പെട്ട് അള്ളിപ്പിടിച്ചു കപ്പലിലേക്ക് കയറുകയും മറ്റുള്ളവരവനെ പിന്തുടരുകയും ചെയ്തു.
പകുതി ഭാഗം കയറിക്കഴിഞ്ഞപ്പോഴേക്കും ബൊമ്പോലോ കാൽ വഴുതി വെള്ളത്തിലേക്ക് തന്നെ മലക്കം മറിഞ്ഞു. മെനിന് അതിൽ കയറാൻ കഴിയാഞ്ഞത് കൊണ്ടു രണ്ടു പേർ ചേർന്നാണ് അവനെ പിടിച്ചു കയറ്റിയത്.
ചുക്കാൻ പിടിക്കുന്ന ചക്രവും സൈറണും ചരക്കറയും തുടങ്ങി ഒരു കപ്പലിനുണ്ടാകാൻ സാധ്യതയുള്ള ഓരോന്നും അന്വേഷിച്ച്, നശിപ്പിക്കപ്പെട്ട ആ കപ്പലിന്റെയുള്ളിൽ നിശബ്ദരായി അവർ ചുറ്റിത്തിരിഞ്ഞു. പക്ഷെ, വെള്ള പക്ഷിക്കാഷ്ഠം കൊണ്ട് പൊതിഞ്ഞ ഒരു വ്യർത്ഥമായ ചങ്ങാടം മാത്രമായിരുന്നു ആ കപ്പൽ. അവർ അഞ്ചു പേരായിരുന്നു. അവരുടെ നഗ്ന പാദങ്ങളുടെ ചവിട്ടടി കേട്ട്, അവിടെയുണ്ടായിരുന്ന കമ്പി വേലികളിൽ ചേക്കേറിയിരുന്ന അഞ്ചു കടൽ കാക്കകൾ വലിയ ചിറകടി ശബ്ദത്തോടെ ഒന്നിനു പിന്നാലെയൊന്നായി പറന്നു പോയി.
“ഹേയ്!” തറയിൽ നിന്നും പറിച്ചെടുത്ത ഒരു ആണിയെടുത്ത്, അവസാനത്തെ കാക്കയും പറന്നതിനു പിന്നാലെ വലിച്ചെറിഞ്ഞു കൊണ്ട് പൗലോ ബഹളം വച്ചു.
“കൂട്ടരെ! നമുക്ക് എഞ്ചിൻ മുറിയിലേക്ക് പോകാം!” സിസിൻ പറഞ്ഞു. മെഷീനുകൾക്കിടയിലോ കാരാഗൃഹത്തിലോ ഒക്കെ കളിക്കുന്നത് തീർച്ചയായും കൂടുതൽ രസകരമായിരിക്കും.
“നമുക്ക് താഴെയുള്ള മറ്റേ കപ്പലിലേക്ക് പോകാമോ?” കരൂബ ചോദിച്ചു. എല്ലാം മുദ്ര വെക്കപ്പെട്ട ആ കപ്പലിൽ താഴേ ഇറങ്ങിയാൽ വളരെ മികച്ചതാകുമായിരുന്നു. ചുറ്റും മേലെയും ഒക്കെ കടലായിരിക്കും. അതൊരു മുങ്ങിക്കപ്പൽ പോലെയുണ്ടാകും.
“താഴെയുള്ളത് നശിച്ചു പോയിട്ടുണ്ട്!” മെനിൻ പറഞ്ഞു.
“നീയാണ് നശിച്ചു പോയത്!” അവരവനോട് പറഞ്ഞു.
അവർ ഒറ്റക്കെട്ടാവാൻ തുടങ്ങി. കുറച്ച് ചുവടുകൾ മുന്നോട്ട് വെച്ച ശേഷം അവർ അറച്ചു നിന്നു. അടഞ്ഞു കിടന്നിടത്ത് കലപില ശബ്ദമുണ്ടാക്കിയിരുന്ന കറുത്ത വെള്ളം അവരുടെ കാൽക്കൽ വന്നു നിൽക്കുന്നുണ്ടായിരുന്നു. നിശ്ചലരായി നിശബ്ദരായി പിയാസ ഡി ദൊലോറിയിലെ ചെറുക്കന്മാർ അത് നോക്കി നിൽക്കെ, ആ വെള്ളത്തിന്റെ ആഴത്തിൽ കടൽ കുട്ടിച്ചാത്തന്മാരുടെ കോളനികളുടെ കറുത്ത തിളക്കം അവർ കണ്ടു. അവയുടെ മുള്ളുകൾ അവർ പതുക്കെ വിടർത്തുന്നുണ്ടായിരുന്നു. എല്ലാ ഭാഗത്തെ ചുവരുകളിലും കക്കകൾ അള്ളിപ്പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവയുടെ പുറം തോടുകളിൽ നിന്നും പച്ച നിറത്തിലുള്ള സസ്യത്തിന്റെ കൊഴുപ്പ് ഇറ്റു വീഴുന്നുണ്ടായിരുന്നു. ചുമരുകളിലെ ഇരുമ്പ് ദ്രവിച്ചതായി കാണപ്പെട്ടു. വെള്ളത്തിന്റെ അരികുകളിൽ എല്ലാ ആകൃതിയിലും ഓരോ പ്രായത്തിലുമുള്ള ആയിരക്കണക്കിന് ഞണ്ടുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വളഞ്ഞ കാലുകളിൽ ചവിട്ടി, നഖങ്ങൾ തുറന്ന്, കാഴ്ചയില്ലാത്ത കണ്ണുകൾ മുന്നോട്ടുന്തി അവ പരക്കം പാഞ്ഞു. ആ പരന്ന ഞണ്ടുകളുടെ വയറുകൾ നക്കിക്കൊണ്ട്, ഇരുമ്പ് മതിലുകളിൽ വളരെ അലസമായിട്ടാണ് കടൽ വന്നിടിച്ചത്. ഒരു പക്ഷേ കപ്പലിന്റെ മുഴുവൻ ഭാഗവും ഞണ്ടുകൾ കൊണ്ട് നിറഞ്ഞിരിക്കാം. ആ ഞണ്ടുകളുടെ കാലുകളിൽ കയറി ഒരു ദിവസം കപ്പൽ കടലിലൂടെ നടന്നു പോയേക്കാം.
ചെറുക്കന്മാർ വീണ്ടും കപ്പലിന്റെ അണിയത്തിലുള്ള മുകൾ തട്ടിൽ കയറി. അപ്പോൾ അവരവിടെ ഒരു കൊച്ചു പെൺകുട്ടിയെ കണ്ടു. അവരവളെ മുമ്പ് കണ്ടിട്ടില്ല. എന്നാലും അവൾ അവിടെത്തന്നെ ഉണ്ടായിരുന്നവളാണ് എന്ന് തോന്നിച്ചു. അവൾക്ക് നീണ്ട ചുരുളൻ മുടിയും തടിയുമുണ്ടായിരുന്നു. ഏകദേശം ആറു വയസ്സു പ്രായം തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയായിരുന്നു അവൾ. ചെറിയ വെളുത്ത പാന്റ്സ് മാത്രം ധരിച്ച അവൾക്ക് നന്നായി സൂര്യതാപമേറ്റിരുന്നു. അവൾ എവിടെ നിന്നാണ് വന്നതെന്ന് പറയുന്നുണ്ടായിരുന്നില്ല. അവൾ അവരെ നോക്കുക പോലും ചെയ്തില്ല. മരം കൊണ്ടുള്ള മുകൾ തട്ടിൽ പറ്റിപ്പിടിച്ചിരുന്ന ഒരു മെഡൂസയായിരുന്നു അവളുടെ വിഷയം. അതിന്റെ സ്പർശനിയുടെ തൂങ്ങിക്കിടക്കുന്ന തോരണങ്ങൾ പുറത്തേക്കു പരന്നു. ഒരു വടി കൊണ്ട് അതിനെ മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു ആ കൊച്ചു പെൺകുട്ടി.
പിയാസ ഡീ ദൊലോറിയിലെ ചെറുക്കന്മാർ അല്പം വിടവുകളോടെ അവളെ വളഞ്ഞു. മരിയാസയാണ് ആദ്യം മുന്നോട്ട് വന്നത്. അവൻ ഒന്നു മൂക്ക് ചീറ്റി.
“ആരാണ് നീ?” അവൻ ചോദച്ചു.
തടിച്ച ഇരുണ്ട മുഖത്തെ അവളുടെ ഇളം നീലക്കണ്ണുകൾ അവളുയർത്തി. ശേഷം, ഒരു ലിവർ പോലെ ആ വടി കൊണ്ട് മെഡൂസയുടെ പുറത്ത് ചെയ്തുകൊണ്ടിരുന്നത് അവൾ തുടർന്നു.
“അവൾ അരെനെല്ല സംഘത്തിലെ ഒരാളായിരിക്കണം,” കരൂബ പറഞ്ഞു. അവന് അവരെ അറിയാമായിരുന്നു.
നീന്താനോ പന്ത് കളിക്കാനോ അമ്പു കൊണ്ട് യുദ്ധം ചെയ്യാനോ ഒക്കെയായി അരെനെല്ല പയ്യന്മാർ ചില പെൺകുട്ടികളെ അവരോടൊപ്പം കൊണ്ടുവരാറുണ്ട്.
“നീ, ഞങ്ങളുടെ തടവുകാരിയാണ്,” മരിയാസ പറഞ്ഞു.
“കൂട്ടരെ! അവളെ ജീവനോടെ തന്നെ എടുക്കണം!” സിസിൻ പറഞ്ഞു.
അപ്പോഴും ആ കൊച്ചു പെൺകുട്ടി ജെല്ലി ഫിഷിൽ കുത്തിക്കൊണ്ടിരിക്കുക തന്നെയായിരുന്നു.
“യുദ്ധ സങ്കേതങ്ങൾ!” ചുറ്റിലും നോക്കി പൗലോ അലറി. “അരെനെല്ല സംഘം ഇവിടെ എത്തിയിരിക്കുന്നു!”
അവർ പെൺകുട്ടിയുമായി ഇടപഴകുന്നതിനിടയിൽ, ദിവസം മുഴുവൻ കടലിൽ ചെലവഴിച്ച അരെനെല്ലയിലെ പയ്യന്മാർ വെള്ളത്തിനടിയിലൂടെ നീന്തി വന്ന് നിശബ്ദമായി നങ്കൂരത്തിന്റെ ചങ്ങലയിൽ പിടിച്ചു കയറി. അവർ കപ്പലിന്റെ മുകളിലെത്തി. കുള്ളന്മാരും കരുത്തുറ്റവരുമായ കുട്ടികളായിരുന്നു അവർ. അവർ പൂച്ചകളെപ്പോലെ ഭാരം കുറഞ്ഞവരും തല മൊട്ടയടിച്ചവരും കറുത്ത ചർമ്മമുള്ളവരുമായിരുന്നു. ദൊലോറി ചെറുക്കന്മാരെ പോലെ അവരുടെ തടി കറുത്തതോ നീണ്ടതോ ദുർബലമോ ആയിരുന്നില്ല. മറിച്ച് ഒരു നീളമുള്ള വെളുത്ത ക്യാൻവാസ് പോലെയായിരുന്നു അവർ.
യുദ്ധം ആരംഭിച്ചു. തടിയനായ ബൊമ്പോലൊ ഒഴികെയുള്ള പിയാസ ഡി ദൊലോറിയിലെ ചെറുക്കന്മാർ മുഴുവനും മെലിഞ്ഞവരും ധീരന്മാരുമായിരുന്നു. സാൻ സിറോയിലെയും ഗിയാർഡിനെറ്റിയിലെയും ഗുണ്ടാ സംഘങ്ങൾക്കെതിരെ പഴയ നഗരത്തിലെ ചെറിയ തെരുവുകളിൽ വെച്ചുണ്ടാക്കാറുണ്ടായിരുന്ന
നിരന്തര കലഹങ്ങളാൽ ശക്തിയാർജ്ജിച്ച, അവരുടെ മുഷ്ടി ചുരുട്ടിയപ്പോൾ അവരുടെയുള്ളിൽ കടുത്ത ദേഷ്യം ബഹളം വെക്കുന്നുണ്ടായിരുന്നു. പെട്ടെന്നുണ്ടായ തർക്കമായതു കാരണം, തുടക്കത്തിൽ അരെനെല്ല പയ്യന്മാർക്കാണ് മുൻതൂക്കമുണ്ടായിരുന്നത്. എന്നാൽ ദൊലോറി സംഘം പെട്ടെന്ന് ഗോവണിയിലേക്ക് കയറി നിന്നു. അവിടെ നിന്നും അവരെ ബലം പ്രയോഗിച്ച് താഴെയിറക്കാൻ കഴിയുമായിരുന്നില്ല. താഴെ ഇറക്കിയാൽ കടലിലേക്ക് തള്ളിയിടാൻ എളുപ്പമാണ് എന്നതിനാൽ, അവിടെ നിന്നും താഴെയിറക്കാതിരിക്കാൻ അവർ എന്തു വില കൊടുത്തും ശ്രമിക്കുമായിരുന്നു. ഒടുവിൽ, സ്കൂളിൽ പിടിച്ചു വച്ചത് കൊണ്ട് മാത്രം അവരുടെ കൂടെയുള്ള, കൂട്ടത്തിലെ ഏറ്റവും ശക്തനും ഏറ്റവും പ്രായം കൂടിയവനുമായ പിയർ ലിങ്കേറ, അരെനെല്ല പയ്യന്മാരിൽ ഒരാളെ അറ്റത്തേക്ക് വലിച്ചു കൊണ്ടുപോയി കടലിലേക്ക് തള്ളിയിട്ടു.
തുടർന്ന്, ദൊലോറി സംഘം ആക്രമണം ഏറ്റെടുത്തു. വെള്ളവുമായി കൂടുതൽ ബന്ധമുള്ള, ഉപചാരങ്ങളെ കുറിച്ച് ചിന്തയില്ലാത്ത അരെനെല്ല പയ്യന്മാർ ഓരോരുത്തരായി ശത്രുക്കളെ ഒഴിവാക്കി വിവേകപൂർവ്വം കടലിലേക്ക് തന്നെ ഊളിയിട്ടു.
“ഞങ്ങളെ വെള്ളത്തിൽ വെച്ച് പിടിക്കെടാ. ഞങ്ങൾ നിങ്ങളെ വെല്ലുവിളിക്കുന്നു!” അവർ വീരവാദം മുഴക്കി.
“കൂട്ടരേ! എന്നെ പിന്തുടരൂ!” വെള്ളത്തിലേക്ക് ചാടാൻ ഒരുങ്ങി നിന്ന് സിസിൻ ആർത്തു വിളിച്ചു.
“നിനക്ക് ഭ്രാന്താണോ?” മരിയാസ അവനെ തടഞ്ഞു. “വെള്ളത്തിൽ അവർ എന്തായാലും എളുപ്പം ജയിക്കും!” എന്നിട്ട്, ഒളിച്ചോടിയ അവരെ നോക്കി അവൻ പരിഹാസ വാക്കുകൾ ഉച്ചത്തിൽ പറയാനാരംഭിച്ചു.
അരെനെല്ല പയ്യന്മാർ താഴെ നിന്നും മുകളിലേക്ക് വെള്ളം തെറിപ്പിക്കാൻ തുടങ്ങി. കപ്പലിൽ നനയാത്ത ഒരു സ്ഥലവും ബാക്കിയാകാത്ത വിധം അവർ വെള്ളം തെറിപ്പിച്ചു. ഒടുവിൽ അവർ ക്ഷീണിച്ച് കടലിലേക്ക് നീന്താൻ തുടങ്ങി. തല വെള്ളത്തിൽ താഴ്ത്തിയും കൈകൾ വീശിയും നീന്തുന്നതിനിടയിൽ, ശ്വസിക്കാൻ വേണ്ടി ഇടക്കിടക്ക് ചെറിയൊരു ചാട്ടത്തോടെ അവർ പൊങ്ങി വന്നു.
പിയാസ ഡി ദൊലോറിയിലെ ചെറുക്കന്മാർ കളിക്കളത്തിൽ അജയ്യരായി തുടർന്നു. അവർ കപ്പലിന്റെ മുൻഭാഗത്തേക്ക് തന്നെ വന്നു. കൊച്ചു പെൺകുട്ടി അപ്പോഴും അവിടെയുണ്ടായിരുന്നു. മെഡൂസയെ മറിച്ചിടുന്നതിൽ അവൾ വിജയിച്ചിരുന്നു, അതിനെ വടിയിൽ ഉയർത്താൻ ശ്രമിക്കുകയായിരുന്നു അവളപ്പോൾ.
“അവർ നമുക്ക് ഒരു ബന്ദിയെ തന്നിരിക്കുന്നു!” മരിയാസ പറഞ്ഞു.
“ഹേയ്, കൂട്ടരേ! ഒരു ബന്ദിയിതാ!” സിസിൻ വല്ലാത്ത ആവേശത്തിലായിരുന്നു.
“ഭീരുക്കളേ!” മറു സംഘത്തെ നോക്കി കരൂബ അലറി. “നിങ്ങളുടെ സ്ത്രീയെ ശത്രുക്കളുടെ കൈകളിൽ വിട്ടിട്ടു പോകുന്ന ഭീരുക്കളേ!”
പിയാസ ഡി ദൊലോറിയെ ചുറ്റിപ്പറ്റിയുള്ള ബഹുമാന ബോധം അവർക്ക് വളരെയധികമുണ്ടായിരുന്നു.
“ഞങ്ങളോടൊപ്പം വരൂ,” മരിയാസ അവളോട് പറഞ്ഞു. എന്നിട്ടവൻ അവളുടെ തോളിൽ കൈ വയ്ക്കാൻ തുടങ്ങി.
പെൺകുട്ടി അവനെ മാറ്റി നിർത്തി. മെഡൂസയെ ഉയർത്തുന്നതിൽ അവൾ ഏറെക്കുറെ വിജയിച്ചിരുന്നു. മരിയാസ അതിനെയൊന്ന് നോക്കാൻ കുനിഞ്ഞപ്പോൾ പെൺകുട്ടി ആ വടി മുകളിലേക്ക് വലിച്ചു. അതിന്മേൽ മെഡൂസ വീഴാതെ നിന്നു. വീണ്ടും വീണ്ടും മുകളിലേക്ക് വലിച്ച് അവൾ അതു കൊണ്ട് മരിയാസയുടെ മുഖത്തടിച്ചു.
“കൊടിച്ചി!” മരിയാസ അലറി വിളിച്ചു. അവൻ കാർക്കിച്ച് തുപ്പുകയും മുഖത്ത് കൈ വയ്ക്കുകയും ചെയ്തു.
കൊച്ചു പെൺകുട്ടി അവരെയെല്ലാം നോക്കി ചിരിച്ചു. പിന്നെ അവൾ തിരിഞ്ഞ് നടന്നു. നേരെ കടലിന്റെ മുകളിലെ അറ്റത്തേക്കു പോയി. കൈകളുയർത്തി, വിരൽത്തുമ്പുകൾ ചേർത്തു പിടിച്ച്, അവൾ കടലിലേക്ക് ഒരു സ്വാൻ ഡൈവ് ചെയ്തു. പുറകോട്ട് തിരിഞ്ഞു നോക്കാതെ അവൾ നേരെ നീന്തി. പിയാസ ഡി ദൊലോറിയിലെ ചെറുക്കന്മാർ അനങ്ങാതെ നിന്നു.
“എടാ,” ഒരു കവിളിൽ തൊട്ടു കൊണ്ട് മരിയാസ ചോദിച്ചു, “ഈ മെഡൂസകൾ ചർമ്മം പൊള്ളിക്കുമെന്ന് പറയുന്നത് ശരിയാണോ?”
“കാത്തിരുന്ന് കാണാം,” പിയർ ലിങ്കേറ പറഞ്ഞു. “ഏറ്റവും നല്ലത് പെട്ടെന്ന് തന്നെ കടലിൽ മുങ്ങുന്നതാണ്.”
“നമുക്ക് പോകാം,” മരിയാസ മറ്റുള്ളവരുമൊത്ത് നീങ്ങാൻ തുടങ്ങി.
പെട്ടെന്നവൻ നിന്നു. “ഇനി മുതൽ നമ്മുടെ സംഘത്തിൽ നമുക്ക് ഒരു പെൺകുട്ടി കൂടി ഉണ്ടായിരിക്കണം! മെനിൻ! നീ നിന്റെ പെങ്ങളെ കൊണ്ടു വാ!”
“എന്റെ പെങ്ങളൊരു ഡമ്മിയാണ്,” മെനിൻ പറഞ്ഞു.
“അത് പ്രശ്നമല്ല,” മരിയാസ പറഞ്ഞു, “നീ വാ!” മുങ്ങാൻ അറിയാത്തതിനാൽ അവൻ മെനിനെ വെള്ളത്തിലേക്ക് ഉന്തിയിട്ടു. ശേഷം എല്ലാവരും കടലിലേക്ക് ചാടി.
വിവർത്തനം: ശിബിലി അബ്ദുസ്സലാം
Comments are closed.