“അബ്ബാസി ഖലീഫയായിരുന്ന അബൂ ജഅഫറുല്‍ മന്‍സൂറിനോട് മന്ത്രിയും സാഹിത്യ പ്രതിഭയുമായ ഇബ്‌നുല്‍ മുഖഫഅ, ഭരണ സുതാര്യതക്കുതകുന്ന തരത്തില്‍ ശരീഅത് വ്യവഹാരങ്ങളെ ഏകീകരിച്ച് ഒരു സിവില്‍ നിയമ സംഹിത രൂപപ്പെടുത്താൻ ആവശ്യപ്പെട്ടു. ഭരണ നിര്‍വ്വഹണത്തിന്റെ കൃത്യതയെ മുന്നില്‍ കണ്ട് അത്തരമൊരു അഭിപ്രായത്തെ ഖലീഫ മന്‍സൂര്‍ ഗൗരവത്തിലെടുക്കുകയും അക്കാലത്തെ കൃത്യമായി ക്രോഡീകരിച്ച കർമ്മശാസ്ത്ര ഗ്രന്ഥം എന്ന നിലയില്‍ ‘മുവത്വ’ഇനെ നിയമ പുസ്തകമാക്കി മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. ആ ആവശ്യം ഒരു ഹജ്ജ് വേളയിൽ മുവത്വഇന്റെ രചയിതാവായ ഇമാം മാലികിനോട് (റ) ഖലീഫ മൻസൂർ ഉന്നയിച്ചു: “താങ്കളുടെ ഈ ഗ്രന്ഥത്തിന്റെ പകർപ്പ് എല്ലാ പട്ടണങ്ങളിലേക്കും അയച്ചു കൊടുക്കാനും അതിലുള്ളത് കൊണ്ട് മാത്രം നിയമങ്ങൾ സ്വീകരിക്കാൻ നിർദ്ദേശം നൽകാനും ഞാൻ താൽപര്യപ്പെടുന്നു. താങ്കൾ മദീനക്കാരനാണ്. മദീനയിലെ അറിവാണ് ആധികാരികം”. ഖലീഫയുടെ ഈ ആവശ്യത്തെ നിരസിച്ചു കൊണ്ട് ഇമാം മാലികിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “അമീറുൽ മുഅമിനീൻ, നിങ്ങൾ അങ്ങനെ ചെയ്യരുത്. ഓരോ ദേശക്കാർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ലഭിച്ചിട്ടുള്ളത്, വ്യത്യസ്ഥ ഹദീസുകളായിരിക്കും അവർ കേട്ടിട്ടുള്ളത്, പ്രവാചകരുടെ അനുചരർക്കിടയിലും അവരുടെ പിൻതലമുറക്കാർക്കിടയിലുമുള്ള വിവിധ തരം നിയമ വീക്ഷണങ്ങളിൽ നിന്ന് ഓരോരുത്തരും അവരിലേക്ക് എത്തിയതനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ വീക്ഷണങ്ങളെ തള്ളുന്നത് ഉചിതമായിരിക്കില്ല. ആളുകൾ അവർ പ്രവർത്തിക്കുന്നത് അനുസരിച്ച് തന്നെ പ്രവർത്തിക്കട്ടെ, ഓരോ പ്രദേശവും അവർക്ക് ലഭിച്ച നിയമങ്ങൾക്കനുസരിച്ച് നിയമങ്ങൾ സ്വീകരിക്കട്ടെ, അവരെ അവരുടെ രീതികൾക്കനുസരിച്ച് വിടുന്നതായിരിക്കും നല്ലത്.”
ഇസ്‌ലാമിക ശരീഅയും സിവിൽ സൊസൈറ്റിയും
ഇസ്‌ലാമിക ശരീഅത്തിനെ ഏകമാനമായ രീതിയില്‍ ക്രോഡീകരിച്ച് നിര്‍ണ്ണയിച്ച് വെക്കാനുള്ള അധികാര-താൽപര്യത്തെ തടയണമെന്നും, ഓരോ സാഹചര്യത്തിലും അതത് കാലത്തെയും ദേശത്തെയും പണ്ഡിതരാണ് പ്രശ്ന പരിഹാരങ്ങൾ നിർദ്ദാരണം ചെയ്യേണ്ടതെന്നും, മുവത്വഇനെ നിയമഗ്രന്ഥമായി നിശ്ചയിക്കുന്നതോടെ ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ സവിശേഷതയെ തകര്‍ക്കുന്നതിലേക്കാണ് അത് നയിക്കുക എന്നുമായിരുന്നു ഖലീഫയുടെ ആവശ്യം നിരസിച്ചതിലൂടെയുള്ള ഇമാം മാലികിന്റെ താൽപര്യം. അതിന് ശേഷം പത്തൊമ്പതാം നൂറ്റാണ്ട് വരെ ‘ഇസ്‌ലാമിക ശരീഅത്ത്’ എന്ന ഏകീകൃതമായ ഒരു നിയമപുസ്തകമോ പീനല്‍ കോഡോ ആരും തന്നെ തയ്യാറാക്കാന്‍ മുതിര്‍ന്നിട്ടില്ലായിരുന്നു. മറിച്ച്, അത് അനേകം ഗ്രന്ഥങ്ങളിലൂടെയും, സാഹചര്യാടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങളിലൂടെയും സിവില്‍ സമൂഹത്തെ സേവിച്ചും, ഇസ്‌ലാമിക നിയമവ്യവസ്ഥയെ ബഹുസ്വരമാക്കിയും പ്രായോഗികമാക്കിയുമായിരുന്നു നിലനിന്നിരുന്നത്.
ശരീഅത്തിന്റെ ബഹുലമായ ആ വൈവിദ്ധ്യാത്മക സ്വഭാവം എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ അധികാര താൽപര്യങ്ങളോട് ഇണങ്ങുന്നതായിരുന്നില്ല. ശരീഅത്തിന്റെ സവിശേഷതകള്‍ കൊളോണിയല്‍ ഭരണ നിര്‍വ്വഹണത്തിന് അനുനയിപ്പിക്കാവുന്നതോ അവരുടെ അധികാരത്തിന് കീഴില്‍ ഒതുക്കാൻ സാധിക്കുന്നതോ ആയിരുന്നില്ല. അത് മനസ്സിലാക്കിക്കൊണ്ടായിരുന്നു ജോസഫ് ഷാറ്റ്, ഇഗ്നാസ് ഗോള്ഡ്സിയെര്, സ്നൂക്ക് ഹിർസ്‌റൂന്യ തുടങ്ങിയ ഓറിസന്റലിസ്റ്റുകളും വിവിധ മുസ്‌ലിം ദേശങ്ങളിലെ വൈസ്രോയിമാരും ഇസ്‌ലാമിക നിയമവ്യവസ്ഥ കൃത്യമല്ലെന്നും അതില്‍ പരിഷ്‌കരണം വേണമെന്നും ആവശ്യപ്പെട്ടിരുന്നത്. ശരീഅത്തിന്റെ ഏറ്റവും പ്രധാന സവിശേഷത അത് ഭരണകൂട അധികാരത്തിന്റെ താൽപര്യങ്ങള്‍ക്കനുസരിച്ചോ, അതിന് കീഴ്‌പ്പെട്ടോ ആയിരുന്നില്ല ചരിത്രത്തിൽ എവിടെയും നിലനിന്നത് എന്നതായിരുന്നു. സ്വതന്ത്ര ബോഡികളായി പ്രവര്‍ത്തിച്ചു പോന്ന പണ്ഡിതന്മാരായിരുന്നു ശരീഅത്തിന്റെ നിയമങ്ങൾ വികസിപ്പിച്ചത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി യൂറോപ്യൻ രാഷ്രങ്ങളിൽ ഭരണ വർഗ്ഗത്തിന്റെ അധികാര പ്രയോഗമായിക്കൊണ്ടായിരുന്നു നിയമങ്ങൾ നിലനിന്നിരുന്നത്. അതിനാൽ തന്നെ സ്റ്റേറ്റിന്റെ ഭാഗമായിക്കൊണ്ടായിരുന്നു നിയമ നിർമ്മാണ സംവിധാനങ്ങൾ യൂറോപ്യൻ ഭരണ വ്യവസ്ഥയിൽ നിലകൊണ്ടിരുന്നത്.
ശരീഅത്ത്, സിവില്‍ സമൂഹത്തിൽ ഇഴകിച്ചേര്‍ന്നും അവരുടെ ജീവിതങ്ങളിലെ ഓരോ ഭാഗങ്ങളെയും സ്വാധീനിച്ചുകൊണ്ടുമാണ് മുന്നോട്ട് പോയിരുന്നത്. അതിനാൽ തന്നെ പല നിലക്കും, ഭരണകൂടത്തെക്കാള്‍ സിവില്‍ സമൂഹവുമായി ബന്ധപ്പെട്ടു കിടന്നിരുന്ന സംവിധാനമായിരുന്നു അത്. വാഇല്‍ ഹല്ലാഖ് പറയുന്നു:
- പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ മാത്രമുള്ള സംവിധാനമായിട്ടായിരുന്നില്ല ശരീഅത്ത് വര്‍ത്തിച്ചിരുന്നത്. സമൂഹത്തിന്റെ സാമ്പത്തികവും, ധാര്‍മികവും, ആത്മീയവും, സാംസ്‌കാരികവുമായ സകല മേഖലകളെയും വലിയ അളവില്‍ അത് സ്വാധീനിച്ചിരുന്നു. ആധുനിക നിയമവ്യവസ്ഥയില്‍ നിന്ന് ശരീഅത്ത് വ്യത്യാസപ്പെടുന്നത് അവിടെയാണ്. ഏതു സമൂഹത്തിനെ സേവിക്കാനാണോ അത് രൂപപ്പെട്ടത്, അതില്‍ നിന്ന് തന്നെ രൂപം പ്രാപിക്കുകയും വികസിക്കുകയുമാണ് ശരീഅത്ത് ചെയ്യുന്നത്. ആ രീതിയിൽ സാധാരണ പൗരന്മാര്‍, നിയമ വ്യവസ്ഥയെ കുറിച്ച് നിരന്തരം ഉൽബുദ്ധരാവുകയും അവരുടെ നിത്യ ജീവിതത്തില്‍ അത് നിരന്തരം ഭാഗമായിക്കൊണ്ടിരിക്കുകയും ചെയ്തു. ഫുഖഹാ/മുഫ്തിമാര്‍ നിയമ പരിജ്ഞാനം നിരന്തരം സമൂഹത്തിന് കൈമാറുകയും ചെയ്തിരുന്നു.
കൊളോണിയൽ കോഡുകളും ഓപ്പൺ ലീഗൽ വ്യവസ്ഥയും
ഫ്രാൻസ് കാഫ്കയുടെ ‘Before the Law’ എന്ന ചെറുകഥയില്‍ നിയമം സാധാരണക്കാർക്ക് അപ്രാപ്യമായതും, അവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതുമായാണ് അവതരിപ്പിക്കപ്പെടുന്നത്. താനെന്ത് തെറ്റിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെട്ടതെന്ന് അറിയാതെ പോകുന്ന ‘ദ ട്രയലി’ലെ മുഖ്യകഥാപാത്രവും, ‘ബിഫോര്‍ ദ ലോ’യില്‍ നിയമം എന്താണെന്ന് അറിയാന്‍ വേണ്ടി നിയമത്തിന്റെ കവാടത്തിന് മുന്നിൽ മരിക്കും വരെ കാത്തിരിക്കേണ്ടി വരുന്ന കഥാപാത്രവും അനുഭവിക്കുന്ന പ്രശ്‌നം സമാനമാണ്. എന്നാല്‍, അത് ഉയര്‍ന്ന് വരുന്നത് ആധുനിക നിയമ വ്യവസ്ഥ സമൂഹത്തില്‍ നിന്നും അകലം പാലിക്കുന്നു എന്നിടത്ത് നിന്നാണ്. സമൂഹവുമായി അതിന്റെ സർവ്വ മേഖലകളിലും നിരന്തരം ഇടപെടുന്ന ശരീഅത്തില്‍ കാഫ്ക തുറന്ന് കാണിക്കുന്ന സമൂഹത്തിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്ന നിയമം എന്ന പ്രതിസന്ധി അതിനാൽ രൂപപ്പെടുന്നില്ല.
ഭരിക്കാനും നിയന്ത്രിക്കാനുമുള്ള ഒരു ടൂള്‍ എന്നതിലുപരി ജനങ്ങളും നിയമവ്യവസ്ഥയും തമ്മിലുള്ള സാമൂഹികവും വൈയക്തികവുമായ ബന്ധമായിട്ടായിരുന്നു ശരീഅത്ത് മനസ്സിലാക്കപ്പെട്ടിരുന്നത്. ലീഗല്‍ പോസിറ്റിവിസ്റ്റായ എച്ച് എല്‍ എ ഹാര്‍ട്ട് നിരീക്ഷിക്കുന്ന ‘നിയമത്തിന് ആധികാരകിത നല്‍കുന്നത് അതിന്റെ സാമൂഹികതയാണെന്ന’ വാദത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു ശരീഅത്ത്. ഖാലിദ് അബുല്‍ ഫദ്ല്‍ എഴുതുന്നു:
- നിയമങ്ങള്‍ മനുഷ്യ നന്മക്കും, നീതി നിര്‍വ്വഹണത്തിനും, നന്മ-തിന്മകളെ തരംതിരിക്കാനുമാണ് നിലകൊള്ളേണ്ടത് എന്ന തത്വമായിരുന്നു ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനം. സ്റ്റേറ്റ് നിര്‍ണയിക്കുന്ന നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആധുനിക സെക്കുലര്‍ രീതിയില്‍ നിന്നും വ്യത്യസ്തമായി ടെക്സ്റ്റിന് പണ്ഡിതര്‍ നൽകിയിരുന്ന (സ്വതന്ത്ര) വ്യാഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തി ആയായിരുന്നു ശരീഅത്ത് നിലനിന്നിരുന്നത്. അത്തരത്തിലുള്ള എല്ലാ വ്യാഖ്യാനങ്ങളും ഒരേ സമയം വ്യത്യസ്ഥ വായനകളാണെന്നും, അതിനാൽ തന്നെ അവയെല്ലാം തന്നെ ശരിയാണെന്നും, അവയിലേതും സ്വീകരിക്കാമെന്നുമുള്ള നിലപാടായിരുന്നു അവര്‍ [മതപണ്ഡിതർ] പാലിച്ചിരുന്നത്.
The great theft, Khaled Abou El Fadl
ഡച്ച് നേഷനല്‍ കോഡ്, ബ്രിട്ടീഷ് പീനല്‍ കോഡ്, നെപ്പോളിയന്‍ കോഡ് എന്നിങ്ങനെ യൂറോപ്യന്‍ നിയമ വ്യവസ്ഥ, ‘കോഡുകളാ’യിട്ടായിരുന്നു നിലനിന്നിരുന്നത്. അതിനാൽ തന്നെ അവയെല്ലാം വ്യത്യസ്ത പുസ്തകങ്ങളാക്കി രേഖപ്പെടുത്തി നിശ്ചയിക്കപ്പെടുകയും, നടത്തിപ്പിനായി പ്രത്യേക കെട്ടിടങ്ങള്‍ നിര്‍മിച്ച് സമൂഹത്തില്‍ നിന്നും വ്യത്യസ്തമായൊരു മണ്ഡലമായി അവ വേര്‍തിരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ശരീഅത്ത് നടപ്പിലാക്കാനും പ്രശ്‌നങ്ങള്‍ക്ക് നിയമ പരിഹാരം കണ്ടെത്താനും പരാതികള്‍ ബോധിപ്പിക്കാനും ഇസ്‌ലാമിക ചരിത്രത്തിൽ ‘പ്രത്യേക ഇടങ്ങൾ’ ഉണ്ടായിരുന്നില്ല. പണ്ഡിതരുടെയോ, നിവാരണ ആവശ്യക്കാരുടെ വീടുകളിൽ വെച്ചോ, പള്ളികളിൽ വെച്ചോ, അങ്ങാടികളിൽ വെച്ചോ, രാജ സഭകളിൽ വെച്ചോ എല്ലാം ശരീഅത്ത് നിയമങ്ങൾ ചർച്ചചെയ്യപ്പെട്ടിരുന്നു. ‘ഇതാണ് ശരീഅ നിയമം’ എന്ന് എടുത്തുകാണിക്കത്തക്ക വിധം ഒരു നിര്‍ണിത ഗ്രന്ഥവുമുണ്ടായിരുന്നില്ല. കാരണം, ശരീഅത്തില്‍ പ്രധാനം പുസ്തകമായിരുന്നില്ല, മറിച്ച് നിയമ പരിരക്ഷ തേടുന്ന വ്യക്തിയും അവരുടെ ചുറ്റുപാടുകളുമായിരുന്നു. അത്തരത്തിലുള്ള തുറന്ന നിയമവ്യവസ്ഥയോടുള്ള (open legal system) ആധുനിക ലിബറൽ സമീപനം ഒരു അമേരിക്കന്‍ ജഡ്ജിയുടെ വാക്കുകളില്‍ ഇങ്ങനെ വായിക്കാം: “തോന്നിയ പോലെ നിയമം പറയാന്‍ ഞങ്ങള്‍ ഒരു മരച്ചുവട്ടിലിരുന്ന് കയ്യിലെ പുസ്തകത്തെ വ്യാഖ്യാനിച്ച് നിയമം പറയുന്ന മുസ്‌ലിം ഖാദിയല്ല.”
ആധുനികതയും ശരീഅയും: ഓട്ടോമൻ ഈജിപ്ത് മുതൽ ആംഗ്ലോ-മുഹമ്മദൻ ലോ വരെ
യൂറോപ്യന്‍ വ്യവസ്ഥക്കതീതമാക്കി ഇസ്‌ലാമിക ശരീഅത്തിനെ മാറ്റി നിര്‍ത്തുന്ന ആ സവിഷേശതയെ നിരാകരിക്കുക എന്നതായിരുന്നു ഇസ്‌ലാമിക നിയമങ്ങളെ ക്രോഡീകരിക്കുക എന്ന നിർദ്ദേശം വഴി ഓറിയന്റലിസ്റ്റുകളും, കൊളോണിയല്‍ അധികാരികളും താൽപര്യപ്പെട്ടിരുന്നത്. അധിക മുസ്‌ലിം ദേശങ്ങളിലും നിലനില്‍ക്കുന്ന ശരീഅ സംവിധാനങ്ങളെ തങ്ങളുടെതായ വ്യവസ്ഥ അടിസ്ഥാനമാക്കി അവര്‍ അതിനാൽ മാറ്റിയെഴുതാൻ ശ്രമിച്ചു. അങ്ങനെ ഇസ്‌ലാമിക ശരീഅത്തിന്റെ ഔദ്യോഗികമായ ആദ്യ കോഡിഫിക്കേഷന്‍ നടന്നത് ഇന്ത്യയില്‍ ബ്രിട്ടീഷ് രാജിന് കീഴിലായിരുന്നു. ഗവര്‍ണ്ണര്‍ വാറന്‍ ഹാസ്റ്റിങിന് കീഴില്‍ ഒരു സങ്കര നിയമ വ്യവസ്ഥ രൂപപ്പെടുത്തിക്കൊണ്ടായിരുന്നു അത്. ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ സര്‍ വില്ല്യം ജോണ്‍സിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മുസ്‌ലിം, ഹിന്ദു നിയമങ്ങള്‍ ഏകീകൃത കോഡുകളാക്കാനുള്ള ശ്രമം ബ്രിട്ടീഷ് കമ്പനി ആരംഭിക്കുന്നത്. മുസ്‌ലിം നിയമത്തെ ക്രോഡീകരിക്കാന്‍ ഹനഫീ മദ്ഹബിലെ ഗ്രന്ഥങ്ങളായ മര്‍ഗിനീനിയുടെ ‘ഹിദായ’ 1791ല്‍ ചാള്‍സ് ഹാമില്‍ടണും, അനന്തരവകാശ നിയമഗ്രന്ഥമായ സിറാജിയ്യ 1792ലും, ഫതാവാ ആലംഗീരിയ്യ 1865ലും നൈല്‍ ബെയ്‌ലിയും വിവര്‍ത്തനം ചെയ്യുകയും, 1860ലെ ‘ആംഗ്ലോ മുഹമ്മദന്‍ ലോ’ക്ക് രൂപം നല്‍കുകയും ചെയ്തു. എന്നാൽ, ആംഗ്ലോ മുഹമ്മദന്‍ ലോയിൽ ‘മുഹമ്മദൻ’ ലോയെക്കാൾ, ‘ആംഗ്ലോ’ ലോക്കായിരുന്നു മുൻതൂക്കം ലഭിച്ചിരുന്നത്. അതായിരുന്നു, പിന്നീട് 1937ലെ ‘മുസ്‌ലിം പേഴ്‌സണൽ ലോ ആപ്ലിക്കേഷൻ ആക്ട്’ എന്ന പേരിൽ ശരീഅയെ വ്യക്തി-നിയമം മാത്രമാക്കി മാറ്റിയ കൊളോണിയൽ മുസ്‌ലിം നിയമത്തിലേക്ക് നയിച്ചത്.
ഇരുപതാം നൂറ്റാണ്ടോടെ മുസ്‌ലിം ലോകത്തെ സാമ്പത്തിക വിനിമയവുമായും (monetary), ശിക്ഷയുമായും (criminal-penal) ബന്ധപ്പെട്ട നിയമങ്ങളില്‍ പൂര്‍ണമായും യൂറോപ്യൻ നിയമ സംവിധാനത്തിന്റെ അധീശത്വം കൊളോണിയല്‍ അധികാരം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ വ്യക്തി നിയമങ്ങളില്‍ മാത്രമായി കൊളോണിയലിസം ശരീഅയെ ചുരുക്കി. 1880കളോടെ ഈജിപ്തില്‍ ശരീഅയെ കോഡിഫൈ ചെയ്യാനുള്ള നിര്‍ദ്ദേശമുണ്ടാവുകയും ഖാദിമാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം ഹനഫി മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങള്‍ ചേര്‍ത്ത് മുസ്‌ലിം വ്യക്തി നിയമം നിര്‍മിക്കുകയും ചെയ്തിരുന്നു. 1930കളോടെ സമാനമായ രീതിയില്‍ മൊറോക്കോയില്‍ ഫ്രഞ്ച് ഭരണകൂടവും ശരീഅ കോഡ് രൂപപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ 1873ൽ ശരീഅയെയും പ്രാദേശിക കസ്റ്റമുകളെയും ചേര്‍ത്ത് ജാവയിലെ ഡച്ച് ഭരണകൂടം നിര്‍മിച്ച കോഡ് മിക്കവാറും ഡച്ച് നാഷനല്‍ കോഡിന് സമാനമായ ഒന്നായിരുന്നു.
അപ്പോൾ, ശരീഅത്തിനെ കൊളോണിയല്‍ അധികാരികള്‍ വിവിധ ഇടങ്ങളില്‍ കോഡിഫൈ ചെയതതോടെ സംഭവിച്ചത് ശരീഅയുടെ ഏറ്റവും പ്രധാന സവിശേഷതയായ ‘ബഹുസ്വരതയുടെ’ നിരാകരണമായിരുന്നു. ‘പേഴ്‌സണല്‍ ശരീഅ ലോ’കള്‍ അനേകം അഭിപ്രായങ്ങളില്‍ നിന്ന് ഒന്നിനെ നിയമമാക്കി നിശ്ചയിക്കുകയും ‘ഇഫ്താഅ/ഖളാഅ’ എന്ന സൂക്ഷമമായി ചെയ്യേണ്ട പ്രക്രിയയെ ഒരൊറ്റ പുസ്തകം വായിച്ച് ഏതു ഉദ്യോഗസ്ഥനും ചെയ്യാന്‍ കഴിയുന്ന തരത്തിലേക്ക് ചുരുക്കുകയും ചെയ്തു. അതിനുപുറമെ, കോഡുകളാക്കിയതിലൂടെ ശരീഅ നിയമത്തെ സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലൊതുക്കാനും കൊളോണിയൽ ഭരണകൂടങ്ങൾക്ക് സാധിച്ചു. എന്നാൽ, ആ പ്രക്രിയ അനേകം നിയമപരവും സാമൂഹികപരവും മതകീയവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുകയും, ശരീഅ എന്ന പദം തെറ്റിദ്ധരിച്ച് മനസ്സിലാക്കപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി നിയമ വിഭാഗം തലവനായ മാര്‍ക് ഫാതി മസ്ഊദ്, മതമൗലിക വാദികളുടെ ഉയര്‍ന്നു വരവിന്റെയും ശരീഅയുടെ ദുരുപയോഗത്തിന്റെയും കാരണം കൊളോണിയല്‍ അധികാരികള്‍ നിര്‍മിച്ച ശരീഅ സംവിധാനത്തില്‍ കണ്ടെത്തുന്നുണ്ട്. സ്‌റ്റേറ്റിന്റെ അധികാരത്തിന് കീഴിലേക്ക് ശരീഅയെ കൊണ്ടു വരിക എന്നതു തന്നെയാണ് ഇറാന്‍, സഊദി അറേബ്യ, സോമാലിയ, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങളിൽ മതമൗലിക വാദികള്‍ ചെയതതെന്നും, അത് കൊളോണിയല്‍ താൽപര്യത്തിന്റെ തന്നെ മറുപുറവും അനന്തര ഫലവുമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഏർളി മോഡേൺ ഒട്ടോമന്‍ ഭരണത്തിന് കീഴിലെ ഈജ്പിതിലെയും, കോളനിയാനന്തര ആധുനിക ഈജിപ്തിലെയും നിയമ വ്യവസ്ഥയെ താരതമ്യം ചെയ്തു കൊണ്ട് കൊളോണിയല്‍ അധികാരികള്‍ കോഡിഫൈ ചെയ്ത ശരീഅ നിയമവ്യവസ്ഥയിലെ അനേകം പ്രശ്‌നങ്ങളെ ആമിറ സഹ്‌രി സോമ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒട്ടോമന്‍ കാലത്ത് ഒരു സ്ത്രീക്ക് വിവാഹ മോചനം നേടുക വളരെ എളുപ്പമായിരുന്നു എന്നും ശരീഅയിലെ തന്നെ അനേകം സാധ്യതകളെ സ്ത്രീകളുടെ നന്മയുദ്ദേശിച്ച് നടപ്പിലാക്കാനുള്ള വകുപ്പുകളുണ്ടായിരുന്നു എന്നും അവരെഴുതുന്നുണ്ട്. എന്നാല്‍ കൊളോണിയലാനന്തര ഈജിപ്തിലെ സ്ത്രീക്ക് വിവാഹ മോചനം നേടുക പ്രയാസകരമായ നിയമ നടപടികളായി മാറിയിട്ടുണ്ടെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലോ ഭര്‍ത്താവിന്റെ തന്നെ ഏറ്റു പറയലിലൂടെയോ ഭാര്യ കഠിന പീഢനത്തിനിരയായിട്ടുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമെ വിവാഹം മോചനം അനുവദിക്കപ്പെടുന്നുള്ളൂ എന്നും അവർ നിരീക്ഷിക്കുന്നു. ലൈംഗിക പീഢനങ്ങള്‍ക്കിരയായ സ്ത്രീകള്‍ ഏർലി മോഡേൺ ശരീഅ സംവിധാനത്തില്‍ സംരക്ഷിക്കപ്പെടുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍ കൊളോണിയലാനന്തര വ്യവസ്ഥയില്‍ മിക്കവാറും അവര്‍ ശിക്ഷിക്കപ്പെടുകയോ, അല്ലെങ്കില്‍ കുടുംബങ്ങളുടെ ദയാ വധത്തിനിരയാവുകയോ ആണ് ചെയ്തിരുന്നതെന്നും, അതിനെതിരെ കോടതികള്‍ പോലും ഇടപെട്ടിരുന്നില്ലെന്നും ലാമ അബൂ ഔദ എഴുതുന്നുണ്ട്. അതുപോലെ തന്നെ ഈജിപ്തില്‍ ഒട്ടോമന്‍ ശരീഅ വ്യവസ്ഥയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നെന്നും എന്നാല്‍ ആധുനിക മതേതര ഈജിപ്ഷ്യന്‍ വ്യവസ്ഥ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നും സബാ മഹ്മൂദ് ‘റിലീജ്യസ് ഡിഫറന്‍സ് ഇന്‍ ദ സെക്കുലര്‍ എയ്ജ്’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഫൂക്കോൾഡിയൻ ‘നിയമങ്ങൾ’ക്കപ്പുറത്തെ ശരീഅയുടെ സാധ്യതകൾ
മിഷേൽ ഫൂക്കോയെ സംബന്ധിച്ചിടത്തോളം ‘നിയമങ്ങള്‍ അധികാരത്തിന്റെ ഉപാധികളാണ്’. നിയമം അതിന്റെ എല്ലാ സ്ഥാപനങ്ങളിലൂടെയും സാമഗ്രികളിലൂടെയും അധികാരമെന്ന ബന്ധത്തെ ശക്തിപ്പെടുത്തുന്നു. നിയമങ്ങള്‍ ചില തത്വങ്ങളോ നിര്‍ദ്ദേശങ്ങളോ മാത്രമല്ലെന്നും അത് നിരന്തരം വളര്‍ന്ന് കൊണ്ടിരിക്കുന്ന അധികാരപ്രയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫൂക്കോയുടെ വാദങ്ങളെ അടിസ്ഥാനപ്പെടുത്തി ഇബ്രാഹീം മൂസ കൊളോണിയല്‍ കോഡിഫിക്കേഷനെ കുറിച്ച് മനസ്സിലാക്കുന്നത് ഇങ്ങനെയാണ്:
- സൈനിക-രാഷ്ടീയ-സാമ്പത്തിക ശക്തി കൊണ്ട് മാത്രമായിരുന്നില്ല കൊളേണിയല്‍ ശക്തികള്‍ അധികാരം ഉറപ്പുവരുത്തിയിരുന്നത്, മറിച്ച് അതിന്റെ നിയമ ജ്ഞാനത്തെ കോളനീകൃതരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് കൂടിയായിരുന്നു. അതിന്റെ അനന്തര ഫലമെന്നത് സ്വാതന്ത്ര്യാനന്തരവും കോളനീകൃതര്‍ തങ്ങളെ അടിച്ചമര്‍ത്തിയ കൊളോണിയല്‍ ശക്തികളുടെ തന്നെ നിയമ വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ്.
Colonialism and Islamic Law, Ebrahim Moosa
അപ്പോൾ, കേന്ദ്രീകൃതമായ യൂറോപ്യൻ നിയമ വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമായിക്കൊണ്ടാണ് ഇസ്‌ലാമിക ശരീഅ നിലനിൽക്കുന്നത് എന്നതിനാൽ തന്നെ യൂറോപ്യൻ ലീഗൽ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ശരീഅയെ രൂപപ്പെടുത്തുകയോ, മനസ്സിലാക്കുകയോ സാധ്യമല്ല. ഷാക്കെ ദെറിദ ‘ഫോഴ്സ് ഓഫ് ലോ: ദ മിസ്റ്റിക്കൽ ഫൗണ്ടേഷൻ ഓഫ് അതോറിറ്റി’യിൽ വാൾട്ടർ ബെന്യാമിനെ മുൻനിർത്തി നിരീക്ഷിക്കുന്നത് പോലെ യൂറോപ്യൻ വ്യവസ്ഥയിൽ നിയമം എപ്പോഴും ‘നിയമത്തിന്റെ/സ്റ്റേറ്റിന്റെ’ നിലനിൽപ്പിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. അതിന്റെ പ്രാഥമിക ലക്ഷ്യം എപ്പോഴും, ‘അതിന്റെ തന്നെ സ്വയം നിലനിൽപ്പാണ്’. അതിനാൽ തന്നെ അതിന്റെ ദൗത്യം ‘സ്ഥാപിക്കപ്പെട്ട അധികാരത്തെ പ്രതിസന്ധികളില്ലാതെ നിലനിർത്തുക’ എന്നതാണ്. അപ്പോൾ, ആധുനിക നിയമങ്ങളുടെ അടിസ്ഥാനം എപ്പോഴും അധികാരമാണ്. എന്നാൽ ശരീഅ, അതിൽ നിന്ന് വ്യത്യസ്തമായി ‘സിവിൽ സമൂഹത്തിന്റെ ധാർമികമായ രൂപീകരണവും, അവകാശ സംരക്ഷണവുമാണ്’ അടിസ്ഥാനപരമായി ലക്ഷ്യം വെക്കുന്നത് എന്നതിനാൽ തന്നെ, ‘അധികാര വികേന്ദ്രീകരണമാണ്’ അതിന്റെ അടിസ്ഥാന സ്വഭാവം. അതിനാൽ, ആധുനിക നിയമങ്ങളെ പോലെ അതൊരിക്കലും സ്വയം ‘സമ്പൂർണ്ണമായ’ ഒന്നാകുന്നില്ല. മറിച്ച്, അതിന് ‘ബാഹ്യമായ’ സാമൂഹിക സാഹചര്യങ്ങളുമായുള്ള ഇടപാടുകളിലൂടെ സ്വയം പുതുക്കിയും, സമൂഹത്തെ പുതുക്കിയും നിരന്തരം ‘ആയിക്കൊണ്ടിരിക്കൽ’ (becoming) എന്ന പ്രക്രിയയിലേർപ്പെട്ടുകൊണ്ടിരിക്കുന്ന, വികേന്ദ്രീകരിക്കപ്പെട്ട ഒന്നാണ് ഇസ്‌ലാമിക ശരീഅ.
Featured Image: Giovanni Alfarizi
Comments are closed.